ഉത്തരം :- എപ്പോഴാണോ ജീവാത്മാവ് ഒരു ശരീരം വെടിഞ്ഞ് മറ്റൊരു ശരീരം സ്വീകരിക്കുന്നത് അഥവാ ആത്മാവ് വീണ്ടും വീണ്ടും ജന്മമെടുക്കുന്ന പ്രക്രിയയെ പുനർജന്മം എന്നു പറയുന്നു.
പ്രശ്നം 2 :- പുനർജന്മം സംഭവിക്കുന്നത് എന്തുകൊണ്ട്?
ഉത്തരം :- ഓരോ ജന്മത്തിലും നാം ചെയ്യുന്ന സത് കർമ്മങ്ങളുടെയും അസത്കർമ്മങ്ങളുടെയും ഫലം അനുഭവിച്ചു തീരാതെ വരുമ്പോൾ പുനർജന്മം വേണ്ടി വരുന്നു.
പ്രശ്നം 3 :- കർമ്മഫലങ്ങൾ അതേ ജന്മത്തിൽത്തന്നെ എന്തുകൊണ്ട് അനുഭവിക്കേണ്ടി വരുന്നില്ല? ഒരേ ജന്മത്തിൽ തന്നെ കർമ്മഫലം മുഴുവനും അനുഭവിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു?
ഉത്തരം :- ഈ ജന്മത്തിൽ തന്നെ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം ഇതേ ജന്മത്തിൽ തന്നെ പരിപാകം വരണമെന്ന് നിർബന്ധമില്ല. അതു കൊണ്ട് അടുത്ത ജന്മം കൂടിയേ തീരു.
പ്രശ്നം 4 :- പുനർജന്മമുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം?
ഉത്തരം :- പുനർജന്മത്തെ അറിയണമെങ്കിൽ ജീവൻ, മൃത്യു എന്നീ അവസ്ഥകളെ അറിയണം. ഇതറിയണമെങ്കിൽ ശരീരം എന്താണെ ന്നറിയണം.
പ്രശ്നം 5 :- ശരീരത്തെ കുറിച്ച് പറഞ്ഞു തന്നാലും?
ഉത്തരം :- ശരീരത്തിന്റെ നിർമ്മാണം പ്രകൃതിയാൽ സംഭവിക്കുന്നു, അതിൽ മൂലപ്രകൃതി (സത്വ രജസ്തമോഗുണങ്ങളുടെ സാമ്യാവസ്ഥ) യിൽ നിന്നും ആദ്യമേ ബുദ്ധിതത്വം പ്രകടമാക്കുന്നു. ബുദ്ധിയിൽ നിന്നും അഹങ്കാരം (അസ്തിത്വ ബോധം) അഹങ്കാരത്തിൽ നിന്നും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും ( ചക്ഷുസ്, ജിഹ്വാ, നാസികാ, ശോത്രം, ത്വക്) മനസ്സും അഞ്ചു കർമ്മേന്ദ്രിയങ്ങളും ( കൈകൾ, പാദങ്ങൾ, വാക്ക്, പായു, ഉപസ്ഥം) ഉണ്ടാകുന്നു . ശരീരത്തിന്റെ നിർമ്മാണം സൂക്ഷ്മ ശരീരം സ്ഥൂല ശരീരം എന്നീ രണ്ടു ഭാഗങ്ങൾ ബന്ധിച്ച നിലയിലാണ്.
പ്രശ്നം 6 :- സൂക്ഷ്മ ശരീരം എന്നാൽ എന്താണ്?
ഉത്തരം :- ബുദ്ധി, അഹങ്കാരം, മനസ്സ്, ജ്ഞാനേന്ദ്രിയങ്ങൾ എന്നിവയടങ്ങിയതാണ് സൂക്ഷ്മ ശരീരം. സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ സൂക്ഷ്മ ശരീരം ആത്മാവിനോടൊപ്പം യാത്രയാരംഭിക്കുന്നു. സൃഷ്ടി കാലാവസാനം വരെ അഥവാ സൃഷ്ടികാലം മുഴുവൻ (432 കോടി വർഷം) ജീവാത്മാവ് സൂക്ഷ്മ ശരീരത്തോടൊപ്പം സഞ്ചരിക്കുന്നു. എന്നാൽ ഏതെങ്കിലും ജന്മത്തിൽ ജീവാത്മാവിന് മുക്തി ലഭിച്ചാൽ സൂക്ഷ്മ ശരീരം പ്രകൃതിയിൽ ലയിക്കുന്നു.
പ്രശ്നം 7 :- സ്ഥൂല ശരീരം എന്നു പറയുന്നത് എന്തിനെയാണ്?
ഉത്തരം :- അഞ്ചു കർമ്മേന്ദ്രിയങ്ങളടങ്ങിയ പഞ്ചഭൗതികമായ ഭാഗത്തെ സ്ഥൂല ശരീരം എന്നു പറയുന്നു.
പ്രശ്നം 8 :- ജനനം എന്നാൽ എന്താണ്?
ഉത്തരം :- ജീവാത്മാവ് സൂക്ഷ്മ ശരീരത്തോടൊപ്പം പഞ്ചഭൗതികമായ ശരീരത്തിൽ പ്രവേശിക്കുന്നതിനെ ജനനം എന്നു പറയുന്നു.
പ്രശ്നം 9 :- മരണം എന്നാൽ എന്താണ്?
ഉത്തരം :- ഒരു ജീവാത്മാവ് പഞ്ചഭൗതികമായ ശരീരം വിട്ടു പോകുന്നതിനെ മരണമെന്ന പറയുന്നു. എന്നാൽ മരണം ശരീരത്തിനു മാത്രമേ സംഭവിക്കുന്നുള്ളു. മരണമെന്നത് ശരീരം മാറുന്ന പ്രക്രിയയാണ് എങ്ങനെയാണോ മനുഷ്യൻ ജീർണിച്ച തന്റെ വസ്ത്രം ഉപേക്ഷിച്ച് പുതിയത് ധരിക്കുന്നത് അതു പോലെ ജീർണിച്ചു പഴകിയ ശരീരത്തെ ഉപേക്ഷിച്ച് ജീവാത്മാവ് പുതിയ ശരീരം തേടി പോകുന്നു. എന്നാൽ മരണം സംഭവിക്കുമ്പോൾ ആത്മാവും സൂക്ഷ്മ ശരീരവും സ്ഥൂല ശരീരം വിട്ടുപോകുന്നു വെങ്കിൽ മോക്ഷമെന്നാണ് പറയാറുള്ളത്.
പ്രശ്നം 10 :- മൃത്യു ഉണ്ടാവാൻ കാരണമെന്താണ്?
