അജീർണ്ണേ ഭോജനം വിഷം - പ്രാതൽ ദഹിയ്ക്കും മുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കും മുമ്പ് കഴിച്ച അത്താഴവും വിഷമാണ്
അർദ്ധരോഗഹരീ നിദ്രാ - പാതി രോഗം ഉറങ്ങിയാൽ തീരും
മുദ്ഗദാളീ ഗദവ്യാളീ - ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല
ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ - വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും
അതി സർവ്വത്ര വർജ്ജയേൽ - ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിയ്ക്കരുത്
നാസ്തി മൂലം അനൗഷധം - ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല
ന വൈദ്യ: പ്രഭുരായുഷ: - വൈദ്യൻ ആയുസ്സിന്റെ നാഥനല്ല
ചിന്താ വ്യാധിപ്രകാശായ - മാനസിക സാമ്മർദ്ദം നിയന്ത്രിച്ചില്ലെങ്കിൽ ശമിച്ച രോഗം പുറത്തുവരും
വ്യായാമശ്ച ശനൈഃ ശനൈഃ - വ്യായാമം പതുക്കെ വർദ്ധിപ്പിയ്ക്കണം. പതുക്കെ ചെയ്യണം, അമിത വേഗം പാടില്ല
അജവത് ചർവ്വണം കുര്യാത് - ആഹാരം നല്ല പോലെ, ആടിനെ പോലെ ചവയ്ക്കണം. ഉമിനീരാണ്, ആദ്യത്തെ ദഹന പ്രക്രിയ
സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും
ന സ്നാനം ആചരേത് ഭുക്ത്വാ - ഊണു കഴിഞ്ഞയുടനെ കുളി പാടില്ല. ദഹനം സ്തംഭിയ്ക്കും
നാസ്തി മേഘസമം തോയം - മഴ വെള്ളം പോലെ ശുദ്ധമായ വേറെ വെള്ളം ഇല്ല
അജീർണ്ണേ ഭേഷജം വാരി - തെറ്റിയ ദഹനത്തെ പച്ചവെള്ളം ശരിയാക്കും
സർവ്വത്ര നൂതനം ശസ്തം സേവകാന്നേ പുരാതനം - എല്ലാറ്റിലും പുതിയതാണ് നല്ലത്, പഴയരിയിലും പഴകിയ വേലക്കാരനിലും ഒഴികെ_
നിത്യം സർവ്വ രസാഭ്യാസ: - ദിവസവും ആറ് രസവും ചേർന്ന ഭക്ഷണം കഴിക്കണം - ഉപ്പ്, കയ്പ്പ്, ഇനിപ്പ്, ചവർപ്പ്, പുളിപ്പ്, കഷായം
ജഠരം പൂരയേദർദ്ധം അന്നൈ: - ആഹാരം കൊണ്ട് വയറിന്റെ പാതി മാത്രം നിറയ്ക്കുക - ബാക്കിയിൽ കാൽഭാഗം വെള്ളം, ബാക്കി ശൂന്യം
ഭുക്ത്വോപവിശതസ്തന്ദ്രാ - ഉണ്ടിട്ട് ഇരുന്നാൽ ക്ഷീണം വരും - ഉണ്ടാൽ അരക്കാതം നടക്കുക
ക്ഷുത് സ്വാദുതാം ജനയതി - വിശപ്പ് രുചി വർദ്ധിപ്പിക്കും
ചിന്താ ജരാണാം മനുഷ്യാണാം - മാനസിക സാമ്മർദ്ദം ജരയെ ത്വരിപ്പിയ്ക്കും
ശതം വിഹായ ഭോക്തവ്യം - നൂറു കാര്യം നിർത്തണമെങ്കിലും ഊണ് സമയത്തു കഴിയ്ക്കണം
സർവ്വധർമ്മേഷു മദ്ധ്യമാം - എല്ലാറ്റിലും ഇടയ്ക്കുള്ള വഴിയേ പോകുക
നിശാന്തേ ച പിബേത് വാരി: - ഉണർന്നാലുടൻ ഒരു വലിയ അളവ് പച്ചവെള്ളം കുടിയ്ക്കണം. മലബന്ധം ഒഴിയും, ശരീരത്തിലെ toxins കഴുകിക്കളയും
വൈദ്യാനാം ഹിതഭുക് മിതഭുക് രിപു: - ഹിതാഹാരം മിതമായി കഴിയ്ക്കുന്നവൻ വൈദ്യന്റെ ശത്രു - കാരണം, അവനു രോഗം വരില്ല. രോഗമില്ലാതെ വൈദ്യനെന്തു വരുമാനം ?
