അവതാരിക
നാല്പതു വാള്യങ്ങളായി 1968-ല്‍ സ്വന്തം നിലയില്‍ പ്രകാശം പ്രസിദ്ധീകരിച്ചപ്പോള്‍, പ്രഥമ പതിപ്പിന്റെ ഒന്നാം വാളൃത്തിന് പ്രശസ്ത വിമര്‍ശകനായ കുട്ടികൃഷ്ണമാരാര്‍ എഴുതിയ അവതാരിക.
പ്രാചീന ഗ്രന്ഥങ്ങളെ സംബന്ധിച്ച ഇന്നത്തെ ഗവേഷണത്തില്‍ മുഖ്യമായ പര്യാലോചനാ വിഷയം, അതാരെഴുതി, എന്തെഴുതി, എന്തിനെഴുതി, എങ്ങനെയെഴുതി - അതായത് അതൊരു പൂര്‍വ്വകല്പനാഫലമോ, മറ്റു വല്ലതിനേയും അനുകരിച്ചതോ എന്നും, ഗവേഷണ വിഷയമായ ഗ്രന്ഥത്തില്‍ നിന്ന് ഊഹിക്കാവുന്ന അന്നത്തെ ലോകസ്ഥിതിയും സാമുദായികാവസ്ഥകളും എങ്ങനെയിരുന്നുവെന്നും, അതില്‍ നിന്ന് ഇന്നത്തെ സാമുദായികാവസ്ഥകളിലേക്ക് നാം എങ്ങനെ പരിണമിച്ചെത്തിയെന്നും, പ്രസ്തുത ഗ്രന്ഥമെഴുതിയ കാലത്തെ ഭാഷയുടെ നിലവാരമെന്തായിരുന്നു എന്നീ വക പലതുമാണ്. നാനാമുഖമായി ചിന്നിത്തെറിക്കുന്ന ഈ പര്യാലോചനകള്‍ക്കിടയില്‍, ആ ഗ്രന്ഥത്തില്‍ നിന്നു നേടിവെയ്ക്കാവുന്ന വിജ്ഞാന സമ്പത്തെന്ത് എന്ന പര്യാലോചന കൈമോശം വന്നു പോകുന്നു; പോയില്ലെങ്കില്‍ തന്നെ, അത് കൂട്ടത്തിലൊന്നു മാത്രമായി അവഗണിക്കപ്പെടുന്നു. നേരേ മറിച്ചായിരുന്നു നമ്മുടെ പഴയ സത്യാന്വേഷണ മാര്‍ഗ്ഗം. ഗ്രന്ഥത്തില്‍ നിന്ന് നേടി വെയ്ക്കാവുന്ന വിജ്ഞാന സമ്പത്ത് നല്ലതെങ്കില്‍ കൈക്കൊള്ളുകയും, അത് ഒരുക്കി വെച്ചത് ആരായാലും, എന്നായാലും, എന്തിനായാലും അത് നമ്മുടെ പൈതൃകം തന്നെ എന്ന നിലയില്‍ യഥേച്ഛം എടുത്ത് ഉപയോഗിക്കുകയും, ഇന്നത്തെ ഈ പുത്തന്‍ ഗവേഷണ്രക്രമം ഇംഗ്ലീഷുകാര്‍ നമ്മുടെ മേല്‍ ജപിച്ച് എയ്തേല്‍പിച്ചതാണ്. അവ്വണ്ണമേറ്റതിനെ പ്രതിസംഹരിപ്പാന്‍ ഏല്‍പിച്ചവന്‍ തന്നെ വരേണ്ടിയിരിക്കും. ചിലപ്പോള്‍ അവനും അതു സാധിച്ചില്ലെന്നു വരാം. ഇന്ന് നമ്മുടെ മേല്‍ ഏറ്റു കിടക്കുന്ന ഇംഗ്ലീഷ് ഭാഷാസക്തിയെ പ്രതിസംഹരിപ്പാന്‍ ആരുണ്ട്?
അപൗരുഷേയ ഗ്രന്ഥങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഗവേഷണ ക്രമം മുഴുക്കെ തെറ്റാണ്. ഈശ്വരീയം എന്ന അര്‍ത്ഥത്തില്‍ വേദോപനിഷത്തുകളെ മാത്രമേ അപൗരുഷേയം എന്നു പറയാറുള്ളുവെങ്കിലും ആ പദത്തിന്റെ അര്‍ത്ഥമാലോചിച്ചാല്‍ ഏറെക്കുറെ ഇതിഹാസ പുരാണങ്ങളും ആ പേരര്‍ഹിക്കുന്നു എന്നു കാണാം. ഈശ്വരന്‍ അനാദി പുരുഷന്‍ എന്നും ഉത്തമ പുരുഷന്‍ എന്നും ( ഗീത 14-19, 15-17 ) പേരുള്ള സ്ഥിതിക്ക് വേദോപനിഷത്തുകളും, പുരുഷകൃ തങ്ങള്‍ തന്നെ. എന്നിരിക്കെ, പ്രകൃതി സംസര്‍ഗ്ഗ വശാല്‍ ഞാനെന്നും എന്റേതെന്നുമുള്ള ഭാവങ്ങളാല്‍ ദുഷിതരായ നമ്മെപ്പോലുള്ള ആളുകള്‍ വ്യക്തിത്വാവിഷ്കരണത്തിന് വേണ്ടി ഉണ്ടാക്കിയതല്ല എന്നാവണം അപൗരുഷേയത്തിന് അര്‍ത്ഥം. മറിച്ച്, പരമാത്മാനുഭൂതിയില്‍ പരമ പുരുഷത്വം പ്രാപിച്ച ഋഷിമാര്‍ ധ്യാനാവസ്ഥയാല്‍ അനുഭവിച്ചറിഞ്ഞ പരമസത്യങ്ങളെ പ്രതിപാദിക്കുന്ന ഐശ്വര കൃതികള്‍ തന്നെ ഇതിഹാസ പുരാണാദികളും. ഇതുകൊണ്ടാവണം, "ഇതിഹാസപുരാണാഭ്യാം വേദം സമുപബ്യംഹയേല്‍", എന്ന ചൊല്ലുണ്ടായത്. മഹാഭാരതം, വാല്മീകിരാമായണം, ഭാഗവതം മുതലായവയില്‍ ആ പരമസത്യം തന്നെയാണല്ലോ നീളെ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. ആ മഹാത്മാക്കള്‍ തങ്ങളില്‍ നിറഞ്ഞു വഴിയുന്ന സത്യബോധത്തെ വിദൂര ശിഷ്യരില്‍ പകര്‍ന്നു കൊടുപ്പാനാണ് ഗ്രന്ഥരചന ചെയ്തത്. അല്ലാതെ നമ്മെപ്പോലെ, യശസ്സിനോ, അര്‍ത്ഥത്തിനോ, വൃവഹാര വേതനത്തിനോ, ശിവേതരക്ഷതിക്കോ, സദ്യഃപര നിര്‍വൃതിക്കോ വേണ്ടിയല്ല; നേരേമറിച്ച് തങ്ങള്‍ നേടിക്കഴിഞ്ഞ സദ്യഃപര നിര്‍വൃതിയെ പരിതൃജിച്ചും ശിഷ്യാനുഗ്രഹത്തിന് വേണ്ടി രചിച്ചവയാണവ.
അവരുടെ ആ രചനകളെ മേല്പറഞ്ഞ പടിഞ്ഞാറന്‍ രീതിയില്‍ സമീപിക്കുന്നവര്‍ തെളിയിക്കുന്നത്, തങ്ങള്‍ ആ വിജ്ഞാന സമ്പത്തിന് അപാത്രങ്ങളാണെന്നു മാത്രമാണ്. ഈ അപാത്രത തെളിയിക്കാതെ കഴിപ്പാന്‍ വേണ്ടി, ആധുനിക ഗവേഷകന്മാരുടെ പൂര്‍വ്വാപര ബന്ധമില്ലാത്ത അന്ധനിഗമനങ്ങളിലേക്കു തിരിഞ്ഞു നോക്കാതെ, ഞാന്‍ മഹാഭാരതത്തിലെ സത്യാവബോധത്തിലേക്കു നേരെ കടന്നുകേറട്ടെ.
മഹാഭാരതത്തിലെ വിജ്ഞാനസമ്പത്തിന്റെ നിക്ഷേപസ്ഥാനം ശാന്തിപര്‍വ്വമാണ്. ലക്ഷത്തില്‍പ്പരം ശ്ലോകങ്ങളടങ്ങിയ ഈ വിശ്വമഹാഗ്രന്ഥത്തില്‍ 10725 ശ്ലോകവും ശാന്തിപര്‍വ്വത്തിലാണ്. മറ്റേതു പര്‍വ്വത്തിലുമില്ല ഇത്രയേറെ ശ്ലോകം. കഥകള്‍ നിറഞ്ഞ ആരണ്യപര്‍വ്വത്തില്‍ 10664 ശ്ലോകമേ ഉള്ളു. ശ്ലോകസംഖ്യ കൊണ്ടല്ല, ശാന്തിപര്‍വ്വം മഹാഭാരതത്തിന്റെ ഫലൗഘമാണെന്ന് അതില്‍ പറഞ്ഞിട്ടുമുണ്ട്. എന്തു കൊണ്ടെന്നാല്‍, രാജധര്‍മ്മത്തിലൂടെ നടന്ന് ആസന്നമൃത്യുവായ ഭീഷ്മപിതാമഹന്‍, രാജധര്‍മ്മത്തിലൂടെ ചരിക്കാന്‍ ഉത്സുകനായ യുധിഷ്ഠിരന്, ഗീതയില്‍ ഭഗവാന്‍ അര്‍ജ്ജുനന് സംക്ഷേപിച്ചു പറഞ്ഞു കൊടുത്തതിനെത്തന്നെ, ബഹുവിസ്തരേണ വിവരിച്ചു കൊടുക്കുന്നതാണ് ശാന്തിപര്‍വ്വം. എന്താണീ ശാന്തിഃ ഇന്ന് പലരും വാക്കുകള്‍ കൊണ്ടു വാഴ്ത്തിപ്പുലര്‍ത്തിക്കൊണ്ടിരിക്കുന്ന ലോകസമാധാനമില്ലേ, അതു തന്നെയാണ്. പ്രപഞ്ചജീവിതത്തെ തനിക്കും മറ്റാര്‍ക്കും അശാന്തികരമാകാത്തവണ്ണം കൊണ്ടുനടക്കുക. ഇതൊന്നു മാത്രം നാനാമുഖേന വിവരിക്കാന്‍ വേണ്ടിയാണ് ആ പര്‍വ്വത്തില്‍ അശാന്തങ്ങളായ ഇതിഹാസങ്ങള്‍, പഴങ്കഥകള്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്.
കൂടാതെ, മഹാഭാരതത്തിലെ അശാന്തിമയമായ മുഖ്യേതിവൃത്തവും പരഭാഗശോഭയാല്‍ ശാന്തിപര്‍വ്വത്തെ തിളക്കുന്നു. ഒരേ കുടുംബത്തിലുണ്ടായ അശാന്തികളെ കൊണ്ട് നിറഞ്ഞതാണല്ലോ അത് നീളെ. അതിലെ നായകരായ പാണ്ഡവര്‍ ദേവസന്തതികളാകയാല്‍ ദേവഭാവങ്ങളുടെ പ്രതിനിധികളാണ്; പ്രതിനായകരായ കൗരവര്‍ ആസുരഭാവങ്ങളുടെ അവതാരങ്ങളുമാണ്. ഈ ദേവാസുരഭാവങ്ങളെ ഗീത പതിനാറാമദ്ധ്യായത്തില്‍ ദൈവസമ്പത്തെന്നും, ആസുരസമ്പത്തെന്നും പേരുകളില്‍ വിഭജിച്ചിരിക്കുന്നു. എന്നു വെച്ചാല്‍, ആരും ദേവനോ, അസുരനോ ആയി ജനിക്കുകയല്ല, ആ രണ്ടു തരം സമ്പത്തുകളില്‍ ഏതെങ്കിലുമൊന്ന് നേടിക്കൂട്ടുവാനുള്ള വാസനകളുമായി ജനിക്കുകയാണെന്ന് ഭാവം. ആസുരവാസന വളരെ കുഞ്ഞുന്നാളിലേ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് നമുക്ക് ചൂഴെയെന്ന പോലെ, മഹാഭാരതത്തിലും കാണുന്നു. കൊച്ചുകുഞ്ഞുങ്ങള്‍ ആസുരപദങ്ങളാണ് വേഗത്തില്‍ കേട്ടു പഠിക്കുക; ആസുരകര്‍മ്മങ്ങളാണ് വേഗത്തില്‍ കണ്ടു പഠിക്കുക. അതു തന്നെയാണ് ഭാരതേതിവൃത്തത്തിന്റെ തുടക്കത്തിലും. ഭീമന്‍ ബാലചാപല്യവശാല്‍ ചെയ്തിരുന്ന വികൃ തിത്തങ്ങളാണ് കൗരവരെക്കൊണ്ട് ആസുരസമ്പത്ത് എടുപ്പിച്ചത്. ഇത് പാണ്ഡവ കൗരവരുടെ ബാലൃകൗമാര കഥകളില്‍ നീളെ കാണാം.
ആ രാജകുമാരന്മാര്‍ മുതിര്‍ന്നപ്പോള്‍ രാജാധികാരം ആര്‍ക്കു വേണമെന്ന തര്‍ക്കത്തിലെത്തി. ജ്യേഷ്ഠപുത്രനായിരുന്ന ധൃതരാഷ്ട്രര്‍ ജന്മാന്ധനായി രാജ്യാനര്‍ഹനാകയാല്‍, അനുജന്‍ പാണ്ഡുവാണ് രാജ്യം ഭരിച്ചത്. പാണ്ഡുവിന്റെ ധാര്‍മ്മികപുത്രരാണ് പാണ്ഡവര്‍; ധൃതരാഷ്ട്രരുടെ ഔരസപുത്രന്മാര്‍ കൗരവരും. കൗരവരില്‍ മൂത്തവനായ സുയോധനന്‍, പാണ്ഡവരില്‍ മൂത്തവനായ യുധിഷ്ഠിരനേക്കാള്‍ ഇളയവനുമാണ്. പ്രഥമരാജ്യാര്‍ഹനായ ധൃതരാഷ്ട്രരുടെ മൂത്തപുത്രനോ, പകരം രാജ്യം ഭരിച്ച പാണ്ഡുവിന്റെ അതിലും മുത്തപുത്രനോ തുടര്‍ന്ന് രാജ്യം ഭരിക്കേണ്ടത് എന്നു നിര്‍ണ്ണയിപ്പാന്‍ ഒരു പ്രമാണവുമില്ല. ആസുരതാസമ്പന്നരല്ല, ദേവതാസമ്പന്നരാണ് രാജ്യം ഭരിക്കേണ്ടതെന്ന പ്രമാണം ഭൂമിയില്‍ നടക്കുന്നതല്ല. ഇവിടെ കൈയൂക്കുള്ളവരാണ് കാര്യക്കാരാവുക. അതു തന്നെയാണ് അന്നും, ഇന്നും, എന്നും നടക്കുന്നതും. ഇന്നത് കുടുതല്‍ ജനാനുകൂല്യം ( വോട്ട് ) നേടുവാനുള്ള വിരുതായിട്ടുണ്ടെന്നു മാത്രം. കൈയൂക്കായാലും വിരുതായാലും അതു മുക്കാലും ആസുരസമ്പത്താണു താനും. അതുവഴി ഭാരതകഥയില്‍ വിഷം കൊടുക്കല്‍, എന്നിങ്ങനെ ആസുരകര്‍മ്മങ്ങള്‍ പുരോഗമിച്ചു.
ഈ രണ്ടുതരം സമ്പത്തും കേവലം വ്യക്തിനിഷ്ഠമല്ല, ചാരിയാല്‍ ചാരിയതിലേക്കു പകരുന്നതു കൂടിയാണെന്ന് ആ ഇരുപക്ഷത്തിന്റെ സംഖ്യാധിക്യം സൂചിപ്പിക്കുന്നു. പാണ്ഡവര്‍ ഐവരും ദേവതാസമ്പന്നരാണ്; കൗരവര്‍ നൂറ്റവരും ആസുരതാസമ്പന്നരും. ആസുരസമ്പത്തിന് കുഞ്ഞുന്നാളിലെന്ന പോലെ മുതിര്‍ന്നാലും പകരുന്ന സ്വഭാവം ഏറെയുണ്ടെന്നാശയം. അതിലും വാസനാഭേദവശാല്‍ ദൈവസമ്പത്തിലേക്കു തിരിയുന്നവരുണ്ടാവാം എന്നുദാഹരിക്കുന്നവനാണ് വികര്‍ണ്ണന്‍ - ചേട്ടന്മാര്‍ക്കു ചെവികൊടുക്കാത്തവന്‍ എന്നാവാം കവി വിവക്ഷ. പ്രസ്തുതമായ ദൈവസമ്പത്തുകള്‍ ഏവയെന്നു കൂടി സന്ദര്‍ഭവശാല്‍ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഗീതയില്‍ എണ്ണിപ്പറഞ്ഞ ദൈവസമ്പത്തുകള്‍ അഭയം തുടങ്ങി ഇരുപത്താറെണ്ണമുണ്ട്. സര്‍വ്വോന്നതമായ ആ അഭയമൊഴികെ മറ്റെല്ലാ ദൈവസമ്പത്തും പാണ്ഡവരില്‍ പൂര്‍ണ്ണമായിരുന്നു. താനും തന്റെ സഹോദരന്മാരും എത്ര ബലശാലികളായിരുന്നിട്ടും യുധിഷ്ഠിരന്‍ ഭീഷ്മദ്രോണകര്‍ണ്ണാദികളോടുള്ള ഭയം കാരണം ഒരിക്കലും സ്വൈരമായുറങ്ങാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം തന്നെ ഒന്നുരണ്ടു തവണ തുറന്നുപറഞ്ഞിട്ടുണ്ട്. യുധിഷ്ഠിരനെ നന്നായറിയാവുന്ന വ്യാസഭഗവാന്‍ ഒരിക്കല്‍ അരുള്‍ചെയ്ത രണ്ടു ശ്ലോകം മാത്രം ഉദ്ധരിക്കാം:
ഭീഷ്മാദ് ദ്രോണാല്‍ കൃപാല്‍ കര്‍ണ്ണാദ് ദ്രോണപുത്രാച്ച ഭാരത! ദുര്യോധനാന്നൃപസുതാല്‍ തഥാ ദുശ്ലാസനാദപി 7 ഴ യത്തേ ഭയമമിര്രഘ്ന ഹൃദി സമ്പദി വര്‍ത്തതേ ഃ തല്‍ തേഹം നാശയിഷ്യാമി വിധിദൃഷ്ടേന കര്‍മ്മണാ. (ആരണ്യപര്‍വ്വം 36, 25, 26)
ഭീഷ്മാദികളെ ചൊല്ലിയുള്ള ഭയം തീര്‍ക്കുവാന്‍ ഒരു വിദ്യ പറഞ്ഞു തരാം എന്നു ചുരുക്കം. അനുജരായ ഭീമാര്‍ജ്ജുനാദികളാകട്ടെ, ജേഷ്ഠന്റെ ഹിതത്തിന് എതിരായി അനങ്ങിപ്പോകാതവണ്ണം ദൈവസമ്പത്സമ്പന്നരുമാണ്. ജ്യേഷ്ഠന്റെ അത്ര കവിഞ്ഞ ഭയം കാരണം, അവര്‍ക്കും അവരുടെ പത്നി ദ്രൗപദിക്കും എണ്ണമറ്റ ക്ലേശാപമാനങ്ങള്‍ എല്ലാം പൊറുത്തു കൊള്ളേണ്ടി വന്നു. ആസുരസമ്പത്താകട്ടേ, "ദംഭോ ദര്‍പ്പോഭിമാനശ്ച ക്രോധഃ പാരുഷ്യ മേവ ച അജ്ഞാനം ച്" എന്ന് ആറെണ്ണമേ ഉള്ളു. കാര്യകാരണ്രകമത്തിലാണ് ഇവയെ അടുക്കിയിട്ടുള്ളത്. മൂലകാരണമായ അജ്ഞാനത്തില്‍ നിന്ന് യഥാക്രമം ഉണ്ടായി വരുന്നവയാണ് മറ്റവയെല്ലാം. അതിനി വേറെ വിവരിക്കേണ്ടതില്ലെന്നു കരുതുന്നു.
ഒടുക്കത്തെ യുദ്ധത്തില്‍ ആ ദൈവസമ്പത്തുകാര്‍ക്കും അനേകം ആസുരസമ്പത്തുകള്‍ എടുത്തു കൂട്ടേണ്ടി വന്നു. അതിനെ സംബന്ധിച്ച്, ധര്‍മ്മസംസ്ഥാപനത്തിനായവതരിച്ച വാസുദേവഭഗവാന്‍ അരുളിച്ചെയ്ത വാക്കുകള്‍ അതേപടി ഇവിടെ എടുത്തുദാഹരിക്കുക അത്യന്താപേക്ഷിതമാണ്. ദുര്യോധനന്‍ വീണതിന് ശേഷം ശല്യപര്‍വ്വം അറുപത്തൊന്നാം അദ്ധ്യായത്തിലെ ഏതാനും ശ്ലോകങ്ങളാണവ:
"നൈഷ ശക്യോതിശീരാസ്ത്ര സ്തേ ച സര്‍വേ മഹാരഥാഃ ഋജുയുദ്ധേന വിക്രാന്താ ഹന്തും യുഷ്മാഭിരാഹവേ".
അര്‍ത്ഥം : അതിവേഗത്തില്‍ ആയുധം പ്രയോഗിക്കാന്‍ പോന്ന ദുര്യോധനനാകട്ടേ, പരാക്രമശാലികളായ ഭീഷ്മാദി മഹാരഥരാകട്ടേ, നിങ്ങള്‍ക്കു നേര്‍ക്കു നേരെ നിന്നു യുദ്ധം ചെയ്തു കൊല്ലപ്പെടാവുന്നവരല്ല. ഇതുതന്നെ ഏതാണ്ട് ആവര്‍ത്തിച്ചു പറയുന്ന ഒരു ശ്ലോകം വിട്ടിട്ട്;
"മയാനേകൈരുപായൈസ്തു മായായോഗേന ചാസകൃല്‍ ഹതാസ്തേ സര്‍വ ഏവാജൗ ഭുവതാം ഹിതമിച്ഛതാ".
അര്‍ത്ഥം : ഞാന്‍ ഒന്നിലധികം തവണ പലേ ഉപായങ്ങള്‍ കൊണ്ടും കള്ളപ്പണികള്‍ കൊണ്ടും, നിങ്ങള്‍ക്കു ഹിതം വരുവാന്‍ വേണ്ടി അവരെ യുദ്ധത്തില്‍ കൊല്ലിക്കയാണുണ്ടായത്.
"യദി നൈവംവിധം ജാതു കുര്യാം ജിഹ്മമഹം രണേ കുതോ വോ വിജയോ ഭൂയഃ കുതോ രാജ്യം കുതോ ധനം?"
അര്‍ത്ഥം : യുദ്ധത്തില്‍ ഞാന്‍ ഉമ്മട്ടില്‍ ഒരിക്കലും കാപട്യം പ്രയോഗിക്കാഞ്ഞെങ്കില്‍, നിങ്ങള്‍ക്കു വിജയമെവിടെ, രാജ്യമെവിടെ, സമ്പത്തെവിടെ? ഏതാണ്ട് പുനരാവര്‍ത്തനം പോലുള്ള രണ്ടു ശ്ലോകം വിട്ടിട്ട്:
ന ച വോ ഹൃദി കര്‍ത്തവ്യം യദയം ഘാതിതോ രിപുഃ, മിഥ്യാവധ്യാസ്തഥോപായൈ- നി ബ്ബഹവഃ ശ്രതവോധികാഃ
അര്‍ത്ഥം : ഈ ശത്രുവിനെ കൊല്ലിച്ചുവല്ലോ എന്ന് ഇനി നിങ്ങള്‍ ഉള്ളില്‍ വെച്ചിരിക്കേണ്ട. ബലത്തിലോ, അളവിലോ കവിഞ്ഞു നില്ക്കുന്ന ശത്രുക്കളില്‍ ഉപായങ്ങള്‍ കൊണ്ട് കള്ളക്കൊല നടത്തിയേ തീരൂ.
പുര്‍വൈരനുഗതോ മാര്‍ഗ്ഗോ ദേവൈരസുരഘാതിഭിഃ സദ്ഭിശ്ചാനുഗതഃ പന്ഥാഃ സ സര്‍വൈരനുഗമ്യതേ.
അര്‍ത്ഥം : അസുരരെ കൊല്ലാനൊരുമ്പെട്ട ദേവന്മാര്‍ പണ്ടു നടന്ന വഴിയാണിത്. നല്ലവര്‍ ആ വഴിക്കു നടക്കുന്നു. എല്ലാവരും അതേവഴിക്കു നടക്കുന്നു. ദേവന്മാര്‍ അസുരന്മാര്‍ എന്ന ജാതിവിഭജനം, മുട്ടിയ കൈയ്ക്ക് ആസുരസമ്പത്ത് എടുത്തുകൂട്ടുന്ന സജ്ജനങ്ങള്‍ക്കും ചേരുമെന്ന് ഈ ഒടുക്കത്തെ ശ്ലോകം സുവ്യക്തമാക്കുന്നു.
ഇവിടെ ഒരു ചോദ്യം : വഞ്ചനാത്മകമായ ഈ ആസുരസമ്പത്തില്‍ ഭൂതദയാഹിംസാദിയായ ദൈവസമ്പത്തുക്കള്‍ക്കു പ്രസക്തിയൊന്നുമില്ലേ? തീര്‍ച്ചയായും ഉണ്ട്. ആ പ്രസക്തി വിഷയങ്ങളുടെ പേരിലാണല്ലോ, അര്‍ജ്ജുനന്‍ കൈകുഴഞ്ഞിരുന്നു പോയതും, ഭഗവാന്‍ അനാസക്തി യോഗം ഉപദേശിച്ച് ആ സുഹൃത്തിനെ വീണ്ടും ധനുര്‍ദ്ധരനാക്കി നിവര്‍ത്തി നിര്‍ത്തിയതും. യോഗമെന്നാല്‍ ചേരേണ്ടതിനോടു ചേര്‍ന്ന് അതു തന്നെയാവുകയാണ്. ജ്ഞാനയോഗം ജ്ഞാനത്തില്‍ അലിഞ്ഞു ചേര്‍ന്ന് ജ്ഞാനം തന്നെയാവുകയാണ്; ഭക്തിയോഗം ഭജിക്കപ്പെടുന്നതിനോടു ചേര്‍ന്ന് അതു തന്നെയാവുകയും. ഗീതയ്ക്കു നിമിത്തമായ അര്‍ജ്ജുനനെ സംബന്ധിച്ചിടത്തോളം ഗീത കര്‍മ്മയോഗ ശാസ്ത്രമാണ്. അര്‍ജ്ജുനന്‍ സ്വധര്‍മ്മ പ്രാപ്തമായ യുദ്ധകര്‍മ്മത്തില്‍, പുഴ ഒഴുകിച്ചെന്നു കടലില്‍ ചേരും പോലെ, കര്‍മ്മത്തില്‍ ചേരുകയാണ് വേണ്ടിയിരുന്നത്. ചേര്‍ന്നൊന്നായാല്‍ പിന്നെ ഞാന്‍ ചെയ്തു, ഞാന്‍ നേടി എന്ന സങ്കല്പം അലിഞ്ഞില്ലാതാവും. ഒന്നായേടത്തുണ്ടോ പിന്നെ ചെയ് വനയും നേട്ടവും! അതായത്, അനാസക്തമായ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ഹിംസാഹിംസാദി പര്യാലോചനകള്‍ക്കു പ്രസക്തിയില്ല എന്നു. ചുരുക്കം.
അഹിംസാ പരമധര്‍മ്മത്തിനു പ്രമാണമായ "അക്രോധേന ജേയല്‍ ക്രോധം", ഇത്യാദി മഹാഭാരത ശ്ലോകത്തിന്റേയും അതിനുള്ള ബുദ്ധഭഗവാന്റെ പാലി വിവര്‍ത്തനത്തിന്റേയും മുരട് അപൗരുഷേയമായ സാമവേദത്തിലെ ഈ വാകൃമാണെന്നു തോന്നുന്നു:
സേതുംസ്തരദുസ്തരാന്‍, അക്രോധേന ക്രോധം, ദാനേനാദാനം; ശ്രദ്ധയാശ്രദ്ധാം, സത്യേനാന്യതം, ഏഷാ ഗതിഃ ഏതദമൃതം.
അര്‍ത്ഥം : കടന്നുകേറുവാന്‍ പണിയുള്ള പാലങ്ങളെ കടക്കാനുള്ള വഴി.
ഇങ്ങനെയൊരു മന്ത്രം സാമവേദത്തിലില്ലെന്നും, വല്ല ബ്രാഹ്മണങ്ങളിലോ മറ്റോ ഉള്ളതാവാം എന്നും ഒരു പണ്ഡിതനില്‍ നിന്നറിയുന്നു. ഭവാന്‍സ് ജേര്‍ണ്ണലിന്റെ 68 ജൂലായ് ലക്കത്തിലാണ് ഞാനിത് കണ്ടത്.
ക്രോധത്തെ ക്രോധമില്ലായ്മകൊണ്ടും, എടുക്കലിനെ കൊടുക്കല്‍ കൊണ്ടും, അശ്രദ്ധയെ ശ്രദ്ധകൊണ്ടും, കുള്ളത്തരത്തെ നേരു കൊണ്ടും ( കടക്കാം ). ഇതേ ഗതിയുള്ളു, ഇത് അമൃത് ( മരണമില്ലായ്മ ) തന്നെ. വൃക്തികളെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം ശരിയാണ്, അവരെ നന്നാക്കിയെടുക്കാന്‍ സാധിച്ചില്ലെങ്കിലും, സ്വയം ചീത്തയാകാതെ കഴിക്കാമല്ലോ. എന്നാല്‍ ക്രോധത്തിന്റേയും പിടിച്ചു പറ്റലിന്റേയും ആശ്രദ്ധയുടേയും കള്ളത്തരത്തിന്റേയും കീഴില്‍ സംഘടിച്ചു നില്ക്കുന്ന ശത്രുസൈന്യത്തോടു ഫലിക്കുന്നതല്ല. എന്തുകൊണ്ടെന്നാല്‍, അവര്‍ ക്രോധാദികളെ ശ്രേയസ്കരമായ സ്വധര്‍മ്മമായെടുത്തിരിക്കയാണ്,
പരധര്‍മ്മമേതും അവര്‍ക്കു ഭയാവഹമത്രേ. (ഗീത. 3.35)
അവരോട് അവരുടെ ധര്‍മ്മം തന്നെ പ്രയോഗിക്കയേ മറുമരുന്നുള്ളൂ എന്നാണ് മഹാഭാരത സമരം ഉദാഹരിക്കുന്നതും, അതിന്റെ ഉപസംഹാരത്തില്‍ ഭഗവാന്‍ ഉപദേശിക്കുന്നതും. വാല്മീകിയുടെ രാമന്‍ തന്റെ പ്രിയതമയെ അപഹരിച്ചവനെ ഹിംസിക്കാന്‍ ഈ ആസുര സമ്പത്തൊന്നും എടുത്തു കൂട്ടുകയുണ്ടായില്ലെങ്കില്‍, അതിന് കാരണം ആദ്ധ്യാത്മിക സാധകന്റേയും, ആദ്ധ്യാത്മിക സിദ്ധന്റേയും വഴി രണ്ടായത് കൊണ്ടാവണം. രാമനെ ആദര്‍ശപുരുഷനായെടുത്ത ഗാന്ധിജിയും അതാണല്ലോ ചെയ്തത്. പക്ഷേ, അദ്ധ്യാത്മ സാധനയിലേക്കു നോട്ടമേ ഇല്ലാത്ത അധികാരാസക്തരില്‍ അത് വിപരീത ഫലമാണ് ഉളവാക്കുക എന്ന് നാമിന്നു നാളില്‍ നാളില്‍ കണ്ടു കൊണ്ടിരിക്കുന്നു. തികഞ്ഞ ദൗര്‍ബ്ബല്യത്തിന് അധീനരായി ആകാവുന്നതിലേറെ പരപ്രീണനം നടത്തുകയല്ലാതെ മറ്റൊരുപായവും ഗാന്ധിജിയുടെ അനുയായികള്‍ക്ക് അറിഞ്ഞു കൂടാതായിരിക്കുന്നു.
ഈ വിവരിച്ചതിന്‍ വണ്ണം ഗീതയും, മഹാഭാരതവും, ശാന്തിപര്‍വ്വവും തമ്മില്‍ ഇഴുകിയ ബന്ധമുള്ളതിനെപ്പറ്റി വല്ലതുമൊന്നാലോചിച്ചിട്ടാണോ നമ്മുടെ ചില സാഹിത്യ ഗവേഷകന്മാര്‍, വ്യാസവിരചിതമായ ഇതിഹാസത്തില്‍ പിന്നീടാരോ എഴുതിപ്പിടിപ്പിച്ചതാണ് ഭഗവത്ഗീത എന്നു കണ്ടുപിടിച്ചിട്ടുള്ളത്, അതോ ദൈവാസുരസമ്പദ്ധിഭാഗത്തെപ്പറ്റി ബോധലേ ശമേ സ്പര്‍ശിച്ചിട്ടില്ലാത്ത പാശ്ചാത്യാചാര്യന്മാരുടെ വിശ്വാസ്യശിഷ്യരാണ് തങ്ങളെന്നു തെളിയിച്ചതോ? അല്പമെങ്കിലും ആത്മബോധമുള്ളവര്‍ ഇതാണു കണ്ടെത്തുക. യുദ്ധാരംഭത്തിരക്കില്‍ അര്‍ജ്ജുനനെ പോലുള്ള വിശേഷജഞന്മാര്‍ക്കു മാത്രം മനസ്സിലാകത്തക്ക വണ്ണം സംക്ഷേപിച്ചു ദൈവസമ്പത്തുകള്‍ തന്നെയാണ്. അജ്ഞന്മാര്‍ക്കു പോലും ഗ്രഹിക്കത്തക്ക വണ്ണം ശാന്തിപര്‍വ്വത്തിലെ 10, 725 ശ്ലോകത്തില്‍ പ്രസ്തരിച്ചതെന്ന്. ഇത് ഉള്ളില്‍ വെച്ചു കൊണ്ടാണ് ആധുനിക ഗവേഷകന്മാരുടെ പുര്‍വ്വാപരബന്ധം നോക്കാത്ത അന്ധനിഗമനങ്ങള്‍ എന്നു ഞാന്‍ മുമ്പു പറഞ്ഞത്. ജഞാനലവദുര്‍വ്വിദഗ്ദ്ധന്മാരെ ബ്രഹ്മാവിന് പോലും രഞ്ജിപ്പിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഇതിവിടെ പറഞ്ഞു വയ്ക്കുന്നതും.
