Friday, November 29, 2019

ആത്മജ്ഞാനം

എന്താണ് തത്വമസി 

തത്- ത്വം -അസീ എന്നീ മൂന്നു വാക്കുകൾ ചേർന്നതാണ് തത്വമസി എന്ന മഹാവാക്യം. തത് എന്നതിന് ഈശ്വരൻ എന്നും, ഞാൻഎന്നും, ത്വം എന്നതിനു് ജിവനെന്നും, നീ എന്നും അസീ എന്നതിന് ആകുന്നു എന്നും അർത്ഥം കാണുന്നു. പലരുപത്തിലും ഭാവത്തിലും നാം ജഗത്തിൽ കണ്ടു കൊണ്ടിരിയ്ക്കുന്ന പദാർത്ഥങ്ങളോരോന്നും, ഓരോ അജ്ഞാന സ്വരൂപങ്ങളാണെന്നു പറയുന്നു. അവയിൽ ഓരോന്നായിട്ടുള്ളതിനെ വ്യഷ്ടിയെന്നും, സമൂഹത്തെ സമഷ്ടി എന്നും പറയുന്നു. എന്നു പറഞ്ഞാൽ ഒരു വൃക്ഷത്തെ വ്യഷ്ടി എന്നും, ഒരു വനത്തിനെ സമഷ്ടി എന്നും പറയാം. അതുപോലെ ജഗത്സൊരൂപത്തെ സമഷ്ടി അജ്ഞാനം (മായ) എന്നും, ഇതിലുള്ള ഓരോന്നിനേയും വൃഷ്ടി അജ്ഞാനം അല്ലെങ്കിൽ അവിദ്യ എന്നും പറയാം.

എന്താണീ അജ്ഞാനം അല്ലെങ്കിൽ അവിദ്യ? ഈ ലോകം സത്വരജതമോ ഗുണങ്ങളുടെ സമ്മേളനമാണ്. ത്രിഗുണങ്ങളുടെ പല തരത്തിലുള്ള പരിണാമങ്ങളുടെ രൂപവുമാണ്. ഇതിനാൽ വ്യക്തികളിലുണ്ടാകുന്ന ഞാന്നെന്നും, എന്റേതെന്നും, എനിയ്ക്കെന്നും ഉള്ള ഭാവവും, ശരീരമാണ് എല്ലാം എന്ന വിശ്വാസവുമാണ്, ചുരുക്കിപ്പറഞ്ഞാൽ അവിദ്യ. ഇങ്ങനെയുള്ള സമഷ്ടി അജ്ഞാനത്തിൽ സത്വഗുണം അധികമുള്ളതുകൊണ്ട്, അതിനെ മായ എന്നു പറയുന്നു. വ്യഷ്ടി സ്വരൂപത്തെ അവിദ്യയെന്നും പറയുന്നു.
 ഈ സമഷ്ടി ചൈതന്യം മായയെ അധിനത്തിൽ (അനുസരണയിൽ) നിർത്തിയിട്ടുള്ളതുകൊണ്ട്, ഈശ്വരൻ (പരമാത്മാവ്) എന്നും, വ്യഷ്ടി ചൈതന്യം മായയ്ക്ക് അധീനൻ (മായയെ അനുസരിയ്ക്കുന്നവൻ) ആയതു കൊണ്ട്, ജീവാത്മാവ് എന്നും പറയുന്നു. മേൽ പറഞ്ഞ സത്വഗുണ പ്രധാനിയായ ഈശ്വരൻ മായയെ തന്റെ അധീനത്തിൽ നിർത്തിയിരിയ്ക്കുന്നതു കൊണ്ട്, സർവ്വജ്ഞനും, സർവ്വശക്തനും, ജഗത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങൾക്ക് കാരണഭൂതനും ആയി ഭവിയ്ക്കുന്നു. സർവ്വ ഭൂതങ്ങളുടേയും അകത്തും പുറത്തും നിലകൊണ്ട് ഇന്ദ്രിയങ്ങളെ കൊണ്ട് മനസ്സിലാക്കാൻ സാധിയ്ക്കാതേയും, ജീവികൾക്കുണ്ടാകുന്ന എല്ലാ വിധ അറിവുകളുടേയും, ശക്തിയുടേയും ഉറവിടമായും നിലകൊള്ളുന്നു. വ്യഷ്ടി സ്വരൂപം അജ്ഞാനത്തിന് അല്ലെങ്കിൽ അവിദ്യയ്ക്ക് അധീനനായതുകൊണ്ട് അതൃപ്തനും ഭുഃഖിയും ആകുന്നു.

 ഈ കാരണങ്ങളാൽ തത്- ത്വം എന്നീ രണ്ടു വാക്കുകൾ തമ്മിൽ യോജിയ്ക്കുക അത്ര എളുപ്പമല്ല. എന്നു പറഞ്ഞാൽ, ജീവാത്മാവും - പരമാത്മാവും തമ്മിൽ. ഈശ്വരൻ മായയ്ക്ക് അതീതനായതു കൊണ്ട് സത്ചിത്ആനന്ദ പരമാനന്ദ സ്വരൂപനും, ജീവാത്മാവ് അവിദ്യയ്ക്ക് അധീനനായതു കൊണ്ട്, ഇന്ദ്രിയങ്ങളുടെ പുറകെ അലയുന്ന ഒരു ദു:ഖിയുമാണ് എന്നതിനാൽ പരസ്പരം യോജിയ്ക്കലസാധ്യം. എന്നാൽ ഈ സ്വഭാവവ്യത്യാസം ഒഴിച്ചാൽ രണ്ടും ഒന്നുതന്നെ. അപ്പോൾ എങ്ങനെയാണ് ഈ സ്വഭാവവ്യത്യാസത്തെ മാറ്റുന്നത് ? 

മുകളിൽ സൂചിപ്പിച്ചതു പോലെ, ഞാനെന്നും, എന്റേതെന്നും, എനിയ്ക്കെന്നും, ഉള്ള ചിന്തയാൽ, ശരീരത്തെ ആത്മാവായി അഭിമാനിച്ച്, ഇല്ലാത്തതിനെ ഉള്ളതായി തോന്നിപ്പിയ്ക്കുന്നതുതന്നെ മായ അല്ലെങ്കിൽ അവിദ്യ. ഈ അവിദ്യയുടെ സ്ഥാനത്ത്, ലോകം ഈശ്വര ശരീരമാണെന്നും, ഇതിൽ കാണുന്ന ഓരോന്നും ഈശ്വര ചൈതന്യമാണെന്നും, എല്ലാം ഏകമാണെന്നും കാണാൻ കഴിഞ്ഞാൽ മായയിൽ നിന്നും അല്ലെങ്കിൽ അവിദ്യയിൽ നിന്നും മുക്തമായി. അങ്ങനെ അവിദ്യയിൽ നിന്നും മുക്തമായാൽ, ജീവാത്മാവും - പരമാത്മാവും ഒന്നായി. 

