സനാതനധര്‍മസന്ദേശം അന്താരാഷ്ട്രാ വേദികളില്‍ പ്രതിധ്വനിപ്പിച്ച ശിവപുരി ബാബ 1826 സെപ്തംബര്‍ 10 ന് (ഭാദ്രമാസത്തിലെ മൂലം നക്ഷത്രത്തില്‍) ജനിച്ചു. ഒരുദിവസം ബാബ നേപ്പാളിലെ പ്രസിദ്ധമായ പശുപതിനാഥ ക്ഷേത്രത്തില്‍ കുറച്ച് ഫലമൂലാദികള്‍ സമര്‍പ്പിക്കാന്‍ ഭക്തന്മാരോട് ആവശ്യപ്പെട്ടു. കാരണം അന്വേഷിച്ചപ്പോഴാണ് അന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കുന്നത്.
കുന്നംകുളത്തിനടുത്ത് ഒരുവന്നൂര്‍ പാഴൂര്‍ ആയിരുന്നു ജന്മഗൃഹം. ജയന്തന്‍ എന്നായിരുന്നു പൂര്‍വാശ്രമ നാമം. വേദപഠനവുമായി ഒരു വ്യാഴവട്ടക്കാലത്തോളം ഇല്ലത്ത് കഴിഞ്ഞു. അമ്മയുടെ അച്ഛനായിരുന്ന അച്യുതന്‍ യോഗിയായിരുന്നു. കഥാപുരുഷന്റെ വഴികാട്ടി ഈ മുത്തശ്ശനായിരുന്നു. തന്റെ സര്‍വസ്വത്തും സഹോദരിക്ക് നല്‍കി മുത്തശ്ശന്‍ വാനപ്രസ്ഥത്തിനായി നര്‍മ്മദാതീരത്തെ അമരാന്തക വനത്തിലേക്ക് പോയി. പതിനാറ് വയസ്സുള്ളപ്പോഴാണ് ജയന്തന്‍ നമ്പൂതിരിപ്പാട് മുത്തശ്ശനെത്തേടി അമരാന്തകത്തിലെത്തിയത്. മുത്തശ്ശന്റെ നിര്‍ദ്ദേശാനുസരണം ആ കൊടുങ്കാട്ടിലെ ഗുഹയില്‍ കുറച്ചുകാലം തപോധ്യാന നിരതനായി. പിന്നീട് പരിവ്രാജകനായി ഭാരതമെമ്പാടും സഞ്ചരിച്ചു. ജ്ഞാനിയായിത്തീര്‍ന്ന മുത്തശ്ശന്റെ ദേഹത്യാഗ സമയത്ത് ജയന്തന്‍ നമ്പൂതിരിപ്പാട് വീണ്ടും അവിടെയെത്തി. അദ്ദേഹത്തിന്റെ സമാധി ചടങ്ങുകള്‍ യഥാവിധി നിര്‍വഹിച്ചശേഷം അവിടം വിട്ടുപോയി. വീണ്ടും അമരാന്തകവനത്തിലെത്തി തപോധ്യാനനിരതനായ കാലത്താണ് അദ്ദേഹത്തിന് ഈശ്വരസാക്ഷാത്കാരം ലഭിച്ചത്.
ജീവിതലക്ഷ്യമായ ഈശ്വരസാക്ഷാത്കാരം ലഭിച്ചതിനുശേഷം സംന്യാസം സ്വീകരിക്കണമെന്നില്ല. പക്ഷെ ജയന്തന്‍ നമ്പൂതിരിപ്പാട് ശൃംഗേരി മഠത്തില്‍നിന്ന് ഗോവിന്ദാനന്ദ ഭാരതി എന്ന നാമധേയത്തില്‍ സംന്യാസദീക്ഷ സ്വീകരിച്ചു. വീണ്ടും അമരാന്തക വനത്തിലെത്തി രണ്ട് പതിറ്റാണ്ടോളം ഏകാന്തവാസത്തില്‍ കഴിഞ്ഞു. പിന്നീടാണ് ജന്മദൗത്യം നിര്‍വഹിക്കാന്‍ ലോകപര്യടനം തുടങ്ങിയത്. ആദ്യം ഭാരതമൊട്ടാകെ സഞ്ചരിച്ചു. ഇതിനിടെ സ്വാമികള്‍ കൊല്‍ക്കത്തയിലെ ദക്ഷിണേശ്വരം ഭവതാരിണീ ക്ഷേത്രം സന്ദര്‍ശിച്ചു.
