കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിലൂടെ കണ്ടെത്തിയില്ലായിരുന്നു എങ്കിൽ ഇതൊരു കെട്ടുകഥയായി തള്ളിക്കളയപ്പെട്ടേനെ. അത്രമാത്രം അതിശയോക്തി നിറഞ്ഞിരിക്കുന്നു ഭട്ടതിരിയുടെ ജീവിതഖണ്ഡങ്ങളിൽ. കാക്കകളെപ്പോലും വേർതിരിച്ചറിഞ്ഞ ശിശുവിന്റെ പ്രശസ്തിയിൽ നിന്നാണ് കാക്കശ്ശേരിയായി മാറിയത് എന്നു വിശ്വാസം.
കേരളം കണ്ട ആദ്യത്തെ നവോത്ഥാന നായകനായിരുന്നു ഭട്ടതിരി. അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ സ്വന്തം ജീവിതം മാതൃകയാക്കിയ, അതിൽ നേടിയ ഭൃഷ്ട് ഭൂഷണമായി കരുതിയ മനുഷ്യൻ. ഭട്ടതിരിയുടെ യഥാർത്ഥനാമം ‘ദാമോദരൻ’ എന്നാണെന്നു മഹാകവി ഉള്ളൂർ അഭിപ്രായപ്പെടുന്നു.
ഐതിഹ്യമാലയിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു, "ഭട്ടതിരിക്കു തീണ്ടലെന്നും തൊടീലെന്നും മറ്റുമുള്ള അജ്ഞാനങ്ങളൊന്നുമില്ലായിരുന്നു. അദ്ദേഹം ആരു ചോറ് കൊടുത്താലും ഉണ്ണും. ക്ഷേത്രങ്ങളിലും ബ്രാഹ്മണാലയങ്ങളിലുമെല്ലാം കേറുകയും എല്ലാവരെയും തൊടുകയും എല്ലാം ചെയ്യും. കുളി സുഖത്തിനും ശരീരത്തിലെ അഴുക്കു പോകുന്നതിനുമെന്നല്ലാതെ ശുദ്ധിക്കായിട്ടാണെന്നുള്ള വിചാരം അദ്ദേഹത്തിനുണ്ടായിരുന്നില്ല."
ഭട്ടതിരി എന്തുകൊണ്ട് സന്ധ്യാവന്ദനം ചെയ്യുന്നില്ല എന്ന ചോദ്യത്തിന്, “എന്റെ ഹൃദയമാകുന്ന ആകാശത്തിൽ മനസ്സാകുന്ന സൂര്യൻ എപ്പോഴും ഇടതടവില്ലാതെ വിളങ്ങുന്നു. ഉദയാസ്തമയങ്ങൾ ഇല്ലാത്ത ഞാൻ എങ്ങിനെ സന്ധ്യയെ വന്ദിക്കും” എന്നതായിരുന്നു മറുപടി. സാമൂതിരി സദസ്സിലെ ഉദ്ദണ്ഡശാസ്ത്രികളുടെ പാണ്ഡിത്യത്തിന്റെ അഹന്തക്കെതിരെ പ്രാർഥനകളുടെ അഗ്നിയിൽനിന്നുയർന്നു വന്ന ഇല്ലത്തെ ഉണ്ണി. വെറും ഏഴാം വയസ്സിൽ ഉദ്ദണ്ഡശാസ്ത്രികളെ തേജോവധം ചെയ്ത മൂക്കുതല ഭഗവതിയുടെ ഭക്തൻ.
-----------------
കോഴിക്കോട്ടു മാനവിക്രമന്‍ ശക്തന്‍ തമ്പുരാന്റെ കാലത്ത് വേദശാസ്ത്രപുരാണ വിശാരദന്മാരുടെ കൂട്ടായ്മ ആണ്ടിലൊരിക്കല്‍ കോഴിക്കോട് തളിക്ഷേത്രത്തില്‍ നടത്തുന്ന പതിവുണ്ടായിരുന്നു. അവിടെ വേദ, ശാസ്ത്ര, പുരാണങ്ങളെ ആധാരമാക്കി വാദം നടക്കും. വാദത്തില്‍ ജയിക്കുന്നവര്‍ക്ക് തമ്പുരാന്‍ പണക്കിഴി സമ്മാനിക്കും. വേദശാസ്ത്ര പുരാണങ്ങളെ ഓരോ ഭാഗമായി വേര്‍തിരിച്ച് അവയില്‍ ഓരോ ഭാഗത്തെയും നൂറ്റെട്ടായി ഭാഗിക്കും. നൂറ്റെട്ടു ഭാഗങ്ങള്‍ക്കും പ്രത്യേകം വാദംവയ്ക്കും. ജയിക്കുന്നവര്‍ക്ക് ഓരോ പണക്കിഴി വീതമാണ് സമ്മാനം. അതു കൂടാതെ വയോധികര്‍ക്കായി നൂറ്റൊമ്പതാമത് ഒരു കിഴിയും നല്‍കിപ്പോന്നിരുന്നു.
