Friday, November 29, 2019

ജ്ഞാനയോഗം

 സർവ്വ ജീവജാലങ്ങളിലും നിലനിൽക്കുന്ന ജീവൻ ഈശ്വരൻതന്നെയാണെന്നുള്ള ദൃഢവിശ്വാസത്താൽ സകല ഭൂതങ്ങളേയും മനസ്സുകൊണ്ട് ബഹുമാനാദരങ്ങളോടെ നമസ്ക്കരിയ്ക്കണം. ഇതാണ് ഭക്തിയോഗ സാരം. ഇങ്ങനെയാണ് മുക്തികളുടെ വഴിയും, ഭക്തിയോഗവും എന്ന ഭാഗം നിർത്തിയത്.

 ഇനിയും ജ്ഞാനയോഗം എന്നു പറയുന്നത് എന്താണെന്നു നോക്കാം. 
 യോഗം ഏതു പേരിൽ പറഞ്ഞാലും ലക്ഷ്യം ഒന്നു തന്നെ. പരമാത്മാവുമായുള്ള സംയോഗം. അതിന് വിവിധ പേരുകൾ എന്തിനെന്നാൽ, ഇത് ഒരു സ്ഥലത്തെത്തി ചേരാനുള്ള പല വഴികളാണ്. ഓരോരുത്തർക്കും എളുപ്പം എന്നുതോന്നുന്ന വഴിയേപോകാം. ഇഷ്ടപ്പെട്ട വഴി തിരഞ്ഞെടുക്കാൻ പല പേരുകൾ കൊടുത്തു എന്നു മാത്രം.

 ജ്ഞാനം എന്നാൽ സൂക്ഷ്മത്തെക്കുറിച്ചുള്ള അറിവ്. ഇത് സാധാരണ ജ്ഞാനമോ, സൂക്ഷ്മമോ അല്ല. സൂക്ഷ്മത്തിലും സൂക്ഷ്മം (പരമസൂക്ഷ്മം) ഇതിനെക്കാൾ സൂക്ഷ്മമായി മറ്റൊന്നില്ല. അങ്ങനെയൊന്നിനെ കുറിച്ചുള്ള ജ്ഞാനം. എന്താണ് ഇത്രമാത്രം പരമ സൂക്ഷ്മമായ ഒന്ന്. അത് ബ്രഹ്മം തന്നെ മറ്റൊന്നുമല്ല. അതെന്താണീ ബ്രഹ്മം. അതായത് ഭൂമിയുടെ ഉൽപ്പത്തിയ്ക്കുമുൻപ് നിലനിന്നിരുന്നതും, ലയനത്തിനു ശേഷം നിലനിൽക്കുന്നതുമായ ഒന്ന്. നാദം നാദ ബ്രഹ്മം, ഇതിന് എട്ട് അവസ്ഥകളുണ്ട്. (ഇതിനെക്കുറിച്ചുള്ള വിശദീകരണം എന്റെ അത്മജ്ഞാനം എന്ന പേജിൽ, നാദബ്രഹ്മം എന്ന ഉപന്യാസത്തിൽ കൊടുത്തിട്ടുണ്ട്) ബ്രഹ്മം, നാദം, ബിന്ദു, കാലം, പരാ, പശ്യന്തി, മധ്യമ, വൈഖരി ഇതാണ് എട്ട് അവസ്ഥകൾ. ഇതിൽ വൈഖരിയാണ് ഇന്ദ്രിയങ്ങളുമായി കൂടിച്ചേർന്ന് ശബ്ദരൂപത്തിൽ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ പുറത്തേയ്ക്ക് വരുന്നത്. സൃഷ്ടിയുടെ സമയത്ത് ഇത് ബ്രഹ്മം, അകാരം, ഉകാരം, മകാരം, സമഷ്ടി പ്രാണൻ, മനസ്സുമായി യോജിയ്ക്കുക, മനസ്സു സ്വീകരിക്കുന്നു, അക്ഷരവുമായി യോജിയ്ക്കുന്നു, അവസാനം ഇന്ദ്രിയവുമായി യോജിച്ച് പുറത്തു വരുന്നു. ലയന സമയത്ത് വൈഖരിമുതൽ നാദം വരെ ബ്രഹ്മത്തിൽ ലയിയ്ക്കുന്നു. ഇങ്ങനെയുള്ള അവസ്ഥയിൽ ബ്രഹ്മത്തിൽനിന്നും ഉണ്ടാകുന്ന (മനസ്സിനു മാത്രം അനുഭവിച്ചറിയാൻ സാധിയ്ക്കുന്ന) അതിസൂക്ഷ്മപ്രകാശം ഭഗവാന്റെ ജീവകല എന്നറിയപ്പെടുന്ന സൂക്ഷ്മാംശമാകുന്നു. ഈ സൂക്ഷമ തേജോരൂപത്തെയാണ് യോഗികൾ ഹൃദയമദ്ധ്യത്തിൽ ധ്യാനത്തിൽക്കൂടി ദർശിച്ച് പരമാനന്ദ സ്വരൂപന്മാരായി ഭവിയ്ക്കുന്നത്. ഇതിനെ അറിയുക എന്നതാണ് ജ്ഞാനയോഗ ലക്ഷ്യം. ഇതു തന്നെയാണ് ഭഗവദ് സ്വരൂപം. ഈ സ്വരൂപത്തിലേയ്ക്ക് എത്താനുള്ള വഴികളാണ് ജ്ഞാനയോഗത്തിൽ വിശദീകരിയ്ക്കുന്നത്.

 ഈ ലോകത്തിൽ കാണുന്നതെല്ലാം പ്രകൃതിപുരുഷ സംയോഗത്താൽ ( പ്രകൃതി സ്ത്രീയും ഈശ്വരൻ പുരുഷനുമായി സങ്കല്പം) ഉണ്ടായിട്ടുള്ളതുകൊണ്ടും, എല്ലാം നിലനിൽക്കുന്നത് ഒരാത്മാവിനാൽ ആയതു കൊണ്ടും ആരും ഒന്നും പരസ്പരം ഭിന്നമല്ല. അതുകൊണ്ട് മറ്റൊരുളിന്റെ സ്വഭാവത്തേയോ, പ്രവർത്തിയേയോ സ്തുതിയ്ക്കാനോ നിന്ദിയ്ക്കാനോ ആർക്കും അവകാശമില്ല. ഉയർച്ചതാഴ്ചകളോ, രൂപ വ്യത്യാസങ്ങളൊ ശ്രദ്ധിയ്ക്കാതെ, എല്ലാവരിലുമുള്ളത് ഒരേ ആത്മാവാണെന്നുള്ള തിരിച്ചറിവാണ് വേണ്ടത്. ഇതല്ലാതെ ഞാൻ വേറെ, ഇവൻ വേറെ, അവൻ വേറെ എന്നു തോന്നുന്നത് ശരീര ആത്മാഭിമാനം കൊണ്ടാണ്. (ശരീരമാണ് അത്മാവ് എന്ന തോന്നൽ) അതു കൊണ്ടുണ്ടാകുന്ന ഭേദഭാവനയാൽ ആത്മജ്ഞാനം നഷ്ടപ്പെടുന്നു. (ശരീരമല്ല ആത്മാവ് എന്ന തിരിച്ചറിവ്) മറ്റൊരാളെ കുറ്റം പറയുമ്പോഴും, നിന്ദിയ്ക്കുമ്പോഴും, മറ്റൊരാളിൽ തെറ്റുകാണുമ്പോഴും, ഞാൻ ശരി എന്ന സ്വാർത്ഥതയും, സ്തുതിയ്ക്കുമ്പോൾ ഞാൻ ചെറുത് എന്ന തോന്നലും നമ്മിൽ ഉടലെടുക്കുന്നു. അപ്പോൾ നാം സ്വരൂപനിഷ്ടയിൽ നിന്നും തെറ്റുന്നു.

 ആത്മാവ് ഒന്നല്ലാതെ വേറെയില്ല, അത്മാവിന് തുല്യമായി മറ്റെന്തെങ്കിലും ഉണ്ടെന്ന് വാക്കാൽ പറയുന്നതും, ചിന്തിയ്ക്കുന്നതും മിഥ്യയാണ്. ദ്വയ്ത പ്രപഞ്ചം പരമാർത്ഥത്തിൽ ഇല്ലാത്തതു കൊണ്ടാണ്, ഒന്നു ശ്രേഷ്ടം മറ്റൊന്നു നികൃഷ്ടം എന്നുള്ള സ്തുതി നിന്ദകൾക്ക് അവകാശമില്ല എന്നു പറയുന്നത്. പരമാർത്ഥത്തിൽ ദ്വയ്ത പ്രപഞ്ചം ഇല്ലെങ്കിലും, മായയാൽ ഉള്ളതുപോലെ തോന്നുന്നതുകൊണ്ട് (കണ്ണാടിയിലും വെള്ളത്തിലും പ്രതിബിംബ കാണുന്നതു പോലെ) ആ മായയാൽ സൃഷ്ടിയ്ക്കപ്പെട്ട പഞ്ചഭൂതങ്ങളുടെ പ്രവർത്തനത്താൽ ശരീരം സുഖദുഃഖങ്ങൾ അറിയുന്നതു പോലെ തോന്നുന്നു. ഇതെങ്ങനെയെന്നാൽ സ്വപ്നത്തിൽ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട സുഖാനുഭവങ്ങളുണ്ടാകാം. ഉറക്കത്തിൽ അത് സത്യമായിത്തന്നെ ഭവിയ്ക്കുകയും ചെയ്യും. എന്നാൽ ഉണർന്നു കഴിയുമ്പോൾ മനസ്സിലാകും അത് വെറും സ്വപ്നമായിരുന്നു എന്ന്. ചിലപ്പോൾ സ്വപ്നം കണ്ടതായി പോലും ഓർക്കുകയുമില്ല. എല്ലാത്തിനേയും സൃഷ്ടിച്ച്, എല്ലാമായിത്തീരാൻ കഴിവുള്ള ആത്മാവുതന്നെ ഈ ലോകം. ഇതിൽ സൃഷ്ടികർത്താവും, സൃഷ്ടിയും, സൃഷ്ടിയ്ക്കപ്പെട്ടതും, രക്ഷകർത്താവും, രക്ഷയും, രക്ഷിയ്ക്കപ്പെട്ടതും, നശിപ്പിയ്ക്കുന്നവനും, നശിപ്പിയ്ക്കേണ്ടതും, നശിച്ചതും എല്ലാം ഒരേ അത്മാവു തന്നെ. കർത്താവായും, കർമ്മമായും, ക്രിയയായും, കാര്യമായും, കാരണമായുമെല്ലാം ഭവിയ്ക്കുന്നത് ഈ ഒരാത്മാവു തന്നെയെന്നു സാരം.
 ഇങ്ങനെ എല്ലാത്തിനും കാരണമായി, എന്നാൽ എല്ലാ ത്തിൽ നിന്നും അന്യമായുമിരിയ്ക്കുന്ന ആത്മാവുമാത്രം സത്യം. എന്നാൽ ദേഹം, ഇന്ദ്രിയം, അന്തക്കരണം എന്നിവയിലുള്ള സത്വരജതമോ ഗുണങ്ങളുടെ പ്രവർത്തന ഫലമായി ശരീരത്തിന് ഭേദ പ്രതീതി (ശരീരമാണ് ആത്മാവ് എന്ന് ) അനുഭവപ്പെടുന്നതു തന്നെ അജ്ഞാനം അല്ലെങ്കിൽ മായ എന്നെല്ലാം പറയുന്നത്.

