Sunday, July 25, 2021

കന്നുകുട്ടി അമ്മയെ തിരിച്ചറിയുന്നത് പോലെ മന്ത്രം ശ്രാദ്ധത്തെ പിതൃക്കളിലെത്തിക്കുന്നു

പഞ്ചമഹായജ്ഞങ്ങൾ 

ഒരു ദിനചര്യ പോലെ അനുഷ്ഠിക്കേണ്ടതാണ് പഞ്ചമഹായജ്ഞങ്ങൾ. ഇവ ശരിയായ രീതിയിൽ ജീവിതത്തിൽ പുലർത്തുന്ന ആൾക്ക് ഭൗതീകവും ആത്മീയവുമായ സമഗ്ര പുരോഗതി ഉണ്ടാകുന്നതാണ്.

ഗൃഹസ്ഥന്മാർക്ക് നിത്യ കർമ്മങ്ങളായി വിധിച്ചിട്ടുള്ള സ്വാദ്ധ്യായം, അഗ്നിഹോത്രം, അതിഥിപൂജ, പിതൃതർപ്പണം, ബലിദാനം എന്നീ യജ്ഞങ്ങൾ യഥാക്രമം ബ്രഹ്മ, ദേവ, മനുഷ്യ, പിതൃ, ഭൂത യജ്ഞവും ആകുന്നു.

ഷോഡശക്രിയകളിൽ പതിമൂന്നാമത്തേതാണ് ഗൃഹസ്ഥാശ്രമം. ഒരു നല്ല ഭാവി തലമുറയെ വാർത്തെടുക്കുന്നതിന് ഗൃഹസ്ഥാശ്രമധർമ്മം പാലിക്കേണ്ടതാണ്. സത്യത്തെ (ബ്രഹ്മത്തെ) അറിയുവാൻ വേണ്ടി ജീവിക്കുമ്പോഴാണ് നല്ല സമൂഹം രൂപപ്പെടുന്നത്. എല്ലാ ആശ്രമങ്ങളുടേയും നട്ടെല്ലായിരിക്കുന്നത് ഗൃഹസ്ഥാശ്രമമാകുന്നു. സർവജന്തുക്കളും പ്രാണവായുവിനെ ആശ്രയിച്ചു എങ്ങനെ കഴിയുന്നുവോ അതുപോലെ ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി എന്നിവർ ഗൃഹസ്ഥനെ ആശ്രയിച്ചു ജീവിക്കുന്നു (മനുസ്മൃതി).

വെടി  പൊട്ടുന്ന ഒച്ച  അറിയാതെ കേട്ടാല്‍ ഞെട്ടിപ്പോകും. എന്നാല്‍, അറിഞ്ഞു കൊണ്ട് കേള്‍ക്കുമ്പോള്‍ അത്ര ഭയമുണ്ടാവില്ല. നീന്തലറിയാത്തവന്‍ കടലിലെ തിരമാലകളുടെ അടിയേറ്റ് തളരുമ്പോള്‍ നീന്തലറിയുന്നവന്‍ തിരകളില്‍ ആന്ദപൂര്‍വം നീന്തിത്തുടിക്കുന്നു. ഏത് ചെടിക്ക് ഏത് മണ്ണാണ് യോജിച്ചത്, എന്തുവളമാണ് വേണ്ടത് എന്നൊന്നും അറിയാതെ കൃഷിചെയ്യാന്‍ ഇറങ്ങിയാല്‍ ചിലപ്പോള്‍ വിളവെല്ലാം നശിച്ചുപോകും. അത് പോലെ ആശ്രമജീവിതധർമ്മം അറിഞ്ഞു കൊണ്ട് ഗ്രഹസ്ഥാശ്രമത്തിൽ പ്രവേശിച്ചാൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയില്ല.

സാധനകളിലൂടെ ഈശ്വരീയ ബോധത്തിലേയ്ക്ക് സ്വയം ഉയരുന്നതിനെയാണ് ബ്രഹ്മയജ്ഞം എന്ന് പറയുന്നത്.  ഈശ്വരസ്മരണ, സന്ധ്യാവന്ദനം, പ്രാർത്ഥന, ധ്യാനം, ജപം  എന്നിവയെല്ലാം ദേവയജ്ഞത്തിൽ പെടുന്നു.

ലോകനന്മയ്ക്കായി സ്വധർമ്മം അനുഷ്ഠിക്കുക എന്നതാണ് നരയജ്ഞം. ഭൂമിയിലെ സർവ്വ ചരാചരങ്ങളുടെയും ക്ഷേമത്തിന് വേണ്ടി ചെയ്യേണ്ട കടമകളെയാണ് ഭൂതയജ്ഞം കൊണ്ടുദ്ദേശിക്കുന്നത്. താഴെ പറയുന്ന ശ്ലോകത്തിൽ ഇത് വ്യക്തമാക്കുന്നുണ്ട്.

സ്വസ്തി പ്രജാഭ്യാം പരിപാലയന്താം ന്യായേണ മാർഗേണ മഹിം മഹീശാ ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം ലോകാ സമസ്താ സുഖിനോ ഭവന്തു.

ഗുരുപരമ്പകൾ വഴി പകർന്ന് കിട്ടിയ ജ്ഞാനം സംരക്ഷിക്കുതിന്  വേണ്ടി അവ ശരിയായ രീതിയിൽ പഠിച്ച് മറ്റുള്ളവരെയും പഠിപ്പിക്കുക എന്നതാണ് ഋഷി യജ്ഞം

നമ്മുടെ വംശ പൂർവ്വികരോടുള്ള കടമ നിറവേറ്റലാണ് പിതൃ യജ്ഞം. ഗൃഹസ്ഥധർമ്മം ശരിയായി പാലിക്കുക, പിതൃക്കളുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുക എന്നിവ ഇതിൽ ഉൾപ്പെടും.