അങ്ങനെ മഹാഭാരതമാകെ സംക്ഷിപ്ത വിസ്തൃതോദാഹരണങ്ങള്‍ കൊണ്ടു സമ്പൂര്‍ണ്ണമായ വേദാന്ത കാവ്യമത്രേ. വേദാന്തമെന്നാൽ തത്വശാസ്ത്രം, ഐഹികവും പാരത്രികവുമായ ജീവിതങ്ങളുടെ മുഴു തത്വശാസ്ത്രം, കാലഭേദമോ ദേശഭേദമോ ഇല്ലാതെ എന്നുമെങ്ങും നടന്നു വരുന്ന ജീവിത പ്രചോദനങ്ങളുടെ സമ്പൂര്‍ണ്ണ വിവരണം. ഉദാഹരണത്തിന് മഹാഭാരത ജന്മഭൂമിയുടെ അത്യാധുനികമായ കഥ തന്നെ എടുക്കാം. മറ്റെന്തൊക്കെ പഠിച്ചു വെച്ചാലും, ഒരേ രാജ്യത്ത് ഒരുമിച്ചു കഴിഞ്ഞു കൂടേണ്ടവരാണ് തങ്ങള്‍ എന്ന ശാസ്ത്രീയ ബുദ്ധി മാത്രം നേടാന്‍ കൂട്ടാക്കാതെ, പരസ്പര കലഹികളായി കഴിഞ്ഞ ഹിന്ദു മുസ്ലീം വര്‍ഗ്ഗങ്ങളെ മൈത്രിയിലിരുത്താന്‍ വഴികാണാതെ, 1947-ല്‍, പണ്ട് കുരുജാംഗലത്തില്‍ നിന്ന് ഖാണ്ഡവപ്രസ്ഥത്തെ എന്ന പോലെ ഹിന്ദുസ്ഥാനില്‍ നിന്ന് പാക്കിസ്ഥാനെ പകുത്തു കൊടുക്കേണ്ടി വന്നു. ആ പകുക്കല്‍ തന്നെ മുഴുത്ത മ്രൈതീ വിച്ഛേദമായി, ഇരുവശത്തും ആസുര സമ്പത് സമൃദ്ധിയായ അതിര്‍ത്തിയുദ്ധങ്ങളോ യുദ്ധസന്നാഹങ്ങളോ നടക്കാത്ത കാലമില്ലെന്നായി! ഇവരിനി നല്ല അയല്‍പക്കക്കാരായി കഴിഞ്ഞു കൂടുമെന്ന് നയതന്ത്രവിദഗ്ദ്ധന്മാര്‍ ഉല്‍ഘോഷിക്കുന്നതു കേട്ട ശത്രുക്കള്‍ക്കല്ലാതെ മിത്രങ്ങള്‍ക്കു സന്തോഷിക്കരുതാതായിരിക്കുന്നു. എന്നല്ല, ഭാവിയിലേക്കു നോക്കുമ്പോള്‍ അരുതാത്തതെങ്കിലും അല്പമൊരു ഭയവും തോന്നുന്നു; മഹാഭാരത സാഹോദര്യത്തിന്റെ പരിണതിയിലേക്ക് തന്നെയല്ലേ, ഭാരത പാക്കിസ്ഥാന്‍ സന്ധികളും പാഞ്ഞു കേറുന്നതെന്ന് - അങ്ങനെ വരാതിരിപ്പാന്‍ ഭഗവാന്‍ അനുഗ്രഹിക്കട്ടെ! പക്ഷേ, ഭഗവദ് അനുഗ്രഹത്തേയും, പ്രതീക്ഷിക്കരുതാത്ത നിലയിലാണല്ലോ നാം പെട്ടുപോയിരിക്കുന്നത്. ഭഗവാന്റെ മായോപായസാഹായ്യം സ്വീകരിക്കരുതാത്ത വണ്ണം അഹിംസാ വ്രതത്തില്‍ നിന്നു ജനിച്ച ദുര്‍ബ്ബലമായ പരപ്രീണനത്തിലും കാപടൃത്തിലും സുപ്രതിഷ്ഠാപിതരാണല്ലോ നാം.
ഭാഗ്യവശാല്‍, ശത്രുക്കളുടെ മുമ്പില്‍ മാത്രമേ ഈ അഹിംസാ ദൗര്‍ബ്ബല്യപ്രീണനകാപട്യങ്ങളുള്ളു. സ്വജനങ്ങളോട് ഏതു ജിഹ്മവൃത്തിയും അനുഷ്ഠിപ്പാന്‍ നിത്യസന്നദ്ധരായി നാം മുന്നേറുക തന്നെയാണ്. ആഹാര വസ്തുക്കളില്‍ മാത്രമല്ല, ഔഷധ്രദവ്യങ്ങളില്‍ പോലും മായോപായം കലര്‍ത്തി ആരെയും രോഗികളാക്കാനും കൊലചെയ്യാനും നമുക്ക് കൈയറപ്പു തീര്‍ന്നിരിക്കുന്നു. ഭ്രൂണഹത്യാദി മഹാപാതകങ്ങളില്‍ വൈദഗ്ദ്ധ്യം നേടി വരികയുമാണ്. ഇത്രയെല്ലാം രാഷ്ട്രീയ കാര്യങ്ങളിലേക്കു കടത്തി പറയേണ്ടി വന്നത്, സാര്‍വ്വകാലികവും സാര്‍വ്വ ദൈശികവുമായ ജീവിതത്തിന്റെ തത്വശാസ്ത്രമാണ് വേദാന്തം എന്നു സമര്‍ത്ഥിക്കേണ്ടിയിരിക്കുന്നതു കൊണ്ടാണ്.
ദ്വാപര യുഗത്തിന്റെ അന്ത്യം മുതല്‍ കലിയുഗം ഇത്രയാകുവോളവും സാധൂകരിക്കപ്പെട്ടതു കൊണ്ട് ഇനിയങ്ങോട്ട് ലോകാവസാനത്തോളം സാധൂകരിക്കപ്പെടുമെന്നുറപ്പിക്കാവുന്ന വേദാന്തമാണ് ഭാരതഭൂമിയുടെ ഹൃദയം; ഗീതയില്‍ പറയും പോലെ ഈശ്വരന്‍ വാണരുളുന്ന ഹൃദ്ദേശം (18-61). ആ വേദാന്ത ശാസ്ത്രത്തെപ്പറ്റിയാണ്, പുത്തന്‍ സയന്‍സിനെപ്പ റ്റിയല്ല, ഗീതയില്‍ ഭഗവാന്‍ അരുള്‍ ചെയ്യുന്നത്.
തസ്മാച്ചാസ്ത്രം പ്രമാണം തേ.
കാര്യാകാര്യവ്യവസ്ഥിത
ജ്ഞാത്വാ ശാസ്ത്രവിധാനോക്തം
കര്‍മ്മ കര്‍ത്തുമിഹാര്‍ഹസി. (16-24)
അര്‍ത്ഥം : ചെയ്യേണ്ടതും ചെയ്യരുതാത്തതും വേര്‍തിരിച്ചറിവാന്‍ നിനക്കു ശാസ്ത്രമായിരിക്കട്ടെ പ്രമാണം. ശാസ്ത്രത്തില്‍ വിധിച്ചതിനൊത്ത കര്‍മ്മമേ ചെയ്യാവൂ.
പക്ഷേ, നൂറ്റാണ്ടിലേറെക്കാലം പടിഞ്ഞാറരുടെ മുഴുവടിമകളായിക്കിടന്നതു മൂലം, ഏറെക്കാലം ജയില്‍ച്ചങ്ങലയില്‍ കിടന്നവന്‍ ചങ്ങല പോയാലും അതുള്ളവനെപ്പോലെ ഇഴഞ്ഞു നടക്കുന്ന നിലയിലെത്തിയിരിക്കുന്നു നാമാകെ.
ഇതുകാരണമാണ്, ഭഗവദ് വിവേകാനന്ദനെപ്പോലുള്ളവര്‍ ആദ്ധ്യാത്മികതയാണ് ഇന്ത്യയുടെ ഹൃദയമെന്ന് നാടുനീളെ നടന്നുപദേശിച്ചിട്ടും, ഏതാണ്ട് ആ വഴിക്കു തന്നെ സ്വാതന്ത്ര്യം നേടിയിട്ടും, അതൊന്നുമല്ല നമുക്കിനി വേണ്ടത്, പാശ്ചാതൃരുടെ തികവെത്താത്ത ഭൗതിക വിദ്യ മാത്രമാണ് എന്നു നിശ്ചയിച്ച് ഭാരത ഭൂമിയെപ്പിടിച്ച് സെക്യുലര്‍ സ്റ്റേറ്റാക്കി മതം മാറ്റിയത്. ഭൗതികത എന്നും ദൈവാസുരസമ്പത്തുകളുടെ കുരുക്ഷേത്രമാണ്, ദൈവസമ്പത്തുകളാകുന്ന അമൃതം ഭുജിച്ച് തദപേക്ഷയാ ജീവിതഭോഗങ്ങളെ കഴിയുന്നത്ര കുറയ്ക്കുന്നവരും, ആസുരസമ്പത്തുകള്‍ കൊണ്ടെങ്കില്‍ അവകൊണ്ടു തന്നെ ജീവിത ഭോഗങ്ങളെ പിടിച്ചുപറ്റി പെരുപ്പിക്കുന്നവരും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്റെ രംഗം. അതാണല്ലോ ഇന്നു കേള്‍ക്കുന്ന ജീവിത നിലവാരം ഉയര്‍ത്തുക എന്ന മുദ്രാവാകൃത്തിന്റെ പൊരുള്‍. അതിപ്പോള്‍ വളഞ്ഞുവെച്ച് (ഘെരാ വോ ചെയ്തു) പരദ്രോഹം ചെയ്യുക വരെ എത്തിയിരിക്കുന്നു.
എന്നും ഈ ലോകം അങ്ങനെയേ ഇരിക്കു. പ്രപഞ്ചമെന്നതു തന്നെ ദേവാസുര യുദ്ധമാണെന്നു പറയാം. ചിലപ്പോള്‍ ആസുരസമ്പത്തുകള്‍ ജയിച്ചു മുതിരും. പക്ഷേ, ഭാരതേതിവൃത്തത്തില്‍ കാണും പോലെ ഭഗവാന്റെ പിന്തുണ എപ്പോഴും ദൈവസമ്പത്തുകള്‍ക്കാകയാല്‍ ജിഹ്മകര്‍മ്മങ്ങള്‍ ചെയ്തിട്ടും ചെയ്യിച്ചിട്ടും അവിടുന്ന് അവയെ ജയിപ്പിച്ചു വിടും. ഇന്ന് പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ ചുരുങ്ങിയതു കൊണ്ടാവാം, ഭഗവാന്‍ താന്‍ തന്നെ ജിഹ്മകര്‍മ്മങ്ങള്‍ ചെയ്തു വരികയാണ്. പ്രകൃതിയെ ജയിക്കുന്നതിന് പകരം അതിനെ നോക്കി പഠിക്കുന്നവര്‍ക്ക് അതു കണ്ണില്‍ക്കാണാം. പത്രഭാഷയില്‍ മഴച്ചതി എന്നു പറയുന്ന അതിവൃഷ്ടിയാലും സൂര്യവഞ്ചന എന്നു പറയാവുന്ന അനാവൃഷ്ടിയാലും ഭൂകമ്പം, തീപ്പിടുത്തം, കൊടുങ്കാറ്റ് മുതലായ മഹാഭൂത പ്രകോപങ്ങളാലും സയന്‍സ് ഉണ്ടാക്കി വെച്ച തീവണ്ടി മോട്ടോര്‍ വിമാനാദികളുടെ വിപത്തികളാലും ഭഗവാന്‍ ആസുരതാ സമ്പന്നന്മാരെ തങ്കല്‍ പ്രലയിപ്പിച്ചു വരുന്നു. ഭഗവാനിങ്ങനെ ചെയ്യുന്നത്, അവരുടെ ഉറ്റവരെ കഷ്ടത്തിലാക്കി പത്രങ്ങള്‍ക്ക് ന്യൂസ് വാല്യൂ ( വൃത്താന്തമുല്യം ) നേടിക്കൊടുക്കാനല്ലെങ്കില്‍, സ്വന്തം മക്കളെ, "ആത്മാ വൈ പുത്രനാമാസി" എന്ന പ്രമാണപ്രകാരം താന്‍തന്നെയായവരെ, കൊല്ലുവാനുള്ള മടികൊണ്ടു പതുക്കെപ്പതുക്കെ ഒടുക്കിക്കൊണ്ടിരിക്കയാവാം. വിപന്നന്മാരുടെ ഉറ്റവര്‍ക്കു വിവേകമുണ്ടാക്കുവാനും കരുതുന്നുണ്ടാവാം. നമ്മുടെ ചില സര്‍വ്വേശ്വരന്മാരുടേതു പോലെ ഭഗവാന്റേയും ശുദ്ധീകരണം ഈ വിധത്തിലാണെന്ന്, ഗീതാപ്രവക്താവു തന്നെ ആസുരതാസമ്പന്നരായ സ്വപുത്രരെ നാമാവശേഷരാക്കി ഇവിടം വിട്ടതില്‍ നിന്നു തെളിയുന്നു. മറുവശത്ത്, വിവേകികള്‍ ഏറിയേറി വരുന്നതായി കാണുന്നതില്‍ നിന്നും ഭഗവാന്റെ ഈ ജിഹ്മകര്‍മ്മങ്ങളുടെ ലക്ഷ്യം അതാണെന്ന് ഊഹിക്കുകയും ചെയ്യാം. എന്തായാലും ഇങ്ങനെയെല്ലാം സങ്കല്‍പിക്കുന്നത്, സര്‍വ്വേശ്വരന്മാരുടേയും സര്‍വ്വേശ്വരനായ ഭഗവാനോടു കാട്ടുന്ന അപരാധമാവില്ലെന്ന് എനിക്കുറപ്പുണ്ട്.
ഇത്രയെല്ലാം വിസ്തരിക്കാന്‍ തക്കവണ്ണം ലോകം അത്രയേറെ മാര്‍ഗ്ഗഭ്രഷ്ടമായി കഴിഞ്ഞുവെങ്കില്‍, അതിനെപ്പറ്റി ഇനി പറഞ്ഞിട്ടെന്തു കാര്യം? മറുപടി, "കര്‍മ്മണ്യേ വാധികാരസ്തേ മാ ഫലേഷു കദാചന", എന്ന വാക്കുകള്‍ മാത്രം. കൂടാതെ, കൗരവസ ദസ്സിലേക്കു ദൂതിനു ചെന്ന വാസുദേവനോട്, അങ്ങെന്തിനീ പാഴ്വേലയ്ക്കു വന്നു? എന്നു ചോദിച്ച വിദുരനോട് ഭഗവാന്‍ പറഞ്ഞ മറുപടിയും, വേണമെങ്കില്‍ ഉദ്ധരിക്കാം:
ആകേശഗ്രഹണാന്മിത്ര - മകാര്യാല്‍ സന്നിവര്‍ത്തയേല്‍ അവാച്യ കസ്യചിദ് ഭാതി കൃതയത്നോ യഥാ ബലം. ( ഉദ്യോഗപർവ്വം 93. 11 )
അര്‍ത്ഥം: തലമുടി പിടിച്ചു വലിച്ചുപോലും മിത്രത്തെ അകൃത്യത്തില്‍ നിന്നു പിന്തിരിപ്പിക്കണം, തന്റെ കഴിവിനൊത്ത് പ്രയത്നിച്ച അവനെപ്പറ്റി പിന്നെ ആരും കുറ്റംപറയില്ലല്ലോ.
ഇത്രയ്ക്ക് മഹാര്‍ഹമായ ഈ വേദാന്ത കാവ്യത്തെ, ജീവിത ശാസ്ത്രത്തെ, വളരെക്കാലം പാടുപെട്ട് നമ്മുടെ ഭാഷയിലേക്കു പദാനുപദം വിവര്‍ത്തനം ചെയ്കയും, അതിലധികം പാടുപെട്ടു പ്രകാശിപ്പിക്കുകയും ചെയ്ത ശ്രീ കെ. പ്രകാശത്തെ, പണ്ടിത് വൃത്താനുവൃത്തം വിവര്‍ത്തനം ചെയ്ത കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ എന്നതിലധികം ഞാന്‍ ആദരിക്കുന്നു. അധികത്തിനു കാരണം സ്വാനുഭവത്തെ മുന്‍നിര്‍ത്തി വിവരിക്കാം:
പദ്യകൃതികളുടെ വലിയൊരു ഗുണം വലിയൊരു ദോഷവുമാണ്. അതിന്റെ താളാനുസൃതമായ ഗതിയാലും അര്‍ത്ഥകല്‍പനാ ചമല്‍ക്കാരത്താലും ആകൃഷ്ടരാകുന്ന വായനക്കാര്‍ പ്രതിപാദ്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ ഒഴുകിപ്പോയേക്കാം. യാദൃച്ഛികമായി വല്ലതും സ്വാനുഭവത്തെ തൊട്ടിളക്കിയാലേ അതിനെപ്പറ്റി ആലോചിച്ചു നോക്കിയുള്ളു എന്നുവരാം.
ഒരിക്കല്‍ "അലോകസാമാന്യമചിന്ത്യ ഹേതുകം ദ്വിഷന്തി മന്ദാശ്ചരിതം മഹാത്മനാം", എന്നുള്ള കാളിദാസന്റെ ശ്ലോകാര്‍ദ്ധമാണ്, ആദ്ധ്യാത്മിക മഹാപുരുഷന്മാരുടെ പരോക്ഷ നിരൂപകനായിരുന്ന എന്നെ ആ അവിനയത്തില്‍ നിന്നു പിന്തിരിപ്പിച്ചത്.
ലോകസാധാരണമല്ലാതേയും കാരണമറിയരുതാതേയുമുള്ള മഹാത്മാക്കളുടെ നടപടിയെ മൂഢാത്മാക്കള്‍ ദ്വേഷിക്കുന്നു. ( കുമാരസംഭവത്തില്‍ പാര്‍വ്വതി പരമേശ്വരനെ നിന്ദിക്കുന്ന ബ്രഹ്മചാരിയോട് )
ഗദ്യമാകട്ടെ പ്രകൃത്യാ തന്നെ, ഉദാസീനരായ ലഘുവായനക്കാരെ പോലും യുക്തിവിചാരത്തിലേക്കു തെളിച്ചു കൊണ്ടിരിക്കും. പൊതുവേ പദ്യത്തേക്കാള്‍ ഗദ്യത്തിനുള്ള താഴ്ച്ചയെ നികത്തി വയ്ക്കുന്ന മേന്മയാണിത്.
ഒടുക്കം എനിക്കു ഗദ്യവിവര്‍ത്തനത്തോട് ഒരു മമതാ ബന്ധമുള്ളതു കൂടി ചുണ്ടിക്കാട്ടി ഉപസംഹരിക്കാം. എന്റെ ഭാരതപര്യടനം എന്ന കൊച്ചുപുസ്തകം വായിച്ചിട്ടാണ്, തനിക്ക് ഈ മഹാപ്രയത്നത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയതെന്ന് ശ്രീ പ്രകാശം ഒരിക്കല്‍ എനിക്കെഴുതുകയുണ്ടായി. ഇതുപോലൊന്നു ചെയ്താല്‍ കൊള്ളാമെന്ന് ഒരിക്കല്‍ എനിക്കുമുണ്ടായിരുന്നു. പരിതഃസ്ഥിതി അനുകുലമല്ലാഞ്ഞതു കൊണ്ട് ആ കൊച്ചുപുസ്തകം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. തല്‍പ്രേരിതമായ ഈ ഗദ്യവിവര്‍ത്തനം എന്റേതു തന്നെ എന്ന് എന്തുകൊണ്ട് എനിക്കഭിമാനിച്ചു കൂടാ? "ഏകം സദ് വിപ്രാ ബഹുധാ വദന്തി" (ജഗ്വേദം)
കുട്ടികൃഷ്ണമാരാര്‍
ഋഷിപ്രസാദം കോഴിക്കോട് - 3
തീയതി : 12-8-1968
അവതാരിക - സുകുമാരന്‍ പൊറ്റെക്കാട്ട് - 1986-ല്‍ എസ്.പി.സി.എസ് ഡമ്മി 1/8 സൈസില്‍ പത്തുവാള്യങ്ങളായി വ്യാസമഹാഭാരതം പുനഃപ്രകാശനം ചെയ്തപ്പോള്‍ എഴുതിയത്.
നമോസ്തു തേ വ്യാസ, വിശാലബുദ്ധേ!
വാക്കുകള്‍ കൂട്ടിവായിക്കാന്‍ ശീലിച്ച കാലം മുതല്‍ മനസ്സില്‍ കടന്നു കൂടിയതാണ് മഹാഭാരതകഥ, അല്ലെങ്കില്‍ ഭാരതകഥയുടെ നുറുങ്ങുകള്‍. അതിലെ ഭിന്നവിചിത്രമായ രംഗങ്ങളും തനിമയോടെ വേറിട്ടു നില്‍ക്കുന്ന എണ്ണമറ്റ കഥാപാ ത്രങ്ങളും എന്റെ കുരുന്നു ഭാവനയെ എന്തെന്നില്ലാതെ വശീകരിച്ചു. ഇത് എനിക്കു മാത്രം അവകാശപ്പെടാവുന്ന ഒരു ബാല്യാനുഭൂതിയാവില്ല. ഇന്ത്യയുടെ മണ്ണില്‍ പിറന്നവര്‍ക്കെല്ലാം, ഒരുപക്ഷേ, ദക്ഷിണപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ ജനാവലിക്കു കൂടി, ഇതേ തോതിലും ഈണത്തിലും മഹാഭാരത കഥയോട് വൈകാരികമായ വേഴ്ച അനുഭവപ്പെടുന്നുണ്ടായിരിക്കും. ഉദ്വേഗങ്ങള്‍ ഉണര്‍ത്തുന്നതും കൌതുക ചിന്തകള്‍ക്കു ഹരം പിടിപ്പിക്കുന്നതുമായ ഒരു കഥാതന്തു. സമൂഹത്തിന്റെ ഹൃദയവേദിയില്‍ ഈ ആഖ്യാനതല്ലജം പ്രതിഷ്ഠ സമ്പാദിച്ചതിലോ സാമൂഹികമായ ചലനങ്ങള്‍ക്കു മാർഗ്ഗദർശകമായതിലോ അത്ഭുതപ്പെടാനില്ല.
എങ്കിലും ഭാരതേതിഹാസത്തെപ്പറ്റി പിൽക്കാലത്തു ചെകിട്ടില്‍ വന്നലച്ച സ്തുതിവചന ഘോഷങ്ങൾ എന്നെ അന്ധാളിപ്പിച്ചു. അതിശയോക്തി സാഹിത്യ നിരൂപണത്തിന്റെ അവിഭാജ്യാംശം പോലെ പ്രത്യക്ഷപ്പെടുന്ന ഒന്നാണെങ്കിലും എന്തിനും വേണ്ടേ ഒരതിരും കടിഞ്ഞാണും? നിലം തൊടാത്ത പ്രശംസകള്‍ ആര്‍ക്കും ഒരു മേന്മയും കൈവരുത്തുകയില്ലെന്നു തന്നെയല്ല, അനുവാചക ലോകത്തെ വഴിപിഴപ്പിച്ചു കാടു കയറ്റുകയും ചെയ്യും. ആ നിലയ്ക്കു തള്ളിക്കളയാവുന്നതാണോ മഹാഭാരത പ്രശംസകള്‍? ശങ്ക മനസ്സിനെ വിടാതെ പിടികൂടി. ഇതിന്റെ മാഹാത്മ്യം പ്രകീര്‍ത്തിച്ചവര്‍ ഭക്തശിരോമണികള്‍ മാത്രമല്ല. അതാണ് ശങ്കയ്ക്ക് ആക്കംകൂട്ടിയ വസ്തുത. സാഹിതീസാഗരം മഥനം ചെയ്ത് അരിച്ചെടുത്ത അമൃതകണങ്ങള്‍ മലയാണ്മയുടെ ചഷകത്തില്‍ നമുക്കു പകര്‍ന്നു തന്ന പണ്ഡിത പ്രകാണ്ഡങ്ങള്‍ വരെ ഭാരതസ്തുതി പാഠക വൃന്ദത്തില്‍ പെടുന്നു. അതിന്റെ മഹത്വം എത്രയേറെ വാഴ്ത്തിയാലും മതിവരാത്തവരായിരുന്നു മഹാകവി ഉള്ളൂരും വടക്കുംകൂര്‍ രാജരാജവര്‍മ്മരാജായും. പോരെങ്കില്‍, വ്യാസൻ തന്നെ മഹാഭാരതത്തിന്റെ മാഹാത്മൃത്തിലേക്കു വിരല്‍ചൂണ്ടി തുംഗാഭിമാനത്തോടെ രേഖപ്പെടുത്തിയ വാക്കു കള്‍ നമ്മുടെ മുമ്പിലുണ്ട്.
യദിഹാസ്തി തദന്യര്ത യന്നേഹാസ്തി ന തത് ക്വചിത്
(ഇതിലുള്ളത് മറ്റു പലതിലും കണ്ടേക്കാം. ഇതിലില്ലാത്തത് മറ്റൊരിടത്തും കാണുകയില്ല)
ആത്മപ്രശംസ എന്ന മാനുഷികമായ ദൗര്‍ബ്ബല്യത്തിന് അതീതരല്ല മഹര്‍ഷിമാര്‍ പോലും എന്നു വരുമോ? ഇത്തരം സന്ദേഹങ്ങള്‍ അസ്ഥാനത്താണെന്നോ ജ്ഞാന ലവ ദുര്‍വിദഗ്ദ്ധന്മാരുടെ പരിമിത ബുദ്ധിയില്‍ നിന്നു തേട്ടി വന്നതാണെന്നോ ഞാന്‍ കരുതിയില്ല. ആര്‍ഷ വചനങ്ങള്‍ എന്തായാലും അണ്ണാക്കു തൊടാതെ വിഴുങ്ങണമെന്നുണ്ടോ? ദൈവങ്ങളോ ദൈവതുല്യരോ പൂര്‍വ്വികരോ പുരാതനരോ അനുശാസിച്ചതാണെന്നു വെച്ച് ഏതാശയവും ചോദ്യം കൂടാതെ അംഗീകരിക്കാമോ? എന്നും സ്വന്തം ധിഷണയുടേയും സ്വാനുഭവങ്ങളുടേയും, ചാണക്കല്ലില്‍ ഉരസി നോക്കി പരിശോധിച്ചറിയണമെന്നു നിഷ്‌കര്‍ഷിച്ചവരാണ് പ്രാചീന്ര ഗീസുകാര്‍, ആ ഗ്രീക്ക് സംസ്കാരപാരമ്പര്യത്തിന്റെ ആരാധകനാണു ഞാന്‍.
ഈ മനോഭാവം "സന്തഃപരീക്ഷാന്യതരത് ഭജന്തേ, മുഡഃപരപ്രത്യയനേയബുദ്ധി" എന്ന കാളിദാസോക്തിയുടെ മണ്ഡലത്തിന് അന്യവുമല്ല.
അതുകൊണ്ട് ഭാരതമഹത്വ കീര്‍ത്തനങ്ങളെ മുഖവിലയ്ക്കെടുക്കാനും കേട്ടപടി ഉള്‍ക്കൊള്ളാനും വിമനസ്കനായി തന്നെ ഞാന്‍ കാലം കഴിച്ചു. പെരിങ്ങോട്ടുകര ഗവണ്ടെന്റ് ഹൈസ്കുളില്‍ പ്രിയംകരനായ എന്റെ ഭാഷാദ്ധ്യാപകനും പിന്നീട് കണ്ടശ്ശാംകടവ് Govt. ഹൈസ്‌കൂളില്‍ എന്റെ സഹാദ്ധ്യാപകനുമായിരുന്ന വിദ്വാന്‍ കെ. പ്രകാശത്തിന്റെ ഭഗീരഥ പ്രയതനം ഈ വ്യാസഭാരത ഗദ്യവിവര്‍ത്തനം പ്രകാശിതമാക്കുന്നത് വരെ വിണ്‍ഗംഗയെ മണ്‍തലത്തിലേക്ക് ആനയിച്ച പുരാണ പുരുഷനായ ഭഗീരഥന്റെ നേട്ടത്തോട് പ്രകാശത്തിന്റെ സംരംഭത്തിന് സംശയാതീതമായ സാദൃശ്യമില്ലേ?
ഇതോ മഹാഭാരതം?
വ്യാസമഹാഭാരതം ഗദ്യവിവര്‍ത്തനത്തിന്റെ ഓരോ വാല്യവും വിസ്മയാദരംകൊണ്ട് എന്റെ കണ്ണുകള്‍ വിടര്‍ത്തി. ഇതാണോ മഹാഭാരതം? ഞാന്‍ ഹൃദിസ്ഥമാക്കിയതും സുപരിചിതമെന്നു കരുതിപ്പോന്നതുമായ മഹാഭാരതം മഹാഭാരതമല്ലേ? 1968 സെപ്തംബറില്‍ ഗദ്യവിവര്‍ത്തനത്തിന്റെ ഒന്നാം വാള്യം കൈയില്‍ കിട്ടിയതോടെ നാമ്പെടുത്ത സന്ദേഹത്തിന് 1972 ഒക്ടോബറില്‍ നാല്പതാം വാള്യം വായിച്ചു തീര്‍ന്നതോടെ പൂര്‍ണ്ണമായ നിവൃത്തി ലഭിച്ചു. മഹാഭാരതമെന്ന പേരില്‍ അതുവരെ എന്റെ കണ്ണില്‍ പതിയുകയും കാതില്‍ അലയടിക്കുകയും കരളില്‍ കടന്നു കൂടുകയും ചെയ്ത മഹാഭാരതങ്ങള്‍ അസ്സല്‍ മഹാഭാരതമല്ല, യഥാര്‍ത്ഥ മഹാഭാരതത്തിന്റെ കരടുകളെന്നോ അനുകരണങ്ങളെന്നോ പോലും അവയെ വിശേഷിപ്പിക്കാന്‍ പ്രയാസമാണ്.
ശ്രീകൃഷ്ണനും ഭീഷ്മരും ധര്‍മ്മപുത്രരും ധൃതരാഷ്ട്രപാണ്ഡുമാരും പാണ്ഡവ കൗരവാദികളും ഭീമാര്‍ജ്ജുന സുയോധനന്മാരും എല്ലാ മഹാഭാരത ആഖ്യാനങ്ങളിലുമുണ്ട്. ഐകരൂപ്യം അത്രകൊണ്ട് അവസാനിക്കുന്നു. വ്യാസകൃതിയുടെ ആഴവും പരപ്പും മുഴുപ്പും തുടിപ്പും സര്‍ഗ്ഗശോഭയും അവ ഒന്നിനേയും ധന്യമാക്കിയിട്ടില്ല. ഗദ്യത്തിലും പദ്യത്തിലും പല പല രൂപങ്ങളില്‍ എത്രയോ പേര്‍ വ്യാസകഥാഭാഗങ്ങള്‍ ചിത്രണം ചെയ്തിട്ടുണ്ട്. ആചാര്യവര്യനായ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ മുതല്‍ ആധുനികനായ എം. ടി. വാസുദേവന്‍ നായര്‍ വരെ നീണ്ടു കിടക്കുന്നതാണ് മഹാഭാരതത്തെ ഉപജീവിച്ച് മൗലികസൃഷ്ടികള്‍ കൊരുത്തെടുത്ത മലയാള സാഹിത്യകാരന്മാരുടെ പരമ്പര. ഇവര്‍ കാഴ്ചവെച്ച രചനകള്‍ മലയാള സാഹിതിക്കു മികച്ച മുതല്‍ക്കൂട്ടുകള്‍ തന്നെ, സംശയമില്ല. പക്ഷേ, വ്യാസേതിഹാസത്തിന്റെ ചില സ്ഫുലിംഗങ്ങള്‍ പൂത്തിരി പോലെ കത്തിച്ചു കാട്ടി മലയാളികളുടെ കണ്ണഞ്ചിപ്പിക്കുകയാണ് ഇവര്‍ ചെയ്തതെന്നു കൂടി സൂക്ഷ്മദൃഷ്ടികള്‍ മനസ്സിലാക്കുന്നു.
ഭാരതകഥയെ അവലംബിച്ചു മെനഞ്ഞെടുത്ത കൃതികള്‍ സേവനത്തോടൊപ്പം ദുസ്സേവനവും ചെയ്തിട്ടുണ്ട്. വ്യാസകൃതിയുടെ സാരസര്‍വ്വസ്വം ഇവയില്‍ ഒതുങ്ങുമെന്ന തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ് ദുസ്സേവനം. മൂലകൃതി വായിച്ചില്ലെങ്കിലും സാരമായ യാതൊരു നഷ്ടവുമില്ലെന്ന അവ്യക്തമായ ഒരവബോധം ഇവ ഉളവാക്കുന്നു. ആനയും കുഴിയാനയും തമ്മില്‍ നാമത്തിലേ സാമ്യമുള്ളു. കടലും കടലാടിയും പോലെ പാടേ വൃത്യസ്തമെങ്കിലും ഒരേ കഥാപാത്രങ്ങളുടെ സാന്നിദ്ധ്യം എല്ലാം മഹാഭാരതമാണെന്ന വിഭ്രാന്തി ജനിപ്പിക്കും. മലയാളഭാഷയും സാഹിത്യവും പിറന്ന നാള്‍ മുതല്‍ നിലവില്‍ വന്നതും തൂടര്‍ന്നു പോന്നതുമായ ഈ മിഥ്യയുടെ ധൂമപടലം പ്രകാശത്തിന്റെ തൂലികാ വിലാസം തട്ടിനീ ക്കി. ഉള്ളറതന്‍ മറനീക്കി വ്യാസഭഗവാന്‍ വെളിയില്‍ എഴുന്നള്ളുന്ന കാഴ്ച മലയാളി ജനതയുടെ നയനങ്ങള്‍ക്കു ഗോചരമായത് ഈ ഗദ്യപരിഭാഷ വെളിച്ചം കണ്ടതോടു കൂടിയാണ്.
ഇനി ഞാന്‍ ഉറങ്ങട്ടെയും രണ്ടാമൂഴവും
ആ പുണ്യദര്‍ശനം ഭാഷാസാഹിത്യത്തിന് എത്രത്തോളം കൈവല്യ ദായകമായെന്നും വളര്‍ച്ചയ്ക്കു ചാലുകള്‍ കീറി യെന്നും വകയിരുത്താന്‍ കാലമായിട്ടില്ല. ഈ ഗദ്യവിവര്‍ത്തനം പുറത്തായതിന് ശേഷം അടുത്ത വര്‍ഷം തന്നെ "ഇനി ഞാന്‍ ഉറങ്ങട്ടെ" എന്ന പി. കെ. ബാലകൃഷ്ണന്റെ ഗ്രന്ഥം അരങ്ങേറുന്നു. മഹാഭാരതത്തിലെ കര്‍ണ്ണകഥയെ പുനരാഖ്യാനം ചെയ്യുന്നതാണ് വയലാര്‍ അവാര്‍ഡ് നേടിയ ആ കൃതി. ഒരു ദശാബ്ദം കൂടി പിന്നിട്ടതിന് ശേഷം എം.ടി. യുടെ രണ്ടാമൂഴം വരുന്നു. കലാകൗമുദി വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയ കാലത്തു തന്നെ കോളിളക്കം സൃഷ്ടിക്കുകയും വയലാര്‍ അവാര്‍ഡ് സമ്പാദിക്കുകയും ചെയ്ത കൃതി. ഇതിന്റെ അവലംബവും മഹാഭാരത രത്നഖനി തന്നെ. കര്‍ണ്ണനെയല്ല, ഭീമസേനനെയാണ് എം. ടി. യുടെ തുലിക ചമല്‍ക്കരിച്ച് അവതരിപ്പിക്കുന്നതെന്ന വ്യത്യാസമേ ഉള്ളു. മഹാഭാരത പര്യടനത്തില്‍ നിന്നു പതയുന്ന പ്രചോദനം ഇത്തരം നിരവധി സര്‍ഗ്ഗശില്പങ്ങളുടെ നിര്‍മ്മിതിക്ക് ഇനിയും ഉത്തേജനമാവുമെന്നു വേണം പ്രതീക്ഷിക്കുക.