ഇതു തന്നെയാണ് മാല ധാരണത്തിനു ശേഷം എല്ലാം സ്വാമി മയമായി കാണുന്നതും, സ്വാമി ശബ്ദത്താൽ എല്ലാത്തിനേയും സംബോധന ചെയ്യുന്നതും. ഇങ്ങനെയുള്ള സാഹചര്യത്തിൽ സ്ത്രീ പ്രവേശമുണ്ടായാൽ ശബരിമലയിലെ അദ്വൈയ്ത ചിന്തയെല്ലാം മാറി ദ്വൈയ്തത്വം സംഭവിയ്ക്കുകയും, ശബരിമലയുടെ പരിശുദ്ധിയും, വിശ്വാസവും, ലക്ഷ്യവും, ഇല്ലാതാകുമെന്നും, ഇതിനെ കുറിച്ച് ചിന്തിയ്ക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് തോന്നുന്നു.

 ഇത്രയുമായപ്പോൾ സ്ത്രീകൾക്ക് മോക്ഷം വേണ്ടേ, അതിനെന്താണൊരു വഴി എന്ന് ചോദ്യമുണ്ടാകാം. അതിനായി, ഭാഗവതം സപ്തമസ്കന്ദം, പതിനൊന്നാ മദ്ധ്യായത്തിൽ, 26, 27, 28, 29 എന്നീ ശ്ലോകങ്ങൾ ഇങ്ങനെ പറയുന്നു.
(26) സമ്മാർജ്ജനോപലേപാഭ്യാം ഗ്രഹമണ്ഡലവർത്തനൈ: 
 സ്വയം ച മണ്ഡിതാ നിത്യം 
 പരിമൃഷ്ടപരിച്ഛദാ.
 ഭർതൃഗ്രഹം അടിച്ചു തളിച്ചു വൃത്തിയാക്കി, പാത്രങ്ങളെല്ലാം തേച്ചു കഴുകിവൃത്തിയാക്കി, വീട് അലങ്കരിച്ച്, അന്യഗ്രഹങ്ങളിൽ പോകാതെ, സ്വഗ്രഹജോലികളിൽ ശ്രദ്ധിച്ച്, ഭർത്താവിന് സന്തോഷം വരുത്തുന്നത് സ്ത്രീ ധർമ്മം. 

(27) കാമൈരുച്ചാവചൈ: സാധ്വീ
 പ്രശ്രയേണ ദമേന ച
 വാക്യൈ: സത്യൈ: പ്രിയൈ: പ്രേമ്ണാ
 കാലേ കാലേ ഭജേത് പതിം.
 പതിവൃതയായ സ്ത്രീ ഭർത്താവിനിഷ്ടമുള്ള ഭക്ഷണ പദാർത്ഥങ്ങൾ കൊണ്ടും, വിനയത്തോടും, അച്ചടക്കത്തോടും, സത്യമായും പ്രിയമായുമുള്ള വാക്കുകൾ കൊണ്ടും, പ്രേമപൂർവ്വം ഉചിത സമയത്തിൽ ഭർത്താവിനെ ആദരിയ്ക്കണം.

(28) സന്തുഷ്ടാലോലുപാ ദക്ഷാ
 ധർമ്മജ്ഞാ പ്രിയസത്യവാക്
 അപ്രമത്താ ശുചി: സ്നിഗ്ദ്ധാ
 പതീം ത്വപതിതം ഭജേത്.
 കിട്ടിയതിൽ സന്തോഷിയ്ക്കുന്നവളും, ധർമ്മ കർമ്മാദികളിൽ മടി കാണിയ്ക്കാത്തവളും, ഭർതൃശുശ്രൂഷ ധർമ്മമെന്നു് നിശ്ചയമുള്ളവളും, ആരോടും സത്യമായും ഇഷ്ടമായും സംസാരിയ്ക്കുന്നവളും സ്നാനാദികളാൽ ശരീരം ശുദ്ധമായി സൂക്ഷിയ്ക്കുന്നവളും, ഭർത്താവിനാവശ്യമായ കാര്യങ്ങളിൽ മനസ്സിരുത്തുന്നവളുമായിട്ട്, മഹാപാതകാദിദോഷങ്ങളാൽ പതിതനല്ലാത്ത ഭർത്താവിനെ ഭജിയ്ക്കുന്നത് സ്ത്രീധർമ്മമാണ്.

(29) യാ പതിം ഹരിഭാവേന
 ഭജേ ച്ഛ്രീരിവ തത്പര
 ഹര്യാത്മനാ ഹരേർല്ലോകേ
 പത്യാ ശ്രീരിവ മോദതേ.
 ഏതൊരു സ്ത്രീ സ്വഭർത്താവ് തന്നെ പൂജ്യനായ വിഷ്ണു ഭഗവാൻ എന്ന ഭാവത്തോടുകൂടി, ലക്ഷ്മിദേവി ഭഗവാനെ എന്ന പോലെ, പ്രേമപൂർവ്വം ഭർത്താവിനെ ഭജിയ്ക്കുന്നുവോ, ആ സ്ത്രീ ചതുർഭുജാദി വിഷ്ണുച്ഛിന്നങ്ങളോടുകൂടി വൈകുണ്ഡലോകത്ത് ഭർത്താവിനോടു കൂടി വസിയ്ക്കും.

 ഇതൊക്കെയാണ് ശബരിമലയുടെ ഉദ്ദേശവും, ലക്ഷ്യവും എന്നു് സാഹചര്യങ്ങളിൽ കൂടിയും ശാസ്ത്രാദികളിൽ കൂടിയും മനസ്സിലാകുന്നുണ്ട്. ഇന്നു നടക്കുന്ന ഈ കോലാഹലങ്ങൾക്കു പിന്നിൽ സദുദ്ദേശമില്ല. ദുരുദ്ദേശം മാത്രമേയുള്ളു.