ശ്രാദ്ധത്തെ കുറിച്ച് ബ്രഹ്‌മാണ്ഡപുരാണത്തിൽ   (1.28 പിതൃവിചയം) നിന്ന്

മരിച്ചു പോയവരുടെ ഗതിയും വീണ്ടുമുള്ള ആഗമനവുമൊന്നും തപസ്സ് കൊണ്ട് പോലും മനസ്സിലാക്കാൻ സാദ്ധ്യമല്ല. അയോനിജന്മാരായ പിതൃക്കൾ ദേവന്മാരാണ്. പിതാവ്, പിതാമഹൻ, പ്രപിതാമഹൻ എന്നിവരാണവർ. തപസ്സ്, ബ്രഹ്മചര്യം, യാഗം, സന്തതി, ശ്രാദ്ധം, വിദ്യ, ദാനം എന്നിങ്ങനെ ഏഴ് കർമ്മങ്ങളിൽ ശ്രദ്ധയോടെ വർത്തിച്ചവർ സോമയാഗം ചെയ്ത പിതൃക്കൾക്കൊപ്പം സ്വർഗ്ഗത്തിൽ സുഖമായി വാഴുന്നു. അവർക്ക് നിവാപം അർപ്പിച്ച് കഴിഞ്ഞാൽ ലൗകിക  പിതൃക്കളായ  മാസശ്രാദ്ധഭുക്കുകൾക്കും തൃപ്തിയുണ്ടാകുന്നു.ഇവരിൽ നിന്ന് ഭിന്നമായി വേറെയും പിതൃക്കളുണ്ട്. ആശ്രമധർമ്മങ്ങൾ അനുഷ്ഠിക്കാത്തവരും ഹോമാദികളും ശ്രാദ്ധവും നടത്താത്തവരും ദുരാത്മാക്കളുമായി പ്രേതങ്ങളായിത്തീർന്നവരാണവർ. അവർ നരകത്തിൽ യാതന അനുഭവിക്കുന്നവരായി തങ്ങളുടെ  ദുഷ്കർമ്മങ്ങളോർത്തു ദുഖിക്കുന്നു.അവർ ദീർഘായുസ്സുള്ളവരും  ഉണങ്ങി വരണ്ടവരും വിശപ്പും ദാഹവും കൊണ്ട്  വളഞ്ഞു അവിടെയുമിവിടെയും ഓടി നടക്കുന്നവരായിരിക്കും. പല പല നരകങ്ങളിൽ കിടന്ന് ക്ലേശിക്കുന്ന അവർക്ക് ബന്ധുക്കൾ നാമവും ഗോത്രവും പറഞ്ഞു തെക്കോട്ട് തലയായ ദർഭയിൽ പിണ്ഡമർപ്പിക്കണം. അത് അവർക്ക് തൃപ്തിയുണ്ടാക്കും. നരകയാതനകളെ പ്രാപിക്കാതെ നീചയോനികളിൽ ജനിച്ചവർക്കും സ്ഥാവരങ്ങളായി ജനിച്ചവർക്കുമെല്ലാം ശ്രാദ്ധം തൃപ്തി നൽകും. കന്നുകുട്ടി അമ്മയെ തിരിച്ചറിയുന്നത് പോലെ മന്ത്രം ശ്രാദ്ധത്തെ പിതൃക്കളിലെത്തിക്കുന്നു. ശ്രദ്ധയോടു കൂടി മന്ത്രപൂർവ്വകമായി നടത്തുന്ന ശ്രാദ്ധം സഫലമായിത്തീരും. ഇപ്രകാരമാണ് പിതൃക്കളുടെ തത്വം പുരാണങ്ങളിൽ നിശ്ചയിച്ചിരിക്കുന്നത്.

പിതൃക്കൾക്ക് ബലി ഇടുമ്പോൾ കാക്കയ്ക്ക് ചോറ് കൊടുക്കുന്നതാണ് ഉത്തമം. ബലിക്കാക്കകള്‍ ഉച്ഛിഷ്ടപിണ്ഡം ഭക്ഷിക്കുമ്പോള്‍ പിതൃക്കള്‍ക്ക് തൃപ്തി വരുന്നുവെന്ന് ഉത്തരരാമായണത്തിലും പറയുന്നുണ്ട്. 

ഋണത്രയശ്രുതി - ഗൃഹസ്ഥന് മോക്ഷം ലഭിക്കണമെെങ്കിൽ മൂന്ന് കടങ്ങൾ  വീട്ടണമെന്ന് മനുസ്മൃതി പറയുന്നു. തപസ്സ്, വേദാധ്യയനം, എന്നിവ അനുഷ്ഠിച്ചാൽ ഋഷികളോടുള്ള കടം വീട്ടാം. ശ്രാദ്ധം, സന്താനോൽപ്പാദനം, ഇവ കൊണ്ട് പിതൃക്കളോടുള്ള കടം വീട്ടാം. ഈശ്വരപ്രീതിയെ ഉണ്ടാക്കുന്ന യാഗങ്ങൾ അനുഷ്ഠിക്കുന്നതിലൂടെ ദേവന്മാരോടുള്ള കടം വീട്ടാം

No comments:

Post a Comment