Tuesday, November 16, 2021

നീതിസാരം

1 പ്രണമ്യ സര്‍വലോകേശം
ദേവദേവേശ്വരം ഹരിം
നീതിസാരം പ്രവക്ഷ്യാമി സര്‍വ
ശാസ്ത്ര സമാഹൃതം.
ദേവാധി ദേവനും സര്‍വ ലോകങ്ങളിലും ഈശ്വനുമായ ശ്രീ ഭഗവാന്‍ വിഷ്ണുവിനെ പ്രണമിച്ചു കൊണ്ട് സര്‍വ ശാസ്ത്രങ്ങളില്‍ നിന്നും സമാഹരിച്ച നീതിശാസ്ത്രത്തെ ഇവിടെ പ്രദിപാദികുന്നു.
2 ശ്രൂയതാം ധര്‍മ സര്‍വസ്വം.
ശ്രുത്വ ചൈവ വിചാര്യ്താം
ആത്മന: പ്രതികൂലാനി
പരേഷാം ന സമാചരേത്.
ധര്‍മത്തിന്റെ സ്വരൂപത്തെ പറ്റി പറയാം. അത് മനസിലാകി, അതിനെ പറ്റി ചിന്തിച്ചാലും.  വിരോധം ഉള്ള കാര്യങ്ങള്‍ അന്യരോടും ആചരികരുത്.
3അപരീക്ഷ്യ ന കര്‍ത്തവ്യം
കര്‍ത്തവ്യം സുപരീക്ഷ്യ ച
ന ചേദ്‌ ഭവതി സന്താപോ
ബ്രാഹ്മണ്യ നകുലാദ്യഥാ..
ഏതൊരു സാഹചര്യവും ശരിക്ക് മനസിലാക്കാതെ പ്രവര്‍ത്തികരുത്. അല്ലെങ്ങില്‍ കീരിയെ കൊന്ന ബ്രാഹ്മണനെ പോലെ ദു:ഖികേണ്ടി വരും.
4അവശ്യമനുഭോക്തവ്യം
കൃതം കര്‍മ ശുഭാശുഭം
ന ഭുക്തം ക്ഷീയാതെ
കര്‍മ കല്പകോടിശതൈരപി.
അവനവന്‍ ചെയ്തിട്ടുള്ള സകല പാപ - പുണ്യ ഫലങ്ങളും തീര്‍ച്ചയായും അനുഭവികേണ്ടതാകുന്നു. നൂറു കോടി കല്പങ്ങള്‍ കഴിഞ്ഞാലും ഈ കര്‍മ ഫലങ്ങള്‍ അനുഭവിച്ചു കഴിഞ്ഞേ മതിയാകൂ.
5അര്‍ത്ഥാനാമാര്‍ജേന ദുഃഖം .
ആര്ജിതാനാം തു രക്ഷണേ
ആയേ ദുഃഖം വ്യയേ ദുഃഖം
അര്‍ത്ഥ കിം ദുഃഖ ഭാജനം
സമ്പത്ത് ദുഃഖ പൂര്‍ണമായ ഒരു പാത്രം ആണ്. അവ സമ്പാദിക്കുന്നതിനും  സംരക്ഷിക്കുന്നതിനും മനുഷ്യന്‍ ദുഃഖം അനുഭവിക്കുന്നു. കിട്ടുമ്പോഴും ദുഃഖം ചിലവാക്കുമ്പോഴും ദുഃഖം.  
6വിദ്വാനേവ വിജാനതി
വിദ്വ ജന പരിശ്രമം.
ന ഹി വന്ധ്യാ വിജാനതി
ഗുര്‍വീം പ്രസവവേദനാം.
ഒരു വിദ്വാന് മാത്രമേ വിദ്യ ലഭികേണ്ട പരിശ്രമത്തെ പറ്റി അറിയാവൂ. വന്ധ്യയ്ക് പ്രസവവേദനയുടെ കാഠിന്യം അറിയില്ലല്ലോ.
7മാതാ പിതാ ച വൈ ശത്രു:
യേന ബാല്യേ ന പാoയതെ
സഭാമധ്യേ ന ശോഭതേ
ഹംസമധ്യേ ബകോ യഥാ
മക്കളെ ബാല്യത്തില്‍ വിദ്യ അഭ്യസിപ്പിക്കാത്ത മാതാപിതാക്കള്‍ അവരുടെ ശത്രുക്കള്‍ ആണ്. സഭാ മധ്യ ത്തില്‍ അവര്‍ ശോഭിക്കില്ല. അവരുടെ മക്കളുടെ അവസ്ഥ അരയന്നങ്ങളുടെ ഇടയിലെ താറാവ് പോലെ ആയിരിക്കും
8കര്‍പൂരധൂലീകലിതാലവാലേ
കസ്തൂരികാ കല്പിതദോഹലശ്രീ:
ഹിമാംബുകാഭൈര ഭിഷിച്യമാന:
പ്രാഞ്ചം ഗുണം മുന്ജതി നോ പലാണ്ടു
കര്‍പ്പൂരം കൊണ്ടുള്ള തടത്തില്‍ ഉള്ളി നട്ട് അതിനെ കസ്തൂരി വളമായിട്ടു പനിനീര്‍ അഭിഷേകം ചെയ്താലും ഉള്ളി അതിന്റെ പഴയ ഗന്ധം ഉപേക്ഷിക്കില്ല
9ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യ സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യ:
പാദം കാലക്രമേണ തു
ഒരു ആചാര്യനില്‍ നിന്നു ശിഷ്യന്‍ ആദ്യം നാലില്‍ ഒന്ന് പഠിക്കുന്നു. പിന്നെ നാലില്‍ ഒന്ന് സ്വന്തമായും, വീണ്ടും നാലില്‍ ഒന്ന് സഹപാഠികളിൽ  നിന്നും, പിന്നെ ബാക്കി നാലില്‍ ഒന്ന് കാലക്രമേണയും പഠിക്കുന്നു.
10ശ്രുതമിച്ചന്തി പിതരോ
ധനമിച്ചന്തി മാതര:
ബാന്ധവാ : കുലമിച്ചന്തി
രൂപമിച്ചന്തി കന്യകാ
ഒരു നവവരനില്‍ നിന്നും പിതാവ് വിദ്യാഭ്യാസയോഗ്യതയും മാതാവ് സമ്പത്തും, ബന്ധുക്കള്‍ കുലമഹിമയും വധു സൌന്ദര്യത്തേയും ആഗ്രഹിക്കുന്നു
11വൃശ്ചികസ്യ വിഷം പുച്ഛം
മഷികായാ: വിഷം ശിര:
തക്ഷകസ്യ വിഷം ദന്തം
സര്‍വാംഗം ദുര്‍ജനസ്യ: ച .
തേളിനു വിഷം അതിന്റെ വാലിലും, ഈച്ചയ്ക് വിഷം ശിരസിലും, തക്ഷകന് വിഷം പല്ലിലും, ദുര്ജനങ്ങള്‍ക്ക് അവരുടെ സര്‍വാoഗത്തിലും വിഷം ആകുന്നു
12പക്ഷീണാം ബലമാകാശം
മത്സ്യനാംഉദകം ബലം
ദുര്‍ബലസ്യ ബലം രാജാ
ബാലാനാം രോദനം ബലം.
പക്ഷികള്‍ക്ക് ആകാശം ബലവും മത്സ്യങ്ങള്‍ക്ക് ജലം ബലവും ദുര്‍ബലരയാവർക്ക്‌  രാജാവ് ബലവും കുട്ടികളുടെ ബലം കരച്ചിലും ആകുന്നു
13വിവാദശീലാം സ്വയമര്‍ഥചോരിണീം
പരാനുകൂലാം പതിദോഷഭാഷിണീം
അഗ്രാശിനീമന്യഗൃഹ പ്രവേശിനീം
ഭാര്യാം ത്യജേത് പുത്രദശപ്രസൂതികാം.
വഴകും തര്‍ക്കവും മോഷ്ടിക്കുന്നവളും അന്യ പുരുഷന് അനുകൂലമായി പറയുന്നവളും ഭര്‍ത്താവിനെക്കുറിച്ച് ദോഷം പറഞ്ഞു നടക്കുന്നവളും ആദ്യം ഭക്ഷിക്കുന്നവളും അന്യഗ്രഹങ്ങളില്‍ പോയി നില്‍ക്കുന്നവളും ആയ ഭാര്യയെ, അവള്‍ പത്തു പുത്രന്മാരെ   പ്രസവിച്ചവള്‍ ആണെങ്കില്‍ പോലും ഉപേക്ഷികുക തന്നെ വേണം
14കാര്യേഷു മന്തീ കരണേഷു ദാസീ
രൂപേഷു ലക്ഷ്മീ: ക്ഷമയാ ധരിത്രീ
സ്നേഹേഷു മാതാ ശയനേശു വേശ്യാ
ഷഡ്കര്‍മ്മനാരീ കുലധര്‍മ്മപത്നീ
വ്യവഹാരത്തില്‍ മന്ത്രി പോലെയും പ്രവൃത്തിയില്‍ ദാസിയെ പോലെയും രൂപത്തില്‍ ലക്ഷ്മിയെ പോലെയും ക്ഷമയില്‍ ഭൂമിയെ പോലെയും സ്നേഹത്തില്‍ അമ്മയെ പോലെയും ശയനത്തില്‍ വേശ്യ പോലെയും ഇങ്ങനെ ആറു ഗുണങ്ങളും ഉള്ളവളാണ് കുലധര്‍മപത്നി
15സ്നാതമശ്വം ഗജം മത്തം
വൃഷഭം കാമമോഹിതം
ശൂദ്രമക്ഷര സംയുക്തം
ദൂരത: പരിവര്‍ജയേത്
കുളിച്ചു കഴിഞ്ഞു വരുന്ന കുതിരയേയും മദമിളകിയ ആനയേയും കാമം മൂത്ത കാളയെയും, ഒരു കൂട്ടത്തില്‍ അഭ്യസ്ത വിദ്യനായവനേയും ദൂരത്തു നിന്നു തന്നെ ഒഴിവാക്കണം.
16ഉപകാരോfപി നീചാനാം
അപകാരായ വര്‍തതേ
പയ: പാനം ഭുജന്ഗസ്യ
കേവലം വിഷ വര്‍ധ്ധനം.
