Sunday, November 15, 2020

ക്ഷേത്ര വിവരണം

എറണാകുളം ജില്ലയിലെ രാമമംഗലം പെരും തൃക്കോവിൽ ക്ഷേത്ര വിവരണം.  

 https://www.facebook.com/groups/108794666202687/permalink/1120040991744711/

പഞ്ച പ്രാകാരങ്ങൾ ഒത്ത് ചേർന്ന പുരാതന ക്ഷേത്രങ്ങളെയാണ് പെരും തൃക്കോവിൽ എന്ന് വിളിക്കുന്നത്. അകത്തെ ബലിവട്ടം, അന്തഹാര അഥവാ ചുറ്റമ്പലം അഥവാ നാലമ്പലം, മധ്യഹാര അഥവാ വിളക്കുമാടം, പുറത്തെ ബലിവട്ടം, മര്യാദ അഥവാ പുറം മതിൽ എന്നിവയാണ് പഞ്ച പ്രാകാരങ്ങൾ. ബാല നരസിംഹ സങ്കൽപ്പത്തിൽ മഹാ വിഷ്ണുവാണ് പ്രതിഷ്ഠ. ബാല നരസിംഹ സങ്കൽപ്പം ബാല രൂപത്തിൽ ഉള്ളതല്ല (പൂർണ്ണ കായ രൂപത്തിലാണ് നരസിംഹം അവതരിച്ചത്). ശാന്ത രൂപനായി ലക്ഷ്മിയെ ഇടത്തെ തുടയിൽ ഇരുത്തിയതാണ് ബാല നരസിംഹ സങ്കൽപ്പം.

നരസിംഹ അവതാരത്തെ കുറിച്ച് ചുരുക്കത്തിൽ വിവരിക്കുന്നു. ഹിരണ്യാക്ഷൻ എന്ന അസുരൻ ഭൂമിയെ പാതാളത്തിൽ ഒളിപ്പിച്ചപ്പോൾ  വിഷ്ണു വാരാഹമായി അവതരിച്ച് അസുരനെ കൊന്ന് ഭൂമിയെ മോചിപ്പിച്ചു.  വിഷ്ണുവിനെ എതിർക്കാൻ ഹിരണ്യ കശിപു ബ്രഹ്മാവിനെ തപസ്സ് ചെയ്ത് പകലും, രാത്രിയും, ഭൂമിയിലും, ആകാശത്തും, വെള്ളത്തിലും, കരയിലും വച്ച് മനുഷ്യനും മൃഗവും തന്നെ കൊല്ലരുതെന്ന് വരം വാങ്ങി. അങ്ങിനെ മൂലോകങ്ങളും കീഴടക്കി വാണ ഹിരണ്യ കശിപുവിന്റെ മകനായി പ്രഹ്ളാദൻ ജനിച്ചു. ബാല്യത്തിൽ തന്നെ വിഷ്ണു ഭക്തനായ മകനെ തന്റെ വഴിയ്ക്ക് കൊണ്ടു വരാനാവത് ശ്രമിച്ച് പരാജയമടഞ്ഞ കശിപു അവസാനം കൊല്ലാനായി വാൾ എടുത്തു. വിഷ്ണു നിന്നെ രക്ഷിക്കാൻ എവിടെ നിന്ന് വരുമെന്ന് ചോദിച്ച കശിപുവിനോട് അടുത്തുള്ള തൂണിൽ നിന്നും വരും എന്നായി. ദേഷ്യത്തോടെ കശിപു തൂണിൽ വെട്ടിയപ്പോഴാണ് നര സിംഹം അവതരിച്ചത്. മനുഷ്യനും മൃഗവും ചേർന്ന നര സിംഹം ഭൂമിയിലും ആകാശത്തും കരയിലും വെള്ളത്തിലും വച്ചല്ലാതെ മടിയിൽ കിടത്തിയാണ് കശിപുവിനെ തൃസന്ധ്യ നേരത്ത് കൊന്നതത്രേ. അത്യുഗ്ര രൂപിയായ നര സിംഹത്തെ കണ്ട് ലക്ഷ്മി ദേവി പേടിച്ച് ഒളിച്ചു, അപ്പോൾ ബ്രഹ്മ ശിവന്മാർ പ്രത്യക്ഷപ്പെട്ട് പ്രഹ്ളാദനോട് വിഷ്ണു സ്തുതികൾ ആലപിക്കാൻ ആവിശ്യപ്പെട്ടു. ഗീതി കേട്ട് കോപം വെടിഞ്ഞ് ശാന്തനായ നരസിംഹം ലക്ഷ്മിയെ എടുത്ത് ഇടത്തെ ഉരുവിൽ ഇരുത്തിയതാണ് ബാല  സങ്കൽപ്പം.

ചരിത്രവും ഐതീഹ്യവും കൂടി കുഴഞ്ഞ് കിടക്കുന്നതാണ് ക്ഷേത്രോൽപ്പത്തി. എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയ്ക്ക് കേരളം വാണിരുന്ന രണ്ടാം ചേര സാമ്രാജ്യ കാലത്താണ് ക്ഷേത്രം നിർമ്മിച്ചത്. ചേരമാൻ പെരുമാളാണ് ക്ഷേത്രം നിർമ്മിച്ചതെന്നാണ് ഐതീഹ്യം, ചേരമാൻ ഒരു വ്യക്തിയാവാനുള്ള സാധ്യതയേക്കാളേറെ പെരുമാക്കന്മാരിൽ ചിലരുടെ പദവിയാവാനാണ് സാധ്യത. അതെന്തായാലും വലിയമ്പലത്തിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ ഉള്ള അറപ്പുര എന്ന ദേവസ്വം കൊട്ടാരത്തിൽ താമസിച്ചാണ് പെരുമാൾ ക്ഷേത്ര നിർമ്മാണത്തിന് മേൽ നോട്ടം വഹിച്ചതത്രെ. ക്ഷേത്ര നിർമ്മാണവും പ്രതിഷ്ഠയും കഴിഞ്ഞ് കലശമാടാനുള്ള സമയമായപ്പോൾ കാര്യം മാറി. പെരുമാളെ കലശമാടുന്നത് കാണാൻ ബ്രാഹ്മണർ സമ്മതിച്ചില്ല. അതിന് പകരം ശ്രീകോവിലിലെ ഓവ് വഴി ദർഭ ഇട്ട് കലശം ആടിയ ജലം വരുന്നത് നോക്കി കൊള്ളാൻ പറഞ്ഞു. പെരുമാൾ ഓവിന് അടുത്ത് ഇരുന്ന് ആ ജലത്തിൽ പുഷ്പങ്ങൾ ജപിച്ച് ഇട്ട് പൂജിച്ചു തുടങ്ങി. അപ്പോൾ നമ്പൂതിരികൾക്ക് പിന്നെയും കുശുമ്പ്, അവർ ശ്രീകോവിലിനകത്ത് വച്ച് ദർഭ മുറിച്ചു. ഇതറിഞ്ഞ പെരുമാൾ അത്യധികം സങ്കടത്തോടെ ഇവിടം വിട്ട് പോയി. അപ്പോൾ ശിവ സംഭൂതനായ ശാസ്താവ് രാമമംഗലത്ത് വന്ന് നമ്പൂതിരിമാരെ അടിച്ചോടിച്ച് ഓവിന് താഴെ ഇരുന്നു, ആ മൂർത്തിയാണത്രെ വടക്കേ നടയിലുള്ള ഉണ്ണിഭൂതം, ഇതൊരു ശിവ സങ്കല്പമാണെന്നും വിശ്വാസം ഉണ്ട്.    

ആനപ്പള്ള മതിലെന്ന ഗജാകാരമായ കൂറ്റൻ മതിലാണ് ക്ഷേത്രത്തിന് ചുറ്റും. ഇരുനില പ്രവേശന ഗോപുരം വഴി അകത്ത് കടന്നാൽ ആന പന്തൽ. ഊട്ടു പുര, കൂത്തമ്പലം തുടങ്ങി മതിൽക്കകത്ത് മഹാ ക്ഷേത്രത്തിന്റെ എല്ലാവിധ അംഗോപാംഗങ്ങളുമുണ്ട്. ദേവ സങ്കേതത്തിന് മുന്നിൽ അവിടവിടെയായി നടുക്ക് കുഴിയുള്ള ചതുര കല്ലുകൾ പ്രാചീന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ആയിരുന്നിരിക്കാം. 1992ൽ വിഷ്ണുവിന്റെ നടയിൽ ധ്വജം പുനസ്ഥാപിക്കാൻ അടിത്തറ നിർമ്മിച്ച് കൊണ്ടിരുന്നപ്പോൾ തലേന്ന് നിർമ്മിച്ചത് തകർന്ന് കിടക്കുന്നത് എല്ലാ ദിവസവും രാവിലെ കാണുകയും, പ്രശ്നം നോക്കിയപ്പോൾ ഉണ്ണി ഭൂതത്തിന്റെ വികൃതിയാണെന്ന് മനസ്സിലാകുകയും, പരിഹാരമായി ഉണ്ണി ഭൂതത്തിന് ചെറിയ ധ്വജം സ്ഥാപിച്ച് കൊടുക്കുകയും ചെയ്തു. അങ്ങിനെ വിഷ്ണുവിന്റെ നടയിൽ ഇരുപത്തെട്ടേ മുക്കാൽ കോൽ (ഏകദേശം 23 മീറ്റർ) ഉയരമുള്ള ധ്വജവും വടക്കെ നടയിൽ ഉണ്ണി ഭൂതത്തിന് വേണ്ടി ആറേ കാൽ കോൽ ഉയരമുള്ള ധ്വജവും സ്ഥാപിച്ചു. സാമാന്യം വലിയ ബലിക്കൽപ്പുരയും അതിൽ പ്രധാന ബലിക്കല്ലുമുണ്ട്, ചുറ്റമ്പലത്തിന്റെ മുൻ ഭാഗത്ത് വിളക്ക് മാടമുണ്ട്. ദാരു ശില്പങ്ങൾ കൊണ്ട് അലംകൃതമാണ് മുഖ മണ്ഡപം. ഇരു നില വട്ട ശ്രീകോവിലിന് ചുറ്റും ചുമർ ചിത്രങ്ങൾ ഉണ്ട്. നിത്യവും അഞ്ച് പൂജയും മൂന്ന് ശീവേലിയുമുള്ള ഈ ക്ഷേത്രത്തിലെ മറ്റ് ഉപദേവകൾ മതിലിനകത്ത് തെക്കുപടിഞ്ഞാറേ മൂലയിലെ കൂവളത്ത് മൂട്ടിൽ ഭഗവതി, അടുത്ത് തന്നെയുള്ള ചെറിയ കോവിലുകളിലെ ശാസ്താവ്, ദുർഗ്ഗ, ഭദ്രകാളി, രക്ഷസ്സ്, പുറത്ത് വടക്ക് വശത്തെ സർപ്പങ്ങൾ എന്നിവരാണ്. പ്രധാന വഴിപാട് പാൽ പായസമാണ്, ദേവന് ഏത് വഴിപാട് കഴിച്ചാലും ഒരു ഭാഗം ഉണ്ണി ഭൂതത്തിന് വേണമെന്ന് നിർബന്ധമാണ്.

ശ്രീകോവിലിന്റെ വടക്ക് ഭാഗത്തെ ഓവിനോട് ചേർന്ന് ശ്രീകോവിലിന് തൊട്ട് തന്നെയാണ് ഉണ്ണി ഭൂതത്തിന്റെ കോവിൽ. കുട്ടിത്തം മാറാത്തവനും, ക്ഷിപ്ര പ്രസാദിയുമാണ് ഉണ്ണിഭൂതം, വടിയാണ് ആയുധം. അനപത്യ ദുഃഖം അകറ്റുന്ന ദേവനാണ് കുട്ടികളുടെ ഇഷ്ട ദൈവമായ ഉണ്ണി ഭൂതം. ഉണ്ണിയുടെ അനുഗ്രഹം കൊണ്ടുണ്ടാകുന്ന കുട്ടികളെ അന്ന പ്രാശത്തിന് കൊണ്ടുവരുമ്പോൾ കോവിലിന് ചുറ്റും ചെറിയ മണികൾ കെട്ടാറുണ്ട്. ഉണ്ണി ഭൂതത്തിന്റെ കോവിലിന് ചുറ്റും നൂറുകണക്കിന് മണികൾ കെട്ടിയിരിക്കുന്നത് കാണാം. ബാലാരിഷ്ടതകൾ മാറ്റുന്ന ഉണ്ണി ഭൂതത്തിന് ഇഷ്ടമുള്ള വഴിപാടാണ് മഞ്ചാടി കുരു നടയ്ക്ക് വയ്ക്കുന്നതും, അടിമ കിടത്തുന്നതും. ഉണ്ണി ഭൂതത്തിന്റെ മറ്റ് വഴിപാടുകളാണ് തിരു മുഖം ചന്ദനം ചാർത്തൽ, മുഴുക്കാപ്പ്, നാളികേരം, മത്തങ്ങ എന്നിവ നടയ്ക്ക് വയ്ക്കൽ തുടങ്ങിയവ. വൃശ്ചികത്തിലെ വാര കാലത്ത് ഉണ്ണി ഭൂതത്തിന്റെ ആണ്ടു വിശേഷം മത്തങ്ങാ വാരമെന്നാണറിയപ്പെടുന്നത്. മത്തങ്ങാ കൊണ്ടുള്ള വിഭവങ്ങളാണ് ഈ വാരം ഊട്ടിൽ പ്രധാനം.