അജ്ഞത ( അറിവില്ലായ്മ )

 ഓരോരുത്തരുടെ പ്രവർത്തന മണ്ഡലത്തിനനുസരിച്ച് കൈക്കൂലിയോ, കമ്മീഷനോ, മറ്റെന്തെങ്കിലും തിരിമറിയോ, ചില്ലറ മോഷണമോ, ഇങ്ങനെ പലതും ചെയ്യേണ്ടി വരും. ഇതെല്ലാം അറിവില്ലായ്മയാണെന്നു മനസ്സിലാക്കാൻ വൈകും. ഇങ്ങനെയാണു് ഇന്നത്തെ വാർദ്ധക്യം എന്ന ഭാഗം നിർത്തിയത്.
 അജ്ഞത അല്ലെങ്കിൽ അറിവില്ലായ്മയിൽ ജനിച്ച്, അജ്ഞതയിൽ വളർന്ന് അജ്ഞതയിൽ പ്രവർത്തിച്ചു ജീവിച്ചു കൊണ്ടിരിയ്ക്കുമ്പോൾ ഇതെല്ലാം അജ്ഞതയാണെന്ന് എങ്ങനെ മനസ്സിലാകും. അഥവാ ഇതു മനസ്സിലാക്കാൻ ഏതെങ്കിലും കാരണവശാൽ സാധിച്ചാൽ, അപ്പോഴേയ്ക്കും ജീവിതം ദുഃഖത്തിൽ മുങ്ങിയിരിയ്ക്കും. ഈ ജീവിതം ജ്ഞാനവും, അജ്ഞാനവും കൂടിയതാണ്. ജ്ഞാനം നമ്മുടെ ഉള്ളിലും, അജ്ഞാനം പുറത്തുമാണ്. അതായത് നാം കണ്ടു കൊണ്ടിരിയ്ക്കുന്ന ഈ പ്രപഞ്ചം അജ്ഞാനമാണ്, മായയാണ്. അതു കൊണ്ട് അജ്ഞതയിലേയ്ക്ക് നാം വളരെ വേഗം എത്തിച്ചേരും. ജ്ഞാനം പ്രത്യക്ഷമല്ലാത്തതുകൊണ്ടും, മനസ്സിലാക്കാൻ വളരെ പ്രയാസമായതുകൊണ്ടും ആരും ശ്രദ്ധിയ്ക്കാറില്ല. അതു തന്നെയുമല്ല, ലോക സൃഷ്ടിയിൽ ആദ്യമായി ബ്രഹ്മദേവൻ സൃഷ്ടിച്ചത് അജ്ഞതയെ ആണെന്ന് ഭാഗവതം പറയുന്നു. 

ഈ ലോകത്തിന്റെ നിലനിൽപ് അജ്ഞതയിലാണ്. ഇതിനെക്കുറിച്ച് ഭാഗവതം ഇങ്ങനെ പറയുന്നു.
 സസർജ്ജാഗ്രേ fന്ധതാമിസ്ര
 മഥ താമിസ്രമാദികൃത്
 മഹാമോഹം ച മോഹം ച
 തമശ്ചാജ്ഞാനവൃത്തയ:3/12/2 
 ശ്രീ ബ്രഹ്മദേവൻ ആദ്യം സൃഷ്ടിച്ചത് അന്ധതാ മിശ്രം, താമിശ്രം, മഹാമോഹം, മോഹം, അന്ധകാരം (അജ്ഞാനം) എന്നീ അജ്ഞാനവൃത്തികളെയാണ്. സർവ്വശക്തനായ പരമാത്മസ്വരുപത്തെ മറക്കുന്ന പ്രവൃത്തിയ്ക്ക് തമസ്സ് (അന്ധകാരം) എന്നു പറയുന്നു. ഇന്ദ്രിയാന്തക്കരണങ്ങളിൽ ഞാനെന്നുള്ള ഭാവം
 മോഹം വിഷയങ്ങളോടുള്ള അമിത താല്പര്യം മഹാ മോഹം ആഗ്രഹങ്ങൾ നടക്കാതെ വരുമ്പോൾ, അതിനു തടസ്സം ചെയ്യുന്നവരോട് തോന്നുന്ന വികാരത്തിന് താമിശ്രം എന്നു പറയുന്നു. ആഗ്രഹിച്ച വിഷയ ഭോഗങ്ങൾ നടക്കാതെ വരുമ്പോൾ, താൻ തന്നെ നശിച്ചു എന്നു തോന്നുന്നത് അന്ധതാമിശ്രം ഇങ്ങനെയുള്ള ആഗ്രഹ വികാര വിചാരങ്ങളിലാണ് ഈ ലോകം നിലനിൽക്കുന്നത്. മേൽ പറഞ്ഞ അഞ്ചു കാര്യങ്ങളും അറിവില്ലായ്മയിൽ നിന്നും ഉരുത്തിരിയുന്നതാണ്. ജ്ഞാനത്തെ അല്ലെങ്കിൽ സത്യത്തെ തിരിച്ചറിയുന്നവർക്ക് ഈ ലോകത്തിൽ ആത്മാവ് എന്ന സത്യത്തെ മാത്രമേ കാണാൻ കഴിയൂ. മറ്റൊന്നിനേയും കാണാൻ കഴിയില്ല. ഇതു തന്നെയാണ്, ജ്ഞാനവും, ബ്രഹ്മവും, ഭഗവാനും, ആത്മാവും, എല്ലാം.
 ഇങ്ങനെ മേൽ പറയപ്പെട്ട രീതിയിൽ ഒരുകുട്ടി ആണായാലും, പെണ്ണായാലും ചെറുപ്പം മുതൽ പലരുടേയും ശിക്ഷണത്തിൽ, വീട്ടിൽ നിന്നും യഥാർത്ഥ സ്നേഹമോ, ആവശ്യമായ ശിക്ഷണമോ വേണ്ട സമയത്തു കിട്ടാതെ, ശരിയും തെറ്റും തിരിച്ചറിയാതെയുള്ള മാതാപിതാക്കളുടെ പണത്തിനു പിന്നാലെയുള്ള ഓട്ടവും, ഭാവി സ്വപ്നങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങളും, വികസിച്ചു വരുന്ന ജീവിതരീതിയിൽ ഉൾക്കൊള്ളുന്ന വ്യത്യാസങ്ങളും, അതിനോടനുബന്ധിച്ചുള്ള സംഭാഷണങ്ങളും, ഇങ്ങനെയുള്ള വിവിധ സ്വഭാവികളുമായിട്ടുള്ള ഇടപെടലുകളും, അനുഭവങ്ങളും, കിടപ്പറ രെഹസ്യങ്ങളും സംവിധാനങ്ങളും, സുഖങ്ങളുടെ ഇരിപ്പിടങ്ങളും, പണം തികയാതെ വരുമ്പോഴുള്ള നെട്ടോട്ടവും, പണ സമ്പാദനത്തിനായി സ്വീകരിയ്ക്കുന്ന വഴികളും, അതിനെക്കുറിച്ചുള്ള സംഭാഷണങ്ങളും, ഇങ്ങനെയെല്ലാം കണ്ടും കേട്ടും അനുഭവിച്ചും, ശരിയും തെറ്റും തിരിച്ചറിയാതെ, സ്നേഹിയ്ക്കാനും, സ്നേഹിയ്ക്കപ്പെടാനും അറിയാതെ, മോഹവും, മോഹഭംഗങ്ങളും, പണം സമ്പാദിയ്ക്കലുമാണ് സുഖമെന്നും, ജീവിതമെന്നും തെറ്റിധരിച്ച്, എങ്ങോട്ടു പോകണം, എന്തു ചെയ്യണമെന്ന് തിരിച്ചറിയാത്ത ഒരവസ്ഥയാണ് ഇന്നത്തെ തലമുറയിലെ ഭൂരിപക്ഷത്തിനു മുള്ളത്. ഇങ്ങനെ മദ്യത്തിലും, മയക്കുമരുന്നിലും, മദിരാക്ഷിയിലും, കാണാത്തത് കണ്ടെന്നും, കിട്ടാത്തതു കിട്ടിയെന്നും ഒക്കെ പറഞ്ഞു ഫലിപ്പിയ്ക്കുന്നതുമാണ് സുഖമെന്ന് മനസ്സിലാക്കുന്നതായിട്ടാണ് ഇന്നത്തെ ഭൗതിക ജീവിതം കാണുന്നത്.