നീചന്മാര്‍ക്കു ഉപകാരം ചെയ്താലും അത് നമുക്ക് ഉപദ്രവമായേ വരൂ. പാമ്പിനു പാല് കൊടുത്താലും അതിന്റെ വിഷം വര്‍ദ്ധിച്ചേ വരൂ.
17എകധാ ദശധാ ചൈവ
ശതധാ ച സഹസ്രധാ
രണേ പാര്‍ഥ ശരോവൃഷ്ടിര്‍---
ദാനം ബ്രഹ്മ വിദേ യഥാ
അര്‍ജുനന്‍ അസ്ത്രം ഒന്നും തൊടുത്തപോള്‍ പത്തും എയ്തപോള്‍ നൂറും കൊണ്ടപോള്‍ ആയിരവും ആയി വര്‍ദ്ധിക്കുന്നത് പോലെ ബ്രഹ്മജ്ഞാനിക്ക് നല്‍കുന്ന ദാനത്തിന്റെ ഫലം ആയിരം മടങ്ങ്‌ ആയി വര്‍ദ്ധിക്കും
18 18) അശ്വപ്ലവം ചാംബുദ ഗര്‍ജനശ്ച
സ്ത്രീണാംച ചിത്തം പുരുഷസ്യ ഭാഗ്യം
അവര്‍ഷണഞ്ചാപ്യതി വര്‍ഷണഞ്ച
ദേവോ ന ജാനാതി കുതോ: മനുഷ്യ:
18) കുതിരയുടെ ചാട്ടവും മേഘങ്ങളുടെ ഗര്‍ജ്ജനവും സ്ത്രീകളുടെ മനസും പുരുഷന്മാരുടെ ഭാഗ്യവും മഴ പെയ്യാതിരിക്കുന്നതും പെയ്യുന്നതും ദേവന്മാര്‍ക് പോലും അറിയാന്‍ പറ്റുന്നില്ല, പിന്നെ എങ്ങനെ മനുഷ്യ വര്‍ഗ്ഗത്തിന് അറിയാന്‍ കഴിയും?
19 19) ലക്ഷ്മീര്‍ ലക്ഷണ ഹീനേ
ച കുലഹീനേ സരസ്വതി
അപാത്രേ ലഭതേ നാരീ
മേഘവര്‍ഷന്തു പര്‍വ്വതേ
19) ലക്ഷ്മി അഥവാ സമ്പത്ത് ലക്ഷണം കെട്ടവനിലും സമൂഹദ്രോഹിക്ക്, സരസ്വതി അഥവാ വിദ്യ ലഭികുന്നതും യോഗ്യത ഇല്ലാത്തവന് സ്ത്രീയെ ലഭികുന്നതും പര്‍വ്വതത്തിന് മേല്‍ മഴ പെയ്യുന്നത് പോലെ ആണ്.
20 20) സത്യേന ലോകം ജയതി
ദാനൈര്‍ജയതി ദീനതാം
ഗുരൂര്‍ ശുശ്രൂഷയാ ജീയാ-
ധനുഷാ ഏവ ശാത്രവാന്‍
20) സത്യം കൊണ്ട് ലോകങ്ങളെയും, ദാനം കൊണ്ട് ദൈന്യത്തേയും, ശുശ്രൂഷ കൊണ്ട് ഗുരുക്കന്മാരെയും ആയുധം കൊണ്ട് ശതുക്കളെയും ജയികേണ്ടാതാകുന്നു.
21 21) പുഷ്പേഷു ജാതീ പുരുഷേഷു വിഷ്ണുര്‍
നാരീഷു രംഭാ നഗരീഷു കാഞ്ചീ
നദീഷു ഗംഗാ നരപേഷു രാമ:
കാവ്യേഷു മാഘ: കവി കാളിദാസ:
21) പുഷ്പങ്ങളില്‍ വെച്ചു പിച്ചകവും , പുരുഷന്മാരില്‍ ശ്രീ വിഷ്ണുവും സ്ത്രീകളില്‍ വെച്ചു രംഭയും നഗരങ്ങളില്‍ കാഞ്ചിപുരവും നദികളില്‍ വെച്ചു ഗംഗയും രാജാക്കന്മാരില്‍ ശ്രീ രാമനും കാവ്യങ്ങളില്‍ വെച്ചു മാഘവും കവികളില്‍ കാളിദാസനും ഉത്തിഷ്ടരാണ്.
22 22) ജനിതാ ചോപനേതാ ച
യസ്തു വിദ്യാം പ്രയച്ച്ചതി
അന്നദാതാ ഭയത്രാതാ
പഞ്ചൈതേ പിതരസ്മൃതാ .
22) ജന്മം നല്‍കിയവനും ഉപനയനം ചെയിച്ചവനും വിദ്യ നല്‍കിയവനും ആഹാരം നല്‍കിയവനും ഭയത്തില്‍ നിന്നു രക്ഷിച്ചവനും എന്നീ അഞ്ചു പേരെയും പിതാവായി കരുതേണ്ടതാണ്.
23 23) ഗുരുപത്നീ രാജപത്നീ
ജ്യേഷ്ഠ പത്നീ തദെഇവ ച
പത്നിമാതാ സ്വ മാതാ ച
പഞ്ചൈതേ മാതരസ്മൃതാ:
23) ഗുരുപത്നീയും രാജപത്നീയും ജ്യേഷ്ടന്റെ പത്നീയും ഭാര്യയുടെ അമ്മയും പിന്നെ സ്വന്തം മാതാവും ഇങ്ങനെ അഞ്ചു പേരെയും മാതാവായ് സ്മരിച്ചു കൊള്ളേണം.
മാതൃ - പിതൃഭാവങ്ങളെക്കുറിച്ച് മനസിലാക്കൂ by ആചാര്യൻ കിഴക്കുമ്പാട്ട് വിനോദ കുമാര ശർമ https://www.youtube.com/watch?v=4ktZLiWotf0
24 24) ശകടം പഞ്ച ഹസ്തേഷു
ദശ ഹസ്തേഷു വാജിനം
ഗജം ഹസ്ത സഹസ്രേഷു
ദുര്‍ജനം ദൂരതസ്ത്യജേത് .
24) വാഹനം അഞ്ചു കോല്‍ അകലത്തിലും കുതിരയെ പത്തു കോല്‍ അകലത്തിലും ആനയെ ആയിരം കോല്‍ അകലത്തിലും ദുര്‍ജനങ്ങളെ കഴിയുന്നതത്ര അകലത്തിലും മാറ്റി നിര്‍ത്തേണ്ടതാകുന്നു.
25 25) പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി.
25) കൌമാര പ്രായം വരെ പിതാവും യൌവന കാലത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യ കാലത്തില്‍ മക്കളും സ്ത്രീയെ രക്ഷിക്കുന്നതിനാല്‍ സ്ത്രീ ഒരികലും സ്വാതന്ത്ര്യം അര്‍ഹികുന്നില്ല
26 26) സര്‍പ: ക്രൂര: ഖല: ക്രൂര:
സര്‍പാത്ക്രൂരതര: ഖല:
മന്ത്രൌഷധവശ: സര്‍പ:
കിമു ദുഷ്ടോ ഭയങ്കര .
26) പാമ്പും ക്രൂരനാണ് ദുഷ്ടനും ക്രൂരനാണ്.ദുഷ്ടന്‍ പാമ്പിനേക്കാള്‍ ക്രൂരനാണ്. മന്ത്രൌഷധങ്ങള്‍ കൊണ്ട് പാമ്പിന്‍റെ വിഷം നിര്‍വീര്യമാക്കാം. എന്നാല്‍ ദുഷ്ടന്‍റെ വിഷം ഒന്ന് കൊണ്ടും സാധ്യമല്ല.
27 27) ആയു: കര്‍മ ച വിത്തഞ്ച
വിദ്യാ നിധനമേവ ച
പഞ്ചൈതേ നനു കല്പന്ത്യെ
ഗര്‍ഭ ഗത്വേന ദേഹിനാം.
27) ആയുസ്സ് ,കര്‍മം ,സമ്പത്ത് , വിദ്യ , മൃത്യു എന്നിവ അഞ്ചും ഒരാള് ഗര്‍ഭാവസ്ഥ യില്‍ ആയിരികുമ്പോഴെ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്.
28 28) ന വിഷം വിഷമിത്യാഹുര്‍
ബ്രഹ്മസ്വം വിഷമുച്യതേ
വിഷമേകാകിനം ഹന്തി
ബ്രഹ്മസ്വം പുത്രപൌത്രികകം .
28) ക്ഷേത്ര മുതല്‍ അപഹരികുമ്പോള്‍ ഉണ്ടാകുന്ന പാപം, വിഷത്തെക്കാള്‍ ശക്തിയേറിയാതാണ്. വിഷം ഒരാളെ മാത്രം കൊല്ലുമ്പോള്‍ അപഹര്‍താക്കളുടെ പുത്രപൌത്രാദികളെ മുഴുവന്‍ നശിപ്പിക്കാന്‍ ഈ പാപത്തിന്‍റെ വിഷത്തിനു സാധിക്കുന്നു.
29 29) ദരിദ്രത്വേ ദ്വിഭാര്യാത്വം.
പഥിക്ഷേത്രം കൃഷിദ്വയമ്
പ്രാതിഭാവ്യഞ്ച സാക്ഷിത്വം
പഞ്ചാനര്‍ഥ: സ്വയംകൃതാ:
29) ദരിദ്രനു രണ്ടു ഭാര്യമാരും , പെരുവഴിയില്‍ വെയ്കുന്ന വീടും, രണ്ടു സ്ഥലത്ത് ചെയുന്ന കൃഷിയും ജാമ്യം നില്കലും സാക്ഷി പറയലും ഈ അഞ്ചു കാര്യങ്ങള്‍ ഒരുത്തന്‍ സ്വയം വരുത്തി വെയ്ക്കുന്ന അന്വര്‍ഥങ്ങളാണ്.
30 30) ഗജഭുജംഗവിഹംഗമബന്ധനം
ശശിദിവാകരയോര്‍ഗ്രഹപീഡനം
മതിമാതാഞ്ച സമീക്ഷ്യ ദാരിദ്രതാം
വിധിരഹോ ബാലവാനിതി മേ മതി:
30) ആന ,പാമ്പ് ,പക്ഷികള്‍ എന്നിവ ബന്ധനത്തില്‍ പെടുക, സൂര്യ-ചന്ദ്രന്‍മാര്‍ക്ക് ഗ്രഹണം ഉണ്ടാകുക ബുദ്ധിമാന്‍മാര്‍ക്ക് ദാരിദ്ര്യം ഉണ്ടാകുക എന്നിവയെല്ലാം കണ്ടിട്ട് എല്ലാം വിധി പ്രകാരമേ നടക്കൂ.