രാമകൃഷ്ണപരമഹംസന്റെ മഹാസമാധിക്ക് തൊട്ടുമുന്‍പ് ഗോവിന്ദന്‍ എന്നൊരു സംന്യാസിശ്രേഷ്ഠന്‍ അവിടെ സന്നിഹിതനായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബറോഡയില്‍ അരബിന്ദഘോഷുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. നാല്‍പ്പത്താറുവര്‍ഷം ലോകം ചുറ്റിയ സ്വാമികള്‍, കേരളത്തില്‍നിന്ന് കാല്‍നടയായി ഖൈബര്‍ചുരത്തിലൂടെ അഫ്ഗാനിസ്ഥാനിലെ ഇസ്താംബൂളിലെത്തി. അവിടത്തെ വിശ്വപ്രസിദ്ധ സര്‍വകലാശാലക്കടുത്ത് താമസിച്ച് ഭാഷയും സംസ്‌കാരവും പഠിച്ചു. ആ ഭാഷയും ദക്ഷിണേന്ത്യന്‍ ഭാഷകളുമായുള്ള സമാനതകള്‍ കണ്ടെത്തി. പിന്നെ കുറച്ചുകാലം ഹീഡല്‍ബര്‍ഗില്‍ താമസിച്ച് ജര്‍മന്‍ ഭാഷ പഠിച്ചു. മെക്കയും സന്ദര്‍ശിച്ചു. അടുത്ത യാത്രയില്‍ ബ്രിട്ടനിലെത്തിയ സ്വാമികള്‍ അവിടെ നാലുവര്‍ഷം കഴിഞ്ഞു. അതിനിടയില്‍ പതിനെട്ടു തവണ വിക്‌ടോറിയ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. പ്രശസ്ത ശാസ്ത്രജ്ഞരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, മാഡംക്യൂറി, മാര്‍ക്കോണി, സാഹിത്യകാരനായ ബര്‍ണാഡ് ഷാ തുടങ്ങിയവരുമായും സ്വാമികള്‍ ഇക്കാലയളവില്‍ ബന്ധപ്പെട്ടു.
റഷ്യയിലെത്തിയപ്പോള്‍ വിശ്വസാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയോടൊപ്പം രണ്ടുമാസം കഴിഞ്ഞു. സ്വാമികളുമായുള്ള സമ്പര്‍ക്കത്തിന്റെ സ്മരണയില്‍നിന്നാണ് ടോള്‍സ്റ്റോയിയുടെ പ്രശസ്തമായ മൂന്ന് ചോദ്യങ്ങള്‍ എന്ന കഥ പിറവിയെടുത്തതെന്ന് പറയപ്പെടുന്നു. എബ്രഹാം ലിങ്കണ്‍ മരിച്ച ഉടന്‍ സ്വാമികള്‍ അമേരിക്കയിലെത്തി. തുടര്‍ന്ന് ആന്‍ഡ്രിയന്‍ മലനിരകളിലൂടെ സഞ്ചരിച്ചു. മായന്‍, ഇന്‍കാ സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ സാന്റിയാഗോയിൽ നിന്ന് ചൈനയിലേക്ക് കപ്പല്‍ കയറി. ഒന്നാംലോക യുദ്ധത്തിന്റെ പ്രാരംഭകാലത്ത് സ്വാമികള്‍ ചൈനയിലെ ഷിങ്കിയാങ്ങിലായിരുന്നു. അവിടെ നിന്ന് കൈലാസം, മാനസരോവരം എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനം നടത്തി.
ഹിമാലയത്തിലെ ഗുഹയില്‍ മുപ്പത്തഞ്ചുവര്‍ഷം താമസിച്ചു. അവിടെ കാട്ടുമൃഗങ്ങളൊക്കെയില്ലേ? അങ്ങ് ഇത്രകാലം അവിടെ എങ്ങനെ കഴിച്ചുകൂട്ടി? എന്ന് പില്‍ക്കാലത്ത് ഒരാള്‍ സ്വാമികളോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: നഗരത്തിനേക്കാള്‍ സുരക്ഷിതമാണവിടം.
