Monday, December 6, 2021

പ്രശ്‌നോത്തര രത്നമാലിക

 കേരളീയനായ  ആദി ശങ്കരൻ 8ആം നൂറ്റാണ്ടിൽ സമൂഹത്തിന്റെ ഉന്നമനത്തിനായി ചോദ്യോത്തര രൂപത്തിൽ  രചിച്ച  പ്രശ്‌നോത്തര രത്നമാലിക എന്ന ഗ്രന്ഥത്തിൽ  നിന്നും  എടുത്ത  ചില പ്രസക്ത ഹൈന്ദവ മൂല്യങ്ങൾ

കിം ച അനർഘം ? - യദവസരേ ദത്തം 

എന്താണ് അമൂല്യമായതു  ?   - സമയത്തിന് കൊടുക്കുന്ന സഹായം  

കഹ സർവ്വഗുണവിനാശി ? - ലോഭ:

എല്ലാ നല്ല ഗുണങ്ങളെയും നശിപ്പിക്കുന്നതെന്താണ് ? - ദുരാഗ്രഹം 

കിം ദാനം ? - അനാകാംക്ഷം 

എന്താണ് ദാനം ? - തിരിച്ചു കിട്ടുമെന്ന്  പ്രതീക്ഷിക്കാത്തതു 

കോ വൈരി ? - യസ്തു അനുദ്യോഗ:

ആരാണ് ശത്രു ? - അത് അലസത 

കേ ച ദസ്യവ: - വിഷയാ:

ആരാണ് മോഷ്ടാക്കൾ ? - വിഷയവാസനകൾ 

പാതകം ച കിം ? - കാമ:

എന്താണ്  പാതകം ? - ആഗ്രഹങ്ങൾ   

കിം ദുഃഖം ? - അസന്തോഷ: 

എന്താണ് ദുഃഖം ? - സന്തോഷമില്ലായ്മ 

കിം വിഷം ? അവധീരണാ ഗുരുഷു 

എന്താണ് വിഷം ? ഗുരുക്കന്മാർ ഉപദേശിച്ചത്  ലംഘിക്കുന്നത്  

കിം ജാഡ്യം ? - പാഠ്യതോപി അനഭ്യാസ:

എന്താണ് ബുദ്ധിയില്ലായ്മ ? - പഠിച്ചത് അഭ്യസിക്കാതിരിക്കുന്നതു 

കിം ഗുരുതായം മൂലം ? - യത് ഏതത് അപ്രാർത്ഥനം നാമ  

മഹത്വത്തിന് കാരണം ആകുന്നതെന്താണ് ? - മറ്റുള്ളവരിൽ നിന്നും ഉപകാരങ്ങൾ ചോദിക്കാതിരിക്കുന്നതു 

നളിനീജലവത്ഗത തരളം കിം ? - യൗവനം ധനം ആയു:

താമരയിതളിൽ വീണ  ജലം പോലെ ക്ഷണികമായതെന്താണ് ? - യൗവനം, ധനം, ആയുസ്സു 

ആമരണാത് കിം  ശല്യം ? - പ്രച്ഛന്നം യത് കൃതം പാപം 

മരണംവരെ ശല്യം ചെയ്യുന്നതെന്ത് ? - രഹസ്യമായി ചെതിട്ടുള്ള തെറ്റുകൾ 

കുത്ര വിധേയോ  യത്ര ? - വിദ്യാഭ്യാസേ സദൗഷധേ ദാനേ 

അനുശാസിക്കപ്പെട്ടിട്ടുള്ള  പ്രയത്നങ്ങൾ   ഏവ  ? - വിദ്യാഭ്യാസം, ഗുണപ്രദമായ ഔഷധങ്ങൾ, ദാനധർമ്മം 

കിം ജിതം ജഗതേത് ? - സത്യംതിതിക്ഷാവതാ പുംസാ 

ആരാലാണ് ലോകം കീഴടക്കപ്പെടുന്നത്   ?  സത്യസന്ധതയും സഹിഷ്‌ണതയുമുള്ളവനാൽ 

കസ്യ വശേ പ്രാണിഗണ ? - സത്യ പ്രിയഭാഷിണോ വിനീതസ്യ 

ജീവ്യസമൂഹങ്ങൾ  ആരുടെ നിയന്ത്രണവശത്തിനു വിധേയരാണ്   ? - സത്യവും ദയയും വിനയവും ഉള്ളവന്റെ 

ക്വ സ്ഥാതവ്യം ? - ന്യായേ പഥി ദൃഷ്ട അദൃഷ്ട ലാബാധ്യേ 

എന്തിലാണ് ഉറച്ചു നിൽക്കേണ്ടത് ? കാണാൻ സാധ്യമായതിനും   സാധ്യമല്ലാത്തതിനും ലാഭമുണ്ടാക്കുന്ന  ന്യായത്തിന്റെ പാതയിൽ 

കിം തദ്വദന്തി ഭൂയോ വിധൂതതമസോ വിശേഷേണ ? - ദാനം പ്രിയവാക്സഹിതം , ജ്ഞാനം അഗർവം , ക്ഷമാന്വിതം ശൗര്യം , വിത്തം ത്യാഗസമേതം , ദുർലഭമേതത്‍ ചതുർഭദ്രം 

