Friday, November 29, 2019

സാംഖ്യ ശാസ്ത്രം

ശ്രീ മഹാഭാഗവതത്തിൽ വിളങ്ങുന്ന ഒരു മഹാരത്നമാണ് കാപിലമെന്നു് മഹാജ്ഞാനികൾ വെളിപ്പെടുത്തുന്നു. പുരുഷൻ, പ്രകൃതി, ജിവൻ എന്നീ മുന്നിന്റെ സ്വരൂപങ്ങളേയും, സംയോഗത്തേയും കുറിപ്പ് വ്യക്തമായി പ്രതി പാതിയ്ക്കുകയും, സ്ഥിരീകരിയ്ക്കുകയും, മറ്റുള്ളവർക്കു ഉപദേശിച്ചു കൊടുക്കുകയും ചെയ്യുന്നതിനു വേണ്ടി,  ബ്രഹ്മശരീരത്തിൽ  നിന്നും രണ്ടു രൂപമായിഭവിച്ച ബ്രഹ്മസ്വരൂപങ്ങളായ, സ്വയംഭൂവമനുവിന്റെയും, ശതരൂപയുടേയും പുത്രിയായ ദേവഹൂതിയും, ബ്രഹ്മാവിൽ നിന്നു തന്നെ ജന്മമെടുത്ത കർദ്ദമപ്രജാപതിയും (കർദ്ദമ മഹർഷി) തമ്മിൽ വിവാഹിതരാവുകയും, ഈ ദമ്പതികളുടെ പുത്രനായിട്ട് ഭഗവാൻ മഹാവിഷ്ണു കപില മഹർഷിയായി അവതരിച്ച്, ആ കപില മഹർഷിയാൽ രൂപപ്പെടുത്തിയ ശാസ്ത്രത്തെ സാംഖ്യ ശാസ്ത്രം (കാപിലം) എന്നു പറയുന്നു.

മഹാഭാഗവതത്തിൽ തൃതീയ സ്കന്ദത്തിൽ ഇരുപത്തിയാറാം അദ്ധ്യായം മുതൽ, സ്വമാതാവായ ദേവഹൂതിയ്ക്ക് ഭഗവാൻ കപിലമഹർഷി ഇപദേശിയ്ക്കുന്നതായിട്ടാണ് സാംഖ്യശാസ്ത്രം തുടങ്ങുന്നത്. ഭാഗവതത്തിൽ ഇത്രാമത്തെ സ്കന്ദത്തിൽ ഇത്രാമത്തെ അദ്ധ്യായത്തിൽ ഇങ്ങനെ ഒരു ശാസ്ത്രം തുടങ്ങുന്നു എന്നെല്ലാം ഇവിടെ എഴുതുന്നുണ്ടെങ്കിലും, ഭാഗവതം എന്ന പേരു കേൾക്കുകയും, ഭാഗവത സപ്താഹം നടക്കുന്നിടത്തു പോയി അല്പസ്വല്പം എന്തെങ്ങിലുമൊക്കെ കേൾക്കുന്നതും, TV യിൽ നടക്കുന്ന ഭാഗവത പരമ്പര എപ്പോഴെങ്കിലുമൊക്കെ കാണുന്നതും, കേൾക്കുന്നതുമൊഴിച്ചാൽ, ഇന്നു ജീവിയ്ക്കുന്നതിൽ രണ്ടു ശതമാനമാളുകൾ ക്കെങ്കിലും ഭാഗവതത്തെക്കുറിച്ച് എന്തെങ്കിലും അറിയാമോയെന്ന് സംശയമാണ്. ആയതിനാൽ ഭാഗവതത്തിലുള്ള ഏതെങ്കിലും ഒരു ഭാഗത്തെക്കുറിച്ച് മനസ്സിലാക്കണമെങ്കിൽ, ഭാഗവ തത്തെക്കുറിച്ച് അല്പം മനസ്സിലാക്കിയിരിയ്ക്കണമെന്നത് അത്യാവശ്യമായതിനാൽ ആ ഒരുശ്രമം അധികമാവില്ല എന്നുകരുതുന്നു.

സത്ചിത് ആനന്ദ സ്വരൂപ നായ ഭഗവാനെകുറിച്ച് വർണ്ണിയ്ക്കുന്നതിനെ ഭാഗവതം എന്നു പറയുന്നു. എന്നു പറഞ്ഞാൽ ഭാഗവതം എന്ന വാക്കിന്റെ അർത്ഥം ഭഗവൽസ്വരൂപം എന്നുതന്നെ. സർവ്വ ശാസ്ത്ര ഫലസ്വരൂപവും, ആഗ്രഹിയ്ക്കുന്നതിനെ ലഭ്യമാക്കുന്ന കല്പകവൃക്ഷമെന്നറിയപ്പെടുന്ന വേദത്തിന്റെ സംഗ്രഹവുമാണ് ഭാഗവതം എന്ന് വിദ്വാന്മാർ അവകാശപ്പെടുന്നു. ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം എന്നീ ആറു ഗുണങ്ങളുടെ പൂർണ്ണതയെ  ഭഗവാൻ  എന്നു പറയുന്നു. അനന്തകോടി ബ്രഹ്മാണ്ഡങ്ങളെ സൃഷ്ടിച്ച് രക്ഷിച്ച് സംഹരിയ്ക്കുന്ന ഭഗവാനെ കുറിച്ച് ഇത്രയധികം വർണ്ണനകളുള്ളതും, പുരാണങ്ങളിൽ പ്രധമസ്ഥാനം അലങ്കരിയ്ക്കുന്നതുമായ ഭാഗവതാമൃതത്തെ അല്പമെങ്കിലും ആസ്വദിയ്ക്കണമെങ്കിൽ, സർവ്വശക്തനായ നിന്തിരുവടിയുടെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമേ സാദ്ധ്യമാവുകയുള്ളു. വ്യാസപുത്രനായ ശ്രീ ശുകബ്രഹ്മർഷിയുടെ മുഖത്തിൽ നിന്നും നിർഗ്ഗളിച്ച്, ഭൂലോകം മുഴുവൻ വ്യാപിച്ച് സുഗന്ധം പരത്തുന്ന ഈ ഭാഗവത പുഷ്പത്തിന്റെ സുഗന്ധത്തിൽ ലയിച്ചുചേരാൻ സാധിച്ചാൽ ജന്മസാഫല്യമായ മോക്ഷം പ്രാപ്തമാകുമെന്നു് മുനിശ്രേഷ്ടനായ ഭഗവാൻ വേദവ്യാസൻ ഭാഗവതത്താൽ വ്യക്തമാക്കിയിരിയ്ക്കുന്നു.

ഭാഗവതത്തെ കുറിച്ചറിയണമെങ്കിൽ ഭാഗവതത്തിന്റെ ഉത്ഭവമറിയണം. അതിനായി ഭൂമിയുടെ ഉല്പത്തി അറിയണം. ഭൂമിയുടെ ഉല്പത്തിയെക്കുറിച്ച് ഭാഗവതംതന്നെ രേഖപ്പെടുത്തിയിരിയ്ക്കുന്നത്, ഭൂമിയ്ക്ക് ഉല്പത്തിയില്ല, വിനാശം മാത്രമേ ഉള്ളു എന്നാണ്. ആയതിനാൽ ഉല്പത്തി സ്ഥാനത്തേയ്ക്ക് ഒരു പ്രളയത്തെയാണ് നിശ്ചയിച്ചിരിയ്ക്കുന്നത്. അതായത് ത്രിലോകവും മുടപ്പെട്ട ജലപ്രളയത്തിൽ, ത്രിലോകത്തിലേയും സർവ്വതും നശിയ്ക്കപ്പെട്ടു. ഏകനായ ഭഗവാൻ മാത്രം അവശേഷിച്ചു. ആദിനാരായണൻ എന്നറിയപ്പെടുന്ന ആ ഭഗവാൻ സ്വസ്ഥാനമായ ജലത്തിൽ അനന്തശയ്യമേൽ യോഗനിദ്രയേ സ്വീകരിച്ചിരിയ്ക്കെ ഭഗവാൻ സ്വയം ചിന്തിച്ചു. ഇങ്ങനെ ഏകനായി ഇരുന്നിട്ട് ഒരു കാര്യവുമില്ല. ലോകത്തെ സൃഷ്ടിയ്ക്കണമെന്നു തീരുമാനിച്ചു. അങ്ങനെ ലോക സൃഷ്ടിയ്ക്കായി തന്റെ പുക്കിളിൽ കൂടി ഉത്ഭവിച്ചതായ താമരയിൽ ബ്രഹ്മാവിന് സൃഷ്ടിനൽകി. ബ്രഹദേവൻ കണ്ണുതുറന്നു നോക്കിയപ്പോൾ, പറയാനും, അറിയാനും, ചിത്തിയ്ക്കാനും സാധിയ്ക്കാത്ത അത്ര വലിപ്പമുള്ള, മൂന്നു ലോകങ്ങളും നിറയത്തക്കതായ വലിപ്പമുള്ള ഒരു താമരയിൽ താൻ മാത്രം ഏകനായി ഇരിയ്ക്കുന്നു. നാലദിക്കും തിരിഞ്ഞു നോക്കി, ആരേയും കണ്ടില്ല. എന്നാൽ നാലു ദിക്കിലേയ്ക്കും ഒരേ സമയം നോക്കാൻ പാകത്തിന് നാലു മുഖമുണ്ടായി.

അപ്പോൾ ചിത്തിച്ചു ഞാനെങ്ങനെയുണ്ടായി. എന്റെ സൃഷ്ടിയുടെ ഉത്തരവാദി ആരാണ്. ഇതറിയുന്നതിനുള്ള ആകാംക്ഷയോടെ അന്വേഷണം ആരംഭിച്ചു. നാലുഭാഗത്തും ആരേയും കാണാതെ വന്നപ്പോൾ, താമരയുടെ തണ്ടിക്കൂടി താഴോട്ടിറങ്ങി അന്വേഷണം തുടങ്ങി. ഇങ്ങിനെ ഏതാണ്ട് നൂറു വർഷക്കാലം അന്വേഷിച്ചിട്ടും ഒന്നും മനസ്സിലാക്കാൻ കഴിയാതെ വന്നപ്പോൾ, വീണ്ടും താമരയിൽ കയറി ഇരുന്നു ആലോചന തുടങ്ങി. അപ്പോൾ എവിടെനിന്നോ ഒരുശബ്ദം കേട്ടു.   തപ തപ യെന്ന്. അപ്പോൾ തന്നോടു തപസ്സു ചെയ്യാനാണ് പറഞ്ഞതെന്ന് മനസ്സിലാക്കി വളരെക്കാലം തപസ്സനുഷ്ടിച്ചതിനു ശേഷം, സൃഷ്ടിയേക്കുറിച്ച് ആലോചിച്ചിരിയ്ക്കുമ്പോൾ അസഹ്യമായ ഒരുകാറ്റിൽ താനിരിയ്ക്കുന്ന താമര ജലത്തിൽ ഇളകുന്നതായി അനുഭവപ്പെട്ടു. അപ്പോൾ തന്റെ തപോ ബലത്താൽ കാറ്റിനേയും, ജലത്തേയും തന്നിൽതന്നെ ഒതുക്കി ധ്യാനനിരത നായി.

അപ്പോൾ ഭഗവാന്റെ അരുളപ്പാടുണ്ടായി. സൃഷ്ടിയ്ക്കു വേണ്ടതെല്ലാം  വേദസഹിതം   അങ്ങയുടെ സൃഷ്ടിയ്ക്കു മുമ്പുതന്നെ ഞാൻ അങ്ങയിൽ നിക്ഷേപിച്ചിട്ടുള്ളതുകൊണ്ട് അങ്ങ് സൃഷ്ടി ആരംഭിച്ചു കൊള്ളുകയെന്നും, പോരാതെ വരുന്നതിനായി എന്റെ ഈ ഉപദേശത്തെ സാവധാനം ശ്രദ്ധിച്ചു മനസ്സിലാക്കി കൊള്ളുക എന്നും പറഞ്ഞു കൊണ്ട്  ചതുർശ്ലോകീ ഭാഗവതം  എന്നറിയപ്പെടുന്ന നാലുശ്ലോകങ്ങളെ ഉപദേശിച്ചു കൊടുത്തു. ജലം വറ്റിയതിനുശേഷം താമരമാത്രം അവശേഷിച്ചു. മൂന്നു ലോകമോ, പതിന്നാലു ലോകമോ സൃഷ്ടിയ്ക്കാൻ മാത്രം വലിപ്പമുള്ള ആ താമരയിൽ സൃഷ്ടിയേക്കുറിച്ച് ആലോചിച്ചിരിയ്ക്കേ, പ്രളയത്തിനു മുൻപുണ്ടായിരുന്ന ലോകത്തിന്റെ രുപം തെളിഞ്ഞു കണ്ടു. അങ്ങനെ വീണ്ടും സൃഷ്ടി ആരംഭിച്ചു. അങ്ങനെ ഭഗവാൻ ഉപദേശിയ്ക്കപ്പെട്ട നാലുശ്ലോകത്തിൽ നിന്നുമാണ് ഭാഗവതമുണ്ടായിട്ടുള്ളതെന്ന് ഭാഗവതത്തിൽ നിന്നും മനസ്സിലാകുന്നു. അങ്ങനെ ബ്രഹ്മദേവൻ  ചതുർശ്ലോകീഭാഗവതം  സ്വപുത്രനായ നാരദമഹർഷിയ്ക്ക് ഉപദേശിച്ചു കൊടുത്തു.

വേദാന്ത ശാസ്ത്രമാകുന്ന ഉപനിഷത്തുകളിൽ, പ്രസിദ്ധമായ ദശോപനിഷത്തുകളിലെ തത്വങ്ങളെ, സാധാരണക്കാർക്കു മനസ്സിലാകുന്ന രീതിയിൽ രുപപ്പെടുത്തിയിട്ടുള്ളതിനെ ദർശനങ്ങൾ എന്നു പറയുന്നു. മീമാംസ, ന്യായം, വൈശേഷികം, സാംഖ്യം, യോഗം, ജ്ഞാനം എന്നിവയാണ് ഷൾ ഭർശനങ്ങളെന്നറിയപ്പെടുന്നവ. ഭൂമിയേയും, ജീവനേയും, (സൃഷ്ടികൾ) ഇവയെ നിയന്ത്രിയക്കുന്ന ഈശ്വരനേയും കുറിച്ചുള്ള നിരൂപണങ്ങളും, സിദ്ധാന്തങ്ങളുമെല്ലാമാണ് ഇതിലെ ഉള്ളടക്കം. ഈ ആറെണ്ണത്തിലും പ്രതിപാതന രീതിയിൽ വ്യത്യാസം ഉണ്ടെങ്കിലും, ലക്ഷ്യം ഒന്നുതന്നെയാണ്. ഇതിൽ ഒന്നാമതായി നിൽക്കുന്നത്  സാംഖ്യ  ദർശനം ആണെന്നു കാണുന്നു.

ശ്രീമദ്ഭാഗവതത്തെ കുറിച്ച് ഭാഗം (7) എന്നത്, ഭഗവാനെ (ബ്രഹ്മത്തെ) കുറിച്ച് കുറച്ച് മനസ്സിലാക്കാൻ വേണ്ടിയാണ് ഇതിനു മുൻപ് കൊടുത്തത്.

ഭഗവതവതാരമായ ശ്രീ കപിലവാസുദേവ മുനിയാണ് സാംഖ്യ ദർശന (ശാസ്ത്ര) ത്തിന്റെ ഉപജ്ഞാതാവെന്ന് പറയുന്നു. ഈ അവതാരത്തിന്റെ പ്രധാന ഉദ്ദേശം തന്നെ സാംഖ്യ ശാസ്ത്രത്തിന്റെ പ്രചാരണമായിരുന്നു എന്നു കാണുന്നു.

ദു:ഖ നിവൃത്തിയും, സുഖ പ്രാപ്തിയും എല്ലാവരും ആഗ്രഹിയ്ക്കുന്നു. എന്നാൽ എന്തു ചെയ്താൽ വന്നു ചേർന്ന ദുഃഖം നശിയ്ക്കുമെന്നോ, കിട്ടിയിട്ടില്ലാത്ത ശാശ്വത സുഖം കിട്ടുമെന്നോ സാധാരണ ആർക്കും അറിഞ്ഞുകൂടാ. അതിനാൽ ഓരോരുത്തരും അവരവരുടെ അറിവും, സംസ്കാരവും അനുസരിച്ച് ഓരോന്നിൽ വിശ്വസിയ്ക്കുകയും, പ്രവർത്തിയ്ക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള വിശ്വാസ പ്രവർത്തനങ്ങളിൽക്കൂടി ആർക്കും വേണ്ടതായ ഫലം കിട്ടാനുമില്ല. എന്നാൽ ശാസ്ത്രങ്ങൾ മനുഷ്യനെ തന്റെ പരമലക്ഷ്യമായ ശാശ്വതസുഖത്തിലേയ്ക്ക് വഴികാട്ടിയാവുന്നു. ശാസ്ത്രത്തെ അവഗണിച്ചു കൊണ്ടുള്ള പോക്ക് സാധാരണ ലക്ഷ്യത്തിലെത്താറുമില്ല.

പരമമായ തത്വത്തെ (ബ്രഹ്മത്തെ) പ്രകൃതിയെന്നും, പുരുഷനെന്നും രണ്ടായി തിരിച്ച് ഈ ഭൂമിയിൽ, പ്രകൃതിയിലുള്ള എല്ലാ വസ്തുക്കളുടേയും സൃഷ്ടിസ്ഥിതിലയങ്ങളെ വിശദീകരിയ്ക്കലാണ് സാംഖ്യാശാസ്ത്രം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. മറ്റു ദർശനങ്ങളും ഈ പ്രക്രിയ ചെയ്തിട്ടുണ്ടെങ്കിലും, സാംഖ്യാശാസ്ത്രത്തെപ്പോലെ ഫലപ്രദമല്ല എന്നതിനാൽ, മറ്റു ദർശനങ്ങളേക്കാൾ സാംഖ്യാശാസ്ത്രം വളരെ മുന്നിട്ടു നിൽക്കുന്നതായി പറയുന്നു. അതു കൊണ്ടു തന്നെ വേദാന്ത വിദ്യാർത്ഥികൾക്ക് മറ്റു ശാസ്ത്രങ്ങളേക്കാൾ സാംഖ്യ ശാസ്ത്രം പ്രയോജനപ്പെടുന്നു. ശരിയായ രീതിയിൽ സാംഖ്യ ശാസ്ത്രം മനസ്സിലാക്കിയാൽ വളരെ വേഗം ചിത്തശുദ്ധിയുണ്ടാകും. ചിത്തശുദ്ധിയുണ്ടായാൽ തത്വബോധവും ഉണ്ടാകും.