ചാപ്മാന്‍ ഗ്രീക്കില്‍നിന്ന് ഓഡിസി വിവര്‍ത്തനം ചെയ്തതിനെ ഒരു ചരിത്ര സംഭവമായി ഇംഗ്ലീഷുകാര്‍ കൃതജ്ഞതാ പൂര്‍വം സ്മരിക്കാറുണ്ട്. ആംഗല സാഹിതിയുടെ കണ്‍മുമ്പില്‍ ഹോമറുടെ മഹാകാവ്യം ഒരു നൂതന പ്രപഞ്ചം തന്നെ തുറന്നു വെച്ചു. ചാപ്മാന്‍ പാരായണത്തില്‍ നിന്നു കൈവരിച്ച ആനന്ദാനുഭൂതി കീറ്റ്സ് കവിതയിലേക്കു കൂടി പകര്‍ത്തി. പല സുവര്‍ണ്ണ സാമ്രാജ്യങ്ങളിലും തന്റെ ഭാവന സഞ്ചരിച്ചിട്ടുണ്ടെങ്കിലും അതുപോലെ ഒരു മനോജ്ഞദൃശ്യം അങ്ങെങ്ങും കീറ്റ്സിനു കണ്ടെത്തുവാന്‍ കഴിഞ്ഞില്ല പോലും. ഓഡിസി ആംഗലവാണിയിലേക്ക് വിവര്‍ത്തിതമാവാതെ പോയെന്ന പക്ഷം ഇംഗ്ലീഷ് ഭാഷയ്ക്കു നേരിടുമായിരുന്ന അപാരമായ നഷ്ടത്തെപ്പറ്റി താന്‍ തികച്ചും ബോധവാനാണെന്നു പ്രഖ്യാപിക്കുന്നതാണ് കീറ്റസിന്റെ കവിത.
അതേ സമീപനത്തോടെ, വികാരവായ്പോടെ, ധന്യവാദം ചെയ്യപ്പെടേണ്ട ഒന്നല്ലേ പ്രകാശത്തിന്റെ മഹാഭാരത വിവര്‍ത്തനം? ഭാഷാപ്രണയികളുടെ തലമുറകള്‍ തന്മൂലം പ്രകാശത്തോട് കുറെയേറെ കടപ്പെട്ടിട്ടുണ്ട്. എങ്കിലും തങ്ങളുടെ കൃതജ്ഞത പ്രകടിപ്പിക്കാന്‍ നമ്മുടെ സാഹിത്യ കൃത്തുക്കള്‍ വൈമനസ്യം പ്രകടിപ്പിച്ചു എന്നതല്ലേ വാസ്തവം? "ഇനി ഞാന്‍ ഉറങ്ങട്ടെ"യുടേയും രണ്ടാമൂഴത്തിന്റേയും കര്‍ത്താക്കള്‍ ഈ മലയാള ഗദ്യ പരിഭാഷ കണ്ടതായി നടിക്കുന്നില്ല. മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരത പദ്യ വിവര്‍ത്തനമാണ് തങ്ങള്‍ക്കു വഴികാട്ടിയായതെന്ന് - വ്യാസന്റെ മൂല കൃതിയെന്നു ശഠിച്ചാലും ആര്‍ക്കും എതിരു പറയാനൊക്കുമോ? - ഇരുപേരും ഏകസ്വരത്തില്‍ അരുളുന്നു. ഭാഷാപരമായ വ്യുല്‍പത്തിയും ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങള്‍ ഉരുക്കഴിച്ചു ഗ്രഹിക്കാനുള്ള ക്ഷമയും പ്രമുഖരായ ഈ സാഹിത്യകാരന്മാര്‍ക്കു സംസിദ്ധമായിട്ടില്ലേ? ഉണ്ടെന്നു തലകുലുക്കി സമ്മതിക്കാന്‍ തയ്യാറായിരിക്കും ഞാനും നിങ്ങളും മലയാള സാഹിത്യലോകം ഒട്ടാകെയും. എങ്കിലും ഒരു ചോദ്യം ഈ സന്ദര്‍ഭത്തില്‍ സ്വാഭാവികമായി പ്രസക്തിയോടെ ഉയര്‍ന്നു വരുന്നു. തമ്പുരാന്റെ വിവര്‍ത്തനത്തിലൂടെ സമാര്‍ജ്ജിതമായ മഹാഭാരത സംസ്കാരം പാകപ്പെടുത്തി പുതുരൂപങ്ങളില്‍ ആവിഷ്‌കരിക്കുവാന്‍ പ്രകാശത്തിന്റെ ഗദ്യപരിഭാഷ വരും വരെ എന്തു കൊണ്ട് കാത്തിരുന്നു? പി. കെ. ബാലകൃഷ്ണനും എം. ടി. വാസുദേവന്‍നായരും ജനിക്കുന്നതിനു മുന്‍പ് പ്രസിദ്ധപ്പെടുത്തിയതാണ് തമ്പുരാന്റെ പദ്യവിവര്‍ത്തനം. പുരുഷായുസ്സിന്റെ പൂര്‍വ്വാര്‍ദ്ധം പിന്നിടുകയോ ആ വയോഘട്ടത്തെ സമീപിക്കുകയോ ചെയ്തു കഴിഞ്ഞവരാണ് "ഇനി ഞാന്‍ ഉറങ്ങട്ടെ"യുടെയും "രണ്ടാമൂഴ"ത്തിന്റെയും കര്‍ത്താക്കള്‍. ഇവര്‍ രചനാ രംഗത്ത് നവാഗതരുമല്ല; ദശാബ്ദങ്ങളുടെ സാഹിതീ സേവന പാരമ്പര്യം ഇവരുടെ പിന്നിലുണ്ട്. എന്നിട്ടും മഹാഭാരതകഥയെ ഉപജീവിച്ച് മറ്റൊരു സര്‍ഗ്ഗസൃഷ്ടി വാര്‍ത്തെടുക്കണമെന്ന വിചാരം പ്രകാശത്തിന്റെ ഗദൃ വിവര്‍ത്തനം തൊടുത്തു വിട്ട ചലനങ്ങളുടെ കാലാവസ്ഥയിലേ പുവണിയുകയുണ്ടായുള്ളു. അനിഷേദ്ധ്യമായ ഈ വസ്തുതയെ വേണമെങ്കില്‍ യാദുച്ഛികമെന്നു ചൊല്ലി അവഗണിക്കാം. അല്ലെങ്കില്‍ അനാസ്പദമായ അനുമാനമെന്നു കരിതേക്കുകയും ചെയ്യാം. എന്തായാലും ഗദ്യപരിഭാഷ വന്നതിനു ശേഷമാണ് അവരുടെ പ്രതിഭകള്‍ മഹാഭാരതോന്മുഖമായി പ്രയാണമാരംഭിച്ചതെന്ന വസ്തുതയെ അനൃഥാകരിക്കാനോ മാറ്റിമറിക്കാനോ സാധിക്കില്ല. സാഹചര്യാധിഷ്ഠിതമായ തെളിവുകള്‍ ആഭ്യന്തരവും മറ്റുമായ തെളിവുകളെ അധഃകരിക്കുകയും ദുര്‍ബ്ബലപ്പെടുത്തുകയും ചെയ്യുന്ന ചില കേസുകളുണ്ട്.
തമ്പുരാന്റെ പദ്യ വിവര്‍ത്തനം
വ്യാസേതിഹാസം ആദ്യമായി കൈരളിക്കു സമ്മാനിച്ച മഹാപുരുഷന്റെ സേവനത്തെ അംഗീകരിക്കാതെയോ വകവെക്കാതെയോ ഗദൃപരിഭാഷയുടെ അപദാനങ്ങള്‍ കീര്‍ത്തിക്കാമോ? ആ പാതകത്തിന് ഈയുള്ളവന്‍ ആളല്ല; അത്തരമൊരു വികലചിന്ത സ്വപ്നേപി എന്നെ അലട്ടുന്നുമില്ല. മഹാഭാരതം വൃത്താനുവൃത്തം വിവര്‍ത്തനം ചെയ്ത തമ്പുരാന്‍ സാധിച്ചത് ദുഷ്കരമെന്നു കരുതിപ്പോന്ന ഒരത്ഭുത കൃത്യം തന്നെ. അതു നിര്‍വ്വഹിച്ചതാകട്ടെ, മറ്റൊരു ഭാരതീയ ഭാഷയിലും. മഹാഭാരതത്തിന്റെ വൃത്താനുവൃത്ത വിവര്‍ത്തനം അവതരിപ്പിച്ചിട്ടില്ലാതിരുന്ന ഘട്ടത്തിലും എത്ര പ്രഗല്ഭനായാലും ഒരൊറ്റ വ്യക്തിക്ക് സ്വയം കൈകാര്യം ചെയ്യാവുന്ന സംരംഭമാണിതെന്നു വരെ അക്കാലത്ത് ആര്‍ക്കും ധാരണയില്ലായിരുന്നു. തനിച്ചു മൂവാണ്ടിടകൊണ്ട് സാക്ഷാല്‍ മഹാഭാരതം തര്‍ജ്ജമ ചെയ്ത ധീമാന്‍ എന്ന് തമ്പുരാനെ മഹാകവി വള്ള ത്തോള്‍ ശ്ലാഘിച്ചതിന്റെ പൊരുളും മറ്റൊന്നല്ല.
എങ്കിലും ദൂരെ മാറി നിന്നു കൊണ്ട്, "അഹോ ഉജ്ജ്വലം, ഉദാത്തം, ഗംഭീര"മെന്ന് ആ ഉത്തുംഗ ശില്പത്തെ വിശേഷിപ്പിച്ച് പിന്‍മാറിയവരല്ലേ, ജനതയിലെ ബഹുഭൂരിഭാഗവും? വ്യാസ പ്രതിഭയുടെ വെട്ടിത്തിളങ്ങുന്ന വിശാലവിസ്മൃതിയിലേക്ക് അഭൃസ്തവിദ്യരായ അനുവാചക സമൂഹത്തെ പോലും കൂട്ടിക്കൊണ്ടു പോകാന്‍ തമ്പുരാന്റെ പദ്യവിവര്‍ത്തനത്തിനു കഴിഞ്ഞില്ല. കത്തുകള്‍, വാര്‍ത്താവിവരണ കുറിപ്പുകള്‍ മുതലായവ പോലും പദ്യരൂപത്തില്‍ പ്രതൃക്ഷപ്പെട്ടു പോന്ന ഒരു കാലഘട്ടത്തിന്റെ അന്ത്യത്തിലായിരുന്നു തമ്പുരാന്റെ വൃത്താനുവൃത്ത വിവര്‍ത്തനത്തിന്റെ ആവിര്‍ഭാവം. കാലം പെട്ടെന്ന് മാറിയതോടെ പദ്യവാങ്മയം കൂടുതല്‍ പേര്‍ക്ക് അനഭിഗമൃമായിത്തീര്‍ന്നു. ശ്ലോകങ്ങളുടെ പുറംതോടു ഭേദിച്ച് കഥയുടെ ഉള്‍ക്കാമ്പ് ആസ്വദിക്കുവാന്‍ സന്നദ്ധതയും സൗകരൃവും സമയവുമുള്ളവര്‍ പരിമിതമായിത്തീര്‍ന്നു. കാലഗതി വരുത്തിയ ഭാഗ്യദോഷം തമ്പുരാന്റെ പദ്യവിവര്‍ത്തനത്തിന്റെ പ്രചാരവ്യാപ്തിയെ കണക്കിലേറെ ബാധിച്ചു. ഗദ്യവിവര്‍ത്തകനായ പ്രകാശം ആ പോരായ്കയെപ്പറ്റി തികച്ചും ബോധവാനായിരുന്നു. അതിനു നിദര്‍ശനമാണ് ചുവടെ ചേര്‍ക്കുന്ന അദ്ദേഹത്തിന്റെ വരികള്‍. പദ്യം എഴുതുമ്പോള്‍ ഗഹനമായ പദ്യങ്ങളുടെ ആശയം വിശദമാക്കുവാന്‍ കവിക്കു കഴിയുകയില്ല. മൂലവും തര്‍ജ്ജമയും ഒരു പോലെ ഉടയ്ക്കാത്ത തേങ്ങ പോലെ കിടക്കുന്നു. അത് ഉടച്ച് ചിരകി പാകമാക്കി കൊടുക്കുന്ന മട്ടിലാകണം ഗദ്യപരിഭാഷ. എന്നാല്‍ മാത്രമേ സാമാന്യജനങ്ങള്‍ക്ക് അത് ആസ്വദിക്കുവാന്‍ സാധിക്കൂ, രുചിക്കുകയുള്ളു. അങ്ങനെ പൊതുജനങ്ങളുടെ അഭിരുചി മനസ്സിലാക്കി പണ്ഡിതപാമര ഭേദമെന്യേ ബഹുസഹ്രസം ജനങ്ങള്‍ക്ക് വായിച്ചു ഗ്രഹിക്കത്തക്ക വിധം, ലളിതമായ ഗദ്യത്തില്‍ മഹാഭാരതം വിവര്‍ത്തനം ചെയ്യുവാനാണ് ഞാന്‍ പരിശ്രമിച്ചത്. ( നാല്പതാം വാള്യത്തിന്റെ ആമുഖം ).
ശ്ലോകപരിഭാഷയുടെ പരിമിതി
തമ്പുരാന്റെ പദ്യപരിഭാഷയെ മലയാളഭാഷയുടെ അനശ്വരവും വമ്പത്തം തികഞ്ഞതുമായ സാഹിത്യ സമ്പത്തെന്നു വിശേഷിപ്പിച്ച വടക്കുംകൂര്‍ രാജരാജവര്‍മ്മ പോലും അതിനു പ്രകടമായ ഒരു പരിമിതിയുണ്ടെന്നു സമ്മതിക്കുന്നു. ജനങ്ങളെ വശീകരിക്കുന്നതിനുള്ള കഴിവുകേടു തന്നെയാണ് ആ പരിമിതി. തുഞ്ചവിരചിതമായ ഭാരതം കിളിപ്പാട്ടിനു താരതമ്യേന വശ്യത കൂടുതലുണ്ടെന്നാണ് അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം. തമ്പുരാന്റെ വിവര്‍ത്തനം കൂടിയാൽ പത്തു പേര്‍ വായിക്കുമെങ്കില്‍, കിളിപ്പാട്ട് നൂറിനു നൂറ്റൊന്നു പേര്‍ പാരായണം ചെയ്തിരിക്കുമെന്നു വടക്കുംകൂര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ഒന്നു തീര്‍ച്ച: തമ്പുരാന്റെ പരിഭാഷയിലൂടെ വ്യാസഭാരതകഥകളുടെ വിശ്വരൂപവും, ബന്ധുരമായ ഭാസുരച്ഛായകളും ദര്‍ശിച്ചു രമിച്ചവര്‍ അധികമില്ല.
ഭാരതകഥ പ്രതിപാദിക്കുന്ന അനവധി കൃതികള്‍ മറ്റു ഭാഷകളിലെന്ന പോലെ മലയാളത്തിലുമുണ്ട്. ഭാഗികമായ ചിത്രങ്ങളേ അവ ഓരോന്നും അനാവരണം ചെയ്യുന്നുള്ളൂ. ആനയെ കണ്ട അന്ധന്മാരുടെ മാനസികാവസ്ഥയിലേക്കു വായനക്കാരെ ചേരിതിരിച്ചു കൊണ്ടുപോകുന്ന രചനകള്‍. കഥയുടെ അസ്ഥികൂടം മാത്രമേ മിക്കതിലും ഉള്‍ക്കൊള്ളുന്നുണ്ടാവു. പാഠപുസ്തക കമ്മിറ്റിക്കാരുടേയും ബാലസാഹിത്യ പ്രസാധകരുടേയും ആവശ്യത്തിന് അനുസരിച്ച് അളന്നു മുറിക്കുകയും ചിത്തേരിട്ടു മിനുക്കുകയും ചെയ്ത ഭാരതകഥാ പുസ്തകങ്ങള്‍ അസംഖ്യമാണ്. ഇവയില്‍ നിന്നെല്ലാം കൂടി ഉരുത്തിരിഞ്ഞതല്ലേ നമ്മുടെയിടയിലെ മഹാഭാരത വിജ്ഞാനം? അജ്ഞാനത്തിന്റെ മറ്റൊരു പതിപ്പ് മാത്രമായ വിജ്ഞാനം അല്ലേ?
തുഞ്ചത്താചാര്യന്റെ മഹാഭാരതം കിളിപ്പാട്ടു പോലും വ്യാസേതിഹാസത്തിലെ മര്‍മ്മപ്രധാനമായ പല ഭാഗങ്ങളേയും സ്പര്‍ശിച്ചിട്ടില്ല. വ്യാസമഹാഭാരതത്തെ പൂര്‍ണ്ണരൂപത്തില്‍ പരിചയപ്പെടുന്നതോടെ നമ്മുടെ ഭാരതവിജ്ഞാനത്തിന്റെ അല്പത്വവും ലഘുത്വവും ബോദ്ധ്യപ്പെടും.
മൂന്‍ മുഖ്യമ്രന്തി സി. അച്ചുതമേനോന്റെ സാക്ഷ്യപത്രം നോക്കുക: രാമായണഭാരതാദി പുരാണകഥകള്‍ ഞാന്‍ വായിച്ചറിഞ്ഞത് അധികവും കെ. വി. എമ്മിന്റെ കൃതികളിലൂടെയായിരുന്നു. അക്കാലത്തു തന്നെ പരേതനായ ശ്രീ കുന്നത്തു ജനാര്‍ദ്ദനന്‍ ( കണ്ണന്‍ ജനാര്‍ദ്ദനന്‍ ) എഴുതിയ മഹാഭാരത ഗദ്യ വിവര്‍ത്തനവും നോക്കാന്‍ സംഗതിയായിട്ടുണ്ട്. അപ്പോഴാണ് കെ. വി. എമ്മിന്റെ പ്രതിപാദന രീതിയുടെ വശ്യത അനുഭവപ്പെട്ടത്. രണ്ടും ഒരേ കഥകളാണ് പ്രതിപാദിച്ചിരുന് തെങ്കിലും ഒന്ന് ഒട്ടൊക്കെ വിരസമായിരുന്നു. ( വായനയുടെ ഉതിര്‍മണികള്‍, പ്രഭാത് ബുക്ക്‌സ്, പേജ് 9 ) കെ. വി. എം. തന്റെ ഗ്രന്ഥങ്ങള്‍ അധികവും എഴുതിയത് സാഹിതിക്ക് എന്തെങ്കിലും സംഭാവനയര്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെയല്ലെന്നും തന്റെ കുടുംബത്തെ പട്ടിണിപ്പാടില്‍ നിന്നു രക്ഷിക്കാനാണെന്നും ഇതോടൊപ്പം അച്ചുതമേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു യജഞ്രപ്രക്രിയ
പ്രകാശമാകട്ടെ, ഭൗതികമായ എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചോ ആരുടെയെങ്കിലും പ്രീതിക്കു വേണ്ടിയോ വഴിപാട് പോലെ ഏറ്റെടുത്തതല്ല ഗദ്യപരിഭാഷാകര്‍മ്മം. മാനസികമായ സംതൃപ്തിക്കും ആത്മീയമായ ചാരിതാര്‍ത്ഥ്യത്തിനും വേണ്ടി സ്വയം പ്രേരിതനായി മാത്രം നിര്‍വ്വഹിച്ച ഒരു യജഞ്രപ്രക്രിയ. ഈ വിവര്‍ത്തന സാഹസത്തിനു മുതിര്‍ന്നതിന്റെ പശ്ചാത്തലവും തന്റെ തൂലികയ്ക്ക് പ്രചോദനമേകിയ ചേതോവികാരവും അദ്ദേഹം ഇപ്രകാരം കാവ്യഭാഷയിലേക്ക് - ഉത്തിഷ്ഠമാനനായ ഒരു കവിയെന്ന നിലയ്ക്കായിരുന്നു മുപ്പതുകളിലും നാല്പതുകളിലും പ്രകാശത്തിനു പ്രസിദ്ധി - പകര്‍ത്തിയിട്ടുണ്ട്.
1140 ധനു ഒന്നാം തീയതി തന്റെ ദുഃഖത്തിന് വിമുക്തി ലഭിക്കുന്നതിനു വേണ്ടി ആരംഭിച്ച ഈ മഹോദ്യമം പൂര്‍ത്തിയാക്കുവാന്‍ മൂന്നു വര്‍ഷം നീണ്ടുനിന്ന നിസ്തന്ദ്രവും നിരന്തരവുമായ യത്നം വേണ്ടിവന്നു. എഴുതിത്തീര്‍ന്നപ്പോള്‍ ഇരുപതിനായിരത്തില്‍ പരം ഫുള്‍സ്‌കേപ്പു പേജ്! ദിവസത്തില്‍ 10 മണിക്കൂറും, ചില ദിവസം 12 മണിക്കൂറും ഇരുന്ന് എഴുതിയിട്ടുണ്ടെന്നു വിവര്‍ത്തകന്‍ പറയുന്നു. മഹോദ്യമമെന്ന അദ്ദേഹത്തിന്റെ വിശേഷണം വിനയാന്വിതമായ ഒരു ലഘുവിവരണം മാതമേ ആകുന്നുള്ളു.
വിവര്‍ത്തന തപസ്യയുടെ വിവരങ്ങള്‍ മുഴുവന്‍ അറിയുന്നതോടെ വള്ളത്തോളിന്റെ പ്രസ്തുത വരികള്‍ സഹൃദയ കേരളത്തിന്റെ നാവിന്‍ തുമ്പത്ത് തത്തിക്കളിക്കാതിരിക്കില്ല.
വ്യാസഭാരതത്തിന്റെയും വിവര്‍ത്തനത്തിന്റെയും മഹത്വത്തിന്റെ അടിസ്ഥാനം അതിന്റെ വലിപ്പം തന്നെ എന്നാണോ എന്റെ വിവക്ഷ? ഇത്രയേറെ തടിച്ച ഒരു ശ്രന്ഥം ലോകസാഹിത്യമാകെ തിരഞ്ഞവര്‍ക്കു കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ബൈബിളിന്റെ ഇരട്ടിയും ഓഡിസിയും ഇലിയഡും കൂടിയതിന്റെ എട്ടുമടങ്ങും ഇതിനു ദൈര്‍ഘ മുണ്ട്. പക്ഷേ, ഹിമാലയസന്നിഭമായ ആകാരഗാംഭീര്യമാണ്, ലോകസാഹിത്യത്തില്‍ മഹാഭാരതത്തിന്റെ മഹിമയ്ക്കും തലയെടുപ്പിനും ഹേതുവായ വസ്തുതയെന്ന് ആരും പറഞ്ഞിട്ടില്ല. പറയുകയുമില്ല. പ്രകാശത്തിന്റെ മഹോദ്യമത്തെ മാനിക്കുന്നതിലും പ്രയത്നമഹിമയെ മാത്രം മാനദണ്ഡമാക്കുന്നത് മര്യാദകേടും അനുചിതവുമാണെന്നും ഞാന്‍ കരുതുന്നു, അത് പ്രകടവും ഗണനീയവുമായ ഒരു വശം തന്നെയാണെങ്കിലും.
കുഞ്ഞിക്കൂട്ടന്‍ തമ്പുരാന്റെ വൃത്താനുവൃത്ത പദ്യവിവര്‍ത്തനം വന്നതോടെ ഗദ്യപരിഭാഷകന്‍ ഏറ്റവും വലിയ വൈതരണി കടന്നു കഴിഞ്ഞുവെന്നും തുറന്നു കിട്ടിയ രാജവീഥിയിലൂടെ സ്വച്ഛന്ദം നിഷ്പ്രയാസം സഞ്ചരിക്കാമെന്നുമാണ് പൊതുധാരണ. സുക്ഷ്മപരിശോധനയില്‍ അതൊരു തെറ്റിദ്ധാരണയാണെന്നു ബോദ്ധ്യപ്പെടും.
കൂടുതല്‍ വലിയ ഉത്തരവാദിത്വം
പദ്യങ്ങളുടെ ആശയം വിശദമാക്കുവാന്‍ വൃത്താനുവൃത്ത വിവര്‍ത്തകനു ബാദ്ധൃതയില്ല. വേണമെങ്കില്‍ ആശയം സൂക്ഷ്മമായി ഗ്രഹിക്കാതെയും വിവര്‍ത്തന കൃത്യം നിര്‍വ്വഹിക്കാം. വ്യാസന്‍ ചൊല്ലിക്കൊടുത്ത ശ്ലോകങ്ങള്‍ ഗണപതി കുറിച്ചെടുത്തുവെന്നും അങ്ങനെയാണ് മഹാഭാരതം രൂപം പൂണ്ടതെന്നും പറയപ്പെടുന്നു. പക്ഷേ എഴുത്തു തുടങ്ങുന്നതിനു മുന്‍പ് ഗണപതി ഒരു ഉപാധി നിര്‍ദ്ദേശിച്ചു: തന്റെ എഴുത്താണി വിശ്രമിക്കാന്‍ ഇടവരരുതെന്നും നിര്‍ത്താതെ, ഇടതടവില്ലാതെ ശ്ലോകങ്ങള്‍ പറഞ്ഞു കൊടുക്കണമെന്നും. വ്യാസന്‍ അതംഗീകരിച്ചതോടൊപ്പം ഒരു പ്രത്യുപാധി ഉന്നയിച്ചു; ശ്ലോകങ്ങള്‍ ഓരോന്നിന്റെയും അര്‍ത്ഥം ഹൃദിസ്ഥമാക്കിയതിന് ശേഷമേ ഗണപതി എഴുതിത്തുടങ്ങാവൂ. പദ്യവിവര്‍ത്തകനായ തമ്പുരാന് പ്രസ്തുത ഉപാധികളൊന്നും ബാധകമല്ലായിരുന്നു. ഗദ്യപരിഭാഷകനായ പ്രകാശത്തിനാകട്ടെ, വ്യാസന്‍ നിശ്ചയിച്ച ഉപാധിയെ മറികടക്കുവാന്‍ നിവൃത്തിയില്ല. അര്‍ത്ഥതലം വേണ്ടവിധം ഉള്‍ക്കൊണ്ട് വിശദീകരിക്കാതെ ഗദ്യ പരിഭാഷ ഗദ്യപരിഭാഷയാവില്ല. പദാനുപദ പരിഭാഷയിലൂടെ തമ്പുരാന്‍ വേണമെങ്കില്‍ അവഗണിക്കാമായിരുന്ന ആ ഉത്തരവാദിത്വത്തെപ്പറ്റി തികച്ചും ബോധവാനായിരുന്നു ഗദ്യവിവര്‍ത്തകനായ പ്രകാശം. പ്രതാപ ചന്ദ്ര റോയിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് വിഷമ സന്ധികളില്‍ കൈത്തിരി കാട്ടി തനിക്കു വഴി തെളിച്ചു തന്നതെന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിട്ടുണ്ട്. തമ്പുരാന്റെ പദൃവിവര്‍ത്തനവും പ്രതാപചന്ദ്ര റോയിയുടെ ഇംഗ്ലീഷ് പരിഭാഷയും മാത്രമല്ല, ചതുര്‍വ്വേദി ദ്വാരകാ പ്രസാദ് ശര്‍മ്മയുടെ ഹിന്ദി വിവര്‍ത്തനവും കണ്ണുംപുഴ കൃഷ്ണവാരിയരുടെ ആദിപര്‍വ്വ വ്യാഖ്യാനവും ഭഗവദ്ഗീതയുടെ പല മലയാള പരിഭാഷകളും വ്യാസപ്രതിഭയുടെ അഗാധ ഹ്രദങ്ങളിലേക്ക് എത്തി നോക്കുവാന്‍ പ്രകാശത്തെ സഹായിച്ചു.
തമ്പുരാന്റെ മലയാള വിവര്‍ത്തനം കൊണ്ട് തൃപ്തി വരാതെ ഭിന്നഭാഷകളിലെ ഭാരത വ്യാഖ്യാനങ്ങള്‍ തേടി ആശയങ്ങളുടെ മിഴിവു വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ച പ്രകാശത്തിന്റെ സേവനം ഒട്ടും ലഘുവല്ല. ഗവേഷകന്റെ വിജ്ഞാനത്വം കൂടി ഈ പരിഭാഷയുടെ മാറ്റുകൂട്ടാന്‍ അദ്ദേഹം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
മഹാര്‍ഹമായ ഈ വേദാന്തകാവ്യത്തെ, ജീവിതശാസ്ത്രത്തെ, വളരെക്കാലം പാടുപെട്ട് നമ്മുടെ ഭാഷയിലേക്കു പദാനുപദം വിവര്‍ത്തനം ചെയ്യുകയും അതിലധികം, പാടുപെട്ടു പ്രകാശിപ്പിക്കുകയും ചെയ്ത ശ്രീ കെ. പ്രകാശത്തെ, പണ്ട് ഇത് വൃത്താനുവൃത്തം വിവര്‍ത്തനം ചെയ്ത കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ എന്നതിലധികം ഞാന്‍ ആരരിക്കുന്നു എന്ന് കുട്ടിക്കൃഷ്ണമാരാര്‍ മുക്തകണ്ഠം പ്രശംസിച്ചതിന്റെ കാരണം ഇതൊക്കെ തന്നെയല്ലേ? പദ്യ കൃതികളുടെ വലിയൊരു ഗുണം വലിയൊരു ദോഷവുമാണ്. അതിന്റെ താളാനുസൃതമായ ഗതിയാലും അര്‍ത്ഥകല്പ നാ ചമല്ക്കാരത്താലും ആകൃഷ്ടരാകുന്ന വായനക്കാര്‍ പ്രതിപാദ്യത്തില്‍ വേണ്ട്രത ശ്രദ്ധിക്കാതെ ഒഴുകിപ്പോയേക്കാം; യാദ്യച്ഛികമായി വല്ലതും സ്വാനുഭവത്തെ തട്ടിയിളക്കിയാലേ അതിനെപ്പറ്റി ആലോചിച്ചു നോക്കിയുള്ളു എന്നു വരാം. ഗദ്യമാകട്ടെ, പ്രകൃത്യാ തന്നെ ഉദാസീനരായ ലഘുവായനക്കാരെ പോലും യുക്തിവിചാരത്തിലേക്കു തെളിച്ചു കൊണ്ടിരിക്കും.
ജനകീയ പ്രതിച്ഛായ നല്‍കി
ഒരു നിലയ്ക്ക് മഹാഭാരതം വൃത്താനുവൃത്തം വിവര്‍ത്തനം ചെയ്ത തമ്പുരാന്റെ മഹനീയ സേവനത്തെ അതിശയിക്കുന്നത് തന്നെയാണ് പ്രകാശം സാധിച്ച കൃത്യം. വ്യാസസാഹിതിക്ക് ഈ കൈരളിദാസന്‍ ജനകീയമായ ഒരു പ്രതി ച്ഛായ സമ്മാനിച്ചു. അതിനു മുന്‍പ് വ്രതനിഷ്ഠരായ പണ്ഡിതന്മാര്‍ക്കു മാത്രമേ ഈ രത്നഖനിയുടെ പ്രഭാകന്ദളങ്ങള്‍ ദര്‍ശിക്കുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. നേരേമറിച്ച് മലയാളത്തില്‍ സാമാന്യ വിദ്യാഭ്യാസം നേടിയവര്‍ക്കു കൂടി ഉള്‍ക്കൊള്ളാവുന്ന ലളിതസുന്ദരമായ ശൈലിയിലാണ് ഗദൃപരിഭാഷ.
കുഞ്ഞിക്കുട്ടന്‍ തമ്പുരാനും പ്രകാശവുമായി തലമുറകളുടെ വിടവുണ്ട്. ഇരുപേരുടേയും ജീവിത പരിതഃസ്ഥിതികള്‍ തമ്മിലാണ് അതിലേറെ അകല്‍ച്ച. കൊടുങ്ങല്ലൂര്‍ കോവിലകത്തിന്റെ വ്യുല്‍പന്നവും ഐശ്വര്യ പൂര്‍ണ്ണവുമായ അന്തരീക്ഷം തമ്പുരാനെ പരിലാളിച്ചു. ഗ്രാമീണവും പരിമിത വിഭവവുമായ സാഹചര്യത്തിലായിരുന്നു പ്രകാശത്തിന്റെ വിവര്‍ത്തന സപര്യ. തമ്പുരാന്‍ മൂലം വായിച്ചു കൊടുക്കുവാനും വിവര്‍ത്തിത പദ്യങ്ങള്‍ പകര്‍ത്തിയെഴുതുവാനും ഒരു സംഘം പണ്ഡി തന്മാരുടെ സഹായം ലഭിച്ചു. സഹായ രഹിതന്‍, ഏകഹസ്തന്‍, എന്നിട്ടും സമര്‍പ്പിത ചേതസ്സായി, അടിപതറാതെ, ഉലയാത്ത ഉത്സാഹത്തോടെ അഹോരാത്രം പ്രകാശം അദ്ധ്വാനിച്ച്, നിശ്ചിത കാലപരിധിക്കകം ഉദ്ദിഷ്ട പരിപാടി പൂര്‍ത്തിയാക്കുകയും ചെയ്തു.
ഭാഷാസാഹിത്യ മേഖലയില്‍ മറ്റാരെങ്കിലും ഇത്രത്തോളം ബൃഹത്തും സാഹസികവുമായ ഒരു സംരംഭത്തിന് ഒരുമ്പെട്ടിട്ടുണ്ടോ? വിവര്‍ത്തന ലോകത്തിലെ എവറസ്റ്റാരോഹണമെന്ന് സുകുമാര്‍ അഴീക്കോട് ഇതിനെ വിശേഷിപ്പിച്ചത് അതിശയോക്തിയല്ല. പല പൂര്‍വ്വസൂരികളും വിവിധ ഭാഷാമാര്‍ഗ്ഗങ്ങളിലൂടെ ആ പരമാചലത്തിന്റെ ആരോഹണത്തിനു മുതിര്‍ന്നത്, പല തോതില്‍ ജയിക്കുകയോ, തോല്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും, നിസ്സഹായനായ ഒരു ഷെര്‍പ്പയുടെ നെഞ്ഞൂക്കോടെ പ്രകാശം ഈ മഹായത്നത്തിനു തുനിഞ്ഞതോര്‍ക്കുമ്പോള്‍ തല താനേ താണുപോകുന്നു എന്നു വരെ അദ്ദേഹം അഭിപ്രായപ്പെട്ടു കാണുന്നു.