 ഇങ്ങനെയുള്ള ജ്ഞാനം ലഭിയ്ക്കുന്ന ജ്ഞാനികൾ പരസ്വഭാവങ്ങളെക്കുറിച്ചുള്ള സ്ഥുതിയോ നിന്ദയോ ചെയ്യാതെ എല്ലാത്തിലും സമസ്വഭാവനായി, ലോകം ചുറ്റുന്ന സൂര്യനെപ്പോലെ സഞ്ചരിയ്ക്കണം. സൂര്യപ്രകാശത്തിന്റെ സഹായത്തിൽ ജീവികൾ നടത്തുന്ന കർമ്മങ്ങളുടെ ഗുണദോഷങ്ങളിൽ സുര്യനു പങ്കില്ലാത്തതു പോലെ ലോകദൃഷ്ട്യാ കാണപ്പെടുന്ന ഗുണദോഷങ്ങൾ ജ്ഞാനിയെ ബാധിയ്ക്കുന്നതല്ല.
 പ്രത്യക്ഷം, അനുമാനം, ശബ്ദം, സ്വരൂപജ്ഞാനം ഇങ്ങനെയുള്ള നാലുവിധ പ്രമാണങ്ങൾ കൊണ്ട് ലോകത്തിന് ആദിയും, അന്ത്യവും ഉണ്ടെന്നറിയാം. ഇങ്ങനെ ആദിയും അന്ത്യവുമുള്ള വസ്തുവിന് ആത്മാവിനെവിട്ട് നിലനിൽക്കാൻ കഴിയുകയില്ല എന്നറിഞ്ഞ് ലൗകീക സുഖത്തിൽ താൽപ്പര്യമില്ലാതെ സഞ്ചരിയ്ക്കണം. ഉണ്ടായ ഓരോ വസ്തുക്കളും ദിവസവും നശിച്ചു കൊണ്ടിരിയ്ക്കുന്ന കാഴ്ച പ്രത്യക്ഷപ്രമാണം. കർമ്മപരമായി (പ്രവർത്തിയിൽ കൂടി) സമ്പാദിയ്ക്കുന്ന സമ്പത്തുകൾ നശിയ്ക്കുന്നതുപോലെ, സത്കർമ്മത്താൽ ലഭിയ്ക്കുന്ന സ്വർഗ്ഗസുഖവും ക്ഷയിച്ച് നശിയ്ക്കുന്നതാണെന്ന് മനസ്സിലാക്കുന്നത് അനുമാനം. തത്വമസ്സി (ഞാൻ നീ ആകുന്നു) സർവ്വം ഖല്വിതം ബ്രഹ്മ. (ഈ കാണുന്നതെല്ലാം ബ്രഹ്മമാകുന്നു) നാം കാണുന്നതെല്ലാം പല പേരുകളിലാണ് എങ്കിലും ഒന്നു തന്നെയാണ്, എല്ലാം മിഥ്യയാണ്. സത്യം ബ്രഹ്മം മാത്രമാണ്. ഇതെങ്ങനെയെന്നാൽ കലം, കുടം, കൂജ ഇങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്ന വസ്തുക്കൾ മിഥ്യയാണ്. അതിൻ സത്യം മണ്ണു മാത്രമാണ്. മണ്ണിനാൽ ഉണ്ടാക്കി, അങ്ങിനെ തന്നെ നിലനിൽക്കുന്നു. വീണ്ടും പൊട്ടുമ്പോൾ മണ്ണായിത്തീരുന്നു. ഇതാണ് സ്വരുപജ്ഞാനം. അതുപോലെ പക്ഷി, മൃഗം, പാമ്പ്, മനുഷ്യൻ എന്നെല്ലാം പറയപ്പെടുന്നത് വസ്തുക്കളെ തിരിച്ചറിയാൻ വേണ്ടിയുള്ള നാമം മാത്രം. നാമരൂപങ്ങൾ വകകളെ സംബന്ധിച്ചിടത്തോളം അന്യമാണ്. ഈ വകകളിൽ നിലനിൽക്കുന്ന ബ്രഹ്മചൈതന്യം മാത്രമാണ് സത്യം എന്ന് തിരിച്ചറിയുന്നതിനെ ശബ്ദ പ്രമാണം എന്നു പറയുന്നു. സുഷുപ്താവസ്ഥയിൽ അജ്ഞാനികളും, സമാധ്യാവസ്ഥയിൽ ജ്ഞാനികളും അത്മാവിനെ തിരിച്ചറിയുന്നു. ഇത് സ്വാനുഭവം. സുഷുപ്തിയിൽ ഇന്ദ്രിയങ്ങളും, മനസ്സുമെല്ലാം ഉറങ്ങി ശരീരം മരണ തുല്യമാകുമ്പോൾ നിലനിൽക്കുന്നത് അത്മാവ് മാത്രമാണ്. (ഇത് സുഷുപ്ത്യാവസ്ഥ അജ്ഞാനികളുടേത്) സമാധി എന്നാൽ ഇന്ദ്രിയബന്ധങ്ങളൊന്നു മാല്ലാതെ ശരീര ബോധം പോലുമില്ലാതെ ആത്മാവിൽ ലയിയ്ക്കുക എന്ന അവസ്ഥ ജ്ഞാനികളുടേത്. (ഇത് സമാധ്യാവസ്ഥ)
 ജ്ഞാനയോഗം പൂർണ്ണമായിട്ടില്ല. 
 
 ജ്ഞാനയോഗം  -  ഭാഗം 2

 സമാധി എന്നാൽ ഇന്ദ്രിയബന്ധങ്ങളൊന്നുമില്ലാതെ ശരീര ബോധം പോലുമില്ലാതെ ആത്മാവിൽ ലയിയ്ക്കുക എന്ന അവസ്ഥ ജ്ഞാനികളുടേത്. ഇങ്ങനെയാണ് ജ്ഞാനയോഗം 1 എന്ന ഭാഗം നിർത്തിയത്. 
 വേദവാക്യങ്ങളുടെ അർത്ഥം മനസ്സിലാക്കി പഠിച്ച്, സ്വധർമ്മം മുടക്കം കൂടാതെ നടത്തി, നശിയ്ക്കുന്ന വസ്തുവിലുള്ള നശിയ്ക്കാത്ത വസ്തുവിനെ സ്വാനുഭവത്താൽ അനുമാനം ചെയ്ത്(ഊഹിച്ച്) മനസ്സിലാക്കാനുള്ള കഴിവാണ് ജ്ഞാനം. ഈ ലോകത്തിന്റെ ഉൽപ്പത്തി യ്ക്ക് മുൻപും, നാശത്തിനു (ലയത്തിനു) ശേഷവും ഏതൊന്നു നിലനിൽക്കുന്നുവോ, അതു തന്നെ ഈ ലോക സ്വരൂപമായും കാണപ്പെടുന്നത്, മറ്റൊന്നല്ല. ലോക സൃഷ്ടിയ്ക്കു ശേഷം ഈ ലോകത്തെ നിലനിർത്തുന്നതും, പ്രകാശിപ്പിയ്ക്കുന്നതും, കാലവും ഈ പരമാർത്ഥ ചൈതന്യം തന്നെ എന്നു മനസ്സിലാക്കുന്നത് ജ്ഞാനം.
 ഓരോ മനുഷ്യരും അവരവരുടെ ഇഷ്ടാനുസരണം സ്വർണ്ണം കൊണ്ട് മോതിരം, വള, മാലാ, കുണ്ഡലം എന്നിങ്ങനെ പല പേരുകളിൽ ആഭരണങ്ങൾ ഉണ്ടാക്കി ധരിയ്ക്കുന്നു. ഈ ആഭരണങ്ങൾ ഉണ്ടാക്കുന്നതിനു മുൻപും, ഉണ്ടാക്കി ഉപയോഗിയ്ക്കുമ്പോഴും, ഈ ആഭരണങ്ങൾ ഉരുക്കി രൂപ വ്യത്യാസം വരുത്തിയാലും ഇതെല്ലാം സ്വർണ്ണം തന്നെ. ആഭരണങ്ങളായിരിയ്ക്കുമ്പോൾ പല പേരുകളുണ്ടെങ്കിലും, അപ്പോഴും അതിനുള്ള വില സ്വർണ്ണത്തിന്റേതു തന്നെ. ഉപയോഗ സൗകര്യാർത്ഥവും, തിരിച്ചറിയുന്നതിനു വേണ്ടിയും, ഓരോ രൂപത്തിലും, പേരിലും നിർമ്മിച്ചിരിയ്ക്കുന്നു എന്നു മാത്രം. ഇതുപോലെ തന്നെ പരമാത്മാവും പല രൂപത്തിൽ പല പേരുകളിൽ ഈ ലോകത്തിൽ വ്യവഹരിച്ച് ഇതിനെ നിലനിർത്തുന്നു എന്നുള്ള തിരിച്ചറിവാണ് ജ്ഞാനം.

 ആരു പറഞ്ഞിട്ട് മനസ്സ് പ്രവർത്തിയ്ക്കുന്നു, പ്രാണനെ ആര് ചലിപ്പിയ്ക്കുന്നു, വാക്കുകൾ എങ്ങനെ ഉച്ചരിയ്ക്കപ്പെടുന്നു, കണ്ണും ചെവിയും ആരുണ്ടാക്കി, മനസ്സിന് സങ്കൽപിയ്ക്കാനുള്ള കഴിവും, ചെവിയ്ക്ക് കേൾക്കാനുള്ള കഴിവും, കണ്ണിനു കാണാനുള്ള കഴിവും എവിടെ നിന്നും കിട്ടി. ഇതെല്ലാം പരബ്രഹ്മത്താൽ സംഭവിയ്ക്കുന്നു എന്നറിയുന്നത് ജ്ഞാനം. മനസ്സോ മനസ്സിന്റെ സങ്കൽപമോ, സങ്കൽപ്പിച്ചതോ ബ്രഹ്മമല്ല. ബ്രഹ്മത്താലാണ് മനസ്സ് ഇതെല്ലാം ചെയ്യുന്നത്. വാക്കുകൾ കൊണ്ട് പറഞ്ഞറിയിയ്ക്കാൻ പറ്റാത്തതും, വാക്കുകൾ ഉച്ചരിയ്ക്കുന്നതും ബ്രഹ്മത്താലാണെന്നറിയുക. കണ്ണു കൊണ്ട് കാണാൻ പറ്റാത്തതും, കണ്ണിനു കാഴ്ച കിട്ടാൻ കാരണമായിട്ടുള്ളതും ബ്രഹ്മം തന്നെ. കണ്ണു കൊണ്ടു കാണുന്നതൊന്നും ബ്രഹ്മമല്ല. ചെവികൊണ്ടു കേൾക്കാൻ പറ്റാത്തതും, ചെവിയ്ക്ക് കേൾവിശക്തി നൽകുന്നതും ബ്രഹ്മമാണ്. കേൾക്കുന്നതു ബ്‌ഹ്മമല്ല. ഏതൊന്നാണോ പ്രാണനെ ചലിപ്പിയ്ക്കുന്നത്, എന്നാൽ പ്രാണനാൽ ഏതൊന്നിനെ ചലിപ്പിയ്ക്കാൻ സാധിയ്ക്കുന്നില്ലയോ അതാണ് ബ്രഹ്മം. എന്നാൽ പ്രാണൻ ബ്രഹ്മമല്ല. ഇങ്ങനെ എല്ലാത്തിനേയും പ്രവർത്തിപ്പിയ്ക്കാൻ കഴിയുന്ന, എല്ലാത്തിന്റെയും അകത്തും , പുറത്തും സ്ഥിതിചെയ്യുന്ന, എന്നാൽ മറ്റൊന്നിനാലും ചലിപ്പിയ്ക്കാൻ സാധിയ്ക്കാത്ത, എല്ലാത്തിനേയും പ്രകാശിപ്പിച്ച്, സ്വയം പ്രകാശിയ്ക്കുന്ന ഏതൊന്നോ അതിനെ പരബ്രഹം (പരമാത്മാവ് ) എന്നറിയുന്നത് ജ്ഞാനം.

 പ്രജ്ഞാനം ബ്രഹ്മ :- ഈ കാണുന്നതെല്ലാം ബ്രഹ്മമാകുന്നു. നമ്മുടെ കണ്ണാൽ കാണപ്പെടുന്നതെല്ലാം പരമാത്മാവിന്റെ വിവിധ ഭാവങ്ങളും രൂപങ്ങളുമാകുന്നു. പരമാത്മഭിന്നമായി മറ്റൊന്നും ഇല്ലായെന്ന് ജ്ഞാനികൾ പറയുന്നു. നാം കാണുന്ന ഈ സ്ഥൂലപദാർത്ഥങ്ങളെല്ലാം പഞ്ചഭൂതനിർമ്മിതമായ ജഡവസ്തുവാണ്. ഇതിനൊന്നിനും സ്വയം പ്രവർത്തിയ്ക്കാനുള്ള ശേഷിയില്ല. ജഡം പ്രവർത്തിയ്ക്കില്ലല്ലോ. സത്യമായ പരമാത്മാവ് അല്ലെങ്കിൽ പരബ്രഹ്മം പരമ സൂക്ഷ്മമായതിനാൽ പ്രവർത്തന ശേഷിയുമില്ല. അതുകൊണ്ട് ഈ ലോകത്തെ സൃഷ്ടിച്ച് നിലനിർത്തുന്നതിനായി പരമാത്മാവായ സർവ്വേശ്വരൻ മായയെ സൃഷ്ടിയ്യു. ആ മായയുടെ ആദ്യ സൃഷ്ടിയാണ് അഹങ്കാരതത്വം. ഈ അഹങ്കര തത്ത്വമാണ് സത്വരജതമോ ഗുണമെന്നറിയപ്പെടുന്നത്. ഇതിൽ സാത്വികാഹങ്കാരത്തിൽ നിന്ന് മനസ്സ് ചിത്തം എന്നിവയും, രാജസാഹങ്കാരത്തിൽ നിന്നും ഇന്ദ്രിയങ്ങളും, താമസാഹങ്കാരത്തിൽ നിന്നും മഹാദൂതങ്ങളും ഉണ്ടായി.
 സാത്വികാഹങ്കാരത്തിൽ നിന്നും ഉണ്ടായ ചിത്ത മനസ്സ് തത്ത്വങ്ങളാലുള്ള ചിന്തയും, സങ്കല്പവും വിഷയത്തിന്റെ വിശേഷതകളെക്കുറിച്ചുള്ള ആലോചനയും സാധിയ്ക്കുന്നതിനാൽ കാമം എന്ന വൃത്തിയും മനസ്സിൽ രൂപം കൊള്ളുന്നു. രാജാസാഹങ്കാരത്തിൽ നിന്നും കണ്ണ്, ചെവി, നാക്ക്, മുക്ക്, ത്വക്ക് എന്നീ അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും, വാക്ക്, കൈയ്യ്, കാല്, ഉപസ്ഥം, പായു എന്നീ അഞ്ച് കർമ്മേന്ദ്രിയങ്ങളും, പ്രാണനും ബുദ്ധിയും ഉണ്ടായി. തമോ ഗുണത്തിൽ നിന്നും, ശൂന്യാകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ അഞ്ചു ഭൂതങ്ങളും ഉണ്ടായി. ഇതിനെ പഞ്ചഭൂതങ്ങൾ എന്നറിയപ്പെടുന്നു.
 ഈശ്വരന്റെ പ്രതീകമായ കാലത്തിന്റെ പ്രേരണയാൽ താമസാഹങ്കാരത്തിന് ഭാവമാറ്റം ഉണ്ടായപ്പോൾ അതിൽ നിന്നും സൂക്ഷ്മ ഭൂതമായ ശബ്ദമുണ്ടായി. ചെവിയെന്ന ഇന്ദ്രിയം ഈ ശബ്ദത്തെ സ്വീകരിച്ചു. ഇതിനെ ശൂന്യാകാശം (ആകാശ ഭൂതം) എന്നു പറയുന്നു. (സത്യത്തിൽ ആകാശം എന്നൊന്നില്ലാത്തതാണ്. ആകാശ ഭൂതം സൂക്ഷ്മമാണ്) ഈശബ്ദത്തിന്റെ അവസ്ഥാഭേദത്തിൽ നിന്നും സ്പർശമുണ്ടായി. ഇതിൽ നിന്നും വായുവെന്ന ഭൂതമുണ്ടായി. ഇതിനെ ത്വക്ക് എന്ന ഇന്ദ്രിയം സ്വീകരിച്ചു. പിന്നെ വായുവിൽനിന്നും തേജസ്സുണ്ടായി. ആ തേജസ്സിൽ നിന്നും സ്ഥൂലമായ അഗ്നിയുണ്ടായി. ഇതിനെ കണ്ണെന്ന ഇന്ദ്രിയം സ്വീകരിച്ചു. ഈ അഗ്നിയിൽ നിന്നും (തേജസ്സ്) രസം എന്ന സൂക്ഷ്മ തന്മാത്രയുണ്ടായി, അതിൽ നിന്നും ജലം ഉണ്ടായി. ഈ രസത്തെ (രുചി) നാക്കെന്ന ഇന്ദ്രിയം സ്വീകരിച്ചു. ഈ ജലത്തിൽ നിന്നും ഭൂമിയുടെ സൂക്ഷ്മ തന്മാത്രയായ ഗന്ധമുണ്ടായി. ഇതിനെ മൂക്കെന്ന ഇന്ദ്രിയം സ്വീകരിച്ചു. ഈ ഗന്ധതന്മാത്രയിൽ നിന്നും ഭൂമിയുണ്ടായി. ഇങ്ങനെ യഥാക്രമം ആകാശം, വായ, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളും, അവയ്ക്ക് യഥാക്രമം ശബ്ദ - സ്പർശ - രൂപ - രസ - ഗന്ധം എന്നീ തന്മാത്രകളും, ഇവയ്ക്ക് യഥാക്രമം ചെവി- ത്വക്ക് - കണ്ണ് - നാക്ക് - മൂക്ക് എന്നീ ഇന്ദ്രിയങ്ങളും നിശ്ചയിച്ചു. ഇങ്ങനെ അഞ്ച് മഹാദൂതങ്ങളും, അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും, അഞ്ച് കർമ്മേന്ദ്രിയങ്ങളും, അഞ്ച് തന്മാത്രകളും, മനസ്സ് - ബുദ്ധി - അഹങ്കാരം - ചിത്തം ഇങ്ങനെ നാച്ചു പേരും കൂടി ചേർന്ന ഇരുപത്തി നാലു പേരുടെ (തത്വങ്ങളുടെ) ഒരു സംഘമാണ് ഈ കാണുന്ന ലോകം. ഈ തത്ത്വങ്ങൾ ഈശ്വരസ്വരൂപമായ കാലത്തിന്റെ നിർദ്ദേശാനുസരണം കൃത്യമായി പ്രവർത്തിയ്ക്കുന്നതു കൊണ്ട് ഈ പ്രപഞ്ചം ഇങ്ങനെ നിലനിൽക്കുന്നു. അങ്ങനെ ഇതെല്ലാം ബ്രഹ്മത്താൽ പ്രകാശിയ്ക്കുന്ന, ബ്രഹ്മത്താൽ നിലനിൽക്കുന്ന, ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളാണ്. ശരീരത്തിന് സ്വയം പ്രവർത്തിയ്ക്കാൻ കഴിയുമായിരുന്നുവെങ്കിൽ, ശരീരം ആത്മാവായിരുന്നുവെങ്കിൽ മരണം എന്നതൊന്ന് സംഭവിയ്ക്കുകയില്ലായിരുന്നു.