പുരുഷന്റെ ദു:ഖകാരണം പ്രകൃതിയോടുള്ള ചേർച്ചയാണ്. ഈ പുരുഷൻ തന്നെയാണ്, - ഞാൻ ശരീരമാണെന്നും, ഈ ശരീരമാണ് എല്ലാ പ്രവൃത്തിയും ചെയ്യുന്നതെന്നും, ഈ ശരീരമാണ് സുഖദുഃഖങ്ങൾ അനുഭവിയ്ക്കുന്നതെന്നും, അനുഭവിയ്ക്കേണ്ടതെന്നും, ഉള്ള ചിന്താധാരണകൾ നിമിത്തം  ജീവനായി  തീരുന്നത്. ഇങ്ങനെയുള്ള ചിന്തകൾക്കും, വിശ്വാസങ്ങൾക്കും കാരണം അവിവേകമാണ്. വിവേകം കൊണ്ട് പ്രകൃതി സംബന്ധം വിട്ട് ദു:ഖകാരണങ്ങളെ നശിപ്പിച്ച് സുഖസ്വരൂപസ്ഥനായിത്തീരും. അതു തന്നെ മോക്ഷം. ഈ മോക്ഷമാണ് ഓരോ ജീവന്റെയും ജീവിത ലക്ഷ്യവും, പരമപുരുഷ സമ്പാദനവും എന്നാണ് സാംഖ്യ ശാസ്ത്രം സിദ്ധാന്തിയ്ക്കുന്നത്.

(ഞാൻ ശരീരമാണെന്നും, ഈ ശരീരമാണ് എല്ലാ പ്രവൃത്തിയും ചെയ്യുന്നതെന്നും, ഈശരീരമാണ് സുഖദു:ഖങ്ങൾ അനുഭവിയ്ക്കുന്നതെന്നും, മറ്റും മുകളിൽ ചേർത്തിരിയ്ക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാം. കാരണം എല്ലാവരും വിശ്വസിയ്ക്കുന്നത് അങ്ങനെയൊക്കെ ആണല്ലോ. എന്നാൽ സത്യത്തിൽ അങ്ങനെയാണോ.? അല്ലയെന്നാണ് എനിയ്ക്ക് തോന്നുന്നത്. ഈ ശരീരം പഞ്ചഭൂതങ്ങളുടെ സ്ഥൂല പിണ്ഡമാണ്. ഈ ശരീരത്തിന് ഇതിനൊന്നിനുമുള്ള കഴിവില്ല. അഥവ ശരീരത്തിനു കഴിവുണ്ടെങ്കിൽ മരണമെന്ന ആഒരു പ്രക്രിയ കഴിഞ്ഞും ശരി രമുണ്ടല്ലോ, അപ്പോഴും ഇതൊക്കെ സംഭവിയ്ക്കണ്ടെ? അപ്പോൾ ഇതൊന്നും ശരീരത്തിന്റെ കഴിവല്ല. ഈ ശരീരത്തെ പ്രവർത്തിപ്പിയ്ക്കുന്ന ആത്മാവിന്റെ (ജീവന്റെ) കഴിവാണ് യെന്ന് മനസ്സിലാക്കാം. ആ ജീവൻ തന്നെയാണ് ഞാനെന്ന് അവകാശപ്പെടുന്നതും, ഈ ശരീരത്തെ പ്രവർത്തിപ്പിയ്ക്കുന്നതും, സുഖദു:ഖങ്ങൾ അനുഭവിയ്ക്കുന്നതും എല്ലാം യെല്ലാം) 

ശ്രീ മദ്ഭാഗവതത്തിൽ മൂന്നാം സ്കന്ദം ഉറുപത്തി ആറാം അദ്ധ്യായം മുതൽ, ഭാഗവതത്തിലെ വളരെ പ്രശസ്തമായ (കാപിലം) എന്നു പറയപ്പെടുന്ന  സാംഖ്യ ശാസ്ത്രത്തെ  ഭഗവതവതാരമായ കപില മഹർഷി, ദേവഹൂതിയെന്നുപേരായ സ്വമാതാവിന് ഉപദേശിയ്ക്കുന്നു. ഇതിൽ പ്രകൃതി പുരുഷന്മാരെ വേർതിരിച്ചറിയുന്നതിനുള്ള തത്വങ്ങളുടെ ഉൽപ്പത്തിയും, ലക്ഷണവും പറയുന്നതു കൊണ്ട് ഒന്നിനെ മറ്റൊന്നിൽ നിന്നും വേർതിരിച്ചറിയാൻ സാധിയ്ക്കുന്നു. ഈ ശാസ്ത്രം വളരെ ശ്രദ്ധിച്ചു മനസ്സിലാക്കേണ്ട ഒന്നാണ്. ഭൂമിയുടേയും മറ്റു ചരാചരങ്ങളുടേയും സൃഷ്ടിസ്ഥിതിലയങ്ങൾ എങ്ങനെ സംഭവിയ്ക്കുന്നു എന്നാണ് ഇതിൽ വിശദീകരിയ്ക്കുന്നത്. കഴിഞ്ഞ അദ്ധ്വായത്തിലെ അമ്മയുടെ ചോദ്യത്തിനു മറുപടി പറയുന്നു.

(1) അഥ തേ സംപ്രവക്ഷ്യാമി
തത്വാനാം ലക്ഷണം പൃഥക്
യദ്വിദിത്വാ വിമുച്യേത പുരുഷ :
പ്രാകൃതൈർഗ്ഗുണൈ:

ഹേ അംബേ ഞാൻ ഇനി ഭവതിയോട് തത്വങ്ങളുടെ ലക്ഷണങ്ങളെ വെവ്വേറെ വിവരിച്ച് പറയാം. മോക്ഷത്തെ ആഗ്രഹിയ്ക്കുന്നവർ തത്വങ്ങളെ അറിയുന്നതു കൊണ്ട്, പ്രകൃതി ഗുണങ്ങളിൽ നിന്നാണ്, ദേഹം, ഇന്ദ്രിയങ്ങൾ, അന്തക്കരണം എന്നിവ ഉണ്ടായിട്ടുള്ളതെന്നറിയുമ്പോൾ, ഈ വസ്തുക്കളെല്ലാം പ്രകൃതിയാലുള്ളതാണെന്നും, പുരുഷൻ (ഈശ്വരൻ) അതിൽ നിന്നും ഭിന്നനാണെന്നും, മനസ്സിലാകും. അപ്പോൾ ശരീരമാണ് എല്ലാം എന്നുള്ള ധാരണ നശിയ്ക്കും. അപ്പോൾ ജീവതത്വം ശുദ്ധമായി വരും. അപ്പോൾ ജന്മ മരണ രോഗങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കി അതിൽ നിന്നെല്ലാം മുക്തനാകാൻ പറ്റും. അതിനാൽ തത്വങ്ങളെ അറിയുന്നത് മുക്തിയ്ക്കുള്ള മാർഗ്ഗങ്ങളിൽ പ്രധാനമാണെന്നു് സാരം.

(2) ജ്ഞാനം നി : ശ്രേയസാർത്ഥായ
പുരുഷസ്യാത്മദർശനം
യദാഹുർവ്വർണ്ണയേ തത്തേ
ഹൃദയഗ്രന്ഥിഭേദനം.

ഏതൊരറിവിനാൽ ആത്മസ്വരൂപത്തെ കുറിച്ചുള്ള ബോധം അനുഭവപ്പെടുന്നുവോ, ഏതൊരു വിധമായ അറിവുണ്ടാകുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഞാനെന്ന ഭാവം  അഹങ്കാരം   നശിയ്ക്കുന്നുവോ, ഏതൊരം വിധമായ ജ്ഞാനത്തെ (പരമപുരുഷാർത്ഥമെന്നറിയപ്പെടുന്ന) മോക്ഷത്തിന്റെ സാക്ഷാൽക്കാരമായി (വേദാന്ത ശാസ്ത്രം) ഉപനിഷത്തുകൾ സിദ്ധാന്തിച്ചിരിയ്ക്കുന്ന വോ, ആ ആത്മജ്ഞാനത്തെ ഞാൻ അമ്മയോട് പറയാം.( തത്വങ്ങളുടെ ലക്ഷണമറിയുമ്പോൾ അതിൽ നിന്നും വിട്ടു നിൽക്കുന്ന ആത്മാവിനെ സാക്ഷാത്ക്കരിയ്ക്കാൻ സാധിയ്ക്കുന്നതിനാൽ സാംഖ്യശാസ്ത്രം കൊണ്ട് ആത്മ വിജ്ഞാനവും, അതിനാൽ മോക്ഷവും, സിദ്ധമാക്കാം എന്നു സാരം.

(3) അനാദിരാത്മാ പുരുഷോ
നിർഗുണ: പ്രകൃതേ: പര:
പ്രത്യഗ്ദ്ധാമാ സ്വയംജ്യോതിർ
വിശ്വം യേന സമന്വിതം.

ആദ്യമായി പുരുഷലക്ഷണത്തെ പറയുന്നു.- എല്ലായിടവും വ്യാപിച്ചിരിയ്ക്കുന്ന (നിറഞ്ഞിരിയ്ക്കുന്ന) ചൈതന്യമേതോ അതു തന്നെ പുരുഷൻ. ആദിയന്തളില്ലാത്തവനും, ഗുണാതീതനും, (സത്വരജതമോഗുണങ്ങൾക്ക് അതീതൻ) പരമമായ പ്രകൃതിയിൽ നിന്നും വിട്ടു നിൽക്കുന്നവനും, തന്റെയുള്ളിൽ തന്നെയുള്ള പ്രകാശം കൊണ്ട് സ്വയം പ്രകാശിച്ച്, മറ്റുള്ളവയെ പ്രകാശിപ്പിച്ചും കൊണ്ട് വിളങ്ങുന്ന ചൈതന്യമാണ് പുരുഷൻ. (പ്രകൃതി സ്വരൂപം ജഡത്വമാണ്. ആത്മാവോ- അതിനു വിപരീതമായി സ്വയം പ്രകാശിച്ച് മറ്റുള്ളവയെ കൂടി പ്രകാശിപ്പിയ്ക്കാൻ പര്യാപ്തമാണ്. ഈ ആത്മസാന്നിദ്ധ്യം നിമിത്തം ജഡ രൂപങ്ങളായ പഞ്ചഭൂതങ്ങളും, ഈ പഞ്ചഭുതങ്ങളാൽ ജന്യമായ ലോകങ്ങളും പ്രകാശിയ്ക്കുന്നു. ഈ കാരണണങ്ങളാൽ പുരുഷന് പ്രകൃതിയോട് യാതൊരു വിധ ചേർച്ചയും ഇല്ലായെന്നു കിട്ടുന്നു. ജ്ഞാനസ്വരൂപനായ പുരുഷൻ പ്രകൃതിയിൽ നിന്നും വളരെ ഉയരത്തിലാണെന്നും, പ്രകൃതിയെ ഒന്നിനും ആശ്രയിയ്ക്കുന്നില്ലെന്നും സിദ്ധാന്തിയ്ക്കുന്നു. അപ്പോൾ പ്രകൃതി പുരുഷ സമന്വിതമാണ് ഈ പ്രപഞ്ചമെന്നും, പുരുഷനിൽ നിന്ന് പ്രപഞ്ചത്തെ വേർപെടുത്താൻ സാദ്ധ്യമല്ലയെന്നും വരുന്നു. ഇത് വളരെ ശ്രദ്ധയോടെ മനസ്സിലാക്കേണ്ടതാണ്.) അടുത്തത് ഭൂമിയേ കുറിച്ചുള്ള വിശദീകരണം.

(4) സ ഏഷ പ്രകൃതിം സൂക്ഷ്മാം
ദൈവീം ഗുണമയീം വിഭു:
യദൃച്ഛയൈവോപഗതാമഭ്യപദ്യത
ലീലയാ.

എല്ലായിടവും വ്യാപകമായ ആത്മാവു് വ്യക്തമല്ലാത്തതും, സത്വരജതമോഗുണങ്ങളുടെ സമഷ്ടി സ്വരൂപിണിയും, ദേവന്റെ ശക്തിയും, യദൃച്ഛയായിട്ടു അടുത്തുവന്നവളുമായ പ്രകൃതിയെ ലീലാ രൂപേണ സ്വീകരിച്ചു.

എന്നു പറഞ്ഞാൽ; - സാംഖ്യ ശാസ്ത്രത്തിൽ, ഈശ്വരൻ, ഭൂമി, ജീവൻ ഈ മൂന്നിനെ കുറിച്ചുള്ള പ്രതിപാദനമാണ് മുഖ്യവിഷയമെന്നു് നേരത്തെ പറഞ്ഞുവല്ലോ. ഇനിൽ ഈശ്വരനെ കുറിച്ച് വിവരിച്ചതിനു ശേഷം പ്രകൃതിയെ കുറിച്ച് വിവരിയ്ക്കുന്നു. ഈ പ്രകൃതിയെ ആവരണ ശക്തി, വിക്ഷേപ ശക്തി എന്നീ രണ്ടു വിധത്തിൽ കാണിയ്ക്കുന്നു. ഇതിൽ ആവരണശക്തിയെ, ജിവനു കാരണമായ, അവിദ്യയെന്നും, വിക്ഷേപശക്തിയെ, ഈശ്വരനു കാരണമായ മായയെന്നും, പരമേശ്വരിയെന്നും, വിദ്യയെന്നും വിവിധ പേരുകളിൽ പറയുന്നു. പുരുഷനെ ജീവനെന്നും, ഈശ്വരനെന്നും രണ്ടു വിധമായി തിരിച്ചിരിയ്ക്കുന്നു. പ്രകൃതിയുടെ രൂപത്തെ വ്യക്തമായി തിരിച്ചറിയാതെ, പ്രകൃതിയുടെ ഭാഗമായ ശരീരത്തെ ആത്മാവാണെന്ന് വിശ്വസിയ്ക്കുന്നതു കൊണ്ട്, ജനന മരണത്തിന് കീഴടങ്ങേണ്ടി വന്നിരിയ്ക്കുന്നു അവിദ്യയോടു ചേർന്നു നിൽക്കുന്ന ജിവനെന്ന ചൈതന്യത്തിന്. എന്നാൽ പ്രകൃതിയെ സ്വാധീനപ്പെടുത്തി പ്രകൃതി കാര്യങ്ങളായ തത്വങ്ങളെ കൊണ്ട് ലോക സൃഷ്ടിസ്ഥിതി സംഹാരങ്ങൾ നടത്തുന്ന വിദ്യയോടു ചേർന്നു നിൽക്കുന്ന ചൈതന്യം ഈശ്വരൻ. ഇതാണ് ഈശ്വരനും ജീവനും തമ്മിലുള്ള വ്യത്യാസം. (ഈശ്വരൻ പ്രകൃതിയെ നിയന്ത്രിച്ച് അനുസരിപ്പിയ്ക്കുന്നു, ജീവൻ പ്രകൃതിയ്ക്ക് അടിമയായി അനുസരിയ്ക്കുന്നു) ഇങ്ങനെ പ്രകൃതിയെ വ്യക്തമായി വേർതിരിച്ച് മണസ്സിലാക്കാത്തതു കൊണ്ട് ജിവനുണ്ടാകുന്ന ബുദ്ധിമുട്ടുകളെ പറയുന്നു. ഒരു ഗുണങ്ങളുമായി (സത്വരജതമസ്) ബന്ധപ്പെടാതെ സ്വതന്ത്രനായിരിയ്ക്കുന്ന ഈശ്വരൻ യദൃച്ഛയാ, വികസിച്ച പ്രകൃതിയെ സൃഷ്ട്യാദി കാര്യങ്ങൾക്കായി അംഗീകരിച്ചു. ഈ പ്രകൃതി വിഷ്ണു മായയെന്ന സ്വരൂപവും, സത്വാദി ഗുണങ്ങളുടെ സമഷ്ടിയും, അവ്യക്തയുമാകുന്നു.

(5) ഗുണൈർവ്വിചിത്രാ: സൃജതീം
സരൂപാ : പ്രകൃതീം പ്രജാ
വിലോക്യ മുമുഹേ സദ്യ:
സ ഇഹ ജ്ഞാനഗുഹയ.

ഗുണങ്ങളെക്കൊണ്ട്, സാമ്യമുള്ള രൂപത്തോടകൂടിയവരും, വിവിധസ്വഭാവികളുമായ പ്രജകളെ ജ്ഞാനത്തിന്റെ മറയോടു കൂടി സൃഷ്ടിയ്ക്കുന്ന പ്രകൃതിയെ കണ്ടിട്ട് ജിവൻ മോഹിതനായി.

എന്നു പറഞ്ഞാൽ; - സത്വാദി ഗുണങ്ങളെക്കൊണ്ട് വിചിത്രങ്ങളായ ദേവ മനുഷ്യ രൂപങ്ങളെ സൃഷ്ടിയ്ക്കുന്നതിന് സാമർത്ഥ്യമുള്ള പ്രകൃതിയെ കണ്ടപ്പോൾ, ജീവൻ തന്റെ യഥാർത്ഥ രൂപത്തെ മറന്നു്, ഗുണങ്ങളാൽ സൃഷ്ടമായ ദേവ മനുഷ്യ രൂപങ്ങളെ ആത്മാവായി ധരിച്ചു. ഈ തെറ്റായ ധാരണയെ മോഹമെന്നു വിളിയ്ക്കുന്നു. അങ്ങനെ ജീവന്റെ യഥാർത്ഥ സ്വരൂപമായ  ഈശ്വരനെന്ന  ബോധത്തെ മറച്ചതായ ഈ പ്രകൃതിയുടെ അംശത്തിന് ആവരണ ശക്തിയെന്നു പറയുന്നു. ഈ അംശത്തെത്തന്നെ അവിദ്യയെന്നും പറയുന്നു. ഈ അംശത്തെ അനുസരിച്ച് ശരീരത്തെ ആത്മാവായി അഭിമാനിയ്ക്കുന്നതു കാരണം, ആ ചൈതന്യാംശമായ ജീവന് യഥാർത്ഥത്തിൽ ജനന മരണങ്ങളില്ലെങ്കിലും ഉള്ളതുപോലെ കാണപ്പെടുന്നതു തന്നെ സംസാരം (ജീവതം) എന്ന് സംസാര രൂപത്തേയും, ജിവസ്വരൂപത്തേയും, അവിദ്യാ സ്വരൂപത്തേയും, മനസ്സിരുത്തി സൂക്ഷ്മമായി നന്നായി മനസ്സിലാക്കണം. പരമാർത്ഥ രൂപത്തെ തെറ്റായി ധരിയ്ക്കുന്നതാണ് ദു:ഖത്തിനു കാരണം.