നരസിംഹമൂർത്തിയുടെ ദീപാരാധന അലങ്കാര പ്രധാന്യത്തോടെയുള്ളതാണ്. ദീപാരാധന കഴിഞ്ഞ് നാളികേരം പൊളിയ്ക്കൽ എന്ന ചടങ്ങ് നടക്കും. ഉണ്ണി ഭൂതത്തിന്റെ നടയിൽ അന്ന് കിട്ടിയ തേങ്ങകൾ എല്ലാം കല്ലിൽ എറിഞ്ഞ് ഉടയ്ക്കുന്നു, തേങ്ങാ പൂളുകൾ പെറുക്കാൻ ഓടിനടക്കുന്ന കുട്ടികൾക്കൊപ്പം ഉണ്ണി ഭൂതവും കൂടുമെന്നാണ് വിശ്വാസം.

മേട വിഷുവാണ് പ്രധാന ആഘോഷം, പിറ്റേന്ന് ആറാട്ടായി പത്ത് ദിവസമാണ് ഉത്സവം. വിഷ്ണുവിന്റെ നടയിലും ഉണ്ണിഭൂതത്തിന്റെ നടയിലും കൊടിയേറും. അങ്കുരാദി (മുളയിട്ട് കൊടിയേറ്റുന്ന) സമ്പ്രദായത്തിലാണ് ഇവിടുത്തെ ഉത്സവം. വൈകീട്ട് ദീപാരാധന കഴിഞ്ഞ് മുളയറയിൽ മുളയിടൽ ചടങ്ങ് നടക്കും. ദേവനും, തട്ടകത്തെ ജനങ്ങൾക്കും എന്ന പോലെ പ്രകൃതിക്കും വേണ്ടിയാണ് ഉത്സവമെന്ന് സൂചിപ്പിക്കുന്നതാണ് മുളയിടൽ. മുളയറയിൽ ശുദ്ധി തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം പന്ത്രണ്ട് മുള പാലികകളിലായി 12 തരം ധാന്യങ്ങളാണ് മുളയിടുന്നത്. ഉത്സവ കാലത്ത് രണ്ട് നേരവും മുളയ്ക്ക്' പ്രത്യേക പൂജകളുമുണ്ടായിരിക്കും.  രാത്രി അത്തഴ പൂജ കഴിഞ്ഞാണ് കൊടിയേറ്റ്. അതിന് മുന്നോടിയായി ശ്രീലകത്തേയ്ക്ക് കൊടി കൂറ എഴുന്നള്ളിച്ച് പ്രത്യേക പൂജകളോടെ ചൈതന്യ ധന്യമാക്കും. തുടര്‍ന്ന് പാണി കൊട്ടി കൂറ ധ്വജ ചുവട്ടിലേയ്ക്ക് എഴുന്നള്ളിക്കും. ശുദ്ധി, ഗണപതി പൂജ എന്നിവയെ തുടര്‍ന്നാണ് കൊടിയേറ്റുന്നത്. പെരും തൃക്കോവിലപ്പന്റെ കൊടി ഏറ്റിന് ശേഷം വടക്കേ നടയിൽ ഉണ്ണിഭൂതത്തിന്റെ കുട്ടി കൊടി മരത്തിലും കൊടിയേറ്റും. ഉത്സവ കാലത്ത് പെരും തൃക്കോവിലപ്പന് ഉച്ച പൂജയ്ക്ക് മുമ്പ് എല്ലാ ദിവസവും നവകം, പഞ്ചഗവ്യം എന്നിവയുണ്ട്. ഇതോടൊപ്പമാണ് ഉണ്ണി ഭൂതത്തിനു ഒറ്റ കലശമായിട്ടുള്ള പൂജ. രണ്ടാം ഉത്സവ ദിവസം മുതൽ അഞ്ച് ദിവസം ഉത്സവ ബലി നടത്തും.രാവിലെ 10ന് മാതൃശാലയിലാണ് ഉത്സവ ബലി ദര്‍ശനം നടക്കുന്നത്. എഴുന്നുള്ളിപ്പിന് ഉണ്ണി ഭൂതത്തിനാണ് ഉയരമുള്ള ആനയും, വലിയ തിടമ്പും. രാജത്വമുള്ള പെരും തൃക്കൊവിലപ്പന്റെ പുറത്തെഴുന്നുള്ളിപ്പിന് വാളും പരിചയും എടുത്ത് അകമ്പടി സേവിക്കാനുള്ള അവകാശം പരമ്പര്യാഗതമായി കുടുമ്പനാട്ട് കർത്താ കുടുംബത്തിനാണ്.

രാമ മംഗലം തിമില എന്നൊരു ചിട്ടയുണ്ട്, ഇവിടുത്തെ ഉത്സവ എഴുന്നുള്ളിപ്പിന്റെ തിമില വാദനരീതിയിൽ നിന്നാണ് ഈ ചിട്ടയുണ്ടായത് (പഞ്ചവാദ്യങ്ങളിൽ ഒന്നായ തിമില ചെണ്ടയുടെ ചെറിയ രൂപമാണ്). ഇവിടുത്തെ ദീപാരാധന വേളയിലെ സോപാന സംഗീതത്തിനകമ്പടി കൊട്ടുന്ന പാണിയ്ക്കും പ്രത്യേക രീതിയുണ്ട്, രാമമംഗലം പാണി എന്നാണ് ആ ചിട്ടയുടെ പേര് (മര പാണി, തിമില പാണി എന്ന് രണ്ടു തരമുള്ള പാണിയ്ക്ക് ചെണ്ടയും മദ്ദളവും ചേർന്ന രൂപമാണ്). ഇരിഞ്ഞാലക്കുട ആമല്ലൂർ കാവനാട്ട് ഇല്ലക്കാർക്കാണ് തന്ത്രം.  പരമ്പര്യാഗതമായി മംഗലാപുരത്തെ പത്ത് ഇല്ലക്കാർക്കായിരുന്നു ശാന്തി. അവർ ഇവിടുത്തെ ശാന്തി വേണ്ടെന്ന് വച്ചത് കൊണ്ട് കാസർഗോഡ് കാഞ്ഞങ്ങാട് പന്നികുളം മനക്കാരാണ് ഇപ്പോൾ ശാന്തി പണി നോക്കുന്നത്. മംഗലാപുരത്തുക്കാർ ശാന്തി നടത്തിയിരുന്നപ്പോൾ അവർക്ക് താമസിക്കാൻ നിർമ്മിച്ച മഠം ഇപ്പോൾ ഇല്ലെങ്കിലും ആറാട്ട് കടവിന് അടുത്തുള്ള പറമ്പിന്റെ പേര് ഇപ്പോഴും കാശി മഠം എന്നാണ്. ചിങ്ങ തിരുവോണത്തിന് ക്ഷേത്ര അടിയന്തിരങ്ങൾ നടത്തുന്ന കാരായ്മക്കാർ സർവ്വാപരധ പ്രായശ്ചിത്തമായി പെരും തൃക്കോവിലപ്പന് നൈയ്യ് നിറച്ച കിണ്ടി സമർപ്പിക്കുന്ന ചടങ്ങ് ഇപ്പോഴുമുണ്ട്. പണ്ട് ക്ഷേത്രത്തിൽ ഊരായ്മ 28 ഇല്ലക്കാരായിരുന്നെങ്കിലും ഇപ്പോൾ 13 ഇല്ലക്കാർ മാത്രമേയുള്ളൂ. അടി വരെ ഇറങ്ങാൻ പടവുകളുള്ള ഇവിടുത്തെ കൊക്കരണി വേനലിലും ജല സമൃദ്ധമാണ് (കുളത്തിനേക്കാൾ ചെറുതാണ് കൊക്കരണി എന്ന് പ്രാദേശികമായി പറയുന്ന പുഷ്ക്കരണി).

രാമമംഗലം പെരും തൃക്കോവിൽ ക്ഷേത്രത്തിന് 50 മീറ്റർ വടക്ക് ഭാഗത്ത് പുഴയോരത്താണ് അപ്പാട്ട് ശിവ, വിഷ്ണു ക്ഷേത്രം. കിഴക്കോട്ട് ദർശനമായി തെക്ക് വശത്തുള്ള ചതുര ശ്രീകോവിലിൽ രണ്ടടി ഉയരമുള്ള ശിവ ലിംഗവും, വടക്കുഭാഗത്തുള്ള വട്ട ശ്രീകോവിലിൽ ആറടി ഉയരമുള്ള ചതുർ ബാഹു മഹാ വിഷ്ണുവുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകൾ. ചെറിയ വട്ടശ്രീകോവിലിൽ ഏതാണ്ട് മുഴവനായി തന്നെ വിഷ്ണു പ്രതിഷ്ഠയാണ്. കേരളത്തിൽ ശൈവ മത പ്രഭവകാലത്ത് ശിവാലയമായിരുന്ന പെരുംതൃക്കോവിലിൽ നിന്ന് വൈഷ്ണവ പ്രഭവ കാലത്ത് ശിവ ലിംഗം ഇങ്ങോട്ട് മാറ്റി സ്ഥാപിച്ച് മഹാ വിഷ്ണു പ്രതിഷ്ഠ നടത്തിയിരിക്കാനും, ബുദ്ധ മത പ്രഭവ കാലത്ത് വിഷ്ണു പ്രതിഷ്ഠയും ഇങ്ങോട്ട് മാറ്റി സ്ഥാപിച്ച് ബുദ്ധനെ പ്രതിഷ്ഠിച്ചിരിക്കാനും, ബുദ്ധ മതം കേരളത്തിൽ വേരറ്റപ്പോൾ ബുദ്ധ വിഗ്രഹം ഓവിൻ ചുവട്ടിലേയ്ക്ക് മാറ്റി വച്ച് നരസിംഹ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കാനും സാധ്യതയുണ്ട്. രണ്ട് നേരം നിത്യ പൂജയുള്ള ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ നമസ്ക്കാരം, പിതൃ തർപ്പണം എന്നിവയാണ്. കുംഭ മാസത്തിലെ ശിവ രാത്രിയാണ് പ്രധാന ആഘോഷം. കർക്കിടക വാവിനും, ശിവരാത്രിയ്ക്കും ക്ഷേത്രകടവിലെ ബലി തർപ്പണത്തിന് നൂറു കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുക്കുന്നു. പെരും തൃക്കോവിലിലെ ഉൽസവത്തിനൊപ്പം മേടവിഷുവാണ് ഇവിടുത്തെ മഹാ വിഷ്ണുവിന് പ്രധാനം. 2011 മുതൽ എല്ലാ വർഷവും ഭഗവത സപ്താഹം നടത്തുന്നു.

രാമമംഗലം ക്ഷേത്രത്തെ കുറിച്ചെഴുതുമ്പോൾ ഷഡ് കാല ഗോവിന്ദ മാരാരെ കുറിച്ച് എഴുതാതെ അവസാനിപ്പിക്കുന്നത് ഉചിതമല്ല. അടുത്ത് തന്നെയുള്ള കരവട്ടേടത്ത് തറവാട്ടിൽ ജനിച്ച മാരാർ ക്ഷേത്രത്തിലെ കഴകക്കാരനായി ജീവിതം തുടങ്ങി എങ്കിലും പിന്നീട് പരിത്യാഗിയായി ദേശാടനത്തിന് ഇറങ്ങി. സ്വാതി തിരുനാളിന്റെ അടുത്ത സുഹൃത്തായിരുന്ന മാരാർ തിരുവനന്തപുരത്ത് കുറച്ച് കാലം താമസിച്ചിരുന്നെങ്കിലും താമസിയാതെ ഉത്തരേന്ത്യയിലേയ്ക്ക് പോയി. ആറ് കാലങ്ങളിൽ ശാസ്ത്രീയ സംഗീതം ആലപിച്ചിരുന്ന ഗോവിന്ദ മാരാരെ കുറിച്ചാണ് ത്യാഗരാജ സ്വാമികൾ എന്തൊരു മഹാനുഭാവലു എന്ന കീർത്തനം എഴുതിയത്. 32 സ്വരങ്ങൾ വരുമ്പോഴാണ് ആറ് കാലമാകുക, എട്ട് സ്വരങ്ങൾ വച്ച് നാലാം കാലം വരെയേ പ്രഗൽഭരായ സംഗീതഞ്ജന്മാർ പോലും പല്ലവി പാടുകയോള്ളൂ. മഹാരാഷ്ടയിലെ പാന്ഥർ പൂരിൽ വച്ചാണ് മാരാർ മരണമടഞ്ഞത്. ഷഡ് കാല ഗോവിന്ദമാരാർ സ്മാരക ഓഡിറ്റോറിയം ക്ഷേത്രത്തിന് സമീപമുണ്ട്, സ്മാരക സമ്മതിയും പ്രവർത്തിച്ചു വരുന്നു.