 ഇങ്ങനെ നമ്മിൽ ഈശ്വരാംശമായ അത്മാവ് രണ്ടായി പിരിഞ്ഞ് ജീവാത്മാവെന്നും, പരമാത്മാവെന്നും ഉള്ള പേരുകളിൽ നിലകൊള്ളുന്നു. ജീവാത്മാവ് ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു. പരമാത്മാവ് ഒന്നിനോടും ബന്ധപ്പെടാതെ വെറും ഒരു സാക്ഷി രൂപത്തിൽ നിലകൊള്ളുന്നു. ഇങ്ങനെ ഈശ്വരൻ മനുഷ്യൻ പ്രപഞ്ചം ഇതിന്റെ സ്വരൂപങ്ങളെ വ്യക്തമായി തിരിച്ചു മനസ്സിലാക്കുന്നതിനെ ജ്ഞാനം എന്നു പറയുന്നു. ഇങ്ങനെ ഈ മൂന്നിനേയും പേർതിരിച്ച് മനസ്സിലാക്കി കഴിയുമ്പോൾ, ഈ കാണുന്നതൊക്കെ പരബ്രഹ്മം അല്ലെങ്കിൽ പരമാത്മാവ് എന്നല്ലാതെ മറ്റൊന്നും തോന്നാത്ത ഒരവസ്ഥയെ ജ്ഞാനയോഗം എന്നു പയുന്നു. ഇങ്ങനെ ഭക്തിയോഗം ജ്ഞാനയോഗം എന്നീ രണ്ടു യോഗങ്ങളെക്കുറിച്ച് ഏകദേശരൂപം മനസ്സിലാക്കുന്നതിനുള്ള പ്രസ്താവന ചെയ്തു കഴിഞ്ഞു. ഇനിയും കർമ്മയോഗം എന്താണെന്നു നോക്കാം.
 
 
 ജനന മരണങ്ങൾ എന്ത്  എന്തിന്, എങ്ങനെ

 ഇങ്ങനെയുള്ള ലയനം അല്ലെങ്കിൽ യോഗം ധ്യാനത്തിൽ കൂടി സിദ്ധിയ്ക്കുന്ന അത്ര എളുപ്പം മറ്റു മാർഗ്ഗങ്ങളിൽ കൂടി സാദ്ധ്യമാവുകയില്ല. ഇങ്ങനെയാണ് ധ്യാനയോഗം എന്ന ഭാഗംനിർത്തിയത്.

 ജനിച്ചാൽ മരണം അനിവാര്യമാണ്. മരിച്ചാൽ വീണ്ടും ജനിയ്ക്കാതിരിയ്ക്കാൻ വേണ്ടിയാണ് യോഗം വേണ്ടത്. ഇതിന്റെ ആവശ്യം മനസ്സിലാകണമെങ്കിൽ, ജനനം എന്താണെന്നും, എങ്ങനെയാണെന്നും, മരണം എന്നാൽ എന്താണ് എങ്ങനെയാണ് എന്നും, മരണശേഷവും ജനനത്തിനു മുൻപും എന്താണവസ്ഥയെന്നും അറിഞ്ഞിരിയ്ക്കേണ്ടതുണ്ട്. ജനനം മുതൽ മരണം വരെയുള്ള ജീവിതകാലഘട്ടത്തിലെ വിവിധങ്ങളായിട്ടുള്ള രീതികളെ കുറിച്ച് പല ഭാഗങ്ങളിലായി സൂചിപ്പിച്ചിട്ടുള്ളതിനെ കൊണ്ട് ഏറെക്കുറെ മനസ്സിലാക്കാൻ കഴിയുമെന്ന് കരുതുന്നു. ഇനിയും ജനനം എങ്ങനെയെന്നു നോക്കാം.

 ഇത് ഗർഭോപനിഷത് എന്ന ഉപനിഷത്തിലെ വിവരണമാണ്. സ്ത്രീ പുരുഷ ശോണിത ശുക്ല സംയോജനം നടക്കുമ്പോൾതന്നെ യഥാർത്ഥത്തിൽ ജനനം അല്ലെങ്കിൽ സൃഷ്ടി സംഭവിയ്ക്കുന്നു. ജനനം അല്ലെങ്കിൽ സൃഷ്ടി എന്നതിനർത്ഥം, സ്ഥൂലശരീരവുമായി ആത്മാവു യോജിയ്ക്കുക എന്നതാണ്. അത്മാവ് ഇങ്ങനെ യോജിച്ച് സ്ഥൂലശരി രം രൂപം കൊള്ളാൻ തുടങ്ങുന്നു. എങ്കിലും ഏഴാം മാസമേ ഇതിന് ജീവന്റെ സ്പന്ദനം ഉണ്ടാവുകയുള്ളു. (രാമായണത്തിൽ അഞ്ചാം മാസം മുതൽ എന്നു കാണുന്നുണ്ട്) അമ്മയുടെ ഗർഭത്തിൽ നിന്നും പുറത്തുവരുമ്പോൾ മാത്രമേ, പഞ്ചഭൂതങ്ങളുമായി ബന്ധപ്പെടുകയുള്ളു. 

ഭൂതങ്ങളുടെ ഉൽപത്തിയെ കുറിച്ച് ഇതിനു മുൻപ് സാംഖ്യാ ശാസ്ത്രം എന്ന പരമ്പരയിൽ പറഞ്ഞിട്ടുള്ളതിനെ ശ്രദ്ധിയ്ക്കുക. ജനനം എന്താണ് എങ്ങനെയാണ് എന്നു ചോദിച്ചാൽ ആരും പറയും സ്ത്രീ പുരുഷ സംയോഗമാണ്‌ യെന്ന്. കാര്യം ശരി തന്നെയാണ്. എന്നാൽ ഗർഭാവസ്ഥയെക്കുറിച്ച്, എപ്പോഴെല്ലാം ഏതെല്ലാം അവസ്ഥകളാണ് എന്ന് എത്ര പേർക്കറിയാം. ഇത് അറിഞ്ഞിരിയ്ക്കേണ്ടതല്ലെ. ഇതിനെ കുറിച്ച് അല്പം മനസ്സിലാക്കാൻ ശ്രമിയ്ക്കാം. ഗർഭധാരണത്തെക്കുറിച്ച് മുൻപു പറഞ്ഞിട്ടുള്ളതിനെ ഓർക്കുക. ഉചിതമായ സമയത്തുള്ള സംഭോഗാനന്തരം ഗർഭാധാനം നടന്നാൽ ശുക്ല ശോണിതങ്ങൾ ഒരു രാത്രികൊണ്ട് കലലം (ഭ്രൂണം, അല്ലെങ്കിൽ വിത്ത്) ആയി തീരുന്നു. ഏഴുരാത്രി കൊണ്ട് ബുദ്ബുദ (കുമിള പോലെ)മാക്കുന്നു. (ഇത് അഞ്ചെന്നും രാമായണത്തിൽ കാണുന്നു) പതിനഞ്ചു ദിവസം കൊണ്ട് പിണ്ഡാകാരമാകുന്നു. (ഒരു ഉരുള അല്ലെങ്കിൽ കട്ട പോലെ) ഒരു മാസം കൊണ്ട് അത് കഠിനമാകുന്നു. 

രണ്ടു മാസം കൊണ്ട് തലയും മൂന്നാം മാസം കൈകാലുകളും ഉണ്ടാകും. നാലാം മാസം മുട്ടുകൾ, വയറ്, അര ഇവകളുണ്ടാക്കും. അഞ്ചാം മാസം പൃഷ്ടം നട്ടെല്ല് എന്നിവയും, ആറാം മാസം വായ, മുക്ക്, ചെവി, കണ്ണ് എന്നിവയും ഏഴാം മാസം പരിപൂർണ്ണ ശരീരവും ആകുന്നു. ഈ സമയം ജരായു എന്ന പേരിൽ ഒരു ആവരണത്തിൽ പൊതിയപ്പെടുന്നു. അതിനാൽ ഈ സൃഷ്ടിയ്ക്ക് ജരായുജം എന്ന പേരു വന്നു.

 ശുക്ലത്തിന്റെ ആധിക്യത്താൽ പുരുഷപ്രജയും, ശോണിതത്തിന്റെ ആധിക്യത്താൽ സ്ത്രീ പ്രജയും ഉണ്ടാക്കുന്നു. രണ്ടും തുല്യമാണെങ്കിൽ നപുംസകവുമാകുന്നു. സംഭോഗ സമയത്തെ ചിന്തകളുടെ അടിസ്ഥാനത്തിൽ, ബധിരനോ, അന്ധനോ, മൂകനോ, മുടന്തനോ ഒക്കെ ആകാനും സാദ്ധ്യതയുണ്ട്. ആയതിനാൽ ഇങ്ങനെയുള്ള സമയങ്ങളിൽ ശുഭ ചിന്തകൾ ആണ് ഉണ്ടാകേണ്ടത്. അതുപോലെ വായുവിനാൽ ശുക്ല ശോണിതങ്ങൾ ഭിന്നിയ്ക്കപ്പെട്ടാൽ ഇരട്ടയോ, അതിൽ കൂടുതലോ ജന്മവും ഉണ്ടാകാം. 