(6) ഏവം പരാഭിധ്യാനേന
കർത്തൃത്വം പ്രകൃതേ : പുമാൻ
കർമ്മസു ക്രിയമണേഷ്യ
ഗുണൈരാത്മനി മന്യതേ.

ദേഹം, ഇന്ദ്രിയങ്ങൾ, അന്തക്കരണങ്ങൾ എന്നിങ്ങനെ പരിണമിച്ചിരിയ്ക്കുന്ന പ്രകൃതി ഗുണങ്ങളിൽ ആത്മാവെന്നുള്ള തെറ്റായ ധാരണയെ   അധ്യാസം  എന്നു പറയുന്നു. പുരുഷനുള്ള ഈ ധാരണ തിമിത്തം പ്രകൃതി ഗുണങ്ങളാൽ ചെയ്യപ്പെടുന്ന കർമ്മങ്ങൾ താൻ ചെയ്യുന്നവയാണെന്നു തോന്നുന്നതു കൊണ്ട് ആത്മാവിൽ കത്തൃത്വബുദ്ധി ജനിച്ച് ഞാനാണ് കർമ്മം ചെയ്യുന്നതും ഫലം അനുഭവിയ്ക്കുന്നതുമെന്നുള്ള ഉറച്ച വിചാരം സാധാരണ ജനങ്ങൾക്കുണ്ടാകുന്നു.

(7) തദസ്യ സംസൃതിർബന്ധ:
പാരതന്ത്രം ച തത് കൃതം
ഭവത്യകർത്തുരീശസ്യ
സാക്ഷിണോ നിർവൃതാത്മന:

അതു കൊണ്ട് കർത്താവല്ലാത്തവനും, സ്വതന്ത്രനും, ആത്മസ്വരൂപനും, സാക്ഷിയുമായ, ഇവനാകുന്ന (ഈശ്വരനാകുന്ന) ചൈതന്യത്തിന് സംസാരവും, ബന്ധവും, അതിനാലുണ്ടാക്കപ്പെട്ട അസ്വാതന്ത്ര്യവും ഉണ്ടാകുന്നു.

എന്നു പറഞ്ഞാൽ :- കർത്താവല്ലാതെയിരിയ്ക്കുന്ന താൻ ഈശ്വരചൈതന്യംതന്നെ. തന്നെ കർത്താവെന്നു വിചാരിച്ചതുകൊണ്ട്, കർമ്മങ്ങളോടു ബന്ധവും, കർമ്മഫല അനുഭവത്തിൽ സ്വാതന്ത്ര്യമില്ലായ്മയും, ആനന്ദ സ്വരൂപനായി ഇരിയ്ക്കെത്തന്നെ (ഈശ്വരന്റെ യഥാർത്ഥ രുപമാണ് ആനന്ദം, അതാണ് ആനന്ദ സ്വരൂപൻ) പ്രാരാബ്ധവും, ജന്മമരണാദികൾ നിമിത്തം പരമ്പരാഗതമായിരിയ്ക്കുന്ന ദുഃഖവും ഉള്ളതുപോലെ തോന്നുന്നു. പരമാർത്ഥത്തിൽ ചൈതന്യ സ്വരുപനായ സർവ്വ സാക്ഷിയുടെ (ഈ ലോകത്തു നടക്കുന്നതെല്ലാം കണ്ടു കൊണ്ടിരിയ്ക്കുന്ന) അംശമായിരിയ്ക്കുന്നതു കൊണ്ട് കർത്തൃത്വാദി ഭാവങ്ങൾ ( ഞാനാണ് പ്രവർത്തിയ്ക്കുന്നതെന്ന തോന്നൽ) ഇല്ലെന്നുള്ളത് സത്യം. ഉപാധി സംബന്ധം നിമിത്തം അംശം.( ഗുണങ്ങളോടു ചേരുമ്പോൾ അംശമായി (ജി വാത്മാവായി) മാറുന്നു വാസ്തവത്തിൽ അംശമല്ല സത്യ വസ്തുതന്നെയാണ്.

(8) കാര്യകാരണ കർത്തൃത്വേ
കാരണം പ്രകൃതീം വിദു:
ഭോക്തൃത്വേ സുഖദു:ഖാനാം
പുരുഷം പ്രകൃതേ: പരം:

കാര്യം കാരണം കർത്താവ് എന്ന നിലയിൽ വരാൻ കാരണം, പ്രക്യതിയാണെന്ന് പറയുന്നു. സുഖദു:ഖങ്ങളുടെ അനുഭവസ്ഥൻ എന്ന ഭാവത്തിൽ, പ്രകൃതിയിൽ നിന്നും വിട്ടു നിൽക്കുന്ന പുരഷനെ കാരണമായി പറയുന്നു.

എന്നു പറഞ്ഞാൽ :- സത്വരജതമോഗുണ കാര്യമായിരിയ്ക്കുന്ന ശരിരം, ഇന്ദ്രിയങ്ങൾ, ദേവതകൾ, എന്നീ കാര്യകാരണ കർത്തൃത്വഭാവങ്ങൾ പുരുഷനു വന്നു ചേരുവാൻ പ്രകൃതി തന്നെ കാരണമെന്നും, ഈ പ്രകൃതിയുടെ അനുഭവാ സ്വാദനത്തിന് പുരുഷൻ കാരണമെന്നും, സ്വന്ത അനുഭവത്താൽ വിവേകികൾ നിശ്ചയിച്ചിരിയ്ക്കുന്നു. എല്ലാ പ്രവൃത്തിയും ചെയ്യുന്നത് താനാണെന്നും, അതിന്റെ ഫലമനുഭവിയ്ക്കേണ്ടത് താനാണെന്നും, ഉള്ളതോന്നൽ, താൻ ശരീരമാണ് എന്നുള്ള ചിന്തയാലാണെങ്കിലും, ഇങ്ങനെയുള്ള വികാരങ്ങളെല്ലാം ജഡത്തിൽ പര്യവസാനിയ്ക്കുന്നതു കൊണ്ട്, പ്രവൃത്തിയ്ക്കു കാരണം പ്രകൃതിയാണെന്നും, ആസ്വാദനം ജ്ഞാനരുപമായ ചിത്തിൽ പര്യവസാനിയ്ക്കുന്നതു കൊണ്ട്, ആസ്വാദനത്തിന് പ്രകൃതിയിൽ നിന്നും വിട്ടു നിൽക്കുന്ന പുരുഷൻ കാരണമാണെന്നതും സ്വാനുഭവത്താൽ വ്യക്തം.

ദേവഹൂതി ചോദിയ്ക്കുന്നു - 

(9) പ്രകൃതേ: പുരുഷസ്യാപി
ലക്ഷണം പുരുഷോത്തമ!
ബ്രൂഹി കാരണയോരസ്യ
സദസച്ച യദാത്മകം.

( സ്ഥൂലവും, സൂക്ഷ്മവുമായ രൂപത്തോടു കൂടിയ ഈ ലോകത്തിന്റെ സൃഷ്ടിയ്ക്ക് കാരണങ്ങളായിരിയ്ക്കുന്ന, പ്രകൃതിയുടേയും പുരുഷന്റേയും ലക്ഷണത്തെ പറഞ്ഞാലും) 

ഇപ്രകാരം ജീവന്റെ ജീവഭാവത്തേയും അതിനു കാരണമായിരിയ്ക്കുന്ന പ്രകൃതിയേയും അറിഞ്ഞതിനു ശേഷം, ജഗൽക്കാരണമായിരിയ്ക്കുന്ന ഈശ്വരനേയും, ഈശ്വരന്റെ മായയായിരിയ്ക്കുന്ന പ്രകൃതിയേയും കുറിച്ച് ദേവഹൂതി ചോദിയ്ക്കുന്നു.

ഹേ പുരുഷോത്തമ! സ്ഥൂലമായും സൂക്ഷ്മമായും കാണപ്പെടുന്ന ഈ പ്രകൃതി - പുരുഷന്മാരുടെ രൂപത്തേയും, ഈ ജഗത്തിന്റെ സൃഷ്ടിയ്ക്ക് കാരണഭൂതന്മാരായ, പ്രകൃതി പുരുഷന്മാരുടെ ലക്ഷണത്തേയും അരുളിചെയ്യണം.

(10) ഭഗവാൻ പറയുന്നു.
യത്തത്ത്രി ഗുണമവ്യക്തം
നിത്യം സദസദാത്മകം
പ്രധാനം പ്രകൃതിം
പ്രാഹുരവിശേഷം വിശേഷവത്.

ഭഗവാൻ പ്രകൃതി സ്വരൂപത്തെ പായുന്നു
മഹത്തത്വങ്ങളെക്കാൾ ശ്രേഷ്ടമായിട്ടിരിയ്ക്കുന്ന തത്വം ഏതോ, അതിനെ പ്രധാനമെന്നും, പ്രകൃതിയെന്നും പറയുന്നു. സ്വതേ അതിന് രുപമില്ലാത്തതിനാൽ പ്രത്യക്ഷത്തിൽ കാണുന്നില്ല. സത്വ, രജസ്, തമസ് എന്ന ഗുണങ്ങളുടെ സാമ്യാ വസ്തയായതിനാൽ പ്രത്യക്ഷത്തിൽ കാണാൻ സാദ്ധ്യമല്ല. എങ്കിലും മേലിലുണ്ടാകാൻ പോകുന്ന സകല കാര്യങ്ങൾക്കും അശ്രയം ഇതാകുകയും ചെയ്യും.

(11) പഞ്ചഭി : പഞ്ചഭിർ ബ്രഹ്മ
ചതുർഭിർദശഭിസ്തഥാ
ഏതച്ചതുർവ്വിംശതികം ഗണം
പ്രാധാനികം വിദു:

അഞ്ച്, അഞ്ച്, നാല്, പത്ത് എന്നിങ്ങനെ 24 എന്ന സംഖ്യ അടങ്ങിയവർഗ്ഗത്തെ പ്രധാനത്തിന്റെ കാര്യമായിട്ട് വിവേകികൾ നിശ്ചയിച്ചിരിയ്ക്കുന്നു. തത്വങ്ങളുടെ ഉൽപ്പത്തിയേയും, ലക്ഷണത്തേയും പറയാൻ വേണ്ടിയിട്ട് ആദ്യമായി അതിന്റെ സംഖ്യയെ നിർണ്ണയിച്ചിരിയ്ക്കുന്നു.

(12) മഹാഭൂതാനി പഞ്ചൈവ
ഭൂരാപോfഗ്നിർമ്മരുന്നഭ
തന്മാത്രാണി ച താവത്തി
ഗന്ധാദീനി മതാനി മേ.

ഭൂമി, ജലം, അഗ്നി, വായു, ആകാശം ഇങ്ങനെ മഹാഭൂതങ്ങൾ അഞ്ചാകുന്നു. ഗന്ധം, രസം, രൂപം, സ്പർശം, ശബ്ദം ഇങ്ങനെ തന്മാത്രകളും അഞ്ച്. ഇത് ഞാൻ (ഭഗവാൻ) സമ്മതിച്ചിരിയ്ക്കുന്നു. പഞ്ചഭൂതങ്ങളുടെ സൂക്ഷ്മ രൂപങ്ങൾക്ക് തന്മാത്രകൾ എന്നു പറയുന്നു.

(13) ഇന്ദ്രിയാണി ദശ ശ്രോത്രം
ത്വഗ് ദൃഗ്രസനനാസികാ:
വാക്കരൗ ചരണൗ മേഢ്റം
പായൂർദ്ദശമ ഉച്യതേ.

ശ്രോത്രം (ചെവി), ത്വക്ക്, നേത്രം, ജിഹ്വാ (തൊണ്ട) നാസിക ഇങ്ങനെ ജ്ഞാനേന്ദ്രിങ്ങൾ അഞ്ചും, വാക്ക്, കൈകൾ, കാലുകൾ, മേഢ്റം (ലൈംഗീകാവയവം) പായു, (ഗുദം) ഇങ്ങനെ കർമ്മേന്ദ്രിയങ്ങൾ അഞ്ചും കൂടി ആകെ പത്ത് ഇന്ദ്രിയങ്ങൾ.

(14) മനോ ബുദ്ധിരഹം കാരശ്ചിത്ത-
മിത്യന്തരാത്മകം
ചതുർദ്ധാ ലക്ഷ്യതേ ഭേദോ
വൃത്യാ ലക്ഷണരൂപയാ.

മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നനാലും കൂടിയത് അന്ത:കരണം. സത്യത്തിൽ ഒന്നായിരിയ്ക്കുന്ന അന്തഃകരണം സങ്കല്പം, നിശ്ചയം, അഭിമാനം, ചിന്ത എന്ന പ്രവൃത്തി ഭേദം കൊണ്ട് നാലായിട്ട് തിരിച്ചിരിയ്ക്കുന്നു.

(15) ഏതാവാനേവ സംഖ്യാതോ
ബ്രഹ്മണ : സഗുണസ്യ ഹ
സന്നിവേശോ മയാ പ്രോക്തോ
യ: കാല: പഞ്ചവിംശക:

(16) പ്രഭാവം പൗരുഷം പ്രാഹു:
കാലമേകേ യതോ ഭയം
അഹംകാരവിമൂഢസ്യ
കർത്തു: പ്രകൃതിമീയുഷ:

സത്വരജതമോഗുണ വിശിഷ്ടമായിരിയ്ക്കുന്ന ബ്രഹ്മത്തിന്റെ അവസ്ഥാവിശേഷത്തെ എത്രമാത്രം ഞാൻ (ഭഗവാൻ) ഇവിടെ പറഞ്ഞുവോ അത്രത്തോളം മാത്രമാണെന്ന് മറ്റുള്ള ആചാര്യന്മാരും സമ്മതിച്ചിരിയ്ക്കുന്നു. എന്നാൽ ഇരുപത്തി അഞ്ചാമത്തെ കാലമെന്ന തത്വത്തെ സംബന്ധിച്ചിടത്തോളം അഭിപ്രായ വ്യത്യാസമുണ്ട്. കാലം പ്രകൃതിയുടെ അവസ്ഥാവിശേഷം തന്നെ ആകുന്നു. ചില ആചാര്യന്മാർ കാലത്തെ പുരുഷ ബീജമായിട്ട് നിശ്ചയിച്ചിരിയ്ക്കുന്നു. അറിവില്ലായ്മയോടു കൂടിയ ജീവൻ സ്വരുപത്തെ മറന്നതിനാൽ ശരിരത്തിൽ ആത്മഭാവത്തെ കണ്ടുകൊണ്ട്, ജനന മരണഭയത്തിന് കാരണക്കാരനായി വന്നതും കാലം നിമിത്തമാകുന്നു. സത്യത്തിൽ അകർത്താ വായിരിയ്ക്കുന്ന (ഒരു പ്രവൃത്തിയും ചെയ്യാതിരിയ്ക്കുന്ന) ജ്ഞാനസ്വരൂപൻ, ഗുണങ്ങളുടെ സാമിപ്യമുണ്ടാക കാരണം കർത്താവെന്നഭിമാനിച്ചതു തന്നെ അഹങ്കാരത്തിന്റെ സ്വരൂപം. ഇതു തന്നെ സ്വരൂപത്തെ മറക്കാനും, ജനന മരണ ഭീതിയ്ക്കും കാരണം. ഇവിടെ കാലത്തെ സംഹാര കാരണമായി നിശ്ചയിച്ചിരിയ്ക്കുന്നു.

(17) പ്രകൃതേർഗ്ഗുണ സാമ്യസ്യ
നിർവ്വിശേഷസ്യ മാനവി!
ചേഷ്ടായത്: സ ഭഗവാൻ
കാല ഇത്യുപലക്ഷിത:

കാലത്തിന്റെ സ്വരൂപത്തെ രണ്ടായി ഭാഗിച്ചതിൽ സംഹാരരൂപത്തിൽ (കാലത്തിൽ) നിന്നും ജീവന് മരണഭയമുണ്ടാകുന്നു. പ്രകൃതിയെ ക്ഷോഭിപ്പിയ്ക്കുന്നതായ ഒന്നാമത്തെ സ്വരൂപത്തിൽ നിന്നും സൃഷ്ടി ഉണ്ടാകുന്നു എന്നാണ് ഈ ശ്ലോകം കൊണ്ട് പറയുന്നത് :- ഹേ മാനവി! സത്വരജതമോഗുണങ്ങളുടെ സാമ്യാവസ്ഥയാകുന്ന പ്രകൃതി സൃഷ്ടിയ്ക്കു മുൻപ് നാമരൂപങ്ങളൊന്നുമില്ലാതെ പുരുഷനിൽ ലയിച്ചിരുന്നതിനാൽ, ആ സമയത്ത് അതിന് യാതൊരു വിശേഷവുമുണ്ടായിട്ടില്ല. അങ്ങനെയുള്ള ആ ഗുണസാമ്യാവസ്ഥയെ ഉപേക്ഷിയ്ക്കുന്നതിന് കാരണം ഏതൊന്നൊ അതുതന്നെ കാലമെന്നു പേരു പറയുന്ന ഭഗവാൻ. പ്രകൃതി സാമ്യാവസ്ഥയെ ഉപേക്ഷിച്ചപ്പോൾ ക്ഷുഭിതയായി തീർന്നു. ഇതാണ് ആദ്യത്തെ അവസ്ഥാ വിശേഷം. ഇതിനെ തന്നെ കാലമെന്നു പേരുപറയുന്ന തത്വമെന്നു തീരുമാനിയ്ക്കുമ്പോൾ മുൻപ് പറഞ്ഞ 24 തത്വത്തിൽ ഇതും ഉടപ്പെടുന്നു. അതു കൊണ്ട് ഈ തത്വത്തെ പ്രത്യേകമായി എടുക്കേണ്ടതില്ല. ഗുണങ്ങളുടെ അന്യോന്യമുള്ള കലർപ്പു നിമിത്തം, ശാന്തമായി കിടന്ന സമുദ്രം കാറ്റിനാൽ ചലിയ്ക്കുന്നതു പോലെ പ്രകൃതി ഒന്നു ചലിച്ചതിന് ജീവാദൃഷ്ടമാണ് (ജീവന്റെ നോട്ടമാണ്) കാരണം. ജീവന്മാർക്ക് സുഖദുഃഖാനുഭവത്തിന് മതിയായ ശരീരങ്ങൾ കൊടുക്കുവാനുള്ള ഈശ്വരന്റെ നിശ്ചയപ്രകാരം, സൃഷ്ടിയ്ക്കു വേണ്ടി, ആദ്യമായിട്ടുണ്ടായ ഗുണസാമ്യാവസ്ഥാ ത്യാഗത്തെ കാലതത്വമെന്ന് വിചാരിച്ച കൊള്ളണം.