വൈറ്റില ഹബ്ബിൽ നിന്ന് തൃപ്പുണിത്തുറ, തിരുവാങ്കുളം, പുത്തൻകുരിശ് വഴി 17 കിലോ മീറ്റർ സഞ്ചരിച്ചാൽ ചൂണ്ടി കവലയിലെത്തും, അവിടെ നിന്ന് തെക്ക് കിഴക്കോട്ട് ആറ് കിലോ മീറ്റർ പോയി മൂവാറ്റുപുഴയാറിലെ പാലം കടന്നാൽ രാമമംഗലം കവലയിൽ എത്തും, അവിടെ നിന്ന് പുഴയുടെ തീരത്ത് കൂടി ഒരു 800 മീറ്റർ കിഴക്കോട്ട് പോയാൽ ക്ഷേത്രത്തിലെത്തും.

ഊരമന ക്ഷേത്രത്തിന്റെ ചരിത്ര നിഗൂഢതകൾ 

 രാമമംഗലത്തിന് അഞ്ച് കിലോ മീറ്റർ കിഴക്കുള്ള, മൂവാറ്റുപുഴയാറിന് തീരത്ത് തന്നെയുള്ള ഊരമന പെരും തൃക്കോവിൽ

https://www.facebook.com/groups/108794666202687/permalink/1122824338133043/

രാമമംഗലത്ത് നിന്ന് പുഴയോരത്ത് കൂടി അഞ്ച് കിലോ മീറ്റർ വടക്ക് കിഴക്കോട്ട് പോയാൽ ഇവിടെയെത്തും. NH85 വഴി കോലഞ്ചേരിയിൽ നിന്ന് നാല് കിലോ മീറ്റർ കിഴക്കോട്ട് പോയി പെരുവുമുഴി കവലയിൽ നിന്ന് മൂവറ്റുപുഴയാറിലെ പാലം കടന്ന് മൂന്ന് കിലോ മീറ്റർ തെക്കോട്ട് പോയാലും ഇവിടെയെത്തും. ഊരമനയിൽ കിഴക്ക് ദർശനമായ രണ്ട് ക്ഷേത്രങ്ങളിൽ നരസിംഹവും, ശാസ്താവും കുടികൊള്ളുന്നു. ആനപള്ള മതിലും, അനുബന്ധ കെട്ടിടങ്ങളും ഉൾപ്പടെ രാമമംഗലം പെരും തൃക്കോവിലിന് സമാനമാണ് ഊരമന പെരും തൃക്കോവിൽ. ഊരമന പെരുംതൃക്കോവിൽ ഉയർന്ന സ്ഥലത്താണെന്നും, ചെറുതാണെന്നും വിത്യാസമുണ്ട്. പ്രതിഷ്ഠാ സങ്കല്പത്തിലാണ് മറ്റൊരു വിത്യാസം രാമമംഗലത്ത് ശാന്തനായ നരസിംഹമാണെങ്കിൽ ഊരമനയിൽ അത്യുഗ്ര കോപിഷ്ടനായ നരസിംഹമാണ്. അത്യുഗ്ര മൂർത്തിയായത് കൊണ്ട് ഉപ ദേവകൾ ഒന്നുമില്ല.

രാമമംഗലം പെരുംതൃക്കോവിലിലും പഴക്കമുള്ള ഈ ക്ഷേത്രത്തിന് മൂന്ന് സഹസ്രാബ്ദത്തെ പഴക്കം കണക്കാകുന്നു. ആദിയിൽ ഈ രണ്ട് ക്ഷേത്രങ്ങളും ശിവാലയം ആയിരുന്നിരിക്കാൻ സാധ്യതയുണ്ട്. രാമമംഗലം ക്ഷേത്രത്തിലെ ശിവലിംഗം അടുത്തുള്ള അപ്പാട്ട് ക്ഷേത്രത്തിൽ കാണമെങ്കിൽ, ഊരമനയിൽ ഉണ്ടായിരുന്ന ശിവ ലിംഗം എവിടെയാണെന്ന് കൃത്യമായി പറയാൻ കഴിയില്ല. ഒന്നാം ചേര ചക്രവർത്തിമാർ ശിവ ഭക്തരായിരുന്നത് കൊണ്ട് കേരളത്തിൽ ഉടനീളം ശിവ ക്ഷേത്രങ്ങൾ സ്ഥാപിച്ചു. ഒന്നാം ചേര സാമ്രാജ്യ തകർച്ചയോടെ ബുദ്ധ, വൈഷ്ണവ മതങ്ങൾ കേരളത്തിൽ പ്രബലമാകുകയും ശിവ ക്ഷേത്രങ്ങളിൽ പലതും അവരുടെ ക്ഷേത്രങ്ങളാകുകയും ചെയ്തു. ചില ക്ഷേത്രങ്ങളിലെ ശിവ ലിംഗങ്ങൾ നിർദാക്ഷണ്യം വലിച്ചെറിയുക പോലും ചെയ്തു. പകരമായി ബുദ്ധ മതം കേരളത്തിൽ വേരറ്റപ്പോൾ ബുദ്ധ പ്രതിമകൾ വലിച്ചെറിയപ്പെട്ടത് നിയതിയുടെ തനിയാവർത്തനം.

ഊരമന പെരും തൃക്കോവിലിന് തൊട്ടടുത്ത് കുറച്ച് താഴെയായി പുഴയുടെ തീരത്താണ് ശാസ്താ ക്ഷേത്രം. സ്വയംഭൂ പ്രതിഷ്ഠയാണെന്നാണ് വിശ്വാസം, ക്ഷേത്രോൽപ്പത്തി ഐതീഹ്യം ഇങ്ങിനെയാണ്. പണ്ട് ഊരമനയിലുള്ള ബ്രാഹ്മണർ തിരുനാവായ മഠത്തിലായിരുന്നു വേദപഠനം നടത്തിയിരുന്നത്. അതിൽ ഒരു നമ്പൂതിരി തിരുനാവായക്കടുത്തുള്ള ചമ്രവട്ടം ശാസ്താവിന്റെ ഭക്തനായി അവിടെ തന്നെ കഴിഞ്ഞു. പിന്നീട് ഇല്ലത്ത് അച്ഛൻ സ്ഥാനം ഏറ്റുടുക്കുവാൻ നിർബന്ധിതനായപ്പോൾ നടയിൽ ചെന്ന് കരഞ്ഞു വിളിച്ചു. രാത്രി ശാസ്താവ് സ്വപ്ന ദർശനം നൽകി ചമ്രവട്ടം ക്ഷേത്രത്തിൽ നിന്ന് ഒരു ശില എടുത്ത് കൊണ്ട് പോയി പെരും തൃക്കോവിലിനടുത്ത് വച്ച് പൂജ നടത്തിയാൽ തന്റെ സാന്നിധ്യം അവിടെ ഉണ്ടാകുമെന്ന് പറഞ്ഞു. ശില സ്ഥാപിച്ച സ്ഥലത്ത് പിന്നീട് ക്ഷേത്രം നിർമ്മിച്ചു.

പടിഞ്ഞാട്ട് ഒഴുകി വരുന്ന മൂവറ്റുപുഴയാർ ക്ഷേത്രത്തിന് അടുത്ത വച്ച് കുത്തി തിരിഞ്ഞ് കിഴക്കോട്ട് ഒഴുകുകയും, അതിന് ശേഷം പിന്നെയും കുത്തി തിരിഞ്ഞ് തെക്ക് പടിഞ്ഞാട്ട് ഒഴുകുകയും ചെയ്യും. സ്വന്തം തട്ടകം സ്ഥാപിക്കാനായി ഊരമനശാസ്താവ് പുഴ ഇങ്ങിനെ തിരിച്ച് വിട്ടതാണെന്നാണ് നാട്ടിലെ പഴമൊഴി. ഇങ്ങിനെ രണ്ട് തവണ കുത്തി തിരിഞ്ഞ് ഒഴുകുന്നത് കൊണ്ടായിരിക്കാം വേനൽ കാലത്ത് ജല നിരപ്പിൽ നിന്ന് പത്ത് അടിയിലേറെ ഉയരത്തിലുള്ള ഈ ക്ഷേത്രത്തിൽ പുഴ കര കവിഞ്ഞ് ഒഴുകുമ്പോൾ വെള്ളം കയറുന്നത്. തിരുവല്ല തിരുവാറ്റ ശിവക്ഷേത്രം, തൃപ്പുലിക്കൽ ശിവ ക്ഷേത്രം, ആലുവ ശിവ ക്ഷേത്രം, താന്നിക്കുടം ഭഗവതി ക്ഷേത്രം, അയ്യപ്പൻ കോവിൽ ശാസ്താ ക്ഷേത്രം, ചമ്ര വട്ടം ശാസ്താ ക്ഷേത്രം, അനന്തേശ്വര വിനായക ക്ഷേത്രം തുടങ്ങിയവയാണ് പ്രകൃതി ആറാട്ട് നടത്തുന്ന മറ്റ് ക്ഷേത്രങ്ങൾ. വന ശാസ്ത സങ്കൽപ്പമായാത് കൊണ്ട് കരിങ്കല്ലിൽ തീര്‍ത്ത ശ്രീകോവിലും ചുറ്റമ്പലവും ബലിക്കൽപ്പുരയും അടങ്ങുന്ന ഈ ക്ഷേത്രത്തിലെ ശ്രീകോവിലിന് മേൽക്കൂരയില്ല.    

നിലവറയിൽ ഒതുങ്ങാത്ത ധന ധന്യ സമൃദ്ധിയോടെ ശോഭിച്ചിരുന്ന ഊരമന പെരും തൃക്കോവിൽ സ്ഥാപത്യ തത്വാനുസാരിയായ ഉത്തമ സ്ഥലിയിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ധാന്യങ്ങൾ വിതച്ചാൽ വേഗം മുളയ്ക്കുന്നതും, സമ നിരപ്പായതും, മിനുസമുള്ളതും, കിഴക്കേദിക്കിലേയ്ക്ക് ചെരിവുള്ളതും, പ്രദിഷണ വഴിയെ ജലമൊഴുകുന്നതുമായിരിക്കണം സ്ഥാപത്യതത്വാനുസാരിയായ ഇടം. അവിടെ സസ്യ ജന്തുജാലങ്ങൾ ഒരുമയോടെ കഴിയണം. അങ്ങിനെ ഒരു മനസ്സോടെ കഴിഞ്ഞ സ്ഥല നാമം ഒരുമന എന്നും ഊരമന എന്നുമായത്രേ. ഊരിൽ (ഗ്രാമത്തിൽ) നിറച്ച് ബ്രാഹ്മണ ഇല്ലങ്ങൾ (മന) ഉള്ളത് കൊണ്ടാണ് ഊരമന എന്ന് പേര് വന്നതെന്നും വാദമുണ്ട്.

ക്ഷേത്രോൽപ്പത്തി ഐതീഹ്യം അനുസരിച്ച് പരശുരാമനാണ് ക്ഷേത്രം സ്ഥാപിച്ചത്. വട്ട ശ്രീകോവിലിൽ അഞ്ജന ശില കൊണ്ടാണ് പ്രതിഷ്ഠ, പഞ്ചലോഹം വാർത്ത് കെട്ടിയിട്ടുണ്ട്. ഉപ ദേവ പ്രതിഷ്ഠകൾ ഒന്നുമില്ലെങ്കിലും സപ്ത മാതൃക്കളുടെയും ഇന്ദ്രാദി ദിക്ക് പാലകരുടെയും ചൈതന്യം ബലിക്കല്ലുകളിലുണ്ട്. ബലിക്കൽ പുരയുടെയും നമസ്ക്കാര മണ്ഡപത്തിന്റെയും മച്ചിൽ വിശിഷ്ടങ്ങളായ ദാരു ശിൽപ്പങ്ങളുണ്ട്. ശ്രീകോവിലിൽ ചുവരിൽ മുഴുവനായിത്തന്നെ അതി വിശിഷ്ടങ്ങളായ ചുവർ ചിത്രങ്ങളാണ്. കാലം കുറച്ച് മങ്ങൽ ഏൽപ്പിച്ചു എങ്കിലും നയനാമൃതമാണ് ഈ ചിത്രങ്ങൾ ഇന്നും. രാമപുരത്ത് വാര്യരുടെ സഹോദരി ഇവിടെ ഭജനം പാർത്തിരുന്ന കാലത്ത് വരച്ചതാണ് ചിത്രങ്ങളെന്ന് കേൾക്കുന്നുണ്ടെങ്കിലും കേവലം മുന്നൂറ് വർഷത്തെ പഴക്കം ഒന്നും അല്ല ഈ ചിത്രങ്ങൾക്ക്. രാമ രാവണ യുദ്ധം, കിരാതാര്‍ജുന യുദ്ധം, ഗജേന്ദ്ര മോക്ഷം, ദക്ഷിണാ മൂര്‍ത്തി, നരസിംഹാവതാരം, രാസ ലീല, ഗണപതി തുടങ്ങിയവയാണ് ചിത്രങ്ങൾ. അത്യപൂര്‍വമായി മാത്രം കാണുന്നതാണ് ത്രി വിക്രമ വാമന മൂര്‍ത്തിയുടെ ചിത്രം. 1997ൽ കേരള പുരാവസ്തു വകുപ്പ് ഈ ക്ഷേത്രം ഏറ്റെടുത്തു.