1968 ആഗസ്റ്റില്‍ മേല്‍പ്രകാരം ആശംസാ സന്ദേശത്തിലൂടെ പ്രകാശത്തിന്റെ ഉദ്യമത്തെ ആവേശപൂര്‍വ്വം അഭിവാദനം ചെയ്ത അഴീക്കോട് 1980 സെപ്തംബറില്‍ വ്യാസപ്രഭാവത്തിന് ( ടി. എം. ത്രിവിക്രമന്‍ നമ്പൂതിരിപ്പാടിന്റെ ഉപന്യാസ സമാഹാരം, വിതരണം എന്‍. ബി. എസ് ) അവതാരിക എഴുതിയപ്പോള്‍ എവറസ്റ്റാരോഹണത്തിന്റെയും പാവം ടെന്‍സിങ്ങിന്റെയും കഥ പാടേ വിസ്മരിച്ചു. മഹാഭാരത ഗദ്യ പരിഭാഷയെപ്പറ്റി അതില്‍ നാമമാത്രമായ പരാമര്‍ശം പോലും ഇല്ല. അതേസമയം കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ പദ്യവിവര്‍ത്തനത്തേയും കുട്ടിക്കൃഷ്ണമാരാരുടെ ഭാരതപര്യടനത്തേയും അവതാരികയില്‍ സവിസ്തരം ഉപപാദിച്ചിട്ടുണ്ട്. ഇതേ വിസ്മൃതിയും അതിന് ഇടയാക്കിയ ചേതോവികാരവും തന്നെയാവില്ലേ ഭാരത കഥാഖ്യാനങ്ങള്‍ ചമച്ച് അവാര്‍ഡ് നേടിയ സാഹിത്യകാരന്മാരെ കീഴ് പ്പെടുത്തിയതും?
ഒന്നും കൈമുതലില്ലാതെ അരങ്ങേറിയതല്ല
എന്തായാലും അഴീക്കോടു സൂചിപ്പിച്ച ഷെര്‍പ്പയുടെ ചങ്കൂറ്റം അസാധാരണമായ തോതില്‍ അനുഗ്രഹിച്ച ഒരു വ്യക്തിക്കല്ലാതെ ഈ മഹാസംരംഭത്തിന്റെ ഗോദായിലേക്കു ചാടിയിറങ്ങാന്‍ മനക്കരുത്തുണ്ടാവില്ല. പണ്ഡിതവരേണ്യന്മാര്‍ കാല്‍കുത്താന്‍ അധീരത കാട്ടിയ രംഗത്താണ് നിശ്ചയദാര്‍ഢ്യത്തോടെ പ്രകാശം തനിയെ പ്രവേശിച്ചതും വിജയക്കൊടി നാട്ടിയതും. പക്ഷേ, ഒന്നും കൈമുതലായി ഇല്ലാതെ അവിവേക പ്രേരിതമായ ആവേശാതിരേകം കൊണ്ട് ചങ്കൂറ്റം കാട്ടിയതാണെന്നു തെറ്റിദ്ധരിക്കേണ്ടാ. മുപ്പത്തഞ്ചു കൊല്ലത്തോളം ഭാഷാദ്ധ്യാപകനായി പല സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലും സേവനമനുഷ്ഠിച്ച് പെന്‍ഷനായതിന് ശേഷമേ കളരി മാറി കച്ചകെട്ടാന്‍ ഉദ്യുക്തനായുള്ളു. ചെറുപ്പം മുതല്‍ സാഹിത്യ രംഗത്ത് ഒട്ടൊക്കെ സജീവമായിത്തന്നെ നിലയുറപ്പിച്ചിരുന്നു. ഇതിന്നിടയ്ക്ക് ശാലീനസുന്ദരമായ കുറെ കവിതകള്‍ രചി ച്ചിട്ടുണ്ട്. ജീന്‍വാല്‍ജീന്‍ ( പാവങ്ങളുടെ സംഗ്രഹം ) മുതലായ ഗദ്യഗ്രന്ഥങ്ങളും ബാഷ്പവര്‍ഷം എന്ന വിലാപകാവ്യവും അദ്ദേഹത്തിനു പ്രശസ്തിയുടെ പരിവേഷം ചാര്‍ത്തി. ഗ്രാമീണകുസുമങ്ങള്‍ (കവിതകള്‍, 1930), ലോകാവലോകം (കഥകള്‍, 1932), പ്രേമാഞ്ജലി (കവിതകള്‍, 1935), പ്രകൃതി (കവിതകള്‍, 1936), മിന്നല്‍പ്പിണരുകള്‍ (കവിതകള്‍ .19460, റിപ്പ് വാന്‍ വിങ്കിള്‍ (കഥാസംഗ്രഹം, 1955), ഡേവിഡ് കോപ്പര്‍ഫീല്‍ഡ് (നോവല്‍സംഗ്രഹം, 1968) എന്നിവയാണ് പ്രകാശത്തിന്റെ മറ്റു കൃതികള്‍. ആയുര്‍വ്വേദം, ജ്യോതിഷം മുതലായ ഭാരതീയ ശാസ്ത്രങ്ങളിലും കൃതഹസ്തനായിരുന്നു ഈ കൈരളീദാസന്‍. ജ്യോതിഷത്തെ ആധുനികമായ കാഴ്ചപ്പാടില്‍ വിശകലനം ചെയ്യുന്ന ഒരു ഗ്രന്ഥം എഴുതിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് രോഗബാധിതനായതും, ഏതാനും മാസങ്ങള്‍ കിടപ്പിലായതിനു ശേഷം നിര്യാതനായതും.
സാഹിതീസേവന പാരമ്പര്യമോ അദ്ധ്യാപന പരിചയമോ വ്യാസമഹാഭാരത ഗദ്യപരിഭാഷ എന്ന പടുകൂറ്റന്‍ പണിപ്പാട് ഏകഹസ്തനായി ഏല്‍ക്കാന്‍ കരളുറപ്പുണ്ടാക്കിയില്ല. പുത്രിയുടെ അപകടമരണം വരുത്തിവച്ച തീവ്രദുഃഖവും അതില്‍ നിന്നു മുക്തി നേടുവാന്‍ ഭാരതവിവര്‍ത്തനം ഉതകുമെന്ന വിശ്വാസവും തന്നെയാണ് ആ മനോധൈര്യത്തിന്റെ അടിത്തറ. സാധാരണ ഗതിയില്‍ പണ്ഡിതന്മാരുടെ സംഘമോ, സര്‍വ്വകലാശാല മുതലായ ഉന്നത വിദ്യാപീഠങ്ങളോ കൈകാര്യം ചെയ്യേണ്ടതാണ് ഇത്തരം പദ്ധതികള്‍. അവയ്ക്കു പോലും അനായാസകരമായ ഒന്നല്ല ഈ കൃതിയെന്നു കൂടി ഓര്‍ക്കുക. ഏകദേശം എണ്‍പതു സംവത്സരങ്ങള്‍ക്കു മുമ്പ് ലണ്ടനിലെ ഒരു റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യുട്ട് മഹാഭാരതത്തിന്റെ ഒരു സംശോധിതപ്പതിപ്പ് പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ചു. അതിനു വേണ്ട ഫണ്ട് ശേഖരിച്ചിട്ടും തീരുമാനം നടപ്പാക്കാനാകാതെ ആ പരിപാടി ഇംഗ്ലീഷുകാര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. തങ്ങള്‍ ശേഖരിച്ച കൈയെഴുത്തു പ്രതികളും, സംഭരിച്ച പണവും ലണ്ടന്‍ ഇന്‍സ്റ്റിറ്റ് യൂട്ട് പുനെയിലെ ഭണ്ഡാര്‍ക്കര്‍ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ് യൂട്ടിനെ ഏല്പിച്ചു. തുടര്‍ന്ന് അനേകം സംസ്‌കൃത പണ്ഡിതന്മാര്‍ നിതാന്ത ജാഗ്രതയോടെ 47 കൊല്ലം അവിടെ ഗവേഷണ തപസ്യയില്‍ വ്യാപൃതരായതിന്റെ ഫലമാണ് 19 വാള്യങ്ങളായി 13,000 ഡെമ്മി ക്വാര്‍ട്ടോ പേജുകളില്‍ ഭണണ്‍ഡാര്‍ക്കര്‍ ഇന്‍സ്റിറ്റ്യൂട്ട് പുറത്തിറക്കിയിരിക്കുന്ന മഹാഭാരതം.
പ്രകാശനം ഉയര്‍ത്തിയ വെല്ലുവിളി
ധൈഷണികമായ പ്രവര്‍ത്തനം പ്രകാശം ആരംഭിച്ച മഹോദൃമത്തിന്റെ ആദൃഘട്ടമോ ഒരു മുഖമോ മാത്രമേ ആകുന്നുള്ളൂ. ശ്രന്ഥപ്രകാശനം പ്രകാശത്തിന്റെ മുമ്പില്‍ കൂടുതല്‍ ഉഗ്രമായ വെല്ലുവിളി ഉയര്‍ത്തി. ശ്രന്ഥാലയതുല്യമായ ഒരു മഹാഗ്രന്ഥം അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുവാന്‍ കച്ചവടക്കണ്ണിലൂടെ സാഹിത്യ മൂല്യം കണക്കാക്കുന്ന പ്രസാധകന്മാര്‍ തയ്യാറാവുമോ? തങ്ങളുടെ കൊക്കിലൊതുങ്ങാത്ത ഉഗ്രന്‍ പദ്ധതി ആണിതെന്ന് എല്ലാവരും കൈമലര്‍ത്തി. പക്ഷേ, പരിഭാഷകനായ പ്രകാശം ഹതാശനായില്ല. സാമ്പത്തിക സഹായത്തിന്റെ വാതിലുകള്‍ തേടിപ്പിടിച്ച് അദ്ദേഹം മുട്ടിവിളിച്ചു. ദൈനംദിന ജീവിത ക്ലേശങ്ങളോടു മല്ലിട്ട ഭാരിച്ച ഒരു കുടുംബത്തെ സ്വപ്രയത്നം കൊണ്ടു പുലര്‍ത്തിപ്പോന്ന അദ്ദേഹത്തിന് ഇതിലേക്കു നീക്കിവെക്കുവാന്‍ തനതായ സമ്പാദ്യമില്ലായിരുന്നു. ഉദാരമതികളായ അഭ്യുദയകാംക്ഷികളെ സമീപിച്ച് ഒരു പ്രസിദ്ധീകരണ സമിതി സംഘടിപ്പിച്ചു. അവരില്‍ നിന്നു ലഭിച്ച സംഭാവനയെ ആധാരമാക്കിയായിരുന്നു പ്രസിദ്ധീകരണ മഹായത്നത്തിന്റെ തുടക്കം.
ഒന്നാം വാള്യം പെരിങ്ങോട്ടുകരയിലെ ഒരു പ്രസ്സില്‍ അച്ചടിപ്പിച്ചു. തന്റെ വീട്ടില്‍ നിന്ന് അഞ്ചു നാഴിക മാറി സ്ഥിതി ചെയ്യുന്ന പ്രസ്സില്‍ ദിവസവും പോയി വരാന്‍ ബുദ്ധിമുട്ടും അസൗകര്യവും. അതുകൊണ്ട് അച്ചടിക്ക് മറ്റൊരു സംവിധാനം കണ്ടെത്തുവാന്‍ ശ്രമിച്ചു. നാല്പതു വാള്യങ്ങള്‍ അച്ചടിപ്പിക്കുവാന്‍ ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം ഉറുപ്പിക വേണ്ടി വരും. അത്ര സംഖ്യ മുടക്കേണ്ടി വരുന്ന സ്ഥിതിക്ക് സ്വന്തമായി ഒരു പ്രസ്സ് വാങ്ങി അച്ചടി നടത്തുന്നതല്ലേ ബുദ്ധി? പ്രകാശം സംശയിച്ചു നിന്നില്ല. പല ചാലുകളിലൂടെ സാമ്പത്തിക സഹായം ഒഴുകിവന്ന സന്ദര്‍ഭം. അക്കാലത്ത കേന്ദ്രമന്ത്രിപദം വഹിച്ച പനമ്പിള്ളി ഗോവിന്ദമേനോന്റെ ഒത്താശ മുഖേന ഇന്ത്യാ ഗവണ്ടെന്റില്‍ നിന്ന് അര ലക്ഷത്തോളം ഉറു പ്പിക കിട്ടി. കേരളാ ഗവണ്‍മെന്റും കേരള സാഹിത്യ അക്കാദമിയും ഗുരുവായൂര്‍ ദേവസ്വവും സഹായിച്ച സ്ഥാപനങ്ങളുടെ ഗണനയില്‍ പെടുന്നു. പന്തീരായിരം രൂപയ്ക്കു വാങ്ങിയ ഒരു പ്രസ്സ് പാലാഴിയിലെ സ്വന്തം വീട്ടു വളപ്പില്‍ സ്ഥാപി ച്ചു. മുന്നാം വാള്യം മുതല്‍ക്കുള്ള അച്ചടി വ്യാസ പ്രസ്സ് എന്ന അച്ചുകൂടത്തിലായിരുന്നു. നാല്പതാം വാള്യം പുറത്തായ ശേഷം ഒട്ടും താമസിയാതെ പ്രസ്സ് വിൽക്കുകയും അതിലെ ജോലിക്കാരെ പിരിച്ചയയ്ക്കുകയും ചെയ്തു.
സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും പ്രകാശത്തിനു ലഭിച്ച സഹായം, പത്രപ്പരസ്യങ്ങളിലൂടെ അറിഞ്ഞു വശായോ മറ്റോ ഗ്രന്ഥകാരനെ തേടി വന്നതല്ല. ഓരോന്നും ലഭ്യമാക്കുവാന്‍ അതാതിന്റെ അധികൃതരേയും വ്യക്തികളേയും നിരന്തരം തന്ത്രപൂര്‍വ്വം സമീപിക്കേണ്ടി വന്നിട്ടുണ്ട്. കത്തിടപാടു നടത്തിയതിന് കണക്കില്ല. ഇതിനെ സംബന്ധിച്ച കാര്യങ്ങള്‍ക്കു വേണ്ടി ശിഷ്യനായ എന്നെപ്പോലും പലതവണ അദ്ദേഹം എറണാകുളത്തു വന്നു കണ്ടിട്ടുണ്ട്. പ്രൂഫ് വായനയ്ക്കു കൂടി പരസഹായം തേടുകയുണ്ടായില്ല. വിവര്‍ത്തന വൈകല്യങ്ങളും വാചകപ്പിശകുകളും തീര്‍ക്കുവാന്‍ പ്രൂഫ് വായിക്കുന്ന ഘട്ടത്തിലേ സൗകര്യപ്പെട്ടിരുന്നുള്ളു. എല്ലാം ഒരേ വൃക്തി ഒറ്റയ്ക്കാണു ചെയ്തതെന്ന വസ്തുത അവിശ്വസനീയമായ ഒരു യാഥാര്‍ത്ഥ്യമായി അവശേഷിക്കുന്നു. ചുരുക്കത്തില്‍ മഹാഭാരതം പോലെ തന്നെ സംഭവബഹുലവും രോമാഞ്ചജനകവുമായ ഒരു കഥയാണ് അതിന്റെ ഗദ്യപരിഭാഷയുടെ പ്രസിദ്ധീകരണ ചരിത്രം. എന്റെ അറിവില്‍ വി.ഡി. സവര്‍ക്കറുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിനു മാത്രമേ അച്ചടിച്ചു ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധപ്പെടുത്തുവാന്‍ ഇത്രയേറെ ഏടാകൂടങ്ങള്‍ തരണം ചെയ്യേണ്ടി വന്നിട്ടുള്ളു. നാടകീയതയും നിഗൂഢതയും മുറ്റിനി ല്ക്കുന്നതാണ് സവര്‍ക്കറുടെ ഗ്രന്ഥത്തിന്റെ കഥ. ആ സവിശേഷതകള്‍ ഇതിനു ബാധകമല്ലെങ്കിലും പ്രസിദ്ധീകരണത്തെ വലയം ചെയ്ത ക്ലേശ സങ്കുലതയെ സംബന്ധിച്ചിടത്തോളം രണ്ടും തമ്മില്‍ സാദൃശ്യമുണ്ട്.
സപ്തസംവത്സരസാധനയുടെ സന്താനം
മൂന്നുകൊല്ലം വിവര്‍ത്തനത്തിനും നാലുകൊല്ലം പ്രസിദ്ധീകരണത്തിനും. ഒരു സപ്തസംവത്സരസാധനയുടെ സന്താനമാണ് മഹാഭാരത ഗദ്യ പരിഭാഷയുടെ ഒന്നാം പതിപ്പ്. പൊതുജനശ്രദ്ധയെ ആകര്‍ഷിക്കുവാന്‍ വിവിധ ക്രേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച പ്രകാശനച്ചടങ്ങുകള്‍ കൂടി ഇതോടൊപ്പം സ്മരിക്കേണ്ടതാകുന്നു. ഒന്നാം വാള്യത്തിന്റെ പ്രകാശനം 1968 സെപ്തംബര്‍ 23-ാം തീയതി കോഴിക്കോട് ടൌൺ ഹാളില്‍ വെച്ചായിരുന്നു. സമ്മേളനാദ്ധ്യക്ഷനായ ശ്രീ കെ.പി.കേശവ മേനോന്‍ പുസ്തകത്തിന്റെ ഒരു പ്രതി നല്കി കേന്ദ്രമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോന്‍ ആ കർമ്മം നിര്‍വ്വഹിച്ചു. പ്രകാശത്തിന്റെ ശിഷ്യന്മാരായ അന്നത്തെ കോഴിക്കോട് മേയര്‍ പി.വി. ശങ്കരനാരായണനും, കെ.ആര്‍. ചുമ്മാറും (മലയാളമനോരമ) ആയിരുന്നു ആ ചടങ്ങിന്റെ സൂത്രധാരന്മാര്‍. സാഹിത്യ അക്കാദമിയെ പോലെയുള്ള സംഘടനകളാണ് ഇത്തരം ഗ്രന്ഥങ്ങളുടെ പ്രസാധനത്തിനു മുന്നിട്ടിറങ്ങേണ്ടതെന്നും, പക്ഷേ, കേരളത്തിലെ സാഹിത്യ അക്കാദമി അതിന്റെ ശ്രദ്ധ മുഴുവന്‍ അംഗങ്ങളുടെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്നതിലാണ് കേന്ദ്രീ രിച്ചു കാണുന്നതെന്നും അന്നത്തെ സമ്മേനത്തില്‍ പനമ്പിള്ളി തുറന്നടിച്ചു. കുറിക്കു കൊണ്ട ആ വിമര്‍ശനശരം കേരളസാഹിത്യ അക്കാദമിയെ വഴിമാറി സഞ്ചരിക്കുവാന്‍ നിര്‍ബ്ബന്ധിക്കുക ഉണ്ടായെന്നു തോന്നുന്നു. അക്കാദമി അതിന് ശേഷം ആരുടെയും ഷഷ്ടിപുര്‍ത്തി കൊണ്ടാടാന്‍ ഫണ്ട് ധൂര്‍ത്തടിച്ചിട്ടില്ല.
രണ്ടു മുതല്‍ ആറുവരെ വാള്യങ്ങളുടെ ഔപചാരികമായ പ്രകാശനം തിരുവനന്തപുരത്ത് ഭാഷാ ഇന്‍സ്റ്റിട്യൂട്ടിൽ വെച്ച് ഗവര്‍ണ്ണര്‍ വി. വിശ്വനാഥനും 21-0൦ വാള്യം 1971 മേയില്‍ ബോംബെ കേരള ഭവനില്‍ വെച്ച് ശ്രീമതി ബാലാമണിയമ്മയും 35 വരെ വാള്യങ്ങള്‍ എറണാകുളത്ത് ഭാരതീയ വിദ്യാഭവനില്‍ വെച്ച് 1972 ജൂലൈയില്‍ അത്യുന്നത കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടിലും നിര്‍വ്വഹിച്ചു. ആ പ്രകാശന സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ പ്രകടിപ്പിച്ച അഭിപ്രായം ഉദ്ധരണീയമായ ഒന്നാണ്. തിരുമേനി പറഞ്ഞും: "മഹാഭാരതം ഒരു ജാതിയുടെയോ, മതത്തിന്റെയോ സ്വകാര്യ സ്വത്തല്ല. അത് ഇന്ത്യയുടെ പൊതുസ്വത്താണ്. ഇന്ത്യയില്‍ അധിവസിക്കുന്ന ഹിന്ദുക്കളുടെ എന്ന പോലെ തന്നെ ക്രിസ്ത്യാനിക്കും മുസല്‍മാനും ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന എല്ലാവര്‍ക്കും പൊതുവായി അവകാശപ്പെട്ട അമൂല്യമായ ഒരു സമ്പത്ത്; നമ്മുടെ പ്രാചീന സംസ്‌കാരത്തിന്റെ അക്ഷയമായ നിധി".
1973 ഏപ്രിലില്‍ ദല്‍ഹിയില്‍ വെച്ചായിരുന്നു അവസാന വാള്യങ്ങളുടെ പ്രകാശനം. മലയാളഭാഷയുടെ മുന്നേറ്റത്തിനു ദൃഷ്ടാന്തമാണിതെന്ന അഭിനന്ദന വചസ്സോടെ ഉപരാഷ്ട്രപതി ജി.എസ്. പഥക് ആ കൃത്യം നിറവേറ്റി. തലസ്ഥാന നഗരിയിലെ പ്രകാശനച്ചടങ്ങ് സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്തത് ഇന്ത്യന്‍ ലോ കമ്മീഷന്‍ മെമ്പറായി അക്കാലത്തു ദല്‍ഹിയില്‍ താമസിച്ചു പോന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരാണ്. 40 വാള്യങ്ങളുടേയും ഓരോ പ്രതി അടുത്ത ദിവസങ്ങളില്‍ രാഷ്ട്രപതിഭവനില്‍ ചെന്ന് പ്രസിഡന്റ് വി.വി.ഗിരിക്കും സഫ്ദര്‍ ജങ്ങ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തി ശ്രീമതി ഇന്ദിരാഗാന്ധിക്കും സമര്‍പ്പിച്ചു. രണ്ടു സമര്‍പ്പണ വേളകളിലും സഹധര്‍മ്മിണി ദേവകി പ്രകാശത്തിനും മകന്‍ വിജയനും പുറമേ, മാതൃഭൂമിയുടെ ദല്‍ഹി പ്രതിനിധി വി.കെ. മാധവന്‍കുട്ടിയും ഞാനും ഗ്രന്ഥകാരനെ അനുഗമിക്കുകയുണ്ടായി.
ഇത്രയുമായതോടെ ജന്മസാഫല്യത്തിനു തുല്യമായ ഒരു സംതൃപ്തി ഗ്രന്ഥകാരന് അനുഭവ വേദൃമായെന്നു വേണം പറയുക. പ്രകാശത്തിന്റെ മുഖം പ്രദീപ്തമാക്കിയ ആ രംഗങ്ങള്‍ ഭാഷാസാഹിതിയുടെ ചരിത്രത്തിലെ അനര്‍ഘവും അനശ്വരവുമായ ചില നിമിഷങ്ങളാണെന്നു ഞാന്‍ കരുതുന്നു.
ജീവിതം ധന്യമാക്കിയ നേട്ടം
മഹത്തായ ഒരു പ്രയത്നത്തിനു സംലബ്ധമാകാവുന്ന ഏറ്റവും വലിയ പ്രതിഫലം അതു നിര്‍വ്വഹിച്ചു എന്ന ചാരിതാര്‍ത്ഥ്യമാണ്. പ്രകാശത്തിന്റെ ജീവിതത്തെ ധന്യമാക്കിയ നേട്ടവും മറ്റൊന്നല്ല. പാരാവാര വിശാലമായ മഹാഭാരതം അതിന്റെ തനിമയ്ക്കു ഭംഗം വരുത്താതെ മാതൃഭാഷയ്ക്കു കാണിക്ക വെയ്ക്കണമെന്ന അഭിലാഷം മൂന്നു ദശാബ്ദത്തിലേറെ കാലം പ്രകാശത്തിന്റെ ഹൃദയത്തെ മഥിച്ചു. വാസ്തവത്തില്‍ അതിന്റെ പരിണതഫലമാണ് പുത്രീവിയോഗം ക്രിയാത്മകമാക്കിയ പരിഭാഷാ പരിപാടി. ചിരകാല മനനവും പഠനവും കൊണ്ടല്ലാതെ ഇത്തരമൊരു മഹാനിര്‍മ്മിതിക്ക് അനുപേക്ഷണീയമായ പക്വത സമാര്‍ജ്ജിക്കാനാവില്ല. അത്രത്തോളം കോപ്പ് പാണ്ഡിത്യ പ്രകടനത്തിന്റെ വിശാലവേദികളില്‍ പ്രത്യക്ഷപ്പെടാതെ ഒതുങ്ങിക്കൂടിയ വിനീതനായ ഈ വിവര്‍ത്തകനുണ്ടോ? പുരോഭാഗികള്‍ സംശയിച്ചു. പ്രകാശത്തിന്റെ മഹോദ്യമത്തെ അത് അര്‍ഹിക്കുന്ന മതിപ്പോടെ വീക്ഷിക്കാന്‍ വിമര്‍ശകലോകം മടിച്ചു നിന്നതിന്റെ കാരണം ഇതു തന്നെയല്ലേ?
എങ്കിലും ഒരു സംഗതി ഉറപ്പാണ്; ഉദാത്തമായ ഒരു ശ്രമവും വ്യര്‍ത്ഥമാവില്ല. ഇന്നല്ലെങ്കില്‍ നാളെ, അടുത്തുള്ളവരല്ലെങ്കില്‍ അകലെയുള്ളവര്‍ അതിന്റെ മൂല്യം അംഗീകരിക്കാതിരിക്കില്ല. "കാലോഹൃയം നിരവധിര്‍ വിപുലാ ച പൃത്ഥീ", എന്ന ഭവഭുതിയുടെ വിശ്വാസ പ്രമാണം അക്ഷരം പ്രതി അര്‍ത്ഥവത്താണെന്ന് സാഹിത്യചരിത്രം തെളിയിച്ചിട്ടുണ്ട്. അല്പജ്ഞരും മത്സരബുദ്ധികളും അസൂയാലുക്കളും ഓട്ടക്കണ്ണിട്ടു നോക്കിയാലും നല്ല നോട്ടക്കാര്‍ രത്നത്തിന്റെ വില മനസ്സി ലാക്കാതിരിക്കുമോ? സര്‍വ്വോന്നത നിരൂപകനായ കാലത്തിന്റെ വിധിപ്രഖ്യാപനം പിഴയ്ക്കാറുമില്ല.
തൂടക്കത്തിലേതന്നെ മഹാഭാരത ഗദ്യപരിഭാഷയുടെ മാറ്റുരച്ചു നോക്കുവാനും മേന്മ കണ്ടറിഞ്ഞു വിളംബരം ചെയ്യുവാനും കുശാഗ്രബുദ്ധിയായ കുട്ടിക്കൃഷ്ണമാരാരുടെ തുലിക മുന്നോട്ടു വന്നു എന്നതാണ് പ്രകാശത്തിനു സിദ്ധിച്ച ഒരു ഭാഗ്യം. അവതാരികാ പ്രബന്ധത്തിന്റെ അന്ത്യത്തില്‍ മാരാര്‍ കുറിച്ചു വെച്ച വാചകം നോക്കുക: ഈ ഗദൃവിവര്‍ത്തനം എന്റേതു തന്നെ എന്ന് എന്തുകൊണ്ട് എനിക്ക് അഭിമാനിച്ചുകൂടാ? ഇത്രത്തോളം ഉല്‍ക്കടമായ അഭിനന്ദനം പ്രീണനത്തിനു വേണ്ടി ഉപചാരപദങ്ങള്‍ ഉപയോഗിക്കാറില്ലാത്ത ക്രാന്തദര്‍ശിയായ ആ നിരൂപകന്‍ മറ്റേതെങ്കിലും കൃതിയെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു സംശയമാണ്. അഭിനന്ദനത്തിന്റെ ഉറവിടം മഹാഭാരതം മലയാളഗദ്യത്തിലേക്കു പകര്‍ത്തിയെന്ന വസ്തുത, മാത്രമാണോ? വെറും വിവര്‍ത്തനമല്ല, മുലത്തോടു പൂര്‍ണ്ണമായ നീതി പാലിച്ചുകൊണ്ട് അവക്രവും ലളിതവുമായ ശൈലിയില്‍ ആശയ വ്യക്തതയോടെ തയ്യാറാക്കിയ വിവര്‍ത്തനം. അല്ലെങ്കില്‍ കലവറയും കലര്‍പ്പുമില്ലാതെ അസപത്നമായ പ്രശംസ പാരിന്‍ ആ മഹാപ്രതിഭന്‍ തൂലിക കൂര്‍പ്പിക്കുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?
സാഹിത്യഹിമാലയം
മഹാഭാരതം ഏതു ഭാഷയില്‍ രൂപം പൂണ്ടാലും ആ ഭാഷയിലെ ഏറ്റവും വലിയതും ഏറ്റവും വിലപ്പെട്ടതുമായ ഗ്രന്ഥമായിരിക്കും. ഹിമാലയം ഇന്ത്യയിലല്ല, ഭൂമിയുടെ മറ്റേതു മൂലയിലായാലും ലോകത്തിലെ ഏറ്റവും വലിയ പര്‍വ്വതം തന്നെ. സ്ഥലവ്യത്യാസം അതിന്റെ തലപ്പൊക്കത്തിനു ബാധകമല്ല. പക്ഷേ, നാഗാധിരാജനെ കടപുഴക്കിയെടുത്ത് മറ്റൊരി ടത്തു സ്ഥാപിക്കാന്‍ പറ്റുമോ? അതേസമയം ഹിമാലയ സാഹിതിയെ ഭിന്നഭാഷകളില്‍ മാറ്റി പ്രതിഷ്ഠിക്കാന്‍ കഴിയും. അതല്ലേ മഹാഭാരതം വിവര്‍ത്തനം ചെയ്ത് സമ്പന്നമാക്കുവാന്‍ ലോകഭാഷകള്‍ അഹമഹമികയാ മുന്നോട്ടു വന്നു കൊണ്ടിരിക്കുന്നതിന്റെ രഹസ്യം?
മഹാഭാരതത്തിന്റെ ഒരു പ്രത്യേക റഷ്യന്‍ പതിപ്പ് സോവിയറ്റ് യൂണിയനിലെ ഒരു ലക്ഷം ലൈബ്രറികള്‍ക്കു വിതരണം ചെയ്യുമെന്നു രണ്ടു കൊല്ലം മുമ്പ് മോസ്‌കോയില്‍ നിന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. നെഹ്റു അവാര്‍ഡ് ജേതാവായ നടാലിയ ഗുഡ്‌സേവ തയ്യാറാക്കിയതാണ് ആ റഷ്യന്‍ പതിപ്പ്. പണ്ഡിതന്മാരുടെ ഒരു സംഘം റഷ്യന്‍ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയ മഹാഭാരതം പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ അവിടെ പ്രസിദ്ധീകൃതമായിട്ടുണ്ട്. വീണ്ടും വീണ്ടും ഈ ഗ്രന്ഥത്തിന്റെ പുതിയ പതിപ്പുകള്‍ പ്രസിദ്ധപ്പെടുത്തി പ്രചരിപ്പിക്കുവാന്‍ സോവിയറ്റ് യൂണിയനും മറ്റും എന്തു കൊണ്ടു താല്‍പര്യപ്പെടുന്നു? ജനതയെ വിജ്ഞാന പ്രബുദ്ധരും വിവേകമതികളുമാക്കാന്‍ മറ്റെന്തിനേക്കാളും ഇതു പ്രയോജനപ്പെടുമെന്ന അവബോധം ആ രാജ്യങ്ങള്‍ക്കുണ്ട്. ഒരൊറ്റ ര്രന്ഥത്തിന്റെ പാരായണത്തിലൂടെ എല്ലാ വിഷയങ്ങളേയും കുറിച്ച് ജ്ഞാനം. സമ്പാദിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ മഹാഭാരതം വായിക്കുകയാണു വേണ്ടത് എന്നതിനെപ്പറ്റി തര്‍ക്കമില്ല. ധര്‍മ്മസ്ത്രം, നീതിശാസ്ത്രം, മനശ്ശാസ്ത്രം, വേദാന്തം, ദാമ്പത്യജീവിതം, രാജ്യഭരണതന്ത്രം, എന്നുവേണ്ട മനുഷ്യ ജീവിതത്തോടു ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. അടുക്കളക്കാര്യം മുതല്‍ അടര്‍ക്കളക്കാര്യം വരെ പരാമൃഷ്ടമായ വിജ്ഞാന കോശമെന്നു വടക്കുംകൂര്‍ മഹാഭാരതത്തെ വിശേഷിപ്പിക്കുന്നു. ഭാര്യ, ഭര്‍ത്താവ്, മകന്‍, മകള്‍, ഗൃഹസ്ഥന്‍, ഗുരുനാഥന്‍, ശിഷ്യന്‍, പിതാവ്, സഹോദരന്‍, സഹോദരി, സ്നേഹിതന്‍, യജമാനന്‍, ഭൃത്യന്‍, തൊഴിലാളി, മുതലാളി, രാജാവ്, മന്ത്രി, പ്രജ, ധനികന്‍, ദരിദ്രന്‍, യാചകന്‍, സൈന്യാധിപന്‍, ഭടന്‍, സാരഥി, അയല്‍വാസി, ജീവിതത്തിന്റെ ഏതു തട്ടില്‍ എങ്ങനെ കഴിയുന്നവര്‍ക്കും മാര്‍ഗ്ഗദര്‍ശനത്തിന് സദാപി ആശ്രയിക്കാവുന്ന ഉല്‍കൃഷ്ടമായ ഒരു പ്രമാണരേഖ ഇതുപോലെ വേറെ എന്തുണ്ട്? ചെറുതും വലുതുമായ ആയിരത്തിലേറെ ഉപാഖ്യാനങ്ങളും സ്വഭാവ സവിശേഷതകളില്‍ വ്യത്യസ്തരായ രണ്ടായിരത്തോളം കഥാപാത്രങ്ങളും അടങ്ങിയ ഈ മഹേതിഹാസത്തില്‍ എല്ലാത്തരം മനുഷ്യരുടേയും നാനാവിധമായ പരിതോവസ്ഥകളുടേയും സൂക്ഷ്മമായ പ്രതിബിംബങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ലോകത്തിലെ മറ്റെല്ലാ ഗ്രന്ഥങ്ങളും നഷ്ടപ്പെട്ടാലും മഹാഭാരതം മാത്രം അവശേഷിക്കുകയാണെങ്കില്‍ തനിക്കു നഷ്ടബോധമുണ്ടാവില്ലെന്ന മഹാകവി ഉള്ളൂരിന്റെ അഭിപ്രായം ഈ സന്ദര്‍ഭത്തില്‍ പ്രസക്തമായി തോന്നുന്നു.