ഉത്തരം :- നാം ഏതെങ്കിലും ഒരു വസ്തുവിനെ നിരന്തരം ഉപയോഗിക്കുകയാണെന്നിരിക്കട്ടെ ആ വസ്തുവിന്റെ കഴിവുകൾ കുറഞ്ഞു വരുന്നതായി കാണാം. ക്രമേണ ആ വസ്‌തുമാറ്റി പുതിയതു സ്വീകരിക്കേണ്ട ഒരവസ്ഥ വന്നു ചേരുന്നു. അതുപോലെ നിരന്തരമായ ഉപയോഗത്താൽ ശരീരത്തിന്റെയും കഴിവുകൾ കുറഞ്ഞു വരുന്നു, ഇന്ദ്രിയങ്ങൾ ദുർബലങ്ങളാകുന്നു. ജീവാത്മാവിന് ആ ശരീരം ബാദ്ധ്യതയായി വരുമ്പോൾ ആ ശരീരത്തെ മാറ്റുന്ന പ്രക്രിയ തന്നെയാണ് മൃത്യു അഥവാ മരണം.
പ്രശ്നം 11 :- മൃത്യു എന്ന അവസ്ഥയില്ലെങ്കിൽ എന്തു സംഭവിക്കും?
ഉത്തരം :- ലോകത്തിൽ വലിയ അവ്യവസ്ഥ യുണ്ടാകും. ജനസംഖ്യ വർദ്ധിക്കും. ലോകവാസം തന്നെ ദുഷ്ക്കരമാകും.
പ്രശ്നം 12 :- മൃത്യു അശുഭകാരിയാണോ?
ഉത്തരം :- അല്ല. മൃത്യു അശുഭകാരിയല്ല അത് ശരീരത്തിന്റെ പരിവർത്തന പ്രക്രിയയാണ്.
പ്രശ്നം 13 :- മൃത്യു അശുഭകാരിയല്ലെങ്കിൽ ജനങ്ങൾ ഭയക്കുന്നതെന്തിന് ?
ഉത്തരം :- കാരണം സാധാരണ ജനങ്ങൾ മൃത്യുവിന്റെ വൈജ്ഞാനിക സ്വരൂപത്തെ അറിയുന്നില്ല. മരണസമയത്ത് വളരെയേറെ കഷ്ടതകൾ അനുഭവിക്കേണ്ടി വരുമെന്ന് അവർ കരുതുന്നു. വേദങ്ങളോ ദർശനങ്ങളോ ഉപനിഷത്തോ പഠിക്കാത്ത അവർ അന്ധകാരത്തിൽ അകപ്പെട്ട് മൃത്യു സംഭവിക്കുന്നതിനു മുമ്പുതന്നെ ഭയം കൊണ്ട് മരിക്കുന്നു.
പ്രശ്നം 14 :- എന്നാൽ മൃത്യു സമയത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അല്പമെങ്കിലും പറഞ്ഞു തരൂ ?
ഉത്തരം :- നിങ്ങൾ ഉറങ്ങാൻ കിടക്കുന്ന സമയം സാവധാനം ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയം നിങ്ങൾക്കെന്തു തോന്നുന്നുവോ അതുപോലെയാണ് മരണാവസ്ഥയും. ഉറങ്ങുമ്പോൾ പ്രത്യേകിച്ച് ഒരനുഭവവും ഉണ്ടാകുന്നില്ല. എന്തെങ്കിലും കാരണവശാൽ നിങ്ങൾ മരണപ്പെടുന്ന അവസ്ഥയുണ്ടാക്കുന്ന മൂർഛാവസ്ഥയിൽ നിങ്ങളുടെ ജ്ഞാനം ശൂന്യമാകുന്നു. അതിനാൽ ഒരു തരത്തിലുള്ള ശാരീരിക പീഢയും അനുഭവവേദ്യമാകുന്നില്ല. ഇത് ഈശ്വരൻ നൽകിയിരിക്കുന്ന കൃപയാണ് . എന്തെന്നാൽ മരണസമയത്ത് ജ്ഞാനം ശൂന്യമാകുകയും സുഷുപ്തിയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.
പ്രശ്നം 15 :- മരണഭയത്തെ ദൂരെയകറ്റുവാൻ എന്തു ചെയ്യണം?
ഉത്തരം :- എപ്പോഴാണോ താങ്കൾക്ക് വൈദികവും ആർഷവുമായ ഗ്രന്ഥങ്ങൾ (വേദം, ഉപനിഷത്, ദർശനങ്ങൾ തുടങ്ങിയവ) ശ്രദ്ധയോടെ പഠിച്ച് ജീവൻ,മൃത്യു, ശരീരം തുടങ്ങിയ വിഷയങ്ങളെ മനസ്സിലാക്കാൻ കഴിയുന്നത് അപ്പോൾ ഉള്ളിലുള്ള മൃത്യു ഭയത്തെ ഇല്ലാതാക്കുവാനും കൂടാതെ യോഗ മാർഗത്തിലൂടെ ചരിക്കുവാൻ തുടങ്ങുമ്പോൾ അജ്ഞാനത്തിന്റെ അളവു കുറഞ്ഞുവരികയും ജ്ഞാനപ്രാപ്തി ലഭിക്കുന്നതോടുകൂടി മൃത്യുഭയം മാത്രമല്ല മറ്റു ഭയങ്ങൾ കൂടി ഇല്ലാതാകുകയും ചെയ്യും. എങ്ങനെയാണോ ചരിത്രങ്ങളിൽ നാം കേട്ടിട്ടുള്ള ബലിദാനികൾ രാഷ്ട്രത്തിനു വേണ്ടി തന്റെ ജീവൻ ബലിയർപ്പിക്കുവാൻ തയ്യാറായിട്ടുള്ളത് അവർക്കും യോഗദർശനങ്ങളും ഭഗവത് ഗീതയും വേദങ്ങളും തന്നെയാണ് അവരുടെ മനസ്സിനെ നിർഭയമാക്കാൻ പ്രേരണയായിട്ടുള്ളത്. മഹാഭാരത യുദ്ധത്തിൽ ഭീഷ്മരേയും ദ്രോണ രേയും വധിച്ചാലുണ്ടാകുന്ന ഭയത്തിൽ നിന്നും യോഗേശ്വരനായ കൃഷ്ണൻ ഇതേ യോഗദർശനവും സാംഖ്യ ദർശനവും നിഷ്ക്കാമകർമ്മ സിദ്ധാന്തങ്ങളും അവതരിപ്പിച്ച് ഈ ശരീരം തന്നെ മരണധർമ്മത്തിനധീന മാണെന്ന് ബോദ്ധ്യപ്പെടുത്തി അർജുനന്റെ മനസ്സിനെ ഭയവിമുക്തമാക്കുകയാണ് ചെയ്തത്. ഇതേ കാരണം കൊണ്ട് എല്ലാ മനുഷ്യരും വേദാദി ഗ്രന്ഥങ്ങളെ സ്വാദ്ധ്യായം ചെയ്യുകയും രാഷ്ട്രത്തിന്റെ ഉന്നതിക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ അവർ മൃത്യുവിനെ ഭയക്കുന്നില്ല കൂടാതെ പ്രസന്നതയോടെ മൃത്യുവിനെ ആലിംഗനം ചെയ്യാൻ സന്നദ്ധരും ആകുന്നു.