ക്ഷേത്രത്തിൽ ഊരായ്മ ഉണ്ടായിരുന്ന 72 മനകളിൽ ഇന്ന് തെക്കിനേഴം, വട്ടവേലി, പെരിങ്ങാട്ടുപ്പള്ളി എന്നീ മനകൾ മാത്രമേ നിലവിലോള്ളൂ. മറ്റ് മനകൾ നശിച്ചു പോയതിനെ കുറിച്ച് ഒരു ഐതീഹ്യം കേൾക്കുന്നുണ്ട്. ഒരിയ്ക്കൊലൊരു പരദേശി ഊരമനയിലെത്തി. ക്ഷേത്രത്തിന് കിഴക്കുള്ള ഇല്ലങ്ങളിൽ കയറി അയാൾ ഭക്ഷണം ചോദിച്ചെങ്കിലും ആരും കൊടുത്തില്ല, അവസാനത്തെ ഇല്ലത്തിലെ കാരണവർ ക്ഷേത്രത്തിലേയ്ക്ക് പറഞ്ഞു വിട്ടു. അവിടെ ചെന്നപ്പോഴെയ്ക്കും അത്താഴ പൂജ കഴിഞ്ഞ് നടയടച്ച് ശാന്തിക്കാരൻ പോയിരുന്നു. വിശന്ന് വലഞ്ഞ അയാൾ തിടപ്പള്ളിയിൽ ചെന്നപ്പോൾ ആജാനു ബാഹുവായ ഒരാൾ കുറച്ച് ചോറും ഒരു കിണ്ടി വെള്ളവും കൊടുത്ത് ക്ഷേത്രത്തിന്റെ കിഴക്ക് വശത്ത് പോയിരുന്നു ഭക്ഷണം കഴിക്കാനും കുറച്ചു ദൂരെ അസാമാന്യമായ പ്രകാശം കണ്ടാൽ പരിഭ്രമിക്കാതെ ഗോപുരത്തിൽ പോയി കിടന്നു ഉറങ്ങി കൊള്ളാനും പറഞ്ഞു. രാവിലെ അയാൾ എഴുന്നേറ്റ് നോക്കിയപ്പോൾ തനിക്ക് തലേന്ന് ഭക്ഷണം തരാതിരുന്ന ഇല്ലങ്ങളെല്ലാം കത്തി നശിച്ചു പോയതായി കണ്ടു. വിശന്ന് വലഞ്ഞ പരദേശിയ്ക്ക് ഭക്ഷണം കൊടുത്ത ഇവിടുത്തെ തേവർ അങ്ങിനെ അന്ന ദാന പ്രഭുവായി.    

ഊരമനയിലെ നരസിംഹമൂർത്തിയും ശാസ്താവും തമ്മിൽ സൗന്ദര്യപിണക്കം ഉണ്ടായതായും കഥയുണ്ട്. നരസിംഹ മൂർത്തിയുടെ തട്ടകത്തിലെ പാടങ്ങൾ മുക്കുവാനായി ശാസ്താവും ഭൂത ഗണങ്ങളും ഒരിയ്ക്കൽ പുഴ കിഴക്കോട്ട് തിരിച്ച് വിടാൻ തുനിഞ്ഞു. അവസാനം രണ്ടു പേരും സന്ധിയായി തേവർക്ക് കിട്ടുന്ന വഴിപാടുകളിൽ പാതി ശാസ്താവിന് കൊടുക്കുവാൻ ധാരണയായി. പുഴ തിരിച്ച് വിടാൻ ശ്രമിച്ചപ്പോൾ ഉണ്ടായതാണത്രേ കിഴക്കുള്ള പാടങ്ങളുടെ നടുക്കുള്ള കുട്ട മുട്ടി പറമ്പും, പുഴയുടെ നടുക്കുള്ള തുരുത്തും. തനിക്ക് ഏറെ ഇഷ്ടമുള്ള ചതുശ്ശതം വഴിപാടിന്റെ പാതി ശാസ്താവിന് നൽകാതിരിക്കാനായി നരസിംഹ മൂർത്തി ഒരു സൂത്രം ചെയ്തിട്ടുണ്ടത്രേ. ചതുശ്ശതത്തിന്റെ പാതി ശാസ്താവിന്റെ നടയിലേയ്ക്ക് കൊണ്ട് പോവാനുള്ള വാർപ്പ് കുറച്ച് ചരിവുള്ളതാണ്, അത് കൊണ്ട് എങ്ങിനെ ഒഴിച്ചാലും പാതിയിൽ കുറവേ ഉണ്ടാകുകയോള്ളൂ. വിഡ്ഢി വാർപ്പ് എന്നാണ് ഈ പാത്രത്തിന്റെ പേര്. നിത്യവും ത്രികാല പൂജയുള്ള ഈ ക്ഷേത്രങ്ങളിൽ എല്ലാ മാസവും തിരുവോണ നാളിൽ നരസിംഹ മൂർത്തിയ്ക്ക് പാലഭിഷേകവും ഉത്രം നാളിൽ ശാസ്താവിന് കരിക്കഭിഷേകവും പതിവുണ്ട്. ശാസ്താവിനെ പ്രകൃതി ആറാട്ട് നടത്തുന്ന സമയത്ത് അവിടെ നിന്ന് തിടമ്പ് കൊണ്ട് വന്ന് പെരും തൃക്കോവിലിൽ വച്ച് പൂജ നടത്തുകയും വഞ്ചിയിൽ പോയി സ്വയംഭൂ പ്രതിഷ്ഠയ്ക്ക് മുകളിൽ നറുക്കില നേദ്യം നടത്തുകയും ചെയ്യും.

മീന മാസത്തിലെ ചോതി നാളിൽ കൊടിയേറി തിരുവോണം ആറാട്ടായാണ് ഉത്സവം. കൊല്ല വർഷം 1099ലാണ് സമ്പൂർണ ഉത്സവം അവസാനമായി നടന്നത്. 99ലെ പ്രളയത്തിൽ ഉണ്ടായ നാശ നഷ്ടങ്ങൾ പരിഹരിച്ച് ആചാര പ്രകാരമുള്ള നവീകരണ കലശം കഴിയാത്തത് കൊണ്ടാണ് മുഴുവനായി നടത്താത്തത്. ഉത്സവത്തിന് ഇപ്പോൾ ക്ഷേത്രത്തിന് അകത്തെ ചടങ്ങുകൾ മാത്രമാണ് നടത്തുന്നത്. 2005ലെ അഷ്ട മംഗല്യ പ്രശ്ന വിധി അനുസരിച്ച് 2006 മുതൽ ഇവിടെ നവീകരണ പ്രവർത്തനങ്ങൾ കുറേശെ നടക്കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും അധികം താമസിയാതെ നവീകരണം പൂർത്തിയായി കലശം നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഊരമന ക്ഷേത്രങ്ങൾ സന്ദർശിച്ചപ്പോൾ എനിയ്ക്ക് രണ്ട് സംശയങ്ങൾ ഉളവായി. ശിവ ലിംഗത്തെ കുറിച്ച് ആദ്യ ഭാഗത്ത് എഴുതിയിരുന്നല്ലോ. രണ്ടാമത്തെ സംശയം ത്രിവിക്രമ മൂര്‍ത്തിയുടെ ചുവർ ചിത്രത്തെ കുറിച്ചായിരുന്നു. എന്റെ അനുമാനം ഊരമന ക്ഷേത്ര പ്രതിഷ്ഠാ സങ്കൽപ്പം പല തവണ മാറിയിട്ടുണ്ടെന്നാണ്. ആദ്യം ശിവാലയം, രണ്ടാമത് ബുദ്ധ വിഹാരം, മൂന്നാമത് വാമന സങ്കൽപ്പത്തിൽ മഹാ വിഷ്ണു, നാലാമത് ശിവാലയം, അവസാനമായി നരസിംഹ സങ്കൽപ്പം. ഇതിനെ കുറിച്ച് പഠനം നടത്തുവാൻ ആഴ്ച്ചകളോളം ഊരമന പരിസരത്ത് അന്വേഷണം നടത്തി. അവസാനം ഒരു ഇല്ലത്തിലെ പ്രായധികമുള്ള തിരുമേനിയാണ് കണ്ടൻ കാവ് ക്ഷേത്രത്തെ കുറിച്ച് സൂചന നൽകിയത്.

ഊരമനയ്ക്ക് നാല് കിലോ മീറ്റർ തെക്ക് പടിഞ്ഞാറാണ് കണ്ടൻ കാവ്. അപൂർവമായ വാമന ക്ഷേത്രം എന്നതിൽ ഉപരി ശൈവ, വൈഷ്ണവ, ശാക്തേയ സമന്വയമാണ് ഇവിടം. പടിഞ്ഞാറ് ദർശനമായ വട്ട ശ്രീകോവിലിൽ വാമന മൂർത്തിയാണ് പ്രധാന ദേവൻ, ചെറിയ നാലമ്പലവുണ്ട്, നിത്യവും രണ്ട് നേരം പൂജയുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കന്നി മാസത്തിലെ തിരുവോണമാണ്. മഹാ സുകൃത ഹോമവും, ഭാഗവത സപ്താഹവും ഉത്സവത്തോടനുബന്ധിച്ച് നടക്കും. വാമന ക്ഷേത്രത്തിന് തൊട്ട് തെക്ക് കിഴക്കാണ് അടുത്ത കാലത്ത് നിർമ്മിച്ച ചിന്നമസ്ത ക്ഷേത്രം.  ശാക്തേയ ആരാധന സങ്കൽപ്പങ്ങളിൽ പാര്‍വ്വതിയുടെ ദശ പ്രേതങ്ങളിലെ ഏറ്റവും ഭയങ്കരിയാണ് ചിന്നമസ്ത. സ്വന്തം തല വെട്ടി ആ തല കൈയ്യിൽ പിടിച്ചാണ് ഇരിപ്പ്, കഴുത്തിൽ നിന്നും ചിതറുന്ന രക്തം നാവാൽ നക്കി കുടിക്കുന്നുമുണ്ട്. ഭക്തിയുടെ പാരമ്യത്തിൽ ബുദ്ധി വേണ്ടന്ന സങ്കൽപ്പത്തിൽ ബുദ്ധിയ്ക്ക് നിദാനമായ തല വെട്ടി കളയുന്നു എന്നാതാണ് ഈ രൂപത്തിന്റെ പൊരുൾ. പല ബ്രാഹ്മണ ഇല്ലങ്ങളിലും രഹസ്യമായി ഈ ദേവിയ്ക്ക് പണ്ട് വച്ചുസേവ നടത്തിയിരുന്നു. കണ്ഠ കാവ് എന്നതാണ് കണ്ടൻ കാവായത്. അടുത്ത കാലം വരെ കാട് പിടിച്ചു കിടന്ന കാവായിരുന്നു ഇവിടം, പകൽ സമയത്ത് പോലും ഇവിടെ വരാൻ നാട്ടുകാർ ഭയന്നിരുന്നു.

വാമന ക്ഷേത്രത്തിൽ നിന്ന് 100 മീറ്റർ വടക്ക് വശത്ത് ഒരു ചെറിയ കുന്നിൻ മുകളിലായി ശിവന്റെ രണ്ട് കോവിലുകളുണ്ട്. വടക്ക് വശത്തുള്ള കോവിലിൽ ഉമാമഹേശ്വര സങ്കൽപ്പത്തിൽ ശിവ ലിംഗമാണ്. തെക്ക് വശത്ത് ദക്ഷിണാ മൂർത്തി സങ്കൽപ്പത്തിൽ ലിംഗവും. വടക്ക് വശത്തുള്ള ലിംഗം അക്രമികൾ എടുത്ത് കുളത്തിൽ ഇട്ടപ്പോൾ തെക്ക് വശത്തുള്ള ലിംഗം സ്ഥാപിച്ചു എന്നും, പിന്നീട് ആദ്യ ലിംഗം തിരികെ കിട്ടിയപ്പോൾ വടക്ക് വശത്ത് പ്രതിഷ്ഠിച്ചു എന്നുമാണ് നാട്ടിൽ പ്രചാരമുള്ള കഥ. ഇതിൽ കുറച്ച് വാസ്തവം ഉണ്ടാകാം എങ്കിലും രുദ്രാക്ഷ ശില കൊണ്ടുള്ള അതി പുരാതനമായ ശിവലിംഗം ഏതോ മഹാ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരുന്നതാണെന്ന് നിസംശയം പറയാം.

രാമമംഗലം, ഊരമന പെരും തൃക്കോവിലുകളിൽ നരസിംഹ സങ്കൽപ്പം വന്നതിനെ കുറിച്ചായിരുന്നു പിന്നീട് എന്റെ അന്വേഷണം. അങ്ങിനെയാണ് മുരിയമംഗലം നരസിംഹ ശാസ്താ ക്ഷേത്ര സമുച്ചയത്തിൽ എത്തിയത്. തുടർന്ന് എഴുതുന്നതായിരിയ്ക്കും.