മാറുന്ന കാലങ്ങളുടെ കണ്ണാടി
മാറിമാറി വരുന്ന കാലഘട്ടങ്ങള്‍ ഓരോന്നിന്റേയും പ്രതിച്ഛായകള്‍ ഒരു കണ്ണാടിയിലെന്ന പോലെ മഹാഭാരതത്തില്‍ പ്രതിഫലിക്കുന്നു. അതാണ് കാലത്തിന്റെ വെല്ലുവിളിയെ അതിജീവിക്കുവാന്‍ ഈ ഇതിഹാസം സമര്‍ത്ഥമായതിന്റെ ഹേതുവും. ആനുകാലിക സംഭവ വികാസങ്ങളും സഹ്രസാബ്ദങ്ങള്‍ക്കു മുമ്പ് വ്യാസന്‍ അനാവരണം ചെയ്യുന്ന ചിത്രങ്ങളുമായി അനിഷേധ്യമായ ആത്മബന്ധമുണ്ട്. വിവര്‍ത്തകനായ പ്രകാശത്തിന്റെ താഴെ ചേര്‍ക്കുന്ന ഈരടികള്‍ ആ വശത്തേക്കു വെളിച്ചം വീശുന്നു.
പുരാവൃത്തങ്ങള്‍ ഉല്‍ഗ്രഥിക്കുകയോ സമകാലിക സമൂഹത്തിന്റെ ദൃഷ്ടികള്‍ ഉണ്മയിലേക്കു തിരിക്കുകയോ മാത്രമായിരുന്നില്ല ഭാരതേതിഹാസ രചനയുടെ ലക്ഷ്യം. കാലത്തിന്റെ ത്രിമാനഭാവങ്ങളും ഭാവനാദൃഷ്ടിയില്‍ തെളിമയോടെ ദര്‍ശിച്ചതിനു ശേഷം, ഇതിഹാസമാസകലം പൂര്‍ണ്ണ രൂപത്തില്‍ ഒന്നും വിടാതെ മനസ്സില്‍ സങ്കലപിച്ചതിന് ശേഷം ധ്യാനനിഷ്ഠനായ വ്യാസന്‍ ബ്രഹ്മാവിനോട് ഉണര്‍ത്തിച്ചത് ഇപ്രകാരമായിരുന്നു പോലും: "അതിവിപുലമായ ഒരു കാവ്യം ഞാന്‍ കൊരുത്തൊരുക്കിയിട്ടുണ്ട്. വേദോപനിഷത്തുക്കളുടെ നിഗൂഢ രഹസ്യങ്ങളും ഭൂതവര്‍ത്തമാനഭാവിയുടെ ചരിത്രവും പുരാണങ്ങളുടെ സാരാംശവും നാലു യുഗങ്ങളുടെ വിവരണവും ശാസ്ത്രങ്ങളും നദികളുടേയും പര്‍വ്വതങ്ങളുടേയും വനങ്ങളുടേയും, നഗരങ്ങളുടേയും തീര്‍ത്ഥാടന സങ്കേതങ്ങളുടേയും വര്‍ണ്ണനകളും വിവിധ രാഷ്ട്രങ്ങളും ഭിന്ന ജീവിതരീതികളും അതില്‍ ഉള്‍ക്കൊള്ളുന്നു. വിവരമറിഞ്ഞ് സംപ്രീതനായ ബ്രഹ്മാവാണ് മുനി ചൊല്ലിക്കൊടുക്കുന്ന കാവ്യം എഴു തിയെടുക്കുവാന്‍ ഗണപതിയെ നിയോഗിച്ചതെന്നാണ് കഥ.
അങ്ങനെ വ്യാസന്റെ മൊഴികള്‍ക്കൊപ്പം ഗണേശന്റെ എഴുത്താണി ചലിച്ചതോടെ മഹാഭാരതം ജന്മം കൊണ്ടു. ഇതിഹാസ കാവ്യത്തിന്റെ മാത്രമല്ല, ഭാരതമെന്ന മഹാരാജ്യത്തിന്റെ ഉത്ഭവവും അതോടൊപ്പം സംഭവിച്ച പ്രതിഭാസമല്ല? ഭാരതേതിഹാസത്തിന്റെ അഭാവത്തില്‍ നമ്മുടെ രാജ്യത്തിന് അസ്തിത്വമുണ്ടോ? ഈ മഹാരാജ്യത്തിന്റെ തലങ്ങും വിലങ്ങും പല പ്രാവശ്യം ചുറ്റിത്തിരിഞ്ഞാലും ഭാരതത്തിന്റെ ഹൃദയത്തിലേക്കു കടന്നു ചെല്ലാന്‍ സാധിച്ചെന്നു വരില്ല. നേരേമറിച്ച് ഈ ഇതിഹാസത്തിന്റെ പഠനം അതിന്റെ പതിന്മടങ്ങ് രാജ്യവിജ്ഞാനം സ്വായത്തമാക്കാന്‍ നമ്മെ സഹായിക്കുന്നു.
വ്യാസേതിഹാസത്തിന്റെ പേരും നമ്മുടെ രാജ്യത്തിന്റെ പേരും ഒന്നായിത്തീര്‍ന്നത് കേവലം യാദ്യച്ഛികമായ ഒന്നല്ല. ഭരണഘടനയുടെ ഒന്നാമത്തെ അനുച്ഛേദം തന്നെ ഇന്ത്യയും ഭാരതവും പര്യായ നാമങ്ങളാണെന്നു സ്പഷ്ടമാക്കിയി ട്ടുണ്ട്. രാഷ്ട്രങ്ങള്‍ ആദ്യം രൂപപ്പെടുക ആശയ തലത്തിലാണ്. സാംസ്‌കാരികമായ അവബോധം മൂര്‍ത്തരൂപം പ്രാപി ക്കുവാന്‍ കുറെക്കാലം പിടിക്കും. ഊടും പാവുമിണങ്ങി ഭാരതസംസ്കാര സങ്കല്പം പുഷ്കലമായതിന് ശേഷം എത്രയോ നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴേ ഭാരതമെന്ന രാഷ്ട്രം പിറവിയെടുക്കുകയുണ്ടായുള്ളൂു.
മുന്‍ഗണന ഭാരതവര്‍ഷ സംസ്കാരത്തിനു തന്നെ. അതിന്റെ ശില്പി ആരെന്നതിനെപ്പറ്റി ഒട്ടും തര്‍ക്കത്തിനവകാശമില്ല. വ്യാസഭാവനയുടെ വിശാലവേദിയില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ ഒത്തൊരുമയോടെ കൈകോര്‍ത്തു പിടിച്ചു നില്‍ക്കുന്നു. സാംസ്കാരിക ഭാരതത്തെ സംബന്ധിച്ചിടത്തോളം ഗംഗയും കാവേരിയും തമ്മില്‍ ചേരാതെ ഒഴുകുന്ന നദികളല്ല. ഈ ഉപഭൂഖണ്ഡത്തിലെ എല്ലാ സാംസ്കാരിക പ്രവാഹങ്ങളേയും ഭാരതേതിഹാസം എന്ന ബൃഹന്നദിയില്‍ ലയിപ്പിച്ച് ഒന്നാക്കുവാന്‍ വ്യാസനു കഴിഞ്ഞു. ആശയതലത്തില്‍ പണ്ടേ നടപ്പാക്കപ്പെട്ട ഒരു ദസ്തൂര്‍പ്ലാന്‍! അല്ലെങ്കില്‍ ഭാരതമെന്ന സങ്കല്‍പത്തിനു പോലും സ്ഥാനമില്ലാതെ നമ്മുടെ രാജ്യം ഛിന്നഭിന്നമാകുമായിരുന്നു. രാഷ്ട്രീയമായ ശിഥിലീകരണ ശക്തികള്‍ എത്ര ആഞ്ഞടിച്ചാലും കടപുഴക്കി പിഴുതെറിയാന്‍ സാധിക്കാത്ത വണ്ണം അത്യധികം ദൃഢരൂഡമാണ് ആ സംസ്കാരത്തിന്റെ വേരുകള്‍. വ്യാസ സംസ്ഥാപിതമായ ആ വേരോട്ടത്തിനു പുരണ്ട മണ്ണിന്റെ വളക്കൂറ് ബലവും വീര്യവും പകരുന്നു.
മഹത്വം കൊണ്ടും ഭാരവത്വം കൊണ്ടും
ഭരതവംശജാതരായ കൗരവരുടേയും പാണ്ഡവരുടേയും ഇതിഹാസം എന്ന നിലയ്ക്കു മാത്രമല്ല, മഹത്വം കൊണ്ടും ഭാരവത്വം കൊണ്ടും കൂടി സിദ്ധിച്ചതാണ് മഹാഭാരതത്തിന് ആ നാമം. "മഹത്വാത് ഭാരവത്വാത് ച മഹാഭാരതമുച്യതേ", എന്നു തല്‍ക്കര്‍ത്താവു തന്നെ ഉല്‍ഘോഷിക്കുന്നു. ഭാരവത്വ ശബ്ദം ഗ്രന്ഥത്തില്‍ അടങ്ങിയ ശ്ലോകങ്ങളുടെ പെരുപ്പത്തെയല്ല, അവയുടെ ഘനഗാംഭീര്യത്തെയാണ് സൂചിപ്പിക്കുന്നതെന്നു കൂടി മറക്കാതിരിക്കുക.
മഹാഭാരതസംഗ്രഹം പുനരാഖ്യാനം ചെയ്ത സി. രാജഗോപാലാചാരിയുടെ അഭിപ്രായത്തില്‍ ലോകത്തിലെ ഏറ്റവും സംഖ്യാബഹുലമായ ജനതകളിലൊന്നിന്റെ സ്വഭാവത്തേയും സംസ്‌കാരത്തേയും മെനഞ്ഞെടുക്കുവാന്‍ ഈ വ്യാസ വാങ്മയത്തിനു സാധിച്ചു. മുമ്പെന്ന പോലെ ഇന്നും ആ ദൗത്യം ഇതു നിറവേറ്റുന്നുണ്ട്. സങ്കീര്‍ണ്ണമായ നാനാചലനങ്ങളുടെ മദ്ധ്യത്തിലും ഒരു സുവര്‍ണ്ണ തന്തു പോലെ ധര്‍മ്മത്തിന്റെ സുവിശേഷം മഹാഭാരത ഗാത്രത്തില്‍ മിന്നിത്തിളങ്ങുന്നു. വിദ്വേഷം വിദ്വേഷത്തെ വളര്‍ത്തുമെന്നും ലോഭവും അക്രമവും അവസാനം വിനാശത്തിലേക്കു നയിക്കുമെന്നും സ്വന്തം അധമവികാരങ്ങളെ കീഴടക്കുന്നതാണ് യഥാര്‍ത്ഥമായ ജയമെന്നും മറ്റുമായ പാഠങ്ങളാണ് ആ ധര്‍മ്മ സുവിശേഷത്തിന്റെ കാതല്‍. മനുഷ്യജീവിത വൈപുല്യത്തേയും വൈവിധ്യതയേയും ഇത്രയേറെ വിവേകത്തികവോടെ മറ്റൊരു ഗ്രന്ഥവും വിശകലനം ചെയ്തിട്ടില്ല. മനുഷൃഹൃദയ ജ്ഞാനത്തിലും ജീവിതാപ്രഗഥന നൈപുണ്യത്തിലും കഷ്ടിച്ച് ഷേക്സ്പിയര്‍ മാത്രമേ വ്യാസന്റെ സമീപം ചെല്ലുന്നുള്ളു - കുലപതി കെ.എം. മുന്‍ഷി പറയുന്നു.
പാണ്ഡവരും കൌരവരും കുന്തിയും ഗാന്ധാരിയും പാഞ്ചാലിയും ശ്രീകൃഷ്ണനും ഭീഷ്മരും മറ്റും ഇന്ത്യാക്കാരായ നമുക്ക് ഒരു ഗ്രന്ഥത്തിന്റെ നാലുകെട്ടിന് അകത്തു വിഹരിക്കുന്ന കലപനാസൃഷ്ടികളല്ല. അവര്‍ക്കെല്ലാം ചോരയും നീരും ചൈതന്യവും വ്യക്തിത്വവുമുണ്ട്. അനുദിന ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന പലരേക്കാളും സുപരിചിതരല്ലേ നമുക്ക് ധര്‍മ്മപുത്രരും ഭീമനും അര്‍ജ്ജുനനും കര്‍ണ്ണനും ദുര്യോധനനും? ജീവിക്കുന്ന വ്യക്തികളെപ്പോലെ എന്നും അവര്‍ നമ്മുടെ സമൂഹമദ്ധ്യത്തില്‍ ചുറ്റിത്തിരിയുന്നു. കവിയുടെയോ കാവ്യത്തിന്റെയോ, പേരിന്റെ അനുബന്ധം പോലെ അനുസ്മരിക്കപ്പെടുന്നവരല്ലേ മറ്റു കൃതികളിലെ കഥാപാത്രങ്ങള്‍?
തന്റെ ചിന്താസന്താനങ്ങള്‍ക്കു തന്നില്‍ നിന്ന് അന്യവും നൂറു ശതമാനം തനതുമായ വ്യക്തിത്വഭാവം സമ്മാനിക്കുവാന്‍ വ്യാസനു കഴിഞ്ഞിട്ടുണ്ട്. അയാള്‍ ധര്‍മ്മപുത്രനാണ്. അഹോ, നീയൊരു ഭീമന്‍! ഇത്തരം ശകുനിമാര്‍ ഇന്നുമുണ്ടോ? അവന്‍ ദുശ്ശാസനന്‍ തന്നെ. നിതൃജീവിത സംഭാഷണങ്ങളില്‍ കടന്നു കൂടുന്ന പ്രയോഗങ്ങളാണിവ. ശ്രീകൃഷ്ണനേയും അര്‍ജ്ജുനനേയും മറ്റും പരാമര്‍ശിക്കുന്നിടത്ത് വ്യാസനാമം കൂട്ടിക്കൊളുത്താറില്ല. അതിന്റെ ആവശ്യം അനുഭവപ്പെടു ന്നില്ല. കര്‍ത്താവിനെ വിസ്മൃതനാക്കത്തക്ക വിധം കഥാപാത്രങ്ങള്‍ക്കു തലയെടുപ്പ് കൈവന്നിട്ടുണ്ടെങ്കില്‍ അതിലേറെ അഭിമാനകരമായി തല്‍ക്കര്‍ത്താവിനു മറ്റെന്തുണ്ട്?
ശ്രീകൃഷ്ണനെപ്പോലെ ഊര്‍ജ്ജസ്വലതയും നിറപ്പകിട്ടും ഓളം വെട്ടുന്ന ഒരു കഥാപാത്രം ലോകസാഹിത്യത്തിൽ എങ്ങുമില്ല എന്നതാണു വാസ്തവം. ഭാഗവതത്തിലും മഹാഭാരതത്തിലും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളോടെ ഈ ഇതിഹാസപുരുഷന്‍ പ്രത്യക്ഷപ്പെടുന്നു. രാസക്രീഡയില്‍ തല്‍പരനും ഗോപികമാരുടെ വസ്ത്രാപഹരണത്തില്‍ വിരുതു കാട്ടുന്നവനുമാകുന്നു ഭാഗവതത്തിലെ ശ്രീകൃഷ്ണന്‍. മഹാഭാരതത്തില്‍ രംഗ്രപവേശം ചെയ്യുന്നതാകട്ടെ, പ്രതിസന്ധി ഘട്ടങ്ങളില്‍ ചഞ്ചലചിത്തനാകാതെ സദാപി സ്വപ്രത്യസ്ഥൈര്യത്തോടെ വര്‍ത്തിക്കുന്ന പരിണതപ്രജ്ഞനും. ദീര്‍ഘദര്‍ശിയും പ്രപഞ്ചരഹസ്യ ജ്ഞാനത്തിന്റെ പ്രതീകവുമാണ് മഹാഭാരതത്തിലെ ശ്രീകൃഷ്ണന്‍. രണ്ടു കൃതികളുടെ ശൈലിയിലും സാരമായ വ്യത്യാസമുണ്ട്. ദൃഢവും ശക്തവും പൗരുഷം വഴിഞ്ഞൊഴുകുന്നതുമായ ഒരു ഉജ്ജല ശൈലിയാണ് മഹാഭാരതത്തിലേതെന്ന് അരവിന്ദഘോഷ് ചൂണ്ടിക്കാട്ടുന്നു.
ശ്രീകൃഷ്ണന്റെ ധൈഷണികവും ധാര്‍മ്മികവുമായ ഔന്നത്യം അതിന്റെ അത്യുച്ചകോടിയെ പ്രാപിക്കുന്ന ബിന്ദുവാണ് ഭഗവദ് ഗീത. ലോകപ്രസിദ്ധമായ ഈ ദര്‍ശന സംഹിത വ്യാസേന ഗ്രഥിതമായി മഹാഭാരത മദ്ധ്യത്തില്‍ സ്ഥാനം പിടിച്ച് ഒളിവീശിക്കൊണ്ടിരിക്കുന്ന രത്നമാണെന്ന വസ്തുത അതിന്റെ സ്വയം പൂര്‍ണ്ണത നിമിത്തം പലരും ഓര്‍ക്കാറില്ല. വേദങ്ങളും ഉപനിഷത്തുകളും പിഴിഞ്ഞെടുത്ത പീയൂഷം, അവയുടെയെല്ലാം സാരസര്‍വ്വസ്വം ഒരു കുപ്പിയിലെന്ന പോലെ ഇതില്‍ അടക്കി വെച്ചിരിക്കുന്നു. ആശ്രയിക്കുന്നവര്‍ക്കെല്ലാം ജീവനദായിനിയും പ്രേമമയിയും ഹിതകാരിണിയുമായ ഒരു മാതാവിന് തുല്യം ഗീതയെ ഗണിക്കണമെന്ന് മഹാത്മാഗാന്ധി ഉപദേശിക്കാറുണ്ടായിരുന്നു. എല്ലാത്തരം വിശ്വാസികള്‍ക്കും മനോവീര്യം പകരുന്നതും കര്‍മ്മനിരതമായ ജീവിതത്തിന്റെ വഴിത്താര തുറന്നു കാട്ടുന്നതുമാണ് ഗീതയിലെ തത്വശാസ്ത്രം. മനോരോഗ ചികിത്സയെപ്പറ്റി കാലിഫോര്‍ണിയയിലെ ഒരു സംഘം ഡോക്ടര്‍മാര്‍ അടുത്ത കാലത്ത് ആധികാരികമായ ഒരു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പുറംചട്ടയില്‍ കൊടുക്കുവാന്‍ സുദീര്‍ഘമായ ചര്‍ച്ചയ്ക്കു ശേഷം അവര്‍ തെരഞ്ഞെടുത്തത് അര്‍ജ്ജുനന്‍ ഭഗവാന്‍ ഗീത ഉപദേശിക്കുന്ന ചിത്രമത്രേ! മനഃശാസ്ത്രപരമായ വിദഗ്ദ്ധ ചികിത്സയാണ് ഗീതാ പ്രവചനത്തിലൂടെ പാര്‍ത്ഥസാരഥി നടത്തിയതെന്ന് ആ അമേരിക്കന്‍ ഭിഷക്കുകള്‍ വിശ്വസിക്കുന്നു.
ഗീത മാത്രമല്ല, ഏകദേശം സമാനമായ തോതില്‍ പ്രഭ തൂകുന്ന വേറെ നാലു രത്നങ്ങള്‍ കൂടി മഹാഭാരത ഗാത്രത്തില്‍ ഖചിതമായിട്ടുണ്ട്. അനുഗീത, വിദുരവാക്യം, സനല്‍സുജാതീയം, വിഷ്ണുസഹസ്രനാമം എന്നിവയും അമൂല്യമായ തത്വോപദേശ സൂക്തങ്ങള്‍ തന്നെ. പഞ്ചമഹാരത്നങ്ങളെന്നു പൊതുവേ ഇവയെ കീര്‍ത്തിക്കാറുണ്ട്.
ഗീത ഏച്ചുകൂട്ടിയതോ?
ഭഗവദ്ഗീത ആദൃദശയില്‍ ഭാരതത്തിന്റെ ഭാഗമായിരുന്നില്ലെന്നും ബുദ്ധന്റെ കാലശേഷം ആരോ ഏച്ചുകൂട്ടിയതാണെന്നും പാശ്ചാതൃ ഗവേഷകന്മാര്‍ ആരോപിക്കുന്നു. ഈ വാദത്തിന്റെ അടിസ്ഥാനം സ്പഷ്ടമല്ല. മഹാഭാരതം കമ്പോടുകമ്പ് പാരായണം ചെയ്ത സഹൃദയന്മാര്‍ ആ കണ്ടെത്തലിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുകയേയുള്ളൂ. ഭഗവദ് ഗീതയിലെ അരുളുകള്‍ പലതും പാഠഭേദത്തോടെ ഭാരതത്തിന്റെ മറ്റു ചില ഭാഗങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ബൌദ്ധകാലഘട്ടത്തിനു ശേഷമാണ് ഭഗവദ്ഗീത രൂപം പൂണ്ടതെങ്കില്‍ തഥാഗതന്റെ സിദ്ധാന്തങ്ങളെ പരാമർശിക്കുകയോ ഖണ്ഡിക്കുകയോ ചെയ്യുമായിരുന്നു. അങ്ങനെ സംശയിക്കാവുന്ന യാതൊന്നും ഗീതയിലില്ല. ചിന്തനീയമായ മറ്റൊരു പ്രശ്നം കൂടി: ഭാരതത്തിലേയും ഗീതയിലേയും ശൈലികള്‍ തമ്മില്‍ വൈസാദൃശ്യമുണ്ടോ? പാശ്ചാത്യര്‍ ഇതിനെപ്പറ്റി മൗനം ഭജിക്കുന്നു. രണ്ടിലേയും രചനാരീതികള്‍ തമ്മില്‍ പൂര്‍ണ്ണവും അനിഷേധ്യവുമായ ഐകരൂപ്യമുണ്ട്. ഭഗവദ്ഗീത കൃത്രിമസൃഷ്ടിയാണെന്ന പക്ഷം അതിനു മു൯പും പിന്‍പും ഭാരതത്തില്‍ പ്രതിപാദിതമായ പലതും അര്‍ത്ഥശൂന്യമാണെന്നു കൂടി ശഠിക്കേണ്ടി വരും.
ഗീതയുടെ കഥാത്മകമായ ആഖ്യാനവും വിസ്തൃതമായ വ്യാഖ്യാനവുമാണ് വാസ്തവത്തില്‍ മഹാഭാരതം. ഗീതാ സന്ദേശവും അതിന്റെ സാരവും നാടകീയമായ വിശദാംശങ്ങളോടെ കളര്‍ ടെലിവിഷനിലെന്ന പോലെ കാണാനും ആസ്വദിക്കാനും മഹാഭാരതമാസകലം ഉരുക്കഴിക്കുന്നവര്‍ക്കു കഴിയും. മറ്റാര്‍ക്കും അതു സാധ്യമല്ല താനും. യുദ്ധാരംഭത്തില്‍ അര്‍ജ്ജുനനെപ്പോലുള്ള വിശേഷജ്ഞന്മാര്‍ക്കു മാത്രം മനസ്സിലാകത്തക്കവണ്ണം സംക്ഷേപിച്ചു ദൈവസത്തുക്കള്‍ തന്നെയാണ് അജ്ഞന്മാര്‍ക്കു പോലും ഗ്രഹിക്കത്തക്കവണ്ണം ശാന്തിപര്‍വ്വത്തിലെ 10725 ശ്ലോകങ്ങളില്‍ പ്രസ്തരിച്ചിരിക്കുന്നതെന്നു കുട്ടിക്കൃഷ്ണമാരാര്‍ ഊന്നി പ്രസ്താവിക്കുന്നു.
ഗീതാശ്ലോകങ്ങളോടു കിടപിടിക്കുന്ന താത്വികവും ധാര്‍മ്മികവുമായ ഉല്‍ബോധനങ്ങള്‍ മഹാഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉണ്ടോ? ഇല്ല എന്ന അബദ്ധ ധാരണയാണ് ഭഗവദ്ഗീത പില്‍ക്കാലത്ത് ആരോ ഏച്ചുകൂട്ടിയതാണെന്ന അപവാദത്തിന്റെ ഉറവിടമെന്നു തോന്നുന്നു. വ്യാസപ്രതിഭയുടെ വെന്നിക്കൊടികളെന്നു വാഴ്ത്തപ്പെടേണ്ട തത്വസൂക്തങ്ങള്‍ പലതും ഭഗവദ്ഗീതയുടെ ഭാഗമല്ല. മഹാഭാരത കര്‍ത്താവിനെ സാഷ്ടാംഗം നമസ്കരിക്കുവാന്‍ എന്റെ മനസ്സിനെ കുതിപ്പിച്ച ശ്ലോകം ഈ പ്രകരണത്തില്‍ ഉദാഹരിക്കുന്നത് അനുചിതമാവില്ലെന്നു വിശ്വസിക്കട്ടെ
അഹനൃഹനി ഭൂതാനി പ്രവിശന്തി യമാലയം, ശേഷാ സ്ഥിരത്ചമിച്ഛന്തി കിമാശ്ചര്യമിതഃ പരം?
( ഈ ലോകത്തിലെ ആയിരമായിരം ജീവികള്‍ ദിവസേന മൃത്യുവിന്റെ വക്ത്രത്തില്‍ അകപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ കാഴ്ച എത്രയ്രെത കണ്ടിട്ടും മരണത്തിന്റെ സാര്‍വ്വജനീനതയെപ്പറ്റി ബോധമില്ലാതെ ബാക്കിയുള്ളവരാകട്ടെ ശാശ്വതജീവിതം കൊതിക്കുകയും ചെയ്യുന്നു. ഇതിനേക്കാള്‍ വലിയ ആശ്ചര്യം മറ്റെന്തുണ്ട്? )
പാണ്ഡവരുടെ വനവാസകാലത്തിന്റെ അന്ത്യഘട്ടത്തില്‍ യമധര്‍മ്മന്‍ യക്ഷരൂപം ധരിച്ച് അവരെ പരീക്ഷിക്കുന്നതാണ് രംഗം. ധര്‍മ്മപുത്രരോട് യക്ഷന്‍ മര്‍മ്മസ്പര്‍ശിയായ അനവധി ചോദ്യങ്ങള്‍ തൊടുത്തു വിടുന്നു. ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണെന്ന അവസാനത്തെ ചോദ്യമായിരുന്നു പരമപ്രധാനം. ഒരു നിമിഷം പോലും മടിച്ചു നില്ക്കാതെ ധര്‍മ്മപുത്രര്‍ നല്‍കിയ മറുപടിയാണ് പ്രസ്തുത ശ്ലോകം. ഇത്രത്തോളം ഉള്‍ക്കാഴ്ചയും ഉണ്മയും സ്ഫുരിക്കുന്ന ഒരാശയം മറ്റേതെങ്കിലും തൂലിക വിശ്വസാഹിത്യ വേദിയില്‍ കൊളുത്തി വെച്ചിട്ടുണ്ടോ?
ഭഗവദ്ഗീതയെപ്പോലെ ലോക്രശദ്ധയെ ആകര്‍ഷിച്ചിട്ടില്ലെങ്കിലും വിദുരവാക്യവും അനുഗീതയും അറിവിന്റെ കെടാ വിളക്കുകളായി ശോഭിക്കുന്നു. കാലഗതി വരുത്തിയ മാറ്റങ്ങള്‍ക്ക് അവയുടെ ദീപ്തിപൂരം കുറയ്ക്കുവാനോ കെടുത്തുവാനോ കഴിഞ്ഞിട്ടില്ല. ലോകജീവിതം വിജയകരമായി തരണം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ ഏതു കാലത്തും വിദുരോപദേശങ്ങളെ ആദരിക്കുകയും ഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കുകയും ചെയ്യും. അധ്യാത്മ ശാസ്ത്രത്തിലേക്കു വെളിച്ചം തൂകുന്നതാണ് അനുഗീത. ഭഗവദ്ഗീതയിലെന്ന പോലെ ഇതിലും പ്രധാനവക്താവും ശ്രോതാവും കൃഷ്ണാര്‍ജ്ജുനന്മാര്‍ തന്നെ. ഭഗവദ്ഗീതയില്‍ ചുരുക്കിയും ഒതുക്കിയും ഉപദേശിക്കുന്ന തത്വങ്ങള്‍ അനുഗീതയില്‍ സവിസ്തരം പ്രതിപാദിച്ചിരിക്കയാണെന്ന വൃത്യാസമേയുള്ളു. ഭഗവദ്ഗീതയില്‍ ആകെ പതിനെട്ട് അദ്ധ്യായങ്ങള്‍. അതിന്റെ ഇരട്ടി അദ്ധ്യായങ്ങള്‍ അനുഗീതയിലുണ്ട്. പ്രൗഢിയിലും ഗാംഭീര്യത്തിലും ഭഗവദ്ഗീതയ്ക്കാണ് മികവ്. പക്ഷേ, സാരാംശത്തില്‍ രണ്ടും സമശീര്‍ഷങ്ങളാകുന്നു. അനുഗീത ഭഗവദ്ഗീതയുടെ കമ്മട്ടത്തില്‍ വാര്‍ത്തെടുത്ത ശില്പമാണെന്ന് സൂക്ഷ്മദൃഷ്ടികള്‍ക്കു കാണാന്‍ കഴിയും. വേദാന്ത വിജ്ഞാനത്തിന്റെ ഇരുളടഞ്ഞ മൂലകളിലേക്കു രണ്ടും ഒരു പോലെ പ്രകാശ രശ്മികള്‍ ചൊരിയുന്നു. സാമാനൃ ബുദ്ധികള്‍ക്കു കൂടി പ്രയാസം കൂടാതെ പിന്തുടരാന്‍ കഴിയുമെന്ന മെച്ചം അനുഗീതയ്ക്കുണ്ട്.
യതോ ധര്‍മ്മസ്തതോ ജയഃ
ധര്‍മ്മാനുഷ്ഠാനത്തിന്റെയും തല്‍ഫലമായ വിജയത്തിന്റെയും സന്ദേശം മഹാഭാരതത്തില്‍ ഉടനീളം പരമപ്രധാനമായ മുദ്രാവാകൃം പോലെ മാറ്റൊലി കൊള്ളുന്നു. ധര്‍മ്മം സംരക്ഷിക്കുവാന്‍ ഉത്സുകരായവര്‍ സ്വരക്ഷയേയോ സ്വന്തം താല്പര്യങ്ങളേയോ പറ്റി വേവലാതിപ്പെടേണ്ടതില്ല. അവരുടെ സംരക്ഷണത്തിനു പാത്രമായ ധര്‍മ്മം തന്നെ അവരെ രക്ഷിക്കുന്ന ചുമതല നിറവേറ്റും. ഇതാണ് മഹാഭാരതത്തില്‍ മുഖ്യകഥയിലൂടെയും പരശ്ശതം ഉപാഖ്യാനങ്ങളിലൂടെയും സിമന്റിട്ടുറപ്പിക്കുന്ന മഹാതത്വം. ഭാരതേതിഹാസം മുഴുക്കെ മനസ്സിരുത്തി വായിക്കുന്ന സഹൃദയന്മാര്‍ക്ക് ധര്‍മ്മനിഷ്ഠയും ജീവിതജയവും തമ്മിലുള്ള അഭേദ്യമായ ബന്ധം ബോദ്ധ്യപ്പെടാതിരിക്കില്ല.
ജയം എന്ന മഹാഭാരതത്തിന്റെ അപരനാമം പ്രസിദ്ധമാണ്. ശ്രോതാക്കള്‍ക്കു ജയത്തെ പ്രദാനം ചെയ്യുന്നതു കൊണ്ട് ആ പേര്‍ നല്കിയതാണെന്ന് ചില പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നു. അതെന്തായാലും ജയത്തിനും മഹാഭാരതത്തിനും തമ്മില്‍ അവിഭാജ്യമായ ഏകീഭാവമുണ്ട്. പരല്‍പേരു പ്രകാരം പതിനെട്ടാകുന്നു ജയത്തിന്റെ സംഖ്യ. മഹാഭാരതത്തില്‍ പതിനെട്ടു പര്‍വ്വങ്ങളുണ്ട്, ഭഗവദ്ഗീതയില്‍ പതിനെട്ട് അദ്ധ്യായങ്ങളും. പതിനെട്ടു ദിവസം മഹാഭാരതയുദ്ധം നീണ്ടു നിന്നു. ആ യുദ്ധത്തില്‍ പങ്കാളിത്തം വഹിച്ച അക്ഷഹിണികളുടെ എണ്ണവും പതിനെട്ടു തന്നെ. ധര്‍മ്മജയവും ഒപ്പം അധര്‍മ്മത്തിന്റെ പരാജയവും ദ്യോതിപ്പിക്കാനാണ് അപ്രകാരം നാമകരണം ചെയ്തതെന്നു കരുതുന്നതല്ലേ കൂടുതല്‍ സമീചീനം.
ധര്‍മ്മ ഏവ ഹതോ ഹന്തി ധര്‍മ്മോ രക്ഷതി രക്ഷിതഃ
ആ പാഠം സ്ഥാപിച്ചുറപ്പിക്കുകയാണ് ഈ മഹേതിഹാസത്തിന്റെ ലക്ഷ്യമെന്നു പല സന്ദര്‍ഭങ്ങളിലും അര്‍ത്ഥ ശങ്കയ്ക്കിടമിടാതെ വ്യാസന്‍ വ്യക്തമാക്കിയിട്ടുണ്ട്. മരണസമയത്ത് മനുഷ്യനോടൊപ്പം പരലോകത്തേക്ക് എന്താണ് അനുഗമിക്കുകയെന്ന് വനസരസ്സിന്റെ കരയില്‍ വെച്ച് യക്ഷരൂപിയായ യമധർമ്മൻ യുധിഷ്ഠിരനോടു ചോദിച്ചു. ധര്‍മ്മം എന്ന രണ്ടക്ഷരങ്ങളായിരുന്നു അതിനു ലഭിച്ച ഖണ്ഡിതമായ മറുപടി. ധര്‍മ്മപുത്രനെ ധര്‍മ്മത്തിന്റെ മുര്‍ത്തീകരണമായ മഹാവൃക്ഷമായും അര്‍ജ്ജുനനെ അതിന്റെ സ്കന്ധമായും ഭീമസേനനെ ശാഖയായും നകുലസഹദേവന്മാരെ ഫലപുഷ്പ ങ്ങളായും അദ്ധ്യാരോപം ചെയ്തിരിക്കയാണ് ഇതിഹാസകാരന്‍; ആ വന്‍ ദ്രുമത്തിന്റെ വേര് ശ്രീകൃഷ്ണപരമാത്മാവാണെന്നും, അര്‍ത്ഥകാമങ്ങള്‍ സാക്ഷാത്കരിച്ച് ലോകജീവിതം ധന്യമാക്കുവാന്‍ പോലും ധര്‍മ്മം ആചരിച്ചേ മതിയാവു എന്നതാണ് മഹാഭാരതത്തിന്റെ സന്ദേശം. എന്നിട്ടും ധാര്‍മ്മിക മനസ്സാക്ഷിയുടെ നിമന്ത്രണങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോവുന്നതിനെപ്പറ്റി വ്യാസന്‍ വിഷാദാകുലനാണെന്നു കൂടി ഒരു ശ്ലോകത്തില്‍ സൂചിപ്പിക്കുന്നു. ചുവടെ ചേര്‍ക്കുന്നതാണ് വിഖ്യാതമായ ആ വരികള്‍.