 ഇങ്ങനെയൊക്കെ ആകാൻ വേണ്ടി ആരും ജനിയ്ക്കുന്നില്ല. ജീവിത സാഹചര്യങ്ങളും, ജീവിതരീതിയും, ആഹാരരീതിയുമാണ് ഒരു മനുഷ്യന്റെ സ്വഭാവത്തെ ക്രമീകരിയ്ക്കുന്നത്. ഇതു ചെറുപ്പം മുതൽ തന്നെ ശ്രദ്ധിയ്ക്കേണ്ട കാര്യവുമാണ്. കുറച്ചു കാലം മുൻപു വരെ, ഏതാണ്ട് ഒരൻപത് വർഷം മുൻപു വരെ ഒരു കുട്ടി ജനിച്ചാൽ, സാഹചര്യമനുയോജ്യമാണെങ്കിൽ ആ കുട്ടി രണ്ടു മൂന്നു വയസ്സുവരെ അമ്മയുടെ മുലപ്പാൽ കുടിയ്ക്കുമായിരുന്നു. അന്നുണ്ടായിരുന്ന അമ്മമാർക്കും അത് സന്തോഷമായിരുന്നതായി ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഇന്നത്തെ അമ്മമാർ കരുതുന്നത്, കുട്ടികൾ കുടിയ്ക്കേണ്ടുന്ന ആ അവയവം, കുട്ടികൾക്കു കുടിയ്ക്കാനുള്ളതല്ല, മറ്റെന്തൊക്കെയോ ആവശ്യത്തിനുള്ളതാണെന്നാണ് എന്നു തോന്നുന്നു. ഏതായാലും കുട്ടികളെ കുടിപ്പിയ്ക്കാൻ ഇന്നത്തെ കൂടുതൽ അമ്മമാരും തയ്യാറല്ല. അതു കൊണ്ട് ഭാവിയിൽ ഈ അമ്മമാർക്കു തന്നെ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിയ്ക്കാനോ, മനസ്സിലാക്കാനോ ഇന്നത്തെ അമ്മമാർക്ക് കഴിവില്ല. കാരണം ഇന്നത്തെ ആഹാരരീതി തന്നെ. സാധാരണ ആഹാരപദാർത്ഥങ്ങളിൽ സ്നേഹ ദ്രവ്യം, ഖരദ്രവ്യം, സമ്മിശ്രം എന്നീ മൂന്ന് വിഭാഗമുണ്ട്. ഇത് പേരുപോലെ തന്നെ നമ്മുടെ സ്വഭാവത്തേയും ക്രമപ്പെടുത്തുന്നു. അതു കൂടാതെ ത്രിഗുണങ്ങളെന്നറിയപ്പെടുന്ന സത്വ രജ തമോ ഗുണങ്ങൾ, ഇത് ആഹാരത്തിൽ നിന്നും ജീവിതരീതിയിൽ നിന്നും മാത്രം വേർതിരിയുന്നതാണ്. ഈ ഗുണങ്ങളുടെ ആനുപാതികമനുസരിച്ച് സ്വഭാവം വ്യത്യാസപ്പെടും. ഇതു തന്നെയാണ് മേൽ പറഞ്ഞ സ്നേഹ, ഖര, സമ്മിശ്ര ദ്രവ്യങ്ങൾ. ഇനിൽ സ്നേഹ ദ്രവ്യം സത്വഗുണവും, ഖര ദ്രവ്യം തമോഗുണവും, സമ്മിശ്രം രജോഗുണവുമാണ്.