പ്രശ്നം 16 :- എന്തെല്ലാം കാരണങ്ങളാലാണ് പുനർജന്മം സംഭവിക്കുന്നത്?
ഉത്തരം :- കർമ്മം ചെയ്യുകയെന്നത് ആത്മാവിന്റെ സ്വഭാവമാണ്. കർമ്മം ചെയ്യാതെ ഒരു നിമിഷം പോലും നിലനിൽക്കാൻ ആത്മാവിനു കഴിയില്ല. സത്കർമ്മമാണെങ്കിലും അസത്കർമ്മമാണെങ്കിലും കർമ്മങ്ങൾ ചെയ്തു കൊണ്ടേയിരിക്കും. ഈ കർമ്മങ്ങളുടെ ഫലമായി പുനർജന്മം ഉണ്ടാകുന്നു. അത് സർവദാ ഈശ്വരന്റെ നിയന്ത്രണത്തിലുമാണ്.
പ്രശ്നം 17 :- എപ്പോഴാണ് പുനർജൻമം സംഭവിക്കാതിരിക്കുന്നത്?
ഉത്തരം :- ജീവാത്മാവ് മോക്ഷപ്രാപ്തിയിൽ ഇരിക്കുമ്പോൾ പുനർജനിക്കുന്നില്ല. അതിനു ശേഷം പുനർജനിക്കുന്നു.
പ്രശ്നം 18 :- മോക്ഷപ്രാപ്തിയിൽ എന്തുകൊണ്ട് പുനർജനിക്കുന്നില്ല ?
ഉത്തരം :- മോക്ഷപ്രാപ്തിയിൽ സ്ഥൂല ശരീരം പഞ്ച തത്വങ്ങളിൽ ലയിക്കുന്നു. അതോടൊപ്പം സൂക്ഷ്മ ശരീരവും ആത്മാവിൽ നിന്നും വേർപെട്ട് മൂലകാരണമായ പ്രകൃതിയിൽ ലയിക്കുന്നതു കൊണ്ട് പുനർജന്മം ഉണ്ടാകുന്നില്ല.
പ്രശ്നം 19 :- മോക്ഷത്തിനു ശേഷം ആത്മാവിന് ഒരിക്കലും പുനർജന്മമുണ്ടാകുന്നില്ലെ?
ഉത്തരം :- മോക്ഷപ്രാപ്തിയുടെ കാലാവധിയിൽ പുനർജനിക്കുന്നില്ല, അതിനു ശേഷം ഉണ്ടാകുന്നു.
പ്രശ്നം 20 :- മോക്ഷം നിത്യമാണെന്നു പറയാറുണ്ടല്ലൊ. പിന്നെ എങ്ങനെയാണ് നിശ്ചിത കാലാവധിയുണ്ടെന്നു പറയുക?
ഉത്തരം :- കർമ്മങ്ങൾ കാലാനുബന്ധിയാണല്ലൊ. അപ്പോൾ കർമ്മഫലവും കാലാനുബന്ധി യായിരിക്കും. യൗഗികമായ കർമ്മങ്ങളുടെ ഫലമായ മോക്ഷപ്രാപ്തി ഈശ്വരീയ ആനന്ദത്തിന്റെ രൂപത്തിലായിരിക്കും. അതു കൊണ്ട് മോക്ഷത്തിന്റെ കാലാവധിക്കു ശേഷം ജീവാത്മാവ് വീണ്ടും ശരീര ധാരണം ചെയ്യുന്നു.
പ്രശ്നം 21 :- മോക്ഷത്തിന്റെ കാലയളവ് എപ്പോൾ വരെയായിരിക്കും?
ഉത്തരം :- ഒരു പരാന്ത കാലം അഥവാ 31104000 കോടി മാനുഷ വർഷമാണ് ആത്മാവ് മുക്താവസ്ഥയിലിരിക്കുന്ന പരമാവധി കാലം.
പ്രശ്നം 22 :- മോക്ഷാവസ്ഥയിൽ സ്ഥൂല ശരീരമോ സൂക്ഷ്മ ശരീരമോ കൂടെയുണ്ടാകുമോ?
ഉത്തരം :- മോക്ഷാവസ്ഥയിൽ ആത്മാവ് ബ്രഹ്മാണ്ഡത്തെ ഭ്രമണം ചെയ്തു കൊണ്ട് ബ്രഹ്മാനന്ദം അനുഭവിച്ചുകൊണ്ടിരിക്കുന്നു. എങ്ങനെയാണോ വലിയ സമുദ്രത്തിൽ ചെറിയ മത്സ്യങ്ങൾ വിഹരിക്കുന്നത് അതുപോലെ ജീവാത്മാവിന് വേറേ ശരീരത്തിന്റെ അവശ്യകത ഉണ്ടാകുന്നില്ല.
പ്രശ്നം 23 :- മോക്ഷാവസ്ഥക്കു ശേഷം ജീവാത്മാവിന് എപ്രകാരമാണ് ശരീരം തിരികെ ലഭിക്കുക?
ഉത്തരം :- കൽപാരംഭത്തിൽ ആത്മാവിന് ആദ്യം തന്നെ സൂക്ഷ്മ ശരീരം ലഭിക്കുന്നു. അതിനു ശേഷം ഈശ്വരീയ മാർഗത്തിന്റെയും ഔഷധികളുടെയും സഹായത്തോടെ അമൈഥുനീ രൂപത്തിലുള്ള ശരീരം പ്രാപ്തമാകുന്നു. മോക്ഷത്തിലിരുന്ന് പുണ്യങ്ങൾ നുകർന്ന മുക്താത്മാക്കളായ ഇവർ സർവ്വശ്രേഷ്ഠ വിദ്വാന്മാരാകുന്നു. സൃഷ്ടിയുടെ ആരംഭത്തിലും ഇങ്ങനെയുള്ള നാലു വിദ്വാന്മാർ (അഗ്നി, വായു, ആദിത്യൻ, അംഗിരസ്) ജന്മമെടുക്കുകയും വേദജ്ഞാനം അവരിലൂടെ ഈശ്വരൻ പ്രകടമാക്കുകയുമാണ് ചെയ്തത്.
പ്രശ്നം 24 :- മോക്ഷ കാലം പൂർത്തിയാക്കിയ ആത്മാക്കൾക്ക് മനുഷ്യജന്മം തന്നെ ലഭിക്കുമോ? അതോ മൃഗങ്ങളുടെ ജന്മം ലഭിക്കുമോ?
ഉത്തരം :- മനുഷ്യ ജന്മം തന്നെ ലഭിക്കും.