31 31) രൂപയൌവ്വന സംപന്നാ:
വിശാല കുല സംഭവാ:
വിദ്യാഹീനാ: ന ശോഭന്തേ
നിര്‍ഗന്ധാ: ഇവ കിംശുകാ:
31) രൂപത്തിലും യൌവ്വനത്തിലും വളരെ സമ്പന്നമായവരും അവര്‍ ഉന്നത കുലജാതരും ആണെങ്കില്‍ കൂടി, വിദ്യാഹീനരാണെങ്കില്‍ , യാതൊരു സുഗന്ധവുമില്ലാത്ത മുരിക്കിന്‍ പൂക്കളെ പോലെ ആയിരിക്കും
32 32) ഏക ഭാര്യാ ത്രയ: പുത്രാ:
ദ്വേഹലേ ദശധേനവ:
മധ്യരാഷ്ട്രേ ഗൃഹം യേഷാ-
മത്യന്ത സുകൃതാശ്ച്ച തേ
32) ഒരു ഭാര്യയും മൂന്നു പുത്രന്മാരും രണ്ടു കലപ്പകളും പത്ത് പശുക്കളും നാടിന്‍റെ മധ്യത്തില്‍ വീടും ഉള്ളവര്‍ വളരേയധികം സുകൃതം കിട്ടിയവരാണ്
33 33) വസ്ത്രമുഖ്യമലങ്കാരം
ഘൃതമുഖ്യന്തു ഭോജനം
ഗുണമുഖ്യന്തു നാരീണാം
വിദ്യാ മുഖ്യസ്തു പണ്ഡിത:
33) അലങ്കാരങ്ങള്‍ക്ക് വസ്ത്രം മുഖ്യവും ,ഊണിനു മുഖ്യം നെയ്യും സ്ത്രീകള്‍ക്ക് നല്ല ഗുണം അലങ്കാരവും പണ്ഡിതന് അറിവും പ്രധാനം ആകുന്നു.
34 34) വാല്‍മീകം മധുഹാരശ്ച്ച
പൂര്‍വപക്ഷേ തു ചന്ദ്രമാ
രാജദ്രവ്യഞ്ച ഭൈക്ഷഞ്ച
സ്തോക സ്തോകേന വര്‍ധതേ.
34) ചിതല്‍പ്പുറ്റും തേനീച്ചക്കൂട്ടിലെതേനും വെളുത്ത പക്ഷത്തിലെ ചന്ദ്രനും രാജാവിന്‍റെ സമ്പത്തും ഭിക്ഷാം ദേഹിയുടെ ധനവും ക്രമേണ വര്‍ധിക്കുന്നു.
35 35) സത്യംമാതാ പിതാജ്ഞാനം
ധര്‍മോഭ്രാതാ ദയാസഖീ
ശാന്തി: പത്നീ: ക്ഷമാ പുത്ര:
ഷഡമീ മമ ബാന്ധവാ:
35) സത്യം മാതാവും പിതാവ് ജ്ഞാനവും ധര്‍മം സഹോദരനും ദയ സുഹൃത്തും ശാന്തി ഭാര്യയും ക്ഷമ പുത്രനും ആയ ഈ ആറുപേര്‍ എന്‍റെ അടുത്ത ബന്ധുക്കള്‍ ആണ്.
36 36) ആയുഷ: ഖണ്ഡമാദായ
രവിരസ്തമയം ഗത:
അഹന്യഹനി ബോദ്ധവ്യം
കിമേതത് സുകൃതം കൃതം.
36) സൂര്യന്‍ അസ്തമിക്കുമ്പോള്‍ നമ്മുടെ ആയുസിന്‍റെ ഒരു ഭാഗവും കൂടെ കൊണ്ടുപോകുന്നു. അതിനാല്‍ ചെയ്ത പുണ്യ-പാപങ്ങള്‍ എന്തൊക്കെ ആണെന്ന് ദിനവും ഒരാള്‍ ചിന്തിക്കേണ്ടതാകുന്നു.
37 37) മാ ദദ്യാത് ഖലസംഗേഷു
കല്പനാ മധുരാഗിര:
യഥാ വാനരഹസ്തേഷു
കോമള: കുസുമ സൃജ:
37) ദുഷ്ടരായ ജനങ്ങളോട് മധുരമായ ഭാഷണം ചെയ്യുന്നത് , കോമളമായ പുഷ്പഹാരം കുരങ്ങന്‍റെ കൈയില്‍ കൊടുക്കുന്നത് പോലെ ആയിരിക്കും.
38 38) ബാലാര്‍ക്ക: പ്രേത ധൂമശ്ച്ച
വൃദ്ധസ്ത്രീ പല്വലോദകം
രാത്രൌ ദധ്യന്നഭുക്തിശ്ച
രോഗവൃദ്ധിര്‍ ദിനേദിനേ.
38) രാവിലത്തെ വെയിലും ശ്മശാനത്തിലെ പുകയും വൃദ്ധസ്ത്രീകളുമായുള്ള സംഗമവും ചെളി വെള്ളവും രാത്രി തൈര്‍ കൂട്ടി കഴിക്കുന്നതും ദിവസംതോറും രോഗംവര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ.
39 39) വൃദ്ധാര്‍ക്കോ ഹോമധൂമശ്ച്ച
ബാലസ്ത്രീ നിര്‍മ്മലോദകം
രാത്രൌ ക്ഷീരാന്നഭുക്തിശ്ച്ച
ആയുര്‍ വൃദ്ധിര്‍ദിനേദിനേ.
39) വൈകീട്ടത്തെ വെയിലും ഹോമകുണ്‍ഡത്തിലെ പുകയും യുവതീ സംഗമവും ശുദ്ധ ജലവും രാത്രിയില്‍ പാല്‍ ചോര്‍ കഴിക്കുന്നതും ദിവസംതോറും ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കും.
40 40) അര്‍ഥാ: ഗൃഹേ നിവര്‍തന്തേ
ശ്മശാനേ പുത്ര ബാന്ധവാ:
സുകൃതം ദുഷ്കൃതഞ്ചൈവ
ഗച്ച്ചന്തമനുഗച്ഛതി.
40) ഒരുവന്‍ മരണപ്പെടുമ്പോള്‍ അവന്‍റെ സമ്പത്ത് വീട്ടില്‍ വെച്ചു തന്നെ അവനെ കൈവിടുന്നു. മക്കളും ബന്ധുക്കളും ശ്മശാനം വരെ മാത്രം പിന്തുടരുന്നു. പിന്നെ അവന്‍റെ പുണ്യ-പാപങ്ങള്‍ മാത്രമേ അവനൊപ്പം അനുഗമിക്കുന്നുള്ളൂ.
41 41) ധര്‍മോ ജയതി നാധര്‍മ:
സത്യം ജയതി നാനൃതം.
ക്ഷമാ ജയതി ന ക്രോധാ
വിഷ്ണുര്‍ ജയതി നാസുര:
41) ധര്‍മം ജയിക്കുന്നു,അധര്‍മം ജയിക്കുന്നില്ല.സത്യം ജയിക്കുന്നു അസത്യം ജയിക്കുന്നില്ല ക്ഷമ ജയിക്കുന്നു, ക്രോധം ജയിക്കുന്നില്ല. ഭഗവാന്‍ ജയിക്കുന്നു, അസുരന്മാര്‍ ജയിക്കുന്നില്ല
42 42) ധാന്യസംഗ്രഹ ശീലത്വം
വത്സപോഷ: സ്വയം കൃഷീ
പ്രധാന സേവാ മാധുര്യം
പഞ്ചഭിര്‍വ്വര്‍ധതേ കുലം.
42) ധാന്യങ്ങള്‍ സംഭരിച്ചു വെയ്കുക,പശു പാലനം ,സ്വയം കൃഷീ എന്നിവ ചെയുക പ്രമാണിമാരെ സേവികുക മാധുര്യത്തോടെ പെരുമാറുക എന്നീ അഞ്ചു ശീലങ്ങള്‍ കുലത്തെ അഭിവൃദ്ധിപ്പെടുത്തുന്നു.
43 43) രാജവത്പഞ്ചവര്‍ഷാണി
ദശവര്‍ഷാണി ദാസവത്
പ്രാപ്തേതുഷോഡഷേ വര്‍ഷേ
പുത്രം മിത്രവദാചരേത് .
43) തന്‍റെ പുത്രനെ അഞ്ചു വയസുവരെ രാജാവിനെ പോലെയും. അതിനു ശേഷം പത്തു വയസു വരെ ദാസനെ പോലെയും പതിനാറു വയസിനു ശേഷം സുഹൃത്തിനെ പോലെയും കരുതി വളര്‍ത്തണം.
44 44) മൂര്‍ഖശിഷ്യോപദേശേന
ദുഷ്ടസ്ത്രീ സംഗമേന ച
ദ്വിഷതാം സംപ്രയോഗേന
പണ്ഡിതോf പി വിനശ്യതി.
44) ദുഷ്ടന്‍മാരായ ശിഷ്യന്‍മാരെ ഉപദേശിക്കുന്നതും വേശ്യസംഗമവും ശത്രുക്കളെ ആശ്രയികുന്നതും ആരായിരുന്നാലും അവര്‍ പണ്ഡിതനായിരുന്നാല്‍ കൂടി നശിക്കാനിടയാകുന്നു.
45 45) ആപദര്‍ഥം ധനം രക്ഷേത്
ശ്രീമതാമാപദ: കുത:
സാ ചേദപഹരേല്ലക്ഷ്മീ:
സഞ്ചിതന്തു വിനശ്യതി.
45) ധനവന്മാര്‍കു ആപതെങ്ങനെ വരാനാണ്?അതിനാല്‍ ആപത്തിനെ നേരിടാന്‍ ധനം കരുതി വെയ്ക്കണം. ധനം സൂക്ഷിച്ചു വെയ്ക്കാതെ ചിലവാക്കുന്നവന്‍റെ പൂര്‍വിക സ്വത്തും നഷ്ടപ്പെടും.