സഞ്ചരിക്കുന്ന സ്ഥലങ്ങളിലെല്ലാം സ്വാമികള്‍ക്ക് ഒരുപാട് അനുയായികള്‍ ഉണ്ടായിരുന്നുവെങ്കിലും ഒരിടത്തും ആശ്രമം സ്ഥാപിച്ചില്ല. തന്റെ പരിവ്രാജകയാത്രക്കിടയില്‍ സ്വാമികള്‍ നേപ്പാളിലുമെത്തി. അവിടത്തെ റസിഡന്റായിരുന്ന വില്‍ക്കിന്‍സണ്‍ പ്രഭു ശിവപുരിയില്‍ ബാബയ്ക്ക് സ്ഥിരതാമസത്തിനുള്ള സൗകര്യം ഒരുക്കി. വില്‍ക്കിന്‍സണ്‍ പ്രഭുവിന് പതിനൊന്ന് വയസ്സ് മാത്രം ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഇംഗ്ലണ്ടിലെ വസതിയില്‍ സ്വാമിജി താമസിച്ചിരുന്നുവത്രെ. ശിവപുരിയില്‍ താമസിക്കുന്നതിനാല്‍ തദ്ദേശീയര്‍ സ്വാമികളെ ശിവപുരി ബാബ എന്ന് സംബോധന ചെയ്യാന്‍ തുടങ്ങി. ക്രമേണ നേപ്പാളിലെമ്പാടും തുടര്‍ന്ന് ലോകമാകെയും ഗോവിന്ദാനന്ദ ഭാരതി എന്ന സംന്യാസശ്രേഷ്ഠന്‍ ശിവപുരി ബാബ എന്ന പേരില്‍ പ്രശസ്തനായി.
മുപ്പത്തേഴ് കൊല്ലം സ്വാമികള്‍ ശിവപുരിയില്‍ കഴിഞ്ഞു. ഇക്കാലത്ത് അവിടെ നരികളും കരടികളും പ്രത്യക്ഷമാകുക നിത്യസംഭവമായിരുന്നു. പലപ്പോഴും വേട്ടക്കാര്‍ വനത്തില്‍ കടന്ന് മൃഗങ്ങളെ കൊല്ലും. വേട്ടക്കാരുടെ വരവറിഞ്ഞാല്‍ വന്യമൃഗങ്ങള്‍ ശിവപുരി ബാബയുടെ സമീപം അഭയം പ്രാപിക്കുമായിരുന്നു. നൂറ്റിമുപ്പത്തിയാറ് വര്‍ഷം നീണ്ട ശിവപുരി ബാബയുടെ തീര്‍ത്ഥ യാത്ര കാഠ്മണ്ഡുവിനെ തഴുകിയൊഴുകുന്ന ബാഗ്മതി നദിയുടെ തീരത്തുള്ള ധ്രുവസ്ഥലിയില്‍ സമാപിച്ചു. 1963 ജനുവരി 28 ലെ പ്രഭാതത്തില്‍ സ്വാമികള്‍ മഹാസമാധിയായി.
അവസാന നിമിഷം വരെയും ആ മഹാത്മാവ് പൂര്‍ണബോധവാനായിരുന്നു. ബാബയുടെ അവസാന വാക്കുകള്‍ ഇപ്രകാരമായിരുന്നു. ശരിയായ ജീവിതം നയിക്കൂ. ഈശ്വരനെ ആശ്രയിക്കുക.
ധനാഗമമാര്‍ഗത്തിനായി ബാബയെ സമീപിച്ച ഒരാളോട് ആ മഹാത്മാവ് പറഞ്ഞത് ഇങ്ങനെ: ഈ ചന്തയില്‍ ഈശ്വരവിചാരത്തിനുള്ള വസ്തുക്കള്‍ മാത്രമേയുള്ളൂ.
പേരോ ഊരോ പ്രസിദ്ധമാക്കാന്‍ ശ്രമിക്കാതിരുന്നിട്ടും ശിവപുരി ബാബ ഇന്ന് ലോകപ്രശസ്തനാണ്. സശരീരനായി ഇരിക്കുമ്പോള്‍ ഉണ്ടാകാത്ത യശസ്സ് അതിനുശേഷം ഉണ്ടാകുന്നുവെങ്കില്‍ നിശ്ചയമായും അത് ഘനീഭൂതമായ ആത്മീയതയുടെ വിളംബരമല്ലാതെ മറ്റെന്താണ്?