ഇരുട്ടിനെ  അകറ്റിയവർ  (വലുപ്പച്ചെറുപ്പം , അജ്ഞത, ഭ്രമം, ആസക്തി, കോപം, അഭിമാനം, അലസത മുതലായവയെ ജയിച്ചവർ) വിശേഷിച്ചു ആവർത്തിക്കുന്ന സന്ദേശം എന്താണ് ? - മധുരമായ വാക്കുകളോടുകൂടിയുള്ള ദാനധർമങ്ങൾ , അഹങ്കാരമില്ലാത്ത  ജ്ഞാനം , ക്ഷമാമനസ്‌കരതയുള്ള  ശൗര്യം, പരിത്യജിക്കാൻ മടിയില്ലാതെകൊണ്ടുള്ള  ധനസമ്പാദനം 

കിം ശോച്യമ്  ? - കാർപണ്യം 

ഏറ്റവും ശോചനീയമായതെന്തു ? - പിശുക്കു 

ക: പരിഹർഹ്യോ ദേശ: ? - പിശുനയിതോ ലുബ്ധ്ഭൂപശ്ച 

ഏതു ദേശത്തെയാണ്  ഒഴിവാക്കേണ്ടത് ? - ദുഷ്ടന്മാരാൽ സമൃദ്ധമായതും അത്യാഗ്രഹിയായ ഭരണാധിപൻ ഉള്ളിടവും 

ഇഹ ഭുവനേ കോ ശോച്യ: ? - സത്യപി ഭുവനേ യോ ന ദാതാ 

ഈ ലോകത്തിൽ ആരാണ് ഏറ്റവും ശോചനീയം ? - സമ്പത്തുണ്ടായിട്ടും കൊടുക്കാൻ മനസില്ലാത്തവർ 

കിം സമ്പാദ്യം മനുജൈ : ? - വിദ്യാ വിത്തം ബലം യശഃ പുണ്യം 

എന്താണ് മനുഷ്യൻ സമ്പാദിക്കേണ്ടത് ? - അറിവ്, സമ്പത്ത്, ബലം , പ്രശസ്തി, പുണ്യം 

കാ സുരക്ഷ്യ ? - കീർത്തി പതിവൃതാ നൈജബുദ്ധിശ്വ 

എന്തൊക്കെയാണ്  സംരക്ഷിക്കപ്പെടേണ്ടത് ? - സൽപ്പേര് , അർപ്പണബോധമുള്ള ഭാര്യ, വിവേകം

കാ കല്പലതാ ലോകേ ? - സച്ഛിഷ്യായ അർപ്പിത വിദ്യാ 

ഈ ലോകത്തിനു ഇഷ്ടാനുസരണം  വളർച്ച എന്താലാണ്  ഉണ്ടാകുന്നത് ? - ആത്മാർത്ഥതയുള്ള വിദ്യാർത്ഥികൾക്ക്  അറിവ് പകരുന്നതിലൂടെ

സംഭാവിതസ്യ മരണാത് അധികം കിം  ? -  ദുർയശോ ഭവതി 

ബഹുമാന്യനായ ഒരു വ്യക്തിക്ക്  മരണത്തേക്കാൾ വേദനാജനകമായത് എന്താണ് ? - കുപ്രസിദ്ധി.

കോ വർധതേ ? - വിനീത:

ആരാണ് വളരുക ? - വിനയമുള്ളവൻ 

കിം ഭാഗ്യം ദേഹവതാം ? - ആരോഗ്യം 

ദേഹമുള്ള ഏതൊരു ജീവിയുടെയും ഏറ്റവും വല്യ ഭാഗ്യമെന്താണ് ? - ആരോഗ്യം 

കോ ജഗത്ഭർത്താ ? - സൂര്യ :

ലോകത്തിന്റെ സംരക്ഷകൻ ആരാണ് ? - സൂര്യൻ 

സർവേഷാമ കിം ജീവനഹേതു ? - സ പർജന്യ:

എല്ലാവരുടെയും ഉപജീവനത്തിനു  കാരണമാകുന്നത്  എന്താണ് ? - മഴ 

ക: ശൂര : ? -  യോ ഭീതത്രാതാ 

ആരാണ് ധൈര്യശാലി  ? - പേടിച്ചരണ്ടവരെ സംരക്ഷിക്കുന്നവൻ

ത്രാതാ ച ക: - സ ഗുരു:

ആരാണ് സംരക്ഷകൻ ? - ഗുരു 

പ്രത്യക്ഷദേവതാ കാ ? - മാതാ 

പ്രത്യക്ഷ ദൈവം ആരാണ് ? - അമ്മ 

പുജ്യോ ഗുരുശ്വ ക: ? -  താത:

ആദരിക്കപ്പെടേണ്ട ഗുരു ആരാണ് ? - അച്ഛൻ 

പാത്രം കിം അന്നദാനേ ? - ക്ഷുധിതം 

ഭക്ഷണം ദാനമായി സ്വീകരിക്കാൻ  അർഹൻ ആരാണ്? - വിശക്കുന്നവൻ

ക: പഥ്യതര: ? - ധർമ്മം 

ഏറ്റവും പ്രയോജനകരമായതു എന്ത് ? - ധർമ്മം