മുരിയമംഗലം ക്ഷേത്ര സമുച്ചയം 

എറണാകുളം ജില്ലയിൽ തിരുവാങ്കുളത്തിനടുത്താണ് മുരിയമംഗലം ശാസ്താ, നരസിംഹ ക്ഷേത്രങ്ങൾ. 

https://www.facebook.com/groups/108794666202687/permalink/1127789624303181/

വൈറ്റില ഹബ്ബിൽ നിന്ന് മൂവാറ്റുപുഴയ്ക്ക് പോകുമ്പോൾ ഒമ്പത് കിലോ മീറ്റർ സഞ്ചരിച്ചാൽ മാമല കവലയിലെത്തും, അവിടെ നിന്ന് വെണ്ണിക്കുളം പാത വഴി ഒന്നര കിലോ മീറ്റർ തെക്കോട്ട് പോയാൽ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രങ്ങളിലെത്തും. നരസിംഹ മൂർത്തി ക്ഷേത്രത്തിലേയ്ക്കാണ് ആദ്യം ചെല്ലുന്നത്, അവിടെ നിന്ന് 40 മീറ്റർ തെക്ക് വശത്താണ് ശാസ്താ ക്ഷേത്രം. നരസിംഹ ക്ഷേത്രത്തിലെ തിടപ്പള്ളി വാതിലിന്റെ അടിസ്ഥാന ശിലയിൽ കാണുന്ന വട്ടെഴുത്തിന് 900 വർഷത്തെ പഴക്കമുണ്ട്. അതനുസരിച്ച് ഒരു സഹസ്രാബ്ദത്തോളം പഴക്കം നരസിംഹ മൂർത്തി ക്ഷേത്രത്തിനുണ്ട്. അതിലധികം പഴക്കം ശാസ്ത ക്ഷേത്രത്തിനുമുണ്ട്.

വേദ പാഠശാലകൾക്കും മുറയോത്തിനും (മുറജപം) പ്രസിദ്ധമായ ഇടത്തിന് മുറയോത്ത് മംഗലം എന്ന് പേര് വന്നു, അത് പിന്നീട് ലോപിച്ച് മുരിയ മംഗലമെന്നായി എന്നാണ് പ്രചാരത്തിലുള്ള ഒരു കഥ. എന്നാൽ ആദ്യമുണ്ടായത് ശാസ്താക്ഷേത്രമായതിനാലും, മുറയോത്ത് എന്ന അർത്ഥം അയ്യപ്പ സ്വാമിയെ സ്തുതിച്ച് വേലന്മാർ പാടുന്നതിനുള്ളതിനാലും മുരിയമംഗലമെന്ന പേര് വന്നത് അതിൽ നിന്നായിരിയ്ക്കാനും സാധ്യതയുണ്ട്. നരസിംഹ ക്ഷേത്രോൽപ്പത്തി ഐതീഹ്യത്തിൽ മുരിങ്ങോത്ത് അടികൾ എന്നുള്ളത് കൊണ്ട് മുരിങ്ങമംഗലം എന്നത് മുരിയമംഗലമായി തീർന്നതാകാനും സാധ്യത കാണുന്നു.

ശാസ്താ ക്ഷേത്രത്തിൽ പൂജാദി കർമ്മങ്ങൾ നിർവഹിച്ചു വന്ന മുരിങ്ങോത്ത് അടികളുടെ മനയുണ്ടായിരുന്ന സ്ഥലത്താണത്രേ നരസിംഹ ക്ഷേത്രം. അടികൾ നടത്തിയ മുറജപത്തിന് അവസാനം സ്വയം ഭൂവായതത്രേ ഇവിടുത്തെ മൂർത്തി. ഹോമകുണ്ഡത്തിൽ നിന്ന് ഉളവായതിനാൽ ആയിരം കുടം ജലം അഭിഷേകം ചെയ്ത് ദേവ താപത്തെ ശമിപ്പിച്ചു. അടികൾ മനയുണ്ടായിരുന്ന സ്ഥലത്ത് പടിഞ്ഞാട്ട് ദർശനമായി ക്ഷേത്രം നിർമ്മിക്കുകയും, കിഴക്കേ നടയിൽ ലക്ഷ്മിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ ഐതീഹ്യത്തിന്റെ വിശ്വസനീയത സംശയകരമാണ്, കാരണം ശിവ ക്ഷേത്രങ്ങളിലാണ് ശ്രീകോവിലിന്റെ എതിർ വശത്ത് ദേവിയുടെ നട ഉണ്ടാകുന്നതും ജലാഭിഷേകം നടത്തുന്നതും. അതിനാൽ രാമമംഗലം, ഊര മന നരസിംഹ ക്ഷേത്രങ്ങളെ പോലെ ആദ്യ കാലത്ത് മുരിയമംഗലത്തും ശിവാലയമായിരുന്നിരിക്കാൻ സാധ്യതയുണ്ട്. ഊരമനയിലെ പോലെ തൊട്ടു അടുത്ത് ശാസ്താ ക്ഷേത്രം ഇവിടെയും ഉള്ളത് കൊണ്ട് ഈ ക്ഷേത്രവും ഇട കാലത്ത് ബുദ്ധ വിഹാരമായിരുന്നിരിക്കാനും ഇവിടുത്തെ ബുദ്ധവിഗ്രഹം മാറ്റി സ്ഥാപിച്ച് ശാസ്താ സങ്കൽപ്പം കൊടുത്തതായിരുന്നിരിക്കാനും സാധ്യതയുണ്ട്.

നരസിംഹ ക്ഷേത്രോൽപ്പത്തിയെ കുറിച്ച് മറ്റൊരു ഐതീഹ്യവുമുണ്ട്. തുറവൂർ നരസിംഹ, സുദർശന ക്ഷേത്രത്തെ കുറിച്ചുള്ള ഐതീഹ്യത്തിൽ (തീർത്ഥ യാത്ര ആറാം ഭാഗം) ഗുരു ഹത്യാ പാപപരിഹാരത്തിന് നരസിംഹ ഘട്ടിൽ തപസ്സ് ചെയ്തത് കേരളേന്ദ്ര ചക്രവർത്തിയാണ് എങ്കിൽ, പ്രതി പുരുഷനായി അടികളാണ് ഇവിടുത്തെതിൽ കാശിയിൽ പോയത്. നരസിംഹ ഘട്ടിൽ നിന്ന് ആവാഹിച്ച് കൊണ്ട് വന്ന ചൈതന്യത്തിൽ ഒരു ഭാഗം തുറവൂരും, ഒരു ഭാഗം മുരിയമംഗലത്തും, മറ്റൊരു ഭാഗം കാലടിയ്ക്കടുത്തുള്ള നായത്തോടിലും പ്രതിഷ്ഠിച്ചു.

നായയായി പുനർ ജനിച്ച ഗുരു അമേദ്യം ഭക്ഷിച്ചപ്പോൾ നായ തോടിൽ വച്ചാണത്രേ കേരളേന്ദ്ര വധിച്ചത്. നെടുമ്പാശ്ശേരി കൊച്ചി ഇന്റർ നാഷണൽ എയർ പോർട്ടിന് രണ്ട് കിലോ മീറ്റർ വടക്ക് കിഴക്കുള്ള നായ തോട് ക്ഷേത്രത്തിലെ പ്രതിഷ്ഠ സങ്കൽപ്പം ഇപ്പോൾ ശങ്കരനാരായണനാണ്. ഈ ഐതീഹ്യങ്ങളെല്ലാം അനുസരിച്ച് ക്രിസ്തു വർഷം 1021 മുതൽ പത്ത് വർഷത്തോളം കേരളം ഭരിച്ചിരുന്ന വീര കേരള പെരുമാൾ മുരിങ്ങോത്ത് അടികളുടെ സംസർഗ്ഗത്താൽ കേരളത്തിൽ അന്ന് ഉണ്ടായിരുന്ന കുറെ ക്ഷേത്രങ്ങളിൽ നരസിംഹ മൂർത്തിയെ പ്രതിഷ്ഠിച്ചു എന്ന് അനുമാനിക്കാം.   

ഒരു മഹാ ക്ഷേത്രത്തിന്റെ സർവ്വ ലക്ഷണങ്ങളോടും കൂടി ചിട്ടപ്പെടുത്തിയ ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങൾ നടത്തി പോരുന്നതിനായി മധുരത്താട്ട്, കോമന, മാങ്കുഴി, കുഴിക്കാട്ട്, കിഴക്ക് ഭാഗത്ത് എന്നീ ബ്രാഹ്മണകുടുംബങ്ങളെ ഊരായ്മ്മക്കാരായി അടികൾ നിയമിച്ചു. അടുത്തുള്ള മറ്റ് ക്ഷേത്രങ്ങളെയും ചേർത്ത് മുരിങ്ങോത്ത് ദേവസ്വം രൂപികരിച്ചു. അന്ന് ഈ ദേവസ്വത്തിന്റെ അധീനതയിലായിരുന്നു ക്ഷേത്രങ്ങൾക്ക് ചുറ്റും ഏകദേശം 6 കിലോ മീറ്റർ വിസ്തൃതിയിലുള്ള ഭൂ വിഭാഗം. ഇവിടെ നിന്ന് ആണ്ടിൽ ഏതാണ്ട് 16000 പറ പാട്ട നെല്ല് ലഭിക്കുമായിരുന്നു. നെല്ല് സൂക്ഷിക്കുന്നതിനായി നിർമ്മിച്ച അറ പുര പടിഞ്ഞാറേ നടയുടെ തെക്ക് ഭാഗത്ത് ഇപ്പോഴുമുണ്ട്. ക്ഷേത്ര കാര്യങ്ങൾ നോക്കുന്നതിനും നെല്ല് സൂക്ഷിക്കുന്നതിനുമായി നിർമ്മിച്ച ഇത്തരം പത്തായ പുരകൾ രാമമംഗലം, ഊരമന ക്ഷേത്രങ്ങളിലുമുണ്ട്.

മുരിങ്ങോത്തടികളുടെ സമാധിയ്ക്ക് ശേഷം നരസിംഹ ക്ഷേത്രത്തിന്റെ തെക്ക് കിഴക്കേ കോണിൽ യോഗീശ്വരനായി പ്രതിഷ്ഠിച്ചു. അറപ്പുരയിൽ ലക്ഷ്മിയുടെ സങ്കൽപ്പവുമുണ്ട്. ഇതല്ലാതെ മറ്റു ഉപ ദേവാലയങ്ങൾ ഒന്നും നരസിംഹ ക്ഷേത്രത്തിൽ ഇല്ല. ശാസ്താ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കിഴക്കോട്ട് ദർശനമായി ഒറ്റ പീഠത്തിൽ ഭദ്രകാളിയും ദുർഗ്ഗയും ചേർന്ന മുല്ലയ്ക്കൽ ഭഗവതിയും, തെക്ക് കിഴക്ക് കുളത്തോട് ചേർന്ന് പടിഞ്ഞാട്ട് ദർശനമായി നാഗ ദേവകളുമുണ്ട്.

ചുറ്റു മതിൽ, പടിഞ്ഞാറും കിഴക്കും പ്രവേശന കവാടങ്ങൾ, പ്രദിഷണ വഴി, പടിഞ്ഞാറ് വശത്ത് നടപ്പുര, ബലിക്കൽപ്പുര, നാലമ്പലം, ചുറ്റമ്പലം, വിളക്ക് മാടം, മുഖ മണ്ഡപം, നമസ്ക്കാര മണ്ഡപം തുടങ്ങി മഹാ ക്ഷേത്രത്തിന്റെ എല്ലാ അംഗോപാംഗങ്ങളും നരസിംഹ ക്ഷേത്രത്തിലുണ്ട്. മേൽക്കുര ചെമ്പ് പൊതിഞ്ഞ ഇരുനില ചതുര ശ്രീകോവിലിൽ പടിഞ്ഞാറ് ദർശനമായി ചതുർ ബാഹു വിഷ്ണു വിഗ്രഹമാണ് പ്രതിഷ്ഠ. ശ്രീകോവിലിന്റെ കിഴക്കേ നടയിൽ ലക്ഷ്മി പ്രതിഷ്ഠയുമുണ്ട്. ബലിക്കൽപ്പുര, മുഖ മണ്ഡപം, നമസ്ക്കാര മണ്ഡപം എന്നിവയുടെ മച്ചിൽ മഹാ ഭാരതത്തിലെയും, ഭാഗവതത്തിലെയും സംഭവ പരമ്പരകളുടെ കൊത്തു പണികളുണ്ട്‌. പ്രകൃതി ജന്യമായ നിറങ്ങൾ ചാലിച്ച് ശ്രേഷ്ഠന്മാരായ തച്ചന്മാർ തടിയിൽ ആലേഖനം ചെയ്ത ഈ ചിത്രങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുഖ മണ്ഡപത്തിൽ നരസിംഹ മൂർത്തിയുടെ അവതാരം കൊത്തി വച്ചിട്ടുണ്ട്. ബലിക്കൽപ്പുരയുടെ മച്ചിൽ താമരയ്ക്കുള്ളിലെ സ്വരസ്വതി രൂപം മനോഹരമാണ്. പാദ ബന്ധത്തിൽ കരിങ്കല്ലിൽ തീർത്ത തറയും കരിങ്കൽ തൂണുകളിൽ താങ്ങി നിർത്തിയിരിക്കുന്ന മേൽപ്പുരയുമുള്ള നമസ്ക്കാര മണ്ഡപത്തിന്റെ മച്ചിൽ നവഗ്രഹങ്ങളുടെ ദാരുശിൽപ്പവും, അതിന് ചുറ്റും ക്ഷേത്രത്തിലെ എഴുന്നുള്ളിപ്പ്, സന്താന ഗോപാലം, പാലാഴി മഥനം, കിരാതം എന്നീ കൊത്തുപണികളും വിസ്മയ ജന്യമാണ്. ശ്രീകോവിലിന്റെ പുറം ഭിത്തികളിലും പുരാണോതിഹാസങ്ങളെ ആസ്പദമാക്കിയുള്ള കൊത്തു പണികളുണ്ട്‌. ശ്രീകോവിലിന്റെ താഴിക കുടത്തിൽ നിന്നും ത്രികോണ ധർമ്മത്തിൽ വിടർന്ന ആധാരത്തിന്റെ മുകളിൽ സ്വർണ്ണ കുമിളയുമുണ്ട്.