കാലം പിന്നിട്ടപ്പോള്‍ വേദശാസ്ത്ര വിശാരദന്മാരായ മലയാള ബ്രാഹ്മണരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി.
തളിയില്‍ നടന്നുവന്ന ഈ പണ്ഡിതയോഗം പരദേശത്തും പ്രസിദ്ധമായിരുന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ പരദേശി ബ്രാഹ്മണരും എത്തിത്തുടങ്ങി. മലയാളബ്രാഹ്മണര്‍ക്കൊപ്പം സമ്മാനക്കിഴിയും പങ്കിട്ടു. കുറച്ചു കാലം കൂടികഴിഞ്ഞതോടെ വാദത്തില്‍ ജയിക്കാന്‍ യോഗ്യതയുള്ള മലയാള ബ്രാഹ്മണര്‍ ഇല്ലെന്നായി.
അങ്ങനെയിരിക്കെ സര്‍വജ്ഞനും വാഗീശ്വരനുമായ 'ഉദ്ദണ്ഡന്‍' എന്ന ശാസ്ത്രിബ്രാഹ്മണന്‍ സഭയില്‍ വാദത്തിനായി പരദേശത്തു നിന്നെത്തി. അത്യന്തം ഗര്‍വിഷ്ഠനുമായിരുന്നു ഉദ്ദണ്ഡശാസ്ത്രികള്‍.
കേരളത്തിലേക്ക് അദ്ദേഹം വന്നതു തന്നെ
'പലായധ്വം പലായധ്വം രേ രേ ദുഷ്‌കവി കുഞ്ജരാഃ
വേദാന്തവനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ'
എന്ന ശ്ലോകം ചൊല്ലിക്കൊണ്ടായിരുന്നു.
'അല്ലയോ, ദുഷ്‌കവികളായ ആനകളേ, നിങ്ങള്‍ ഓടിക്കൊള്‍വിന്‍, ഓടിക്കൊള്‍വിന്‍. എന്തെന്നാല്‍, വേദാന്തമാകുന്ന വനത്തില്‍ സഞ്ചരിക്കുന്ന ഉദ്ദണ്ഡനാകുന്ന സിംഹം ഇതാ വരുന്നു' എന്നാകുന്നു ഇതിന്റെ അര്‍ഥം. സഭയിലെത്തിയ ശാസ്ത്രികള്‍ സകലവിഷയങ്ങളും വാദിച്ചു. മലയാളികളും പരദേശികളുമായ സകല ബ്രാഹ്മണരെയും വാദിച്ചു ജയിച്ച് കിഴികള്‍ കരസ്ഥമാക്കി. ഇതുകണ്ട് ഇദ്ദേഹത്തോട് ശക്തന്‍ തമ്പുരാന് വളരെയേറെ ബഹുമാനം തോന്നി. ശാസ്ത്രികളെ തമ്പുരാന്‍ തന്റെയൊപ്പം സ്ഥിരമായി താമസിപ്പിച്ചു. ആണ്ടുതോറും ശാസ്ത്രികള്‍ തന്നെ വാദത്തിലെല്ലാം ജയിച്ചു പോന്നു.
ഇങ്ങനെയായപ്പോള്‍ മലയാള ബ്രാഹ്മണര്‍ക്കെല്ലാം വ്യസനമായി. തങ്ങളില്‍ കേമന്മാരില്ലാഞ്ഞിട്ടാണല്ലോ ഒരു പരദേശി ബ്രാഹ്മണനെത്തി രാജാവിന്റെ മതിപ്പും സമ്മാനവും വാങ്ങിവരുന്നതെന്ന് വിചാരിച്ച് അതിനായി അവര്‍ പോംവഴി തേടി. മലയാള ബ്രാഹ്മണരില്‍ പ്രധാനികളെല്ലാം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒത്തുചേര്‍ന്നു.