പ്രശ്നം 25 :- എന്തുകൊണ്ട് മനുഷ്യ ജന്മം മാത്രം ലഭിക്കുന്നു ?
ഉത്തരം :- എന്തെന്നാൽ മോക്ഷാവസ്ഥയിൽ പുണ്യകർമ്മഫലമായ ഈശ്വരാനന്ദം അനുഭവിച്ചു തീരുന്നു. ഈ സമയം പാപകർമ്മങ്ങൾ ചെയ്തിട്ടില്ല. അതുകൊണ്ട് മൃഗമായി ജനിക്കേണ്ട ആവശ്യം വരുന്നില്ല. കർമ്മശൂന്യമായ മനുഷ്യ ജന്മം തന്നെ ലഭിക്കുന്നു.
പ്രശ്നം 26 :- മോക്ഷത്തെ പ്രാപിക്കുമ്പോൾ പുനർജന്മത്തിലേക്കുള്ള വഴി അടയുന്ന തെന്തുകൊണ്ട്?
ഉത്തരം :- യോഗാഭ്യാസം തുടങ്ങിയ സാധനകളാൽ സാധനകളുടെ പരമാവസ്ഥയായ നിർബീജ സമാധി യിൽ കർമ്മവാസനകൾ പൂർണമായും ദഗ്ധമാകുന്നതു കൊണ്ട് ചിത്തവൃത്തി നിരോധം സംഭവിക്കുന്നു. ജീവാത്മാവിന് സൂഷ്മ ശരീരവുമായുള്ള ബന്ധം ഇല്ലാതാവുന്നതോടേ പുനർജന്മ ത്തിലേക്കുള്ള മാർഗം അടയുന്നു.
പ്രശ്നം 27 :- ജനന മരണങ്ങളിൽ നിന്ന് എങ്ങനെ രക്ഷ നേടാം?
ഉത്തരം :- യോഗമാർഗം സ്വീകരിച്ചു കൊണ്ട് മുക്തി അഥവാ മോക്ഷത്തേ നേടുക.
പ്രശ്നം 28 :- പുനർജന്മത്തിൽ എന്തടിസ്ഥാന ത്തിലാണ് ശരീരം ലഭിക്കുന്നത്?
ഉത്തരം :- എപ്രകാരമാണോ നാം നമ്മുടെ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ആ കർമ്മങ്ങൾക്കനുസരിച്ച് ശരീരം ലഭിക്കുന്നു.
പ്രശ്നം 29 :- കർമ്മങ്ങൾ എത്ര തരം ഉണ്ട്?
ഉത്തരം :- പ്രധാനമായും കർമ്മങ്ങൾ സാത്വികം, രാജസികം, താമസികം എന്നിങ്ങനെ മൂന്നു വിഭാഗത്തിൽപ്പെടുന്നു.
1. സാത്വിക കർമ്മങ്ങൾ:- സത്യഭാഷണം, വിദ്യാ ധ്യയനം, പരോപകാരം, ദാനം, ദയാ, സേവാ, തുടങ്ങിയവ.
2. രാജസിക കർമ്മങ്ങൾ :- മിഥ്യാഭാഷണം, കളികൾ, സ്വാദ്, സുഖലോലുപത, സ്ത്രീ സംസർഗ്ഗം, ചലചിത്രം മുതലായവയിൽ രമിക്കുന്നത് രാജസിക കർമ്മങ്ങളാണ്.
3. താമസിക കർമ്മങ്ങൾ :- മോഷണം, കലഹം, ഹിംസ,ചൂതാട്ടം, പരസ്ത്രീ ഗമനം, തുടങ്ങിയ ദുഷ്കർമ്മങ്ങൾ.
ഇതിൽ പെടാതെ നിൽക്കുന്ന ചില കർമ്മങ്ങളാണ് ദിവ്യ കർമ്മങ്ങൾ. ഋഷിമാരും യോഗികളും അനുഷ്ഠിക്കുന്ന കർമ്മങ്ങളാണിവ. ഇവർ ചെയ്യുന്ന കർമ്മങ്ങൾ മേൽപറഞ്ഞ മൂന്നു കർമ്മങ്ങൾക്കതീതമാണെന്ന് മാനിക്കപ്പെടുന്നു.
ഈശ്വരന്റെ സമീപമാണിവരുടെ സ്ഥാനമെന്നുള്ള തുകൊണ്ട് ദിവ്യ കർമ്മങ്ങൾ മാത്രമേ ഇവരിൽ നിന്നും ഉണ്ടാകുന്നുള്ളു.
പ്രശ്നം 30 :- ഏതു പ്രകാരമുള്ള കർമ്മങ്ങൾ ചെയ്താലാണ് മനുഷ്യ യോനിയിൽ ജനിക്കുക?
ഉത്തരം :- സാത്വികവും രാജസികവുമായ കർമ്മങ്ങൾ ചെയ്താലാണ് മനുഷ്യ ദേഹം ധരിക്കാനുള്ള യോഗ്യത നേടുന്നത്. സാത്വിക ,കർമ്മഫലങ്ങൾ കൂടുതലുണ്ടെങ്കിൽ ഉന്നത കുലങ്ങളിലും രാജസിക കർമ്മങ്ങളുടെ പ്രഭാവമാണ് കൂടുതലെങ്കിൽ മനുഷ്യകുലത്തിൽ തന്നെ നീച കുടുബത്തിലായിരിക്കും ജനിക്കുക.
അത്യധികമായ സാത്വിക കർമ്മങ്ങൾ ചെയ്യുന്നവർ വിദ്വാനായ മാനവന്റെ ഗൃഹത്തിൽ തന്നെ ജനിക്കുന്നു.
പ്രശ്നം 31 :- ഏതു പ്രകാരത്തിലുള്ള കർമ്മങ്ങൾ ചെയ്താലാണ് ആത്മാവിന് ജന്തുക്കളുടെ ശരീരം ലഭിക്കുക?
ഉത്തരം :- രാജസികവും താമസികവുമായ കർമ്മങ്ങളുടെ ഫലമായി ജന്തുക്കളുടെ ശരീരം ജീവാത്മാക്കൾക്കു കിട്ടുന്നു. താമസിക കർമ്മങ്ങളുടെ ആധിക്യത്താൽ ജന്തുക്കളിൽ തന്നെ നീചയോനികളിൽ ജനിക്കുന്നു. രാജസിക സ്വഭാവം കൂടുതലുള്ളവരായ (കലഹം, മാംസാഹരം തുടങ്ങിയവ ശീലങ്ങളാക്കിയവർ) സിംഹം, കരടി, പട്ടി തുടങ്ങിയ യോനികളിലും താമസിക സ്വഭാവം കൂടുതലുള്ളവർ നീചയോനികളായ കൃമികീടങ്ങൾ, പാമ്പ്, പാറ്റ തുടങ്ങിയവയിലും ജനിക്കുന്നു. അങ്ങനെ കർമ്മങ്ങൾക്കനുസരിച്ച് നീച ശരീരങ്ങളും ജന്തുശരീരങ്ങളും ജീവാത്മാക്കൾക്ക് ഭോഗയോനികളായി ഭവിക്കുന്നു.