46 46) അനിത്യാനി ശരീരാണി
വൈഭവം നൈവ ശാശ്വതം.
നിത്യ: സന്നിഹിതോ മൃത്യു:
കര്‍ത്തവ്യോ ധര്‍മ്മസംഗ്രഹ:
46) ശരീരം നശിച്ചു പോകുന്നതാണ്. സമ്പത്തും മറ്റും സ്ഥിരവും അല്ല. മരണമാണെങ്കില്‍ എപ്പോഴും കൂടെയുണ്ട്. അതുകൊണ്ട് ബുദ്ധിമാന്മാര്‍ ധര്‍മ്മ വഴിയില്‍ സഞ്ചരിച്ചു പുണ്യങ്ങള്‍ സമ്പാദിക്കേണ്ടതാണ്.
47 47) അശ്വത്ഥമേകം പിചുമന്ദമേകം.
ന്യഗ്രോധമേകം ദശതിന്ത്രിണീശ്ച്ച.
കപിത്ഥ വില്വാമലകത്രയഞ്ച.
പഞ്ചാമ്രനാളീ നരകം ന യാതി.
47) ഒരു ആല്‍മരവും ഒരു വേപ്പും ഒരു പേരാലും പത്തു പുളിയും മൂന്നു കൂവളവും അഞ്ചു മാവും അഞ്ചു തെങ്ങും വെച്ചു പിടിപ്പിക്കുന്നയാള്‍ നരകത്തില്‍ പോകില്ല.
48 48) ഗുളപര്‍വ്വത മധ്യസ്ഥം
നിംബ ബീജം പ്രതിഷ്ടിതം
പയോ വര്‍ഷ സഹസ്റേണ
നിംബ: കിം മധുരായതേ.
48) ശര്‍ക്കര കുന്നില്‍ വേപ്പ് നട്ട് , പാല്‍ കൊണ്ട് വര്‍ഷങ്ങള്‍ നനച്ചാലും അതിന്‍റെ കയ്പ് മാറി എങ്ങനെ മധുരമുള്ളതാകും?
49 49) പരോപി ഹിത ബന്ധു:
ബന്ധുരപ്യഹിത:പര:
അത്യര്‍ത്ഥം ദ്വേഷിതം
വ്യാധേര്‍ഹി തമാരണ്യമൌഷധം.
49) ബന്ധുവാണെങ്കിലും ദോഷം ചെയുന്നവനാണെങ്കില്‍ ശത്രുവും അകന്നു പോയവനാണെങ്കിലും ഗുണം ചെയുന്നവനാണെങ്കില്‍ ബന്ധുവും ആണ്. വളരെ മൂര്‍ച്ച്ചിരിക്കുന്ന അസുഖത്തിന് അകലെയുള്ള കാട്ടിലെ ഔഷധം ഉപകരിക്കുന്നതു പോലെ ആണ്.
50 50) പുസ്തകസ്ഥാപിതാ വിദ്യാ
പരഹസ്തഗതം ധനം
ദേശാന്തര ഗത: പുത്ര :
നാമമാത്രമുപാചരേത്
50) പുസ്തകത്തിലിരിക്കുന്ന അറിവും അന്യരുടെ കൈയില്‍ ആയിപോയ ധനവും അന്യനാട്ടില്‍ പോയ മകനും പേരിനു മാത്രമേ ഉപകരിക്കൂ.
51 51) ദശവൈദ്യസമാ പത്നീ
ദശപത്നീസമോ രവി:
ദശസൂര്യസമാ മാതാ
ദശമാതൃ ഹരീ തകീ
51) പത്തു വൈദ്യന്‍മാരുടെ ചികിത്സയ്ക്ക് സമം ആണ് പത്നി.പത്തു പത്നിമാരുടെ ചികിത്സാ ഫലത്തിന് തുല്യമാണ് സൂര്യനില്‍ നിന്നു കിട്ടുന്നത്. പത്തു സൂര്യന്‍മാര്‍ക്കു തുല്യമാണ് അമ്മ. പത്തു അമ്മമാര്‍ക്കു തുല്യമാണ് ഒരു കടുക്ക.
52 52) കാകൈ: കൃതേന ദോഷേണ
ഹംസോ ഭവതി ഹിംസിത:
ഏവം ദുര്‍ജ്ജനസംസര്‍ഗ്ഗാ-
ത്സത്പുത്രോfപി വിനശ്യതി.
52) കാക്കകളുടെ ദുഷ് പ്രവൃത്തി കാരണം കൂടെ ഉണ്ടായിരുന്ന ഹംസം കൂടി നശിച്ചത് പോലെ ദുഷ്ടജനങ്ങളുമായുള്ള സംസര്‍ഗ്ഗം കാരണം സ്വപുത്രന്‍ പോലും നശിക്കുന്നു.
53 53) അഹോ പ്രകൃതിസാദൃശ്യം
ശ്ലേശ്മണോര്‍ദുര്‍ജനസ്യ ച
മധുരൈ: കോപമായാതി
കടുകൈരുപശ്യാമ്യതി.
53) ദുര്‍ജനത്തിന്‍റെയും കഫത്തിന്‍റെയും പ്രകൃതിപരമായ സാദൃശ്യം വിചിത്രം ആണ്.ഇവ രണ്ടും മധുരം ചെന്നാല്‍ ക്ഷോഭിക്കുകയും എന്നാല്‍ കയ്പുകൊണ്ട് ശമിക്കുകയും ചെയുന്നു.
54 54) മരണാന്താനി വൈരാണി
പ്രസവാന്തഞ്ച യൌവ്വനം
കോപിതാ പ്രണതാന്ത ഹി
യാചിതാന്തം ച ഗൌരവം.
54) മനുഷ്യന്‍റെ മരണത്തോടെ വൈരവും ,പ്രസവത്തോടെ യൌവനവും ,നമസ്കാരത്തിലൂടെ കോപവും, യാചനയിലൂടെ ഗൌരവവും ഇല്ലാതാകുന്നു.
55 55) നഷ്ടം കുലം ഭിന്നതടാകകൂപം
വിഭ്രുഷ്ടരാജം ശരണാഗതഞ്ച
ഗോബ്രഹ്മണാന്ദേവഗൃഹഞ്ച ശൂന്യം
യോദ്ധാരയേത്പൂര്‍വ്വ ചതുര്‍ഗുണഞ്ച.
55) ക്ഷയിച്ച കുലം, ഇടിഞ്ഞ കുളം, പൊട്ടകിണര്‍ , അധികാരം നഷ്ടപ്പെട്ട രാജാവ്, ശരണാഗതര്‍, പശുക്കള്‍, ബ്രാഹ്മണര്‍, ക്ഷേത്രങ്ങള്‍ എന്നിവയെ ഉദ്ധരിക്കുന്നത് കൊണ്ട് നാലു മടങ്ങ്‌ ഫലം ലഭികുന്നതാണ്.
56 56) ഉത്തമം കുശലം വിദ്യാ
മാധ്യമം കൃഷി വാണിഭം
അധമം സേവയാ വൃത്തിര്‍--
വിഷമം ഭാര ജീവനം.
56) സംഗീത-സാഹിത്യാദികള്‍ കൊണ്ടുള്ള ഉപജീവനം ഉത്തമവും കൃഷി, കച്ചവടം എന്നിവ മാധ്യമവും സേവകവൃത്തി വിഷമവും ഭാരം ചുമന്നുള്ള ജീവിതം വളരെ കഷ്ടവും ആകുന്നു.
57 57) അളിരനുസരതി പരിമളം
ലക്ഷ്മിരനുസരതി നയനിപുണം
നിമ്നമനുസരതി സലിലം
വിധിലിഖിതം ബുദ്ധിരനുസരതി.
57) വണ്ട്‌ മണത്തേയും , സമ്പത്ത് നയചാതുര്യം ഉള്ളവരെയും, ജലം താഴ്ന്ന പ്രദേശത്തിലൂടെയും, ബുദ്ധി വിധിയേയും പിന്തുടരുന്നു.
58 58) ദുര്‍ജനം കാഞ്ചനം ഭേരീ
ദുഷ്ടാശ്വം ദുഷ്ടയോഷിതാ
ഇക്ഷുദണ്‍ഡസ്തിലം ശൂദ്ര:
മര്‍ദനാദ്ഗുണ വര്‍ധനം.
58) ദുര്‍ജനം ,സ്വര്‍ണ്ണം ,ചെണ്ട , മെരുങ്ങാത്ത കുതിര ,ദുഷ്ട സ്ത്രീ ,കരി മ്പ് ,എള്ള്, സംസ്കാരശൂന്യന്‍ എന്നിവയെ മര്‍ദികുന്തോറും ഗുണം കൂടി കൂടി വരും.
59 59) മൃഷ്ടാന്നദാതാ ശരണാഗ്നിഹോത്രീ
വേദാന്തവിച്ചന്ദ്ര സഹസ്രജീവീ
മാസോപവാസി ച പതിവ്രതാ ച
ഷഡ്ജീവലോകേ മമ വന്ദനീയാ.
59) സ്വാദിഷ്ടമായ ഭക്ഷണം തരുന്ന ആള്‍, അഗ്നിഹോത്രം ചെയുന്നവര്‍, വേദാന്തജ്ഞാനം ഉള്ളവര്‍ ,ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കണ്ടവര്‍ (പ്രായം ഉള്ളവര്‍ ) എല്ലാ മാസത്തിലും ഉപവാസം ഉള്ളവര്‍, പതിവ്രതകള്‍ എന്നീ ആറു പേരെ ഞാന്‍ വന്ദിക്കുന്നു.
60 60) മഷികാ വ്രണ ച്ച്ചന്തി
ധനമിച്ച്ചന്തി പാര്‍ഥിവാ:
നീചാ:കലഹമിച്ച്ചന്തി
സന്ധിമിച്ച്ചന്തി പണ്‍ഡിതാ:
60) ഈച്ചകള്‍ വ്രണത്തേയും, രാജാക്കാന്‍മാര്‍ ധനത്തെയും നീചന്‍മാര്‍ കലഹത്തേയും പണ്‍ഡിതന്മാര്‍ സന്ധിയും ആഗ്രഹിക്കുന്നു.