ഒൻപതാം മാസം ജ്ഞാനേന്ദ്രിയങ്ങളോടു കൂടി വളർച്ച പൂർത്തിയാകുന്നു. ഈ സമയം പുർവ്വ ജന്മ സ്മരണ ഉണ്ടാകുന്നതായി പറയുന്നു. മുൻ ജന്മങ്ങളിൽ ചെയ്തിടുള്ള നല്ലതും അല്ലാത്തതുമായ കർമ്മളെക്കുറിച്ച് ഓർമ്മിയ്ക്കുന്നു. ഗർഭത്തിന്റെ അവസാന ഘട്ടത്തിൽ, ഇതിനു മുൻപ് താൻ അനവധി ജന്മങ്ങൾ എടുത്തിട്ടുള്ളതായും, പലയോനിയിൽ ജനിച്ച് പലരീതിയിലുള്ള ഭക്ഷണം കഴിച്ച്, വിഭിന്ന യോനികളിലുള്ള ജീവികളുടെ മുല കുടിച്ചതായും ഓർക്കുന്നു. അങ്ങിനെ അനവധി പ്രാവശ്യം ജനിച്ച് മരിച്ച് ഞാനിപ്പോഴും ദുഃഖ സമുദ്രത്തിലാണ്. ഇതിനു മുൻപ് കാര്യമായ സൽകർമ്മങ്ങൾ ചെയ്തിട്ടുമില്ല. എങ്ങിനെയെങ്കിലും ഇങ്ങനെയുള്ള ഗർഭാവസ്ഥയിൽ നിന്നും കരകയറണം. എന്തൊരു കഷ്ടപ്പാടാണീ കിടപ്പ്. ഈ മലമൂത്രാദികളിൽ ചുരുണ്ടു കൂടി, ചെറിയ ക്രിമികളുടെ കടിയും കൊണ്ട്, ആഹാരാദികളിലെ മുളക് മസാല മുതലായവയുടെ പുകച്ചിലും, ജഡരാഗ്നിയുടെ നീറ്റലും, എല്ലാം സഹിച്ച് ചുരുണ്ടു കൂടി, അനങ്ങാൻ പറ്റാതെയുള്ള ഈ ഇരിപ്പ് സഹിയ്ക്കാനാകുന്നില്ല. അതുകൊണ്ട് ഈ ജന്മത്തിലെനിയ്ക്ക് സൽകർമ്മൾ ചെയ്യണം. ഈശ്വരാരാധന നടത്തണം. വിഷ്ണുവിനെ ശരണം പ്രാപിച്ച് ബ്രഹ്മജ്ഞാനം നേടണം, ഇങ്ങനെയുള്ള പല ശപഥങ്ങളും ചെയ്ത് ശിശു പുറത്തുവരുന്നു. എന്നാൽ ഭൂമിയിലെത്തുമ്പോഴുള്ള ഭൂമിയുടെ മായയിൽ പെട്ട് എല്ലാം പെട്ടെന്ന് മറക്കുന്നു. താൻ ഗർഭസ്ഥനായിരുന്ന ശിശു ആണെന്നു പോലും ഓർക്കാൻ കഴിയാതെ മായയിൽ പെടുന്നു. ഇങ്ങനെയുള്ള ദു:ഖത്തിൽക്കൂടി, ദുഃഖിയ്ക്കാൻ വേണ്ടി ഭൂമിയെന്ന മായയിൽ പിറന്നുവീഴുന്നു. ഇങ്ങനെ സുഖവും , ദുഃഖവും തിരിച്ചറിയാതെ ദുഃഖത്തെ സുഖമായി തെറ്റിദ്ധരിച്ച് ദുഃഖത്തിൽക്കൂടി ദുഃഖിച്ച് ജീവിയ്ക്കുന്നു.

 ഇങ്ങനെ കഴിഞ്ഞ ജന്മങ്ങളിലേയും, ഈ ജന്മത്തിലേയും കർമ്മങ്ങളുടെ ഫലങ്ങളെ അനുഭവിച്ച് ഇവിടെ നിന്നും യാത്രയായി, കർമ്മാനുസരണമായ പാപപുണ്യങ്ങളുടെ അനുഭവങ്ങൾക്കു വേണ്ടി അനുയോജ്യമായ സ്വർഗ്ഗ നരകാദി മണ്ഡലങ്ങളിൽ എത്തി കർമ്മഫലങ്ങളെ അനുഭവിച്ചതിനു ശേഷം സൂര്യരശ്മിയിൽക്കൂടിയോ, മഴയിൽക്കൂടിയോ വീണ്ടും ഭൂമിയിലെത്തി കഴിഞ്ഞുപോയ ജന്മങ്ങളിലെ കർമ്മത്തിനനുസരണമായ വിധത്തിൽ ഏതെങ്കിലും യോനിയിൽ ജനിയ്ക്കുന്നു. ഇങ്ങനെ സൂര്യരശ്മിയിൽ കൂടിയോ, മഴയിൽ കൂടിയോ ഭൂമിയിലെത്തുന്ന ജീവൻ, ഏതെങ്കിലും വിധത്തിലുള്ള ധാന്യവർഗ്ഗ സസ്യമായി വളർന്ന് ധാന്യമായി, ഈ ധാന്യത്തെ പുരുഷൻ ആഹാരമാക്കി, ആ ആഹാരത്തിൽ നിന്നും ഉണ്ടാകുന്ന രേതസ്സിൽ കൂടി സ്ത്രീയോനിയിലെത്തി ജന്മമെടുക്കുന്നു. ഇങ്ങനെയാണ് ജനന മരണത്തെപ്പറ്റി ഉപനിഷത് പറയുന്നത്. ഇങ്ങനെ ദുഃഖിയ്ക്കാൻ വേണ്ടി മാത്രം ജീവിയ്ക്കേണ്ടിവരുന്ന ഒരു ജന്മം വേണ്ടെന്ന് ആരെങ്കിലും ആഗ്രഹിയ്ക്കുന്നുവെങ്കിൽ അവർക്കു വേണ്ടിയാണ് യോഗം പറഞ്ഞിരിയ്ക്കുന്നത്.

 ജനനവും, മരണവും അതിനാലുണ്ടാകുന്ന സന്തോഷവും, ദുഃഖവും അജ്ഞതയാലുണ്ടാകുന്ന വികാരങ്ങളാണെന്ന് വൈദീക ശാസ്ത്രം പറയുന്നു. (ഇത് ഭൗതീകമാണ്) ആത്മീയതയിൽ ജനന മരണങ്ങൾ സംഭവിയ്ക്കുന്നില്ല. അതു വെറും തോന്നലുകൾ മാത്രമാണെന്നാണ് ശാസ്ത്രം അനുശാസിയ്ക്കുന്നത്. എങ്ങനെയെന്നാൽ (ഇത് ഇതിനു മുൻപും സൂചിപ്പിച്ചിട്ടുള്ളതാണ്) നമ്മുടെ സ്ഥൂല ശരീരത്തോടു കൂടി ഒരു സൂക്ഷ്മ (ലിംഗ) ശരീരം കൂടിയുണ്ട്. ജീവന്റെ ആസ്ഥാനമായ ഈ ലിംഗശരീരത്തിൽ സൂക്ഷ്മഭൂതങ്ങളും, സൂക്ഷ്മേന്ദ്രിയങ്ങളും, മനസ്സ്, ചിത്തം എന്നിവയും നിലകൊള്ളുന്നു. എന്നാൽ ഇതിന് പ്രവർത്തനശേഷി ഇല്ല. 

സ്ഥൂലഭൂതങ്ങളുടേയും, സൂക്ഷ്മേന്ദ്രിയങ്ങളുടേയും ആസ്ഥാനമായ സൂക്ഷ്മ (ലിംഗ)ശരീരം എപ്പോൾ സ്ഥൂല ശരീരവുമായി യോജിയ്ക്കുന്നുവോ അതു തന്നെ ജനനം. സ്ഥൂല ശരീരം നശിയ്ക്കുന്നതുപോലെ തന്നെ ലിംഗശരീരവും നശിയ്ക്കുന്നതു തന്നെ മുക്തി. (മോക്ഷം) ഇതിൽ മനസ്സിലാക്കേണ്ടത്, ജീവൻ നിത്യമായിട്ടുള്ളതും (മരണമില്ലാത്തത്) ലിംഗശരീരം സ്ഥൂലശരീരത്തെ കൊണ്ട് കർമ്മം ചെയ്യിപ്പിയ്ക്കുന്നതും (കർമ്മോപാധിയും) സ്ഥൂല ശരീരം കർമ്മോപകരണവുമാണ് എന്നാണ്. ഇതിനർത്ഥം ലിംഗ ദേഹം സ്ഥൂല ദേഹത്തോടു ചേരുന്നതു ജനനം, സ്ഥൂല ശരീരം നശിയ്ക്കുന്നത് മരണം, സൂക്ഷ്മ ശരീരം (ലിംഗദേഹം)സ്വരൂപജ്ഞാനം ഉണ്ടാക്കുമ്പോൾ നശിയ്ക്കും. അത് മുക്തി. ഇതാണ് ജനന മരണ സ്വരൂപം. 
 
ധ്യാനയോഗം  (അഷ്ടാംഗയോഗം)

 ചിത്തശുദ്ധി യോഗം എന്നെല്ലാം പറയുന്നതിന് ഒരർത്ഥമേയുള്ളു. ഇന്ദിയങ്ങൾ, മനസ്സ്, ചിത്തം ഇവകളെല്ലാം നിശ്ചലമാവുക. ഇവകളെല്ലാം നിശ്ചലമായാൽ ചിത്തശുദ്ധിയുണ്ടാകും. അപ്പോൾ യോഗവും നടക്കും. ഇങ്ങനെയാണ് കർമ്മയോഗം 4 എന്നഭാഗം നിർത്തിയത്.

 ഇതുവരെ ഭക്തിയോഗം, ജ്ഞാനയോഗം, കർമ്മയോഗം എന്നിവകളുടെ ഒരു ചെറിയ വിവരണം കഴിഞ്ഞു. ഇതു കൂടാതെ ധ്യാനയോഗം എന്നൊരു യോഗം കൂടി ഉള്ളതായി പറയുന്നുണ്ട്. ഇതു വളരെ ബുദ്ധിമുട്ടുള്ള ഒരു യോഗമായിട്ടാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇത് അഷ്ടാംഗ യോഗയിൽക്കൂടി ഉള്ള യോഗം ആണ്. യമനിയമങ്ങളെല്ലാം അനുസരിച്ചു കൊണ്ടുള്ള ജീവിതരീത്തി. അഷ്ടാംഗ അനുഷ്ടാനത്തിയുടെ ഭക്തിയും, ജ്ഞാനവും ഉണ്ടാകുന്നു. പ്രാണായാമം, ധാരണ, ധ്യാനാദികളിൽ കൂടി വളരെ വേഗം ചിത്തശുദ്ധിയും ലഭിയ്ക്കുന്നു. യോഗങ്ങളിൽ വച്ച് ഏറ്റവും ശുഭകരമായ യോഗം ധ്യാനയോഗമാണെന്ന് ഗ്രന്ഥങ്ങളിൽ നിന്നും മനസ്സിലാകുന്നു. അഷ്ടാംഗങ്ങൾ എന്താണെന്നും, എന്തിനാണെന്നും, എങ്ങനെയാണെന്നും ഇതിനുമൽപ് ചെറുതായി വിവരിച്ചിട്ടുണ്ട്. ഒരു മനുഷ്യന് ബുദ്ധി, ചിത്തം, ഇന്ദ്രിയാദികളുടെ അടിസ്ഥാനത്തിൽ അഞ്ച് അവസ്ഥകളാണുള്ളത്. അത് ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം, തുരീയാതീതം എന്നിങ്ങനെയാണ്. ഇതിനെ നമുക്കൊന്നു പരിശോധിയ്ക്കാം.

 (1) ജാഗ്രത് :- ജ്ഞാനേന്ദ്രിയങ്ങൾ അവകളുടെ ദേവന്മാരുടെ ശക്തിയോടു കൂടി വിഷയങ്ങളെ അറിയുന്ന അവസ്ഥയാണ് ജാഗ്രത്. ഈ അവസ്ഥയിൽ ബോധമനസ്സ് പ്രവർത്തിയ്ക്കുന്നു. സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു ശരീരത്തോടും കൂടി സുഖദുഃഖാദികൾ അനുഭവിയ്ക്കുന്ന അവസ്ഥ. സാധാരണ ജീവിതാവസ്ഥ.

 (2) സ്വപ്നം :- ജാഗ്രത്തിനും, സുഷുപ്തിയ്ക്കും ഇടയിലുള്ള അറിഞ്ഞും അറിയാതെയുമുള്ള ഒരവസ്ഥ. ഇവിടെ ഉപബോധ മനസ്സ് പ്രവർത്തിയ്ക്കുന്നു. സ്ഥൂലത്തെ വിട്ട് സൂക്ഷ്മ കാരണങ്ങളോടു ചേർന്ന് സൂക്ഷ്മപ്രപഞ്ചത്തെ അനുഭവിയ്ക്കുന്ന അവസ്ഥ.

 (3) സുഷുപ്തി :- പഞ്ചേന്ദ്രിയങ്ങളും, പഞ്ചഭൂതങ്ങളും, അന്തക്കരണവും (മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം) ഉറങ്ങുന്ന അവസ്ഥ. ഇവിടെ മനസ്സും പ്രവർത്തിയ്ക്കുന്നില്ല. സൂക്ഷ്മത്തേയും വിട്ട് കാരണശരീരത്തെ സ്വീകരിച്ച് മറ്റൊന്നും അറിയാതെയുള്ള ആനന്ദാവസ്ഥ. സുഖസുഷുപ്തി എന്ന അവസ്ഥ.

 (4) തുരീയം :- പഞ്ച ഭൂതങ്ങളും, ഇന്ദ്രിയങ്ങളും, അന്തക്കരണവും, എല്ലാം മരിച്ച അവസ്ഥ. യാതൊരു വികാരവുമില്ലാതെ ബ്രഹ്മ മാത്രമായ അവസ്ഥ.