(18) അന്ത: പുരുഷരൂപേണ
കാലരൂപേണ യോ ബഹി:
സമന്വേത്യേഷ സത്വാനാം
ഭഗവാനാത്മമായയാ.

ആത്മശക്തിപ്രഭാവം കൊണ്ട് സകല ജീവികളുടേയും ഉള്ളിൽ അന്തര്യാമിയായിട്ടും, പുറത്ത് കാലസ്വരൂപനായിട്ടും ഇരിയ്ക്കുന്നതേതോ അതു തന്നെ സാക്ഷൻ ഭഗവാൻ. കാലസ്വരുപനും പുരുഷനും ഒന്നുതന്നെയാകയാൽ, പ്രകൃതി പരിണാമങ്ങളായ തത്വങ്ങൾ 24 മാത്രം എന്ന് നിശ്ചയിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പുരുഷൻ തന്നെ അന്തര്യാമിയായ ഈശ്വരൻ. അവിദ്യയോടു കൂടിയ ചൈതന്യവും പുരുഷൻ തന്നെയെങ്കിലും, സുഖീ ദു:ഖി എന്തുള്ള ഭാവം ഉള്ളതിനാൽ അതിനെ ജിവനെന്നു പറയപ്പെടുന്നുവെങ്കിലും, അതിനെ ഇനശ്വരനിൽനിന്നും വിട്ടു നിൽക്കുന്നതായി കരുതുന്നുവെങ്കിൽ ജീവൻ ഇരുപത്തഞ്ചാമത്തെ തത്വം. ഈശ്വരൻ ഇരുപത്താറാമത്തേതാകുന്നു. വിദ്യയെ ചേർത്തുനിർത്തിയിരിയ്ക്കുന്നതു കൊണ്ട് ഈശ്വരനെന്നും, അവിദ്യയോടു ചേർന്നു നിൽക്കുന്നതു കൊണ്ട് ജീവനെന്നും പറയപ്പെടുന്ന ചൈതന്യം സത്യത്തിൽ ഒന്നായിരിയ്ക്കുന്നതിനാൽ ഇതിനെ പുരുഷൻ എന്നുമാത്രം ധരിച്ചാൽ മതിയാകും. അപ്പോൾ പ്രകൃതി തത്വങ്ങൾ 24- പുരുഷൻ ഇരുപത്തഞ്ചാമത്തേത് എന്ന് ധരിയ്ക്കണം.

(19) ദൈവത് ക്ഷുഭിതധർമ്മിണ്യാം
സ്വസ്യാം യോനൗ പര: പുമാൻ
ആധത്ത വീര്യം സാസുത
മഹത്തരത്വം ഹിരണ്മയം.

പ്രകൃതിയുടെ ധർമ്മങ്ങളായ സത്വരജസ്തമോഗുണങ്ങൾക്ക് ആ പ്രകൃതിയിൽ ലയിച്ചിരിയ്ക്കുന്ന ജീവന്മാരുടെ അദൃഷ്ടം (കാണാൻ വയ്യാത്ത) നിമിത്തം അന്യോന്യ സമ്മേളനം സംഭവിച്ചു. ഇതിനെ ഗുണക്ഷോഭം എന്നു പറയും. ഈശ്വരന്റെ പ്രകാശനത്തിന് ഈ പ്രകൃതി സ്ഥാനമായിരിയ്ക്കുന്നു. ഈശ്വര വീര്യമായ ചിച്ഛക്തി പ്രകൃതിയിൽ പ്രതിഫലിച്ചു. അതിപ്രകാശത്തോടു കൂടിയ ആശക്തി മഹത്തത്വമായിത്തീർന്നു. ഈ ചിച്ഛക്തിയെ പുരുഷന്റെ വീര്യമായിട്ടും, പ്രകൃതിയെ ഒരു സ്ത്രീയായിട്ടും ഭാവിയ്ക്കുന്നതായാൽ, ജഗത്തിന്റെ ഉൽപ്പത്തിയെ മനസ്സിലാക്കാൻ എളുപ്പമുണ്ടെന്നുള്ള അഭിപ്രായത്തോടു കൂടെ, പ്രകൃതിയിൽ നിന്നും വിട്ടു നിൽക്കുന്ന പരമപുരുഷൻ പ്രകൃതിയിൽ സ്വ ശക്തിയാകുന്ന വീര്യത്തെ ആധാനം ചെയ്തപ്പോൾ, മഹത്തത്വമെന്ന പ്രഥമപുത്രനെ പ്രകൃതി ജനിപ്പിച്ചു എന്ന് ധരിയ്ക്കണം. പ്രകൃതി സഹിതനായ പുരുഷൻ തന്നെ മഹത്തത്വം. ഭാര്യാഭർതൃസംയോഗ ഫലം സന്താനം എന്ന നിലയിൽ പ്രഥമ സന്താനം മഹത്തത്വം.

(20) വിശ്വമാത്മഗതം വ്യഞ്ജൻ
കുടസ്ഥോ ജഗദങ്കുര: സ്വതേജസാപിബത്തീവ്രമാത്മപ്രസ്വാപനം തമ:

പ്രകൃതി പുരുഷ സംയോഗത്താൽ ഒന്നാമതായി വികസിച്ചിരിയ്ക്കുന്ന ഈ മഹത്തത്വം ലോകമാകുന്ന മഹാവൃക്ഷത്തിന്റെ ഉൽഭവസ്ഥാനമാകുന്നു.. ഇതിന് ലയ വിക്ഷേപങ്ങളായ വികാരങ്ങളില്ലാത്തതു കൊണ്ട് കുടസ്ഥൻ (വികാരമില്ലാത്തവൻ) എന്നും ഇതിനെ പറയുന്നു. ഇനി മേലുണ്ടാകാൻ പോകുന്നതായ ചരാചരാത്മകമായ ലോകം ഈ തത്വത്തിലടങ്ങിയിരിയ്ക്കുന്നു. വൃക്ഷത്തിന്മേൽ കാണപ്പെടുന്ന ഇലകൾ, പുഷ്പങ്ങൾ, കായ്കൾ മുതലായ എല്ലാ ഭാഗങ്ങളും, ഉൽഭവത്തിലേ തന്നെ ഇതിൽ അടങ്ങിയിരിയ്ക്കുന്നതു പോലെ എന്നർത്ഥം. തന്നിലിരിയ്ക്കുന്ന ആ ലോകത്തെ ക്രമത്തിൽ പ്രകാശിപ്പിയ്ക്കുവാൻ ഉദിച്ചുയരുന്ന ആ മഹത്തത്വം തന്റെ വികാരത്തെ തടഞ്ഞു കൊണ്ട് വ്യാപിച്ചിരിയ്ക്കുന്ന അന്ധകാരത്തെ സ്വപ്രഭയാൽ നശിപ്പിച്ചു.

(21) യത്തത് സത്വഗുണം സ്വച്ഛം
ശാന്തം ഭഗവത: പദം
യദാഹുർവാസുദേവാഖ്യം
ചിത്തം തന്മഹദാത്മകം.

നിർമ്മലവും, ഇളക്കമില്ലാത്തതും, ഭഗവാന്റെ ഉപലബ്ധി ( ജ്ഞാനം) സ്ഥാനവുമായ സത്വഗുണം ഏതാണോ, വാസുദേവൻ എന്നുകൂടി പേരുള്ള ചിത്തം ഏതൊന്നോ അത് മഹത്തത്വസ്വരൂപമാകുന്നു.

കുറച്ചു കൂടി വ്യക്തമായി മനസ്സിലാകാൻ വേണ്ടി, ചതുർവ്യുഹോപാസന ക്രമത്തെ ഇവിടെ ചേർക്കുന്നു. ഈ ഉപാസനക്രമം സർവ്വാഗമ (ആഗമം = വേദശാസ്ത്രങ്ങൾ) പ്രസിദ്ധമാകയാൽ അന്ത:കരണ പരിശുദ്ധിയ്ക്ക് മുഖ്യോപായ (മാർഗ്ഗം) മാകുന്നു. യാതൊരു വിധമായ മാലിന്യത്തിന്റെ സ്പർശം പോലുമില്ലാത്തതിനാൽ അത്യന്തം നിർമ്മലവും, സ്നേഹവാത്സല്യങ്ങളുടെ വ്യാപ്തി കൊണ്ടുണ്ടാകുന്ന ചലനത്തിന് വിഷയമല്ലാതിരിയ്ക്കുന്നതും, ഭഗവാന്റെ സ്വരൂപത്തെ നന്നായറിയുവാനുള്ള ജ്ഞാനത്തിന്റെ സ്ഥാനമായിരിയ്ക്കുന്നതുമായ സത്വഗുണം യാതൊന്നോ, വാസുദേവൻ എന്നുകൂടി പ്രസിദ്ധമായിരിയ്ക്കുന്ന ചിത്തം യാതൊന്നോ, അതിന്റെ ആദ്യമായ സ്വരൂപം ഈ മഹത്തത്വമാകുന്നു.

ഇതിലടങ്ങിയിരിയ്ക്കുന്ന സാരത്തെ ഒന്നുകൂടി വ്യക്തമാക്കാം. മുകളിൽ സൂചിപ്പിച്ചു,i ചതുർവ്യൂഹോപാസന അന്ത: കരണശുദ്ധിയ്ക്കെന്ന്.- എന്താണീ അന്ത: കരണം? മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നീനാലു് കരണങ്ങൾ ( മനസ്സ് = സങ്കല്പം - ബുദ്ധി = നിശ്ചയം - അഹങ്കാരം = അഭിമാനം (ഞാനെന്നുള്ള ഭാവം ) ചിത്തം = ചിന്ത) ഇങ്ങനെ നാലു പ്രവൃത്തികൾ കൂടുന്നതാണ് അന്ത:കരണം. ഈ നാലാണ് ചതുർവ്യു ഹം. ഇതിനെ അധിഭൂതം - അധ്യാത്മം - അധിദൈവം - അധിഷ്ഠാതാവ് എന്നിങ്ങനെ ഉപാസനാ ക്രമത്തിൽ വേർതിരിയ്ക്കുന്നു. ഇതിൽ  അധിഭൂതം  (ഈശ്വരൻ, - പരമാത്മാവ്) ആയിട്ട് പറയുമ്പോൾ - ഗോളാകൃതിയിൽ പഞ്ചഭൂതത്വേന പ്രതിഷ്ഠിതമായിരിയ്ക്കുന്ന (ഭൂമി) രുപത്തെ അനുസ്സരിച്ച് നോക്കുമ്പോൾ മഹത്തത്വമെന്ന സ്വരൂപവും,  അധ്യാത്മം  ആയിട്ട് (തന്നെ സംബന്ധിച്ച് - ശരീരത്തെ സംബന്ധിച്ച് ) ഇന്ദ്രിയ സംബന്ധമായിട്ട് നോക്കുമ്പോൾ ആ മഹത്തത്വം തന്നെ ചിത്തമെന്നും,  അധിദൈവം  ഉപാസ്യ ദേവതാരുപത്തിൽ പറയുമ്പോൾ വാസുദേവൻ എന്നും പ്രസിദ്ധം.

അധിഷ്ട താവ്   ( നിയന്ത്രിയ്ക്കുന്നവൻ) എന്ന രൂപത്തിൽ നോക്കിയാൽ. ക്ഷേത്രജ്ഞൻ എന്നും പറയുന്നു.

അധിഭൂതം - അധ്യാത്മം - അധിദൈവം - അധിഷ്ഠാതാവ് എന്നിവയെ വേർതിരിച്ച് കാണിയ്ക്കുന്നു.
അധിഭൂതം. അധ്യാത്മം.
മഹത്തത്വം ചിത്തം അഹങ്കാരം ബുദ്ധി മനസ്സ്.
അധിദൈവം. അധിഷ്ഠാതാവ്.

വാസുദേവൻ  - ക്ഷേത്രജ്ഞൻ 
സങ്കർഷണൻ  - രുദ്രൻ
അനിരുദ്ധൻ  - ചന്ദ്രൻ
പ്രദ്യുമ്നൻ  - ബ്രഹ്മാവ്.

മേൽ കാണിച്ചിരിയ്ക്കുന്ന അന്ത: കരണ വിഭാവങ്ങളും, അധിദൈവ വിഭാഗങ്ങളും ആയി രൂപം പൂണ്ടിരിയ്ക്കുന്നത് മേൽ പറഞ്ഞ മഹത്തത്വം തന്നെയാണെന്നു മനസ്സിലാക്കുക. ഏകമായും അദ്വിതീയവുമായിരിയ്ക്കുന്ന പരമാർത്ഥ വസ്തുവിൽ നിന്നും നാനാത്വം എങ്ങനെയുണ്ടായി ? ആ നാനാത്വം സത്യമല്ലയെന്ന് വ്യക്തമാക്കുന്ന മാർഗ്ഗത്തെയാണ് ഇവിടെ കാണിച്ചിരിയ്ക്കുന്നത്.

(22) സ്വച്ഛത്വമവികാരിത്വം
ശാന്തത്വമിതി ചേതസ:
വൃത്തിദിർല്ലക്ഷണം പ്രോജ്ഞം
യഥാപാം പ്രകൃതി: പര.

സ്വച്ഛമായിരിയ്ക്കുകയെന്ന അവസ്ഥ, വികാരത്തെ പ്രാപിയ്ക്കാതിരിയ്ക്കുന്ന സ്ഥിതി, ഇഷ്ടാനിഷ്ടങ്ങളൊന്നുമില്ലാത്ത നില, ഇപ്രകാരമുള്ള കാരണത്താൽ, ജലത്തിന്റെ യഥാർത്ഥ സ്വഭാവമെന്നതു പോലെ ചേതസ്സിന്റെ അടയാളം പറയുന്നു.

ഹൃദയഗുഹയിൽ പ്രകാശിയ്ക്കുന്ന ഭഗവാന്റെ ബിംബത്തെ ഉൾക്കൊള്ളുവാൻ തക്കവിധം നിർമ്മലമായിരിയ്ക്കുക, ലയം, വിക്ഷേപം മുതലായ വികാരങ്ങളെ പ്രാപിയ്ക്കാതെ ഒരേ നിലയിൻ വിളങ്ങുക, സന്തോഷ സന്താപങ്ങളൊന്നുമില്ലാതെ ശാന്തമായിരിയ്ക്കുക, എന്നീ ലക്ഷണങ്ങളാണ് ചിത്തത്തിന് യഥാർത്ഥത്തിലുള്ളത്. തിരമാല, നുര എന്നിവകളുടെ സംബന്ധമില്ലാത്ത, മാധുര്യം, നൈർമ്മല്യം (പരിശുദ്ധി) എന്നിവ ജലത്തിന്റെ യഥാർത്ഥ സ്വഭാവം എന്നതുപോലെ, മേൽ പറഞ്ഞ സ്വച്ഛത്വാ ദി ഗുണങ്ങളാണ് ചേതസ്സിന്റെ യഥാർത്ഥം.

ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്, ജലത്തിൽ നുര തിരമാല മുതലായ മാറ്റങ്ങളും, ചവർപ്പ് പുളിപ്പ് മുതലായ രസങ്ങളും, ദൂമി, കാറ്റ് എന്നിവയോടുള്ള സംബന്ധം നിമിത്തം ഉണ്ടാകുന്നതു പോലെ, ചേതസ്സിനും (ചിത്തത്തിന്) ഇഷ്ഠാനിഷ്oങ്ങളും, സന്തോഷ സന്താ പങ്ങളും പോലുള്ള കാരണങ്ങളാൽ മങ്ങൽ സംഭവിയ്ക്കുന്നു. (ശരിയായി പ്രവർത്തിയ്ക്കാതെയാകുന്നു.) സ്വതേയുള്ള സർവ്വജ്ഞത, ആനന്ദാവസ്ഥ എന്നീ നില ഈശ്വരഗുണം ശരിയായി പ്രതിഫലിയ്ക്കുവാനുള്ള കാരണമാകുന്നു. ആ നിലയിൽ നിന്നു തെറ്റുമ്പോൾ ബന്ധവും - ആ നിലയിൽ തുടരുമ്പോൾ മോക്ഷവും അനുഭവപ്പെടുന്നു. ചേതസ്സിനെ സ്വന്ത നിലയിൽ നിർത്താനു ഉപായമാണ് യോഗാഭ്യാസങ്ങൾ. ഇതു തുടർന്നു വരുമ്പോൾ മനസ്സിലാകും. ഇതെല്ലാം ശരിയ്ക്കും മനസ്സിലാകണമെങ്കിൽ വായനയേക്കാളധികം ആലോചന ഉണ്ടാകണം.

(23) മഹത്തത്വാദ്വി കുർവ്വാണാദ്
ഭഗവദ്വീര്യസംഭവാത്
ക്രിയാശക്തിരഹങ്കാരാസ്-
ത്രിവിധ : സമപദ്യത.

അഹങ്കാരം എന്ന തത്വം ഉണ്ടായതിനേയും, അതിന്റെ ലക്ഷണത്തേയും പറയുന്നു. ഈശ്വരന്റെ ചിത്ത് - ജ്ഞാനം എന്ന ശക്തിയിൽ നിന്നും ഉണ്ടായതായ മഹത്തത്വത്തിനു വികാരം സംഭവിച്ചപ്പോൾ, അതിൽ. തിന്നും അഹങ്കാരം എന്ന തത്വമുണ്ടായി. മനസ്സ് മുതലായവയെ ഉണ്ടാക്കുവാനുള്ള ശക്തി -ക്രിയാ ശക്തി അതിനുണ്ട്. ആ അഹങ്കാരം മുന്നുവിധമായിത്തീർന്നു.