ആയിടയ്ക്ക് കാക്കശ്ശേരി ഭട്ടതിരിയുടെ ഇല്ലത്ത് ഒരന്തര്‍ജനത്തിന് ഗര്‍ഭമുള്ള വിവരം അറിഞ്ഞ് ബ്രാഹ്മണരെല്ലാം ഒരു ദിവ്യമന്ത്രം ജപിച്ച് വെണ്ണ സേവിക്കാനായി ആ അന്തര്‍ജനത്തിന് കൊടുത്തു വന്നു. ഒപ്പം ഗുരുവായൂരപ്പനെ പ്രാര്‍ഥിക്കുകയും ചെയ്തു.
ഉദ്ദണ്ഡശാസ്ത്രികളെ ജയിക്കാന്‍ ഒരു യോഗ്യനെ സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അന്തര്‍ജനം പ്രസവിച്ചത് ഒരു ആണ്‍കുട്ടിയെയായിരുന്നു. ആ ശിശുവാണ് കാക്കശ്ശേരി ഭട്ടതിരിയെന്ന് ലോകപ്രസിദ്ധനായത്.
കാക്കശ്ശേരി ഭട്ടതിരിയ്ക്ക് മൂന്നു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. പിന്നെ ഒരു സംവത്സരം ദീക്ഷയായിരുന്നു. ദീക്ഷക്കാലത്ത് ബലിയിട്ടു പിണ്ഡം കൊണ്ടുവയ്ക്കുമ്പോള്‍ കൊത്തിത്തിന്നാനെത്തുന്ന കാക്കകളെ കണ്ടാല്‍ തലേ ദിവസം വന്നവയെയും അല്ലാത്തവയെയും വേര്‍തിരിച്ചറിയാന്‍ ഭട്ടതിരിക്ക് കഴിയുമായിരുന്നു. അമ്മയോട് ഇക്കാര്യം പറയുകയും പതിവായിരുന്നു. അദ്ദേഹത്തിന് 'കാക്കശ്ശേരി' എന്ന് ഇല്ലപ്പേര് ലഭിച്ചതും ഇതുകൊണ്ടത്രേ. ഒരിക്കല്‍ കണ്ട കാക്കയെ വീണ്ടും കാണുമ്പോള്‍ തിരിച്ചറിയുന്നത് സാധാരണ മനുഷ്യര്‍ക്ക് സാധ്യമല്ലല്ലോ. അദ്ദേഹത്തിന്റെ ബുദ്ധിവൈഭവം അതില്‍ നിന്ന് സ്പഷ്ടമായിരുന്നു.
എട്ടാം വയസ്സിലാണ് ബ്രാഹ്മണര്‍ക്ക് ഉപനയനം. എന്നാല്‍ കുശാഗ്രബുദ്ധിയായ ഭട്ടതിരിയെ മൂന്നാം വയസ്സില്‍ എഴുത്തിനിരുത്തി, അഞ്ചര വയസ്സില്‍ ഉപനയനവും നടത്തി. അതാതു കാലത്തു പഠിക്കേണ്ടത് ഗ്രഹിക്കാന്‍ അദ്ദേഹത്തിന് യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല.
കാക്കശ്ശേരി ഭട്ടതിരി കുഞ്ഞായിരിക്കുമ്പോള്‍ സമീപത്തുള്ള 'മൂക്കറ്റത്തു' (മൂക്കുതല) ഭഗവതി ക്ഷേത്രത്തില്‍ തൊഴാന്‍ പോകാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരു ഭൃത്യനൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞു വരുമ്പോള്‍ വഴിയില്‍ വെച്ച് ഒരാള്‍, എവിടെപ്പോയി വരുന്നു എന്ന് ചോദിച്ചു. അഞ്ചു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഭട്ടതിരി 'ഞാന്‍ ഭഗവതിയെ തൊഴാന്‍ പോയിരുന്നു' എന്നു പറഞ്ഞു. 'എന്നിട്ട് ഭഗവതി എന്തു പറഞ്ഞു' എന്ന് മറ്റേയാള്‍ വീണ്ടും ചോദിച്ചു.