61 61) രവിസന്നിധി മാത്രേണ
സൂര്യകാന്തം പ്രകാശയേത്
ഗുരുസന്നിധി മാത്രേണ
ശിഷ്യജ്ഞാനം പ്രകാശയേത്
61) സൂര്യപ്രകാശം കൊണ്ട് മാത്രമേ സൂര്യകാന്തം (ഒരു രത്നക്കല്ല്) തിളങ്ങുകയുള്ളൂ.അതുപോലെ ഗുരുവിന്‍റെ സാന്നിധ്യം (അനുഗ്രഹം) കൊണ്ട് മാത്രമേ ഒരു ശിഷ്യന്‍റെ അറിവ് പ്രകാശിക്കുകയുള്ളൂ
62 62) അദാതാ പുരുഷത്യാഗീ
ധനം സംത്യജ ഗച്ച്ചതി
ദാതാരം കൃപണം മന്യേ
മൃതോ പ്യര്‍ഥം ന മുഞ്ചതി
62) ദാനം ചെയ്യാത്തവര്‍ ത്യാഗി ആണ്, കാരണം അയാള്‍ മരിക്കുമ്പോള്‍ എല്ലാ സമ്പത്തും ഉപേക്ഷിച്ചു, വെറും കൈയോടെ പോകുന്നു. എന്നാല് ദാനം ചെയ്യുന്ന ആള്‍ കൃപണന്‍ ആണ്.അയാള്‍ മരണപ്പെട്ടാലും താന്‍ ചെയ്ത ദാനങ്ങളുടെ പുണ്യ ഫലങ്ങളും കൂടെ കൊണ്ട് പോകുന്നു.
63 63) മാതൃവത് പര ദാരാണി
പരദ്രവ്യാണി ലോഷ്ടവത്
ആത്മവത്സര്‍വ്വ ഭൂതാനി
യ: പശ്യതി സ പണ്ഡിത:
63) അന്യന്‍റെ ഭാര്യയെ മാതാവിനെ പോലെയും അന്യരുടെ സ്വത്തുക്കളെ മണ്‍കട്ട പോലെയും എല്ലാ ജീവജാലങ്ങളും തന്നെപോലെ ആണെന്നും കരുതുന്ന വ്യക്തി ആണ് യഥാര്‍ത്ഥ പണ്ഡിതന്‍..
64 64) ഉത്പലസ്യാരവിന്ദസ്യ
മത്സ്യസ്യ കുമുദസ്യ ച
ഏക യോനീ പ്രസൂതാ നാം
തേഷാം ഗന്ധ പ്ര്വുഥക് പ്ര്വുഥക്
64) കരിങ്കൂവളം , താമര, മത്സ്യം, ആമ്പല്‍ എന്നിവ വെള്ളത്തില്‍ തന്നെ ജനിക്കുന്നതെങ്കിലും ഇവയുടെയൊക്കെ ഗുണം വളരെ വ്യത്യസ്തമാണ്.
65 65) ന ദേവോഭ്യോ ന വിപ്രേഭ്യോ
ന ബന്ധുഭ്യോ ന ചാത്മനേ
ജലാരിനൃപചോരേഭ്യോ
നിശ്ചയം ധന നാശനം
65) ദേവന്മാര്‍ക്കും ബ്രാഹ്മണന്‍മാര്‍ക്കും ബന്ധുക്കള്‍ക്കും തനിക്കു പോലും ഉപയോഗിക്കാത്ത ധനം വെള്ളം, രാജാവ് ,കള്ളന്‍മാര്‍ എന്നിവരാല്‍ നശിപ്പിക്കപ്പെടും , തീര്‍ച്ച.
66 66) വ്യസനേ വാര്‍ഥകൃച്ച്രേ വാ
ഭയേ വാ ജീവിതാവധൌ
വിമൃശന്‍സ സ്വയംബുധ്യാ
കൃതാന്തം പ്രഹസിഷ്യതി.
ആപത്തു വരുമ്പോഴും , ധനം നശിക്കുമ്പോഴും ജീവന് ഭയം തോന്നു മ്പോഴും, അതിനെ നേരിടാതെ, സ്വയം ചിന്തിച്ചുറച്ചു പ്രവര്‍ത്തിക്കുന്നവര്‍ കാലനെ പോലും പരിഹസിക്കുന്നവര്‍ ആണ്.
67 67) വസ്ത്രദാന ഫലം രാജ്യം
പാദുകാഭ്യാം ച വാഹനം
താംബൂലാദ്ഭോഗമാപ്നോതി
അന്നദാനാത് ഫലത്രയം.
67) വസ്ത്രദാനം കൊണ്ട് രാജ്യം ലഭിക്കുന്നു. ചെരുപ്പ് ദാനം കൊണ്ട് വാഹനവും താംബൂലദാനം കൊണ്ട് സുഖ:ഭോഗവും അന്നദാനം കൊണ്ട് ഈ മൂന്ന് ഫലവും കൂടി ഒരുമിച്ചു കിട്ടുന്നു.
68 68) കോകിലാനാം സ്വരം രൂപം
നാരീരൂപം പതിവ്രതാ.
വിദ്യാരൂപശ്ച വിപ്രാണാം
ക്ഷമാരൂപം തപസ്വിനാം.
68) കുയിലുകള്‍ക്ക് സ്വരം സൌന്ദര്യം. സ്ത്രീകള്‍ക്ക് പാതിവ്രത്യം സൌന്ദര്യം. ബ്രാഹ്മണന്‍മാര്‍ക്കു അറിവും താപസ്വികള്‍ക്കു ക്ഷമയും സൌന്ദര്യമാകുന്നു.
69 69) മുഖം പദ്മദളാകാരം
വചശ്ചന്ദന ശീതളം.
ഹൃദയം വഹ്നി സന്തപ്തം
ത്രിവിധം ദുഷ്ടലക്ഷണം.
69) മുഖം താമര പൂവ് പോലെ പ്രസന്നവും വാക്കുകള്‍ ചന്ദനം പോലെ ശീതളവും ഹൃദയം അഗ്നി പോലെ ജ്വലിച്ചിരിക്കുകയും ചെയുക - എന്നീ മൂന്നു ലക്ഷണങ്ങളും ആയിരിക്കും ദുഷ്ടന്‍മാര്‍ക്കു.
70 70) പ്രഥമവയസി ദത്തം തോയമല്പം സ്മരന്ത:
ശിരസിനിഹിതഭാരാ നാളികേരാ നരാണാം
സലിലമമൃതകല്പം ദദ്യുരാജീവനാന്തം.
ന ഹി കൃതമുപകാരം സാധവോ വിസ്മരന്തി.
തെങ്ങിന്‍ തൈയുടെ ഇളം പ്രായത്തില്‍ അതിനു നനയ്കാനുപയോഗിച്ച വെള്ളത്തിന്‌ പകരമായി അത് തന്‍റെ തലയില്‍ ഭാരം ചുമന്നു ,അമൃത് തുല്യമായ വെള്ളം ആജീവനാന്തം മനുഷ്യര്‍ക്ക് നല്‍കുന്നത് പോലെ സജ്ജനങ്ങള്‍ ഒരിക്കലും അവര്‍ക്ക് ചെയ്തു കൊടുത്ത ഉപകാരങ്ങള്‍ വിസ്മ രിക്കുന്നില്ല.
71 71) അസന്തുഷ്ടോ ദ്വിജോ: നഷ്ട:
സന്തുഷ്ട: ക്ഷത്രിയ സ്തഥാ
സലജ്ജാ ഗണികാ നഷ്ടാ
നിര്‍ലജ്ജാ തു കുലാംഗനാ
71) സന്തുഷ്ടനല്ലാത്ത ബ്രാഹ്മണനും, സന്തോഷം ഉള്ള ക്ഷത്രിയനും, ലജ്ജാവതി ആയ വേശ്യയും, ലജ്ജയില്ലാത്ത കുല സ്ത്രീയും, നശിച്ചു പോകും..
72 72) അക്ഷരം വിപ്ര ഹസ്തേന
മാതൃഹസ്തേന ഭോജനം
ഭാര്യാഹസ്തേന താംബൂലം
രാജഹസ്തേന കങ്കണം.
72) ബ്രാഹ്മണനില്‍ നിന്നു വിദ്യാഭാസവും മാതാവില്‍ നിന്നു ഭക്ഷണവും, ഭാര്യയില്‍ നിന്നു താംബൂലവും, രാജാവിന്‍റെ കൈയില്‍ നിന്നു വളയും നേടേണ്ടതാണ്.
73 73) രജനീകരശ്ശീത: സ്യാദ്ര-
ജനീകരാച്ച്ചന്ദനോ മഹാശീത:
രജനീകരചന്ദനാഭ്യാം സജ്ജന-
വചനാനി ശീതലാനി.
73) ചന്ദ്രനിലാവ് ശീതളമാണ്. ചന്ദനം അതിലേറെ ശീതളമാണ്. എന്നാല്‍ ഈ രണ്ടിനേക്കാള്‍ ശീതളമാണ് സജ്ജനങ്ങളുടെ വാക്കുകള്‍
74 74) നാഗോ ഭാതി മദേന ഖം ജല ധരൈ
പൂര്‍ന്നെന്ദുനാ ശര്‍വ്വരീ
ശീലേന പ്രമദാ ജവേന
തുരഗോനിത്യോത്സവൈര്‍മ്മന്ദിരം
വാണീ വ്യാകരണനേന ഹംസമിഥുനൈ
നദ്യ: സഭാ പണ്ഡി തൈ:
സത് പുത്രേണ കുലം നൃപേണ
വസുധാ ലോകത്രയം ഭാനുനാ
ആന മദം കൊണ്ടും, ആകാശം കാര്‍മേഘങ്ങളെ കൊണ്ടും, രാത്രി പൂര്‍ണ്ണചന്ദ്രനെ കൊണ്ടും , സ്ത്രീ ശീലം (സദ്‌ സ്വഭാവം) കൊണ്ടും ,കുതിര വേഗത കൊണ്ടും, ക്ഷേത്രങ്ങള്‍ ഉത്സവങ്ങളാലും, വാക്കുകൾ വ്യാകരണങ്ങളാലും, നദികള്‍ അരയന്നാദികള്‍ കൊണ്ടും, സദസ്സ് പണ്ഡിതന്മാരെ കൊണ്ടും, കുലം നല്ല പുത്രന്മാരെ കൊണ്ടും, ഭൂമി രാജാവിനാലും, ഈ മൂന്നു ലോകങ്ങള്‍ ആദിത്യനാലും വിളങ്ങുന്നു.