(24) വൈകാരികസ്തൈജസശ്ച
താമസശ്ച യതോ ഭവ:
മനസശ്ചൈന്ദ്രിയാണാം ച
ഭൂതാനാം മഹതാമപി.

വൈകാരികം, തൈജസം, താമസം ഇങ്ങനെയാണ് മൂന്ന് അഹങ്കാരങ്ങൾക്ക് പേരു കൊടുത്തിരിയ്ക്കുന്നത്. പ്രകൃതിയുടെ ശ്രേഷ്ടമായ സമമായ നിലയിലുണ്ടായ ഈ മൂന്നു അഹങ്കാരങ്ങളുടെ ആദ്യത്തെ മാറ്റത്തിനെ വികാരം എന്ന പറയും. ഈ ആദ്യമാറ്റത്തിൽ സത്വഗുണത്തിനു തന്നെ പ്രാധാന്യം. അതോടു ചേർന്നതായ മഹത്തത്വം   സത്വഗുണ പ്രധാനമായ അഹങ്കാരം  അല്ലെങ്കിൽ  വൈകാരികാഹങ്കാരം  എന്നും, രജോഗുണത്തോടു ചേർന്നു നിൽക്കുന്ന മഹത്തത്വത്തിന്  രാജസാഹങ്കാരം  അല്ലെങ്കിൽ തൈജസാ ഹങ്കാരമെന്നും, തമോഗുണത്തോടു ചേർന്നു നിൽക്കുന്ന മഹത്തത്വത്തിന്  താമസാഹങ്കാരം  എന്നും പേരുകൾ നിശ്ചയിച്ചിരിയ്ക്കുന്നു. ഈ മൂന്നു വിധമായ അഹങ്കാരങ്ങളിൽ സാത്വികാഹങ്കാരത്തിൽ നിന്നും  മനസ്സും  രാജസാഹങ്കാരത്തിൽ നിന്നും  ഇന്ദ്രിയങ്ങളും  താമസാഹങ്കാരത്തിൽ നിന്നും മഹാദൂതങ്ങളും (പഞ്ചഭൂതങ്ങൾ) ഉണ്ടായി.

(25) സഹസ്രശിരസം
സാക്ഷാദ്യമനന്തം പ്രചക്ഷതേ
സങ്കർഷണാഖ്യം പുരുഷം
ഭൂതേന്ദ്രിയ മനോമയം.

ഇവിടെ അഹങ്കാരത്തിന്റെ മൂർത്തീഭാവത്തെ പറയുന്നു. മനസ്സ്, ഇന്ദ്രിയങ്ങൾ, മഹാഭൂതങ്ങൾ എന്നിവയുടെ സ്വരുപങ്ങളായിത്തീർന്ന അഹങ്കാരത്തെ ആയിരം ശിരസ്സുകളോടും, വിഭജിയ്ക്കാൻ പറ്റാത്ത വിധത്തിലുള്ള, മഹാത്മ്യത്തോടും കൂടി ഇരിയ്ക്കുന്ന സാക്ഷാൽ സങ്കർഷണൻ എന്നു പേരുള്ള മഹാപുരുഷനെന്നു പറയുന്നു.

അഹങ്കാരത്തെത്തന്നെ അഭേദമായിട്ട് (വേർതിരിയ്ക്കാതെ) സങ്കർഷണനെന്നു പറഞ്ഞതിന്റെ ആവശ്യം, ആ അഹങ്കാരതത്വത്തിൽ പ്രതിഫലിച്ചിരിയ്ക്കുന്ന ദേവനായ സങ്കർഷണനും, ആ അഹങ്കാരതത്വവും ഭിന്നമല്ല ( വെവ്വേറെയല്ല) എന്നുള്ള ഭാവനയോടു കൂടി ഉപാസിപ്പാൻ വേണ്ടിയിട്ടാകുന്നു. 

ഒരു വ്യക്തിയിൽ ഞാനെന്നു തോന്നുന്ന ഭാവത്തെ സർവ്വവ്യാപകമാക്കുന്നുവെങ്കിൽ, സകല വ്യക്തികളും ഞാൻ തന്നെ i ഞാൻ പരിച്ഛിന്നനല്ല. (വിഭജിയ്ക്കപ്പെടാൻ പറ്റുന്നതല്ല) സഹസ്ര (ആയിരം) ശിരസ്സുകളും, കൈകളും, കാലുകളുമുള്ളവൻ - എന്ന ഭാവന യാതൊന്നോ അതു തന്നെ സങ്കർഷണോപാസന എന്നു പറയപ്പെടുന്നത്.

(26) കർത്തൃത്വം കരണത്വം ച
കര്യത്വം ചേതി ലക്ഷണം
ശാന്തഘോരവിമൂഢത്വമിതി
വാ സ്യാദഹംകൃതേ:-

അഹങ്കാരലക്ഷണത്തെ മറ്റൊരു വിധത്തിൽ ബോധിപ്പിയ്ക്കുന്നു. ദേവന്മാരെന്ന നിലയിൽ കർത്തൃ ഭാവത്തേയും, ഇന്ദ്രിയങ്ങളെന്ന നിലയിൽ കരണാവസ്ഥയേയും, ദുതങ്ങളെന്ന ഭാവത്തിൽ കാര്യസ്വരുപത്തേയും, വഹിച്ചു കാണപ്പെടുന്നതിന് പ്രധാന കാരണം അഹങ്കാരമാകുന്നു. അല്ലെങ്കിൽ ശാന്തം, ഘോരം, മൂഢം എന്ന മുന്നവസ്ഥയ്ക്കു കാരണം അഹങ്കാരത്തിന്റെ മൂന്നു വിധ ഭേദമാകുന്നുവെന്നും അഹങ്കാരത്തിന് ലക്ഷണം നിർണ്ണയിയ്ക്കാം.

ജീവാത്മാവിന്, വൈകാരികാ (സാത്വികാ) ഹങ്കാര സംബന്ധം നിമിത്തം കർത്താവെന്നും, തൈജസാ (രാജസാ) ഹങ്കാര സംബന്ധം നിമിത്തം ഇന്ദ്രിയവാനെന്നും, താമസാ ഹങ്കാര സംബന്ധം നിമിത്തം, ദേഹവാനെന്നും അഭിമാനമുണ്ടാകുന്നു. ( തോന്നലുണ്ടാകുന്നു.) അല്ലെങ്കിൽ സാത്വികാഹങ്കാര സംബന്ധത്താൽ ജീവനു ശാന്തിയും, തൈജസാഹങ്കാര സംബന്ധത്താൽ പ്രവൃത്തിയിൽ ഇത്സാഹവും, താമസാഹങ്കാര സംബന്ധത്താൽ ആലസ്യവും ഉണ്ടാകുന്നു. ഈ ലക്ഷണങ്ങളെ കൊണ്ട് അഹങ്കാരത്തെ തിരിച്ചറിയണം. ജീവാത്മാവിന്റെ ബഹുവിധ ഭാവഭേദങ്ങൾക്കു കാരണം ഇങ്ങനെയുള്ള ഗുണങ്ങളോടുള്ള ചേർച്ചമൂലമാണെന്നു് ഇവിടെ വ്യക്തമാക്കിയിരിയ്ക്കുന്നു. ശുദ്ധ ചൈതന്യം തന്നെ ജീവൻ. ഗുണങ്ങളുടെ ബന്ധമാണ് അശുദ്ധിയ്ക്കു കാരണം.

(27) വൈകാരികാദ്വി കുർവ്വാണാ-
ന്മനസ്തത്വമജായത
യത് സങ്കൽപവികല് പാഭ്യാം
വർത്തതേ കാമസംഭവ:

മനസ്സിന്റെ ഉൽപ്പത്തിയേയും, ലക്ഷണത്തേയും പറയുന്നു: സാത്വികാഹങ്കാരത്തിന്റെ വികാരത്തിൽ നിന്നും മനസ്സ് എന്ന തത്വമുണ്ടായി. ആഗ്രഹങ്ങളെക്കുറിച്ചുള്ള സങ്കല്പവും, ആഗ്രഹങ്ങളുടെ വിശേഷ അവസ്ഥകളെക്കുറിച്ച് ആലോചിയ്ക്കുക എന്ന വികല്‌പവും മനസ്സിന്റെ പ്രവൃത്തികളാകുന്നു. ഇതു നിമിത്തം കാമം എന്നു പേരായ വൃത്തി ( പ്രവൃത്തി ) മനസ്സിൽ ഉദിയ്ക്കുന്നു.

(28) യദ്വിദുർഹ്യനിരുദ്ധാഖ്യം
ഹൃഷീകാണാമധീശ്വരം
ശാരദേന്ദീവരശ്യാമം
സംരാധ്യം യോഗിഭി: ശനൈ:

മനസ്തത്വത്തിൽ ഉപാസിയ്ക്കേണ്ടതായ ദേവനെ പറയുന്നു: മനസ്സിൽ അധിവസിയ്ക്കുന്ന ദേവൻ അനിരുദ്ധനാകുന്നു. ശരൽക്കാലത്തിലെ മനോഹരമായ നീലത്താമര പോലെയുള്ള നിറത്തോട്ടുകൂടിയ ആ ദേവനെ യോഗികൾ സാവധാനന്മാരായിട്ട് മനസ്സിൽ ഉപാസിയ്ക്കുന്നു. (അനിരുദ്ധൻ = ആരാലും നിരോധിപ്പാൻ കഴിയാത്ത വിധം ബലമുള്ളവൻ) മനസ്സു തന്നെ അനിരുദ്ധൻ എന്ന ഉപാസന ദൃഢമാകുന്നതോടുകൂടി ആഗ്രഹങ്ങളെല്ലാം സഫലമാകും. ആഗ്രഹങ്ങളിൽ അശുദ്ധിയില്ലാതേയുമാകും. ഈ സിദ്ധിയ്ക്കാണ് യോഗികൾ ഉപാസിയ്ക്കുന്നത്.(യോഗികൾക്ക് അഗ്രഹം ഒന്നേയുള്ളൂ. യോഗം ചേരുക.(ഭഗവാനിൽ ലയിയ്ക്കുക ഇത്ര മാത്രം)

 (29) തൈജസാത്തു വികുർവ്വാണാദ്
ബുദ്ധിതത്വമഭൂത് സതി !
ദ്രവ്യസ്ഫുരണ വിജ്ഞാന-
മിന്ദ്രിയാണാമനുഗ്രഹ:

ഹേ പതിവ്രതയായ മാതാവേ! വികാരത്തെപ്രാപിച്ചിരിയ്ക്കുന്ന തൈജസാഹങ്കാരത്തിൽ നിന്നും ബുദ്ധി എന്ന തത്വമുണ്ടായി. ഇന്ദ്രിയങ്ങളുടെ സഹായത്താൽ ഓരോ വസ്തുക്കളെ തിരിച്ചറിയുന്നത് ഈ ബുദ്ധി തത്വത്തിന്റെ അനുഗ്രഹത്താലാണു്.

(30) സംശയോfഥ വിപര്യാസോ
നിശ്ചയ: സ്മൃതിരേവ ച
സ്വാപ ഇത്യുച്യതേ ബുദ്ധേർ -
ല്ലക്ഷണം വൃത്തിത: പൃഥക്.

വസ്തുക്കളുടെ തിരിച്ചറിവും ഓർമ്മയുമൊക്കെയാണ് ബുദ്ധിയുടെ ലക്ഷണമെന്നു പറഞ്ഞതിനെ ഒന്നുകൂടി വ്യക്തമാക്കി കാണിയ്ക്കുന്നു:- ഒരു രൂപത്തിലുള്ള വസ്തുവിനെ, മറ്റൊരു രൂപമാണോ എന്നു സംശയിയ്ക്കുന്നത് ബുദ്ധിയുടെ മറ്റൊരു ലക്ഷണമാകുന്നു. (ഒരു മരക്കുറ്റി യേ കണ്ടിട്ട് അതൊരാളാണോ എന്നുള്ള സംശയം പോലെ) വിപരീത ജ്ഞാനം അല്ലെങ്കിൽ മിഥ്യാ ജ്ഞാനം ബുദ്ധിയുടെ മറ്റൊരു വിധമായ പ്രവൃത്തിയാകുന്നു. വെളള നിറമുള്ള ശംഖിനെ മഞ്ഞ നിറമുള്ളതാണെന്നും, മുത്തിനെ വെള്ളിയാണെന്നു ധരിയ്ക്കുന്നതും, ബുദ്ധിയുടെ മറ്റൊരു ലക്ഷണം തന്നെ. വെളളിയെ വെളളിയായിട്ടും, മുത്തിനെ മുത്തായിട്ടും ധരിയ്ക്കുന്ന ബുദ്ധിയുടെ ശരിയായ ലക്ഷണത്തെ   നിശ്ചയജ്ഞാനം  എന്ന് പറയുന്നു. ഒരിയ്ക്കൽ അനുഭവിച്ച ഒരു സുഖമോ ദു:ഖമോ മറ്റൊരു സമയത്ത് ഓർക്കുന്നതായാൽ അതും ബുദ്ധിയുടെ പ്രവൃത്തിതന്നെ. ഒന്നും പ്രവർത്തിയ്ക്കാതെ ഒന്നുമറിയാതെയുള്ള (സുഷുപ്തിയെന്ന) ഉറക്കവും ബുദ്ധിയുടെ ഒരു പ്രവർത്തിയാകുന്നു.

(31) തൈജസാനീന്ദ്രിയാണ്യേവ
ക്രിയാ ജ്ഞാനവിഭാഗശ:
പ്രാണസ്യ ഹി ക്രിയാശക്തിർ -
ബുദ്ധേർവിജ്ഞാനശക്തിതാ.

ഇന്ദ്രിയങ്ങളുടെ ഉല്പത്തിയെ പറയുന്നു. കർമ്മേന്ദ്രിയങ്ങൾ, ജ്ഞാനേന്ദ്രിയങ്ങൾ ഇങ്ങനെ രണ്ടു വിഭാഗത്തിൽപ്പെട്ട ഇന്ദ്രിയങ്ങളും രാജസാ ഹങ്കാരത്തിൽ നിന്നും ഉണ്ടായവ തന്നെ. എന്തുകൊണ്ടെന്നാൽ ക്രിയാശക്കി പ്രാണനിൽ നിന്നും, ജ്ഞാനശക്തി ബുദ്ധിയിൽ നിന്നും ഇന്ദ്രിയങ്ങൾക്കു ലഭിയ്ക്കുന്നു. പ്രാണനും, ബുദ്ധിയും രാജസാഹങ്കാരത്തിൽ നിന്നും ഉണ്ടായവയാകുന്നു. അതിനാൽ ഇന്ദ്രിയങ്ങളും രാജസാഹങ്കാരത്തിൽ നിന്നും ജനിച്ചവതന്നെ. ജ്ഞാനേന്ദ്രിയങ്ങൾ സാത്വികാഹങ്കാരത്തി നിന്നും ഉണ്ടായതാണോയെന്ന് സംശയിയ്ക്കരുത് എന്ന് സാരം

(32) താമസാച്ച വികുർവ്വാണാദ് -
ഭഗവദ്വീര്യചോദിതാത്
ശബ്ദമാത്രമഭൂത്തസ്മാന്നഭ:
ശ്രോത്രം തു ശബ്ദഗം.

തന്മാത്രകൾ ഉണ്ടായ രീതിയ പ്രതിപാദിച്ചുകൊണ്ട്, മഹാ ഭൂതങ്ങളുടെ (പഞ്ചഭൂതങ്ങളുടെ) ഉല്പത്തിയേയും, ലക്ഷണത്തേയും പറയാൻ തുടങ്ങുന്നു. ഈശ്വരന്റെ ശക്തിസ്വരൂപമായ കാലത്തിന്റെ പ്രേരണ നിമിത്തം താമസംഹങ്കാരത്തിന് രൂപമാറ്റം സംഭവിച്ചപ്പോൾ അതിൽ നിന്നും സൂക്ഷ്മദ്രവ്യ(തത്വ) മായ ശബ്ദമുണ്ടായി. അതിൽ നിന്ന് ആകാശമുണ്ടായി. ശ്രോത്ര (ചെവി) മെന്ന ഇന്ദ്രിയം ശബ്ദത്തെ അറിയാൻ കാരണമാകുന്നു.

(33) അർത്ഥാശ്രയത്വം ശബ്ദസ്യ
ദ്രഷ്ടുർല്ലിങ്ഗത്വമേവ ച
തന്മാത്രത്വം ച നഭസോ
ലക്ഷണം കവയോ വിദു:

ഒരു വസ്തുവിനെ തിരിച്ചറിയാൻ കാരണമാകുന്നതാണ് ശബ്ദം. ഒരാനയിതാ പോകുന്നു എന്നു് മറവിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞാൽ, ആ ആളെ നാം നേരിൽ കാണുന്നില്ലെങ്കിലും, ഒരു മനുഷ്യൻ അപ്പുറത്തു നിന്നും എല്ലാം കാണുന്നുണ്ടെന്ന് ആ ശബ്ദം നമുക്ക് അറിവു തരും. ആകാശമുണ്ടോ എന്നറിയാനുള്ള മാർഗ്ഗം ശബ്ദമാണ്. ആകാശത്തിന്റെ സൂക്ഷ്മമായ സ്വരുപ മാണ് (തന്മാത്ര) ശബ്ദം എന്ന് അറിവുള്ളവർ ശബ്ദത്തിന് ലക്ഷണം നിശ്ചയിച്ചിരിയ്ക്കുന്നു.

(34) ഭൂതാനാം ഛിദ്രദാതൃത്വം
ബഹിരന്തരമേവ ച
പ്രാണേന്ദ്രിയാത്മധിഷ്ണ്യത്വം
നഭസോ വൃത്തിലക്ഷണം.