ശാസ്താവിനെയും മുല്ലയ്ക്കൽ ഭഗവതിയെയും നാഗ ദൈവങ്ങളെയും വന്ദിച്ച് പടിഞ്ഞാറേ കവാടം വഴി പ്രവേശിച്ച് നരസിംഹ മൂർത്തിയെയും തുടർന്ന് ലക്ഷ്മിയെയും വന്ദിക്കണം എന്നാണ് ഈ ക്ഷേത്ര സമുച്ചയത്തിലെ ദർശന ക്രമം. ആയിരം കുടം അഭിഷേകം, പുരാണ പാരായണം, വിഷ്ണു സഹസ്ര നാമജപം, മുറജപം, മുറഹോമം, കദളി കുല സമർപ്പണം, കദളി പഴ നേദ്യം, അത്താഴപൂജയിലെ പാൽ നിവേദ്യം, തിരുവോണ നാളിലെ പാൽ പായസം, ശാസ്താവിന് നീരാഞ്ജനം എന്നിവയാണ് പ്രധാന വഴിപാടുകൾ. സന്താന ലബ്ദി, രോഗ നിവാരണം തുടങ്ങിയവയാണ് ഫല സിദ്ധികൾ. നരസിംഹ ക്ഷേത്രത്തിൽ അഞ്ച് പൂജകളും മൂന്ന് ശീവേലികളും, ശാസ്താ ക്ഷേത്രത്തിൽ മൂന്ന് നേരം പൂജയുമുണ്ട്. രാവിലെ അഞ്ചരയ്ക്ക് നട തുറന്ന് ഒമ്പതരയ്ക്ക് നട അടയ്ക്കും, വൈകിട്ട് അഞ്ചരയ്ക്ക് നട തുറന്ന് രാത്രി ഏഴരയ്ക്ക് നടയടക്കും. 

മേട വിഷുവിന്റെ തലേന്ന് കൊടിയേറി ആറാം ദിവസം ആറാട്ടോടെയാണ് നരസിംഹ ക്ഷേത്രത്തിലെ ഉത്സവം. മുളയിടലും പള്ളിവേട്ടയുമുൾപ്പടെ അങ്കുരാദി ഉത്സവമാണ് ഇവിടുത്തേത്. ശാസ്താ ക്ഷേത്രത്തിലും മറ്റക്കുഴി ശിവ പാർവ്വതി ക്ഷേത്രത്തിലും നരസിംഹ ക്ഷേത്രത്തിൽ കൊടിയേറുന്നതിന് മുമ്പ് തന്നെ കൊടിയേറുന്നു. ഇവിടെ നിന്ന് രണ്ട് കിലോ മീറ്റർ വടക്ക് കിഴക്ക് കൊച്ചി ധനുഷ്ക്കോടി ദേശീയ പാതയ്ക്ക് അരുകിലാണ് മറ്റക്കുഴി ക്ഷേത്രം. നര സിംഹ ക്ഷേത്രത്തിലെ വലിയ വിളക്കിന് മറ്റക്കുഴി ശിവൻ എഴുന്നുള്ളുന്നു, വലിയ വിളക്കിന് നരസിംഹ മൂർത്തിയുടെയും ധർമ്മ ശാസ്താവിന്റെയും ശ്രീ പരമേശ്വരന്റെയും കൂടി എഴുന്നുള്ളത്ത് കാണാൻ ആയിരക്കണക്കിന് ഭക്തരെത്തുന്നു. കൊടിയേറി കണി കാണൽ ഉത്സവ വേളയിലെ മറ്റൊരു പ്രധാന ചടങ്ങാണ്. തലേന്ന് കൊടിയേറുന്നത് കണ്ട് ക്ഷേത്രത്തിൽ തന്നെ തങ്ങി, വിഷുവിന് ഭഗവാനെ കണി കണ്ട് തൃക്കൈനീട്ടം വാങ്ങുവാനും ആയിരങ്ങൾ ക്ഷേത്രത്തിലെത്തുന്നു. നരസിംഹ ജയന്തി (മേട മാസത്തിലെ അത്തം, വൈശാഖത്തിലെ ശുക്ല പക്ഷ ചതുര്‍ദശി), മീനത്തിലെ അത്തം നാളിലെ ധ്വജ പ്രതിഷ്ഠാ ദിന വാർഷികം, കർക്കിടകത്തിലെ രാമായണ മാസാചരണം, ചിങ്ങത്തിലെ അത്തം നാളിൽ ഇല്ലംനിറ, തിരുവോണത്തിന് പുത്തരി, അഷ്ടമി രോഹിണി, മണ്ഡല കാലം, നവ രാത്രി എന്നിവയാണ് മറ്റ് പ്രധാന ആഘോഷ വേളകൾ. കർക്കിടകത്തിൽ എല്ലാ ദിവസവും അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമവും, രാമായണ പാരായണവും നടത്തുന്നു. ചിങ്ങ മാസത്തിലെ അവസാന വാരം ഭാഗവത സപ്താഹ യജ്ഞം പതിനഞ്ച് വർഷങ്ങളായി മുടക്കമില്ലാതെ നടത്തുന്നു.

ചോറ്റാനിക്കര ദേവിയുടെ ഉത്രം നാൾ ആറാട്ട് (ചോറ്റാനിക്കര ക്ഷേത്രം ഇവിടെ നിന്ന് രണ്ട് കിലോ മീറ്റർ തെക്ക് ഭാഗത്താണ്) ഈ ക്ഷേത്രങ്ങൾക്ക് സമീപത്തുള്ള ചിറയിലാണ്. ആന പുറത്ത് ആറാട്ടിനായി എഴുന്നള്ളുന്ന ദേവിയേയും ശാസ്താവിനേയും പഞ്ച വാദ്യത്തോടും പൂത്താലത്തോടും കൂടിയാണ് നരസിംഹ ക്ഷേത്രത്തിൽ എതിരേൽക്കുന്നത്. ആറാട്ട് കടവിൽ പറ നിറയ്ക്കാനും സൗകര്യമുണ്ടാവും. ആറാട്ട് കഴിഞ്ഞ് ദേവി, ശാസ്താവ്, നരസിംഹ സ്വാമി എന്നിവരുടെ കൂടി എഴുന്നള്ളിപ്പും ശീവേലിയുമുണ്ടാകും. തുടർന്ന് നരസിംഹ സ്വാമിയോട് വിട ചൊല്ലി ധർമ്മ ശാസ്താ സമേതനായി ചോറ്റാനിക്കരയമ്മ തിരികെ പോകുന്നു.

വർഷങ്ങളായി മുടങ്ങി കിടന്ന മറ്റക്കുഴി തേവരുടെ എഴുന്നുള്ളത്തും, ഉത്രം നാൾ ആറാട്ട് എഴുന്നുള്ളത്തും അടുത്ത കാലത്താണ് പുനരാരംഭിച്ചത്. കുംഭ മാസത്തിലെ ഉത്രം നാൾ ആറാട്ട് എഴുന്നുള്ളത്ത് നിന്ന് പോകാൻ ചരിത്ര പരമായ ഒരു കാരണം കൂടിയുണ്ട്. മുരിയമംഗലം തിരുവിതാംകൂർ രാജ്യത്തും, ചോറ്റാനിക്കര കൊച്ചി രാജ്യത്തുമായിരുന്നു. തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം 1936ൽ പ്രഖ്യാപിച്ചപ്പോൾ എല്ലാ ജനങ്ങൾക്കും ക്ഷേത്ര പ്രവേശനം നൽകാൻ താൽപര്യമില്ലതിരുന്ന കൊച്ചിരാജാവ് തിരുവിതാംകൂർ രാജ്യത്തെ ക്ഷേത്രങ്ങളുമായുള്ള ചടങ്ങുകൾക്ക് ഭ്രഷ്ട് കൽപ്പിച്ചു. 2012ലാണ് 76 വർഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് കൊണ്ട് ഉത്രം നാൾ എഴുന്നുള്ളത്ത് മുരിയമംഗലത്തേയ്ക്ക് വീണ്ടും തുടങ്ങിയത്.

മുരിയമംഗലത്ത് നിന്ന് മാമല കവലയിലേയ്ക്ക് പോകുന്ന വഴിയുള്ള പള്ളിപ്പാട്ട് ഭഗവതി ക്ഷേത്രവുമായും നരസിംഹ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. ദേശ പറ പിരിച്ചിരുന്നത് പള്ളിപ്പാട്ടമ്മയായിരുന്നു. മീനത്തിലെ അശ്വതി നാളിൽ ദേശ പറ കഴിഞ്ഞ് മടങ്ങുന്ന ഭഗവതിയെ നരിസിംഹ ക്ഷേത്രത്തിൽ ഇറക്കി പൂജ നടത്തിയ ശേഷം താലപ്പൊലിയൊടെ പള്ളിപ്പാട്ടേയ്ക്ക് എതിരേറ്റ് കൊണ്ട് പോകുന്നു. ഈ ചടങ്ങും ഇടയ്ക്ക് മുടങ്ങി പോയിരുന്നെങ്കിലും ഇപ്പോൾ പുനരാരഭിച്ചിട്ടുണ്ട്.  

ഭൂ പരിഷ്ക്കരണ നിയമത്തോടെ പാട്ട വരവ് നിന്ന് നിത്യ നിദാനങ്ങൾക്ക് പോലും ഒരു ഘട്ടത്തിൽ ബുദ്ധിമുട്ട് ഉണ്ടായി. 1995ൽ ക്ഷേത്ര സംരക്ഷണ സമ്മിതിയ്ക്ക് ഉരാളന്മാർ ക്ഷേത്രം കൈമാറി. തുടർന്ന് ദേശവാസികൾ ശാഖാ സമ്മിതി രൂപികരിച്ച് പ്രവർത്തനം തുടങ്ങി. ജീർണ്ണാവസ്ഥയിലായ ക്ഷേത്ര സമുച്ചയം നവീകരണത്തിന്റെ പാതയിലാണ് ഇപ്പോൾ. ധ്വജ പുന പ്രതിഷ്ഠ 2004 ഏപ്രിൽ മാസത്തിൽ നടന്നു. ശ്രീകോവിൽ, ചുറ്റമ്പലം എന്നിവയുടെ അറ്റകുറ്റ പണികൾ തുടർന്ന് നടന്നു. നരസിംഹ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന്റെ പുനർ നിർമ്മാണം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. ശാസ്താ ക്ഷേത്രത്തിന്റെ അറ്റ കുറ്റ പണികൾ, തിടപ്പള്ളി, ഊട്ടു പുര തുടങ്ങിയവയുടെ അറ്റ കുറ്റ പണികൾ തുടങ്ങിയവ ഇനിയും ബാക്കിയുണ്ട്.

തുറവൂർ മഹാ ക്ഷേത്രം 

https://www.facebook.com/groups/108794666202687/permalink/1131760677239409/

ആലപ്പുഴ ജില്ലയിലാണ് തുറവൂർ മഹാ ക്ഷേത്രമെന്ന നരസിംഹ, സുദർശന ക്ഷേത്രം. ആലപ്പുഴ നിന്ന് NH 66 വഴി 32 കിലോ മീറ്റർ വടക്കോട്ട്‌ പോയാൽ പാതയുടെ പടിഞ്ഞാറ് വശത്ത് കിഴക്ക് ദർശനമായി ക്ഷേത്രം കാണാം. വടക്ക് നിന്ന് വരുമ്പോൾ വൈറ്റില ജംക്ഷനിൽ നിന്ന് NH 66 വഴി 24 കിലോ മീറ്റർ

തുല്യ പ്രാധാന്യത്തോടെ വിഷ്ണുവിന്റെ രണ്ടു ഭാവങ്ങളിലുള്ള പ്രതിഷ്ഠകളാണിവിടെ. വടക്കേ ശ്രീകോവിലിൽ നരസിംഹ മൂർത്തിയും, തെക്കേ ശ്രീകോവിലിൽ സുദർശന മൂർത്തിയും. ക്ഷേത്രോൽപത്തിയെ കുറിച്ച് പല ഐതീഹ്യങ്ങളും കേൾക്കുന്നു. പെരുമാൾ രാജാക്കന്മാർ നിർമ്മിച്ച് പെരുമന ഇല്ലത്തിന് കൈ മാറി എന്നും പിന്നീട് തേവലപ്പൊഴി, പള്ളിക്കീഴിൽ, നെടുമ്പുറം, കൈനിക്കര, നാറാണത്ത് ഇല്ലക്കാരുടെ കൈവശമായി എന്നാണ് ക്ഷേത്ര രേഖകൾ.