ശക്യതേऽപ്യന്നമാത്രേണ നര: കർത്തും നിരാമയ: - ആഹാരം മാത്രം ക്രമീകരിച്ചു രോഗങ്ങളില്ലാതെയാക്കാം
ആരോഗ്യം ഭാസ്കരാദിച്ഛേത് ദാരിദ്ര്യം പരമൗഷധം - ദാരിദ്ര്യത്തിൽ പല രോഗങ്ങളും മാറും. അതായത്, അമിത ഭക്ഷണത്തിൽ നിന്നും വ്യായാമക്കുറവിൽ നിന്നും അമിത സുഖഭോഗത്തിൽ നിന്നുമാണ്, രോഗങ്ങൾ ജനിയ്ക്കുന്നത്
ആഹാരോ മഹാഭൈഷജ്യമുച്യതേ - ആഹാരമാണ് മഹാമരുന്ന്
രുഗബ്ധിതരണേ ഹേതും തരണീം ശരണീകുരുസുഹൃർദ്ദർശനമൗഷധം - ഇഷ്ടസ്നേഹിതരെ കണ്ടാൽ രോഗത്തിന് / ദുഖത്തിന് ആശ്വാസം വരും
ജ്വരനാശായ ലംഘനം - പനിയുണ്ടെങ്കിൽ ഉണ്ണരുത്
പിബ തക്രമഹോ നൃപ രോഗഹരം - ഹേ, രാജാവേ, മോരു കുടിയ്ക്കൂ -- രോഗം മാറും. പാലിലും വെണ്ണയിലും മറ്റുമുള്ള കൊഴുപ്പു മോരിലില്ല, അവയിലെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടു താനും
ന ശ്രാന്തോ ഭോജനം കുര്യാത് - തളർന്നിരിയ്ക്കുമ്പോൾ ഉണ്ണരുത്
ഭുക്ത്വോപവിശത: സ്ഥൗല്യം - ഉണ്ടിട്ടു നടന്നില്ലെങ്കിൽ തടിയ്ക്കും
ദിവാസ്വാപം ന കുര്യാതു - പകലുറങ്ങരുത്, കാരണം, മേദസ്സു കൂടും, രാത്രിയിലെ ഉറക്കം തടസ്സപ്പെടും,
ലാഭാനാം ശ്രേഷ്ഠമാരോഗ്യം - ഏറ്റവും മുന്തിയ നേട്ടം, ആരോഗ്യം. അതിനു വേണ്ടി മറ്റെല്ലാം കൈവെടിയണം
സർവ്വമേവ പരിത്യജ്യ ശരീരം അനുപാലയേത് - മറ്റെല്ലാം കൈവിട്ടാണെങ്കിലും ദേഹം കാത്തു രക്ഷിയ്ക്കണം
പ്രാണായാമേന യുക്തേന സർവ്വരോഗക്ഷയോ ഭവേൽ - ശ്വാസോച്ഛ്വാസം പ്രാണായാമ രീതിയിൽ ചെയ്യുന്നവനെ രോഗം ബാധിയ്ക്കില്ല
വിനാ ഗോരസം കോ രസം ഭോജനാനാം? - അൽപ്പം തൈരോ മോരോ ഇല്ലാത്ത ഉച്ചഭക്ഷണം ഊണ് അല്ല
ആരോഗ്യം ഭോജനാധീനം - ആരോഗ്യം വേണമെങ്കിൽ എന്ത്, എങ്ങിനെ ആഹരിയ്ക്കുന്നു ശ്രദ്ധിയ്ക്
മിതഭോജനേ സ്വാസ്ഥ്യം - ആരോഗ്യത്തിന്റെ അടിസ്ഥാനം അളവു മിതമായ ആഹാരത്തിലാണ്
സർവ്വരോഗഹരീ ക്ഷുധാ - ഉപവാസം കൊണ്ട് അനവധി രോഗങ്ങൾ മാറ്റാം. ശരീരത്തിന് സ്വന്തം രോഗനാശന ശക്തിയുണ്ട്. അത് ഉപവസിയ്ക്കുമ്പോൾ ഉണർന്നു പ്രവർത്തിയ്ക്കും
No comments:
Post a Comment