ശിവപുരിബാബയെ സന്ദര്‍ശിച്ചശേഷം ഒരു ബുദ്ധമത സംന്യാസി ഇപ്രകാരം എഴുതി: ജീവിച്ചിരുന്ന കാലത്ത് അനേകം സവിശേഷമായ ഓര്‍മകള്‍ മറ്റുള്ളവര്‍ക്ക് നല്‍കി അദ്ദേഹം കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞുപോയി. കുലീനനും ബുദ്ധിമാനുമായ ആ മനുഷ്യന്‍ നാല്‍പ്പതുവര്‍ഷം ലോകം ചുറ്റുകയും കാടുകളില്‍ എഴുപതുവര്‍ഷം ലളിതമായൊരു ചോദ്യവുമായി തപസ്സനുഷ്ഠിക്കുകയും ചെയ്തു. ആ ചോദ്യം ഇതായിരുന്നു: നാമെന്തിനാണ് ഈ ഭൂമിയിലിങ്ങനെ?
कर्तब्य र कर्म Duties and deeds | Swadharma | Shivapuri Baba | (Audio Book : Swa Dharma) Part 3 | https://www.youtube.com/watch?v=2vDhoMUQdqo&list=PLraSEnxfC4PyIC2Xh4dg8GCiGjNWwxGON
ശ്രീ. ശങ്കരനാരായണൻ ശംഭു വിന്റെ ഇതിനുമപ്പുറം എന്ന ഗ്രന്ഥത്തിൽ ശിവപുരി ബാബ (മെക്ക സന്ദർശിച്ച മുസ്ലിം അല്ലാത്ത വ്യക്തി)
ഇതിനുമപ്പുറം എന്ന ഗ്രന്ഥത്തിലെ ശിവപുരി ബാബ യെ പറ്റിയുള്ള അധ്യായമാണ് ഇവിടത്തെ പ്രതിപാദ്യം.
നമ്മൾ പല യാത്രാവിവരണങ്ങളും വായിച്ചിട്ടുണ്ടാകും. കൈലാസ യാത്രയായിട്ടും, ഹിമാലയ യാത്രയായിട്ടും അങ്ങിനെ പലതും. പക്ഷെ ഇന്ന് വരെ ആരും തന്നെ പറഞ്ഞു കേൾക്കാത്ത ഒരു വ്യക്തിയെ പറ്റി ആണ് ഈ അധ്യായത്തിൽ ഗ്രന്ഥകർത്താവു വിവരിക്കുന്നത്. ശിവപുരിബാബയെ പറ്റി വായിച്ചപ്പോൾ കൂടുതലറിയാൻ കുറച്ചു റിസർച്ച് നടത്തി അപ്പോളാണ് ഇദ്ദേഹത്തെ പറ്റി അറിയുന്നത്.
മലയാളിയായ ഇദ്ദേഹം കേരളത്തിലെ കുന്നംകുളത്തു അക്കികാവ് വില്ലേജിൽ ജനിച്ചു ( 1826 സെപ്തമ്പർ 10ന് ) തന്റെ 137-ാമത് വയസിൽ 1963 ജനുവരി 28ന് ശിവപുരിയിൽ (ധ്രുവസ്ഥലി, കാഠ്മണ്ഡു നേപ്പാൾ )സമാധിയായ ശ്രി ഗോവിന്ദാനന്ദ ഭാരതി എന്ന ശിവപുരി ബാബയെ ആണ് ഗ്രന്ഥകർത്താവ് പരിചയപ്പെടുത്തുന്നത് . മെക്ക സന്ദർശിച്ച മുസ്ലിം അല്ലാത്ത വ്യക്തി കൂടി ആണ് ശിവപുരി ബാബ എന്നതും എടുത്തു പറയേണ്ടതാണ് ( ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് ഇത് ).
കൂടാതെ ലോകം മുഴുവൻ സഞ്ചരിച്ച ഇന്ത്യക്കാരൻ അതും പത്തൊൻപതാം നൂറ്റാണ്ടിൽ (1826 ) തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്റെ (1963 ) പകുതിയിൽ എത്തി നിന്ന നീണ്ട 137 കൊല്ലത്തെ ജീവിത യാത്ര. ജോൺ ജെ ബെന്നറ്റ് (John Godolphin Bennett (8 June 1897 – 13 December 1974) ) എന്ന ഇംഗ്ലീഷുകാരൻ ബാബയെ പറ്റി എഴുതിയ "ലോങ്ങ് പിൽഗ്രിമേജ് " എന്ന ഗ്രന്ഥത്തിലൂടെ ആണ് ശിവപുരി ബാബയെ പറ്റി ലോകം അറിയുന്നത്. 191 പേജുകളുള്ള ആ ബുക്കിൽ വളരെ വിശദമായി ബാബയുടെ ജീവിതം, അദ്ദേഹത്തിന്റെ യാത്രകൾ, പരിചയപ്പെട്ട വ്യക്തികൾ എല്ലാം തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജോൺ ഗോഡോൾഫിൻ ബെന്നറ്റ് ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനും സാങ്കേതിക വിദഗ്ധനും വ്യവസായ ഗവേഷണ ഡയറക്ടറും എഴുത്തുകാരനുമായിരുന്നു. മനഃശാസ്ത്രത്തെയും ആത്മീയതയെയും കുറിച്ചുള്ള, പ്രത്യേകിച്ച് അതിലൂടെ ഉള്ള പഠിപ്പിക്കലുകളെക്കുറിച്ചുള്ള തന്റെ പുസ്തകങ്ങൾക്ക് അദ്ദേഹം പ്രശസ്തനാണ്.