പ്രശ്നം 32 :- നാം കഴിഞ്ഞ ജന്മത്തിൽ എന്തായിരുന്നു? അടുത്ത ജൻമത്തിൽ എന്തായിരിക്കും എന്ന് തിരിച്ചറിയാൻ കഴിയുമോ?
ഉത്തരം :- ഇല്ല. ഒരിക്കലുമില്ല. സാധാരണ മനുഷ്യർക്ക് ഇതു മനസ്സിലാക്കാൻ സാധിക്കില്ല. കാരണം ഇത് ഈശ്വരന്റെ അധികാര പരിധിയിൽ പ്പെട്ട കാര്യമാണ് നമ്മുടെ കർമ്മങ്ങൾക്കനു സരിച്ച് ശരീരം നല്കുക എന്നത്. ഇത് എല്ലാവരും മാനിക്കുന്നു.
പ്രശ്നം 33 :- എന്നാൽ ഇത് ആർക്ക് മനസ്സിലാ ക്കാൻ സാധിക്കും?
ഉത്തരം :- കേവലം ഒരു സിദ്ധയോഗിക്കു മാത്രമേ ഇതറിയാൻ സാധിക്കുകയുള്ളു. യോഗാഭ്യാസം കൊണ്ട് ബുദ്ധിയെ തീവ്രമാക്കിയ ഒരു യോഗിക്ക് ബ്രഹ്മാണ്ഡത്തിന്റെയും പ്രകൃതിയുടെയും മഹത്വപൂർണമായ രഹസ്യത്തെ തന്റെ യോഗശക്തി കൊണ്ട് അറിയാൻ സാധിക്കുന്നു. ആ യോഗിക്ക് ബാഹ്യമായ ഇന്ദ്രിയങ്ങളുടെ ആവശ്യമില്ല. അവരുടെ അന്തക്കരണവും ബുദ്ധിയും എല്ലാം തിരിച്ചറിയുന്നു. ആ ബുദ്ധിയുടെ മുമ്പിൽ ഭുതവും ഭവിഷ്യത്തും എല്ലാം പ്രത്യക്ഷമാകുന്നു.
പ്രശ്നം 34 :- എന്നാൽ ഇത് ഒരു യോഗിക്ക് ഏതുവിധേനയാണ് അറിയാൻ കഴിയുന്നത്?
ഉത്തരം :- ഈ അവസരത്തിൽ നാം പുനർജന്മമെന്ന വിഷയത്തേക്കുറിച്ചാണ് ചിന്തിക്കുന്നത്. ചോദിച്ച ചോദ്യത്തിനുത്തരം മറ്റൊരു വിഷയമാണ്. വിസ്താര ഭയത്താൽ മറ്റൊരവസരത്തിൽ യോഗിക്ക് വികസിത ശക്തി കൊണ്ട് എല്ലാം അറിയാൻ സാധിക്കുമെന്നും ഏതെല്ലാം ശക്തികളാണവയെന്നും എങ്ങനെ അവയെ പ്രാപിക്കാമെന്നും വിശദമായി ചർച്ച ചെയ്യാം.
പ്രശ്നം 35 :- പുനർജന്മം ഉണ്ട് എന്നതിന് എന്താണ് പ്രമാണം ?
ഉത്തരം :- ഉണ്ട്. നവജാത ശിശുക്കളെ ഒന്ന് ശ്രദ്ധിച്ചാൽ ജനിച്ചയുടനെ അമ്മയുടെ മുലയിൽ നിന്നും പാൽ കുടിക്കാൻ തുടങ്ങും ആരും പഠിപ്പിച്ചിട്ടല്ല ഇതു ചെയ്യുന്നത്. കഴിഞ്ഞ ജന്മത്തിൽ പാൽ കുടിച്ച അനുഭവം ഉള്ളതുകൊണ്ടാണ് ശിശു ഇതു ചെയ്യുന്നത്.
ഇനി മറ്റൊന്ന് ആ ശിശുവിനെ ഒറ്റക്ക് ഒരു മുറിയിൽ കിടത്തുംമ്പോഴും മറ്റാരുമില്ലെങ്കിലും ആ കുട്ടി തന്നത്താൻ ചിരിക്കുന്നതു കാണാം ഇതും കഴിഞ്ഞ ജന്മാനുഭവങ്ങളുടെ ഓർമ്മകളാണ്. എന്നാൽ വളരുന്നതിനനുസരിച്ച് ഇതെല്ലാം മറന്നു പോകുന്നു.
പ്രശ്നം 36 :- എന്നാൽ ഈ പുനർജന്മത്തെ സാധൂകരിക്കാനുള്ള എന്തെങ്കിലും ഉദാഹരണങ്ങളുണ്ടൊ?
ഉത്തരം :- ഉണ്ട്. പത്രങ്ങളിലോ ടി. വി വാർത്തകളിലോ നിങ്ങൾ ചിലപ്പോൾ കേൾക്കാറുണ്ട് ഒരു കുട്ടി കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങൾ ഓർമ്മിക്കുന്നുവെന്നും എവിടെയാണ് ജനിച്ചതെന്നും ഏതു ഗൃഹത്തിലാണ് വളർന്നതെന്നും മരണപ്പെട്ടതെങ്ങനെ യെന്നുമൊക്കെ. എന്നാൽ ആ കുട്ടി ജനിച്ച ഗ്രാമത്തിൽ അവൻ പോയിട്ടോ അഥവാ ആരെങ്കിലും പറഞ്ഞു കൊടുക്കുകയോ ചെയ്തിട്ടില്ലയെന്നും. ഇതിനു കാരണം മരണത്തിനു ശേഷവും ആത്മാവിനോടൊപ്പം സൂക്ഷ്മ ശരീരവും സഞ്ചരിക്കുന്നതിനാൽ ഗുപ്തമായി കിടക്കുന്ന ചില ഓർമ്മകൾ ചില സാഹചര്യങ്ങളിൽ പുറത്തു വരുന്നു എന്നതിനാലാണ് .
പ്രശ്നം 37 :- ഇങ്ങനെയുള്ള സംഭവങ്ങൾ ഈ ആധുനിക യുഗത്തിൽ, വൈജ്ഞാനിക കാലഘട്ടത്തിൽ ജനങ്ങളെങ്ങനെ മാനിക്കും?
ഇതെല്ലാം ശരിയെന്ന് നിർണ്ണയിക്കാൻ തക്കവണ്ണം വൈജ്ഞാനികവും തർക്കികവുമായ എന്തു പ്രമാണമാണുള്ളത്?