75 75) സാസൂയോfസത്യവാക്ചൈവ
കൃതഘ്നോ ദീര്‍ഘ വൈരവാന്‍
ചത്വാര: കര്‍മ്മ ചണ്‍ഡാല
ജാതി ചണ്‍ഡാല ശൂദ്രവത്
75) അസൂയ ഉള്ളവന്‍, അസ്സത്യം പറയുന്നവന്‍, നന്ദി ഇല്ലാത്തവന്‍, മനസ്സില്‍ വളരെ കാലം പക കൊണ്ട് നടക്കുന്നവന്‍-- എന്നീ നാല് പേര്‍ കര്‍മ്മം കൊണ്ടും സംസ്കാരം ഇല്ലാത്തവനെ ജാതി കൊണ്ടും ചണ്‍ഡാലന്‍മാര്‍ എന്നും പറയും.
76 76) പ്രാണമേകം പരിത്യജ്യ
മാനമേവാഭിരക്ഷതു
അനിത്യാശ്ചാധ്രുവാ :
പ്രാണാ: മാനമാചന്ദ്രതാരകം.
76) ജീവന്‍ ത്യജിച്ചും മാനം രക്ഷിക്കണം. പ്രാണന്‍ അനിത്യവും സ്ഥിരം അല്ലാത്തതും ആണ്. എന്നാല്‍ മാനം നക്ഷത്രങ്ങളും ചന്ദ്രനും ഉള്ള കാലത്തോളം നില നില്‍ക്കേണ്ടതാണ്.
77 77) ലബ്ദവിദ്യോ ഗുരും ദ്വേഷ്ടി
ലബ്ദഭാര്യാസ്തു മാതരം.
ലബ്ദപുത്രാ പതിം നാരീ
ലബ്ദാരോഗ്യശ്ചികിത്സികം.
77) ഗുരുത്വം ഇല്ലാത്തവര്‍ വിദ്യ പഠിച്ചതിന് ശേഷം ഗുരുവിനെയും, ഭാര്യയെ ലഭിച്ചത്തിനു ശേഷം മാതാവിനെയും, പുത്രന്‍ ജനിച്ചതിനു ശേഷം ഭാര്യ ഭര്‍ത്താവിനെയും, രോഗവിമുക്തനായതിനു ശേഷം രോഗി വൈദ്യനേയും വെറുക്കുന്നു.
78 78) ശിരസ്സുപുഷ്പം ചരണം സുപാവനം
വരാംഗനാസേവനമല്പഭോജനം
അനംഗശയ്യാ നനു പര്‍വ്വസംഗമോ
വിമുക്തലക്ഷ്മ്യാ: പുനരാഗമശ്ച
78) നല്ല പുഷ്പങ്ങള്‍ ശിരസ്സില്‍ ചൂടുകയും പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും സുന്ദരിമാരായ സ്ത്രീകളോട് കൂടിയിരിക്കുകയും കുറച്ചു മാത്രം ഭക്ഷിക്കുകയും വെറും നിലത്തുകിടക്കാതിരിക്കുകയും കറുത്ത വാവ് ദിവസം സ്ത്രീ സംഗമം ഒഴിവാക്കുകയും ചെയുന്നവര്‍ക്ക് നഷ്ടപ്പെട്ട സമ്പത്തും തിരികെ ലഭിക്കുന്നതായിരിക്കും.
79 79) വിദ്യാവിവാദായ ധനം മദായ ശക്തി
പരലോകനിപീഡനായ ഖലസ്യ
സാധോര്‍വിപരീതമേതദ്‌ജ്ഞാനായ
ദാനായ ച രക്ഷണായ
79) ദുഷ്ടന്‍മാരുടെ വിദ്യഅനാവശ്യതര്‍ക്കത്തിനും അങ്ങനെ ഉള്ളവരുടെ ധനം അഹങ്കാരത്തിനും ശക്തി ഉണ്ടെങ്കില്‍ മറ്റുള്ളവരെ ദ്രോഹിക്കാനും മാത്രമേ ഉപകരിക്കൂ. എന്നാല്‍ ഗുണവാന് , ഇതെല്ലം ഉണ്ടെങ്കില്‍ വിദ്യകൊണ്ട് അറിവ് നേടുകയും ധനം കൊണ്ട് ദാനം ചെയുകയും സ്വശക്തിയാല്‍ മറ്റുള്ളവരെ രക്ഷപ്പെടുത്തുകയും ചെയും.
80 80) അനുചിതകര്‍മാരംഭ: സംഘവിരോധോ
ബലീയസാം സ്പര്‍ധാ
പ്രമദാജന വിശ്വാസോ
നാശദ്വാരാണി ചത്വാരി
80) ഉചിതമല്ലാത്ത പ്രവൃത്തികള്‍ ചെയ്യുക , സംഘങ്ങളോട് വിരോധം പുലര്‍ത്തുക ,ശക്തിമാന്‍മാരോട് പിണങ്ങുക സ്ത്രീകളെ അമിതമായി വിശ്വാസിക്കുക ഇവ നാലും നാശത്തിലേക്കുള്ള വഴികള്‍ ആണ്.
81 81) ക: കാല: കാനി മിത്രാണി
കോ ദേശ: കൌ വ്യയാഗമൌ
കശ്ചാഹം കാ ച മേ ശക്തിരിതി
ചിന്ത്യം മുഹുര്‍മുഹു:
81) പുതു സംരംഭങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഉചിതമായ സമയം, ദേശം , അവിടത്തെ മിത്രങ്ങള്‍ ആര്?വരവ്, ചെലവ് , താന്‍ ഇവിടെ ആര്? തനിക്ക് ഉള്ള ശക്തി എത്ര ? എന്നിങ്ങനെ ഉള്ള കാര്യങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചിന്തിക്കണം.
82 82) സിംഹാദേകം ബകാദേകം
ശിക്ഷേച്ച്ചത്വരി കുക്കുടാത്
വായസാത് പഞ്ചശിക്ഷേച്ച
ഷഡ്ശൂനസ്ത്രീണി ഗര്‍ദഭാത്
82) സിംഹം,കൊറ്റി എന്നിവയില്‍ നിന്നു ഓരോ ഗുണവും കോഴിയില്‍ നിന്നു നാലും , കാക്കയില്‍ നിന്നു അഞ്ചും പട്ടിയില്‍ നിന്നു ആറും കഴുതയില്‍ നിന്നു മൂന്നും ഗുണങ്ങള്‍ പഠിക്കേണ്ടതാണ്
83 83) പ്രവൃത്തം കാര്യമല്‍പം വാ
യോ നര: കര്‍തുമിച്ച്ചതി
സര്‍വ്വാരംഭേണ തത്കാര്യം
സിംഹാദേകം പ്രചക്ഷതേ
83) ഒരു പ്രവൃത്തി അത് ചെറുതായാലും വലുതായാലും, തുടങ്ങി കഴിഞ്ഞാല്‍ സര്‍വ്വപ്രയത്നത്തോടെയും ചെയ്യുവാന്‍ സിംഹത്തില്‍ നിന്നു കണ്ടു പഠിക്കേണ്ടതാണ്.
84 84) ഇന്ദ്രിയാണി ച സംയമ്യ
ബകവത് പണ്ഡിതോ നര:
ദേശകാല ബലം ജ്ഞാത്വാ
സര്‍വ്വ കാര്യാണി സാധയേത്
84) എല്ലാ ഇന്ദ്രിയങ്ങളെയും നിയന്ത്രിച്ചു ദേശകാലങ്ങളെയും ബലത്തെയും തിരിച്ചറിഞ്ഞു, എല്ലാ കാര്യങ്ങളും സാധിച്ചെടുക്കുക എന്ന ഗുണം കൊക്കില്‍ നിന്നും പഠിക്കേണ്ടതാണ്.
85 85) പ്രാഗുത്ഥാനഞ്ച യുദ്ധഞ്ച
സംവിഭാഗശ്ച ബന്ധുഷു
സ്വയമാക്രമ്യ ഭുക്തിശ്ച
ശിക്ഷേച്ച വായസാത്
85) രാവിലെ എണീക്കുക ,യുദ്ധം ചെയ്യേണ്ടി വന്നാല്‍ നന്നായി ചെയുക, ബന്ധുക്കളുമായ് പങ്കിട്ടു കഴിക്കുക സ്വപ്രയത്നം കൊണ്ട് ആഹാരം നേടുക എന്നീ നാല് ഗുണങ്ങള്‍ കോഴിയില്‍ നിന്നും പഠിക്കേണ്ടതാണ്.
86 86) ഗൂഡമൈഥുനധീരത്വം
കാലേ കാലേ ച സംഗ്രഹം
അപ്രമത്തമ വിശ്വാസം
പഞ്ചശിക്ഷേച്ച വായസാത്
നിഗൂഡമായി മൈഥുനത്തിലേര്‍പ്പെടുക, ധൈര്യവാനായിരിക്കുക, പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി സംഗ്രഹിച്ചു വെയ്ക്കുക ,എപ്പോഴും ജാഗ്രതയോടെ ഇരിക്കുക, ആരെയും വിശ്വസിക്കാതിരിക്കുക എന്നീ അഞ്ചു കാര്യങ്ങള്‍ കാക്കയില്‍ നിന്നും കണ്ടു പഠിക്കേണ്ടതാണ്.
87 87) ബഹ്വാശീ സ്വല്പ സന്തുഷ്ട:
സുനിദ്രോ ലഘു ചേതന:
സ്വാമി ഭക്തിശ്ച ശൂരത്വം
ഷഡേതേ ശ്വാനതോ ഗുണ:
87)കിട്ടുമ്പോള്‍ ധാരാളം കഴികുക, ഇല്ലാത്തപോള്‍ ഉള്ളത് കൊണ്ട് തൃപ്തനാകുക.ഗാഡമായി ഉറങ്ങുക, എന്നാല്‍ പെട്ടെന്ന് ഉണരുക, യജമാനോട് ഉള്ള കൂറ് ,ശൌര്യം എന്നീ ആറു ഗുണങ്ങള്‍ ശ്വാനനില്‍ നിന്നു പഠിക്കേണ്ടതാകുന്നു.