ഉടനെ ഉണ്ണിയായ ഭട്ടതിരി,
'യോഗിമാര്‍ സതതം പൊത്തും
തുമ്പത്തെത്തള്ളയാരഹോ!
നാഴിയില്‍പ്പാതിയാടീല
പലാകാശേന വാ ന വാ'
എന്ന ശ്ലോകം ചൊല്ലി.
അതിന്റെ അര്‍ഥം മനസ്സിലാകാതെ ചോദ്യകര്‍ത്താവ് നിന്നു. ഭട്ടതിരി തന്നെ അര്‍ഥം വിശദീകരിച്ചു. അത് ഇങ്ങനെയായിരുന്നു. യോഗിമാര്‍ സതതം (എല്ലായ്‌പ്പോഴും) പൊത്തുന്നത് മൂക്ക് (യോഗികള്‍ എല്ലായ്‌പ്പോഴും മൂക്കു പിടിച്ച് ജപിച്ചാണ് ഇരിക്കാറ്). തുമ്പത്തെ (അറ്റത്തെ). തള്ളയാര്‍ (ഭഗവതി). ഇതെല്ലാം ചേര്‍ന്നു വന്നാല്‍ മൂക്കറ്റത്തെ ഭഗവതി എന്നര്‍ഥം. നാഴിയില്‍ പാതി (ഉരി) ആടീല (ആടിയില്ല). ഇതിനര്‍ഥം ഉരിയാടിയില്ല. പല (ബഹു) ആകാശേന ( മാനേന) എന്നാല്‍, ബഹുമാനേന. (ആകാശത്തിന് മാനം എന്നും അര്‍ഥമുണ്ട്.) ബഹുമാനം കൊണ്ടാണോ അല്ലയോ, ഏതായാലും മിണ്ടിയില്ല എന്നര്‍ഥം. ഇതു കേട്ട് ചോദ്യക്കാരന്‍, ഉണ്ണി സാമാന്യനല്ല എന്ന് പറഞ്ഞ് അവിടെ നിന്ന് പോയി. കാക്കശ്ശേരി ഭട്ടതിരിയുടെ ബുദ്ധിവൈഭവത്തിന് ഇനിയുമുണ്ട് ഏറെ ഉദാഹരണങ്ങള്‍.
------------------
കാക്കശ്ശേരി ഭട്ടതിരി സര്‍വ്വജ്ഞനും യുക്തിമാനുമായി പേരെടുത്തതോടെ മലയാള ബ്രാഹ്മണര്‍ക്കെല്ലാം ആവേശമായി. വേണ്ടത്ര ജ്ഞാനസമ്പത്തു നേടിക്കഴിഞ്ഞ ഭട്ടതിരിയെ ശക്തന്‍ തമ്പുരാന്‍റെ സന്നിധിയിലേക്കയയ്ക്കാന്‍ അവര്‍ തീരുമാനിച്ചു.
അങ്ങനെ തളിയില്‍ ക്ഷേത്രത്തില്‍ യോഗം കൂടുന്ന ദിവസം വന്നെത്തി. ഭട്ടതിരിയും അവിടെയെത്തി. വാദത്തിനെത്തുമ്പോള്‍ ഉദ്ദണ്ഡശാസ്ത്രി തത്തയെ കൂടെ കൊണ്ടുവരാറുണ്ടെന്ന് അറിഞ്ഞ ഭട്ടതിരി ഭൃത്യനോട് ഒരു പൂച്ചയേക്കൂടി കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കുകയും, ഭൃത്യനെ പുറത്തു നിര്‍ത്തിയിട്ട് ഭട്ടതിരി യോഗസ്ഥലത്ത് പ്രവേശിക്കുകയും ചെയ്തു. ശക്തന്‍ തമ്പുരാനും, ഉദ്ദണ്ഡശാസ്ത്രിയും പരദേശി ബ്രാഹ്മണരും ഉള്‍പ്പെടെ അനേകം പണ്ഡിതന്മാരും യോഗസ്ഥലത്ത് കൂടിയിരുന്നു.