ഹിരണ്യ കശിപുവിനെ നിഗ്രഹിച്ച ശേഷം പ്രഹ്ളാദ സ്തുതിയാൽ പ്രസന്ന വദനനായ രൂപത്തിലാണ് പ്രതിഷ്ഠ, അഞ്ജന ശിലയിലാണ് നരസിംഹ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. കേരളം ഭരിച്ചിരുന്ന പെരുമാൾ വംശത്തിലെ കേരളേന്ദ്ര ചക്രവർത്തിയുടെ ഗുരുവിന് തന്റെ മരണമടുത്തു എന്നും, പൂർവ പാപ ഫലമായി അടുത്ത ജന്മം നായയായി ജനിക്കുമെന്നും മനസ്സിലായി. ശുനകനായി ജനിക്കുമ്പോൾ സംരക്ഷണം തരണമെന്നും അശുദ്ധി വരുന്ന കർമ്മങ്ങളിൽ നിന്ന് തടയണം എന്നും കേരളേന്ദ്രനോട് ഗുരു അപേക്ഷിച്ചു, കേരളേന്ദ്രൻ അപ്രകാരം ചെയ്തു വന്നു. ഒരു നാൾ നായ ഉച്ചിഷ്ടം ഭക്ഷിക്കാൻ ശ്രമിച്ചു, കേരളേന്ദ്രനാവാത് ശ്രമിച്ചിട്ടും പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. നിവൃത്തിയില്ലാതെ വന്നപ്പോൾ ഗുരുവിന് കൊടുത്ത വാക്ക് പാലിക്കുവാനായി നായയുടെ തല വെട്ടി. ഗുരു ഹത്യാ പാപം തീർക്കുവാൻ കാശിയിൽ പോയി നരസിംഹ ഘട്ടിൽ ദീർഘ കാലം തപസ് ചെയ്തു. ഒരു ശരത് കാല ദ്വാദശി നാളിൽ നരസിംഹം പ്രത്യക്ഷപ്പെട്ട്, തന്നിൽ നിന്ന് ഉയരുന്ന തേജസിനെ പിൻ തുടരുവാനും, ആ തേജസ് പതിക്കുന്ന സ്ഥലത്ത് കുഴിക്കുമ്പോൾ കിട്ടുന്ന ശിലാ വിഗ്രഹം അടുത്തു തന്നെയുള്ള സുദർശന മൂർത്തി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനും കൽപ്പിച്ചു. അങ്ങിനെയാണത്രേ തുറവൂർ ക്ഷേത്രത്തിൽ നര സിംഹ മൂർത്തി പ്രതിഷ്ഠ ഉണ്ടായത്. തേജസ് പതിച്ച സ്ഥലത്തിന് പൂണ്ട നിലം എന്ന് പേരു വന്നു. പ്രതിഷ്ഠ നടത്തിയപ്പോൾ ഉഗ്ര ശബ്ദത്തിൽ ഇടി വെട്ടി അത് കൊണ്ട് നരസിംഹ മൂർത്തിയ്ക്ക് ഇഷ്ട വഴിപാട് കോൺ വെടി (കൊമെടി) ആയി തീർന്നു. ഇതൊക്കെയാണ് ആ ഐതീഹ്യത്തിന്റെ തുടർച്ച.

മുരിയമംഗലം ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യത്തിൽ കേരളേന്ദ്രന്റെ പ്രതിനിധിയായി മുരിങ്ങോത്ത് അടിയാണ് കാശി നരസിംഹ ഘട്ടിൽ നിന്ന് നരസിംഹ ചൈതന്യം കൊണ്ട് വന്നത്. തുല്യമായി ഭാഗിച്ചു തുറവൂർ, മുരിയമംഗലം, നായത്തോട് എന്നിവിടങ്ങളിൽ ആ ചൈതന്യം കുടിയിരുത്തി. കാലടിയ്ക്കടുത്തുള്ള നായത്തോടിൽ വച്ചാണത്രെ നായയായി പുനർ ജനിച്ച ഗുരു അമേദ്യം ഭക്ഷിച്ചപ്പോൾ കേരളേന്ദ്ര വധിച്ചത്. നെടുമ്പാശ്ശേരി കൊച്ചി ഇന്റർ നാഷണൽ എയർ പോർട്ടിന് രണ്ട് കിലോ മീറ്റർ വടക്ക് കിഴക്കുള്ള നായ തോട് ക്ഷേത്രത്തിലെ പ്രതിഷ്ഠ സങ്കൽപ്പം ഇപ്പോൾ ശങ്കരനാരായണനാണ്. ഈ ഐതീഹ്യങ്ങളെല്ലാം കൂട്ടി ചേർത്ത് വായിച്ചാൽ വടക്കേ ഇന്ത്യയിൽ നിന്ന് കേരളത്തിലേയ്ക്ക് വന്ന നരസിംഹ ഭക്തനായ മുരിങ്ങോത്തടി എന്ന വൈഷ്ണവ ബ്രാഹ്മണന്റെ സംസർഗ്ഗത്താൽ ക്രിസ്തു വർഷം 1021 മുതൽ പത്ത് വർഷത്തോളം കേരളം ഭരിച്ചിരുന്ന വീര കേരള പെരുമാൾ അന്ന് ഉണ്ടായിരുന്ന കുറെ ക്ഷേത്രങ്ങളിൽ നരസിംഹ പ്രതിഷ്ഠ നടത്തി.

മറ്റു രണ്ട് രീതിയിലും നരസിംഹ ചൈതന്യം തുറവൂരിൽ വന്നതിനെ കുറിച്ച് കേൾക്കുന്നുണ്ട്. ആദ്യത്തേത് അനുസരിച്ച് പണ്ട് ദുർഗ ദേവി പ്രതിഷ്ഠ ഉണ്ടായിരുന്ന ശ്രീകോവിലിലാണ് തേജസ് പതിച്ചത് അത് കൊണ്ട് അവിടെ നര സിംഹ മൂർത്തിയെ പ്രതിഷ്ഠിക്കുകയും ദുർഗ ദേവിയെ മാറ്റി പ്രതിഷ്ഠിക്കുകയും ചെയ്തു. രണ്ടാമത്തേത് അനുസരിച്ച് പുഴ മാർഗം നരസിംഹ വിഗ്രഹം വളമംഗലം കടവിൽ (തുറവൂരിൽ നിന്ന് രണ്ട് കിലോ മീറ്റർ തെക്ക്) കൊണ്ട് വന്നു അടുത്തുള്ള ഭൂത നിലയത്ത് പ്രതിഷ്ഠിച്ചു, പിന്നീട് തുറവൂരിലേയ്ക്ക് കൊണ്ട് വന്ന് പ്രതിഷ്ഠിച്ചു. അത് കൊണ്ട് നരസിംഹ മൂർത്തിയുടെ മൂല സ്ഥാനം ഭൂത നിലയമാണ്.

സുരപുരി (ദേവന്മാരുടെ നാട്) എന്ന പദത്തിൽ നിന്നാണ് തുറവൂർ എന്ന പേര് ഉണ്ടായതെന്ന് പറയപ്പെടുന്നു. തെക്കേ ശ്രീകോവിലിൽ കുടി കൊള്ളുന്ന ആറടി ഉയരമുള്ള ചതുർ ബാഹു സുദർശന മൂർത്തിയുടെ ഉത്ഭവ കഥ അജ്ഞാതമാണ്. നര സിംഹ മൂർത്തിയുടെ ശ്രീകോവിലിലെ ഗർഭ ഗൃഹത്തിനകത്ത് വടക്ക് പടിഞ്ഞാറായി ശിവ ചൈതന്യം സങ്കൽപിച്ച് വിളക്ക് വയ്ക്കുന്നുണ്ട്. തെക്ക് പുറത്ത് ഗണപതി, നാലമ്പലത്തിന് പുറത്ത് തെക്ക് പടിഞ്ഞാറ് ശാസ്താവ്, പടിഞ്ഞാറു മാറി നാഗ ദേവകൾ, തൊട്ട് വടക്ക് പ്രദിക്ഷണ വഴിയ്ക്ക് പടിഞ്ഞാറ് ബ്രഹ്മ രക്ഷസ്, വടക്ക് ദുർഗാ ദേവി, അതിനും വടക്കേയറ്റം പടിഞ്ഞാറെ മൂലയിൽ യക്ഷിയമ്മ എന്നിവരാണ് ഉപ ദേവകൾ. നിത്യേന അഞ്ചു പൂജകളും മൂന്ന് ശീവേലികളുമുണ്ട്. പുലർച്ചെ മൂന്നു മണിയ്ക്ക് നിയമ വെടിയോട് കൂടി പള്ളിയുണർത്തൽ. നിർമ്മാല്യ ദർശനവും അഭിഷേകവും നാല് മണിയ്ക്ക് കഴിഞ്ഞാൽ ഉഷ പൂജ തുടങ്ങും. അത് കഴിഞ്ഞ് എതിരേറ്റു പൂജയും ശീവേലിയും. ഇവിടെ രണ്ടു സമയത്താണ് പന്തീരടി പൂജ, ആദ്യം സുദർശന മൂർത്തിയുടെ നടയിൽ, അത് കഴിഞ്ഞ് നരസിംഹ മൂർത്തിയുടെ നടയിൽ. 11 മണിയോടെ ഉച്ച പൂജ തുടങ്ങും. അതു കഴിഞ്ഞാൽ ഉച്ച ശീവലി, 12 മണിയ്ക്ക് നടയടയ്ക്കും. വൈകീട്ട് അഞ്ചു മണിയ്ക്ക് നട വീണ്ടും തുറക്കുന്നു. സൂര്യാസ്തമയ സമയത്ത് ദീപാരാധന, അതിന് ശേഷം അത്താഴ പൂജയും ശീവേലിയും കഴിഞ്ഞ് രാത്രി എട്ട് മണിയോടെ നടയടയ്ക്കുന്നു.

കൊമെടി കൂടാതെ മുഴു കാപ്പും, സുദർശന ഹോമവും, പാനകവും (ശർക്കര വെള്ളം), പാൽ പായസവുമാണ് പ്രധാന വഴിപാടുകൾ. രണ്ട് ബലിക്കൽ പുരകളും കവിഞ്ഞ് നിൽക്കുന്ന ആന പന്തലും കിഴക്ക് വശത്ത് മതിൽ കെട്ടി തിരിച്ച പേരും കുളവും എടുത്ത് പറയേണ്ടത് തന്നെ. തുലാ മാസത്തിൽ രണ്ടു സ്വർണ ധ്വജങ്ങളിലും കൊടിയേറി അമാവസിയ്ക്ക് ആറാട്ടോട് കൂടി ഒമ്പത് ദിവസമാണ് ഉത്സവം. ദീപാവലി വലിയ വിളക്കായി ആഘോഷിക്കുന്നു, അന്ന് സമീപത്തുള്ള ക്ഷേത്രങ്ങളിലെ ദേവന്മാർ വന്നു കൂടി എഴുന്നുള്ളത്ത് നടക്കുന്നു. അഷ്ടമി രോഹിണിയും, വൃശ്ചികത്തിൽ രണ്ട് ദ്വാദശി സന്ധ്യ വേലകളും, ധനു ഒന്നിന് ബ്രാഹ്മണ സമൂഹം സന്ധ്യ വേലയും, തിരുവാതിര സന്ധ്യ വേലയും മകര വിളക്കും ആഘോഷിക്കുന്നു. പത്താമുദയത്തിന് ഭൂതനിലയത്തുള്ള മൂല സ്ഥാനത്തെയ്ക്ക് നരസിംഹ മൂർത്തി പോയിവരും, ഒപ്പം സുദർശനമൂർത്തിയെയും എഴുന്നുള്ളിയ്ക്കാറുണ്ട്. ഒരു വർഷം നൈഷ്ഠിക ബ്രഹ്മചര്യത്തോടെ പുറപ്പെടാശാന്തിയായി നരസിംഹ മൂർത്തിയ്ക്കും സുദർശന മൂർത്തിയ്ക്കും പൂജ ചെയ്യുന്ന സമ്പ്രദായമാണിവിടെ നിലവിലുള്ളത്. മേട വിഷു മുതൽ അടുത്ത മേട വിഷു വരെയാണ് മേൽ ശാന്തിയുടെ കാലാവധി.

പൂന്താനവും ജ്ഞാനപ്പാനയും

https://www.facebook.com/prasannanbpcl/posts/3585001864892430

 ഭക്താഗ്രഗണ്യനായ പൂന്താനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല, അദ്ദേഹത്തിന്റെ യഥാർത്ഥ പേരെന്തെന്ന് പോലും ആർക്കുമറിയില്ല. ജനിച്ചതും ജീവിച്ചതും പെരിന്തൽമണ്ണയിൽ നിന്നും എട്ടു കിലോ മീറ്റർ വടക്ക് പൂന്താനം ഇല്ലത്തായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. മേൽപ്പത്തൂർ, എഴുത്തച്ഛൻ എന്നിവരുടെ സമകാലികനായിരുന്നു എന്നതിനാൽ; ക്രിസ്തു വർഷം 1547നും 1640നും ഇടയ്ക്കായിരുന്നു ജീവിത കാലം എന്നും സാമാന്യമായി നിർണ്ണയിച്ചിട്ടുണ്ട്. ഇല്ലവും അതിനോട് ബന്ധപ്പെട്ട സ്ഥലവും ഇപ്പോള്‍ ഗുരുവായൂര്‍ ദേവസം ബോര്‍ഡിന്റെ അധീനതയിലാണ്. ജ്ഞാനപ്പാനയിൽ എഴുതിയിരിക്കുന്നതനുസരിച്ച് കുംഭത്തിലെ അശ്വതി നാളിൽ വര്‍ഷാവര്‍ഷം ഇല്ലത്തും ഗുരുവായൂരും പൂന്താനം ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. വിജയ ദശമി നാളില്‍ കുട്ടികളെ എഴുത്തിനിരുതുന്നതും പൂന്താനം ഇല്ലത്ത് നടക്കുന്നുണ്ട്.