88 88) സുശ്രാന്തോ fപി വഹേദ്‌ഭാരം
ശീതോഷ്ണഔ ന ച പശ്യതി
സന്തുഷ്ടശ്ചരതേ നിത്യം
ത്രീണി ശിക്ഷേച്ച ഗര്‍ദഭാദ്
88) എത്ര തളര്‍ന്നാലും വീണ്ടും ഭാരം ചുമക്കുക. ശീതോഷ്ണങ്ങളെ അതിജീവിക്കുക. എപ്പോഴും സന്തുഷ്ടനായിരിക്കുക. എന്നീ മൂന്നു കാര്യങ്ങള്‍ കഴുതയില്‍ നിന്നു പഠിക്കേണ്ടതാകുന്നു.
89 89) യ ഏതാന്‍ വിംശതി
മാനവ: ഗുണാനാ ചരിഷ്യതി
കാര്യാവസ്ഥാസു
വിജയീ സംഭവിഷ്യതി
89) ഈ ഇരുപതു ഗുണങ്ങളെ ശീലിക്കുന്ന മനുഷ്യന്‍ എല്ലാ പ്രവൃത്തികളിലും എല്ലാ പരിതസ്ഥിതികളിലും വിജയം നേടാന്‍ കഴിയും.
90 90) ചികിത്സകജ്യൌതിഷ മാന്ത്രികാണാം
ഗൃഹേ ഗൃഹേ ഭോജന മാദ രേണ
അന്യാനി ശാസ്ത്രാണി സുശിക്ഷിതാണി
പാനീയ മാത്രം ന തു ദാപയന്തി
90) വൈദ്യര്‍ക്കും , ജ്യോതിഷര്‍ക്കും , മാന്ത്രികര്‍ക്കും വീടുകള്‍ തോറും ആദരപൂര്‍വ്വം നല്ല ഭക്ഷണം ലഭിക്കുന്നു. എന്നാല്‍ മറ്റു ശാസ്ത്രങ്ങളില്‍ ജ്ഞാനമുള്ള വര്‍ക്കു വെള്ളം പോലും കിട്ടുന്നില്ല.
91 91) ആലസ്യോപഹതാ വിദ്യാ
പരഹസ്ത ഗതാ:സ്ത്രിയ:
അല്പബീജം ഹതം ക്ഷേത്രം
ഹന്തി സൈന്യമനായകം.
91) വിദ്യ ആലസ്യം കൊണ്ടും , സ്ത്രീകള്‍ അന്യാധീനപ്പെടുന്നതു കൊണ്ടും പാടങ്ങളില്‍ വിത്ത് കുറയുന്നത് കൊണ്ടും സൈന്യം നായകനില്ലാത്തതു കൊണ്ടും നശിച്ചു പോകുന്നു.
92 92) വ്യാലാശ്രയാപി വിഫലാപി സകണ്ടകാപി.
വക്രാപി പങ്കിലഭവാപി ദുരാസദാപി
ഗന്ധേന ബന്ധുരിഹ കേതകപുഷ്പവല്ലീ
ഏകോ: ഗുണ: ഖലു നിഹന്തി സമസ്തദോഷാന്‍.
92) സര്‍പ്പങ്ങള്‍ ഉള്ള സ്ഥലത്തു വളരുന്നവയും , കായ്ഫലങ്ങള്‍ ഒന്നുമില്ലാത്തവയും മുള്ളുകള്‍ ഉള്ളവയും , വളഞ്ഞവയും ,ചെളിയില്‍ വളരുന്നവയും ആണ് കൈതപ്പൂവെങ്കിലും നല്ല സുഗന്ധം ഉണ്ട് എന്ന ഒറ്റ ഗുണത്താല്‍ മാത്രം മേല്‍ പറഞ്ഞ എല്ലാ ദോഷങ്ങളേയും മറികടക്കുന്നു.
93 93) ഗുരുരഗ്നിര്‍ദ്വിജാതീനാം
വര്‍ണാനാം ബ്രാഹ്മണോ ഗുരു:
പതിരേവ ഗുരു സ്ത്രീണാം
സര്‍വ്വസ്യാഭ്യാഗതോ ഗുരു:
93) അഗ്നി ബ്രാഹ്മണരുടെ ഗുരുവും മറ്റു വര്‍ണ്ണക്കാര്‍ക്കു ബ്രാഹ്മണര്‍ ഗുരുവും സ്ത്രീക്ക് ഗുരു സ്വഭര്‍ത്താവും എല്ലാപേരുടെയും ഗുരു അതിഥിയുമാകുന്നു.
94 94) വിദ്യാവിധി വിഹീനേന കിം
കുലീനേന ദേഹീനാം
അകുലീനോfപി വിദ്യാധ്യോ
ദൈവതൈരപി വന്ദ്യതേ.
94) ഉന്നത കുലത്തില്‍ ജനിച്ചാലും വിദ്യ ഇല്ല എങ്കില്‍ എന്തു ഫലം?താഴ്ന്ന കുലത്തില്‍ ജനിച്ചവനെങ്കിലും വിദ്യ ഉള്ളവന്‍ ദൈവത്തിനു പോലും അഭിവന്ദ്യരായി മാറുന്നു.
95 95) ഗുരു ശുശ്രൂഷയാ വിദ്യാ
പുഷ്കലേന ധനേന വാ
അഥവാ വിദ്യയാ വിദ്യ
ചതുര്‍ഥന്നോപലഭ്യതേ
95) ഗുരുശുശ്രൂഷ കൊണ്ടും, ധനം നല്‍കിയും അല്ലെങ്കില്‍ പകരം വേറൊരു വിദ്യ നല്‍കിയും വിദ്യ നേടാനാകും . ഇവയൊന്നും കൂടാതെ നാലാമതൊരു വഴി കൊണ്ട് വിദ്യ നേടാനാകില്ല.
96 96) ജലബിന്ദുനിപാതേന ക്രമേശ:
പൂര്യതേ ഘട:തഥാ ഹി
സര്‍വ്വ വിദ്യാനാം കര്‍മ്മസ്യ ച ധനസ്യ
96) വെള്ളത്തുള്ളികള്‍ നിരന്തരം വീണുകൊണ്ടിരുന്നാല്‍ ഒരു കുടം നിറയുന്നത് പോലെ സകല വിദ്യകളും പുണ്യങ്ങളും സമ്പത്തുക്കളും നിരന്തര പ്രയത്നത്തിലൂടെ വര്‍ധിച്ചു വര്‍ധിച്ചു വരുന്നു.
97 97) വിദ്യാശസ്ത്രഞ്ച ശാസ്ത്രഞ്ച
ദ്വേ വിദ്യാപ്രതിപത്തയേ
ആദ്യാ ഹാസായ വൃദ്ധത്വേ
ദ്വിതീയാദ്രിയതേ സദാ
97) ആയോധനവിദ്യ , ശാസ്ത്രം എന്നിവ പഠിക്കേണ്ടതാണെങ്കിലും ആയോധനവിദ്യ വാര്‍ധക്യ കാലത്ത് പരിഹസിക്കപ്പെടാനും, ശാസ്ത്രം ആദരവ് കിട്ടാനും ഇടയാകും.
98 98) കാമധേനൂ സമാ വിദ്യാ
സദൈവ ഫലദായിനീ
പ്രവാസേ മാതൃവത്തസ്മാത്
വിദ്യാ ഗുപ്തധനം സ്മൃതം.
98) കാമധേനുവിനെ പോലെ വിദ്യ എപ്പോഴും ഒരുവന് ഫലം നല്‍കുക തന്നെ ചെയ്യും. അന്യദേശങ്ങളില്‍ വെച്ചു വിദ്യ സ്വന്തം മാതാവിനെ പോലെ ഒരുവനെ സം രക്ഷിച്ചു കൊള്ളുന്നു. വിദ്യ ഒളിഞ്ഞിരിക്കുന്ന സമ്പത്ത്‌ ആണ്.
99 99) അനഭ്യാസേ വിഷം വിദ്യാ
അജീര്‍ണേ ഭോജനം വിഷം
വിഷം സഭാ ദാരിദ്രസ്യ
വൃദ്ധസ്യ തരുണീ വിഷം.
99) വിദ്യാഭ്യാസം ഇല്ലാത്തവന് വിദ്യ വിഷമാണ്. ദഹനക്കേട് ( അജീര്‍ണം) ഉള്ളവന് ഭക്ഷണം വിഷമാണ്. ദരിദ്രന് പൊതുസഭകള്‍ വിഷവും വൃദ്ധനു യുവതിയും വിഷമാകുന്നു.
100 100) വിദ്യാ മിത്രം പ്രവാസേ ഷു
ഭാര്യാ മിത്രം ഗൃഹേഷു ച
രോഗിണാ മിത്രം ഔഷധം.
ധര്‍മോ മിത്രം മൃതസ്യ ച
100) വിദേശവാസികള്‍ക്ക് മിത്രം അവന്‍റെ വിദ്യയും. ഗൃഹത്തില്‍ മിത്രം അവന്‍റെ ഭാര്യയും രോഗിക്ക് മരുന്ന് മിത്രവും മരണപ്പെട്ടവന്‍റെ മിത്രം എന്നു പറയുന്നത് അവന്‍റെ ധര്‍മ്മ വും ആകുന്നു.
101 101) വിദ്യാ പ്രശസ്യതേ ലോകൈര്‍
വിദ്യാ സര്‍വത്ര ഗൌരവാ
വിദ്യയാ ലഭതേ സര്‍വം
വിദ്വാന്‍ സര്‍വത്ര പൂജ്യതേ
101) ലോകത്തില്‍ എവിടെയും വിദ്യ പ്രശംസിക്കപ്പെടുന്നു.അത് എവിടെയും ആദരിക്കപ്പെടുന്നു. വിദ്യ നമുക്ക് എല്ലാം നേടിത്തരുന്നു. വിദ്വാന്‍ എവിടെയും പൂജിക്കപ്പെടുന്നു.
102 102) വിദ്വത്വം ച നൃപത്വം ച
നൈവ തുല്യം കദാചന
സ്വദേശേ പൂജ്യതേ രാജാ
വിദ്വാന്‍സര്‍വ്വത്ര പൂജ്യതേ
102) വിദ്വാനും രാജാവും തുല്യരല്ല . രാജാവിനെ സ്വന്തം നാട്ടുകാര്‍ മാത്രം ആദരിക്കുമ്പോള്‍ വിദ്വാനെ സകല നാട്ടുകാരും ആദരിക്കുന്നു.