യുവാവായ ഭട്ടതിരിയേക്കണ്ടപ്പോള്‍ വാദത്തിന് വന്നതാണോ എന്ന് രാജാവ് അന്വേഷിക്കുകയും, അതെ എന്ന് ഭട്ടതിരി കൂസലില്ലാതെ മറുപടി നല്‍കുകയും ചെയ്തു. അതുകേട്ട് ഉദ്ദണ്ഡശാസ്ത്രികള്‍ പരിഹാസപൂര്‍വ്വം ''ആകാരോ ഹ്രസ്വഃ '' എന്ന് പറയുകയും, അതിന് ഭട്ടതിരി ''നഹി നഹ്യാകാരോ ദീര്‍ഘഃ, ആകാരോ ഹ്രസ്വഃ '' എന്ന് തിരിച്ചടിക്കുകയും ചെയ്തു.
ഭട്ടതിരിയുടെ യുക്തിയില്‍ ഉദ്ദണ്ഡശാസ്ത്രി മറുപടിയില്ലാത്തവനായി മുഖം കുനിച്ചു നിന്നു
(ഭട്ടതിരി അല്പം ഉയരം കുറഞ്ഞയാളായതുകൊണ്ട് ഉദ്ദണ്ഡശാസ്ത്രി അദ്ദേഹത്തെ മുണ്ഡനാണല്ലേ എന്ന് പരിഹസിച്ചതാണ്. അതിന് 'ആ' കാരം ദീര്‍ഘമാണെന്നും 'അ' കാരമാണ് ഹ്രസ്വമെന്നും ഭട്ടതിരി തിരിച്ചും പരിഹസിച്ചതാണ്.)
വാദം ആരംഭിക്കാറായപ്പോള്‍ ശാസ്ത്രികള്‍ പതിവുപോലെ തത്തയെ എടുത്തു മുന്‍പില്‍ വച്ചു. ഭട്ടതിരി ഭൃത്യനോട് പൂച്ചയെ തന്‍റെ അടുത്തിരുത്താന്‍ കല്പിച്ചു. തൊട്ടു മുന്‍പില്‍ പൂച്ചയെ കണ്ട തത്ത പേടിച്ചു പതുങ്ങി. ഭയം കൊണ്ട് അത് ശബ്ദിക്കാതിരുന്നതിനാല്‍ ഉദ്ദണ്ഡശാസ്ത്രിക്കു തന്നെ വാദം ആരംഭിക്കേണ്ടിവന്നു. ശാസ്ത്രി പറയുന്നതിനെ ഭട്ടതിരി ഖണ്ഡിക്കാന്‍ തുടങ്ങി. ശാസ്ത്രി പറയുന്നതെല്ലാം അബദ്ധമായി വ്യാഖ്യാനിക്കുക മാത്രമല്ല, യുക്തി കൊണ്ട് ഭട്ടതിരി സര്‍വ്വവും സമര്‍ത്ഥിക്കാനും തുടങ്ങി. ശാസ്ത്രിക്ക് അതിനെ ഖണ്ഡിക്കാനാകാതെ വന്നതോടെ യോഗത്തിനു കൂടിയവര്‍ക്കെല്ലാം ശാസ്ത്രിയുടെ പതനം ഉറപ്പായി. എല്ലാവരും ഭട്ടതിരിയെ മനസ്സാ പുകഴ്ത്താന്‍ തുടങ്ങി. എന്നാല്‍ ശക്തന്‍ തമ്പുരാനു മാത്രം ശാസ്ത്രിയുടെ ദീനത കണ്ടു മനസ്സലിഞ്ഞു.
'' ഇനി നിങ്ങള്‍ വാദം നിര്‍ത്തിക്കൊള്ളുക. രഘുവംശം കാവ്യത്തിലെ ആദ്യത്തെ ശ്ലോകത്തിന് നിങ്ങളിലാരാണോ കൂടുതല്‍ അര്‍ത്ഥം പറയുന്നത്, അവര്‍ ജയിച്ചതായി നമുക്ക് തീര്‍ച്ചപ്പെടുത്താം.''
ഉദ്ദണ്ഡശാസ്ത്രിയേപ്പോലെ പണ്ഡിതനായ ഒരാളെ പൂര്‍ണ്ണമായും പരാജിതനായി മടക്കി അയയ്ക്കേണ്ടെന്ന് കരുതിയാണ് തമ്പുരാന്‍ ഈ നിര്‍ദ്ദേശം വച്ചത്. ശാസ്ത്രി പറയുന്നതുപോലെ മറ്റാര്‍ക്കും അര്‍ത്ഥം ആ ശ്ലോകത്തിന് പറയാനാവില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. തമ്പുരാന്‍റെ അഭിപ്രായം രണ്ടുപേരും സ്വീകരിച്ചു.