 (5) തുരീയാതീതം:- ഇത് ഒന്നും തിരിച്ചറിയാത്ത ശരീരം ഉണ്ടെന്നു പോലുമറിയാത്ത, ചൂടോ തണുപ്പോ വേദനയോ ദിക്കുകളോ പകലോ രാത്രിയോ ഒന്നും ഒന്നും തിരിച്ചറിയാതെ ആത്മാവിൽ ലയിയ്ക്കുന്ന അവസ്ഥ. ആത്മാവിൽ രമിയ്ക്കുന്ന അവസ്ഥ. ഇങ്ങനെയുള്ള അവസ്ഥയാണ് ശരിയായിട്ടുള്ള യോഗം. ഇങ്ങനെയുള്ള ലയനം, അല്ലെങ്കിൽ യോഗം ധ്യാനത്തിൽ കൂടി സിദ്ധിയ്ക്കുന്ന അത്ര എളുപ്പം മറ്റു മാർഗ്ഗങ്ങളിൽക്കൂടി സാദ്ധ്യമാവില്ല.

 സുഷുപ്തി ഉറങ്ങുമ്പോൾ മാത്രം അനുഭവപ്പെടുന്നു. തുരീയം ഉറക്കമല്ലാത്ത സമയത്തും അനുഭവപ്പെടുന്നു. തുരീയാതീതം സദാ (എപ്പോഴും) അനുഭവപ്പെടുന്നു. തുടരും -----

കർമ്മയോഗം  ഭാഗം 4

 നാം പ്രതീക്ഷിയ്ക്കുന്നതിൽ കൂടുതലായ സൗഖ്യം ഇഹത്തിലും, പരത്തിലും നമുക്കു ലഭിയ്ക്കുമെന്നതിന് സംശയമില്ല. ഇങ്ങനെയാണ് കർമ്മയോഗം 3 എന്ന ഭാഗം നിർത്തിയത്.

 കർമ്മം ചെയ്യുന്നത് മനുഷ്യൻ മാത്രമല്ല. കർമ്മം മനുഷ്യനു വേണ്ടി മാത്രവുമല്ല. ഇവിടെയുള്ള പരമാണു മുതൽ സർവ്വേശ്വരൻവരെ കർമ്മം ചെയ്തേപറ്റു. കർമ്മത്തെപ്പറ്റി ശ്രീ ഭഗവത് ഗീതയിൽ ഭഗവാൻ ശ്രീകൃഷ്ണൻ ഇങ്ങനെ പറയുന്നു.
 നമേ പാർഥസ്തികർതവ്യം
 ത്രിഷു ലോകേഷു കിഞ്ചന 
 നാന വാപ്തമ വാപ്തവ്യം
 വർത്ത ഏവ ച കർമ്മണി. 3/22

 പാർഥാ, മുന്നു ലോകങ്ങളിലും എനിയ്ക്ക് ചെയ്യേണ്ടതായി ഒന്നുമില്ല. എനിയ്ക്കില്ലാത്തതായോ, ആവശ്യമായോ ഒന്നുമില്ലാ. എങ്കിലും ഞാൻ വിധിയ്ക്കപ്പെട്ട കർമ്മം ചെയ്തുകൊണ്ടേ ഇരിയ്ക്കുന്നു.
 യദി ഹ്യാഹം നവർതേയം 
 ജാതു കർമ്മണി തന്ദ്രിത
 മമ വർത് മാനുവർതന്തേ
 മനുഷ്യ: പാർഥ സർവശ: 3/23

 എന്തുകൊണ്ടെന്നാൽ വിധിയ്ക്കപ്പെട്ട കർമ്മങ്ങൾ ഞാൻ ചെയ്യാതിരുന്നാൽ, എന്നാൽ സൃഷ്ടിയ്ക്കപ്പെട്ട മനുഷ്യനും എന്റെ മാർഗ്ഗത്തെ പിൻതുടർന്ന് മടിയന്മാരായി ഭവിയ്ക്കും.
 ഉത് സീദേയുരിമേ ലോകാ
 ന കുര്യാം കർമ ചേദഹം
 സംകരസ്യ ച കർതാ
 സ്യാമുപഹന്വാവിമാ പ്രജാ :3/24

 ഞാൻ കർത്തവ്യം നിർവഹിയ്ക്കാതിരുന്നാൽ ഈ ലോകങ്ങളെല്ലാം നശിച്ചു പോകും. അനാവശ്യ ജനപെരുപ്പത്തിനു കാരണമാകും. ജീവ ജാലങ്ങൾക്കെല്പം സമാധാനവും നഷ്ടപ്പെടും. ഇങ്ങനെയാണ് ഭഗവാൻ കർമ്മനിരതനാക്കുന്നത്. എല്ലാ ജീവികളും അവരവർക്കു വിധിച്ചിട്ടുള്ള കർമ്മങ്ങൾ ചെയ്തുകൊണ്ടിരിയ്ക്കുന്നു. ഇതിൽ മനുഷ്യനൊഴികെ മറ്റാരും ഫലം പ്രതീക്ഷിയ്ക്കുന്നില്ല. കർമ്മം കർത്തവ്യമായി ചെയ്യുന്നു. മേൽവിവരിച്ചതു പോലെ ഈ ദേവഗണങ്ങളെല്ലാം പ്രവർത്തിയ്ക്കുന്നത് അവർക്കുവേണ്ടിയല്ല. സൂര്യചന്ദ്രന്മാർ അവർക്കുവേണ്ടി ഉദിയ്ക്കുന്നില്ല. പഞ്ചഭൂതങ്ങൾ ലോകത്തെ നിലനിർത്തുന്നത് അവർക്കുവേണ്ടിയല്ല. ഒരു വൃക്ഷം പുത്തുകായ്ച്ച് ഫലമുണ്ടാകുന്നത് ആ വൃക്ഷത്തിനു വേണ്ടിയല്ല. സ്വയം പ്രവർത്തിയ്ക്കാൻ കഴിവില്ലാത്ത ഈ ശ്വരന്റെ സൃഷ്ടിയാണ് മനുഷ്യനെങ്കിലും, എല്ലാ കഴിവുകളും കൊടുത്താണ് മനുഷ്യനെ സൃഷ്ടിച്ചിരിയ്ക്കുന്നത്. എന്നാലും, ഈശ്വരനാകാൻ പോലുമുള്ളകഴിവ് മനുഷ്യനുണ്ടെങ്കിലും, ഇതിനെയെല്ലാം സൗകര്യപൂർവ്വം മറന്ന് മനുഷ്യൻമാത്രം അവനവനു വേണ്ടി മാത്രം കർമ്മം ചെയ്യാൻ ആഗ്രഹിയ്ക്കുന്നു.

 ഇങ്ങനെ അവനവനു വേണ്ടി മാത്രം കർമ്മം ചെയ്യാൻ ആഗ്രഹിയ്ക്കുന്നവർ, തന്റെ കുടുംബത്തിനു വേണ്ടി മാത്രം സമ്പാദിയ്ക്കുന്നവർ, ഇങ്ങനെയുള്ളവർ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. നാം ജനിയ്ക്കുന്നതിനു മുൻപ് ഈ ഭൂമി ഇങ്ങനെ തന്നെ ഇവിടെ ഉണ്ടായിരുന്നുവോ, നാം മരിച്ചതിനു ശേഷവും ഈ ഭൂമി ഇങ്ങനെ തന്നെ ഇവിടെ ഉണ്ടാകുമോ? നമുക്കു വേണ്ടി നമ്മുടെ മുൻഗാമികൾ എന്തെല്ലാം സമ്പാദിച്ചു വച്ചിരുന്നു ? അതെല്ലാം നാം എങ്ങനെ ഉപയോഗിച്ചു. നാം സമ്പാദിയ്ക്കുന്നത് ആർക്ക് വേണ്ടിയാണ്. നാം എന്തെങ്കിലും സമ്പാദിച്ചുവോ? അങ്ങിനെയെങ്കിൽ വരും തലമുറയും അവർക്ക് വേണ്ടി സമ്പാദിയ്ക്കില്ലെ? അങ്ങനെ ആകുമ്പോൾ നാം അവർക്കുവേണ്ടി സമ്പത്തിനെ കൂടുതൽ സമ്പാദിയ്ക്കേണ്ടതുണ്ടോ? ഇങ്ങനെയുള്ള അനവധികാര്യങ്ങളെ കുറിച്ച് കിട്ടുന്ന സമയം ആലോചിയ്ക്കുന്നത് നന്നായിരിയ്ക്കും. നാം തേനീച്ചയെ കണ്ടുപഠിയ്ക്കേണ്ട ഒരു പാഠമുണ്ട്. എന്തെന്നാൽ, തേനീച്ച പകലുമുഴുവൻ പലസ്ഥലങ്ങളിൽ പല പൂവുകളിലായി അലഞ്ഞു നടന്ന് ചെറിയ ചെറിയ തേൻ കണ്ടികകൾ കൊണ്ടു വന്നുവച്ച്, വളരെ ദിവസങ്ങളിലെ അദ്ധ്വാനഫലമായി സ്വരുകൂട്ടിയതേൻ, ഒരു ദിവസം ആരെങ്കിലും വന്ന് അവയെ കൊന്ന് ആ തേനും അവഹരിച്ച് കൊണ്ടുപോകുന്നു. ഇങ്ങനെ വലിയ സമ്പാദ്യമുള്ളവർ, ആ സമ്പാദ്യം കൊടുത്ത് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ദുഃഖം വാങ്ങുന്നു. സമ്പാദ്യമില്ലാത്തവർക്ക് ഇങ്ങനെയുള്ള ദുഃഖത്തിൽ നിന്നും ഒഴിവാകാൻ സാധിയ്ക്കുന്നു.

 ഇങ്ങനെ കർമ്മത്തെ കുറിച്ചുള്ള ഈ ചെറിയ വിശദീകരണത്തിൽ നിന്നും, കർമ്മം - കർമ്മയോഗം എന്നെല്ലാം പറയുന്നതിനെ അറിയുന്നതിനു വേണ്ടിയുള്ള സാധന സാമഗ്രികൾ എന്തെങ്കിലുമെല്ലാം കിട്ടുമെന്നുള്ള വിശ്വാസത്താൽ ഇതിനെ ഉപസംഹരായ്ക്കാൻ ശ്രമിയ്ക്കുന്നു. സത്കർമ്മങ്ങൾ പുണ്യാത്മകമാണെങ്കിലും, കർമ്മത്തിൽ കൂടി യോഗം അത്ര എളുപ്പമല്ല എന്ന് വൈദീകഗ്രന്ഥങ്ങൾ തന്നെ പറയുന്നു. കാരണം യോഗത്തിന് ചിത്തശുദ്ധി കൂടിയേതീരൂ. ചിത്തശുദ്ധിയില്ലാതെ യോഗം സാദ്ധ്യമല്ലെന്നും, കർമ്മത്തിൽക്കൂടി ചിത്തശുദ്ധി അത്ര എളുപ്പമല്ലെന്നും അനുശാസനം. ഈശ്വരാർപ്പണമായി കർമ്മം ചെയ്യുകയാണെങ്കിൽ അതിൽ നിന്നും ഭക്തി രൂപംകൊള്ളും. ഭക്തി അതിന്റേതായ ലവലിൽ എത്തിയാൽ ചിത്തശുദ്ധി ഉണ്ടാകും. അങ്ങിനെ ആയാൽ യോഗം സാദ്ധ്യമാകും. ചിത്തശുദ്ധി യോഗം എന്നെല്ലാം പറയുന്നതിന് ഒരർത്ഥമേയുള്ളു. ഇന്ദ്രിയങ്ങൾ മനസ്സ് ചിത്തം ഇവകളെല്ലാം നിശ്ചലമാവുക. ഇവകളെല്ലാം നിശ്ചലമായാൽ ചിത്തശുദ്ധിയുണ്ടാകും. അപ്പോൾ യോഗവും നടക്കും. 

ആർഷഭാരത വൈദീക ഗ്രന്ഥസമൂഹത്തിൽ ഇതിഹാസങ്ങളെന്ന് അറിയപ്പെടുന്നത്, രാമായണം, മഹാഭാരതം എന്നീ രണ്ടെണ്ണമാണ്. ഇതിൽ രാമായണം സത്യത്തേയും, മഹാഭാരതം ധർമ്മത്തേയും പ്രതിനിധീകരിയ്ക്കുന്നു. 

 ഒരു നായ(പട്ടി) യിൽ നിന്നുമാണ് ശരിയ്ക്കും മഹാഭാരതകഥ ആരംഭിയ്ക്കുന്നത്. അതായത് പരീക്ഷിത്തു രാജീവിന്റെ മകനായ ജനമേജയ മഹാരാജാവ് നടത്തി കൊണ്ടിരുന്ന യാഗശാലയിൽ ഒരു ദിവസം ഒരു നായവന്നു കയറി. അപ്പോൾ ജനമേജയരാജാവിന്റെ അനിയന്മാരായ ശ്രുത സേനൻ, ഉഗ്രസേനൻ, ഭീമസേനൻ എന്നിവർ ആ നായയെ നന്നായി അടിച്ചു. ആ നായ പോയി അതിന്റെ അമ്മയോട് വളരെ ദു:ഖത്തോടെ, ഞാൻ രാജാവിന്റെ യാഗശാലയിൽ കൂടി വെറുതെ പോന്നതേ ഉള്ളുവെന്നും, ഹവിസോ, മറ്റു പദാർത്ഥങ്ങളോ നോക്കുക കൂടി ചെയ്തിട്ടില്ലെന്നും, അവർ എന്നെ വെറുതെ അടിച്ചതാണെന്നും പറഞ്ഞു. മകൻ പറയുന്നത് സത്യമാണെന്ന് ബോദ്ധ്യപ്പെട്ട അമ്മനായ മകനേയും കൂട്ടി യാഗശാലയിലെത്തി. ഒരു തെറ്റും ചെയ്യാത്ത എന്റെ മകനെ എന്തിനാണ് നിങ്ങൾ അടിച്ചത് എന്ന് ചോദിച്ചു. അതിന് ആരുംതന്നെ മറുപടി പറഞ്ഞില്ല. അപ്പോൾ, ഒരു തെറ്റും ചെയ്യാതെയാണ് നിങ്ങളെന്റെ മകനെ ഉപദ്രവിച്ചതെങ്കിൽ, നിങ്ങൾക്ക് തീർശ്ചയായും ഭയംവരാൻ പോകുന്നു എന്നു ശപിച്ചു. നിഗ്രഹാനുഗ്രഹ ശക്തിയുള്ള ഒരു ദേവശൂനിക സരമയായിരുന്നു അത്. ഈ ശാപവചനം കേട്ട്, ജനമേജയ മഹാരാജാവ് വല്ലാതെ പരിഭ്രമിച്ചു.