ഉത്തരം :- ആരു പറഞ്ഞു പുനർജന്മസിദ്ധാന്തം വിജ്ഞാനത്തിനു വിരുദ്ധമാകുമെന്ന്? വൈജ്ഞാനിക രൂപത്തിലും ഇതു സത്യം തന്നെയാണ് . താങ്കൾക്കത് പെട്ടെന്നു തന്നെ വെളിവാക്കിതരാം.
പ്രശ്നം :- 38 എന്നാൽ വെളിവാക്കിയാലും ?
ഉത്തരം :- ആദ്യമേ പറയപ്പെട്ടതു പോലെ മൃത്യുവെന്നത് കേവലം ശരീരത്തിനു മാത്രമേ സംഭവിക്കുന്നുള്ളു. സൂക്ഷ്മ ശരീരം ആത്മാവിനോടൊപ്പം മുന്നോട്ടു പോകുന്നു. എന്നാൽ കഴിഞ്ഞ ജന്മങ്ങളുടെ സംസ്ക്കാരവും ആ ബുദ്ധിയിൽ സമാഹൃതമാണ്. ഏതെങ്കിലും ജന്മത്തിൽ ആ കർമ്മ സംസ്ക്കാരം അതേ പരിതസ്ഥിതിയിൽ എത്തപ്പെട്ടാൽ ആ കർമ്മ സംസ്ക്കാരം ഉണർന്നു പുറത്തു വരാം. ഈ ഉദാഹരണം നോക്കുക :- ഒരിക്കൽ ഹരിയാനയിൽ സിർസായിലെ ഗ്രാമത്തിൽ നടന്ന ഒരു സംഭവമാണ് ആറു വയസുള്ള ഒരു ബാലനെ അവന്റെ മാതാപിതാക്കൾ സ്ക്കൂൾ സന്ദർശിക്കാൻ കൊണ്ടു പോയി. അവന്റെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു അത്. കുട്ടിക്ക് ഹരിയാന്വിയും ഹിന്ദിയും മാത്രമേ അറിയുമായിരുന്നുള്ളു. ആ സ്ക്കൂളിലെ രസതന്ത്ര പരീക്ഷണശാലയിൽ എത്തിയപ്പോൾ പെട്ടെന്ന് ആ കുട്ടിയുടെ മുഖം ചുവന്നു വലിയ ഭാവമാറ്റം ഉണ്ടായി. കുട്ടി ഉടൻ തന്നെ ഫ്രഞ്ചു ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. മാതാപിതാക്കൾ ഭയന്നു പോയി. എല്ലാവരും കൂടി കുട്ടിയെ ആശുപത്രിയലെത്തിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയ ഡോക്ടർ ഒരു ദ്വിഭാഷിയേ വിളിച്ചുവരുത്തി. ദ്വിഭാഷിയുടെ സഹായത്താൽ കാര്യങ്ങൾ ചോദിച്ചപ്പോൾ ബാലൻ പറഞ്ഞു. എന്റെ പേരു് സൈമൺ ഗ്ലാസ്ക്കിയെന്നാണ്. ഞാനൊരു ഫ്രഞ്ച് കെമിസ്റ്റാണ്, എന്റെ പരീക്ഷണശാലയിലുണ്ടായ ഒരപകടത്തിലാണ് ഞാൻ മരണപ്പെട്ടത്. ഈ സംഭവത്തിൽ നിന്നും എന്തു മനസ്സിലാകുന്നു? പൂർവ്വജന്മങ്ങളിലെ സംഭവങ്ങളുമായി സാദൃശ്യമുള്ള ഒരനുകൂല സാഹചര്യം ബുദ്ധിയിൽ ചലനമുണ്ടാക്കുകയും ഉറങ്ങിക്കിടന്നിരുന്ന കർമ്മസംസ്ക്കാരം പുറത്തു വരികയും ചെയ്യുമെന്നാണ്. പരീക്ഷണശാലയിൽ എത്തിയ ബാലന് കഴിഞ്ഞ ജന്മത്തിലെ ഓർമ്മപെട്ടെന്നുണ്ടാവുകയാണ് ചെയ്തത്. ഇങ്ങനെയുള്ള എത്രയോ അനുഭവങ്ങൾ നമുക്ക് വൈജ്ഞാനിക രൂപത്തിൽ ലഭിക്കും.പ്രശ്നം 39 :- എന്തുകൊണ്ടാണ് ഇങ്ങനെയുള്ള സംഭവങ്ങൾ ഭാരതത്തിൽ മാത്രം സംഭവിക്കുന്നത്? ലോകം ഇതിനെ മാനിക്കാത്തത് എന്തുകൊണ്ട് ?
ഉത്തരം :- ഇങ്ങനെയുള്ള സംഭവങ്ങൾ ലോകത്തിൽ എല്ലായിടത്തും സംഭവിക്കാറുണ്ട്. പിന്നെ ലോകം ഇതിനെ മാനിക്കാത്തതിന്റെ കാരണം അവർക്ക് വേദാനുസാരമായിട്ടോ യോഗ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലോ ശരീരത്തേക്കുറിച്ചുള്ള ജ്ഞാനം ഇല്ലാത്തതു കൊണ്ടാണ് അവരെ സംബന്ധിച്ചിടത്തോളം മനുഷ്യ ശരീരം മാംസവും കുറേ എല്ലിൻ കൂട്ടങ്ങളും മാത്രമാണ്. അവർ ജീവനേക്കുറിച്ചോ ആത്മാവിനെക്കുറിച്ചോ ഈശ്വരീയ വ്യവസ്ഥയേക്കുറിച്ചോ പഠിക്കുന്നില്ല. പുനർജന്മവുമായി ബന്ധപ്പെട്ട സംഭവങ്ങൾ പാശ്ചാത്യദേശത്ത് ഉണ്ടായിട്ടുണ്ടെങ്കിലും അവർ അതിനെ മൾട്ടിപ്പിൾ പേർസണാലിറ്റി സിൻട്രോം എന്നു പേരിട്ട് മാനസിക രോഗമായി കണക്കാക്കുന്നു. കൂടുതൽ പരീക്ഷണങ്ങളൊന്നും നടത്തുന്നില്ല.
പ്രശ്നം 40 :- പുനർജന്മം കേവലം ഭൂമിയിൽ മാത്രമോ അതോ ഇതര ഗ്രഹങ്ങളിലും ഉണ്ടോ?