ഊര്‍ദ്ധ്വ ബാഹൂര്‍ വിരൗമ്യേഷ ന ച കശ്ചിത് ശൃണോതി മേ ധര്‍മ്മാദര്‍ത്ഥശ്ച കാമശ്ച സ ധര്‍മ്മ കിം ന സേവ്യതേ.
കുട്ടിക്കൃഷ്ണമാരാര്‍ ചൂണ്ടിക്കാട്ടിയതു പോലെ ആരെഴുതി, എന്തിനെഴുതി, എങ്ങനെയെഴുതി എന്നതല്ല എന്തെഴുതിയെന്നും അന്തര്‍ഹിതമായ വിജ്ഞാന സമ്പത്ത് എത്രയുണ്ടെന്നുമാണ് പ്രാചീന്രഗന്ഥങ്ങളെ സംബന്ധിച്ചു പരിശോധിക്കേണ്ടതും അറിയേണ്ടതും. കര്‍ത്തൃത്വവും കാലവും വെളിപ്പെടുത്താന്‍ മഹാഭാരതകാരന്‍ വിട്ടു പോവുകയോ പ്രാക്തനരായ മറ്റു ചില കവികളെപ്പോലെ വൈമനസ്യം ഭാവിക്കുകയോ ചെയ്തിട്ടില്ല. എങ്കിലും ആ വശങ്ങളിലേക്കു ഒളിഞ്ഞും പതുങ്ങിയും കണ്ണോടിക്കാനും വരികള്‍ക്കിടയിലൂടെ ചുഴിഞ്ഞിറങ്ങാനുമാണ് ആധുനികരായ ഗവേഷകരുടെ വ്യഗ്രത. വ്യര്‍ത്ഥ വ്യായാമമല്ലേ ഇത്? മഹാഭാരതത്തിന്റെ കര്‍ത്താവ് അജ്ഞാതനാണെന്ന അസന്ദിഗ്ദ്ധ നിഗമനത്തിൽ എത്തിയിരിക്കയാണ് പാശ്ചാത്യ ലോകം. വിവിധ കാലങ്ങളില്‍ നിരവധി പ്രതിഭകള്‍ ഒറ്റയ്ക്കും കൂട്ടായും ഏര്‍പ്പെട്ട സാഹതീ സപര്യയുടെ സന്താനമാണ് ഈ ഇതിഹാസമെന്നു പടിഞ്ഞാറന്‍ ഗവേഷകരും അവരുടെ ചുവടു പിടിച്ചു ചിന്തിക്കാന്‍ ശീലിച്ച കിഴക്കന്‍ വിജ്ഞാനികളും ശഠിക്കുന്നു.
പതിനെട്ടു വാള്യങ്ങളായി ഡൈജസ്റ്റ് ഓഫ് വേള്‍ഡ് ലിറ്ററേച്ചര്‍ പ്രസിദ്ധപ്പെടുത്തിയ അമേരിക്കന്‍ പ്രസാധകന്മാര്‍ കര്‍ത്തൃത്വം അജ്ഞാതമായ കൃതിയായേ മഹാഭാരതത്തെ കാണുന്നുള്ളൂ. രണ്ടോ മുന്നോ ഇന്‍ഡ്യന്‍ ഗ്രന്ഥങ്ങളുടെ സംക്ഷേപം മാത്രം ഈ ലോകസാഹിത്യ സംഗ്രഹത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വ്യാസന്‍ എന്നതിനെ ഒരു വ്യക്തിനാമമായി കണക്കാക്കാന്‍ അവര്‍ തയ്യാറില്ല. മഹാഭാരത കര്‍ത്താവിന്റെ പൂര്‍ണ്ണമായ സംജ്ഞ കൃഷ്ണദ്വൈപായന വ്യാസന്‍ എന്നാണെന്നു പോലും അവര്‍ക്കു ഗ്രാഹ്യമുണ്ടോ എന്നു സംശയമാണ്. ഉണ്ടെങ്കില്‍, വ്യാസന്‍ എന്നു മാത്രം കാണിച്ച് അതൊരു സാമാന്യ നാമമാണെന്നു സിദ്ധാന്തിക്കുവാന്‍ ന്യായമില്ല.
വ്യാസന്‍ വ്യക്തിനാമമായാലും എഡിറ്റര്‍ എന്ന ഇംഗ്ലീഷ് പദത്തിനു തത്സമമായാലും അനേകരുടെ സൃഷ്ടി വിശേഷമാണ് മഹാഭാരതമെന്ന വാദം വിലപ്പോകുമോ? ഗദ്യ പരിഭാഷകനായ പ്രകാശം മാസ്റ്റരോട് പലപ്പോഴും ഞാന്‍ ഇതിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്. പൂര്‍വ്വസൂരികള്‍ പലരും മഹാഭാരത ഗാത്രത്തില്‍ കൈ വെച്ചിട്ടുണ്ടെന്നോ, ഈ ഇതിഹാസത്തെ പെരുപ്പിക്കാനും കൊഴുപ്പിക്കാനും പാടു പെട്ടിട്ടുണ്ടെന്നോ പ്രക്ഷിപ്ത ഭാഗങ്ങള്‍ ധാരാളമുണ്ടെന്നോ അദ്ദേഹം വിശ്വസിച്ചില്ല. ഒരേ രചനാ രീതിയും ശൈലിയും ശില്പചാതുരിയുമാണ് ഗ്രന്ഥത്തില്‍ സര്‍വ്വത്ര തനിക്ക് അനുഭവപ്പെട്ടതെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. വടക്കുംകൂര്‍ മുതലായ പണ്ഡിതന്മാരുടെ അഭിപ്രായവും വ്യത്യസ്തമല്ല. ഭാരതം ഒരു തവണയെങ്കിലും വായിച്ച ചിന്താശീലനായ ഒരു പണ്ഡിതനും നവീനരായ ഗവേഷകര്‍ അതിനെപ്പറ്റി ഉന്നയിച്ചു വരുന്ന സിദ്ധാന്തങ്ങളോടു യോജിക്കുകയില്ലെന്നു വരെ ഉത്തരഭാരതത്തിന്റെ അവതാരികയില്‍ അദ്ദേഹം തറപ്പിച്ചു പറയുന്നു.
ഒറ്റയ്ക്കു സാധിക്കുമോ?
ഒരേയൊരു വൃക്തിക്ക് തപോധനനായ ഋഷിവര്യനായാലും മഹാഭാരതം പോലെ സാഗരവിപുലമായ ഒരു മഹാഗ്രന്ഥം സ്വയം രചിക്കുവാന്‍ സാധിക്കുമോ? സാദ്ധ്യമാവില്ലെന്ന സങ്കല്പവും തല്‍ഫലമായ ആശ്ചര്യവുമാണ് നവീന ഗവേഷ കരെ വഴിപിഴപ്പിച്ചതെന്നു തോന്നുന്നുണ്ട്. ത്രിവത്സര സാധനയിലൂടെ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മഹാഭാരതം മുഴുവന്‍ വൃത്താനുവൃത്തം വിവര്‍ത്തനം ചെയ്തതോടെ ആ അത്ഭുതത്തിന്റെ സോപ്പു കുമിള പൊട്ടി. സങ്കുചിത ബുദ്ധിയും അല്പത്വവുമാണ് ഇത്തരം നേട്ടങ്ങളെ അത്ഭുത കൃത്യങ്ങളായി നമ്മുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കുവാന്‍ പ്രേരകമാവുന്നതെന്ന് ഗദ്യപരിഭാഷകനായ പ്രകാശവും ദൃഷ്ടാന്തീകരിച്ചു കാട്ടുന്നു. തമ്പുരാന്റേയും പ്രകാശത്തിന്റേയും വിവര്‍ത്തനങ്ങള്‍ അവരുടെ പേരിലാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതെങ്കിലും കൂട്ടുകൃഷിയുടെ ഉല്പന്നങ്ങളാണ് അവയെന്ന് ഏതാനും ദശാബ്ദങ്ങള്‍ക്കു ശേഷം ഗവേഷകന്മാര്‍ കണ്ടു പിടിക്കുകയാണെങ്കില്‍ അതെത്ര അടിസ്ഥാന ശൂന്യവും പരിഹാസ്യവുമായിരിക്കും? ഇതുപോലെ തന്നെയല്ലേ വ്യാസന്റെ സൃഷ്ടിവൈഭവത്തെപ്പറ്റി അത്ഭുതം കൂറുന്നതും അതിനെ ആസ്പദമാക്കി വിചിത്രമായ നിഗമനങ്ങളിലേക്കെടുത്തു ചാടുന്നതും? ഭാരതരചനയില്‍ മറ്റേതു കവികളാണ് പങ്കു ചേര്‍ന്നി ട്ടുള്ളതെന്നോ പരകീയഹസ്തങ്ങള്‍ ഏതേതു ഭാഗങ്ങളാണ് എഴുതി പിടിപ്പിച്ചതെന്നോ സ്ഥാപിക്കുവാന്‍ ഗവേഷകന്മാര്‍ ഒരുമ്പെട്ടു കാണുന്നുമില്ല.
മഹാഭാരതകഥയുടെ കാലം ഗ്രന്ഥത്തിലെ ജ്യോതിശ്ശാസ്ത്ര പരമായ സൂചനകളില്‍ നിന്നു സ്പഷ്ടമാവുന്നുണ്ട്. ഓരോ പ്രധാന സംഭവവും നടന്ന ദിവസത്തെ ശ്രഹസ്ഥിതിയും തിഥിയും കഥയോടൊപ്പം പ്രതിപാദിക്കുന്നു. മറ്റൊരു കാലഗണനയോടും അവ പൊരുത്തപ്പെടുന്നതല്ല. യുദ്ധാരംഭം, സുഭദ്രയുടെ വിവാഹം, ഭീഷ്മരുടെ സ്വര്‍ഗ്ഗപ്രാപ്തി മുതലായവ ഗ്രഹനിലയെ മുന്‍നിര്‍ത്തി തിട്ടപ്പെടുത്താന്‍ കഴിയും. ക്രിസ്ത്വബ്ദാരംഭത്തിന്റെ അഞ്ഞൂറോ ആയിരമോ കൊല്ലങ്ങള്‍ക്കു മുന്‍പാണ് സംഭവമെങ്കില്‍ ഗ്രഹസ്ഥിതികള്‍ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചപ ടിയാവില്ല. ജ്യോതിശ്ശാസ്ത്രവും ജ്യോതിഷം പോലെ ഒരന്ധവിശ്വാസമാണെന്നു വാദിക്കുവാന്‍ അധുനാതന ഗവേഷകര്‍ മുതിരുകയില്ലെന്നു കരുതട്ടെ.
ഗ്രഹസ്ഥിതി പ്രകാരം മഹാഭാരത സംഭവങ്ങള്‍ക്ക് അയ്യായിരത്തിലേറെ വര്‍ഷത്തെ പഴക്കമുണ്ടെങ്കില്‍ തല്‍ക്കര്‍ത്താവായ കൃഷ്ണദ്വൈപായനന്‍ ജീവിച്ച കാലഘട്ടത്തെപ്പറ്റി സംശയിക്കാന്‍ അവകാശമില്ല. കാരണം, അദ്ദേഹവും ഈ ഇതിഹാസത്തിലെ സുപ്രധാനനായ ഒരു കഥാപാത്രമാണെന്നത് തന്നെ. ഗ്രന്ഥകാരന്‍ കഥാഘടനയില്‍ വഹിക്കുന്ന നിര്‍ണ്ണായകമായ പങ്കാണ് മഹാഭാരത പഠനത്തില്‍ തന്നെ പ്രതേകം തല്പരനാക്കിയതെന്ന് ആര്‍.കെ.നാരായണന്‍ പറയുന്നു. ഈ ഇതിഹാസത്തെ ഉപജീവിച്ച് ലോകപ്രസിദ്ധനായ ആ ഇന്‍ഡോ-ആംഗ്ലിയന്‍ സാഹിത്യകാരന്‍ രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
സ്വന്തം കുടുംബകഥ
മഹാഭാരതത്തില്‍ തല്‍കര്‍ത്താവ് പ്രതിപാദിക്കുന്നത് ഐതിഹൃം പോലെ കേട്ടറിഞ്ഞ കഥകളോ സ്വകീയസങ്കലപം വരച്ചുകാട്ടിയ ദൃശ്യങ്ങളോ അല്ല, സ്വന്തം കുടുംബാംഗങ്ങളുടെ - പൂര്‍വ്വികരുടേയും അനന്തരവന്മാരുടേയും തന്റേയും - കഥയാണ്. എല്ലാം സ്വാനുഭവത്തിന്റെ ചൂടും ചുവയും സ്ഫുരിക്കുന്ന കഥകള്‍. കഥാപുരുഷരായ എല്ലാവരുടേയും ഭൂതഭാവി കാലങ്ങളെപ്പറ്റി തികച്ചും ബോധവാനായ ഗ്രന്ഥകാരന്‍ അവര്‍ അകപ്പെടുന്ന പ്രതിസന്ധികളിലും ധര്‍മ്മസങ്കടങ്ങളിലും പരിഹാരം തേടുവാന്‍ സഹായിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഭവിഷ്യത് സംഭവങ്ങളുടെ അനിവാരൃത അവരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നു.
ഒരു ദൃഷ്ടാന്തം: പാണ്ഡവരെല്ലാം ഇന്ദ്രപ്രസ്ഥത്തിലേക്കു വന്ന് സുഖജീവിതം നയിച്ചു പോന്ന കാലത്ത് വ്യാസന്‍ യുധിഷ്ഠിരനെ ഇപ്രകാരം അറിയിച്ചു; പതിമുന്നു കൊല്ലങ്ങള്‍ക്കു ശേഷം താങ്കള്‍ സ്വന്തം വംശത്തിന്റെ വിനാശകനായിത്തീരും. ശ്രവണ മാത്രയില്‍ ഭയചകിതനായെങ്കിലും മനസ്സാന്നിദ്ധ്യം നഷ്ടപ്പെടാതെ യുധിഷ്ഠിരന്‍ അതിനു നല്കിയ മറുപടി ഇതായിരുന്നു. വിധിഹിതം നിശ്ചയിക്കുന്ന സാഹചര്യത്തെ നമുക്കു മാറ്റി മറിക്കാനാവില്ല. എങ്കിലും ആരെയും പ്രകോപിപ്പിക്കാവുന്ന യാതൊന്നും ഞാന്‍ ചെയ്യുകയില്ല. വിചാരത്തിലും വാക്കിലും പ്രവൃത്തിയിലും പൂര്‍ണ്ണമായ അഹിംസ പാലിക്കും. ഇതു മാത്രമാണ് വിധിനിയോഗങ്ങളെ അഭിമുഖീകരിക്കാനുള്ള നേര്‍മാര്‍ഗ്ഗം. പാണ്ഡവരുടെ വിനാശത്തിനു കളമൊരുക്കിയ ചൂതുകളി മത്സരത്തിന് മുന്‍പാണ് ഈ സംഭവം. ചൂതുകളി മത്സരത്തിന് ക്ഷണിക്കപ്പെട്ടപ്പോള്‍ യുധിഷ്ഠിരന്‍ അതു സ്വീകരിക്കുന്നു. ചുതുകളി ഇഷ്ടമായതു കൊണ്ടു മാത്രമല്ല, മറ്റുള്ളവരെ മുഷിപ്പിക്കരുതെന്ന അജാതശത്രുവിന്റെ നയം കൂടി ക്ഷണം നിരസിക്കാതിരിക്കാന്‍ ഹേതുവായിരുന്നു.
അതിനു മുമ്പ് പാണ്ഡവര്‍ ലക്ഷ്യമില്ലാതെ അലഞ്ഞു തിരിയുന്ന ഘട്ടത്തില്‍ ഏകവ്രതത്തിലേക്കും പിന്നീട് പാഞ്ചാലത്തേക്കും പോകാന്‍ നിര്‍ദ്ദേശിച്ചത് ശ്രന്ഥകാരനായ വ്യാസനാണ്. പാഞ്ചാലയാത്ര അവര്‍ക്കു സ്വയംവര പത്നിയെ സമ്പാദിക്കുവാന്‍ അവസരമൊരുക്കി. അങ്ങനെ കഥാഗതിയുടെ ഓരോ തലത്തിലും ഗ്രന്ഥകാരന്‍ തന്റെ പാത്രങ്ങളോടൊപ്പം ജീവിക്കുന്നു. അതാണ് ഈ ഇതിഹാസം മറ്റെന്തിലുമേറെ തന്നെ ആകൃഷ്ടനാക്കുകയും രമിപ്പിക്കുകയും ചെയ്ത സവിശേഷത. സ്വന്തം മഹാഭാരതാഖ്യാനത്തിന്റെ ആമുഖമായി ആര്‍.കെ.നാരായണന്‍ പ്രകാശിപ്പിച്ച മനോഗതങ്ങളാണ് ഇവ.
കഥാകാരന്റെ വ്യക്തി ജീവിതത്തോട് ആത്മീഭവിച്ച കഥാബിജം മഹാഭാരതത്തിലേതു പോലെ മറ്റേതെങ്കിലും ഇതിഹാസത്തിലുണ്ടോ? അമ്മയുടെ ആഗ്രഹം സഫലീകരിച്ചു കുലനാശം ഒഴിവാക്കുവാനാണ് ഭാരത കഥാവേദിയില്‍ വ്യാസന്റെ അരങ്ങേറ്റം. ഒരു രാജവംശത്തെ അന്യം നിന്നു പോകലില്‍ നിന്നു രക്ഷിച്ചതോടൊപ്പം ഭാരതത്തിലെ മൂന്നു മുഖ്യ കഥാപാത്രങ്ങളുടെ പിതൃത്വം ഗ്രന്ഥകാരനു സിദ്ധിക്കുന്നു. വ്യാസപുത്രന്മാരാണ് ധൃതരാഷ്ട്രരും പാണ്ഡുവും വിദുരരും. തന്റെ ദാസീസ സര്‍ഗ്ഗരഹസ്യം കൂടി, സത്യനിഷ്ഠനായ യതിവര്യന്‍ മറച്ചു പിടിക്കുന്നില്ല. ആത്മാര്‍ത്ഥതയാണ് കലാസൃഷ്ടിയുടെ വിജയത്തിന് ആധാരമായ മുഖ്യഘടകമെന്ന ടോള്‍സ്റ്റോയിയുടെ സിദ്ധാന്തം സാധുവാണെന്ന് മഹാഭാരത പ്രണേതാവിന്റെ ജീവിതം നമുക്കു കാട്ടിത്തരുന്നു. ആദര്‍ശ പുരുഷന്മാരുടെ മാതൃകകള്‍ അവതരിപ്പിച്ചതോടൊപ്പും അവരുടെ മാനുഷികമായ ദൗര്‍ബ്ബല്യങ്ങളും അദ്ദേഹം ചിത്രീകരിക്കുന്നു. ധര്‍മ്മപുത്രനെ ദൗര്‍ബ്ബല്യങ്ങളൊന്നും തീണ്ടാത്ത സര്‍വ്വസല്‍ഗുണ സമ്പന്നനായോ ദുര്യോധനനെ നന്മകളൊന്നും ഏശാത്ത ദുര്‍ഗുണ ഗണമൂര്‍ത്തിയായോ വ്യാസന്‍ നമ്മെ പരിചയപ്പെടുത്തുന്നില്ല.
ലോകവും ലോകരും എന്താണെന്നും എന്തല്ലെന്നും സൂക്ഷ്മദൃഷ്ടിയോടെ നിരീക്ഷിച്ച് വിലയിരുത്തി ധാര്‍മ്മിക ജീവിതത്തിന്റെ തൂവെളിച്ചത്തിലേക്കു സഹജീവികളെ മാടിവിളിക്കുവാന്‍ തുറന്നു വെച്ച വിശാലമായ ഒരു വാതായനം; അതല്ലേ മഹാഭാരതത്തെപ്പറ്റി തല്‍ക്കര്‍ത്താവിന്റെ വിവക്ഷ? തുറന്നു വെച്ചെങ്കിലും മലയാളി ജനസാമാനൃത്തിന്റെ മുന്‍പില്‍ ആ വാതില്‍ അടഞ്ഞു തന്നെ കിടന്നു. തമ്പുരാന്റെ പദ്യവിവര്‍ത്തനം വന്നിട്ടും വാതില്‍ മലര്‍ക്കെ തുറന്നില്ല. അതുകൊണ്ട് ക്ഷേത്ര പ്രവേശന വിളംബരത്തിനു തുല്യമായ ഒരു സേവനമായി വേണം ഈ ഗദ്യപരിഭാഷയെ സ്വാഗതം ചെയ്യുക. ആഴ്വാഞ്ചേരിക്കും അയ്യങ്കാളിക്കും ഇനി ഭാരതക്ഷേത്ര കവാടത്തില്‍ തോളുരുമ്മി നിന്നു തൊഴാം. ആ നിലയ്ക്ക് കേരളത്തില്‍ പുതുയുഗപ്പിറവിക്കു നാന്ദികുറിച്ച ശ്രീനാരായണഗുരുദേവന്റെ പാദങ്ങളില്‍ ഈ ഗ്രന്ഥം സമര്‍പ്പിച്ചത് തികച്ചും ഉചിതമായിരിക്കുന്നു.
പഞ്ചമവേദം
പ്രസക്തമായ മറ്റൊരു സംഗതി കൂടി ഇവിടെ അനുസ്മരിക്കട്ടെ. സ്ത്രീകള്‍ക്കും, ശൂദ്രന്മാര്‍ക്കും, അധഃസ്ഥിതര്‍ക്കും വേദങ്ങള്‍ നിഷിദ്ധമായി മാറിയ പൗരോഹിത്യ മേധാവിത്വത്തിന്റെ അന്ധകാരാവൃതമായ നൂറ്റാണ്ടുകളില്‍ ജനകോടികള്‍ക്കു വിജ്ഞാനത്തിന്റെ ദീപസ്തംഭമായി ഉതകിയ ധര്‍മ്മസംഹിത മഹാഭാരതമായിരുന്നു. അതു കൊണ്ടാണോ പഞ്ചമവേദമായി ഭാരതം വാഴ്ത്തപ്പെട്ടതും, പവിത്രതയുടെ പരിവേഷം ഗ്രന്ഥത്തെ വലയം ചെയ്തതും? പഞ്ചമന്മാരുടെ വേദമെന്നോ അഞ്ചാമത്തെ വേദമെന്നോ, ഏതര്‍ത്ഥത്തിലാണ് ആ പദപ്രയോഗത്തിനു പ്രചാരം ലഭിച്ചതെന്ന് നമുക്കറിയില്ല. രാമകൃഷ്ണമിഷന്‍ പ്രസിദ്ധപ്പെടുത്തിയ കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഇന്ത്യ എന്ന പ്രാമാണിക ഗ്രന്ഥത്തില്‍ മഹാഭാരതത്തിനു വേദപദവി കൈവന്നതിന്റെ പശ്ചാത്തലം വിവരിച്ചിട്ടുണ്ട്.
പഞ്ചമവേദം എന്ന അപരാഭിധാനം പാവനതയുടെ പ്രതിച്ഛായ സമ്മാനിച്ചതോടൊപ്പം മഹാഭാരതം ഹൈന്ദവരുടെ ഒരു മതഗ്രന്ഥമാണെന്ന ധാരണ ഉളവാകാനും വഴി വെച്ചിട്ടില്ലേ? അന്യമതസ്ഥരിലെ അതിപ്രബുദ്ധമായ ഒരു ലഘു ന്യൂനപക്ഷം മാത്രമേ ഇന്നും മറിച്ചു ധരിക്കുന്നുള്ളു. ഭഗവദ്ഗീതയുടെ ആധുനിക വ്യാഖ്യാനങ്ങള്‍ ഭാരതീയ വിജ്ഞാന സമ്പത്തുക്കളെ മതാതീതമായ കാഴ്ചപ്പാടിലൂടെ വീക്ഷിക്കുവാന്‍ ക്രൈസ്തവ ലോകത്തെ പ്രേരിപ്പിച്ചു വരുന്നുണ്ട്. മറ്റു മതങ്ങളുടെ വക്താക്കള്‍ ഇപ്പോഴും ആ അവബോധം ഉള്‍ക്കൊണ്ടു തുടങ്ങിയിട്ടില്ല. ഭക്തി പ്രകര്‍ഷവും കൃഷ്ണസ്തുതി കളും തിരതല്ലുന്ന തുഞ്ചത്താചാര്യന്റെ മഹാഭാരതം വ്യാസമഹാഭാരതത്തിലും അതേ ഭാവവിശേഷങ്ങള്‍ സങ്കല്പിക്കുവാന്‍ കാരണമായിട്ടുണ്ട്. രൂപത്തിലും സ്വരത്തിലും വ്യാപ്തിയിലും പാടേ ഭിന്നങ്ങളാണ് രണ്ടും എന്ന നിജസ്ഥിയുണ്ടോ സാമാനൃ ജനം മനസ്സിലാക്കുന്നു?
സംശയമില്ല, ആത്മജ്ഞാനത്തിന്റെയും, മതത്തിന്റെയും പ്രകടമായ ധാരകള്‍ മഹാഭാരതത്തിലുണ്ട്. മഹാര്‍ണ്ണവ പരപ്പിലേക്ക് ഒഴുകിയെത്തുന്ന ഒരു കൈവഴി മാത്രമേ അതാകുന്നുള്ളൂ. ഇതിഹാസവും, ആഖ്യാനവും പുരാണവുമായ ഈ ഗ്രന്ഥം അതേസമയം തന്നെ കാവ്യമാണ്, ധര്‍മ്മശാസ്ത്രമാണ്, അര്‍ത്ഥശാസ്ത്രമാണ്, കാമശാസ്രതമാണ്, നീതിശാസ്ത്രമാണ്, മോക്ഷശാസ്ത്രവുമാണ്. ഒരു സര്‍വ്വവിജ്ഞാനകോശം. എങ്കിലും കാവ്യാത്മകതയ്ക്കോ, അംഗോപാംഗങ്ങളുടെ സമഞ്ജസമായ ഘടനയ്ക്കോ ഗ്ലാനി സംഭവിച്ചിട്ടില്ല. "വ്യാസോച്ഛിഷ്ടം ജഗത് സര്‍വ്വം" എന്ന ആപ്തവാകൃത്തിന് ആധാരമായ സൃഷ്ടി മഹാഭാരതമാണെന്നു കണ്ടെത്തുവാന്‍ ഒരു പ്രയാസവുമില്ല.
നൈമിശാരണ്യത്തില്‍ വെച്ചു മഹര്‍ഷിമാര്‍ സൂതനോട് ആവശ്യപ്പെട്ടത് എന്താണെന്ന് ഈ സന്ദര്‍ഭത്തില്‍ നമുക്കെത്തി നോക്കാം: പരാശരാത്മജനായ വ്യാസന്‍ ഗ്രഥിച്ചതും പരീക്ഷിത്തിന്റെ പുത്രനായ ജനമേജയനോട് വൈശമ്പായനൻ പറഞ്ഞു കൊടുത്തതും നാലു വേദങ്ങളുടെ സത്ത് ഉള്‍ക്കൊള്ളുന്നതും സുര്രബഹ്മര്‍ഷികള്‍ ശ്ലാഘിക്കുന്നതും ശ്രേഷ്ഠമായ ചിത്രപര്‍വ്വ ബന്ധം കൊണ്ടു മനോജ്ഞമായതും സുക്ഷ്മാര്‍ത്ഥ ന്യായങ്ങള്‍ ചേര്‍ന്നതും പുണ്യാര്‍ത്ഥം കൊണ്ട് പൂര്‍ണ്ണമായതും സര്‍വ്വശാസ്ത്ര വൃത്തിയോടു കൂടി ശോഭിക്കുന്നതും ശുദ്ധപുണ്യ സംഹിതയുള്ളതും വേദമാര്‍ഗ്ഗത്തിന്റെ പൊരുളണിഞ്ഞതുമായ മഹാഭാരതകഥ അരുളിച്ചെയ്താലും. പാപനാശനമായ ആ ഇതിഹാസം കേള്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹി ക്കുന്നു".
മഹര്‍ഷിമാരുടെ, ഈ അര്‍ത്ഥനയിലെ ചില വിശേഷങ്ങള്‍ പ്രത്യേകം അടിവരയിട്ടു ശ്രദ്ധിക്കേണ്ടതാണ്. സൂക്ഷ്മാര്‍ത്ഥ ന്യായങ്ങള്‍ ചേര്‍ന്നതും പുണ്യാര്‍ത്ഥം കൊണ്ടു പൂര്‍ണ്ണമായതും സര്‍വ്വശാസ്ത്ര വൃത്തിയോടു കൂടി ശോഭിക്കുന്നതുമായ ഒരു ഇതിഹാസം ശ്രവിക്കുവാനാണ് അവര്‍ അഭിലഷിച്ചതും അതനുസരിച്ച് സൂതന്‍ പറഞ്ഞു കൊടുത്തതും. താന്‍ രചിച്ച കാവ്യത്തിന്റെ ഉള്ളടക്കത്തെപ്പറ്റി പിതാമഹനായ ബ്രഹ്മാവിനെ വ്യാസന്‍ അറിയിച്ചത് എന്താണെന്നു കൂടി ഇതോടൊപ്പം ഓര്‍ക്കുക. വേദരഹസ്യങ്ങള്‍, മറ്റു ശാസ്ത്രങ്ങള്‍, നാനാധര്‍മ്മങ്ങള്‍ കലരുന്ന ആശ്രമങ്ങളുടെ ലക്ഷണം, ചാതുര്‍വ്വര്‍ണ്യം തിരിഞ്ഞ ആദ്യ കാലത്തുണ്ടായ ക്രമം, (ബഹ്മചര്യം, തപസ്സ്, ഭൂമി, ചന്ദ്രന്‍, സുര്യന്‍, നക്ഷത്രങ്ങള്‍ എന്നിവയുടെ മാനം, അദ്ധ്യാത്മവിധി, ന്യായശിക്ഷാ ചികിത്സാദികള്‍, ദിവ്യമാനുഷ ജന്മങ്ങള്‍ക്കുള്ള യുക്തിദര്‍ശനം, സംഗര കൗശലങ്ങള്‍, വാക്കിന്റെ ജാതിഭേദങ്ങള്‍ മുതലായവ അതില്‍ നിബന്ധിച്ചിട്ടുണ്ട്. ഗ്രന്ഥകാരന്റെ മതിപ്പിനോട് ബ്രഹ്മാവ് വിയോജിച്ചില്ലെന്നു മാത്രമല്ല, ഇതിനേക്കാള്‍ വിശേഷപ്പെട്ട ഒരു കാവ്യം നിര്‍മ്മിക്കുവാന്‍ ഒരു കവീന്ദ്രനും സാദ്ധ്യമല്ലെന്നു പ്രതികരിക്കുകയും ചെയ്തു. ഗ്രന്ഥരചനാ ചരിതം വിവരിക്കുന്ന ഈ ഭാഗങ്ങള്‍ അനുക്രമണികാ പര്‍വ്വത്തിന്റെ ആരംഭത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്രയേറെ സമഗ്രവും വിപുലവുമായ ഒരു വിജ്ഞാന മേഖലയെ ഒരു ഗ്രന്ഥത്തിന്റെ പരിധിയില്‍ ആവാഹിക്കാന്‍ കഴിയുമോ? വേദവ്യാസകര്‍ത്തൃകവും ബ്രഹ്മാവിന്റെ പോലും സര്‍ട്ടിഫിക്കറ്റ് നേടിയതുമാണെങ്കിലും? സംശയം സ്വാഭാവികമാണ്. സന്ദേഹ പരിച്ഛേദത്തിന് ഒരു പോംവഴിയേ ഉള്ളു. അതെന്താണെന്നു വടക്കുംകൂര്‍ രാജരാജവര്‍മ്മ ചുണ്ടിക്കാട്ടുന്നു:
ഭാരതമാഹാത്മൃത്തെപ്പറ്റി ആക്ഷേപം പറയുന്നവര്‍ ഇക്കാലത്ത് ധാരാളമുണ്ടാകും, നിശ്ചയം. ഭാരതം മുഴുവനും കഴിയുന്നതും കൂടുതല്‍ ആവൃത്തി പാരായണം ചെയ്യുക എന്നു മാത്രമേ എനിക്ക് അവരോട് ഉപദേശിക്കാനുള്ളു. അപ്രകാരം ചെയ്യുമ്പോള്‍ അവരുടെ അഭിപ്രായം മാറാതെയിരിക്കുകയില്ല. ഗ്രന്ഥം സശ്രദ്ധം വായിച്ചു പഠിക്കാതെ, വല്ല ഭാഗവും ദഹിക്കാതെ ഗ്രഹിച്ചോ, കുയുക്തിവാദത്തെ ആശ്രയിച്ചോ പരപ്രതൃയനേയ ബുദ്ധികളായോ എന്തെങ്കിലും തോന്നുന്നതു പറയുന്നതു കൊണ്ടു ഫലമില്ല.
ഭാസകാളിദാ ശ്രീ ഹര്‍ഷമാഘ ക്ഷേമേന്ദ്രാദി മഹാകവികളെ സൃഷ്ടിച്ചിരിക്കുന്നതായ ഒരു ഇതിഹാസമാണ് ഭാരതം എന്ന് അതിനെ ആക്ഷേപിക്കുന്നവര്‍ ഓര്‍മ്മിച്ചാല്‍ കൊള്ളാം (അവര്‍ക്കുകൂടി ഉപജീവ്യം) . ഊരുഭംഗം, ദൂതഘടോല്‍ക്കചം, ശാകുന്തളം, നൈഷധീയചരിതം, മാഘം, ഭാരതമഞ്ജരി എന്നിവയൊന്നും ഭാരതമില്ലെങ്കില്‍ ഇല്ല. ഇതുപോലെ എത്രയെത്ര കാവ്യങ്ങള്‍ ഇല്ലാതെയാകും! നോക്കുക. ഭാരതത്തിന്റെ മഹിമ! അതിനെക്കു റിച്ച് കവിവരര്‍ക്കേവര്‍ക്കുമുപജീവനം എന്നു പറയുന്നതില്‍ എന്തു പിശകാണുള്ളത്? ഒരുവന്‍ കവിയോ പണ്ഡിതനോ യോഗിയോ ഭക്തനോ മുക്തനോ ജഞാനിയോ കര്‍മ്മിയോ ഗൃഹസ്ഥനോ സഹൃദയനോ ആയി ജീവിക്കണമെങ്കില്‍ അവന്‍ ഭാരത ഭജനത്തിന് ഒരുമ്പെടണം. അതിന്റെ ശക്തിയനുസരിച്ച് അവന് അവന്‍ പ്രവേശിക്കുന്ന മാര്‍ഗ്ഗത്തില്‍ വിജയവും പ്രഭാവവും കിട്ടുന്നു. ആഹാരം കഴിക്കാത്തവര്‍ ക്രമേണ ക്ഷീണിച്ചു മൃതന്മാരാകുന്നു. മഹാഭാരതം വായിക്കാത്തവര്‍ അതുപോലെ അജ്ഞാനം മൂത്തുമൂത്തു ജീവന്‍മൃതരായി ഭവിക്കുന്നു. ഭാരതവുമായി അകല്‍ച്ച സംഭവിക്കുകയെന്നത്, സൂക്ഷ്മത്തില്‍, അജ്ഞാനമയമായ ഒരു ആത്മഹത്യയാകുന്നു. ഈ അഭിപ്രായത്തെ ഇത് അര്‍ഹിക്കുന്ന ഗാരവത്തോ ടുകൂടി ആധുനികന്മാര്‍ വിചാരിച്ചാല്‍ കൊള്ളാം.