1940-കളുടെ തുടക്കത്തിലാണ് ജോൺ ജെ ബെന്നറ്റ് ശിവപുരി ബാബയെക്കുറിച്ച് ആദ്യമായി കേട്ടത്, യോഗി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഹഗ് റിപ്മാനിൽ നിന്ന് ( ഔസ്പെൻസ്കിയുടെ സഹ വിദ്യാർത്ഥി ) നിന്ന് അദ്ദേഹം മനസ്സിലാക്കി. 1961 നും 1963 നും ഇടയിൽ ബെന്നറ്റ് രണ്ടുതവണ ശിവപുരി ബാബയെ സന്ദർശിച്ചിരുന്നു, അപ്പോഴേക്കും ശിവപുരി ബാബയ്ക്ക് 137 വയസ്സായിരുന്നു. ശിവപുരി ബാബയുടെ അധ്യാപനത്തിന്റെ ചൈതന്യവും ലാളിത്യവും കൊണ്ട് ആകൃഷ്ടനായ ബെന്നറ്റ്, പിന്നീട് അദ്ദേഹത്തെ തന്റെ അധ്യാപകൻ എന്ന് വിളിക്കുകയും ചെയ്തു. ശിവപുരി ബാബയുടെ പഠിപ്പിക്കുന്ന രീതി പ്രചരിപ്പിക്കാൻ ബെന്നറ്റ് ഏറ്റെടുക്കുകയും അത് തന്റെ സ്വന്തം വർക്കിൽ ഉൾപ്പെടുത്താൻ പല ശ്രമങ്ങളും നടത്തുകയും ചെയ്തു എന്ന് അദ്ദേഹം തന്റെ ബുക്കിൽ എഴുതിയിട്ടുണ്ട്.
മലയാളികൾക്ക് അറിയാത്ത ബാബ ഇന്ത്യയിലെ എല്ലാ പുണ്യസ്ഥലങ്ങളും സന്ദർശിച്ചു, ശ്രീരാമകൃഷ്ണനെയും ശ്രീ അരബിന്ദോവിനെയും കണ്ടു. അഫ്ഗാനിസ്ഥാനിലൂടെയും പേർഷ്യയിലൂടെയും അദ്ദേഹം യാത്ര തുടർന്നു, തുടർന്ന് മക്കയിലേക്ക് തീർത്ഥാടനം നടത്തി ( ഇതിനു കൃത്യമായ തെളിവുകൾ ഉണ്ട് ). മുസ്ലീം ആരാധനാലയത്തിന്റെ ഈ അനുഭവത്തിന് ശേഷം, അദ്ദേഹം അടുത്തതായി യാത്ര ചെയ്തത് യഹൂദമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും വിശുദ്ധ നഗരമായ ജറുസലേമിലേക്കാണ്. അദ്ദേഹം തുർക്കിയിലേക്കും ബാൽക്കണിലൂടെ ഗ്രീസിലേക്കും പിന്നീട് ഇറ്റലിയിലൂടെ റോമിലേക്കും പോയി, അങ്ങനെ ക്രിസ്ത്യൻ മതത്തെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ മിക്ക യൂറോപ്യൻ രാജ്യങ്ങളും സന്ദർശിച്ച ശേഷം, വിക്ടോറിയ രാജ്ഞിയുടെ ഇന്ത്യൻ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക് ക്ഷണിക്കുകയും രാജ്ഞിയുമായി സന്ദർശനങ്ങൾ നടത്തുകയും ചെയ്തു. 18 പ്രാവശ്യം സ്വകാര്യ സന്ദർശനങ്ങൾ നടത്തിയെന്നാണ് ബ്രിട്ടീഷ് ചരിത്രകാരന്മാർ ഇതേ പറ്റി പറയുന്നത്