ഉത്തരം :- പുനർജന്മം ഈ ബ്രഹ്മാണ്ഡം മുഴുവനും സംഭവിക്കുന്നു. അസംഖ്യം സൗരയൂഥങ്ങളണ്ടിവിടെ. ഭൂമിയേപ്പോലെ എത്രയോ ഗ്രഹങ്ങളുണ്ട്. ശരീരം വേർപെട്ട ഒരു ജീവാത്മാവ് ഭൂമിയിൽ നിന്നും മറ്റേതെങ്കിലും വാസയോഗ്യമായ ഗ്രഹത്തിൽ ഈശ്വര വ്യവസ്ഥയനുസരിച്ച് ഏതെങ്കിലും ശരീരത്തിൽ ജന്മമെടുക്കാം എല്ലാം ഈശ്വരിയ വ്യവസ്ഥയ്ക്ക് അധീനമാണ് . വലിയ ഒരാനയുടെ ശരീരത്തിലിരുന്ന ജീവാത്മാവിന് ഒരു കൊതുകിന്റെ ശരീരത്തിൽ എങ്ങനെയാണ് പ്രവേശിക്കാൻ കഴിയുക എന്ന സംശയം തോന്നാം. ഇതും ഒരു ഭ്രമമാണ്. ജീവാത്മാവ് ശരീരം മുഴുവനും നിറഞ്ഞിരിക്കുന്നില്ല. അത് മസ്തിഷ്ക്ക ഹൃദയത്തിൽ അണുരൂപമായി വർത്തിക്കന്നു. അത് ഏക രൂപത്തിലാണ് മത്സ്യത്തിലാണെങ്കിലും ഉറുമ്പിലാണെങ്കിലും
സഹസ്രനാമം
പ്രപഞ്ചവും, ജീവജാലങ്ങളും, കാലവും ചേർന്നതാണ് സംസാരചക്രം. ഇതിനെ ഒരു നിമിഷം പോലും നിർത്താതെ തിരിപ്പിച്ചു കൊണ്ടിരിക്കുന്ന അദൃശ്യ ശക്തിയാണ് അനേകം നാമങ്ങളിൽ വിഷ്ണുസഹസ്രനാമത്തിൽ ഉള്ളത്. ജീവരാശികൾ മോക്ഷം പ്രാപിക്കുന്നത് വരെ വീണ്ടും വീണ്ടും ജനിക്കുന്നു, എങ്കിലും ആവർത്തനനായ മഹാവിഷ്ണു സംസാരബന്ധത്തിൽ അകപ്പെടാതെ മുക്താത്മാവായി സ്ഥിതി ചെയ്യുകയാണ് (നിവൃത്താത്മാ, ആവർത്തന വി. സ. നാ. 229, 228).
അരൂപിയും അനന്തരൂപിയും ആയ ഭഗവാന്റെ നാമങ്ങളും രൂപങ്ങളും നിരവധിയാണ് (അസംഖ്യേയ, നൈകരൂപ വി. സ. നാ. 247, 271).
ഭൂമിയെ പൊക്കിയെടുക്കുവാൻ വരാഹരൂപം സ്വീകരിച്ചു. നരസിംഹരൂപവും ബൃഹത് ആയിരുന്നു. (ബൃഹദ്‌രൂപ വി. സ. നാ. 272).
നിത്യനായ ഭഗവാൻ അനന്തമായ കാലത്തിന്റെ പ്രഭുവായി യുഗങ്ങളെ തുടങ്ങി വച്ച്, കാൽപാവസാനം സൃഷ്ടികളെല്ലാം സൂക്ഷ്മ രൂപമായി പ്രകൃതിയിൽ ലയിച്ച് പ്രകൃതി ഭഗവാനിൽ ലയിച്ച് ഭഗവാൻ യോഗനിദ്രയിൽ ലയിക്കുന്നു. പിന്നെ ഭഗവാൻ തന്നെ വൃഷോദരനായി ജീവികളെ ദൃശ്യമാക്കുമ്പോൾ യുഗാദിയായി അവയെ ആരംഭിക്കുന്നു. ഇങ്ങനെ പണ്ടത്തെപ്പോലെ തന്നെ വിശ്വം നിലവിൽ വരുന്നു. ഇത് ആദിയും അന്തവുമില്ലാത്ത പ്രക്രിയയാണ് (യുഗാദികൃത്, വൃഷോദര, യുഗാവർത്ത വി. സ. നാ. 300, 260, 301).
വിഷ്ണുസഹസ്രനാമത്തിലെ ചതുർവ്യൂഹ (138), അനിരുദ്ധ (638), പ്രദ്യുമ്ന (640), സങ്കർഷണോച്യുത (552) എന്നീ നാമങ്ങളുടെ വ്യാഖ്യാനം ഇതേ കുറിച്ച് കൂടുതൽ അറിവ് നൽകുന്നതാണ്. ഒരു പ്രവൃത്തി നടത്തുവാനായി പ്രാപിക്കുന്ന രൂപത്തെ വ്യൂഹം എന്ന് പറയുന്നു. ഭഗവൻ നാല് വ്യൂഹങ്ങളായി മൂർത്തികളെ കൊണ്ട് കാര്യങ്ങൾ ചെയ്യുന്നു. അച്യുതൻ, പ്രദ്യുമ്നൻ, അനിരുദ്ധൻ, സങ്കർഷണൻ എന്നിവയാണീ മൂർത്തികൾ. വാസുദേവൻ പരിപൂർണ്ണമായ ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, വിജ്ഞാനം എന്നിവയോട് കൂടി വ്യൂഹങ്ങളുടെ തലവനായി അവരുടെ സൃഷ്ടിസ്ഥിതിസംഹാരം എന്നീ പ്രവൃത്തികൾ നിരീക്ഷിക്കുന്നു. ഐശ്വര്യവും വീര്യവും ഭഗങ്ങളായുള്ള പ്രദ്യുമ്നൻ ബുദ്ധി തത്വത്തിന്റെ ദേവതയായി മോഹം ജനിപ്പിച്ച് പ്രജനനം നടത്തുന്നു. തേജസ്സും ശക്തിയും ഭഗങ്ങളായുള്ള അനിരുദ്ധൻ മന തത്വത്തിന്റെ ദേവതയായി പ്രപഞ്ചത്തെ സംഹരിച്ച് മൂല തത്വത്തിൽ ലയിപ്പിക്കുന്നു.
ശാസിക്കുന്നവൻ എന്ന അർത്ഥത്തിലാണ് വിഷ്ണുസഹസ്രനാമത്തിൽ ശാസ്താ (206) വ്യാഖ്യാനിക്കപ്പെടുന്നത്. ശ്രുതി, സ്മൃതി, ഇതിഹാസം, പുരാണം ഇവയിലെല്ലാമുള്ള തത്വങ്ങൾ ഭഗവാന്റെ ശാസനകളാണ്. ശാസ്താവായ മഹാവിഷ്ണു ധർമ്മ മാർഗ്ഗത്തെ ശാസ്ത്രങ്ങളിൽ പ്രതിപാദിച്ച് മനസ്സിൽ ഉദിപ്പിച്ച് ഭക്തന്മാർക്ക് വഴി കാട്ടുന്നു. എല്ലാവരെയും നന്നായി അറിയാവുന്നത് കൊണ്ട് അവർക്ക് ഉചിതമായ വഴി കാണിച്ച് ധർമ്മ ശാസ്താവായി ഭക്തരുടെ ഉള്ളിൽ വിളങ്ങുന്നു.