ശാസ്ത്രി ആദ്യം ആ ശ്ലോകത്തിന് നാലുവിധത്തില്‍ അര്‍ത്ഥം പറഞ്ഞതു കേട്ടപ്പോള്‍ പണ്ഡിതന്മാര്‍ ശാസ്ത്രികളുടെ വിജയവും ഭട്ടതിരിയുടെ പരാജയവും ഉറപ്പിച്ചു. എന്നാല്‍ ഭട്ടതിരി അര്‍ത്ഥം പറയാന്‍ തുടങ്ങിയതോടെ ധാരണകളെല്ലാം മാറി. അദ്ദേഹം ശാസ്ത്രി പറഞ്ഞതിലും പൂര്‍ണ്ണതയോടെയും വ്യക്തമായും ദൃഢവുമായ ഭാഷയില്‍ എട്ടു വിധത്തില്‍ പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ ശക്തന്‍ തമ്പുരാന്‍ പോലും അത്ഭുതപ്പെട്ടുപോയി.
' ഞാന്‍ മുണ്ഡനെന്ന് ആക്ഷേപിച്ച ഈ യുവ പണ്ഡിതനു മുന്‍പില്‍ തോറ്റിരിക്കുന്നു' എന്ന് ഉദ്ദണ്ഡശാസ്ത്രി സ്വയം തോല്‍വി സമ്മതിച്ചു.
അതോടെ നൂറ്റിയെട്ട് പണക്കിഴികളും തമ്പുരാന്‍ കാക്കശ്ശേരിക്ക് സമ്മാനിച്ചു. ബാക്കി വന്ന വയോവൃദ്ധര്‍ക്കുള്ള ഒരു കിഴിക്ക് താനാണ് അര്‍ഹന്‍ എന്ന് ശാസ്ത്രി വാദിച്ചെങ്കിലും ഭട്ടതിരി വിട്ടു കൊടുത്തില്ല. ''വയസ്സ് കൂടുതലാണ് നോക്കുന്നതെങ്കില്‍ ശാസ്ത്രിയേക്കാള്‍ പ്രായക്കൂടുതലുള്ള തന്‍റെ ഭൃത്യനാണ് അതിന് അവകാശിയെന്നും, വിദ്യയാണ് നോക്കുന്നതെങ്കില്‍ അതിനും താന്‍ തന്നെയാണ് യോഗ്യന്‍, ശാസ്ത്രിക്ക് അര്‍ഹതപ്പെട്ടതല്ല'' എന്നും ഭട്ടതിരി യുക്തിയുക്തം വാദിച്ചു. ഒടുവില്‍ നൂറ്റിയൊന്‍പതാമത്തെ കിഴിയും ഭട്ടതിരി സ്വന്തമാക്കി. തനിക്കേറ്റ വമ്പന്‍ പരാജയത്തില്‍ ലജ്ജിതനായ ഉദ്ദണ്ഡശാസ്ത്രി ശക്തന്‍ തമ്പുരാന്‍റെ അനുമതിയോടെ മലയാളക്കരയോടു യാത്ര പറഞ്ഞു. ഭട്ടതിരിയെ എല്ലാവരും പ്രശംസിച്ചു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ശക്തന്‍ തമ്പുരാന്‍ നടത്തിയ മത്സരങ്ങളില്‍ ഭട്ടതിരിയെ തോല്പിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ ബുദ്ധിയും ജ്ഞാനവും ഒന്നിനൊന്ന് വര്‍ദ്ധിച്ചു. സമാവര്‍ത്തനം കഴിഞ്ഞതിനു ശേഷം ഭട്ടതിരി സ്വന്തം ഇല്ലത്ത് സ്ഥിരമായി താമസിച്ചില്ല. സര്‍വ്വവും ഏകമാണെന്ന ഉറച്ച വിശ്വാസത്തോടെ അദ്ദേഹം തികഞ്ഞ ഒരു സഞ്ചാരിയായി കഴിഞ്ഞുകൂടി. ഈ യാത്രയില്‍ പല സ്ഥലത്തു വച്ചും ഉദ്ദണ്ഡശാസ്ത്രിയുമായി വാദത്തിലേര്‍പ്പെട്ടുവെങ്കിലും ഭട്ടതിരിയെ തോല്പിക്കാന്‍ ശാസ്ത്രിക്ക് കഴിഞ്ഞില്ല. അങ്ങനെ ഭട്ടതിരി ശാസ്ത്രിയുടെ പേടിസ്വപ്നമായി മാറി.