1901-ൽ, രാജ്ഞിയുടെ മരണശേഷം, ശിവപുരി ബാബ അമേരിക്ക സന്ദർശിക്കുകയും പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റിനെ കാണുകയും ചെയ്തു. മെക്സിക്കോയിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം രണ്ടോ മൂന്നോ വർഷം അമേരിക്കയിൽ ചെലവഴിച്ചു, അവിടെ ആൻഡീസ് വഴി കൊളംബിയയിലേക്കും പെറുവിലേക്കും പോകുന്നതിനുമുമ്പ് പോർഫിരിയോ ഡയസിനെ കണ്ടുമുട്ടി. തെക്കേ അമേരിക്കയിലെ ഒരു കാലയളവിനുശേഷം, അദ്ദേഹം പസഫിക് ദ്വീപുകളിലേക്ക് ഒരു കപ്പൽ കയറി, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് 1913-ൽ ജപ്പാൻ സന്ദർശിച്ചു. തുടർന്ന് അദ്ദേഹം പുരാതന തീർത്ഥാടക പാത പിന്തുടർന്ന് നേപ്പാളിലേക്കും പിന്നീട് ഇന്ത്യയിലെ ബനാറസിലും എത്തി. എൺപത് ശതമാനം കാൽനടയായി 25,000 മൈലുകൾ (40233.6 കിലോമീറ്റർ ) അദ്ദേഹം സഞ്ചരിച്ചു. ഇതിനു മുന്പും ബാബ അമേരിക്ക സന്ദർശിച്ചതായി ചരിത്ര രേഖകൾ പറയുന്നുണ്ട്. അത് അബ്രഹാം ലിങ്കന്റെ നിര്യാണത്തെത്തുടർന്ന് 1865 - 1866 കാലഘട്ടത്തിൽ ആണ്.
മലയാളം, ഹിന്ദി, നേപ്പാളി, ചൈനീസ്, ഇംഗ്ലീഷ്, അറബി, ജർമൻ, ഫ്രഞ്ച് തുടങ്ങി 18 ഭാഷകൾ അറിയാമായിരുന്നു ബാബക്ക്. ചൈന, അഫ്ഗാനിസ്ഥാൻ, ഇറാൻ, ജർമ്മനി, റഷ്യ, സൗദി അറേബ്യാ, സൗത്ത് അമേരിക്ക എന്നിങ്ങനെ ലോകത്തിലെ പല ഭാഗങ്ങളിൽ സഞ്ചരിച്ചു ശ്രീരാമകൃഷണ പരമഹംസ, ബർണാഡ്ഷ, ടോൾസ്റ്റോയി, ഐൻസ്റ്റീൻ, വിക്ടോറിയ രാജ്ഞി, തിയോഡോർ റൂസ്‌വെൽറ്റ് തുടങ്ങിയ പല പ്രഗത്ഭരുമായും കൂടിക്കാഴ്ച നടത്തിയ ഇദ്ദേഹത്തെ നമ്മൾ എന്ത് കൊണ്ട് മറന്നു പോയി എന്ന് മനസിലാകുന്നില്ല. എയ്ൻസ്റ്റീനുമായി ഒരിക്കൽ വാദപ്രതിവാദത്തിൽ ഏർപ്പെട്ടു എന്നും ബാബയുടെ അറിവിന്റെ മുന്നിൽ അദ്ദേഹം തോൽവി സമ്മതിച്ചു എന്നും ചരിത്ര രേഖകൾ പറയപ്പെടുന്നു.
ഇന്ന് വരെ നമ്മളാരും ഇദ്ദേഹത്തെ പറ്റി വായിക്കുകയോ അറിയുകയോ ഉണ്ടായിട്ടില്ല ശ്രീ. ശങ്കരനാരായണൻ ശംഭു വിന്റെ ഇതിനുമപ്പുറം എന്ന ഗ്രന്ഥത്തിൽ നിന്ന് ശിവപുരി ബാബയുടെ അധ്യായത്തിലെ കുറച്ചു വരികൾ താഴെ കുറിക്കുന്നു.
ശിവപുരി ബാബ എന്ന സന്യാസിയെക്കുറിച്ച് അദ്ദേഹം ജനിച്ചുവളർന്ന മലയാളക്കരയിലുള്ളവർ പൊതുവെ അജ്ഞരാണ് എന്നു വേണം പറയാൻ. കുന്നംകുളത്തിനടുത്ത് ഒരുവന്നൂർ പാഴൂരിലെ ജയന്തൻ എന്ന പേരിൽ പൂർവ്വാശ്രമം ഉള്ള ഇദ്ദേഹത്തെ മലയാളികൾ അറിയുന്നതിനേക്കാൾ മറുനാട്ടുകാരാണ്അറിയുക.