103 103) ശൂന: പുച്ച്ചമിവ വ്യര്‍ഥം
ജീവിതം വിദ്യയാ വിനാ
ന ഗുഹ്യ ഗോപേന ശക്തം
ന ച ദംശ നിവാരണേ
103) വിദ്യാഭ്യാസം ഇല്ലാത്തവന്‍റെ ജീവിതം നായയുടെ വാല് പോലെ വ്യര്‍ത്ഥമാണ് . നായയ്ക്ക്‌ തന്‍റെ വാല് കൊണ്ട് ഗുഹ്യഭാഗം മറയ്കാനോ ഈച്ചയാട്ടുവാണോ കഴിയുന്നില്ല. ആ വാല് കൊണ്ട് അതിനു ഒരു പ്രയോജനവും ഇല്ല എന്നര്‍ത്ഥം.
104 104) യഥാ ഖനന്‍ ഖനിത്രേണ
നരോ വാര്യധിഗച്ചതി
തഥാ ഗുരുഗതാം വിദ്യാം
ശുശ്രൂഷുരധി ഗച്ഛതി
104) മണ്‍വെട്ടി കൊണ്ട് കുഴിച്ചു വെള്ളം നമ്മള്‍ എടുക്കുന്നത് പോലെ ഗുരു ശുശ്രൂഷ കൊണ്ട് ഗുരുവിലുള്ള വിദ്യ ശിഷ്യന് ലഭ്യമാകുന്നു.
105 105) ശ്ലോകേന വാ തദര്‍ദ്‌ധേന
തദര്‍ദ്‌ധാര്‍ദ്‌ധാക്ഷരേണ വാ
അവന്ധ്യം ദിവസം കുര്യാത്
ധ്യാനാധ്യയന കര്‍മ്മഭി:
105) ധ്യാനം ,അധ്യയനം സ്വധര്‍മ്മാനുഷ്ടാനം എന്നിവ എന്നും ആചരിക്കേണ്ടതാണ്. ഒരു ശ്ലോകമോ ,അതിന്‍റെ പകുതിയോ ,അതില്‍ പകുതിയോ പഠിച്ചു ഓരോ ദിവസത്തെയും സഫലമാക്കേണ്ടതാണ്.
106 106) കാവ്യശാസ്ത്രവിനോദേന
കാലോ ഗച്ഛതി ധീമതാം
വ്യസനേന ച മൂര്‍ഖാണാം
നിദ്രയാ കലഹേന വാ
106) ബുദ്ധിമാന്മാർ കാവ്യം ശാസ്ത്രം എന്നിവയില്‍ മുഴുകി സമയം ചെലവഴിക്കുന്നു. എന്നാല്‍ ദുഷ്ടന്‍മാര്‍ കലഹിച്ചും ഉറങ്ങിയും ദു:ഖിച്ചും സമയം കളയുന്നു.
107 107)
ഏകേനാപി സുപുത്രേണ
വിദ്യയുക്തേന സാധുനാ
ആഹ്ലാദിതം കുലം സര്‍വം
യഥാ ചന്ദ്രേണ ശര്‍വ്വരീ
107) വിദ്യാസമ്പന്നനും ഗുണവാനും ആയ ഒരേ ഒരു മകന്‍ ഒരു കുലത്തില്‍ ഉണ്ടായിരുന്നാല്‍ ,ചന്ദ്രന്‍ രാത്രിയില്‍ എന്ന പോലെ ,ആ മകന്‍ തന്‍റെ കുലത്തിനാകെ ആഹ്ലാദം പരത്തുന്നു.
108 108) വിഷാദപ്യമൃതം ഗ്രാഹ്യം
അമേധ്യാദപി കാഞ്ചനം
നീചാദപ്യുത്തമാവിദ്യാ
സ്ത്രീരത്നം ദുഷ്കുലാദപി.
108) വിഷത്തില്‍ ആയിപോയ അമൃതവും അമേധ്യത്തില്‍ കിടക്കുന്ന സ്വര്‍ണ്ണവും സ്വീകരിക്കാം . അതുപോലെ ഉത്തമമായ വിദ്യ ആണെങ്കില്‍ നീചന്‍മാരില്‍ നിന്നും സ്ത്രീരത്നമാണെങ്കില്‍ ദുഷ്കുല ത്തില്‍ നിന്നും സ്വീകരിക്കാം.
109 109)
സുകുലേ യോജയേത് കന്യാം
പുത്രം വിദ്യാസു യോജയേത്
വ്യസനേ യോജയേച്ച്ചത്രു-
മിഷ്ടം ധര്‍മേണ യോജയേത്.
109) കന്യകയായ പുത്രിയെ നല്ല കുടുംബത്തില്‍ വിവാഹം ചെയ്തു കൊടുപ്പിക്കണം. പുത്രനെ നല്ല വിദ്യാഭ്യാസം കൊടുപ്പിക്കണം അതുപോലെ ശത്രുവിനെ ദു:ഖിപ്പിക്കുകയും മിത്രത്തെ ധാര്‍മ്മികമായ മാര്‍ഗ്ഗത്തില്‍ കൊണ്ട് പോകുകയും വേണം.
110 110)
കോതിഭാര: സമര്‍ഥാനാം
കിം ദൂരം വ്യവസായിനാം
കോ വിദേശസ്തു വിദുഷാം
ക: പര: പ്രിയവാദിനാം
110) സമര്‍ഥന്‍മാര്‍ക്ക് എന്താണ് ചെയാന്‍ സാധിക്കാത്തത് ? പരിശ്രമശാലികള്‍ക്ക് എന്താണ് ദൂരെയായിട്ടുള്ളത്‌? വിദ്വാന്മാര്‍ക്കു ഏതാണ് വിദേശമായിട്ടുള്ളത്‌? മധുരമായി സംസാരിക്കുന്നവര്‍ക്കു ആരാണ് അന്യര്‍ ആയിട്ടുള്ളത്?
111 111) ധനധാന്യപ്രയോഗേഷു
വിദ്യാസംഗ്രഹണേഷു ച
ആഹാരേ വ്യവഹാരേ ച
ത്യക്തലജ്ജസ്സുഖീഭവേത്
ധനം , ധാന്യം വിദ്യ എന്നിവ നേടുമ്പോഴും ആഹാരത്തിലും വ്യവഹാരത്തിലും ലജ്ജ ഉപേക്ഷിച്ചവനും സുഖം അനുഭവിക്കുന്നു.
112 112) കാകദൃഷ്‌ടിര്‍ണക ധ്യാനം
ശ്വാനനിദ്രാ തഥൈവ ച
അല്പാഹാരം ജീര്‍ണ വസ്ത്രം
എതദ്വിദ്യാര്‍ഥി ലക്ഷണം.
112) കാക്കയുടെ ദൃഷ്ടി, കൊക്കിന്‍റെ ഏകാഗ്രത, നായയുടെ ഉറക്കം അല്പമായ ആഹാരം, പഴയ വസ്ത്രം എന്നീ അഞ്ചു കാര്യങ്ങള്‍ ഒരു ഉത്തമ വിദ്യാര്‍ഥിയുടെ ലക്ഷണം ആണ്.
2 ഒരു യഥാർത്ഥ വിദ്യാർത്ഥിക്ക് വേണ്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്??? ആചാര്യ വിനോദ കുമാര ശർമ്മ https://www.youtube.com/watch?v=emuhSod4QA0
113 113) ആജ്ഞാമാത്ര ഫലം രാജ്യം
ബ്രഹ്മചര്യ ഫലം തപ:
പരിജ്ഞാന ഫലം വിദ്യാ
ദത്തഭുക്ത ഫലം ധനം.
113) രാജ്യാധികാരത്തിന്‍റെ ഫലം തന്‍റെ ആജ്ഞയെ മറ്റുള്ളവര്‍ മാനിക്കുമെന്നതും ,തപസ്സിന്‍റെ ഫലം ബ്രഹ്മചര്യവും വിദ്യയുടെ ഫലം അറിവും സമ്പത്തിന്‍റെ ഫലം ഭാഗാനുഭവവും ദാനം ചെയ്യാനുള്ള കഴിവും ആകുന്നു.
114 114) ക്രോധോ വൈവസ്വതോ രാജാ
തൃഷ്ണാ വൈതരണീ നദീ
വിദ്യാ കാമദുഘാ ധേനു:
സന്തോഷം നന്ദനം വനം.
114) ക്രോധം യമനും, തൃഷ്ണ വൈതരണി നദിയും ,വിദ്യ കാമധേനുവും സന്തോഷം നന്ദന വനവും ആകുന്നു.
115 115) ഗുണോ ഭൂഷയതേ രൂപം
ശീലം ഭൂഷയതേ കുലം
സിദ്ധിര്‍ഭൂഷയതേ വിദ്യാം
ഭോഗോ ഭൂഷയതേ ധനം.
115) ഗുണം സൌന്ദര്യത്തിനു അലങ്കാരവും , ശീലം കുലത്തി ന്‍റെ അലങ്കാരവും വിജയം വിദ്യയുടെയും ഭോഗം സമ്പത്തിന്‍റെയും അലങ്കാരമാകുന്നു.
116 116)
അഗുണസ്യ ഹതം രൂപം
ദു:ശീലസ്യഹതം കുലം
അസിദ്ധസ്യഹതം വിദ്യാ
അഭോഗേന ഹതം ധനം.
116) ഗുണമില്ലാത്തവന്‍റെ സൌന്ദര്യവും നല്ല ശീലമില്ലാത്തവന്‍റെ കുലവും വിജയം നേടാത്തവന്‍റെ വിദ്യയും ഭോഗമില്ലാത്തവന്‍റെ ധനവും വ്യര്‍ഥമാകുന്നു.
117 117)
വിദ്യാര്‍ഥീസേവക: പാന്ഥ:
ക്ഷുധാര്‍തോ ഭയകാതര:
ഭാണ്‍ഡീ ച പ്രതിഹാരീ ച
സപ്ത സുപ്താന്‍ പ്രബോധയേത്.
117) വിദ്യാര്‍ഥി , സേവകന്‍ , യാത്രക്കാരന്‍ , വിശപ്പുള്ളവന്‍, ഭയമുള്ളവന്‍, ഭാരം ചുമക്കുന്നവന്‍, കാവല്‍ക്കാരന്‍ എന്നീ ഏഴ് പേര്‍ ഉറങ്ങുന്നത് കണ്ടാല്‍ അവരെ ഉണര്‍ത്തേണ്ടതാണ്.