 സൃഷ്ടി നടക്കുന്നത് രജോഗുണത്തിനാലാണ്. എന്നാലും ഗുണങ്ങളുടെ രൂപാന്തരം സാവധാനത്തിലെ നാക്കുകയുള്ളു. അമ്മയുടെ മുലപ്പാൽ കുടിയ്ക്കുന്ന ഒരു കുട്ടിയ്ക്ക് അമ്മയുടെ ആഹാരത്തെ ആശ്രയിച്ചിരിയ്ക്കും ആരോഗ്യവും സ്വഭാവവും. സ്നേഹ ദ്രവ്യം അതായത് സത്വഗുണാഹാരം കഴിച്ച് ഏറെക്കുറെ ചിട്ടയോടു കൂടി ജീവിയ്ക്കുന്ന അമ്മയാണെങ്കിൽ, ആ അമ്മയുടെ പാൽ കുടിയ്ക്കുന്ന കുട്ടിയ്ക്ക് ആരോഗ്യവും, മറ്റു ഗുണങ്ങളും, രോഗ പ്രതിരോധശേഷി വരേയും ഉണ്ടാകും. ഒരു സ്ത്രീ പ്രസവിച്ച് അമ്മയായിക്കഴിഞ്ഞാൽ ആ കുട്ടിയുടെ വളർച്ചയ്ക്കാവശ്യമായ, മൂലകങ്ങളും, സൂക്ഷ്മമുലകങ്ങളും, മറ്റ് ആവശ്യമുള്ള ഘടകങ്ങളും ഉൾപ്പെടുത്തി കുട്ടിയ്ക്കു കുടിയ്ക്കാനുള്ള പാൽ ഉല്പാദിപ്പിയ്ക്കാൻ പറ്റുന്ന രീതിയിലാണ് ഈശ്വരൻ ഒരമ്മയുടെ ശരീരത്തെ രൂപകല്പന ചെയ്തിരിയ്ക്കുന്നത്. അതു കൊണ്ട് ഇതിൽ ഈശ്വരീയതയുണ്ട്. ഇന്നത്തെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, ടെലിവിഷനിലും എഴുതിക്കാണിയ്ക്കുന്ന ഗുണങ്ങളോടുകൂടിയ കുട്ടികളുടെ ആഹാരത്തിൽ അടങ്ങിയിരിയ്ക്കുന്ന ഘടകങ്ങളിൽ കൂടുതലും ലാഭക്കൊതിയാണ്. ജീവിതത്തിന്റെ ഏതോ നിമിഷങ്ങളിൽ എങ്ങനെയോ സംഭവിച്ചു പോയ ഒരു തെറ്റ് തിരുത്താൻ വേണ്ടി, ജന്മം കൊണ്ട കുട്ടിയെ വളർത്തുന്നതു പോലെ തോന്നും ഇന്നത്തെ കുട്ടികളെ വളർത്തുന്ന രീതി കണ്ടാൽ. ആർക്കും ഒന്നിനും സമയമില്ല എന്നു പറഞ്ഞു നാക്കുന്നതുകൊണ്ടും, തങ്ങൾ ചെറുതല്ല എന്ന് മറ്റുള്ളവർ ധരിയ്ക്കണമെന്നുള്ള ആഗ്രഹത്താലും, പരസ്യത്തിൽ കാണുന്നതിൽ വില കൂടിയ, ലാഭക്കൊതി കൂടുതൽ ചേർത്ത ആഹാരവസ്തുക്കൾ തന്നെ വാങ്ങി അതും, കുട്ടിയേയും കൂടി വളർത്തുന്നതിനായി സ്വന്തം വീട്ടിൽത്തന്നെയോ, മറ്റെവിടെയെങ്കിലുമോ ഏല്പിച്ച് പണ സമ്പാദനത്തിനു പോകുമ്പോൾ, ആ അമ്മമാർ ഓർക്കുന്നില്ല, ഒരു കുട്ടിയ്ക്ക് കാലാകാലങ്ങളിൽ കിട്ടേണ്ട സ്നേഹവും പരിരക്ഷയും, ലാളനയും കിട്ടാതെ, ശരിയും തെറ്റും തിരിച്ചറിയാൻ സാധിയ്ക്കാതെ, മാർക്കറ്റിൽ നിന്നും കിട്ടുന്ന എന്തൊക്കെയോ ചേർത്ത് എങ്ങനെയൊക്കെയോ പാകപ്പെടുത്തിയ ആഹാരവും കഴിച്ച് വളരുന്ന ഒരു കുട്ടി, വളർന്നു വരുമ്പോൾ ആ കുട്ടിയ്ക്കും, കുടുംബത്തിനും, സമൂഹത്തിനു തന്നെയും ഒരു വെല്ലുവിളിയായി എന്തുകൊണ്ട് മാറിക്കൂടായെന്ന്. അങ്ങിനെ അവർ നാടിനും നാട്ടുകാർക്കും, വീടിനും വീട്ടുകർക്കും, ബാദ്ധ്യതയായി ചിലപ്പോൾ മറ്റിയേക്കാം. ഇത് ജീവിതത്തിന്റെ ഒരു വശം. ഇതു ചിലപ്പോൾ ഈശ്വരനനുവദിച്ചുതന്ന ജീവിത കാലഘട്ടം പൂർത്തിയാക്കാൻ പറ്റാതെ വന്നേക്കാം

ഭക്തി 

 ഭക്തിയെ കുറിച്ച് ശ്രീമഹാഭാഗവതം ഇങ്ങനെ പറയുന്നു. ശ്രവണം, കീർത്തനം, സ്മരണം, സേവനം, അർച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം. ഇങ്ങനെ ഒൻപതു കാര്യങ്ങളാണ് ഭക്തി എന്നാണ് ഭാഗവതം പറയുന്നത്. ഈ പറഞ്ഞ ഒൻപതു കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊന്നുനോക്കാം. 

ഇങ്ങനെയാണ് കഴിഞ്ഞ അറിവ്, ജ്ഞാനം, ഭക്തി, എന്ന ഭാഗത്ത് നിർത്തിയത്.
 ഇതിൽ ആദ്യത്തെ :-
 (1) ശ്രവണം . ശ്രവണം എന്നു പറഞ്ഞാൽ, കേൾക്കുന്നത്, കേട്ടുകൊണ്ടിരിയ്ക്കുന്നത്, കേൾക്കേണ്ടത് എന്നൊക്കെ അർത്ഥം പറയാം. ഇങ്ങനെ എന്തെങ്കിലുമൊക്കെ കേട്ടാൽ ഭക്തിയാവില്ലല്ലോ. അപ്പോൾ ഭക്തിയുണ്ടാകാൻ പറ്റുന്നതു വേണം കേൾക്കാൻ. ഭഗവാനെ കുറിച്ചുള്ള കഥകൾ കേൾക്കണം. ഭഗവാൻ ചെയ്തിട്ടുള്ള ഓരോ ലീലകളെ കുറിച്ചുള്ള കഥകൾ കേൾക്കണം. ഭഗവാന്റെ മായാ വിശേഷങ്ങളെ കുറിച്ചു കേൾക്കണം. ഇങ്ങനെ അനവധി കേൾവികൾ ഉണ്ട്. ഇതെല്ലാമറിയണമെങ്കിൽ ഭാഗവത സപ്താഹം, ഭാഗവതസത്രം തുടങ്ങിയ പരിപാടികളിൽ പങ്കെടുക്കണം. അതെല്ലാം കേട്ടു മനസ്സിലാക്കണം. അതിനോടുളള താല്പര്യം, ആകാംക്ഷ ഇതെല്ലാമാണ് ശ്രവണം കൊണ്ടുദ്ദേശിയ്ക്കുന്നത്.

 (2) കീർത്തനം കീർത്തനമെന്നാൽ കീർത്തിയ്ക്കു ക, പറയുക. വെറും പറച്ചിലല്ല. പുകഴ്ത്തി പറയുക. എങ്ങനെയുള്ളതിനെയാണ് അല്ലെങ്കിൽ എങ്ങനെയുള്ളവരെയാണ് പുകഴ്ത്തുന്നത് അല്ലെങ്കിൽ പുകഴ്ത്തേണ്ടത്. വിശിഷ്ടമായതിനെയാണ് പുകഴ്ത്തേണ്ടത്. എന്താണ് വിശിഷ്ടം. ശിഷ്ടം ഇല്ലാത്തത്. ബാക്കി വയ്ക്കാൻ ഒന്നുമില്ലാത്തത്. അതായത് പുറമേനിന്നും മാറ്റിക്കളയാനോ, ഉള്ളിൽ നിന്നും എടുത്തുകളയാനോ, അഴുക്കായി മാറ്റിക്കളയാനോ ഒന്നും തന്നെ ഇല്ലാത്ത ഒന്നാണ് വിശ്ഷ്ടം. അങ്ങനെയുള്ള ഒന്ന് ഏതാണ്. ഈശ്വരൻ മാത്രം. അതുകൊണ്ട് ഭഗവാന്റെ കഥകളെ ലീലകളെ അറിയാവുന്നതുപോലെ കീർത്തിയ്ക്കുക. അത് കഥയായിട്ടോ, പാട്ടായിട്ടോ, നാമങ്ങളായിട്ടോ എങ്ങനെയായാലും ഒന്നു തന്നെ.