വിശ്വം മുഴുവൻ ശരീരമുള്ളവനും, എന്നാൽ ഒരു രൂപവും ഇല്ലാത്തവനും അനേക രൂപങ്ങളോട് കൂടിയവനും എന്നുദ്ദേശിക്കുന്ന നാമങ്ങളും ഉണ്ട്. (അമൂർത്തിമാൻ, അനേകമൂർത്തി, ശതമൂർത്തി, അനന്തരൂപ 720, 721, 723, 932)
ഏകനാണെങ്കിലും മായ ഉപാധിയാക്കി അനേക സഹസ്രം രൂപങ്ങളായി കാണപ്പെടുന്നു ( ഏക, നൈക 725, 726 )
ഒരു ചലനവും ഇല്ലാത്തവൻ എന്നും വായു രൂപത്തിൽ ചലിക്കുന്നവൻ എന്നയർത്ഥത്തിലും ഉള്ള നാമങ്ങൾ (അചല ചല 745, 746)
സ്‌കന്ദപുരാണത്തിലും, ബ്രഹ്മാണ്ഡ പുരാണത്തിലും ശാസ്താവിൻറെ ഉത്ഭവവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വർണ്ണിച്ചിട്ടുണ്ട്. സ്‌കന്ദപുരാണം ശങ്കരസംഹിതയിലെ ആസുരകാണ്ഡത്തിലാണു ശാസ്താവിൻറെ ജനനത്തെക്കുറിച്ച് പരാമർശമുള്ളത്. ശങ്കരസംഹിതയിൽ 70000 ശ്ലോകങ്ങളുണ്ട് എന്നാണ് വിശ്വാസം. ശങ്കരസംഹിത സംസ്‌കൃതമൂലം ഇന്നുലഭ്യമല്ല. ശങ്കരസംഹിതയിലെ സ്‌കന്ദകഥ ആസ്പദമാക്കി കാഞ്ചീപുരം കച്ചിയപ്പ ശിവാചാര്യർ തമിഴിൽ എഴുതിയ കന്തപുരാണമാണു ലഭ്യമായ ഒരു ഗ്രന്ഥം. മലയാളത്തിൽ കന്തപുരാണത്തെ ആധാരമാക്കിയുള്ള കിളിപ്പാട്ട് രചിക്കപ്പെട്ടിട്ടുണ്ട്.
അത് പോലെ ലളിതാസഹസ്രനാമത്തിലെ സംഹാരിണീ, ഗോപ്ത്രീ, രുദ്രരൂപാ, തിരോധാനകരി എന്നീ നാമങ്ങളുടെ വ്യാഖ്യാനവും കൂടുതൽ അറിവ് നൽകുന്നവയാണ്.
നമ്മുടെ ശരീരം ബാഹ്യ ലോകത്തോടു പ്രതികരിക്കാത്ത അവസ്ഥയിൽ സംഹാരണന്റെ പത്നിയായി സംഹാരിണി (നാമം – 268).
സംരക്ഷിക്കുന്നവൾ, ഒളിപ്പിക്കുന്നവൾ എന്നൊക്കെ അർത്ഥത്തിലാണ് ഗോപ്ത്രീ (നാമം 266). സൃഷ്ടിയ്ക്കും സംഹാരത്തിനും ഇടയിലുള്ളതാണ് സ്ഥിതി. നമ്മൾ പോലുമറിയാതെ എല്ലാ ആന്തരിക പ്രക്രിയകളും നടത്തുന്നു. നാമറിയാതെയാണ് ഉറക്കത്തിൽ ശ്വാസമെടുക്കുന്നതും, ഹൃദയം പ്രവർത്തിക്കുന്നതും. സ്ഥിതിക്കുവേണ്ടി കുഞ്ഞിനെ ശ്വാസമെടുക്കാൻ പ്രേരിപ്പിക്കുന്ന ആ ശക്തിയാണ് ഗോപ്ത്രി! പിന്നെ ആ വാക്കിന് ഒളിപ്പിക്കുക എന്നൊരർത്ഥം ഉണ്ട്. സർവവും ഈ കാലത്തിൽ ഒളിപ്പിക്കപ്പെടുന്നു. അതെന്താവാം? മായ! എല്ലാം മറയ്ക്കുന്ന ആ കാലവും ഈ പരാശക്തിതന്നെ!
പ്രാണൻ ശരീരത്തെയുപേക്ഷിക്കാൻ തുണയ്ക്കുന്ന ദേവീപ്രാഭവം ആണ് രുദ്രരൂപ (നാമം - 269). ഒരു പ്രാണൻ ജനിക്കുമ്പോഴും പിരിയുമ്പോഴും അത് കരയുന്നു അല്ലെങ്കിൽ കരഞ്ഞുപോകുന്നു! അസഹ്യമായ ഒരു ഉൾവേദനയോടുകൂടിയേ പ്രാണൻ ശരീരം വിട്ടുപോകൂ!എല്ലാ ജീവജാലങ്ങളിലും ഈ രോദനമുണ്ട്. മരണമെത്തുമ്പോളുള്ള ഈ രോദനത്തെ ലഘൂകരിക്കാനാണ് യജുർവേദത്തിലെ പ്രസിദ്ധമായ ആ ശ്ലോകം;
ഓം, ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയ മാമൃതാത്
മൃത്യുഞ്ജയമന്ത്രമെന്ന് പ്രകീർത്തിതമായ ആ മന്ത്രത്തിന്റെ അർത്ഥമിങ്ങനെ:- പൂർണ്ണതയും സൗരഭ്യവും പ്രദാനംചെയ്യുന്ന, അനുഗ്രഹദായിനിയായ പരാശക്തേ.. എങ്ങനെയാണോ പാകമായ വെള്ളരി അതിന്റെ വള്ളിയിൽ നിന്ന് സ്വയം വിട്ടുവരുന്നത്, അതുപോലെ മരണമെന്ന കെട്ടിൽനിന്ന് എന്നെ മുക്തനാക്കുവാൻ/മുക്തയാക്കുവാൻ കനിവുണ്ടാകണേ!!
ഇത് നിഷ്ഠയോടെ ചൊല്ലിയാൽ ആ അകാലമൃത്യു, അല്ലെങ്കിൽ നമ്മുടെതന്നെ അശ്രദ്ധമൂലമുണ്ടാകുന്ന ആ മൃത്യു ഒഴിവാക്കപ്പെടും! അല്ലാതെ മരണമില്ലാതെ അമരനായി ഇരിക്കാനുള്ള മന്ത്രമല്ല മൃത്യുഞ്ജയമന്ത്രം!
മഹാഉദ്യമത്തിന് മുന്നിൽ ശതകോടി പ്രണാമങ്ങളർപ്പിക്കുന്നു... ഒരു പാട് നന്ദി....
ReplyDelete