പ്രചോദനത്തിന്റെ വറ്റാത്ത ഉറവിടം
ഭാവിയിലെ സാഹിത്യകാരന്മാര്‍ക്ക് പ്രചോദനത്തിന്റെ വറ്റാത്ത ഉറവിടമായിരിക്കും ഈ ഇതിഹാസമെന്ന് ഗ്രന്ഥാരംഭത്തിലേ പ്രവചിച്ചു കാണുന്നു. ദേഹത്തിന്റെ നിലനില്പിന് ആഹാരമെന്നത് പോലെ ഉത്തമ കവികള്‍ക്കെല്ലാം ഇത് ഉപജീവനമായിരിക്കും. പഞ്ചഭൂതത്തില്‍ നിന്നു സൃഷ്ടിത്രയങ്ങള്‍ എന്നപോലെ ഈ ഇതിഹാസത്തില്‍ നിന്നു സാഹിതീ തല്ലജങ്ങള്‍ ഉത്ഭവിക്കുമെന്നാണ് വ്യാസവാക്യം. നാലുവേദങ്ങള്‍ ഉപനിഷത്തോടൊപ്പം ഗ്രഹിച്ചവനായാലും മഹാഭാരതാഖ്യാനം പരിചയിക്കാതെ പണ്ഡിതനാവില്ല. നാലു വേദങ്ങള്‍ തുലാസ്സിന്റെ ഒരു തട്ടിലും ഭാരതം മറുതട്ടിലും വെച്ച് പണ്ട് ദേവന്മാര്‍ തൂക്കം നോക്കിയപ്പോള്‍ ഈ ഇതിഹാസം വെച്ച തട്ടില്‍ കൂടുതല്‍ കനം തൂങ്ങിക്കണ്ടു. അങ്ങനെയാണ് മഹത്തായ ഭാരമുള്ളതെന്ന അര്‍ത്ഥത്തില്‍ മഹാഭാരതം വിളി കൊണ്ടതെന്നു ഫലശ്രുതിയില്‍ കാണിച്ചിട്ടുണ്ട്.
ധര്‍മ്മമാര്‍ഗ്ഗത്തിലേക്കു ജനതയെ തിരിച്ചുവിടാനും ആസുരശക്തികളെ അടക്കി നിര്‍ത്തുവാനും അധര്‍മ്മത്തിന്റെ ഇരച്ചു കയറ്റത്തെ ചെറുത്തു തോല്‍പിക്കുവാനും ഈ ഇതിഹാസം എത്രത്തോളം പ്രയോജനപ്പെടുകയുണ്ടായെന്ന് നിഷ്കൃഷ്ടമായി തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. നൂറ്റാണ്ടുകളായി സമൂഹ ജീവിതത്തിന്റെ സ്പന്ദനങ്ങളെ നിയന്ത്രിക്കുവാനും ആരോഗ്യകരമായി സ്വാധീനിക്കുവാനും ഇതിനു കഴിഞ്ഞിട്ടുണ്ടെന്ന് തീര്‍ത്തും ഉറപ്പിക്കാം. എന്നാലും ഒരു വിശ്വാസമോ അനുമാനമോ മാത്രമേ ഇതാകുന്നുള്ളു. മഹാഭാരതം ഭാരതീയ സാഹിതൃ രംഗത്തു ചെലുത്തിയ പ്രഭാവത്തിന്റെ സ്ഥിതി അതല്ല. ഭരണഘടന അംഗീകരിച്ചതും അല്ലാത്തതുമായ എല്ലാ ഇന്ത്യൻ ഭാഷകളിലും ഭാരതേതിഹാസത്തിന്റെ സുവര്‍ണ്ണ മുദ്രകള്‍ പതിഞ്ഞിട്ടുണ്ട്. സര്‍ഗ്ഗ പ്രതിഭകളുടെ വിഹാരവേദിയും നവംനവമായ കലാസൃഷ്ടികളുടെ വിളനിലവുമാണ് വ്യാസന്റെ ആഖ്യാനം. പണ്ടെന്ന പോലെ ഇന്നും ആ അവസ്ഥ മാറ്റമില്ലാതെ തുടരുന്നു. ഭാരതത്തിലെ ഒരു ഉപാഖ്യാനത്തെ ഉപജീവിച്ച് മറാഠിയില്‍ ഖണ്ഡേക്കര്‍ ഗ്രഥിച്ച "യയാതി" ജ്ഞാനപീഠ പുരസ്കാരത്തിന് വരെ അര്‍ഹത സമ്പാദിച്ചു. മലയാള സാഹിതൃത്തില്‍ വ്യാസമഹാഭാരതം സര്‍ഗ്ഗാത്മകമായ ചലനങ്ങള്‍ തൊടുത്തു വിട്ടു തുടങ്ങിയതേയുള്ളു. അതിന്റെ ആദ്യഫലങ്ങള്‍ മാത്രമാണ് രണ്ടാമൂഴവും, "ഇനി ഞാന്‍ ഉറങ്ങട്ടെ"യും.
ഭാഷയിലെ ഭാരതസാഹിതി
പ്രാചീന മലയാളത്തില്‍ ഭാരത കഥാഭാഗങ്ങള്‍ നീട്ടിപ്പരത്തിയും ആറ്റിക്കുറുക്കിയും രൂപപ്പെടുത്തിയ ഒട്ടേറെ കൃതികളുണ്ട്. എഴുത്തച്ഛന്റെ മഹാഭാരതവും ചെറുശ്ശേരി ഭാരതവും മാവാരതം മുതലായ നാടന്‍പാട്ടുകളും കണ്ണശ്ശപ്പണിക്കരുടെ ഭാരതമാലയും കുഞ്ചന്‍ നമ്പ്യാരുടെ പല തുള്ളലുകളും ഇരയിമ്മന്‍ തമ്പി, കോട്ടയത്തു തമ്പുരാന്‍, ഉണ്ണായി വാര്യര്‍ എന്നിവരുടെ ആട്ടക്കഥകളും ആ പംക്തിയില്‍ മുന്നിട്ടു നില്ക്കുന്നു. നവീന ദശയില്‍ വടക്കുംകൂര്‍ രാജരാജവര്‍മ്മയ്ക്കും മഹാകവികളായ ഉള്ളൂരിനും വള്ളത്തോളിനും പ്രചോദനത്തിന്റെ പുഷ്കല സ്രോതസ്സായിരുന്നു മഹാഭാരതം. കവിസാര്‍വ്വ ഭൗമന്‍ കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍ പാണ്ഡവോദയം എന്ന ഒരു മഹാകാവ്യവും വടക്കുംകൂര്‍ ഉത്തരഭാരതം എന്ന മറ്റൊരു മഹാകാവ്യവും രചിച്ചിട്ടുണ്ട്. തോട്ടയ്ക്കാട്ട് ഇക്കാവമ്മയുടെ സുഭദ്രാര്‍ജ്ജുനവും സര്‍ദാര്‍ കെ.എം.പണിക്കരുടെ ഭീഷ്മരും ഭാരതത്തെ ഉപജീവിക്കുന്ന സാഹിത്യ പരിശ്രമങ്ങള്‍ തന്നെ.
ഭാരതകഥാഖണ്ഡങ്ങള്‍ മലയാള ഗദ്യത്തില്‍ പുനരാഖ്യാനം ചെയ്ത പ്രമുഖരായ എഴുത്തുകാരാണ് കണ്ണന്‍ ജനാര്‍ദ്ദനനും കെ.വി.വാസുദേവന്‍ മൂസ്സതും. പുരാണകഥകള്‍ പല പുസ്തകങ്ങളായി പ്രകാശിപ്പിച്ച പി.എസ്. സുബ്ബരാമപട്ടര്‍ മുഖ്യാവലംബമാക്കിയതും മഹാഭാരതം തന്നെ. ഈ പ്രകൃതത്തില്‍ അവിസ്മരണീയമായ കലാസൃഷ്ടികളാണ് ചങ്ങമ്പുഴയുടെ ദേവയാനിയും കുട്ടിക്കൃഷ്ണമാരാരുടെ ഭാരതപര്യടനവും.
ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഈ ഇതിഹാസത്തില്‍ വേരോടിയ സാഹിതൃശാഖകള്‍ പന്തലിച്ചു നിൽക്കുന്നുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ കവീന്ദ്ര പരമേശ്വരയുടെ പാണ്ഡവ വിജയം ബംഗാളിയില്‍ ഭാരത സാഹിതിയുടെ തുടക്കം കുറിച്ചു. കാശിരാമദാസ പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ് ആ ഭാഷയില്‍ ഏറ്റവും ജന്രപിയകരമായിത്തീര്‍ന്ന മഹാഭാരതം. പക്ഷേ, വിരാടപര്‍വ്വം പൂര്‍ത്തിയാക്കും മുന്‍പ് കാശിരാമ അന്തരിച്ചു. ഒന്നോ രണ്ടോ പർവ്വങ്ങൾ മാത്രം വിവര്‍ത്തനം ചെയ്ത പ്രാചീനരായ അനവധി ബംഗാളി കവികളുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ മഹാഭാരതത്തിന്റെ രണ്ടു ഗദൃ വിവര്‍ത്തനങ്ങള്‍ വംഗ ഭാഷയ്ക്കു കൈവന്നു. ബര്‍ദ്വാന്‍ മഹാരാജാവിന്റെ പ്രോത്സാഹനത്തോടെയായിരുന്നു ഗദൃ പരിഭാഷയുടെ പ്രസിദ്ധീകരണം.
രാജകുടുംബാംഗമായ ശബല്‍സിങ്ങ് ചൗഹാന്‍ (ഏ.ഡി.16270) തയ്യാറാക്കിയ സംക്ഷേപമാണ് ഹിന്ദിയിലെ ഒന്നാമത്തെ ഭാരതകൃതി. സാഹിത്യമൂല്യം ഏറെയൊന്നുമില്ലെങ്കിലും ലാളിതൃഗുണം മൂലം ഇതിനു ജനപ്രീതി ലഭിച്ചു. നളദമയന്തിമാരെപ്പറ്റി സുപ്രസിദ്ധ അന്ധകവിയായ സൂര്‍ദാസ് ഒരു കാവ്യം ചമച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടുകാരനായ ഗോകുല്‍നാഥാണ് സമ്പൂര്‍ണ്ണ മഹാഭാരതത്തിന്റെ ഹിന്ദിവിവര്‍ത്തകന്‍. ആ ഭാഷയിലെ ഭാരതസാഹിതിക്ക് മകുടം ചൂടുന്ന കൃതി മൈഥിലീ ശരണ്‍ ഗുപ്തയുടെ ജയ്രദഥവധമാണ്.
ഏ.ഡി. 902--ല്‍ തന്നെ കന്നട ഭാഷയില്‍ മഹാഭാരതം പ്രത്യക്ഷപ്പെട്ടു. പമ്പകവിയുടെ വിക്രമാര്‍ജ്ജുനവിജയം. മുല കൃതിയുടെ വിദഗ്ദ്ധമായ ഒരു സംക്ഷേപണമത്രേ ഇത്. വളരെ ആദരിക്കപ്പെടുന്ന കൃതിയാണ് ലക്ഷീസയുടെ ജൈമിനീ ഭാരതം. കൃഷ്ണരാജവോഡയാര്‍ മഹാരാജാവിന്റെ പ്രോത്സാഹനത്തോടെ പത്തൊമ്പതാം നുറ്റാണ്ടില്‍ തന്നെ മഹാഭാരതത്തിന്റെ ഗദ്യവിവര്‍ത്തനം കര്‍ണ്ണാടകത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പെരും തേവനാരാണ് തമിഴിലേക്കു മഹാഭാരതം വിവരത്തനം ചെയ്ത കവി. അദ്ദേഹം സംഘകാലത്താണ് ജീവിച്ചിരുന്നതെന്നും അല്ല പത്താം നൂറ്റാണ്ടുകാരനാണെന്നും പറയപ്പെടുന്നു. ഈ നൂറ്റാണ്ടിന്റെ രണ്ടും മൂന്നും ദശകങ്ങളില്‍ മഹാഭാരതത്തിന്റെ സമ്പൂര്‍ണ്ണ ഗദ്യ വിവര്‍ത്തനവും തമിഴിനു ലഭിച്ചു. എം.വി. രാമാനുജാചാരിയരുടെ വകയാണ് ഗദ്യ പരിഭാഷ. സുബ്രഹ്മണ്യ ഭാരതിയാരുടെ പാഞ്ചാലീ ശപഥവും സി. രാജഗോപാലാചാരിയുടെ വ്യാസര്‍വിരുന്നും തമിഴിലെ ശ്രദ്ധേയമായ ഭാരത കഥാഗ്രന്ഥങ്ങളാകുന്നു.
പതിനൊന്നാം നൂറ്റാണ്ടുകാരനായ നാന്നയയാണ് തെലുങ്കിലെ ഒന്നാമത്തെ മഹാഭാരത കൃതിയുടെ കര്‍ത്താവ്. ഇത് ആനുഗത വിവര്‍ത്തനമല്ല. ആദ്യത്തെ രണ്ടു പര്‍വ്വങ്ങളേ നാന്നയയ്ക്കു രചിക്കാന്‍ കഴിഞ്ഞുള്ളു. പതിമൂന്നാം നുറ്റാണ്ടുകാരനായ തിക്കാന അവശിഷ്ടപര്‍വ്വങ്ങളുടെ പരിഭാഷ നിര്‍വ്വഹിച്ചു. ആധുനിക ദശയില്‍ തിരുപ്പതി ശാസ്ത്രിയും വെങ്കട ശാസ്ത്രിയും തെലുങ്കില്‍ എഴുതിയ മഹാഭാരത നാടകങ്ങള്‍ ആന്ധ്രാജനതയെ എന്തെന്നില്ലാതെ രസിപ്പിച്ചിട്ടുണ്ട്.
മര്‍മ്മം കഥാ ഘടനയില്‍
പാത്ര സൃഷ്ടിയിലെ വൈചിത്ര്യവും വൈദഗ്ദ്ധ്യവുമാണ് വ്യാസേതിഹാസത്തെ അനുകരിച്ച് സര്‍ഗ്ഗാത്മക രചനകള്‍ക്കു മുതിര്‍ന്ന സാഹിത്യകാരന്മാരെ പ്രചോദിപ്പിച്ചുവരുന്നു വശം. പക്ഷേ, ആ മണ്ഡലത്തിലാണോ, മഹാഭാരതത്തിന്റെ സര്‍വ്വാതിശായിയായ മികവ്? ചിന്തനീയമാണ്. ധര്‍മ്മോപദേശങ്ങളും വിജ്ഞാനപാഠങ്ങളും മനഃശാസ്ത്രപരമായി നിരീക്ഷണങ്ങളും മറ്റെന്തിലുമേറെ ഇതിനെ ധന്യമാക്കിയിട്ടുണ്ട്. ആ നിലയ്ക്കാണ് മഹാഭാരതത്തിനു കൂടുതല്‍ തലയെടുപ്പെന്നു വിലയിരുത്തുന്നതും ശരിയാവില്ല. പാര്‍ശ്വവീക്ഷണങ്ങള്‍ തന്നെ അതിയായ പ്രശംസയ്ക്കു പാത്രമാകുന്ന വിധമാണ് ഈ ഇതിഹാസത്തിന്റെ ശില്പമെങ്കിലും കഥയും അതിന്റെ ഘടനയും തന്നെയല്ലേ മഹാഭാരതത്തിന്റെ മുല്യനിക്ഷേപം?
മര്‍മ്മങ്ങളെന്നോ അടിസ്ഥാനശിലകളെന്നോ വ്യവച്ഛേദിക്കാവുന്ന ചില ബീജവസ്തുതകള്‍ വ്യാസപ്രതിഭ കഥാഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഭീഷ്മരുടെ ബ്രഹ്മചര്യാവ്രതം, സ്വച്ഛന്ദമൃത്യുത്വം, ധൃതരാഷ്ട്രരുടെ ജാതൃന്ധത്വം, പാണ്ഡുവിന്റെ മൃഗയാലോലുപത്വം, ശാപം, കുന്തിക്കു സിദ്ധിച്ച മന്ത്രോപദേശം മുതലായവ കഥയുടെ ഗതിവിഗതികളെ മുഴുവന്‍ നിയന്ത്രിക്കുന്ന തിരിക്കുറ്റികളാണ്. ഇവയുടെ അഭാവത്തില്‍ ആകൃതിയും പ്രകൃതിയും പാടേ മാറുമെന്നു തന്നെയല്ല, മഹാഭാരതത്തിന്റെ അസ്തിത്വം നഷ്ടപ്പെടുകയും ചെയ്യും. ഭീഷ്മര്‍ രാജ്യാവകാശം പരിതൃജിക്കുകയോ നിത്യ ബ്രഹ്മചാരിത്വം കൈക്കൊള്ളുകയോ, സ്വച്ഛന്ദമൃത്യുവാകുകയോ ചെയ്തിരുന്നില്ലെന്ന പക്ഷം കഥയുണ്ടോ? ദുര്‍വ്വാസസ്സ് മഹര്‍ഷി കുന്തിക്ക് ദിവ്യമ്രന്തം ഉപദേശിച്ചു കൊടുത്തിരുന്നില്ലെങ്കില്‍ കര്‍ണ്ണനുമില്ല, പാണ്ഡവന്മാരാരുമില്ല. ഋഷിശാപം മുലം പാണ്ഡുവിന് സ്ത്രീസംസര്‍ഗ്ഗം വര്‍ജ്ജ്യമായിരുന്നില്ലെങ്കില്‍ ഭര്‍ത്ത്യമതിയായ കുന്തിക്ക് ദേവന്മാരെ സമാഗമിക്കാനും വിശേഷ സിദ്ധികള്‍ കൊണ്ട് അനുഗൃഹിതരായ സന്താനങ്ങള്‍ക്കു ജന്മം നല്കാനും കഴിയുമോ? ദുര്യോധനനെ തന്റെ കുത്സിത വൃത്തികള്‍ നിര്‍ബാധം തുടരുവാന്‍ പിതാവിന്റെ ആന്ധ്യം സഹായിച്ചു. ഇതിഹാസത്തിന്റെ അംഗപുഷ്ടിയും ചാരുതയും ചടുലതയും, വ്യാസന്‍ അഷ്ടബന്ധമിട്ടുറപ്പിച്ച ഇത്തരം കഥാമര്‍മ്മങ്ങളോട് അഭേദ്യമായി ബന്ധപ്പെട്ടതും സൂക്ഷ്മമായി സാത്മീഭവിച്ചതുമാണ്. അനുകര്‍ത്താക്കള്‍ക്ക് അപ്രാപ്യമായ തലത്തില്‍ത്തന്നെ ഇന്നും അവ സ്ഥിതിചെയ്യുന്നു.
സിംബോളിക് വിശകലനം
ഭാരതകഥയ്ക്ക് ചരിത്രപരമായ ഒരടിസ്ഥാനവുമില്ലെന്നും ഓരോ കഥാപാത്രവും പ്രത്യേക ഗുണവിശേഷങ്ങള്‍ക്ക് പ്രതിനിധീഭവിക്കുന്നവരാണെന്നും സംഭവസംഘര്‍ഷങ്ങള്‍ അന്യാപദേശരീതിയില്‍ ഓരോരോ ജീവിതപാഠങ്ങളാണ് വ്യഞ്ജിപ്പിക്കുന്നതെന്നും വ്യാഖ്യാനിച്ചു സമര്‍ത്ഥിക്കാന്‍ ചില പണ്ഡിതന്മാര്‍ ശ്രമിച്ചു കണ്ടിട്ടുണ്ട്. പാശ്ചാത്യരാണ് ഇതില്‍ക്കൂടുതല്‍ ഔത്സുക്യം കാട്ടുന്നതെങ്കിലും പൗരസ്ത്യരിലും സമാന ചിന്താഗതി പുലര്‍ത്തുന്നവര്‍ ഇല്ലായ്കയില്ല. ഭാരതകഥയെ അടിമുതല്‍ മുടിവരെ സിംബോളിക് കാഴ്ചപ്പാടിലൂടെ വീക്ഷിച്ചു വിശകലനം ചെയ്യാന്‍ സാധിക്കും. ശ്രീശങ്കരന്‍, പ്രസ്ഥാനത്രയത്തിന്റെ ആധികാരിക വ്യാഖ്യാതാവു തന്നെയാണ്, ഈ അപഗ്രഥന രീതി തുടങ്ങി വെച്ചതെന്ന്, വേണമെങ്കില്‍ വാദിക്കാവുന്നതാണ്. ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്ര യുദ്ധഭൂമിയില്‍ വെച്ച് അര്‍ജ്ജുനനെ കേവലം നിമിത്തമാക്കി സമസ്തലോകത്തെയും അനുഗ്രഹിക്കണമെന്ന ഉദ്ദേശത്തോടു കൂടി ഭഗവാന്‍ ഗീതാശാസ്ത്രം ഉപദേശിച്ചു എന്നാണ് ആചാര്യപാദരുടെ വ്യാഖ്യാനം. പാര്‍ത്ഥന്‍ ചഞ്ചല ചിത്തത്തിന്റേയും മാനുഷികമായ ദൗർബല്യത്തിന്നേയും പ്രതീകം; പാര്‍ത്ഥസാരഥി ദീര്‍ഘദൃഷ്ടിയുടേയും സ്ഥിതപ്രജ്ഞയുടേയും.
ശ്രീകൃഷ്ണന്‍ പരമാത്മാവും അര്‍ജ്ജുനന്‍ ജീവാത്മാവും. ഈ സങ്കല്പമാണ് പ്രതീകാത്മക വിശകലനത്തിന്റെ ഭുമിക. ഉത്തമവും അധമവുമായ മനോവൃത്തികള്‍ തമ്മില്‍, ധര്‍മ്മവും അധര്‍മ്മവും തമ്മില്‍, ഇരുട്ടും വെളിച്ചവും തമ്മില്‍ നടക്കുന്ന നിത്യമായ പോരാട്ടം തന്നെയല്ലേ കുരുക്ഷ്രേത യുദ്ധം? വിദുരനെ വിവേകത്തിന്റെയും ഭീഷ്മരെ പാരമ്പര്യ സത്തയുടേയും പ്രതീകങ്ങളായി കല്പിക്കാന്‍ ആര്‍ക്കും പ്രയാസപ്പെടേണ്ടി വരില്ല. ധൃതരാഷ്ട്രരുടെ അന്ധത കേവലം ശാരീരികവും ഭൗതികവുമായ കണ്ണു കാണായ്കയാണോ? നന്മയും തിന്മയും തിരിച്ചറിയുവാനും നീതിയും സത്യവും ഏതു ഭാഗത്താണെന്നു മനസ്സിലാക്കുവാനും ആ ശുദ്ധാത്മാവായ മനുഷ്യനു കഴിയായ്കയില്ല. ധൃതരാഷ്ട്രര്‍ പറഞ്ഞു:
ജാനാമി ധര്‍മ്മം, ന ച മേ പ്രവൃത്തിഃ ജാനാമ്യധര്‍മ്മം, ന ച മേ നിവൃത്തിഃ കേനാപി ദേവേന ഹൃദിസ്ഥിതേന യഥാ നിയുക്തോസ്മി, തഥാ കരോമി.
( ധര്‍മ്മമെന്തെന്ന് എനിക്കറിയാം. പക്ഷേ, അത് അനുഷ്ഠിക്കാന്‍ എനിക്കു താല്‍പര്യമില്ല. അധര്‍മ്മമെന്തെന്ന് എനിക്കറിയാം. പക്ഷേ, അതു ചെയ്യാതിരിക്കാനും കഴിയുന്നില്ല. ഹൃദയത്തിലിരിക്കുന്ന ഏതോ ഒരു ദേവന്റെ ആജ്ഞ എങ്ങനെയോ അങ്ങനെ ഞാന്‍ ചെയ്യുന്നു ).
ശരി ഏതെന്നു ദൃഢബോദ്ധ്യമുണ്ടായിട്ടും തെറ്റു ചെയ്യാന്‍ പ്രേരിതനാകുന്നു ബലഹീനനായ മനുഷ്യന്‍. അതിന്റെ മൂര്‍ത്തിമത്തായ രൂപമാണ് മഹാഭാരതത്തിലെ ധൃതരാഷ്ര്ടര്‍. യഥാര്‍ത്ഥത്തില്‍ പുത്രവാത്സല്യത്തിന്റെ ആധിക്യം വരുത്തിവെച്ച മാനസികമായ ആന്ധൃത്തിന്റെ പ്രതിരൂപമല്ലേ ആ ചപലഹൃദയന്റെ ശാരീരികമായ ആസ്ധ്യം?
യുധിഷ്ഠിരനെ ധര്‍മ്മത്തിന്റെ മഹാദ്രുമമെന്നും ദുര്യോധനനെ വിഷവൃക്ഷമെന്നും വിശേഷിപ്പിച്ച മഹാഭാരത കര്‍ത്താവ് തന്റെ കഥാപാത്രങ്ങളുടെ ആന്തരിക ഭാവങ്ങള്‍ അനുവാചകരെ ധരിപ്പിക്കുവാന്‍, തല്‍പരനാണെന്നു സ്പഷ്ടം. എങ്കിലും സ്ഥലകാല ചരിത്രങ്ങളോടു ബന്ധമില്ലാതെ തികച്ചും സ്വകപോലകല്‍പിതമായ ഒരു കഥയോ ആശയാഭിലാഷങ്ങളുടേയും വികാരവിചാരങ്ങളുടേയും സിംബലുകളോ അവതരിപ്പിക്കുവാനാണ് വ്യാസന്‍ തുനിഞ്ഞതെന്ന അനുമാനത്തിന് ഉപപത്തി പോരാ. ഷേക്സ്പിയറുടെ നാടകങ്ങളിലേയും വിശ്വോത്തര കാവ്യങ്ങളിലെയും നായികാ നായകന്മാര്‍ സിംബലുകള്‍ തന്നെയാണെന്ന് വേണമെങ്കില്‍ സങ്കലപിച്ചു കൂടേ? അതിന്റെ ആവശ്യവും ഔചിതൃവുമാണ് സംശയാസ്പദമായ സംഗതി.
ചരിത്രമോ കെട്ടുകഥയോ?
ഇതിഹാസവും ആഖ്യാനവും പുരാണവും കാവ്യവുമെല്ലാം മേളിച്ചതാണ് മഹാഭാരതമെങ്കിലും ഐതിഹാസിക ഭാവത്തിനാണ് പ്രാധാന്യവും പ്രസിദ്ധിയും. ഭൂതകാലത്തിന്റെ മങ്ങിയ വെളിച്ചത്തിലോ ഇരുളിലോ സംഭവിച്ചതാകാമെങ്കിലും യഥാര്‍ത്ഥത്തില്‍ സംഭവിച്ചതോ അവയോട് ഇണങ്ങുന്നതോ ആയ സംഗതികളെ മാത്രമേ ഇതിഹാസ കോടിയില്‍ പെടു ത്താറുള്ളൂ. ഇതി-ഹ-ആസ - ഇതിഹാസം. പദനിഷ്പത്തി പ്രകാരം ഇങ്ങനെ സംഭവിച്ചു എന്നാണ് വാക്കിന്റെ അര്‍ത്ഥം. ഒരിക്കലും സംഭവിക്കാത്ത സംഗതികള്‍, കലപനാ വൈഭവത്തിന്റെ സൃഷ്ടികള്‍ ഇതിഹാസമായി ആദരിക്കപ്പെടുമെന്നു വിശ്വസിക്കാമോ? പൊതുജനത്തിന്റെ സാമാന്യബുദ്ധിയെ അവഹേളിക്കല്‍ കൂടിയാവും ഭാരതകഥ തീര്‍ത്തും മിഥ്യയാണെന്ന വ്യാഖ്യാനം.
ഹസ്തിനപുരമെന്നും കുരുക്ഷേത്രമെന്നും അറിയപ്പെടുന്ന സ്ഥലങ്ങള്‍ ഇന്നും ഉത്തരേന്ത്യയിലുണ്ട്. ഭാരതകഥാ നായകന്മാരെ അനുസ്മരിക്കുന്ന ദിനങ്ങള്‍ എല്ലാ വര്‍ഷവും അവിടെ ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. പാണ്ഡവരുടെ പ്രവാസം ഇവിടെയായിരുന്നുവെന്നും ഈ വനത്തിലാണ് അവര്‍ താമസിച്ചിരുന്നതെന്നും പല സ്ഥലങ്ങളേയും ചൂണ്ടി തദ്ദേശവാസികള്‍ ഇന്നും വര്‍ണ്ണിക്കാറുണ്ട്. ഐതിഹ്യങ്ങള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടെങ്കില്‍, ഭാരതകഥാ രംഗങ്ങളോടു നേരിട്ടു ബന്ധപ്പെടാത്ത ഒരു പ്രദേശവും ഈ മഹാരാജ്യത്തിന്റെ ഭൂപടത്തിലില്ല. സ്വര്‍ഗ്ഗത്തിലേക്കു പോകും വഴി പാണ്ഡവര്‍ ഒറീസ്സയില്‍ കാല്‍കുത്തുകയുണ്ടായെന്ന് ഒറിയാ ഭാഷയിലെ ആദ്യത്തെ മഹാഭാരതാഖ്യാനത്തില്‍ കാണുന്നു ( പതിനാലാം നൂറ്റാണ്ടില്‍ സരളദാസ രചിച്ച കൃതിയില്‍ ). ഗുഹാമുഖങ്ങളിലും നദീതീരങ്ങളിലും വനാന്തരങ്ങളിലും ഗ്രാമങ്ങളിലുമായി ഭാരതകഥാപാത്രങ്ങളുടെ പാദസ്പര്‍ശം അവകാശപ്പെടുന്ന അനവധി സ്ഥലങ്ങള്‍ ഈ നാടിന്റെ നാനാഭാഗങ്ങളിലുമുണ്ട്. ഉത്തരേന്ത്യയില്‍ മാതമല്ല, ദക്ഷിണേന്ത്യയിലും. കുന്തിയും യുധിഷ്ഠിരനും സഹോദരന്മാരും പ്രച്ഛന്നവേഷം ധരിച്ച് തെന്നിന്ത്യയിലും ചുറ്റിത്തിരിയുകയോ, കുറച്ചുകാലം പാര്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കേള്‍വി. കേരളത്തിലെ ഐവര്‍കാല, പാണ്ഡവന്‍പാറ, പാണ്ഡനാട്, കുന്തിപ്പുഴ മുതലായവയ്ക്ക് പാണ്ഡവരോടും അവരുടെ അമ്മയോടും ബന്ധമില്ലേ? മഹാഭാരത പ്രസിദ്ധമായ ഖാണ്ഡവവനം നമ്മുടെ സംസ്ഥാനത്തിലെ കാര്‍ത്തികപ്പള്ളി താലൂക്കിലും അമ്പലപ്പുഴ താലൂക്കിലുമായിരുന്നു എന്നാണ് ആ പ്രദേശക്കാരുടെ വിശ്വാസം. പാണ്ഡവന്മാര്‍ കേരളത്തില്‍ ചില ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തുകയുണ്ടായെന്നും പറയപ്പെടുന്നു. പുലിയൂര്‍, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം മുതലായ ക്ഷ്രേതങ്ങളെ സംബന്ധിച്ചാണ് ഈ ഐതിഹ്യം. ചുരുക്കത്തില്‍, മഹാഭാരതകഥ തങ്ങളുടേയും പൂര്‍വ്വ ചരിത്രത്തിന്റെ ഭാഗമായി ലയിച്ചു ചേര്‍ന്നു കിടപ്പുണ്ടെന്ന് അഭിമാനിക്കുന്നവരാണ് ഈ മഹാരാജ്യത്തിലെ എല്ലാ പ്രദേശങ്ങളിലും അധിവസിക്കുന്ന ജനങ്ങള്‍. ഐതിഹ്യ വിശ്വാസങ്ങള്‍ ഒന്നൊഴിയാതെ, ഏറ്റക്കുറവില്ലാത്ത അസ്സല്‍ യാഥാര്‍ത്ഥ്യങ്ങളാകാന്‍ സാദ്ധ്യതയില്ല. അവ ആസകലം ചരിത്രവസ്തുതകളോട് ഒട്ടും നിരക്കാത്തതും വേഴ്ചയില്ലാത്തതുമായ കെട്ടുകഥകളോ ധാരണകളോ ആണെന്നു വരുമോ? മഹാഭാരതം ഇതിഹാസമല്ലെന്നു സമര്‍ത്ഥിക്കപ്പെടുന്നതു വരെ അതിനെപ്പറ്റി ഈ രാജ്യത്തിന്റെ മണ്ണിലും സമൂഹത്തിന്റെ മനസ്സാക്ഷിയിലും ഇഴുകിപ്പിടിച്ച ധാരണകള്‍ക്ക് പ്രസ ക്തി നഷ്ടപ്പെടില്ല.
ഭാരതം ഇതിഹാസമാണെന്നു മാതമല്ല, ഇതിഹാസങ്ങളില്‍ വച്ച് വിശിഷ്ടമാണെന്നു പോലും അനുക്രമണികാ പര്‍വ്വത്തില്‍ അവകാശപ്പെടുന്നുണ്ട്. ഭേഷജങ്ങളില്‍ അമൃതം എന്ന പോലെ, ജലാശയങ്ങളില്‍ സമുദ്രം എന്ന പോലെ, നാല്‍ക്കാലികളില്‍ പശു എന്നപോലെ, ഇതിഹാസങ്ങളില്‍ ഇതിനു ശ്രേഷ്ഠത്വം കല്‍പിക്കണമെന്നാണ് വ്യാസവചനം. ആഖ്യാനമെന്നോ പുരാണമെന്നോ വിശേഷിപ്പിക്കാതെ ഇതിഹാസമെന്നു തന്നെ തുടക്കത്തിലേ ഊന്നി പ്രസ്താവിച്ചത് പൂര്‍ണ്ണമായ അര്‍ത്ഥബോധത്തോടു കൂടിയാകേണ്ടേ? മുഖ്യമായി ഇതിഹാസമാണെങ്കില്‍ ഭാരതത്തിലെ ഉള്ളടക്കത്തിന് ഭൂതവര്‍ത്തമാന കാലങ്ങളിലെ സംഭവങ്ങളോട് വിദൂര ബന്ധമെങ്കിലുമുണ്ടെന്നു വേണം ഊഹിക്കുക. ജനഹൃദയങ്ങളില്‍ രൂഢമായ വിശ്വാസം അതിനെ ശരി വെക്കുകയും ചെയ്യുന്നു. ഒമെല്ലോയോടോ, ഴാങ്വാല്‍ഴാങ്ങിനോടോ ബന്ധപ്പെട്ട സ്ഥലങ്ങള്‍ ഇന്നിന്നവയാണെന്ന് ഇംഗ്ലീഷുകാരോ, ഫ്രഞ്ചുകാരോ, ഘോഷിച്ചു കേട്ടിട്ടുണ്ടോ? ജൂലിയസ് സീസറുമായി ബന്ധം പുലര്‍ത്തിയ സ്ഥലങ്ങള്‍ പാശ്ചാത്യരുടെ സ്മരണയില്‍ മങ്ങാതെ ഇന്നും നിലനില്ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം ഷേക്സ്പിയര്‍ ആ വീരപുരുഷനെ നായകനാക്കി നാടകമെഴുതിയതല്ല. ഇതിഹാസവും നിലം തൊടാത്ത കഥാകഥനവും തമ്മിലുള്ള അന്തരം ഇതില്‍ നിന്നു സ്പഷ്ടമല്ലേ?