 (3) സ്മരണം സ്മരണമെന്നാൽ ഓർക്കുന്നത്, ഓർക്കാൻ പര്യാപ്തമായത്, ഓർക്കേണ്ടത് എന്നെല്ലാം അർത്ഥം പറയാം. ഇവിടെ നാം ഭഗവാനെക്കുറിച്ചാണ് ഓർക്കേണ്ടത്. ഇതിനു മുൻപ് നാം ശ്രവിച്ചു. ശ്രമിച്ചതും, അതല്ലാതെ നമുക്കറിയാവുന്നതും കീർത്തിച്ചു. ഇനിയും നാം കേട്ടതെന്താണ്, പറഞ്ഞതെന്താണ്, കേൾക്കാത്തതും പറയാത്തതുമായിട്ട് എന്തെല്ലാമുണ്ട്, കേട്ടതിലും പറഞ്ഞതിലും ആസ്വദിയ്ക്കാൻ പറ്റുന്നത് എന്തെല്ലാമുണ്ട്, ഇതിൽ നിന്നും നാം സ്വീകരിയ്ക്കേണ്ടതെന്തെല്ലാമാണ്, എന്തെല്ലാം നമ്മുടെ ജീവിതത്തിൽ ഉൾക്കൊണ്ടിയ്ക്കേണ്ടതും ബന്ധപ്പെടുത്തേണ്ടതുമുണ്ട്, ഇങ്ങനെ ഉള്ളതിനെക്കുറിച്ചാലോചിയ്ക്കാനും, മനസ്സിലാക്കാനും, ആസ്വദിയ്ക്കാനും കഴിഞ്ഞാൽ, നമുക്കുവെറുതെ കിട്ടുന്ന സമയം ആവശ്യമില്ലാത്ത ചിന്തകളെ മനസ്സിൽ കയറ്റാതിരിയ്ക്കാനും, മനസ്സിന്റെ സുഖത്തിനും സന്തോഷത്തിനും ആരോഗ്യത്തിനും അങ്ങിനെ നമ്മുടെ ബുദ്ധിയ്ക്കും ചിന്താശേഷിയ്ക്കും ഓർമ്മശക്തിയ്ക്കും, അങ്ങിനെ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഒരു ദിവ്യൗഷധമായി ഇങ്ങനെയുള്ള സ്മരണം മാറും.

 (4) സേവനം 
 സേവനമെന്നാൽ സഹായിയ്ക്കുക, ഉപകാരം ചെയ്യുക, മറ്റുള്ളവർക്ക് ആവശ്യമായ പ്രവർത്തി ചെയ്തു കൊടുക്കുക ബഹുമാനിയ്ക്കുക ശുശ്രൂഷിയ്ക്കുക എന്നെല്ലാം അർത്ഥം പറയാം. ഇവിടെയും ഇതൊക്കെ തന്നെയാണർത്ഥം. ഈശ്വരന് നമ്മുടെ സേവനം ആവശ്യമില്ല. നമുക്കുവേണ്ടി ഈ ശ്വരനേയോ, ഈശ്വരസൃഷ്ടിയായ മറ്റേതിനെയെങ്കിലുമോ നമുക്ക് സേവിയ്ക്കാം. എന്നു പറഞ്ഞാൽ പ്രായമായവരേയും, ഗുരു കാരണവന്മാരേയും, കഷ്ടപ്പാടും ബുദ്ധിമുട്ടും വേദനയും അനുഭവിയ്ക്കുന്നവരേയും, അങ്ങനെ ആരേയും എന്തിനേയും, നമ്മളാൽ കഴിയുന്ന രീതിയിലുള്ള ശുശ്രൂഷാ സഹായാദികളാൽ സാന്ത്വനിപ്പിയ്ക്കുക എന്നതാണ് സേവനം കൊണ്ട് വിവക്ഷിയ്ക്കുന്നത്.

 (5) അർച്ചനം 
 അർച്ചനയെന്നാൽ, പൂജാ ആരാധന എന്നെല്ലാം പറയാം. സാധാരണ ഈശ്വരാരാധന പറഞ്ഞിരിയ്ക്കുന്നത് പ്രാത സായം സന്ധ്യകളിലാണ്. (രാവിലേയും വൈകിട്ടും) ഇത് എന്നും എല്ലാവരും അനുഷ്ഠിയ്‌ക്കേണ്ട ഒരു ജീവിതചര്യയാണ്. വേദാനുസരണം നാം കഴിയ്ക്കുന്ന ശുദ്ധവും വൃത്തിയുള്ളതുമായ സത്വഗുണാഹാരങ്ങളെന്തും ഭഗവാന് നിവേദിയ്ക്കാം. പുഷ്പാർച്ചനയും, ദീപ ധൂപാദി അർച്ചനകളും നടത്തണം. ഈശ്വരാരാധനയ്ക്ക് പ്രണവ മന്ത്രം മാത്രം മതിയാകും. പ്രണവം (ഓം.....) ഇതിൽ എല്ലാമന്ത്രങ്ങളും അടങ്ങിയിരിയ്ക്കുന്നു. ശരിയ്ക്കും ഭക്തി, പൂജ, നേദ്യം, എന്നെല്ലാം പറയുന്നത് സ്വയാർപ്പണമാണ്. നമ്മളെത്തന്നെ ഭഗവൽ സന്നിധാനത്തിൽ അർപ്പിയ്ക്കുക എന്നതാണ്. ഭഗവാന്റെ പൂജയ്ക്കോ അർച്ചനയ്ക്കോ ഇന്നവിഭവം വേണമെന്ന് ഒരു നിർബന്ധവുമില്ല. മനസ്സോടുകൂടി എന്തുകൊണ്ടും, അർച്ചനയോ പൂജയോ ചെയ്യാം. ഇതിനെക്കുറിച്ച് ഭാഗവതം ഇങ്ങനെ പറയുന്നു. പത്രം, പുഷ്പം, ഫലം, തോയം (ഇല, പൂവ്, പഴം, വെളളം) ഇങ്ങനെയുള്ള വസ്തുക്കളാലും (ഭക്തിയുണ്ടെങ്കിൽ) പുജിയ്ക്കുന്നത് ഭഗവാന് തൃപ്തികരമാണ്.