ഒരു നാൾ പൂന്താനം ഗുരുവായൂർ ഏകാദശി തൊഴുവാൻ വരുമ്പോൾ ചില കള്ളന്മാർ ആക്രമിച്ചു. ഉടൻ തന്നെ കോഴിക്കോട് രാജ്യത്തിന്റെ മന്ത്രിയായിരുന്ന മങ്ങാട്ടച്ചൻ കുതിരപ്പുറത്തു വന്നു കള്ളന്മാരെ ഓടിച്ചു. സന്തുഷ്ടനായ പൂന്താനം മങ്ങാട്ടച്ചന് തന്റെ മോതിരം സമ്മാനിച്ചു. അന്ന് രാത്രി മേൽ ശാന്തി കണ്ട സ്വപ്നത്തിൽ വിഗ്രഹത്തിന്റെ കൈയ്യിലുള്ള മോതിരം രാവിലെ തൊഴുവാൻ വരുമ്പോൾ പൂന്താനത്തിന് കൊടുക്കണം എന്ന് ഗുരുവായൂരപ്പൻ പറഞ്ഞു. രാവിലെ നിർമാല്യം നീക്കിയപ്പോൾ വിഗ്രഹത്തിന്റെ കൈയ്യിൽ മോതിരം കണ്ടു. സ്വപ്ന പ്രകാരം പൂന്താനത്തിന് മേൽശാന്തി മോതിരം കൊടുത്തു. അപ്പോഴാണ് അറിയുന്നത് തലേ ദിവസം മാങ്ങട്ടച്ചനായി വന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നെന്ന്!

സംസ്കൃതത്തിൽ കാവ്യം എഴുതാത്തവർ കവിയല്ല എന്ന് ചിന്ത പ്രബലമായിരുന്നു ഒരു കാലഘട്ടത്തിലായിരുന്നു പൂന്താനം ജീവിച്ചിരുന്നത്. സാധാരണക്കാർക്ക് വേണ്ടി ശുദ്ധ മലയാളത്തിൽ എഴുതിയിരുന്ന പൂന്താനത്തെ ചില കവികൾ അംഗീകരിച്ചിരുന്നില്ല, സമയം കിട്ടുമ്പോഴൊക്കെ കളിയാക്കുകയും ചെയ്യും. പക്ഷെ സാധാരണക്കാർക്ക് എന്ന പോലെ ഗുരുവായൂരപ്പനും പ്രിയങ്കരനായ പൂന്താനത്തെ പല ഘട്ടങ്ങളിലും ഭഗവാൻ സംരക്ഷിച്ചിട്ടുണ്ട്. പൂന്താനം ഒരു നാൾ ഗുരുവായൂരമ്പലത്തിൽ വച്ച് ഭാഗവതം വായിച്ചപ്പോൾ പത്മനാഭ: അമര പ്രഭോ എന്നതിന് പകരം പത്മനാഭാമര പ്രഭോ എന്ന് വായിച്ചു, ഇതു കേട്ട ചില‍ർ പൂന്താനത്തിനെ കളിയാക്കി, ഭക്ത വത്സലനായ ഭഗവാൻ ഉടൻ ശ്രീ കോവിലിൽ ഇരുന്നു പറഞ്ഞുവത്രേ ഞാൻ മരങ്ങളുടെയും പ്രഭു തന്നെയാണ്. ഗുരുവായൂർ പാഞ്ചജന്യം ഗസ്റ്റ് ഹൌസ്സ് കോമ്പൗണ്ടിൽ ഗുരുവായൂർ കേശവന്റെ പ്രതിമയുടെ അടുത്ത് അഗ്രഭാഗേ ശിവരൂപിയായ മര പ്രഭു പ്രതിമ കാണാം.

പൂന്താനം തന്റെ വ്യഥകളും, അതിൽ നിന്ന് നിഷ്കളങ്കമായ ഭക്തി കൊണ്ട് എങ്ങിനെ മോചിതമാകാം എന്നും പാനയായി എഴുതിയതാണ് ഞാന പാന (എന്റെ കാവ്യം). എന്നാൽ ഗഹനമായ പ്രപഞ്ച സത്യങ്ങൾ ലളിതമായി വിവരിച്ചിരിക്കുന്നത് കൊണ്ട് പിന്നീട് ജനങ്ങൾ ആ കാവ്യത്തെ ജ്ഞാനപ്പാന (Sage of wisdom) എന്ന് വിളിച്ചു തുടങ്ങി. ആറ്റുനോറ്റുണ്ടായ ഓമനപ്പുത്രന്റെ ആകസ്മിക വിയോഗം പ്രാപഞ്ചികനായ കവിയിലുണ്ടാക്കിയ ദുഃഖത്തിൽ നിന്നും ഉണ്ടായതാണ് ഈ കൃതിയെന്ന് വിശ്വസിക്കപ്പെടുന്നു. അത് കൊണ്ട് ആയിരിക്കും ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ വേറെ വേണോ മക്കളായി എന്ന് എഴുതിയിരിക്കുന്നത്. ഐഹികങ്ങളായ ഭ്രമങ്ങളുടെ അർത്ഥ ശൂന്യതയും ഭഗവത് സ്മരണത്തിന്റെ പ്രാധാന്യവുമാണ് ഇതിൽ കവി വിഷയം ആക്കിയിരിക്കുന്നത്. അനുവാചക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു ദാർശനീക കാവ്യം (Penatrating Philosophical Poem) എന്ന നിലയിൽ പ്രസിദ്ധമായ കൃതിയാണിത് ഇത്. ഭക്തിയേയും ജ്ഞാനത്തേയും കർമ്മ പാശം കൊണ്ട് ബന്ധിപ്പിച്ച് ശക്തമായ രീതിയിൽ അനുവാചക ഹൃദയത്തിലേക്ക് കവി സന്ദേശം സന്നിവേശിപ്പിക്കുന്നു. വെട്ടി പിടിക്കണം എന്റെതാക്കണം എന്ന് വിചാരിച്ചു തിരക്ക് പിടിച്ച് ഓടി നടക്കുന്ന ഇന്നത്തെ ജനങ്ങളുടെ മനസ്സിലും പ്രതിധ്വനിക്കാൻ പോന്നവയാണ് ജ്ഞാനപ്പാനയിൽ അന്തർഹിതം ആയിരിക്കുന്ന ജീവിത വിമർശനം. ഏതു കൊടിയ ദുഃഖം അനുഭവിക്കുമ്പോഴും പീ ലീലയുടെ മാസ്മരിക ശബ്ദത്തിൽ ജ്ഞാനപ്പാന കേട്ടാൽ മതി സമാശ്വാസം ലഭിക്കും. പി ലീല ദൈവമേ എന്ന് വിളിക്കുമ്പോൾ നമ്മളും കൂടെ വിളിച്ചു പോകും.

പ്രായാധികാ ക്ലേശങ്ങളാൽ വലഞ്ഞ പൂന്താനത്തിനോട് ഗുരുവായൂരപ്പൻ പറഞ്ഞതനുസരിച്ചാണത്രെ ഗുരുവായൂർ നിന്ന് 60 കിലോമീറ്റർ അകലെ (പെരിന്തൽമണ്ണ നിലമ്പൂർ പാതയരികെ) പൂന്തനം തന്നെ പ്രതിഷ്ഠ നടത്തി എന്ന് വിശ്വസിയ്ക്കുന്ന ഇടതുപുറം ശ്രീകൃഷ്ണ ക്ഷേത്രം. കിഴക്ക് ദര്‍ശനമായ ക്ഷേത്രത്തിൽ മൂന്ന് നേരം പൂജയുണ്ട്. ഗണപതി, അയ്യപ്പൻ എന്നിവരാണ് ഉപ ദേവകൾ. കുംഭത്തിലെ തിരുവാതിര നാളിലെ പൂന്താനം ദിവും ഗുരുവായൂർ ഏകാദശിയും ഇവിടുത്തെ ആഘോഷങ്ങളാണ്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ തെക്കേ നടയിൽ നിന്ന് പന്ത്രണ്ട് കിലോ മീറ്റർ വടക്ക് കിഴക്കോട്ട് പോയാൽ പൂന്താനം ശ്രീകൃഷ്ണ ക്ഷേത്രമെന്നും അറിയപ്പെടുന്ന ഇടതുപുറം ക്ഷേത്രത്തിലെത്തും.

പൂന്താനത്തെ കുറിച്ച് അധികമാരും അറിയാത്ത ഒരു ഐതീഹ്യം കൂടി എഴുതുന്നു. ഒരുനാൾ പൂന്താനം ഗുരുവായൂരപ്പനോട് ചോദിച്ചു ജ്ഞാനപ്പാന സമർപ്പിച്ചിട്ടും എന്റെ വ്യഥകൾ ഒഴിയാത്തതെന്തേ കൃഷ്ണ! എന്നെ മാത്രം സന്തോഷിപ്പിച്ചാൽ മതിയാകുമോ വൈക്കത്ത് ഒരു അന്നദാന പ്രഭുവുണ്ട് അങ്ങേരെ കൂടി പോയി കാണൂ. അങ്ങിനെ പൂന്താനം തിരു വൈക്കത്തപ്പനെ ദർശിച്ച് എഴുതി സമർപ്പിച്ചതാണത്രേ "നരനായിങ്ങനെ ജനിച്ചു" എന്ന് തുടങ്ങുന്ന അതി പ്രസിദ്ധമായ ശിവ പഞ്ചകം.

ഗുരുവായൂരപ്പന് പൂന്താനത്തോട് മമത കൂടുതൽ ഉണ്ടായിരുന്നു എന്നാണല്ലോ ബാല്യം മുതൽ കഥകൾ കേട്ടിരുന്നത് (മേൽപ്പത്തൂരിന്റെ വിഭക്തിയേക്കാൾ പൂന്താനത്തിന്റെ നിഷ്കളങ്ക ഭക്തിയാണ് ഗുരുവായൂരപ്പന് ഏറെ ഇഷ്ടം). പക്ഷെ നാരായണീയവും വ്യാഖ്യാനവും വായിച്ചപ്പോൾ മാത്രമാണ് മേൽപ്പത്തൂരിന്റെ മഹത്വം മനസ്സിലായത്.

നാരായണീയത്തിലെ ഏത് ശ്ലോകമാണ് മഹത്തരം എന്ന് ചോദിച്ചാൽ പറയാനുള്ള വ്യുൽപ്പത്തി ഒന്നും എനിയ്ക്കില്ല. ആദ്യ ശ്ലോകമായ "സാന്ദ്രാനന്ദാവ ബോധാത്മകമിത്വം", നൂറാം ദശകത്തിലെ ആദ്യ ശ്ലോകമായ "അഗ്രിപശ്യാമി തേജോനിബിഡ", അവസാനത്തേതിന് തൊട്ട് മുന്നിലത്തെ ശ്ലോകമായ "യോഗീന്ദ്രാണാം ത്വദങ്‌ഗേ" തുടങ്ങിയവ യേശുദാസ്, ജയചന്ദ്രൻ, പി ലീല, ചിത്ര, എം ജി ശ്രീകുമാർ തുടങ്ങിയവർ പാടി മലയാളികൾക്ക് സുപരിചിതമാണ്. പക്ഷെ അവസാനത്തെ (1034 ലാം) ശ്ലോകം തന്നെയാണ് എനിയ്ക്ക് ഏറെ ഇഷ്ടപ്പെട്ടത്.

അജ്ഞാത്വാ തേ മഹത്വം യദിഹ നിഗദിതം വിശ്വനാഥ ക്ഷേമേഥാ
സ്തോത്രം ചൈതൽ സഹസ്രോത്തരമതികതരം ത്വൽ പ്രസാദായ ഭൂയാത്
ദ്വേന നാരായണീയം ശ്രുതിഷു ചാ ജനുഷ സ്തുത്യതാ വർണ്ണനേന
സ്പിതം ലീലാവതാരയ്രിതമിഹ കുരുതാമാ ആയുരാരോഗ്യ സൗഖ്യം

ഏകദേശ വ്യാഖ്യാനം ഇതാണ്

നിന്റെ മാഹാത്മ്യത്തെ യദാ രീതിയിൽ മനസ്സിലാക്കാതെ ഞാൻ എഴുതിയതെല്ലാം അല്ലയോ വിശ്വനാഥ ക്ഷമിയ്ക്കണേ. ആയിരത്തിലധികമുള്ള ഈ സ്തോത്രവും നിനക്ക് പ്രസാദമായി തീരണേ. നാരായണനായ ഞാൻ രചിച്ചതും നാരായണനായ നിന്നെ കുറിച്ചായത് കൊണ്ടും നാരായണീയമായ ഈ കൃതി എനിയ്ക്കും, ചൊല്ലുന്നവർക്കും, കേൾക്കുന്നവർക്കും ആയുരാരോഗ്യ സൗഖ്യം നൽകുന്നതായി തീരണമേ. ആയുരാരോഗ്യ സൗഖ്യമെന്നത് നാരായണീയം എഴുതി തീർന്ന ദിവസത്തെയും (കലി സംഖ്യ 1712210, ക്രിസ്തു വർഷം 1587 നവംബർ 27, കൊല്ലവർഷം 762 വൃശ്ചികം 28) സൂചിപ്പിയ്ക്കുന്നു.



No comments:

Post a Comment