കവിരേവ പ്രജാപതി
ചരിത്ര യാഥാര്‍ത്ഥ്യങ്ങളോട് ഒട്ടും സംബന്ധമില്ലാത്ത കൽപിത കഥയാണെങ്കില്‍ മഹാഭാരതത്തിന്റെ മാറ്റു കുറയുകയും മൂല്യം ഇടിയുകയും ചെയ്യുമെന്നു കരുതി ഭിന്നമായ ഒരു ധാരണയുണ്ടാക്കാന്‍ ഞാന്‍ തുനിയുകയില്ല. രാമായണ നായികയെപ്പറ്റി സ്വാമി വിവേകാനന്ദന്‍ പ്രകടിപ്പിച്ച വീക്ഷണം മഹാഭാരതത്തിനും യോജിക്കും. സീത ജീവിച്ചിരുന്നുവോ, അവരുടെ കഥ ചരിത്രമോ എന്നതൊന്നും പ്രശ്നമേയല്ല. എന്തായാലും സീതയിലൂടെ ആവിഷ്കരിക്കപ്പെടുന്ന ആദര്‍ശവല്‍കൃത വനിതയുടെ ചിത്രം ഭാരതീയ സംസ്കാരത്തിന്റെ തനിപ്പകര്‍പ്പാണെന്ന് വിവേകാനന്ദന്‍ ഉല്‍ബോധി പ്പിക്കുന്നു. ഇതു തന്നെയല്ലേ വ്യാസനില്‍ നിന്ന് ഉരുത്തിരിഞ്ഞ കഥാപുരുഷന്മാരുടേയും അവസ്ഥ? യുധിഷ്ഠിരനും ദുര്യോധനനും ഭീമനും ദുശ്ശാസനനും അയ്യായിരമോ മുവായിരമോ വര്‍ഷങ്ങള്‍ മുമ്പു ജീവിച്ചിരുന്ന മനുഷ്യരായാലും അല്ലെങ്കിലും നമുക്കു ചുറ്റും അവര്‍ ഇപ്പോഴും രക്തമാംസചൈതന്യങ്ങളോടെ ജീവിച്ചുവരുന്നുണ്ടെന്ന അനുഭവസത്യം ആരെങ്കിലും നിഷേധിക്കുമോ?
ഈ കാഴ്ചപ്പാടനുസരിച്ച് ഭാരതമഹാശില്‍പം പടുത്തുയര്‍ത്തിയ ഉദാത്ത പ്രതിഭയാണ് വാസ്തവത്തില്‍ മാനവ സമുദായത്തിന്റെ ഒന്നാമത്തെ ചിത്രകാരനും ചരിത്രകാരനും. പാത്രസൃഷ്ടിയിലൂടെ ആരാധനാ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കാന്‍ വ്യാസന്‍ ശ്രമിക്കുകയുണ്ടായില്ല. അതിനു തുനിയാഞ്ഞതല്ലേ മഹാഭാരതത്തിന് രാമായണത്തോളം പൂജനീയത കൈവരിക്കാന്‍ കഴിയാതെ പോയതിനു കാരണം?
ദുര്‍വൃത്തരും സദ് വൃത്തരും ഇടചേര്‍ന്നു കഴിയുന്ന യഥാതഥമായ ഒന്നാണ് വ്യാസന്റെ കഥാപ്രപഞ്ചം. വീരപുരുഷന്മാരുടെ വിക്രമങ്ങളോടൊപ്പം ചാപല്യങ്ങളും താളപ്പിഴകളും വ്യാസതൂലിക ചിത്രപ്പെടുത്തുന്നു. തത്വചിന്തയുടെ വെണ്ണക്കല്‍ മേടകളിലും പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളുടെ ചളികെട്ടിയ പടവുകളിലും ഒരുപോലെ സച്ഛന്ദം സഞ്ചരിക്കുന്ന കൂട്ടത്തിലാണ് ഭാരതകവിയുടെ ഭാവന. നാടിന്റെ നിറപ്പകര്‍ച്ചകള്‍ അവിടെ പ്രതിബിംബിക്കുകയും നാട്ടുകാരുടെ ഹൃദയമിടിപ്പുകള്‍ അനുരണനമേറ്റുകയും ചെയ്യുന്നു. ഓരോ ചലനവും അപൂര്‍വ്വ ചാതുരിയോടെ അണിനിരത്തി വിശ്വോത്തരമായ ഒരു ഇതിഹാസം നിര്‍മ്മിച്ചതോടൊപ്പം ഒരു മഹാരാജ്യത്തിന്റെ ശില്പി കൂടിയാകാന്‍ വ്യാസനല്ലാതെ മറ്റാര്‍ക്കു കഴിഞ്ഞിട്ടുണ്ട്! ഭൂമിശാസ്ത്രം അളന്നുതിരിച്ചതും രാഷ്ട്രതന്ത്രം സംവിധാനം ചെയ്തതുമായ ഇന്ത്യയുടെ സഷ്ടാക്കള്‍ ആരെല്ലാമായിരുന്നാലും നുൂറ്റാണ്ടുകളെ അതിജീവിച്ചതും ജീവത്തായ വിശ്വാസങ്ങള്‍ പുലര്‍ത്തുന്നതുമായ ഈ മഹാരാജ്യത്തിന് ഒരു ശില്പിയുണ്ടെങ്കില്‍ അത് മഹാഭാരതകര്‍ത്താവാണ്.
അപാരേ കാവ്യസംസാരേ കവിരേവ പ്രജാപതി യഥാസ്മൈ രോചതേ വിശ്വം തദേവം പരിവര്‍ത്തതേ.
കാലമെത്ര കടന്നുപോയാലും അഗ്നിപുരാണം ഉല്‍ഘോഷിക്കുന്ന ആ മഹാസത്യത്തിന്റെ കൂമ്പടയുമെന്നു തോന്നൂന്നില്ല. മഹാഭാരതത്തേയും രാമായണത്തേയും പോലെ അനുസ്യൂതമായും സമഗ്രമായും ബഹുജനമനോമണ് ലത്തെ സ്വാധീനിച്ച ഒരു ഗ്രന്ഥം മറ്റെവിടേയും എന്റെ അറിവിലില്ല. ഡിസ്കവറി ഓഫ് ഇന്ത്യയില്‍ നെഹ്റു പറയുന്നു; ഭാരത ജനതയുടെ ജീവിതത്തില്‍ ജീവത്തായ ശക്തിധാര പോലെ അവ ഇന്നും സ്പന്ദിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഏല്ലാം താര്‍ക്കികയുക്തിയോടെ
വ്യക്തി ജീവിതത്തിലോ സാമൂഹൃ ജീവിതത്തിലോ ഏതേതു പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നാലും ഈ ഇതിഹാസത്തിലേക്കു തിരിഞ്ഞു നോക്കുകയാണെങ്കില്‍ നമുക്ക് പ്രതിവിധിയുടെ വെളിച്ചം കണ്ടെത്തുവാന്‍ കഴിയും. പോം വഴി അടഞ്ഞു പോയ സാഹചര്യമാണെങ്കില്‍ തന്നെ സമചിത്തതയോടെ അതിനെ നേരിടുവാനും പ്രശ്നത്തിന്റെ ഞെരുക്കം സഹനീയമാക്കുവാനും ഇതു സഹായകമാവും. താര്‍ക്കിക യുക്തിയുടെ പിന്‍ബലമില്ലാതെയോ നീതിവല്ക്കരണത്തിന്റെ തലം വെളിപ്പെടുത്താതെയോ ഒരു കഥാസന്ദര്‍ഭവും മഹാഭാരതകാരന്‍ ആവിഷ്കരിച്ചിട്ടില്ല.
കുരുവംശം കുറ്റിയറ്റു പോകാതിരിക്കാന്‍ ഇതിഹാസ വേദിയില്‍ ആദ്യമായി വ്യാസന്‍ പ്രത്യക്ഷപ്പെടുന്ന അവസരം തന്നെ ഇതിനെ ദൃഷ്ടാന്തവല്‍ക്കരിക്കുന്നു. കുരുടനും പാണ്ഡനും ജന്മം നല്കുവാന്‍ സാത്വികനും നിസ്സംഗനുമായ മുനിശ്രേഷ്ഠന്‍ നിമിത്തമായതിലെ യുക്തിയും ഔചിത്യവും പിടികിട്ടാത്തവരായിരിക്കും അധികം പേരും. പശ്ചാത്തല വസ്തുതകളിലൂടെ അതില്‍ അന്തര്‍ഭവിച്ച അനിവാരൃത ബോദ്ധ്യപ്പെടുത്തുവാന്‍ ഗ്രന്ഥകാരന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വിധവകളായ രണ്ടു രാജ്ഞിമാരുടെ സൗന്ദര്യാതിരേകം മുനിയെ കാമചാപല്യത്തിനു പ്രേരിപ്പിച്ചതല്ല. സത്യവതിയുടെ സീമന്ത പുത്രനായ ഭീഷ്മര്‍ നിത്യബ്രഹ്മചരൃനിഷ്ഠയില്‍ പാറപോലെ ഉറച്ചു നില്‍ക്കുമെന്നു തെളിഞ്ഞ സന്ദര്‍ഭത്തില്‍ അമ്മയുടെ ആഗ്രഹവും ആജ്ഞയും നിറവേറ്റുവാന്‍ അദ്ദേഹം സന്നദ്ധനായെന്നേയുള്ളു. അംബികയും അംബാലികയും ഒരു സംവത്സരം നീണ്ടുനില്ക്കുന്ന വ്രതം അനുഷ്ഠിച്ചു വിശുദ്ധരായതിന് ശേഷം താന്‍ അവരെ പ്രാപിക്കുന്നതാണ് ഉചിതവും ഉത്തമവുമെന്ന് മുനി പറഞ്ഞു നോക്കി. പക്ഷേ, കാലവിളംബം ആപല്‍ക്കരമെന്നു കരുതിയ അമ്മ ആ നിര്‍ദ്ദേശത്തിനു വഴങ്ങിയില്ല. രാജഞിമാര്‍ക്കാകട്ടെ, വിരൂപനായ മുനിയോടു രമിക്കുവാന്‍ മടിയായിരുന്നു. ഇരുകൂട്ടരും മനഃ പ്രയാസത്തോടെ സത്യവതിയുടെ അനുജ്ഞയെ അനുസരിക്കുക മാത്രമാണു ചെയ്തത്. അംബികയുടെ ദാസി മുനിയെ സംഗമിച്ചതാകട്ടെ ഭക്തിപാരവശ്യത്തോടു കൂടിയും. അതില്‍ നിന്നു മഹാനായ ഒരു സന്താനം ജാതനാവുകയും ചെയ്തു; തത്വജ്ഞനായ വിദുരന്‍.
മാതാവിനു വേണ്ടി ബ്രഹ്മചര്യം ഉപേക്ഷിച്ച വ്യാസന്‍, പിതാവിനു വേണ്ടി രാജ്യം ഉപേക്ഷിച്ച നിത്യ ബ്രഹ്മചാരിയായ ഭീഷ്മര്‍, രണ്ടുപേരും ത്യാഗമനോഭാവത്തിന്റെ അതുല്യ മാതൃകകളല്ലേ? ബ്രഹ്മചര്യം തൃജിച്ചതിന്റേയും സ്വീകരിച്ചതിന്റേയും ഉപപത്തി സഹൃദയ ലോകത്തിനു സംശയാതീതമാക്കുവാന്‍ മഹാപ്രതിഭനായ ഗ്രന്ഥകാരനു ക്ലേശിക്കേണ്ടി വന്നില്ല. ഇതിനു തുല്യമായ പ്രാഗല്ഭ്യം കഥാമര്‍മ്മങ്ങളെ കൂട്ടിവിളക്കുന്നതിലും ഓരോന്നിനും തനതായ തിളക്കം കൈവരുത്തുന്നതിലും മഹാഭാരതകര്‍ത്താവ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ദുരഭിമാനമോ ആഭിജാതൃ ബോധമോ ഒട്ടും ഇല്ലാതെ, സ്വന്തം ദോഷവശങ്ങള്‍ ലോകദൃഷ്ടിയില്‍ നിന്നു മറച്ചു പിടി ക്കാന്‍ ശ്രമിക്കാതെ, തന്നെ സംബന്ധിക്കുന്ന സത്യങ്ങള്‍ ധീരധീരം പ്രഖ്യാപിച്ച ഈ കവിവേധസ്സിന്റെ മുന്‍പില്‍ ഏതു സഹൃദയ ശിരസ്സാണ് അവനമ്ര മാകാതിരിക്കുക? പൊങ്ങച്ചവും പുറംപൂച്ചും മുഖമുദ്രകളാക്കിയ കപട കലാകാരന്മാര്‍ക്ക് എക്കാലവും ഒരു സാധനപാഠമായിരിക്കും വ്യാസന്റെ വ്യക്തിത്വം. കറുമ്പനും കൃശഗാത്രനും ജടപിടിച്ചവനുമാണെന്നു മാത്രമല്ല, വിരൂപനും ദുര്‍ഗ്ഗന്ധം വമിക്കുന്നവനും കൂടിയായ ഒരു മനുഷ്യന്‍.
"വിരൂപഃ സുഗന്ധേതരഗന്ധഃ ദുര്‍വര്‍ണ്ണഃ" - ഇവയാണ് തന്റെ ആകാരം വര്‍ണ്ണിക്കുവാന്‍ അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍. അതിവിനയത്തിന്റെ കാപട്യമെന്ന് ഇതിനെ ആരെങ്കിലും പരിഗണിക്കുമോ? ആത്മപ്രശംസയെന്നു തോന്നത്തക്ക വണ്ണം സ്വകൃതിയുടെ വൈശിഷ്ട്യം വിശദമാക്കാന്‍ ഔത്സുക്യം കാട്ടിയ ഒരു സര്‍ഗ്ഗചേതന തീര്‍ച്ചയായും അങ്ങനെയൊരാരോപണം അര്‍ഹിക്കുന്നില്ല.
വിജ്ഞാനത്തിന്റെ പ്രകാശധാര
കൃഷ്ണദ്വൈപായന വ്യാസന്‍ എന്ന പരാശരപുത്രന്റെ വിരൂപമായ ഭൗതികഗാത്രം കാലത്തിന്റെ യവനികയില്‍ മറഞ്ഞു നില്‍ക്കുകയാണെങ്കിലും തല്‍സ്ഥാനത്ത് ആ മുനിവര്യന്റെ സൌന്ദര്യ സമുജ്ജ്വലമായ ആത്മശരീരം തലമുറകളുടെ മനോഭിത്തിയില്‍ മായാതെയും മങ്ങാതെയും മിന്നിത്തിളങ്ങുന്നു. ആ ആകാര സൗഷ്ഠവത്തെ പ്രകീര്‍ത്തിക്കുന്ന പ്രസിദ്ധമായ അഭിവാദന ഗീതം ശ്രദ്ധിക്കുക:
നമോസ്തു തേ വ്യാസ, വിശാലബുദ്ധേ! ഫുല്ലാരവിന്ദായതപത്രനേത്ര! യേന ത്വയാ ഭാരതതൈലപൂര്‍ണ്ണഃ പ്രജ്വാലിതോ ജ്ഞാനമയപ്രദീപഃ
( വിശാല ബുദ്ധിയും വിടര്‍ന്ന താമരയുടെ നീണ്ട ദളങ്ങള്‍ പോലെ മനോജ്ഞമായ നയനങ്ങളോടു കൂടിയവനുമായ വ്യാസമഹര്‍ഷേ! അങ്ങയ്ക്കു നമസ്‌കാരം! അങ്ങാണല്ലോ മഹാഭാരതമാകുന്ന എണ്ണനിറച്ച് ജഞാനരൂപമായ വിളക്കു പ്രകാശിപ്പിച്ചത് ).
നൂറ്റാണ്ടുകള്‍ക്കുമുമ്പ് വ്യാസന്‍ കൊളുത്തി വച്ച ആ വിജ്ഞാന സമ്പത്തിന്റെ പ്രകാശമല്ലേ ഭാരത സംസ്‌കാര മഹത്വത്തിന്റെ അനശ്വരമായ ആധാരം? വൈജ്ഞാനിക മേഖലയില്‍ പ്രാചീനഭാരതം സ്വായത്തമാക്കിയ നേട്ടങ്ങള്‍ സമസ്ത ലോകത്തിന്റേയും വിസ്മയാദരപൂര്‍വ്വമായ നമോവാകത്തിനു പാത്രമായിട്ടുണ്ട്. ആ പൂര്‍വ്വാര്‍ജ്ജിത മൂല്യങ്ങളുടെ രത്നഖനിയിലേക്ക് വ്യാസമഹാഭാരതം നമ്മെ കുട്ടിക്കൊണ്ടുപോകുന്നു. അതിന്റെ കവാടങ്ങളില്‍ അടിഞ്ഞുകൂടിയ ഇരുള്‍ച്ചുരുളുകള്‍ നീക്കി മലയാളിജനതയുടെ അവധാരണ മാര്‍ഗ്ഗം സുഗമവും ദീപ്തവുമാക്കുന്ന ടോര്‍ച്ച്ലൈറ്റാണ് ആഹ്ളാദവായ്പോടും അഭിമാനത്തികവോടും കൂടി ഞാന്‍ അവതരിപ്പിക്കുന്ന വിദ്വാന്‍ കെ. പ്രകാശത്തിന്റെ ഈ ഗദ്യവിവര്‍ത്തന ശില്പം.
സുകുമാരന്‍ പൊറ്റെക്കാട്ട്
കലൂര്‍, കൊച്ചി -17.
പ്രസാധകക്കുറിപ്പ്
വിദ്യാര്‍ത്ഥിമിത്രം
വേദവ്യാസന്റെ മൊഴികള്‍ക്കൊപ്പം ഗണപതിയുടെ എഴുത്താണി ചലിച്ചതോടെ മഹാഭാരതം രൂപം കൊണ്ടു എന്നാണ് ഐതിഹ്യം. ആദിപര്‍വ്വം മുതല്‍ സ്വര്‍ഗ്ഗാരോഹണ പര്‍വ്വം വരെ പതിനെട്ടു പര്‍വ്വങ്ങളിലായി ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ശ്ലോകങ്ങളാണിതില്‍. കൂടാതെ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതകഥ മുഴുവന്‍ പ്രതിപാദിക്കുന്ന ഹരിവംശപര്‍വ്വം, വിഷ്ണുപര്‍വ്വം, ഭവിഷ്യല്‍പര്‍വ്വം എന്നിവ അനുബന്ധങ്ങളായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വിശ്വമഹാകാവ്യങ്ങളൊന്നും മഹാഭാരതത്തോളം വലുതല്ല. സൂക്ഷ്മമായി അപഗ്രഥിച്ചാല്‍, മഹാഭാരതത്തില്‍ പ്രതിപാദിക്കാത്ത വിഷയങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നു കാണാം.
ഭാരതത്തിന്റെ ആദ്യ ചക്രവര്‍ത്തിയായി ഉല്‍ഘോഷിക്കപ്പെടുന്ന ഭരതന്റെ പിന്‍തലമുറക്കാരായ രണ്ടു കൈവഴിയിലുള്ള രാജകുമാരന്മാര്‍ തമ്മില്‍ നടന്ന ഭയങ്കരയുദ്ധവും അതില്‍ നിന്നുരുത്തിരിയുന്ന ധര്‍മ്മ സംഹിതയുമാണ് മഹാഭാരതത്തില്‍ ഉന്മീലനം ചെയ്യുന്നത്. മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പദാനുപദ വിവര്‍ത്തനമാണ് ഈ രംഗത്തെ പ്രഥമ കാല്‍വെപ്പ്. എന്നാല്‍ വ്യാസമഹാഭാരതം സാധാരണക്കാര്‍ക്കു കൂടി സുഗ്രാഹ്യമായ വിധത്തില്‍ മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ഒരു സമ്പൂര്‍ണ്ണ ഗദ്യ വിവര്‍ത്തനം ഉണ്ടാകുന്നത് പരേതാത്മാവായ വിദ്വാന്‍ കെ. പ്രകാശം സമര്‍പ്പിത മനോവൃത്തിയോടു കൂടി ഉദ്യമിച്ചപ്പോഴാണ്. നാല്പതു വാള്യങ്ങളായി വ്യാസമഹാഭാരതം മുഴുവന്‍ സമ്പൂര്‍ണ്ണ ഗദ്യത്തില്‍ അദ്ദേഹം തയ്യാറാക്കി. സമുന്നത വിമര്‍ശകനും പണ്ഡിതാഗ്രണിയുമായ കുട്ടികൃഷ്ണമാരാരുടെ അവതാരികയോടെ 1968-ല്‍ പ്രഥമപതിപ്പ് ഗ്രന്ഥകാരന്‍ സ്വന്തം നിലയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. സമാദരണീയമായ ഒരു മഹത് സംരംഭം എന്ന നിലയിലാണ് പണ്ഡിതന്മാര്‍ ഇതിനെ വീക്ഷിച്ചത്. 1986-ല്‍ എസ്.പി.സി.എസ്. ഡമ്മി 1/8 സൈസില്‍ 10 വാള്യങ്ങളായി ഇതു പുനഃപ്രകാശനം ചെയ്തു.
1986 -നു ശേഷം വ്യാസമഹാഭാരതത്തിന്റെ കോപ്പികള്‍ ലഭ്യമല്ല. നാനാഭാഗത്തു നിന്നും അന്വേഷണങ്ങള്‍. ഈ സാഹചര്യത്തിലാണ് ഉത്തമമായ ഈ ഗ്രന്ഥം കാലോചിതമായി പരിഷ്കരിച്ച് കുറ്റമറ്റ ഒരു പുതിയ പതിപ്പ് പ്രസിദ്ധപ്പെടുത്താന്‍ വിദ്യാര്‍ത്ഥിമിത്രം നിശ്ചയിച്ചത്. ഇത്തരം ഒരു ഗ്രന്ഥത്തിന്റെ അനിവാര്യത കണക്കിലെ ടുത്തു കൊണ്ടാണ് ഞങ്ങള്‍ ഇപ്പോള്‍ ഈ പുതിയ പതിപ്പു പ്രകാശനംചെയ്യുന്നത്. ഇക്കാരൃത്തില്‍ പ്രകാശത്തിന്റെ പുത്രനും പ്രശസ്ത അഭിഭാഷകനും സഹൃദയനുമായ ശ്രീ കെ.പി. വിജയന്‍ കലവറയില്ലാത്ത സഹകരണം ഞങ്ങള്‍ക്കു നല്‍കിപ്പോന്നിട്ടുണ്ട്. നന്ദി എന്ന രണ്ടക്ഷരത്തില്‍ ഒതുക്കാനാവാത്ത കടപ്പാട് ഞങ്ങള്‍ക്ക് അദ്ദേഹത്തോടുണ്ട്. ഈ ഋണഭാരം ഹൃദയത്തില്‍ തന്നെ സൂക്ഷിക്കട്ടെ.
പണ്ഡിതനും വിമര്‍ശകനുമായിരുന്ന കൊടുപ്പുന്ന ഗോവിന്ദ ഗണകന്‍ സംശോധിച്ച് പിഴ തീര്‍ത്ത പതിപ്പാണ് ഞങ്ങള്‍ അച്ചടിക്കായി സ്വീകരിച്ചിരിക്കുന്നത്. പ്രൗഢവും ഉജ്ജ്വലവുമായ ഒരവതാരിക കൊണ്ട് ഇതിനെ ധന്യമാക്കിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരനും പ്രതപ്രവര്‍ത്തകനായ ശ്രീ. സുകുമാരന്‍ പൊറ്റെക്കാടുമാണ്. ഇവരിരുവരോടും ഞങ്ങള്‍ കടപ്പെട്ടവരാണ്.
മുന്നു വാള്യങ്ങളായാണ് വിദ്യാര്‍ത്ഥിമിത്രം ഈ ബൃഹദ്ഗ്രന്ഥം കമ്പ്യൂട്ടറൈസ്ഡ് ടൈപ്പ് സെറ്റിങ്ങില്‍ മനോഹരമായ ബയന്റിംഗോടു കൂടി പ്രസിദ്ധീകരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് എല്ലാവരുടേയും കൈകളില്‍ ഈ മഹത് ഗ്രന്ഥം എത്തിക്കുക, അതിലൂടെ അഭികാമ്യമായ ഒരു സാംസ്കാരിക ദൗത്യം നിര്‍വ്വഹിക്കുക എന്നതായിരുന്നു ഇക്കാര്യത്തില്‍ ഞങ്ങള്‍ അവലംബിച്ചത്.
സമര്‍പ്പിത ചേതസ്സായ ഒരു വലിയ മനസ്സിന്റെ വര്‍ഷങ്ങളോളമുള്ള അശ്രാന്തപരിശ്രമം ഈ ഗ്രന്ഥനിര്‍മ്മിതിക്കു പിന്നിലുണ്ട്. ആ അഭിമാനവും, കാലം ആവശ്യപ്പെടുന്ന അനിവാര്യതയും കണക്കിലെടുത്തു കൊണ്ട് തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ പ്രബുദ്ധരായ അനുവാചകരുടെ മുമ്പില്‍ ആദരപൂര്‍വം വ്യാസമഹാഭാരതത്തിന് വിദ്വാന്‍ കെ. പ്രകാശം തയ്യാറാക്കിയ സമ്പൂര്‍ണ്ണ ഗദ്യ വിവര്‍ത്തനത്തിന്റെ പ്രഥമവാള്യം ഞങ്ങള്‍ സാദരം സമര്‍പ്പിക്കുന്നു.
കോശി. പി. ജോണ്‍, വിദ്യാര്‍ത്ഥിമിത്രം നവംബര്‍ ; 2002. പ്രസാധകന്‍
വിദ്വാൻ കെ. പ്രകാശം [1909 - 1976]
കൊല്ലവര്‍ഷം 1084 മിഥുനം 9-ന് തൃശൂര്‍ താലൂക്കിലെ കാരമുക്കു വില്ലേജ്, പാലാഴിദേശത്ത് കുനത്ത് കുട്ടാപ്പുവിന്റെയും കുഞ്ഞിപ്പാറുവിന്റെയും പ്രഥമപുത്രനായി പ്രകാശം ഭൂജാതനായി. മണലൂര്‍ ലോവര്‍ സെക്കണ്ടറി സ്‌കൂളിലും കണ്ടശ്ശാംകടവ് ഗവണ്മെന്റ് ഹൈസ്കൂളിലും പഠിച്ചു. തൃശൂര്‍ ആര്‍ട്ട്സ് സ്‌കൂളില്‍ ചിത്രരചന അഭ്യസിച്ച്, മദ്രാസ് ഗവണെന്റിന്റെ അതു സംബന്ധിച്ച പരീക്ഷകള്‍ പാസ്സായി. 1935-ല്‍ മ്രദാസ് സര്‍വ്വകലാശാലയുടെ മലയാളം വിദ്വാന്‍ പരീക്ഷയില്‍ പ്രശസ്തമായ വിജയം കരസ്ഥമാക്കി.
1935-ല്‍ തന്നെ നെന്മാറ ഹൈസ്ക്കൂളിലെ മലയാള പണ്ഡിതനായി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിതനായി. ഞാറയ്ക്കല്‍, കുന്ദംകുളം, എറണാകുളം, പെരിങ്ങോട്ടുകര, കണ്ടശ്ശാംകടവ്, മണലൂര്‍ എന്നീ ഹൈസ്‌ക്കൂളുകളിലും; രാമവര്‍മ്മപുരം ട്രെയിനിങ് സ്‌കൂളിലും സേവനമനുഷ്ഠിച്ചു. 1965-ല്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ചു.
ഒരു കവി എന്ന നിലയിലാണ് പ്രകാശം പ്രസിദ്ധനായത്. അദ്ദേഹത്തിന്റെ തക്ലിഗാഥ്, ചക്രഗാഥ, ബാഷ്പവര്‍ഷം, പ്രകൃതി, യുദ്ധക്കളം, നേതാജി എന്നീ കവിതകള്‍ വിഖ്യാതങ്ങളാണ്. പ്രകൃതി, ഗ്രാമീണ കുസുമങ്ങള്‍, മിന്നല്‍പ്പിണരുകള്‍, പ്രണയ പ്രകര്‍ഷം, പ്രേമാഞ്ജലി എന്നീ കവിതാ സമാഹാരങ്ങളും, പുസ്തകരൂപത്തില്‍ വരാത്ത നിരവധി കവിതകളും പ്രകാശം രചിച്ചിട്ടുണ്ട്. ഗദ്യപുസ്തകങ്ങള്‍ ലോകാവലോകം, വിജയകുമാരി, ജീന്‍വാല്‍ജീന്‍ ( പാവങ്ങളുടെ സംഗ്രഹം ), ഡേവിഡ് കോപ്പര്‍ഫീല്‍ഡ് (സംഗ്രഹിച്ചു പരിഭാഷപ്പെടുത്തിയത്), റിപ്വാന്‍വിങ്കിള്‍ എന്നിവയാണ്. കുട്ടികള്‍ക്കായി ഷേക്സ്പിയര്‍ കഥകള്‍ എന്ന പേരില്‍ ഷേക്സ്പിയറുടെ പ്രധാനപ്പെട്ട മുപ്പതു നാടകങ്ങളുടെ കഥ സംഗ്രഹിച്ചു തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഇനിയും അതു പ്രസിദ്ധീകരിച്ചിട്ടില്ല.
1962-ല്‍ തന്റെ പുത്രി സത്യഭാമയുടെ അപകടമരണത്തെ തുടര്‍ന്ന് ഭാരതപാരായണത്തില്‍ കൂടുതല്‍ തല്പരനായി. മനസ്സില്‍ ഉറഞ്ഞുകൂടിയ ഏകാന്തദുഃഖം, വ്യാസമഹാഭാരതം ലളിത മലയാള ഗദ്യത്തില്‍ തര്‍ജ്ജമചെയ്യാനുള്ള പ്രേരണ നല്കി. വ്യാസമഹാഭാരതം ഒന്നാം പതിപ്പ് ക്രൗണ്‍ 1/8 സൈസില്‍ 40 വാള്യങ്ങളായാണ് പ്രസിദ്ധീകരിച്ചത്. ഒന്നാം വാള്യം 1968-ലും, നാല്പതാം വാള്യം 1972-ലും പ്രസിദ്ധീകരിച്ചു. 1986-ല്‍ എസ്.പി.സി.എസ്. ഇത് ഡമ്മി 1/8 സൈസില്‍ പത്തു വാള്യമായി പുനഃപ്രകാശനം ചെയ്തു.
ആയുര്‍വ്വേദത്തില്‍ അഗാധ പാണ്ഡിത്യമുള്ള ആളായിരുന്നു പ്രകാശം. ഏറ്റവും പ്രിയപ്പെട്ട ഹോബി സാഹിത്യരചന കഴിഞ്ഞാല്‍, ജ്യോതിഷമായിരുന്നു. ജ്യോതിഷത്തില്‍ അസാമാന്യ പാണ്ഡിത്യം സ്വപ്രയത്നം കൊണ്ടു. നേടി. മലയാളത്തില്‍ ബൃഹത്തായൊരു ജ്യോതിഷഗ്രന്ഥം എഴുതണമെന്നാണ് മഹാഭാരത പരിഭാഷയ്ക്കു ശേഷം ആഗ്രഹിച്ചിരുന്നത്. രണ്ടായിരത്തില്‍പ്പരം പേജുകള്‍ വരുന്ന ജ്യോതിഷ സംബന്ധിയായ ഒരു ആധികാരിക ഗ്രന്ഥം രചിക്കുവാന്‍ ഉദ്ദേശിച്ചു . തുടങ്ങിയ ആ സംരംഭം പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. നൂറോളം പേജുകള്‍ എഴുതിത്തീര്‍ന്നപ്പോഴേക്കും രോഗബാധിതനായി. 1976 ആഗസ്റ്റ് 30-ഠം തീയതി അദ്ദേഹം ദിവംഗതനായി.
ഗുരുവായുരിനടുത്തുള്ള പേരകത്ത് അയിനിപ്പുള്ളി രാവുണ്ണിയുടെ മകള്‍ ദേവകിയായിരുന്നു പ്രകാശത്തിന്റെ സഹധര്‍മ്മിണി. അവര്‍ 1982-ല്‍ അന്തരിച്ചു. ഈ ദമ്പതിമാരുടെ മക്കളായി ഒമ്പതു പേര്‍ - നാല്‍ ആണ്‍മക്കളും, അഞ്ച് പെണ്‍മക്കളും ഉണ്ട്.
1140 ചിങ്ങ മാസത്തില്‍ പുരാടം നാളില്‍, എന്റെ പ്രിയപുത്രി സത്യഭാമ ഐഹികജീവിതം വെടിഞ്ഞു. ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം അതോടെ അന്ധകാരത്തിലാണ്ടു പോയി.
തിരിച്ചെടുക്കപ്പെട്ട ആ സുകുമാര ചേതനയുടെ സ്മാരകമായി, ക്ഷണികമായ മനുഷ്യ ജീവിതത്തിന്റെ പ്രതിബിംബത്തിലൂടെ അനശ്വരതയെ കാണിച്ചു തരുന്ന വിശ്വോത്തര കൃതി അശക്തനായ ഈ അച്ഛന്‍ അശക്തമായ തൂലികയാല്‍, ജീവിത വേദനയ്ക്കു ഒരു സമാശ്വാസം ലഭിക്കുന്നതിന് വേണ്ടി, വിവര്‍ത്തനം ചെയ്യുകയാണ്. മകളേ, ദുര്‍ബ്ബലനായ ഈ അച്ഛന്‍ നിനക്കുവേണ്ടി ഇതിനേക്കാള്‍ മേന്മയേറിയ ഒരു സ്മാരകം നിര്‍മ്മിക്കുവാനുള്ള കെല്പില്ല.
15.01.1969 കെ. പ്രകാശം
No comments:
Post a Comment