കാര്യം കൊണ്ട് കാരണത്തെ അറിയണമെന്നുള്ള ന്യായപ്രകാരം ആകാശത്തിന്റെ കാര്യരൂപമായ ലക്ഷണത്തെ പറയുന്നു. ബ്രഹ്മാവു മുതൽ താഴോട്ടുള്ള എല്ലാ ജീവജാലങ്ങൾക്കും, എല്ലാ വസ്തുക്കൾക്കും, ജീവിയ്ക്കാനും നിലകൊള്ളാനും ഉള്ള അവകാശം കിട്ടുന്നത് ആകാശത്തിൽ നിന്നുമാകുന്നു. ഉൾഭാഗം പുറഭാഗം എന്നുള്ള വ്യത്യാസത്തിനും കാരണം ആകാശമാകുന്നു. ശരിരാന്തർഭാഗത്തിൽ - പ്രാണനും, ഇന്ദ്രിയങ്ങൾക്കും, മനസ്സിനും, വസിയ്ക്കാനുള്ള സ്ഥാനങ്ങൾ നാഡികളുടെ അന്തർഭാഗമാകാൻ കാരണവും ആകാശമാകുന്നു. ഇങ്ങനെയുള്ള കാര്യങ്ങളിൽ നിന്നും ആകാശത്തിന്റെ സ്വഭാവം മനസ്സിലാകും. ശബ്ദമെന്നത് സൂക്ഷ്മാകാശം, ആകാശമെന്നത് സ്ഥൂലാകാശം. ഇതുരണ്ടിന്റെയും ലക്ഷണം 33-34 എന്നീ ശ്ലോകങ്ങളിൽ പറഞ്ഞു. 32-ൽ ഭൂതോൽപ്പത്തിയും പറഞ്ഞു. ഇതു പോലെ മറ്റു ഭൂതങ്ങളെ കുറിച്ച് തുടർന്ന് പറയുന്നു.

(35) നഭസ: ശബ്ദതന്മാത്രാത്
കാലഗത്യാ വികുർവ്വത:
സ്പർശോfഭവത്തതോ വായൂസ്ത്വക്
സ്പർശസ്യ ച സംഗ്രഹ:

കാലത്തിന്റെ പ്രേരണ നിമിത്തം രൂപമാറ്റം സംഭവിച്ചതായ ശബ്ദതന്മാത്രയായിരുന്ന ആകാശത്തിൽ നിന്നും, സ്പർശം എന്ന സൂക്ഷ്മ ഭൂതവും, അതിനിന്നു വായുവെന്ന സ്ഥൂലഭൂതവും ഉണ്ടായി. ഇങ്ങനെയുണ്ടായ സ്പർശത്തെ അറിയാനുള്ള ഇന്ദ്രിയത്തിനെ ത്വക്ക് എന്ന് പറയുന്നു.

(36) മൃദുത്വം കഠിനത്വം ച
ശൈത്യമുഷ്ണത്വമേവ ച
ഏതത് സ്പർശസ്യ സ്പർശത്വം
തന്മാത്രത്വം നഭസ്വത:

മാർദ്ദവം, കാഠിന്യം, ശൈത്യം, ഉഷ്ണം എന്നിങ്ങനെയുള്ള സ്പർശനാനുഭവം ഉണ്ടാകുന്നത് സ്പർശ തന്മാത്രയായ വായുവിന്റെ സൂക്ഷ്മ ഭാവത്താലാകുന്നു.

(37) ചാലനം വ്യൂഹനം പ്രാപ്തിർ -
ന്നേതൃത്വം ദ്രവ്യശബ്ദയോ:
സർവ്വേന്ദ്രിയാണാമാത്മത്വം
വായോ: കർമ്മാഭിലക്ഷണം.

വൃക്ഷ. ശാഖകളെചലിപ്പിയ്ക്കുക, അങ്ങുമിങ്ങും തറയിൽ കിടക്കുന്ന ലഘു പദാർത്ഥങ്ങളെ ( ഉണങ്ങിയ ഇലകൾ, പുല്ലുകൾ, തുണി കഷണങ്ങൾ തുടങ്ങിയവ) അടിച്ചുകൂട്ടി ഒന്നായി ചേർക്കുക, പൂക്കൾ മുതലായവയുടെ വാസനകളെ മുക്കിനടുത്തെത്തിയ്ക്കുക, ദൂരത്തുള്ള ശബ്ദത്തെ ചെവിയിലെത്തിയ്ക്കുക, എല്ലാ ഇന്ദ്രിയങ്ങൾക്കും ബലമുണ്ടാകുവാനാവശ്യമായ ഭക്ഷണ സാധനങ്ങളുടെ സത്തിനെ അതാതവയവങ്ങളിൽ കൃത്യമായി എത്തിയ്ക്കുക എന്നീ കർമ്മങ്ങൾ ഉള്ളിലും, പുറത്തും നടക്കുന്നത് വായു വെന്നുള്ള സ്ഥൂലഭൂതത്താലാണെന്ന് അറിയുക.

(38) വായോശ്ച സ്പർശ തന്മാത്രാ -
ദ്രുപം ദൈവേരിതാദഭൂത്
സമുസ്ഥിതം തതസ്തേജശ്ചക്ഷു
രൂപോപലംഭനം.

ദൈവപ്രേരിതമായ സ്പർശതന്മാത്രയായ വായുവിൽ നിന്നും രൂപമുണ്ടായി. അതിൽ നിന്നും തേജസ്സുണ്ടായി. കണ്ണ് ഈ രൂപത്തെ അറിയാനുള്ള ഇന്ദ്രിയമാകുന്നു. രൂപം എന്നത് സുക്ഷ്മഭൂതം. തേജസ് (അഗ്നി) എന്നത് സ്ഥൂലരൂപം. അതിനെ അറിയാനുള്ള ഇന്ദ്രിയം കണ്ണ്.

(39) ദ്രവ്യാകൃതിത്വം ഗുണതാ
വ്യക്തി സംസ്ഥാത്വമേവ ച
തേജസ്ത്വം തേജസ: സ്വാദ്ധി
രൂപ മാത്രസ്യ വൃത്തയ:

രൂപമായിരിയ്ക്കുന്ന സൂക്ഷ്മ ഭൂതത്തിന്റെ ലക്ഷണം - വസ്തുക്കൾക്ക് ആകൃതിയെ ജനിപ്പിയ്ക്കുക, ഗുണങ്ങളെ ( സത്വരജതമസ്) വസ്തുക്കളിൽ യോജിപ്പിയ്ക്കുക, ഓരോ പദാർത്ഥങ്ങളുടേയും കൂടി ചേരൽ ഏതുവിധമോ, സ്ഥൂലമായിട്ടോ, സൂക്ഷ്മമായിട്ടോ, വളഞ്ഞോ, വളയാതേയോ നിവർന്നോ ഇങ്ങനെ ഏതു വിധമോ, അതേ വിധത്തിലുള്ള പ്രതീതിയിൽ വസ്തുവിനെ പ്രകാശിപ്പിയ്ക്കാനുള്ള ശക്തിവിശേഷവും, ഹേ-സാദ്ധ്വി (പതിവൃതേ) രൂപ മാത്രത്തിന്റെ ലക്ഷണങ്ങളാകുന്നു.

(40) ദ്യോതനം പചനം പാനമദനം
ഹിമമർദ്ദനം
തേജസോ വൃത്തയസ്ത്വേതാ:
ശോഷണം ക്ഷുത്തൃഡേവ ച.

അഗ്നി എന്ന സ്ഥൂലഭൂതത്തിന്റെ ലക്ഷണങ്ങൾ. പ്രകാശിപ്പിയ്ക്കുക, ഭക്ഷണ പദാർത്ഥങ്ങളായ ധാന്യങ്ങളെ പാകംചെയ്യുമ്പോൾ അതിനെ തിളപ്പിച്ച് പാകപ്പെടുത്തുക, വിശപ്പ് ദാഹം എന്നിവയെ ഉണ്ടാക്കുക, ഇതു നിമിത്തം വെള്ളം കുടിയ്ക്കേണ്ടി വരിക, ഭക്ഷണം കഴിയ്ക്കേണ്ടി വരിക, തണുപ്പിന്നെ മാറ്റുക, പദാർത്ഥങ്ങളെ വരട്ടുക (ഉണക്കുക) പദാർത്ഥങ്ങളിലുള്ള ജലാംശത്തെ കുറയ്ക്കുക എന്നീ കാര്യങ്ങൾ കാണപ്പെടുന്നത് തേജസ്സിന്റെ (അഗ്നിയുടെ) സ്ഥൂലരൂപത്തിന്റെ പ്രവൃത്തിയാകുന്നു.

(41) രൂപമാത്രാദ്വികുർവാണാ-
ത്തേജസോ ദൈവചോദിതാത്
രസമാത്രമഭൂത്തസ്മാദംഭോ
ജിഹ്വാ രസഗ്രഹ:

കാലരുപനായ ഈശ്വരന്റെ പ്രേരണ നിമിത്തം, രൂപമാറ്റം സംഭവിയ്ക്കുവാൻ തക്ക വിധത്തിൽ വികാരത്തെ പ്രാപിച്ചതായ, രുപമാത്രമായിരുന്ന തേജസ്സിൽ നിന്നും  രസം  (രുചി) എന്നു പറയപ്പെടുന്ന സുക്ഷ്മഭൂതമുണ്ടായി. അതിൽ നിന്നും ജലമുണ്ടായി. ഈ രസത്തെ അല്ലെങ്കിൽ രുചിയെ അറിയാനായി  ജിഹ്വ  നാവ് എന്ന ഇന്ദ്രിയവും ഉണ്ടായി.

(42) കാഷായോ മധുരസ്തിക്ത:
കട്വമ്ല ഇതി നൈകധാ
ഭൗതികാനാം വികാരേണ
രസ ഏകോ വിഭിദ്യതേ.

രുചി എന്ന ഒന്ന് മറ്റു പദാർത്ഥങ്ങളോടുള്ള കുടിചേരൽ നിമിത്തം, ചവർപ്പ്, കൈപ്പ്, എരിവ്, പുളി, ഉപ്പ്, മധുരം എന്നിങ്ങനെ ആറു വിധത്തിലും ഇവയുടെ അന്യോന്യ സമ്മേളനം നിമിത്തം അനേകവിധത്തിലും രൂപാന്തരപെടുന്നു.

(43) ക്ലേദനം പിണ്ഡനം തൃപ്തി:
പ്രാണനാപ്യായനോന്ദനം
താപാപനോദോ ഭൂയസ്ത്വ-
മംഭസോ വൃത്തയസ്ത്വിമാ:

ജലത്തിന്റെ ലക്ഷണം പറയുന്നു :- വസ്തുക്കളെ ആർദ്രമാക്കുക.(ആർദ്രം= ഈർപ്പം, നനവ്) പല വസ്തുക്കളെ കൂട്ടിച്ചേർത്ത് ഒന്നായി ഒരു പിണ്ഡമാക്കുക, മതിയെന്നു തോന്നുന്നതായ തൃപ്തിയെ വരുത്തുക, ജീവിപ്പിയ്ക്കുക, ദാഹം നിമിത്തമുള്ള ക്ഷീണം തീർത്ത് ശക്തി വരുത്തുക, വസ്തുക്കളെ മൃദുവാക്കി തീർക്കുക, ചൂടിനെ നശിപ്പിയ്ക്കുക, ജലാശയങ്ങളിൽ ഉറവയായി വർദ്ധിച്ചു കൊണ്ടിരിയ്ക്കുക, ഇതെല്ലാം ജലത്തിന്റെ ലക്ഷണങ്ങളാകുന്നു.

(44) രസമാത്രാദ്വികുർവാണാ-
ദംഭസോ ദൈവചോദിതാത്
ഗന്ധമാത്രമഭൂത്തസ്മാത്
പൃഥ്വി ഘ്രാണസ്തു ഗന്ധന:

കാലസ്വരൂപനായ ഈശ്വരന്റെ അനുഗ്രഹത്താൽ രസതന്മാത്രമായിരുന്ന ജലം വികാരത്തെ പ്രാപിച്ചപ്പോൾ  ഗന്ധം  എന്നു പേരുള്ള സുക്ഷ്മദ്രവ്യമുണ്ടായി. അതിൽ നിന്നും ഭൂമിയുണ്ടായി. ഈ ഗന്ധത്തെ തിരിച്ചറിയുന്നതിനായി നാസിക (മുക്ക്) എന്ന ഇന്ദ്രിയമുണ്ടായി.

(45) കരംഭ പുതിസൗരഭ്യ -
ശാന്തോ ഗ്രാമ്ലാദിഭി: പൃഥക്
ദ്രവ്യാവയവ വൈഷമ്യാദ്
ഗന്ധ ഏകോ വിഭിദ്യതേ.

ഗന്ധം എന്ന ആ ഒന്നിനോട് അനേക പദാർത്ഥങ്ങൾ കൂടി ചേരുമ്പോൾ, ആ ചേരുന്ന പദാർത്ഥങ്ങളുടെ ധർമ്മത്തേയും, സ്വഭാവത്തേയും അനുസരിച്ച്, സുഗന്ധം, ദുർഗന്ധം, മിശ്രമായ ഗന്ധം, സന്തോഷത്തെ ജനിപ്പിയ്ക്കുന്ന ഗന്ധം, വെറുപ്പുളവാക്കുന്ന ഗന്ധം, പുള്ളിപ്പ് ഇങ്ങനെ ബഹുവിധത്തിലുള്ള ഗന്ധങ്ങൾ അനുഭവപ്പെടുന്നു.

(46) ദാവനം ബ്രഹ്മണ: സ്ഥാനം
ധാരണം സദ്വിശേഷണം
സർവ്വസത്വഗുണോത് ഭേദ:
പൃഥ്വീവൃത്തിലക്ഷണം.

പൃഥ്വി (ഭ്രൂമി) യുടെ ലക്ഷണം: ബ്രഹ്മത്തിന്റെ ഭാവനയ്ക്കു പകരിയ്ക്കുന്ന വ്യത്യസ്ത മൂർത്തി ഭാവങ്ങളെ പ്രതിമ രൂപത്തിൽ നിർമ്മിയ്ക്കാനുള്ള സാധനമായിരിയ്ക്കുക, ജലത്തെ ആശ്രിയയ്ക്കാതെ നിലനിൽക്കുക, ജലാദികൾക്ക് ആധാരമായിരിയ്ക്കുക, ആകാശാദികളായ മറ്റു ഭൂതങ്ങളുടെ അതിരിനെ കാണിയ്ക്കാൻ ഉപകരിയ്ക്കുന്ന ഒന്നാകുക, സർവ്വ പ്രാണികളുടേയും, സ്ത്രി പുരുഷ എന്ന ഭിന്നാകൃതിയെ പ്രകാശിപ്പിയ്ക്കുവാൻ തക്ക വിധത്തിൽ പരിണമിയ്ക്കുക എന്നിവ പൃഥ്വിയുടെ ലക്ഷണമാകുന്നു. ഈ പറഞ്ഞ കാര്യരൂപങ്ങൾ കാണപ്പെടുന്നത് പൃഥ്വിയാകുന്ന കാരണ ദ്രവ്യം നിമിത്തമാകുന്നു.

(47) നഭോഗുണവിശേഷോfർത്ഥോ
യസ്യ തച്ഛ്റോത്രമുച്യതേ
വായോർഗ്ഗുണവിശേഷോfർത്ഥോ
യസ്യ തത്സ്പർശനം വിദു:

ശ്രോത്രാദികളായ(ചെവി മുതലായ) ഇന്ദ്രിയങ്ങളുടെ ലക്ഷണം പറയുന്നു :- ആകാശത്തിന്റെ അസാധാരണ ലക്ഷണമായ ശബ്ദത്തെ അറിയാനായി  ശ്രോത്രം (ചെവി) എന്ന ഇന്ദ്രിയവും, വായുവിന്റെ അസാധാരണ ലക്ഷണമായ സ്പർശത്തെ അറിയുന്നതിനായി  ത്വക്ക്   എന്ന ഇന്ദ്രിയത്തെയും നിശ്ചയിച്ചു.

(48) തേജോഗുണവിശേഷോfർത്ഥോ
യസ്യ തച്ചക്ഷുരുച്യതേ
അംഭോഗുണവിശേഷോfർത്ഥോ
യസ്യ തദ്രസനം വിദു:
ഭൂമേർഗ്ഗുണവിശേഷോfർത്ഥോ
യസ്യ തദ് ഘ്രാണ ഉച്യതേ.

തേജസ്സിന്റെ (അഗ്നിയുടെ) അസാധാരണ ഗുണമായ രൂപത്തെ അറിയുന്നത്  നേത്രേന്ദ്രിയ മാണെന്നും, ജലത്തിന്റെ അസാധാരണഗുണമായ  രസത്തെ  (രുചി) അറിയുന്നത്  ജിഹ്വേന്ദ്രിയ  (നാവ്)മെന്നും, ഭൂമിയുടെ അസാധാരണ ഗുണമായ  ഗന്ധത്തെ   അറിയുന്നത്  ഘ്രാണേന്ദ്രിയ  (മുക്ക്) മെന്നും മനസ്സിലാക്കണം.

(49) പരസ്യ ദൃശ്യതേ ധർമ്മോ
ഹ്യപരസ്മിൻ സമന്വയാത്
അതോ വിശേഷോ ഭാവാനാം
ഭൂമാവേവോപലക്ഷ്യതേ.