 യാഗമെല്ലാം ക്കഴിഞ്ഞ് സരമയുടെ ശാപത്തിനാസ്പദമായ പാപത്തിന് പ്രാശ്ചിത്തം ചെയ്യാൻ യോഗ്യനായ പുരോഹിതനെ അന്വേഷിയ്ക്കാൻ തുടങ്ങി മഹാരാജാവു്. തങ്ങൾ ചെയ്തത് അപരാധമാണെന്നും, അപരാധം എത്ര ചെറിയ ജീവിയോടു ചെയ്താലും, അതിന്റെ പാപഭാരം അനുഭവിയ്ക്കേണ്ടി വരുമെന്നും, രാജാവു മനസ്സിലാക്കി, അതിനു പ്രാശ്ചിത്തം ചെയ്യാൻ തയ്യാറാകുന്നത്, ധർമ്മത്തിൽ എത്രമാത്രം ശ്രദ്ധയുണ്ടായിട്ടാണെന്ന് മനസ്സിലാക്കണം. ഇങ്ങനെയുള്ള ഭരണാധികാരികളുള്ള നാട്ടിൽ പട്ടിയ്ക്കു പോലും നിഗ്രഹാനുഗ്രഹ ശക്കിയുണ്ടാകും. ഈ ശാപത്തിൽ നിന്നുമാണ് മഹാഭാരതകഥ ആരംഭിയ്ക്കുന്നത്. പിന്നീടുണ്ടായ എല്ലാ ദുരന്തങ്ങൾക്കും കാരണം ഈ ശാപമായി പറയുന്നു. മഹാഭാരതം അവസാനിയ്ക്കുമ്പോഴും യുധിഷ്ഠിര മഹാരാജാവിന്റെ കൂടെ ഒരു പട്ടിയുണ്ടായിരുന്നു. ആദ്യത്തെ നായ ശപിച്ചുവെങ്കിൽ, അവസാനത്തെ നായ അനുഗ്രഹിച്ചു. ഇങ്ങനെ മഹാഭാരതത്തിന്റെ തുടക്കവും, ഒടുക്കവും ഒരു നായയിൽ നിന്നും ആണെന്നു കാണുന്നു.

 ജനമേജയ മഹാരാജാവ് നടത്തികൊണ്ടിരുന്ന സർപ്പസത്രത്തിൽ വെച്ച്, വ്യാസമഹർഷിയുടെ ശിഷ്യനായ വൈശമ്പായനനാണ്, മഹാഭാരതകഥ ആദ്യമായി പറഞ്ഞതെന്നു പറയപ്പെടുന്നു. സർപ്പസത്രമെന്നാൽ, അർജുനപുത്രനായ അഭിമന്യുവിന്റെ മകനായ പരീക്ഷിത്ത് മഹാരാജാവിന്റെ മരണത്തിനു കാരണം തക്ഷകൻ എന്ന സർപ്പമാകയാൽ, പരീക്ഷിത്തിന്റെ മകൻ ജനമേജയരാജാവ് സർപ്പ വംശത്തെ മുഴുവൻ നശിപ്പിയ്ക്കാൻ വേണ്ടി നടത്തിയ യാഗമാണ് സർപ്പസത്രം.
 കഥപറച്ചിൽ കുലത്തൊഴിലാക്കിയിട്ടുള്ള സൂതവർഗ്ഗത്തിൽ പെട്ട ഉഗ്ര ശ്രവസ്സെന്ന സൂതൻ, ശൗനക മുനിയോടു പറയുന്നതായി, സൂതശൗനിക സംവാദം എന്ന രീതിയിലാണ്, സാധാരണ പുരാണേതിഹാസങ്ങളുടെ സൃഷ്ടി. ജനമേജയ മഹാരാജാവും സംഘവും ഇങ്ങനെ വൈശമ്പായനന്റെ കഥ കേട്ടുകൊണ്ടിരിയ്ക്കേ കഥ കുരുക്ഷേത്ര യുദ്ധം വരെ എത്തി. അപ്പോൾ ജനമേജയ രാജാവ്, വൈശമ്പായനനോട്, എങ്ങനെയാണ് കൗരവ പാണ്ഡവ യുദ്ധം നടന്നതെന്നു ചോദിച്ചു. ഇതിനെ തുടർന്ന് വൈ ശമ്പായനൻ പറയുന്ന കുരുക്ഷേത്രയുദ്ധകഥയുടെ തുടക്കമാണ് ശ്രീമദ് ഭഗവദ് ഗീത എന്ന കൃഷ്ണാർജുനോപദേശം.

 മഹാഭാരതത്തിലെ ഭീഷ്മ പർവ്വത്തിലുള്ള ഈ കൃഷ്ണാർജുനോപദേശമായ ഭഗവദ് ഗീത ശ്ലോകങ്ങളില്ലാതെ ഒരു കഥാരൂപത്തൽ ആരംഭിയ്ക്കുകയാണ്.

 ഭീഷ്മപർവ്വം.  (2)

 യാഗശാലയിൽ വൈശമ്പായനൻ പറയുന്ന മഹാഭാരതം കഥ കേട്ടുകൊണ്ടിരുന്ന ജനമേജയ മഹാരാജാവും സംഘവും, കഥ കേട്ടുകൊണ്ടിരിയ്ക്കെ, കൗരവ, പാണ്ഡവ യുദ്ധത്തെക്കുറിച്ച് മഹാരാജാവ് ചോദിച്ചതനുസരിച്ച് വൈശമ്പായനൻ കഥ തുടങ്ങുകയാണ്.
 മഹാരാജാവേ, കേൾക്കുക. അത്യന്തം ഭയാനകവും രോമാഞ്ചജനകവുമായ ഭാരത യുദ്ധത്തെപ്പറ്റി പറയുകയാണ്. ഇരു സംഘങ്ങളുടേയും നേതാക്കന്മാരും സൈന്യങ്ങളും അവരവരുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു കഴിഞ്ഞു. സമുദ്രം പോലെ വിശാലമായി പരന്നു കിടക്കുന്ന പാണ്ഡവ കൗരവ സൈന്യ മദ്ധ്യത്തിലേയ്ക്ക്, പാണ്ഡവ സൈന്യ സർവ്വാധിപനായ ധൃഷ്ടദ്യുമ്നനും, കൗരവ സൈന്യ സർവ്വാധിപനായ ഭീഷ്മരും എത്തി, എങ്ങനെയാണ് യുദ്ധം നടക്കേണ്ടതെന്നും, നടത്തേണ്ടതെന്നുമുള്ള ധർമ്മാധർമ്മങ്ങളെ പ്രഖ്യാപിച്ച്, തന്റെ സംഘാംഗങ്ങൾ ധർമ്മം നിഷേധിയ്ക്കില്ലയെന്ന് പ്രതിജ്ഞയും ചെയ്തു.
 ആയുധമില്ലാത്തവരോടും, തുല്യത ഇല്ലാത്തവരോടും, പൊരുതരുത്. ആന കുതിര കാലാൾ എന്നിങ്ങനെയുള്ളവർ അതാത് വിഭാഗത്തിനോടു മാത്രമേ പൊരുതാവൂ. ആരുടേയും പുറകിൽ ആയുധം ഏൽക്കരുത്. വീണവനെ ഉപദ്രവിയ്ക്കരുത്. ഇങ്ങനെയുള്ള യുദ്ധ നീതികളെക്കുറിച്ചും, പരസ്പരം പ്രഖ്യാപിച്ചു പ്രതിജ്ഞ ചെയ്തു കഴിഞ്ഞ്, നേതാക്കൾ രണ്ടും അവരവരുടെ അണികളിലേയ്ക്ക് മാറിക്കഴിഞ്ഞാൽ, സംഘക്കാർ വാദ്യഘോഷങ്ങളും, ശംഖനാദങ്ങളും, അട്ടഹാസങ്ങളും മുഴക്കി യുദ്ധം തുടങ്ങാം എന്നാണ് ചിട്ട. ഇതനുസരിച്ച് ഇരുവിഭാഗങ്ങളും, അവരവരുടേതായ രീതിയിൽ വാദ്യഘോഷങ്ങളും, പെരുംമ്പറ മേളവും, അട്ടഹാസങ്ങളും മുഴക്കി ദിക്കുകൾ മാറ്റൊലി കൊള്ളിച്ചുകൊണ്ട്, പാണ്ഡവ സൈന്യം കിഴക്കോട്ടു തിരിഞ്ഞും, കൗരവ സൈന്യം പടിഞ്ഞാട്ടു തിരിഞ്ഞും അണിനിരന്നു.

 ഇങ്ങനെയുദ്ധം തുടങ്ങാൻ തുടങ്ങുമ്പോൾ അപ്രതീക്ഷിതമായി, കുരുവംശത്തിന്റെ ഉന്നത സ്ഥാനീയനും, പരമ ശാന്തനും, ബ്രഹ്മനിഷ്ടനുമായ വ്യാസമഹർഷി അവിടെ എത്തി ചേർന്നു. പെട്ടെന്നുള്ള മഹർഷി ദർശനം എല്ലാവരേയും ഒന്നു സ്തംഭിപ്പിച്ചു. അദ്ദേഹം രണ്ടു സൈന്യത്തേയും അല്പനേരം ദർശിച്ചതിനുശേഷം, ആരോടും ഒന്നും പറയാതെ അവിടെ നിന്നും ധൃതരാഷ്ട്ര മഹാ രാജാവിന്റെ കൊട്ടാരത്തിലേയ്ക്ക് പോയി. യുദ്ധം നടക്കുന്നത് കുരുക്ഷേത്ര മൈതാനത്താണെങ്കിലും, ഹസ്തിനാപുരം പട്ടണവും, കൊട്ടാരവും യുദ്ധഭീകരതയിൽ നിശ്ചലമാണ്. ആളുകളെല്ലാം യുദ്ധത്തിനും, യുദ്ധം കാണുന്നതിനും പോയിരിയ്ക്കുന്നു. രാജാവ് വളരെ അസ്വസ്ഥനാണ്. എന്നാലും വ്യാസാചാര്യൻ വന്നിട്ടുണ്ടെന്നറിഞ്ഞ ധൃതരാഷ്ട്ര മഹാരാജാവ്, അദ്ദേഹത്തെ വേണ്ടുംവണ്ണം സ്വീകരിച്ച് ബഹുമാനിച്ചിരുത്തി. തുടർന്ന് വ്യാസമഹർഷി പറയാൻ തുടങ്ങി.

 കാലം അല്ലെങ്കിൽ സാഹചര്യം അതിന്റെ മുർദ്ധന്യാവസ്ഥയിൽ എത്തിയിരിയ്ക്കുന്നു. ജനങ്ങൾ നശിയ്ക്കാൻ പോകുന്നു. അധർമ്മമാണ് എല്ലാത്തിനും കാരണം. ധർമ്മമുള്ളിടത്ത് വിജയമുണ്ടാവും. ഇനി പറഞ്ഞിട്ടു കാര്യമില്ല. അങ്ങയ്ക്ക് ഈ യുദ്ധം കാണണമെന്നുണ്ടോ? ഉണ്ടെങ്കിൽ കാഴ്ചയുണ്ടാക്കിത്തരാം. അതല്ലാ കേട്ടാൽ മതിയെങ്കിൽ, സഞ്ജയൻ എല്ലാം പറഞ്ഞുതരും. 

 എന്നിങ്ങനെ വ്യാസമഹർഷി പറഞ്ഞപ്പോൾ, എനിയ്ക്ക് പിതൃസ്ഥാനീയരുടേയും, ബന്ധുക്കളുടേയും വധം കാണണ്ട, കേട്ടാൽ മതിയെന്ന് ധൃതരാഷ്ട്ര മഹാരാജാവു പറഞ്ഞു. അപ്പോൾ തന്നെ വ്യാസമഹർഷി സഞ്ജയനെ വിളിച്ച് കുരുക്ഷേത്രത്തിൽ നടക്കുന്ന സകല കാര്യങ്ങളും, കാണാനും, കേൾക്കാനും സാധിയ്ക്കുന്ന രിതിയിൽ ദിവ്യദൃഷ്ടി കൊടുത്തനുഗ്രഹിച്ച്, കുരുക്ഷേത്രത്തിൽ നടക്കുന്ന എല്ലാ സംഗതികളും രാജാവിനു പറഞ്ഞു കൊടുക്കണമെന്ന് ഏൽപ്പിയ്ക്കുകയും ചെയ്തു.
 അതിനു ശേഷം ചുറ്റുപാടും കണ്ടു കൊണ്ടിരിയ്ക്കുന്ന ആപൽസൂചകങ്ങളായ ദുർ ലക്ഷണങ്ങൾ ഓരോന്നായി എണ്ണി പറഞ്ഞ്, ഇവയെല്ലാം വൻ നാശത്തിന്റെ സൂചനയാണെന്നും, കൗരവരിൽ ആരും തന്നെ അവശേഷിയ്ക്കില്ലെന്നു്, വ്യക്തമല്ലാത്ത രീതിയിൽ സുചിപ്പിയ്ക്കുകയും ചെയ്ത്, അദ്ദേഹമവിടെനിന്നും പോയി. വ്യാസമഹർഷി പോയതിനു ശേഷം, തന്റെ പുത്രന്മാരുടെ ദുർ നയത്തെയോർത്ത് വളരെ ദുഃഖിച്ച രാജാവിനെ, സഞ്ജയൻ പലതും പറഞ്ഞ് സമാധാനിപ്പിയ്ക്കാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം അതൊന്നും ശ്രദ്ധിയ്ക്കാതെ വളരെ നേരം ധ്യാനനിരതനായിരുന്നു. രാജാവ് ഗഹനമായ എന്തോ ചിന്തയിലാണെന്നു കരുതിയ സഞ്ജയൻ, യുദ്ധ കാര്യങ്ങളന്വേഷിയ്ക്കാൻ യുദ്ധരംഗത്തേയ്ക്ക് പോവുകയും ചെയ്തു. വ്യാസാചാര്യന്റെ അനുഗ്രഹമുള്ളതുകൊണ്ട് എവിടെയിരുന്നാലും സഞ്ജയന് എല്ലാ കാര്യങ്ങളും കാണാനും കേൾക്കാനും കഴിയും. എങ്കിലും കുരുക്ഷേത്രം നേരിൽ കാണാൻ പോയി.
 