 (6) വന്ദനം 
 വന്ദനം എന്നാൽ - വന്ദിയ്ക്കുക, നമസ്ക്കരിയ്ക്കുക, ബഹുമാനിയ്ക്കുക, സൽക്കരിയ്ക്കുക എന്നെല്ലാം അർത്ഥം പറയാം. നാം സാധാരണ കൈകൂപ്പുന്നതിന്റെ അർത്ഥവും ഇതുതന്നെ, വന്ദിയ്ക്കുക. ഒരു മനുഷ്യൻ എല്ലാ ജീവജാലങ്ങളേയും തനിയ്ക്ക് തുല്യം കണ്ട് നമസ്ക്കരിച്ച് ബഹുമാനിയ്ക്കണമെന്ന് വേദം പറയുന്നു.

 (7) ദാസ്യം 
 ഭാസ്യം എന്നാൽ - ദാസ്യവൃത്തി, പാദസേവനം, എന്നും പറയാം. ഒരാളിന് ആവശ്യമായ ശാരീരിക അദ്ധ്വാനം ചെയ്തുകൊടുക്കുക എന്നതാണ് ദാസ്യവൃത്തി എന്നതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഇതിനെ ആശ്രീതത്വം എന്നും പറയാം. ആരേയാണ് ആശ്രയിയ്ക്കേണ്ടത്, ആരാണ് നമുക്ക് ആശ്രയം തരുന്നത്. ഈ ഭൂമിയിലുള്ള എല്ലാം ആശ്രയിയ്ക്കുന്നത് ഒരേ സ്ഥാനത്തെയാണ്. അശ്രയം കിട്ടുന്നതും അവിടെ നിന്നും മാത്രമാണ്. സർവ്വ ശക്തനായ ഭഗവാനിൽ നിന്നും മാത്രം. അവിടത്തെ ദാസ്യമാണ് സ്വീകരിയ്ക്കേണ്ടത്. അതിനായി ഭഗവാൻ കുടികൊള്ളുന്ന സ്ഥലം (ക്ഷേത്രം) വൃത്തിയാക്കുക, പൂജാദി ആവശ്യങ്ങൾക്കുള്ള പാത്രവസ്ത്രാദികൾ വൃത്തിയാക്കുക, ഭഗവൽസ്വരൂപങ്ങളായ മാതാപിതാ ഗുരു കാരണവന്മാരെ പരിചരിച്ച് സന്തോഷിപ്പിയ്ക്കുക എന്നിവയെല്ലാം ദാസ്യം തന്നെയാണ്.

 (8) സഖ്യം 
 സഖ്യം എന്നാൽ - കൂട്ടു കൂടുക, യോജിയ്ക്കുക, കൂടി ചേരുക, എന്നെല്ലാം അർത്ഥം പറയാം. ആരോടാണ്‌ സഖ്യം ചെയ്യേണ്ടത്. ആത്മീയതയിൽ നാം ഈശ്വരനോടാണ് സഖ്യം ചെയ്യേണ്ടത്. എങ്ങനെയാണ് ഇതു സാധിയ്ക്കുക. എന്താണിതിനുള്ള വഴി. വഴി ഒന്നേയുള്ളു. ഇന്ദ്രിയങ്ങളെയെല്ലാം അടക്കി, മനസ്സിനെ ഭഗവാനിൽ ഉറപ്പിച്ച്, ഭഗവൽ ചിന്തയോടു കൂടി ജീവിയ്ക്കുക എന്നതാണ് സഖ്യത്തിലേയ്ക്കുള്ള വഴി.

 (9) ആത്മനിവേദനം 
 ആത്മാവിനെ നിവേദിയ്ക്കുക, ആത്മാവിനെ ഭഗവാനിൽ ലയിപ്പിയ്ക്കുക. ഇതാണ് മനുഷ്യ ജന്മത്തിന്റെ ധർമ്മം. ഇതിനുമുൻപ് പറഞ്ഞ എട്ടു കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ, ആത്മനിവേദനം തനിയെ സംഭവിയ്ക്കും. നാം ഭഗവതംശമായി ജനിയ്ക്കുന്നു. ഭഗവാൻ നിശ്ചയിയ്ക്കുന്ന കാര്യങ്ങൾ ചെയ്തു തീർക്കാൻ വേണ്ടി ജീവിയ്ക്കുന്നു. നമ്മുടെ ജോലി കഴിയുമ്പോൾ ഭഗവാന്റെയടുത്ത് തിരിച്ചെത്തുകയും വേണം. അങ്ങനെ അത്മാവിനെ അത്മാവിൽ ലയിപ്പിയ്ക്കുന്നു. ഇതാണ് ഭക്തിസ്വരൂപമായ ആത്മനിവേദനം.

 പ്രജാസൃഷ്ടി ഭാഗം 1

മൂന്നാം സ്കന്ധം പന്ത്രണ്ടാം അദ്ധ്യായം 

 ഇതുവരെ ഭാഗവതത്തെക്കുറിച്ച്, ഭാഗവതോൽപ്പത്തിയ്ക്കുള്ള നിമിത്തമായ ചതുർശ്ലോ കീ ഭാഗവതം, ഭാഗവതാംഗങ്ങൾ (വിഷയങ്ങൾ), സാംഖ്യ ശാസ്ത്രം, സൃഷ്ടിയ്ക്കായിട്ടുള്ള കാര്യകാരണങ്ങൾ, സൃഷ്ടിക്രമങ്ങൾ, കാലത്തിന്റെ സ്ഥൂല സൂക്ഷ്മ ഘടകങ്ങൾ, കാലമാനങ്ങൾ എന്നിവയെല്ലാം പറഞ്ഞു കഴിഞ്ഞു. ഇനിയും പ്രജകളെ എങ്ങനെ സൃഷ്ടിച്ചു എന്നു നോക്കാം. ഇതും വിദുരമൈത്രേയ സംവാദവിഷയം തന്നെയാണ്.
 
 ആദ്യമായി അഞ്ച് അജ്ഞാന വൃത്തികളെയാണ് ബ്രഹ്മദേവൻ സൃഷ്ടിച്ചതെന്നു പറയുന്നു. 