ഇങ്ങനെയുള്ള പഞ്ചമഹാഭൂതങ്ങളുടെ,, ശബ്ദ സ്പർശ രൂപ രസ ഗന്ധാദികളായ ഗുണങ്ങളിൽ, ഒരു ഭൂതത്തിന്റെ ഗുണം മറ്റൊരു ഭൂതത്തിൽ കാണപ്പെടുന്നതു കൊണ്ട്, അതാതു ഗുണങ്ങളോടുകൂടി ഭൂതങ്ങൾ അന്യോന്യം ചേർത്തിരിയ്ക്കുന്നു എന്ന് ധരിയ്ക്കണം. ആകാശത്തിന് ശബ്ദം മാത്രമേയുള്ളു. വായുവിൽ ആകാശം ചേർന്നിരിയ്ക്കുന്നതു കൊണ്ട്, ആകാശ ഗുണമായ ശബ്ദവും വായുവിന്റെ പ്രത്യേക ലക്ഷണമായ സ്പർശവും കൂടി രണ്ടു ഗുണം കാണപ്പെടുന്നു. തേജസ്സിൽ വായുവും ആകാശവും കലർന്നിരിയ്ക്കുന്നതു കൊണ്ട്, സ്പർശവും, ശബ്ദവും, തേജസ്സിന്റെ പ്രത്യേക ഗുണമായ രൂപവും കൂടി ശബ്ദ സർശ രൂപം എന്നീ മൂന്നു ഗുണങ്ങൾ കാണപ്പെടുന്നു. ജലത്തിൽ ആകാശം, വായു, അഗ്നി എന്നീ മൂന്നു ഭൂതങ്ങൾ ചേർന്നിരിയ്ക്കുന്നതു കൊണ്ട് അവയുടെ ഗുണങ്ങളായ ശബ്ദ സ്പർശ രൂപങ്ങളും, ജലത്തിന്റെ പ്രത്യേക ഗുണമായ രസവും കൂടി ശബ്ദ സ്പർശ രൂപ രസങ്ങൾ എന്നീ നാലു .ഗുണങ്ങൾ കാണപ്പെടുന്നു. ഭൂമിയിൽ ആകാശം, വായു, അഗ്നി, ജലം എന്നീ നാലു ഭൂതങ്ങൾ ചേർന്നിരിയ്ക്കുന്നതിനാൽ, അവയുടെ ഗുണങ്ങളായ ശബ്ദ സ്പർശ രൂപ രസങ്ങൾ എന്ന നാലും ഭൂമിയുടെ പ്രത്യേക ഗുണമായ  ഗന്ധവും  കൂടി ശബ്ദ സ്പർശ രുപ രസ ഗന്ധങ്ങൾ എന്നീ അഞ്ചു ഗുണങ്ങൾ ചേർന്നിരിയ്ക്കുന്നു. എന്നാൽ ശബ്ദ-സ്പർശ -രൂപ - രസ-ഗന്ധങ്ങൾ, ആകാശം - വായു-അഗ്നി- ജലം - ഭൂമി എന്നീ ദൂതങ്ങളുടെ പ്രത്യേക ഗുണം തന്നെയാകുന്നു. ഭൂതങ്ങളുടെ പരസ്പര യോജിപ്പിൽ ഒന്നിന്റെ ഗുണം മറ്റൊന്നിൽ കാണപ്പെടുന്നു.

(50) എതാന്യസംഹത്യ യദാ
മഹദാദീനി സപ്ത വൈ
കാലകർമ്മഗുണോപേതോ
ജഗദാദിരുപാവിശത്.

34 -ാം ശ്ലോകം മുതൽ പറഞ്ഞത് കാരണോൽപ്പത്തിയേയാണ്. ഇനിയും കാര്യോൽപ്പത്തിയെ പറയുന്നു. മഹത്തത്വം, അഹങ്കാരതത്വം, പഞ്ചഭൂതങ്ങൾ എന്നിവ ഏഴും, അന്യോന്യം യോജിയ്ക്കാതെ വെവ്വേറെ നിന്നപ്പോൾ കാലം, ജീവിതത്തിനാവശ്യമായ കർമ്മം, സത്വാദി ഗുണങ്ങൾ എന്നിവയോടു കൂടിയ ഈശ്വരൻ മേൽ പറഞ്ഞ മഹദാദിതത്വങ്ങളിൽ പ്രവേശിച്ചു.
ശ്രദ്ധിയ്ക്കുക  ഒറ്റയായിരുന്നാൽ കാര്യങ്ങൾ സാധിയ്ക്കില്ല, യോജിച്ചാൽ മാത്രമേ കാര്യങ്ങൾ സാധിയ്ക്കുകയുള്ളു എന്ന്, ജഗദുൽപത്തിയ്ക്കു കാരണമായ പ്രകൃതിയിൽ അടങ്ങിയിരിയ്ക്കുന്ന പരമതത്വമാകുന്നു. എന്നാൽ ഈ യോജിപ്പ് ഭൂമിയുടെ നിലനിൽപ്പിനു വേണ്ടിയാണ്. ഇതുപോലെ എല്ലാ കുടിച്ചേരലും, യോജിപ്പും മൊത്തത്തിലുള്ള നിലനിൽപ്പിനാകണം.

(51) തതസ്തേനാനുവിദ്ധേഭ്യോ
യുക്തേഭ്യോfണ്ഡമചേതനം
ഉത്ഥിതം പുരുഷോ യസ്മാ -
ദുദതിഷ്ഠദസൗ വിരാട്.

ഈശ്വരന്റെ അനുപ്രവേശം നിമിത്തം വേറെ വേറെ എന്ന ഭാവത്തെ ഉപേക്ഷിച്ച് അന്യോന്യം യോജിച്ച ആ സപ്ത പദാർത്ഥങ്ങളിൽ നിന്ന് അചേതനമായ (ചൈതന്യമില്ലാത്ത - ജിവനില്ലാത്ത) അണ്ഡവുണ്ടായി. അതിൽ നിന്നും വിരാട് പുരുഷൻ ഉത്ഭവിച്ചു.

(52) എതദണ്ഡം വിശേഷാഖ്യം
ക്രമവൃദ്ധൈർദ്ദശോത്തരൈ:
തോയാദിഭി: പരിവൃതം
പ്രധാനേനാവൃതൈർബ്ബഹി:
യത്ര ലോകവിതാനോfയം
രൂപം ഭഗവതോ ഹരേ :

ഈ അണ്ഡത്തിന്  വിശേഷം  എന്ന് കൂടി പേരുണ്ട്. ഈ അണ്ഡം, മേൽ പറഞ്ഞ പഞ്ചഭുതങ്ങൾ, അഹങ്കാരതത്വം, മഹത്തത്വം എന്നീ ഏഴ് പദാർത്ഥങ്ങൾ, ഒന്നിനു ശേഷം മറ്റൊന്ന് എന്ന ക്രമത്തിൽ, ആദ്യത്തേതിനേക്കാൾ പത്തിരട്ടി വ്യാപ്തി കൂടി രണ്ടാമത്തേത്‌ എന്ന രീതിയിൽ പുറമേ പുറമേ വരുന്നവ താഴത്തേതിനേക്കാൾ പതു പത്തിരട്ടി അഭിവൃദ്ധിയോടു കൂടി, താഴോട്ടും, മുകളിലോട്ടും ഏഴേഴു തട്ടുകളായി രൂപപ്പെടുത്തിയിരിയ്ക്കുന്നു. ഈ അണ്ഡമാണ് ഈ ലോകത്തിന്നാധാരം. ഇതിന്റെ ഓരോ അംശത്തിൽ ഓരോ ലോകം നിലനിൽക്കുന്നു. ഈ ഓരോ ലോകവും, മറ്റോരോന്നിൽ നിന്നും വ്യത്യസ്തമായ ആകൃതികളും ഗുണങ്ങളുമുള്ളവയാണെങ്കിലും, അവയെല്ലാം ഭഗവാ നായ ശ്രീഹരിയുടെ രുപംതന്നെ. ഇതാണ് താഴോട്ടും, മേലോട്ടുമുള്ള ഈരേഴു പതിന്നാലു ലോകം എന്നു പറയുന്നത്.

(ഇങ്ങനെയുള്ള ഈ ഏഴു തട്ടുകൾ അല്ലെങ്കിൽ ആവരണങ്ങൾ നമുക്കുമുണ്ട്. ഈ ശരീരം തന്നെ അഞ്ചു തട്ടായിട്ടാണ് നിലനിൽക്കുന്നത്. എങ്ങനെയാണ് ഈ തട്ടുകളെന്നാൽ :- അന്നമയകോശം, പ്രാണ മയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം ഇങ്ങനെ. ഇതു കഴിഞ്ഞാൽ നമ്മുടെ ബുദ്ധിയ്ക്കും, അറിവിനും എത്താൻ പറ്റുന്ന അളവ് ആറാമത്തേത്, ഇതു കഴിഞ്ഞുള്ളത് ഏഴാമത്തേത്) 


(53) ഹിരണ്മയാദണ്ഡകോശാദുസ്ഥയ
സലിലേശയാത്
തമവിശ്യ മഹാദേവോ
ബഹുധാ നിർബ്ബിഭേദ ഖം.

അതിപ്രഭയോടു കൂടി ജലത്തിൽ കിടക്കുന്ന ആ അണ്ഡകോശത്തിൽ അന്തർഭവിച്ചിരുന്ന മഹാദേവൻ, അതിലിരുന്ന് ഏകാന്തതയെ ഉപേക്ഷിച്ച്, ആ അണ്ഡത്തിൽ അനേകം ദ്വാരങ്ങളെ ഉണ്ടാക്കി. ഈ ഓരോ ദ്വാരങ്ങൾ ഓരോ ഇന്ദ്രിയങ്ങളാകുന്നു.

(54) നിരഭിദ്യതാസ്യ പ്രഥമം മുഖം
വാണീ തതോfഭവത്
വാണ്യാ വഹിരഥോ നാസേ
പ്രാണോതോ ഘ്രാണ ഏതയോ:

ഇന്ദ്രിയങ്ങളുണ്ടായതെങ്ങനെയെന്നു് വിവരിയ്ക്കുന്നു. വിരാട് പുരുഷന് ആദ്യം മുഖമുണ്ടായി. അതിൽ നിന്ന് വാഗീന്ദ്രിയവും,(വാക്കുകളെ രൂപാന്തരപ്പെടുത്തുന്ന ഇന്ദ്രിയം) അതോടുകൂടെ അധിഷ്ഠാനമായ (ആശ്രയമായ) വഹ്നിയുമുണ്ടായി (അഗ്നി). പിന്നെ നാസികകളുണ്ടായി. ആ രണ്ടു ദ്വാരങ്ങളിൽ നിന്ന് പ്രാണനോടു ചേർന്നിരിയ്ക്കുന്ന ഘ്രാണം (ഗന്ധം - വാസന) എന്ന ഇന്ദ്രിയമുണ്ടായി.

(55) ഘ്രാണാദ്വായുരഭിദ്യേതാ -
മക്ഷിണി ചക്ഷുരേതയോ:
തസ്മാത് സൂര്യോ ന്യഭിദ്യേതാം
കർണ്ണൗ ശ്രോത്രം തതോ നിശ:

ഘ്രാണേന്ദ്രിയത്തിൽ നിന്ന് വായുവുണ്ടായി. പിന്നെ കണ്ണുകളുണ്ടായി. പിന്നെ കണ്ണുകൾക്കായുള്ള രണ്ടു ദ്വാരങ്ങളുണ്ടായി. അവിടെ കണ്ണുകളും, കാഴ്ച എന്ന ഇന്ദ്രിയവുമുണ്ടായി. അതിൽ നിന്നും സൂര്യനു മുണ്ടായി. പിന്നെ കർണ്ണദ്വാരങ്ങൾ ഉണ്ടായി. അതിൽ നിന്നും ശ്രോത്രം എന്ന ഇന്ദ്രിയവും ദിക്കുകളുമുണ്ടായി.

(56) നിർബ്ബിഭേദ വിരാജസ്ത്വ-
ഗ്രോമശ്മശ്രുവാദയസ്തത:
തത ഔഷധയശ്ചാസൻ
നിശ്നം നിർബ്ബിഭിദേ തത:

അതിൽ പിന്നെ വിരാട്പുരുഷന് ത്വക്ക് എന്ന സ്ഥാനമുണ്ടായി. അതിൽ നിന്നും ശരീരരോമം മുഖരോമം മുതലായവയുണ്ടായി. അതിൽ നിന്നും ഔഷധികളുണ്ടായി. പിന്നെ ശിശ്നം (ലിംഗം) എന്ന സ്ഥാനമുണ്ടായി.

(57) രേതസ്തസ്മാദാപ
ആസന്നിരഭിദ്യത വൈ ഗുദം
ഗുദാദപാനോfപാനാച്ച
മൃത്യുർല്ലോകഭയംകര:

അതിൽ നിന്ന് രേതസും, ജലവുമുണ്ടായി. പിന്നെ ഗുദദ്വാരമുണ്ടായി. അതിൽ നിന്നു അപാനൻ എന്ന വായുവും, അതിൽ നിന്നും ലോകത്തെ ഭയപ്പെടുത്തുന്ന മൃത്യുവുമുണ്ടായി,

(58) ഹസ്തൗ ച നിരഭിദ്യേതാം
ബലം താഭ്യാം തത: സ്വരട്
പാദൗ ച നിരഭിദ്യേതാം
ഗതിസ്താഭ്യാം തതോ ഹരി:

പിന്നെ കൈകളുണ്ടായി. ആ കൈകളിൽ നിന്ന് ബലം എന്നു പറയപ്പെടുന്ന ഇന്ദ്രിയമുണ്ടായി. അതിൽ നിന്ന് ഇന്ദ്രനെന്നു പേരുള്ള ഹസ്തങ്ങൾക്കധിഷ്ഠാനമായ ദേവതയുണ്ടായി. പിന്നെ പാദങ്ങളുണ്ടായി. അവയിൽ നിന്നും ഗതി (ഗമനം - നടപ്പ്) ഉണ്ടായി. പിന്നെ വിഷ്ണു എന്നു പേരായ പാദങ്ങൾക്കധിഷ്ഠാനമായ ദേവതയുണ്ടായി.

(59) നാഡ്യോfസ്യ നിരഭിദ്യന്ത
താഭ്യോ ലോഹിതമാഭൃതം
നദ്യസ്തത: സമഭവന്നുദരം
നിരഭിദ്യത.

പിന്നെ ഈ ദേവന് നാഡികളുണ്ടായി. അവയിൽ ലോഹിതം (രക്തം) എന്ന ഇന്ദ്രിയം നിറഞ്ഞു. അതിൽ നിന്ന് നദികളുണ്ടായി. പിന്നെ ഉദരം എന്ന സ്ഥാനമുണ്ടായി.

(60) ക്ഷുത്പിപാസേ തത: സ്വാതാം
സമുദ്രസ്ത്വേതയോര ദൂത്
അശാസ്യ ഹൃദയം ഭിന്നം
ഹൃദയാന്മന ഉത്ഥിതം.

ഉദരത്തിൽ നിന്ന് വിശപ്പും ദാഹവും ജനിച്ചു. അവയിൽ നിന്ന് സമുദ്രമുത്ഭവിച്ച, പിന്നെ ഹൃദയമുണ്ടായി, അതിൽ നിന്ന്  മനസ്സ്  ഉണ്ടായി.

(61) മനസശ്ചന്ദ്രമാ ജാതോ
ബുദ്ധിർബുദ്ധേർഗിരാം പതി:
അഹങ്കാരസ്തതോ രുദ്രശ്ചിത്തം
ചൈത്യസ്തതോfഭവത്.

മനസ്സിൽ നിന്ന് ചന്ദ്രനുണ്ടായി. പിന്നെ ഹൃദയത്തിൽ നിന്ന് ബുദ്ധിയുണ്ടായി. ബുദ്ധിയിൽ നിന്ന് ബുദ്ധിയ്ക്ക് അധിഷ്ഠാന ദേവതയായ  ബ്രഹ്മാവുണ്ടായി . പിന്നെയും ഹൃദയത്തിൽ നിന്ന് അഹങ്കാരമുണ്ടായി. അതിൽ നിന്ന് രുദ്രനുണ്ടായി. പിന്നെയും ഹൃദയത്തിൽ നിന്നു് ചിത്തമുണ്ടായി. അതിൽ നിന്ന് ക്ഷേത്രജ്ഞ എന്ന കൂടെ പേരു പറയുന്ന ജീവനുണ്ടായി.

(62) ഏതേ ഹ്യഭ്യുസ്ഥിതാ ദേവാ
നൈ വാസ്യോത്ഥാപനേf ശകൻ
പുനരാവിവിശു: ഖാനി
തമുത്ഥാപയിതും ക്രമാത്.

ഇങ്ങനെ ഉണ്ടായ ദേവന്മാരിലാരും വിരട്പുരുഷനെ ഉണർത്തി എഴുന്നേൽപ്പിയ്ക്കാൻ സമർത്ഥന്മാരായി തീർന്നില്ല. എങ്കിലും ആ മഹാപുരുനെ എഴുന്നേൽപ്പിയ്ക്കുവാൻ ക്രമേണ അവരവരുടെ സ്ഥാനങ്ങളിൽ വസിച്ചു.?

(63) വഹ്നിർവചാ മുഖം ഭേജേ
നോദതിഷ്ഠത്തദാ വിരാട്
ഘ്രാണേന നാസികേ വായുർ-
ന്നോദതിഷ്ഠത്തദാ വിരാട് .

ഉണ്ടായ ഓരോ ദേവന്മാർ അവരവരുടെ അധിഷ്ഠാനത്തിൽ വസിച്ചതിനെ സ്പഷ്ടമാക്കുന്നു.

മുഖമാകുന്ന അധിഷ്ഠാനത്തിലിരിയ്ക്കുന്ന വാക്കാകുന്ന ഇന്ദ്രിയത്തിൽ വഹ്നി(അഗ്നി)യാകുന്ന ദേവത വസിച്ചു. അപ്പോൾ വിരട് പുരുഷൻ എഴുന്നേറ്റില്ല. നാസികകളാകുന്ന അധിഷ്ഠാനത്തിൽ ഘ്രാണമാകുന്ന ഇന്ദ്രിയത്തിൽ വായുവെന്ന ദേവൻ വസിച്ചു. അപ്പോഴും വിരാട് പുമാൻ ഉണർന്നില്ല.

(64) അക്ഷിണീ ചക്ഷുഷാff ദിത്യോ
നോദതിഷ്ഠത്തദാ വിരാട്
ശ്രോത്രേണ കർണ്ണൗ ച ദിശോ
നോദതിഷ്ഠത്തദാ വിരാട്

ആദിത്യൻ കാഴ്ച എന്ന ഇന്ദ്രിയത്തോടു കൂടി കണ്ണുകളാകുന്ന അധിഷ്ഠാനത്തിൽ വസിച്ചു. അപ്പോഴും വിരാട് പുരുഷൻ എഴുന്നേറ്റില്ല. ദിക്കുകളാകുന്ന ദേവതകൾ ശ്രവണം എന്ന ഇന്ദ്രിയത്തോടു കൂടി കർണ്ണപുടങ്ങളിൽ വസിച്ചു. അപ്പോഴും വിരാട് പുമാൻ എഴുന്നേറ്റില്ല.

(65) ത്വചം രോമഭിരോഷധ്യോ
നോദതിഷ്ഠത്തദാ വിരാട്
രേതസാ ശിശ്‌നമാപസ്തു
നോദതിഷ്ഠത്തദാ വിരാട്.

ഔഷധികൾ രോമത്തോടുകൂടെ ത്വക്കാകുന്ന ആ സ്ഥാനത്ത് വസിച്ചു. എന്നിട്ടും വിരാട് പുരുഷനുണർന്നില്ല. ജലം രേതസ്സോടുകൂടി ശിശ്നമാകുന്ന അധിഷ്ഠാനത്തിലിരുന്നു. അപ്പോഴും വിരാട് ഉണർന്നില്ല.