 ഭീഷ്മപർവ്വം (3)

 ഭീഷ്മപർവ്വം (2) ന്റെ തുടർച്ച. എങ്കിലും കുരുക്ഷേത്രം നേരിൽ കാണാൻ പോയി. അവിടെ ഭയങ്കരമായ യുദ്ധം നടന്നുകൊണ്ടിരിയ്ക്കയാണ്. പത്തു ദിവസത്തെ യുദ്ധം കണ്ടതിനു ശേഷം, പത്താംദിവസം വൈകിട്ടുനടന്ന ഗൗരവമേറിയ ഒരു കാര്യം ധൃതരാഷ്ട്ര മഹാരാജാവിനോടു പറയാൻ വേണ്ടി പതിനൊന്നാം ദിവസം സഞ്ജയൻ കൊട്ടാരത്തിലേയ്ക്ക് തിരിച്ചു. യുദ്ധരംഗത്ത് കൗരവ സേന വളരെ നടുക്കത്തിലാണ്. കാരണം, അവരുടെ സർവ്വ സൈന്യാധിപനും, കുരുകുല പിതാമഹനുമായ ഭീഷ്മൻ വീണു. അതും നിസ്സാരനായ ശിഖണ്ഡിയുടെ ശരം കൊണ്ട്. ആണും, പെണ്ണുംമല്ലാത്ത ശിഖണ്ഡിയോട് യുദ്ധം ചെയ്യുകയോ, അയാളെ കൊല്ലുകയോ ചെയ്യില്ലെന്ന് ഭീഷ്മൻ നേരത്തെതന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. എങ്കിലും അങ്ങനെയൊക്കെ സംഭവിച്ചു. 

ഭീഷ്മനെ കൊല്ലാൻ വേണ്ടിത്തന്നെ പരമേശ്വരന്റെ അനുഗ്രഹത്താൽ ജനിച്ച കാശീ രാജപുത്രിയായ അംബയാണ് ശിഖണ്ഡിയെന്ന് ഭീഷ്മൻ തന്നെ നേരത്തെ ദുര്യോധനനോടു പറഞ്ഞിട്ടുമുണ്ടായിരുന്നു. അതു മനസ്സിലാക്കിയ ദുര്യോധനാദികൾ ഭീഷ്മനും, ശിഖണ്ഡിയും തമ്മിൽ എറ്റുമുട്ടാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കുന്നുമുണ്ടായിരുന്നു. എന്നാലും നിയതിയുടെ തീരുമാനപ്രകാരം അങ്ങനെയൊക്കെ സംഭവിയ്ക്കുക തന്നെ ചെയ്തു. കൗരവ സംഘത്തിന് ഒരു കനത്ത പ്രഹരം തന്നെയായിരുന്നു ഭീഷ്മന്റെ വീഴ്ച.
 സഞ്ജയൻ അരമനയിൽ വന്നപ്പോൾ ധൃതരാഷ്ട്ര മഹാ രാജാവ് ആലോചനാ മഗ്നനായി ഒറ്റയ്ക്കിരിയ്ക്കുകയായിരുന്നു. താൻ സഞ്ജയനാണെന്നറിയിച്ച് രാജാവിനെ വന്നിച്ച ശേഷം, ഭീഷ്മപിതാമഹൻ പാഞ്ചാല പുത്രനായ ശിഖണ്ഡിയുടെ ശരമേറ്റ് വീണുവെന്നും, ഇപ്പോൾ ശരശയ്യയിൽ കിടക്കുകയാണെന്നും അറിയിച്ചു. ഇതു കേട്ട് ധൃധരാഷ്ട്രൻ ഇടിവെട്ടേറ്റതു പോലെ സ്തംഭിച്ചു, പൊട്ടി കരഞ്ഞില്ല എന്നേയുള്ള. സഞ്ജയൻ അദ്ദേഹത്തെ സമാധാനിപ്പിയ്ക്കാൻ വേണ്ടി പല കഥകളും പറയാൻ ശ്രമിയ്ക്കുന്നുണ്ട്. പണ്ട് കാശീരാജ്യത്തു വച്ച് സകല രാജാക്കന്മാരോടും ഒറ്റയ്ക്കെതിർത്ത് ജയിച്ചവനാണ് ഭീഷ്മൻ. സകല ക്ഷത്രിയന്മാരേയും അടക്കിയ മഹാ പ്രതാപശാലിയായ ഭാർഗ്ഗവരാമനോടേറ്റുമുട്ടിയിട്ട്, അദ്ദേഹത്തിനു പോലും ഗംഗേയനെ ( ഭീഷ്മനെ) ജയിയ്ക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങനെയുള്ള മഹാപ്രഭാവനായ ഭീഷ്മനെ നിസ്സാരനായ ശിഖണ്ഡി കൊല്ലുക ! വിധിയ്ക്കെന്താണ് കഴിയാത്തത്. തീർശ്ചയായും ഇത് ഏതോ കർമ്മ പരിപാകം മാത്രമാണ്. അല്ലാതെ ശിഖണ്ഡിയുടെ വിര്യമോ, ദീഷ്മന്റെ ദൗർബല്യമോ അല്ല, എന്നിങ്ങനെ പലതും പറഞ്ഞ് ധൃതരാഷ്ട്രനെ സമാധാനിപ്പിയ്ക്കാൻ സഞ്ജയൻ ശ്രമിച്ചുവെങ്കിലും, മഹാരാജാവിന് അതുകൊണ്ടൊന്നും സമാധാനം കിട്ടിയില്ല. ആലോചിയ്ക്കും തോറും, ഏതോ ഒരു വലിയ ദു:ഖവും, നിരാശയും, പശ്ചാത്താപവും അദ്ദേഹത്തിന്റെ ധൈര്യത്തേയും, മനസ്സിനേയും മഥിയ്ക്കുകയും, ഉലയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു. ഒന്നും മിണ്ടാതെ കുറേ നേരം മൗനമായിരുന്ന ധൃതരാഷ്ട്രൻ അവസാനം പൊട്ടിക്കരയുകതന്നെ ചെയ്തു.

 കുരുവംശത്തിന്റെ നട്ടെല്ലും, കൗരവരുടെ രക്ഷിതാവും, പൗരുഷത്തിന്റെ പ്രത്യക്ഷ സ്വരൂപവും, ഭാരതയുദ്ധമാകുന്ന മഹാ സമുദ്രത്തിലെ കപ്പിത്താനു മാണ് ദീഷ്മൻ. അദ്ദേഹം മരിച്ചുവീണാൽ പിന്നെന്തു യുദ്ധമാണ്! പിന്നെ ദ്രോണൻ, കൃപൻ, അശ്വത്ഥാമാവ് തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നിട്ടും, അവർക്കൊന്നും ഭീഷ്മനെ രക്ഷിയ്ക്കാൻ കഴിഞ്ഞില്ലെന്നതാണ് ആശ്ചര്യം. ഏതെങ്കിലും പ്രതാപശാലിയായ ഒരു യോദ്ധാവാണ് ഭീഷ്മനെ വീഴ്ത്തിയതെങ്കിലും തരക്കേടിലാ. ഇത് ഒന്നുമല്ലാത്ത, ആണും പെണ്ണുമല്ലാത്ത ഒരു ശിഖണ്ഡിയുടെ ശരമേറ്റ് ഭീഷ്മ പിതാമഹൻ വീണു എന്നു വന്നാൽ, ഇനി എന്താണ് സംഭവിച്ചുകൂടാത്തത്! കാലത്തിന്റെ വൈപരീത്യമെന്നല്ലാതെ മറ്റൊന്നും പറയാനില്ല. കഷ്ടം! ഭീഷ്മൻ വീണുവെന്നറിഞ്ഞിട്ടും ഞാനിപ്പഴും ജീവിച്ചിരിയ്ക്കുന്നു വല്ലോ എന്നിങ്ങനെ പലതും പറഞ്ഞ് ധൃതരാഷ്ട്രൻ വളരെ നേരം വിലപിച്ചു. സഞ്ജയൻ എന്തൊക്കെ പറഞ്ഞിട്ടും അദേഹത്തിന് സമാധാനിയ്ക്കാൻ കഴിഞ്ഞില്ല. അങ്ങനെ വളരെ നേരം ആർത്തനായി പലതും പറഞ്ഞു വിലപിച്ചു.

 അങ്ങനെ കുറെ കഴിഞ്ഞ ശേഷം മഹാരാജാവ് ധൃതരാഷ്ട്രൻ സഞ്ജയനെ വിളിച്ച്, ഭീഷ്മവീഴ്ചയ്ക്കു ശേഷമുള്ള യുദ്ധ നടപടികളെ വിസ്തരിച്ച് പറയാൻ ആവശ്യപ്പെട്ടു. ഓരോ ദിവസവും ആരൊക്കെത്തമ്മിലുള്ള യുദ്ധങ്ങളാണ് നടന്നത്, ആരൊക്കെ ആരെയൊക്കെ കൊന്നു, ആരൊക്കെയാണ് ഭീഷ്മരുമായി ഏറ്റുമുട്ടി യുദ്ധം ചെയ്തത്, ആരെയെല്ലാമാണ് ഭീഷ്മൻ കൊന്നത്, ശിഖണ്ഡിയും ഭീഷ്മനുമായി ഏറ്റുമുട്ടിയ സമയത്ത് ദ്രോണാദികളൊക്കെ എവിടെയായിരുന്നു, രണ്ടു സംഘങ്ങളിലേയും സൈന്യങ്ങൾ എത്രമാത്രം നശിച്ചു, എന്നെല്ലാം വിസ്തരിച്ച് പറയാനാവശ്യപ്പെട്ടു. അതിനെ തുടർന്ന് ആരംഭം മുതലുള്ള യുദ്ധ നടപടികളെ സഞ്ജയൻ വിസ്തരിച്ച് പറയാൻ തുടങ്ങി.

 മഹാരാജാവേ! ശ്രദ്ധിച്ചു കേൾക്കു . പരമഗുരു വ്യാസാചാര്യനെ നമസ്ക്കരിച്ച് ഞാൻ വിസ്തരിച്ച് പറയാൻ ശ്രമിയ്ക്കാം. അദ്ദേഹമാണല്ലോ എനിയ്ക്ക് ദിവ്യദൃഷ്ടിയും, ദൂരശ്രവണവും, പര ചിത്തജ്ഞാനവുമൊക്കെ അനുഗ്രഹിച്ചു തന്നത് . അതിനാൽ അങ്ങേയ്ക്കറിയേണ്ടതെല്ലാം എന്നിൽക്കൂടെ പ്രകാശിയ്ക്കാനും ആ ഋഷീശ്വരൻ അനുഗ്രഹിയ്ക്കട്ടെ. എന്നു പറഞ്ഞുകൊണ്ടാണ് സഞ്ജയൻ പറയാൻ തുടങ്ങിയത് . സൈന്യങ്ങളുടെ വ്യുഹ ബന്ധനവും, നേതാക്കന്മാർ അതാതു സ്ഥാനത്ത് നിലയുറപ്പിയ്ക്കലും കഴിഞ്ഞപ്പോൾ, ദുര്യോധൻ ദുശാസനനെ വിളിച്ച്, വളരെ ഗൗരവമായ ചില സംഗതികൾ പറഞ്ഞു. വളരെക്കാലമായി കാത്തിരുന്ന് സാധിച്ചതാണ് ഈ കൗരവ പാണ്ഡവ യുദ്ധം. ചിരകാലാഭിലാഷമായ കാര്യം സാധിച്ചതിൽ നാം കൃതാർത്ഥരാണ്. എന്നാൽ ഈ യുദ്ധം കൊണ്ട് നമുക്കു സാധിയ്ക്കാനുള്ള ഒരേയൊരു കാര്യം, പാണ്ഡവരുടേയും, സേവകരുടേയും വധവുമാണ്. ഭീഷ്മ പിതാമഹനാണ് നമ്മുടെ സൈന്യശക്തിയുടെ ജീവനാഡി. ഭീഷ്മപിതാമഹൻ ജിവിച്ചിരുന്നാൽ അദ്ദേഹം തീർശ്ചയായും നമ്മുടെ ശത്രുക്കളെ കൊന്നൊടുക്കി കൊള്ളും. എന്നാൽ അമേഹം ജീവിച്ചിരിയ്ക്കണം. അദ്ദേഹത്തിന്റെ ജീവനൊരു ഭീഷണിയാണ് പാഞ്ചാല പുത്രനായ ശിഖണ്ഡി . ആണും പെണ്ണുമല്ലാത്ത ആ രൂപം മറ്റുള്ളവരുടെ ദൃഷ്ടിയിൽ നിസ്സാരനും, ദുർബലനുമാണെങ്കിലും, ഭീഷ്മന് അവനിന്നൊരു ഭീഷണിയായി തീർന്നിരിയ്ക്കയാണ്. 