1826 സെപ്തമ്പർ 10ന് ആണ് ജനിച്ചത്. മുത്തശ്ശൻ ആയിരുന്നു അദ്ദേഹ ത്തിന്റെ മാതൃകാപുരുഷൻ. മുത്തശ്ശൻ സന്യാസാശ്രമത്തിൽ പ്രവേശിച്ച് നർമ്മദാ തീരത്തുള്ള അമരാന്തകം വനത്തിലേക്ക് പോയി. ഏതാനും വർഷങ്ങൾക്കു ശേഷം തന്റെ 16-)0 വയസ്സിൽ ജയന്തനും അദ്ദേഹത്തെ തേടി അമരാന്തകത്തിൽ എത്തി. മുത്തശ്ശന്റെ നിർദ്ദേശ പ്രകാരം തപസ്സനുഷ്ഠിച്ചു. ഏതാനും കൊല്ലത്തിനു ശേഷം പലയിടത്തും പരിവ്രാജകനായി ചുറ്റി സഞ്ചരിച്ച ശേഷം മുത്തശ്ശന്റെ മരണസമയത്ത് അമരാന്തകത്തിൽ എത്തി അദ്ദേഹത്തിന്റെ സമാധി ഇരുത്തൽ മുതലായവ നടത്തി. തുടർന്ന് അദ്ദേഹത്തിന് ഈശ്വര സാക്ഷാത്കാരം ലഭിക്കുകയും ചെയ്തു വത്രെ. ശൃംഗേരിമഠത്തിൽ നിന്നും ഗോവിന്ദാനന്ദ ഭാരതി എന്നപേരിൽ സംന്യാസദീക്ഷ എടുക്കുകയും അമരാന്തകത്തിൽ തന്നെ തുടർന്ന് താമസിക്കുകയും ചെയ്തു.
അതിനു ശേഷം പര്യടനം തുടർന്നു. കൽക്കട്ടയിൽ വച്ച് ശ്രീരാമകൃഷണ പരമഹംസരെ സന്ദർശിച്ചു. തുടർന്ന് ഖൈബർ ചുരം വഴി അഫ്ഗാനിസ്ഥാനിലും പിന്നീട് തുർക്കിയിലെ ഇസ്താംബൂളിലും എത്തിയത്രെ. അവിടെ സർവ്വകലാശാലയിൽ ഭാഷ സംസ്ക്കാരം ഇവയുടെ പഠനം നടത്തി. മെക്കയിൽ സന്ദർശനം നടത്തിയ ഇദ്ദേ ഹത്തിന്റെ പ്രഭാവം മനസ്സിലാക്കിയ രാജാവ് ഹറം സന്ദർശിക്കാനുള്ള അനുമതി നൽകിയതായി പറയുന്നു.
ജർമ്മനിയിൽ പോയി അവിടത്തെ ഭാഷയും പഠിച്ചു. പിന്നീട് ബ്രിട്ടനിൽ എത്തുകയും നാലു വർഷം അവിടെ താമസിക്കുകയും ഉണ്ടായി. ഇക്കാലത്ത് 18 പ്രാവശ്യം വിക്ടോറിയ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയത്രെ. അദ്ദേഹം എഴുത്തുകാരനായ ബർണാഡ്ഷയുമായും,ശാസ്ത്രജ്ഞന്മാരായ ഐൻസ്റ്റീൻ, മാക്രോണി എന്നിവരുമായും ബന്ധപ്പെട്ടു. അദ്ദേഹം തുടർന്ന് റഷ്യയിലെത്തി ലിയോ ടോൾസ്റ്റോയിയോടൊപ്പം 2 മാസം താമസിച്ചതായി പറയുന്നു.