(66) ഗുദം മൃത്യുരപാനേന
നോദതിഷ്ഠത്തദാ വിരാട്
ഹസ്താവിന്ദ്രോ ബലേനൈവ
നോദതിഷ്ഠത്തദാ വിരാട്.

മൃത്യു അപാനവായുവിനോടുകൂടെ ഗുദ മെന്ന അധിഷ്ഠാനത്തിൽ വസിച്ചു. അപ്പോഴും പുരുഷൻ എഴുന്നേറ്റില്ല. ഇന്ദ്രൻ ബലത്തോടുകൂടി ഹസ്തങ്ങളിൽ (കൈകളിൽ) വസിച്ചു. എന്നിട്ടും വിരാട് പുരുഷൻ എഴുന്നേറ്റില്ല.

(67) വിഷ്ണൂർഗ്ഗത്യൈവ ചരണൗ
നോദതിഷ്ഠത്തദാ വിരാട്
നാഡീർന്നദ്യോ ലോഹിതേന
നോദതിഷ്ഠത്തദാ വിരാട് .

വിഷ്ണു ഗതിയോടു (ഗതി = ഗമനം, നടപ്പ്) കൂടി ചരണങ്ങളിൽ (പാദങ്ങളിൽ) വസിച്ചു. അപ്പോഴും പുരുഷനുണർന്നില്ല. നദികൾ ലോഹിതത്തോടു കൂടി (ലോഹിതം = രക്തം) നാഡികളിൽ പ്രവേശിച്ചു. അപ്പോഴും പുരുഷനുണർന്നെഴുന്നേറ്റില്ല.

(68) ക്ഷുത്തൃഡ്ഭ്യാമുദരം സിന്ധൂർ
നോദതിഷ്ഠത്തദാ വിരാട്
ഹൃദയം മനസാ ചന്ദ്രോ
നോദതിഷ്ഠത്തദാ വിരാട്.

വിശപ്പ്,ദാഹം, എന്നിവയോടു കൂടി സമുദ്രം ഉദരത്തിൽ പ്രവേശിച്ചു. അപ്പോഴും വിരാടുണർന്നില്ല. ചന്ദ്രൻ മനസ്സോടുകൂടി ഹൃദയത്തിൽ പ്രവേശിച്ചു. എന്നിട്ടും പുരുഷനെഴുനേറ്റില്ല.

(69) ബുദ്ധ്യാ ബ്രഹ്മാപി ഹൃദയം
നോദതിഷ്ഠത്തദാ വിരാട്
രുദ്രോfഭിമത്യാ ഹൃദയം
നോദതിഷ്ഠത്തദാ വിരാട്.

ബ്രഹ്മാവ് ബുദ്ധിയോടു കൂടി ഹൃദയത്തിൽ അധിവസിച്ചു. അപ്പോഴും പുരുഷനുണർത്തില്ല. രുദ്രൻ അഭിമാനത്തോടു കൂടെ ഹൃദയത്തിൽ പ്രവേശിച്ചു. അപ്പോഴും വിരാട് ഉണർന്നെഴുനേറ്റില്ല.

(70) ചിത്തേന ഹൃദയം ചൈത്യ:
ക്ഷേത്രജ്ഞ: പ്രാവിശദ്യദാ
വിരാട് തദെെവ പുരുഷ :
സലിലാദുദതിഷ്ഠത.

ചേതനാ സ്വരൂപനായ (ചേതന= ചൈതന്യം, ജീവൻ) ക്ഷേത്രജ്ഞൻ - ജീവൻ- സ്വശക്തിയിൽ നിന്നുണ്ടായ ചിത്തം എന്ന ഇന്ദ്രിയത്തോടു കൂടെ ഹൃദയത്തിൽ എപ്പോൾ പ്രവേശിച്ചുവോ, അപ്പോൾത്തന്നെ വിരാട് പുരുഷൻ ജലത്തിൽ നിന്നും എഴുന്നേറ്റ് വേണ്ടുന്ന കാര്യങ്ങളെ നടത്താൻ ജാഗരൂകനായിത്തീർന്നു.

(7|) യഥാ പ്രസുപ്തം പുരുഷം
പ്രാണേന്ദ്രിയ മനോധിയ:
പ്രഭവന്തി വിനാ യേന
നോസ്ഥാപയിതുമോജസാ.

ഉറങ്ങിക്കിടക്കുന്ന ഒരാളിനെ ജീവനോടുകൂടെയോജിച്ചല്ലാതെ, പ്രാണൻ (ശ്വാസം) ഇന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി എന്നിവയ്ക്ക് സ്വബലത്താൽ ഉണർത്താൻ കഴിയാത്തതുപോലെ, വിരാട് പുരുഷനേയും മറ്റിന്ദ്രിയങ്ങളോടു ചേർന്നിരിയ്ക്കുന്ന പഞ്ചഭൂതങ്ങളായ ദേവതകൾക്ക് ഉണർത്തുവാൻ കഴിഞ്ഞില്ല. ക്ഷേത്രജ്ഞന്റെ - സമഷ്ടി ജീവന്റെ (സമഷ്ടി = ഒന്നായുള്ള) പ്രവേശനമുണ്ടായപ്പോൾ മാത്രം ഉണർന്നെഴുന്നേറ്റു. ഈ പറഞ്ഞതിൽ നിന്നും, ജീവനു തന്നെ പ്രാധാന്യം, മറ്റു ദേവതകൾ അല്ലെന്ന് സാരം.

(72) തമസ്മിൻ പ്രത്യഗാത്മാനം
ധിയാ യോഗപ്രവൃത്തയാ
ഭക്ക്യാ വിരക്ത്യാ ജ്ഞാനേന
വിവിച്യാത്മനി ചിന്തയേത്.

പ്രകൃതി സംബന്ധം കൂടാതെ ഇരിയ്ക്കുന്ന ആ പ്രത്യഗാത്മാവിനെ (വ്യക്തിഗതമായ ആത്മാവ്) അഷ്ടാംഗ യോഗാഭ്യാസത്തിന്റെ ബലത്താൽ കിട്ടുന്നതായ ബുദ്ധി വൃത്തികൊണ്ട്, പ്രകൃതി കാര്യങ്ങളെ ഇന്ദ്രിയങ്ങളിൽ നിന്നും വേർതിരിച്ചറിഞ്ഞുകൊള്ളണം. അതിനായി പ്രകൃതി കാര്യങ്ങളായ ഇന്ദ്രിയങ്ങളുടേയും, ജീവന്റെയും, ഈശ്വരന്റെയും സ്വരൂപങ്ങളെ നന്നായി ചിന്തിയ്ക്കുമ്പോൾ സിദ്ധിയ്ക്കുന്ന വ്യത്യസ്ഥമായ ജ്ഞാനത്തെ തിരിച്ചറിയണം. ആ ജ്ഞാനമുറയ്ക്കണമെങ്കിൽ, വിഷയങ്ങളിൽ വിരക്തി ഉണ്ടാകണം. (ആഗ്രഹങ്ങൾ ഉണ്ടാകാതിരിയ്ക്കണം) അതിന് ഭഗവാനിൽ ഭക്തി ഉണ്ടാവണം. ഇങ്ങനെ ഭക്തിയുണ്ടായിക്കഴിയുമ്പോൾ, കാര്യകാരണങ്ങളോടു ചേർച്ചയുള്ള ഈ ശരീരത്തിൽ ആത്മാവിനെ സാക്ഷാത്ക്കരിയ്ക്കാൻ (ആത്മാവാണ് എല്ലാമെന്നുള്ള തിരിച്ചറിവ്) കഴിഞ്ഞാൽ അതു തന്നെ പരമപുരുഷാർത്ഥ പ്രാപ്തി.

ഏതാണ്ട് മുന്നാഴ്ചക്കാലമായി എനിയ്ക്ക് ഒന്നും ഈ പേജിൽ നിക്ഷേപിയ്ക്കാൻ സാധിയ്ക്കാതെ വന്നതിൽ, സവിനയം എല്ലാവരേയും എന്റെ ഖേദം ഞാനറിയിയ്ക്കുന്നു. പല വിധ കാരണങ്ങളാലുണ്ടായ സമയക്കുറവാണ് കാരണം. സാംഖ്യ ശാസ്ത്രം വിരാട് പുരുഷ സ്വരൂപത്തോടുകൂടി അവസാനിച്ചു. അതിനോടനുബന്ധിച്ചുള്ള അടുത്ത സ്റ്റെപ്പിലേയ്ക്ക് കടക്കുന്നു.

സാംഖ്യ ശാസ്ത്രത്തിൽ കൂടി പ്രകൃതി, പുരുഷൻ (ഈശ്വരൻ) എന്നീ രണ്ടു വിഭാഗത്തേയും, സൃഷ്ടിയുടെ അല്ലെങ്കിൽ സൃഷ്ടിയ്ക്കാവശ്യമായ കാര്യ കാരണങ്ങളേയും വിശദീകരിച്ചു. ഒന്നാമത്തേത് മഹത്തത്വമെന്നും, രണ്ടാമത്തേത് അഹങ്കാരതത്ത്വമെന്നും, ഈ അഹങ്കാരതത്ത്വങ്ങൾ സത്വ, രജ, തമസ്സ് എന്നീ മൂന്നാണെന്നും, കർമ്മേന്ദ്രിയങ്ങളും, ജ്ഞാനേന്ദ്രിയങ്ങളും, പഞ്ചഭൂതങ്ങളും, ഭൂത തന്മാത്രകളും, അന്തക്കരണ മെന്ന മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നീ നാലും ചേർന്ന് 24 തത്ത്വങ്ങളേയും, വിരാട് പുരുഷ സ്വരുപ അവയവങ്ങളെക്കുറിച്ചും എല്ലാം പറഞ്ഞു കഴിഞ്ഞു. ഈ സ്വരൂപം തന്നെയാണ് നാമോരോരുത്തരും എന്നു മനസ്സിലാക്കാൻ ശ്രമിയ്ക്കുമ്പോൾ, അല്ലെങ്കിൽ മനസ്സിലാക്കുമ്പോഴാണ് സാംഖ്യ ശാസ്ത്രം നമ്മളിലേയ്ക്കെത്തുന്നത്‌.

ഈ ശരീരം എന്നുപറയുന്നത് ജീവനില്ലാത്തതാണെന്നും, ഈശ്വരചൈതന്യമായ ജീവന്റെ സാമീപ്യം കൊണ്ടല്ലാതെ ഈ ശരീരത്തെ ചലിപ്പിയ്ക്കാൻ സാധിയ്ക്കയില്ലെന്നും സാംഖ്യ ശാസ്ത്രത്തിൽക്കൂടി നാം മനസ്സിലാക്കുന്നു. ആ ഈശ്വരചൈതന്യം പല വിധത്തിൽ, പല രൂപത്തിൽ നമ്മിൽ പ്രവർത്തിയ്ക്കുന്നുവെന്നും, ഇങ്ങനെ വിവിധ പ്രവർത്തനങ്ങൾക്കായിട്ടാണ് വിവിധ നാമരൂപഭാവങ്ങളിൽ ഈശ്വരചൈതന്യത്തെ നാം അറിയപ്പെടുന്നതെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെ മഹത്തത്വവും അഹങ്കാരതത്ത്വവും, ഇതിൽ നിന്നുമുണ്ടായ 24 തത്ത്വങ്ങളിൽക്കൂടി സ്വർഗ്ഗം, ഭൂമി, പാതാളം എന്നിവയടങ്ങിയ ത്രിലോകമെന്നും, ഈരേഴു പതിന്നാലുലോകങ്ങൾ എന്നും പറയുന്ന ഈ അണ്ഡഘടാകം നിലനിൽക്കുന്നു. 

എന്നാൽ ഇതുവരെയും സാംഖ്യ ശാസ്ത്രത്തിൽക്കൂടി നാം മനസ്സിലാക്കിയത് പ്രകൃതിയേയും, പുരുഷനേയും മാത്രമാണ്. ഈ പ്രകൃതിയ്ക്കും പുരുഷനും നില നിൽക്കണമെങ്കിൽ ഇവിടെ സൃഷ്ടികൾ ഉണ്ടാകണം. സൃഷ്ടി ഇല്ലാതെ ഇതൊന്നും നിലനിൽക്കില്ല. ഇതിൽ നിന്നും നമുക്കൊന്നു മനസ്സിലാകും, അല്ലെങ്കിൽ മനസ്സിലാക്കണം, ഈ ലോകത്തിലുള്ള സൃഷ്ടികളെല്ലാം ലോക നിലനിൽപ്പിനു വേണ്ടിയുള്ളതാണെന്നും, ലോകം നിലനിൽക്കേണ്ടത് ഈശ്വരന്റെ ആവശ്യമാണെന്നും, അങ്ങനെ ലോകം നിലനിർത്താൻ, ഈശ്വരനു വേണ്ടി ജോലി ചെയ്യാനാണ് മനുഷ്യനുൾപ്പടെയുള്ള ഓരോ ജീവിയുടേയും സൃഷ്ടിയെന്നാണ് നാം മനസ്സിലാക്കേണ്ടത്. ആയതിനാൽ നമുക്ക് സൃഷ്ടിയെക്കുറിച്ച് അറിയാൻ ശ്രമിയ്ക്കാം.

അറിവിന്റെ മുല ഗ്രന്ഥമായി അറിയപ്പെടുന്നത് വേദത്തെയാണ്. മനുഷ്യരാശി ഉണ്ടായതിനു ശേഷം അവരുടെ ജീവിതാവശ്യമായ അറിവിനായി, ലോകത്തിലാദ്യമായുണ്ടായ അറിവിന്റെ കലവറയാണ്  വേദം . ഈ വേദം സാധാരണക്കാർക്ക് മനസ്സിലാക്കാൻ സാധിയ്ക്കാത്ത വിധമായിരുന്നതിനാൽ, സാധാരണക്കാർക്കു കൂടി വേദജ്ഞാനം കിട്ടാൻ വേണ്ടി പുരാണേതിഹാസ ധർമ്മശാസ്ത്രോപനിഷത്തുകൾ സൃഷ്ടിയ്ക്കപ്പെട്ടു. ഇങ്ങനെ മനുഷ്യരാശിയുടെ അറിവിനായി ഉണ്ടാക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങൾ അനവധി ആയതു കൊണ്ടും, ഉണ്ടാക്കിയവർ പലരായതുകൊണ്ടും, കഥാരൂപം ചില സ്ഥലത്തെല്ലാം ചില വ്യത്യാസങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഇതിന്റെയെല്ലാം തുടക്കവും, ഒടുക്കവും ഒരു സ്ഥലത്തു തന്നെയാണെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും. എല്ലാം തുടങ്ങുന്നു ഭഗവാനിൽ നിന്നും. എല്ലാം ഒടുങ്ങുന്നതും അവിടെത്തന്നെ.

ഇതിനെക്കുറിച്ചെല്ലാം ഓരോരുത്തരും മനസ്സിലാക്കുന്ന വിധവും വ്യത്യസ്ഥമാണ്. വേദ പുരാണേതിഹാസ വേദാന്തധർമ്മ ശാസ്ത്രാദികളായിട്ടുള്ള പുസ്തകങ്ങളെല്ലാം തന്നെ ഹിന്ദുക്കളുടേതാണെന്നാണ് പൊതുവേ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതിൽ ആധികാരിക ഗ്രന്ഥം ഏതാണെന്നും, ഓരോന്നിന്റെയും, ഉദ്ദേശവും, പ്രയോജനവും തിരിച്ചറിയാവുന്നവരായി ഹിന്ദുക്കൾ എന്നു പറയുന്നതിൽ എത്ര ശതമാനം പേരുണ്ടെന്നു് ശ്രദ്ധിയ്ക്കേണ്ട വിഷയമാണ്. ഇതിൽ ഏതെങ്കിലും ഒരു പുസ്തകമെങ്കിലും ഇല്ലാത്ത വീടുകളാവും ഭൂരിപക്ഷവും. എന്നാൽ ഏതെങ്കിലും പുസ്തകം വാങ്ങിയിട്ടുള്ളവർ തന്നെ അതെങ്ങനെ സൂക്ഷിയ്ക്കണം, എങ്ങനെ ഉപയോഗിയ്ക്കണം എന്നു് അറിവില്ലാത്തവരാണ്. ഇത് വിട്ടിൽ എവിടെയെങ്കിലും വെച്ചിരുന്നാൽ മതി എന്നു കരുതുന്നു ചിലർ. എവിടെയെങ്കിലും വായിയ്ക്കുന്നത് കേട്ടാൽ മതി എന്നു വിചാരിയ്ക്കുന്നു മറ്റുചിലർ. ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല എന്നു കരുതുന്നു മറ്റൊരു കൂട്ടർ.

എന്നാൽ ഇതിന്റെ ഉദ്ദേശം, ഇതിന്റെ സാരാംശത്തെ മനസ്സിലാക്കി ജീവിതത്തിൽ പകർത്തി, ജീവിതത്തിൽ സന്തോഷവും, സമാധാനവും ഉണ്ടാക്കുക എന്നതാണ്. ഇതെങ്ങനെയെന്നാൽ, വൈദീകജ്ഞാനം ( വേദപരമായ ജ്ഞാനം) നമ്മിൽ വളരുംതോറും നമ്മിൽ സത്വഗുണം വളരും. സത്യഗുണം വളരുംതോറും ഈശ്വര ചിന്തയും, അതനുസരിച്ച് ഭക്തിയും വളരും. ഈ പ്രക്രീയയിൽക്കൂടി നമ്മിൽ നിലനിൽക്കുന്ന ഈശ്വരചൈതന്യം ഉണരും. അപ്പോൾ നാം തെറ്റു ശരികളെ തിരിച്ചറിയാൻ തുടങ്ങും. അങ്ങനെ ആന്തരിക ശുദ്ധിയും, ആന്തരിക ശുദ്ധിയുണ്ടായാൽ ബാഹ്യശുദ്ധിയുമുണ്ടാകും. ഇങ്ങിനെ നമ്മുടെ ജീവിതം ചൈതന്യവത്താകും. ഇതിനായി നമ്മുടെ ജീവിതത്തിലെ ദിനചര്യകളും കർമ്മങ്ങളും എങ്ങനെയൊക്കെ വേണമെന്നും അറിയേണ്ടതുണ്ട്.



No comments:

Post a Comment