ഒരിക്കല്‍ യാത്രയ്ക്കിടയില്‍ ഭട്ടതിരി ഒരു സത്രത്തില്‍ തങ്ങുകയും, അവിടെ പല ഭാഷക്കാരും ജാതിക്കാരുമായ വഴിപോക്കര്‍ തമ്മില്‍ എന്തോ കാര്യത്തിന് വഴക്കുണ്ടാക്കുകയും അസഭ്യ വര്‍ഷങ്ങള്‍ ഒടുവില്‍ അടിയില്‍ കലാശിക്കുകയും ചെയ്തു. അടിയുണ്ടാക്കിയ ആളുകളെ മുഴുവന്‍ സര്‍ക്കരുദ്യോഗസ്ഥര്‍ പിടിച്ചുകൊണ്ടു പോകുകയും ചോദ്യം ചെയ്യലില്‍ ഇരു കൂട്ടരും തങ്ങളുടെ സങ്കടങ്ങള്‍ വിവരിച്ചിട്ട് നിരപരാധികളെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയുമാണുണ്ടായത്. സത്യം മനസ്സിലാക്കാന്‍ കഴിയാതെ അവര്‍ വിഷമിച്ചു.
ഈ സംഭവങ്ങള്‍ക്ക് സാക്ഷികള്‍ ആരെങ്കിലും ഉണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചപ്പോള്‍ ഒരു മലയാളി ബ്രാഹ്മണനുണ്ടായിരുന്നു എന്ന് ഇരുകൂട്ടരും പറയുകയും, നിയമപാലകരെ അയച്ച് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വരികയും ചെയ്തു. അദ്ദേഹം അവിടെ നടന്ന സംഭവങ്ങള്‍ അതേപടി വിവരിച്ചു കേള്‍പ്പിച്ചു. അവര്‍ തമ്മില്‍ നടത്തിയ അസഭ്യ വര്‍ഷങ്ങള്‍ എന്തായിരുന്നു എന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന്, ഭാഷയറിയില്ലാത്തതിനാല്‍അര്‍ത്ഥം മനസ്സിലായില്ലെന്നും കേട്ട വാക്കുകള്‍ ഓര്‍മ്മയുള്ളതിനാല്‍ പറയാമെന്നും ഭട്ടതിരി മറുപടി പറഞ്ഞു. തുടര്‍ന്ന് കന്നട, തമിഴ്, മറാത്തി, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷയില്‍ ഇരുകൂട്ടരും പരസ്പരം പ്രയോഗിച്ച അസഭ്യവര്‍ഷങ്ങള്‍ മുഴുവന്‍ ഭട്ടതിരി ഉച്ചരിച്ചു കേള്‍പ്പിച്ചു. അനേകം പേര്‍ ഒരു ലഹളയില്‍ ഉപയോഗിച്ച പല ഭാഷയിലുള്ള അസഭ്യ വാക്കുകള്‍ മുഴുവന്‍ ഒന്നുപോലും തെറ്റാതെ ഉച്ചരിച്ചു കേള്‍പ്പിച്ച ഭട്ടതിരിയോട് ഉദ്യോഗസ്ഥര്‍ക്ക് വലിയ ബഹുമാനം തോന്നി. അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ട് സംഘര്‍ഷത്തിന് ഉത്തരവാദികളാരെന്ന് കണ്ടു പിടിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു.
ഏതു ഭാഷയായാലും, എണ്ണമെത്രയായാലും അതെല്ലാം ഒന്നുപോലും മറന്നു പോകാതെ ഓര്‍ത്തുവയ്ക്കാനുള്ള അസാധാരണമായ വൈഭവമാണ് ഭട്ടതിരിക്ക് ഉണ്ടായിരുന്നത്.
-------------
Reference
No comments:
Post a Comment