അബ്രഹാം ലിങ്കന്റെ നിര്യാണത്തെത്തുടർന്ന് അമേരിക്കയിലെത്തുകയും അവിടെ നിന്ന് തെക്കെ അമേരിക്കയിലെ പുരാതന സംസ്ക്കാര കേന്ദ്രങ്ങൾ കണ്ട് സാൻറിയാ ഗോവിൽ നിന്നും കപ്പൽ കയറി ചൈന വഴി ഇന്ത്യയിൽ തിരി ച്ചെത്തുകയും ഉണ്ടായി. കൈലാസ മാനസരോവർ തീർത്ഥാടനം നടത്തിയ ശേഷം 35 വർഷങ്ങൾ ഹിമാലയത്തിൽ താമസിച്ചു. തുടർന്ന് നേപ്പാളിലെത്തിയ അദ്ദേഹത്തിന് റസിഡന്റ് വിൽക്കിൻസൺ പ്രഭു ശിവപുരിയിൽ സ്ഥലം കൊടുത്ത് അവിടെ താമസമാക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
37 വർഷം അദ്ദേഹം ശിവപുരിയിൽ താമസിച്ചു.അവിടത്തുകാരും മറ്റുള്ള വരും അദ്ദേഹത്തെ ശിവപുരി ബാബ എന്ന് വിളിച്ചു വന്നു. 1956 ൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണൻ തന്റെ നേപ്പാൾ സന്ദർശന സമയത്ത് അവിടെ എത്തിയ ഉടൻതന്നെ ശിവപുരി ബാബയെ കാണാൻ പോകുകയുണ്ടായി. അന്ന് ബാബക്ക് 130 വയസ്സ് പ്രായമാണ്. ജോൺ ജെ ബെന്നറ്റ് എന്ന ഇംഗ്ലീഷുകാരൻ എഴുതിയ "ലോങ്ങ് പിൽഗ്രിമേജ് " എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ശിഷ്യന്മാർ ഇല്ല.
ഗുരു എന്ന സ്ഥാനം വഹിച്ചു ശിഷ്യ ന്മാരെ പഠിപ്പിക്കലല്ല മറ്റു പല മഹത്തായ പാഠങ്ങളും ലോക ഭരണാധികാരികൾക്കും സാമാന്യജനത്തിനും നൽകയായിരുന്നു ശിവപുരി ബാബയുടെ ജന്മോദ്ദേശം.
1963 ജനുവരി 28ന് അദ്ദേഹം സമാധി യായി. ഇവിടെ ഇക്കാര്യങ്ങൾ പറയാൻ കാരണം ഇത്രയും മഹാനായ ഒരു മലയാളി 137 വർഷം ജീവിച്ചിരുന്നു എന്ന് നിങ്ങളെ അറിയിക്കണം എന്നു തോന്നിയതു കൊണ്ടു മാത്രമാണ്.
മഹാത്മാക്കളുടെ ജന്മോദ്ദേശം തന്നെ ശിഷ്ട ജനങ്ങളുടെ ജീവിതത്തിന്ന് മാർഗ്ഗനിർദ്ദേശം നൽകുക എന്നാണല്ലോ. തന്റെ 136 കൊല്ലക്കാലത്തെ ഭൂമിയിലെ വാസം അത്തരത്തിൽ വിനിയോഗിച്ച് വഴി കാണിച്ച മഹാനായ ശിവപുരി ബാബക്ക്പാദ നമസ്കാരം.
ഇതുപോലെ ധാരാളം അനുഭവങ്ങളും ആരും പറയാത്ത കുറെ സത്യങ്ങളും അടങ്ങിയതാണ് ശ്രീ. ശങ്കരനാരായണൻ ശംഭു വിന്റെ ഇതിനുമപ്പുറം എന്ന ഗ്രന്ഥം. ഇതു വെറുമൊരു യാത്ര വിവരണം മാത്രമായി കാണരുത്. ഇതു പല പല സത്യങ്ങളും പുറത്തു കൊണ്ട് വരുന്ന ഒരു അമൂല്യ ഗ്രന്ഥം ആണ്
ശിവപുരി ബാബയുമായി നടത്തിയ അഭിമുഖത്തിന്റെ ശബ്ദരേഖയാണ് യൂട്യൂബ് വീഡിയോവിൽ കൊടുത്തിരിക്കുന്നത്
ഗോവിന്ദാനന്ദ ഭാരതി സ്മാരകം തൃശൂരിൽ വരുന്നു
തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് അക്കിക്കാവിൽ ഗോവിന്ദാനന്ദ ഭാരതിയുടെ സ്മാരകം വരുന്നു. ശിവപുരി ബാബ എന്നറിയപ്പെടുന്ന സഞ്ചാരിയായ സന്യാസിയുടെ ജന്മസ്ഥലമാണിത്. പ്രാചീന ജീവിത സമ്പ്രദായമായ സ്വധർമ്മത്തെ ലോകത്തെ പഠിപ്പിച്ചതിന്റെ ബഹുമതി ബാബയാണ്.