ഭീഷ്മനെ കൊല്ലാനുള്ള വരബലത്തോടുകൂടി ജനിച്ച കാശീരാജപുത്രിയായ അംബയാണത്രെ ശിഖണ്ഡി. അതാണവനാദ്യം സ്ത്രീയായി ജനിച്ചത്. പിനെ ഏതോ ഒരു യക്ഷനോ മറ്റോ ആണത്രേ അവന് പുംസ്ത്വം കൊടുത്തത്. പിതാമഹന്റെ മുഖത്തു നിന്നു തന്നെയാണ് ഞാനിത് കേട്ടത്. അതിനാൽ എല്ലാവരും ശ്രദ്ധിയ്ക്കേണ്ട അതിപ്രധാനമായ ഒരു സംഗതി പിതാമഹനെ രക്ഷിയ്ക്കുക എന്നതാണു്. രണ്ടാമത് ശിഖണ്ഡിയെ കൊല്ലുകയും. ആരെങ്കിലും ശിഖണ്ഡിയെ കൊന്നുകഴിഞ്ഞാൽ, പിന്നെ നമുക്കു ഭയപ്പെടാതെ യുദ്ധം തുടരാം. ശത്രുക്കളെ കൊല്ലുകയും ചെയ്യാം. അതിനാൽ ദുശാസനാ ! പിതാമഹന്റെ കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിയ്ക്കണം. കുറേ ബലവാന്മാരായ യോദ്ധാക്കൾ എപ്പോഴും ഭീഷ്മ പിതാമഹന്റെ ചുറ്റുമായി ഉണ്ടായിരിയ്ക്കണം. അതേ സമയം കുറേ പേർ എങ്ങനേയും ശിഖണ്ഡിയെ കൊല്ലാൻ ശ്രമിച്ചു കൊണ്ടുമിരിയ്ക്കണം. എന്നൊക്കെയാണ് ദുര്യോധനൻ അനുജനോട് വളരെ കാര്യമായി പറഞ്ഞത്.
 
 ഭീഷ്മപർവ്വം (4)

 മഹാഭാരതം ഭീഷ്മപർവ്വം (3) ന്റെ തുടർച്ച. എന്നൊക്കെയാണ് ദുര്യോധനൻ അനുജനോട് വളരെ കാര്യമായി പറഞ്ഞത്.
 അതു കഴിഞ്ഞതോടെ രണ്ടു പേരും അനുയായികളോടും, സൈന്യങ്ങളോടും, വാഹനങ്ങളോടും കൂടി അവരവരുടെ സ്ഥാനങ്ങളിൽ നിലയുറപ്പിയ്ക്കാൻ പോവുകയും ചെയ്തു. അപ്പോഴേയ്ക്കും ബ്രഹ്മാണ്ഡം മുഴുവൻ നടുങ്ങുമാറുള്ള ഉച്ചണ്ഡമായ മഹാശബ്ദം രണ്ടു ഭാഗത്തു നിന്നും കേട്ടു തുടങ്ങി. സൈന്യങ്ങളുടെ വീരവാദങ്ങൾ, ജയ ശബ്ദങ്ങൾ, അട്ടഹാസങ്ങൾ, ശംഖനാദങ്ങൾ, വാഹനങ്ങളുടെ ശബ്ദങ്ങൾ, പെരുംപറ തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദങ്ങൾ എന്നിവയെല്ലാം ഒന്നിച്ചുകൂടിച്ചേരുമ്പോഴുള്ള ഭയങ്കരവും, ഉച്ചണ്ഡവുമായ ശബ്ദം ദിക്കുകളെയെല്ലാം ഭേദിച്ചു എന്നു തന്നെ പറയണം. ആയുധങ്ങൾ തമ്മിൽ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന തീജ്ജ്വാലകളും, അസ്സഹനീയമായ ശബ്ദങ്ങളും കൂടി കാണാനും കേൾക്കാനും തുടങ്ങി. യുദ്ധം തുടങ്ങിയെന്നാണല്ലോ അതിനർത്ഥം. അതെ ഏറ്റവും വാശിയോടും പൗരുഷത്തോടും കൂടിയ യുദ്ധം തുടങ്ങിക്കഴിഞ്ഞു. കാലാൾ സൈന്യങ്ങൾ അന്യോന്യം ഏറ്റുമുട്ടിക്കഴിഞ്ഞു. വാടാ, പോടാ, വെട്ടണം, കൊല്ലണം, നമ്മുടെ മഹാരാജാവ് ജയിയ്ക്കട്ടെ ! തുടങ്ങിയ അവരുടെ വായ്ത്താരികളും, ചുവടുവച്ചു മാറലും, ചാടലും, വെട്ടലും, തുള്ളലും, മലക്കം മറിച്ചിലും മറ്റുംമറ്റുമാകുന്ന യുദ്ധമുറകളും ആരംഭിച്ചു കഴിഞ്ഞു. വലിയ നേതാക്കന്മാർ തമ്മിൽ ഏറ്റുമുട്ടിക്കഴിഞ്ഞിട്ടില്ല എന്നേയുള്ളു. അതും തുടങ്ങാനുള്ള ആരംഭമായി.

 എന്നിങ്ങനെ യുദ്ധത്തെ വിവരിയ്ക്കാൻ തുടങ്ങിയ സഞ്ജയനോട് ധൃതരാഷ്ട്രൻ, ഏതു സംഘമാണ് ആദ്യം തന്നെ എതിർപ്പാരംഭിച്ചതെന്ന് ജിജ്ഞാസയോടെ ചോദിച്ചു. അപ്പോൾ സഞ്ജയൻ - മഹാരാജാവേ, അങ്ങനെ പറയാനില്ല. ആദിത്യനുദിച്ചുപൊങ്ങിയതോടെ, കർമ്മ സാക്ഷിയായ സൂര്യദേവനെ അഭിവാദനം ചെയ്ത് രണ്ടു സംഘക്കാരും ഒപ്പമാണാരംഭിച്ചത്. എതിരാളികൾ ഇങ്ങോട്ടാക്രമിച്ചാൽ എതിർക്കാം, അല്ലെങ്കിൽ വേണ്ട എന്ന ഉദ്ദേശത്തിലല്ലല്ലോ രണ്ടു സംഘക്കാരും ഒരുങ്ങിയിരിയ്ക്കുന്നത്. ഇങ്ങോട്ടാക്രമിച്ചാലും ഇല്ലെങ്കിലും, അങ്ങോട്ടെതിർത്ത് ജയിയ്ക്കണമെന്നാണല്ലോ ഇരുകൂട്ടരുടേയും ലക്ഷ്യം. ആ സ്ഥിതിയ്ക്ക് ആരാദ്യം തുടങ്ങണമെന്ന പ്രശ്നമേയില്ല. രണ്ടു കൂട്ടത്തിലെ സൈന്യങ്ങളും യുദ്ധമാരംഭിയ്ക്കാത്തതു കൊണ്ട് മനസ്സു മടുത്തിരിയ്ക്കുകയായിരുന്നു. പിന്നെ സന്ദർഭം വരുമ്പോൾ അവർ എങ്ങനെ ക്ഷമിച്ചിരിയ്ക്കും. ഏതായാലും ഇരു സംഘത്തിലേയും പൗരുഷം നിറഞ്ഞ കാലാൾ സൈന്യം വാശിയോടു കൂടി യുദ്ധത്തിന് അരംഭം കുറിയ്ക്കുന്നു.

 ഭഗവാന്റെ സാരത്ഥ്യത്തോടു കൂടിയുള്ള തേരിലിരുന്നു കൊണ്ട് അർജ്ജുനൻ, അനേകം യോദ്ധാക്കളാലും രാജാക്കന്മാരാലും ചുറ്റപ്പെട്ടു കൊണ്ട് യുധിഷ്ടിരൻ, വലിയ ഗദയേന്തിയ ഭീമൻ, മനോഹരമായ തേരിൽ ശുഭ്രവസ്ത്രധാരിയായ ദ്രുപദൻ, കുതിരപ്പുറത്തു കയറി വില്ലും കുലച്ചു പിടി കൊണ്ട് ശിഖണ്ഡി, പോർക്കളത്തിലെല്ലായിടത്തും ഒരു പോലെ ഓടിനടന്ന് എല്ലാവർക്കും വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ടിരിയ്ക്കുന്ന ധൃഷ്ടദ്യുമ്നൻ, പിന്നെ അസംഖ്യം രാജാക്കന്മാർ, സാത്യകി തുടങ്ങിയ നേതാക്കന്മാർ, പാഞ്ചാലീ പുത്രന്മാർ, അഭിമന്യു എന്നിവർ പാണ്ഡവവ്യൂഹത്തിന്റെ പല ഭാഗങ്ങളിലായി തയ്യാറെടുത്തു നിന്നു കഴിഞ്ഞു. ആരോടാണ് ആദ്യമായി ഏറ്റുമുട്ടേണ്ടത് എന്നു മാത്രമായിരുന്നു ഓരോരുത്തരുടേയും ആലോചന.

 അതുപോലെ തന്നെയായിരുന്നു കൗരവ സംഘത്തിലും. ദുശാസനൻ, ശകുനി, ജയദ്രഥൻ, ഭഗദത്തൻ തുടങ്ങിയ അനേകം പ്രബലന്മാരായ യോദ്ധാക്കന്മാരാൽ ചുറ്റപ്പെട്ടുകൊണ്ടും, അലങ്കരിച്ച കാഞ്ചനരഥത്തിലിരുന്നു കൊണ്ടും, ശുഭ്രവസ്ത്രധാരിയായ ഭീഷ്മർ വ്യൂഹത്തിന്റെ മദ്ധ്യത്തിൽ നിലയുറപ്പിച്ചു. അതിനെ തുടരന്ന് പല നേതാക്കന്മാരും സേനാ വ്യൂഹത്തിന്റെ പല ഭാഗങ്ങളിലായി നിലയുറപ്പിച്ചു കൊണ്ട് എന്തിനും തയ്യാറായി നിന്നു. അവർക്കും ആരോടാണാദ്യം ഏറ്റുമുട്ടേണ്ടതെന്ന ആലോചനയായിരുന്നു. മഹാ രാജാവേ കാലാൾ സംഘത്തിൽ കുറേശേയായി പടർന്നു പിടിയ്ക്കാൻ തുടങ്ങിയ യുദ്ധം ക്രമേണ വളർന്നു് കാലാൾ സംഘത്തിന്റെ എല്ലാ വശങ്ങളിലേയ്ക്കും വ്യാപിയ്ക്കുകയും, പതുക്കെ പതുക്കെ അശ്വാരൂഢസംഘത്തിലേയ്ക്കും, ഗജാരൂഢസംഘത്തിലേയ്ക്കും വ്യാപിയ്ക്കുകയും ചെയ്തു. പ്രധാനികളായ നേതാക്കന്മാരും ഉത്സാഹപൂർവ്വം പ്രവർത്തിയ്ക്കാനുള്ള ശ്രമമായി.

 എന്നിങ്ങനെ സഞ്ജയൻ പറഞ്ഞുകഴിഞ്ഞപ്പോൾ ധൃതരാഷകൻ, തന്റെ പുത്രന്മാരുടേയും, പാണ്ഡവരുടേയും ചെയ്തികളെ മറ്റുള്ളവരിൽ നിന്നും വേർതിരിച്ച് പ്രത്യേകമറിഞ്ഞാൽ കൊള്ളാമെന്ന ആഗ്രഹത്താൽ വീണ്ടും സഞ്ജയനോടിങ്ങനെ ചോദിച്ചു. ഈ ചോദ്യം മുതൽ പതിനെട്ടദ്ധ്യായങ്ങളാൽ പ്രസിദ്ധമായ ഭഗവദ്ഗീത ആരംഭിയ്ക്കുകയാണ്. മഹാഭാരതമെന്ന ഇതിഹാസത്തിലെ അതിപ്രധാനമായ തത്ത്വപ്രകരണവും, ഭഗവാന്റെ തിരുമുഖത്തു നിന്നു തന്നെ സ്വയം നിർഗ്ഗളിച്ചതുമായ തത്ത്വ രഹസ്യമാണ് ഭഗവദ്ഗീത. അതിന്റെ ശ്രവണം തന്നെ ഒരാളെ പവിത്രചരിതനും മുക്തനുമാക്കിത്തീർക്കും. ആ സ്ഥിതിയ്ക്ക് ശ്രദ്ധയോടു കൂടിയ മനനനിദിദ്ധ്യാസങ്ങൾ കൂടിയുണ്ടായാൽ ജിവൻ ചരിതാർത്ഥനാവുമെന്ന് പറയേണ്ടതില്ലല്ലോ. അപ്രകാരമുള്ള തത്ത്വസംഹിതയിലേയ്ക്ക് നമുക്ക് കടന്നു നോക്കാം. 

 ധൃതരാഷ്ട്രൻ:- ഒരിയ്ക്കലും അധർമ്മം തീണ്ടിയിട്ടില്ലാത്ത പുണ്യഭൂമിയും, ധർമ്മക്ഷേത്രവുമായ കുരുക്ഷേത്ര മൈതാനത്തിൽ യുദ്ധത്തിനായ്ക്കൊണ്ടെത്തി ചേർന്ന എന്റെ പുത്രന്മാരാകുന്ന കൗരവരും, പാണ്ഡവരും പിന്നെ എന്നാണു ചെയ്തതെന്ന് ഹേ സഞ്ജയ, വിശദമായി പറയൂ.
 
 
 

No comments:

Post a Comment