 അന്ധതാ മിസ്രം, താമിസ്രം, മഹാമോഹം, മോഹം, അന്ധകാരം (അജ്ഞാനം) എന്ന് ഈ അഞ്ചിന് പേരു പറയുന്നു. സത്ചിത്ആനന്ദം എന്ന ആത്മ സ്വരൂപത്തെ മറക്കുന്ന പ്രക്രിയയ്ക്ക് തമസ്സെന്നു പേര്. ദേഹേന്ദ്രിയാന്തക്കരണങ്ങളിൽ ഞാനെന്നുള്ള ബുദ്ധിയാണ് മോഹം. വിഷയ ഭോഗങ്ങളെ അനുഭവിയ്ക്കാനുള്ള ആഗ്രഹം മഹാമോഹം ആഗ്രഹിച്ച വിഷയ ഭോഗത്തിന് തടസ്സം ചെയ്യുന്നവരിൽ ഉണ്ടാകുന്ന ക്രോധത്തിന് താമിസ്രം എന്നു പേര്. വിഷയങ്ങളുടെ നാശം സംഭവിയ്ക്കുമ്പോൾ താൻ തന്നെ നശിച്ചുപോയി എന്നുള്ള വിചാരം അന്ധതാമിസ്രം ഇതാണ് ആദ്യസൃഷ്ടികൾ. ഇവയെല്ലാം അവിദ്യയുടെ (അജ്ഞതയുടെ) ശാഖകളാകുന്നു. ഇവയില്ലെങ്കിൽ ലോകത്തിനടിസ്ഥാനമില്ലാതെയാകും. ആത്മാവിന്റെ പരമാർത്ഥം അറിഞ്ഞവർക്ക് ലോകം തന്നെയില്ലല്ലോ. അത്മാവുമാത്രമല്ലേയുള്ളു. അതു കൊണ്ട് ലോക സൃഷ്ടിയ്ക്കായ് ശ്രമിച്ച ബ്രഹ്മദേവൻ, അജ്ഞാനം ലോക കാരണം എന്നുള്ള ഉറപ്പിനാൽ മേൽപ്പറഞ്ഞ അഞ്ചു വൃത്തികളെ സൃഷ്ടിച്ചു.

 അജ്ഞാനവൃത്തികൾ ജീവന്മാരെ നരകത്തിൽ പതിപ്പിയ്ക്കുന്നവയാകയാൽ, ആസൃഷ്ടിയേക്കുറിച്ച് വീണ്ടുവിചാരം നടത്തിയപ്പോൾ ബ്രഹ്മദേവൻ തൃപ്തനായില്ല. ഉടനെ ഭഗവാനെ അധികമായി ധ്യാനിച്ചു. അപ്പോൾ മനസ്സിന് പൂർവ്വാധികം ശുദ്ധി ലഭിച്ചു. ആ ശുദ്ധ മനസ്സുകൊണ്ട് അജ്ഞാന വൃത്തി നശിപ്പിയ്ക്കാൻ പ്രാപ്തരായ സനകൻ, സനന്ദൻ, സനാതനൻ, സനൽ കുമാരൻ എന്നീ നാലു പേരേയും സൃഷ്ടിച്ചു. ഇവർ ധർമ്മം, അർത്ഥം, കാമം എന്നീ മൂന്നു പുരുഷാർത്ഥങ്ങളെ സമ്പാദിയ്ക്കുവാൻ ഉപകരിയ്ക്കുന്ന പ്രവൃത്തികളേയും, ഇന്ദ്രിയങ്ങളേയും ജയിച്ചവരായിരുന്നു. ഇവരെ ബ്രഹ്മാവിന്റെ മാനസപുത്രന്മാരെന്നു പറയുന്നു. ഇവർ നാശമില്ലാത്ത അനശ്വരന്മാരാണെന്നു പറയുന്നു. ഇവരോട് - ഹേ പുത്രന്മാരെ നിങ്ങൾ പ്രജകളെ സൃഷ്ടിയ്ക്കുവിൻ എന്ന് ബ്രഹ്മദേവൻ പറഞ്ഞു. എന്നാൽ അവരുടെ പരമോദ്ദേശം മോക്ഷം മാത്രമായിരുന്നതിനാൽ, ബ്രഹ്മദേവന്റെ കല്പന അവർക്കിഷ്ടപ്പെട്ടില്ല. അവർ അവരുടെ ലക്ഷ്യമായ മോക്ഷപ്രാപ്തിയ്ക്കു വേണ്ടി സാക്ഷാൽ വസുദേവനെ സർവ്വാത്മനാ ശരണം പ്രാപിച്ചു.

 സൃഷ്ടിചെയ്യുവിൻ എന്നുള്ള തന്റെ ആജ്ഞയെ അനുസരിയ്ക്കാതെ തന്നെ അവമാനിച്ച പുത്രന്മാരുടെ നേർക്ക് അസഹ്യമായ ക്രോധം ഉണ്ടായ ബ്രഹ്മദേവൻ, അതിനെ പുറമേ പ്രകാശിപ്പിയ്ക്കാതെ ഉള്ളിൽ തന്നെ ഒതുക്കുവാൻ അദ്ദേഹം പ്രയത്നിച്ചു. ആ കോപത്തെ ഉള്ളിലൊതുക്കുവാൻ പ്രയത്നിച്ചുവെങ്കിലും, അത് ബ്രഹ്മാവിന്റെ പുരികങ്ങളുടെ നടുവിൽ നിന്ന്, നീലലോഹിതവർണ്ണനായ ഒരു കുമാരനായി പുറത്തു വന്നു. അങ്ങനെ പുറത്തു വന്നപ്പോൾത്തന്നെ - ഹേ പിതാവേ! ഹേ ജഗൽ ഗുരോ! എനിയ്ക്ക് നാമങ്ങളേയും, സ്ഥാനങ്ങളേയും അങ്ങ് കല്പിച്ച് തരണമെന്ന് നിലവിളിച്ചു കരഞ്ഞു. അതു കൊണ്ട് അദ്ദേഹത്തിന് രുദ്രനെന്ന പേരുണ്ടായി. നിലവിളി കേട്ട് ബ്രഹ്മദേവൻ പറഞ്ഞു. ഹേസുരശ്രേഷ്ഠ! ഭയപ്പെട്ടിരിയ്ക്കുന്ന ബാലനെ പോലെ നീ കരഞ്ഞതു നിമിത്തം പ്രജകൾ നിന്നെ രുദ്രനെന്ന നാമധേയത്താൽ വിളിയ്ക്കപ്പെടും. കരയണ്ട ആവശ്യപ്പെട്ടതിനെ സാധിച്ചുതരുന്നുണ്ട്.
 ഹൃദയം, ഇന്ദ്രിയങ്ങൾ, പ്രാണൻ, ആകാശം, വായു, അഗ്നി, ജലം, തപസ്സ് ഭൂമി, സൂര്യൻ, ചന്ദ്രൻ എന്നീ സ്ഥാനങ്ങൾ നിന്റെ പ്രാർത്ഥനയ്ക്ക് മുൻപ് തന്നെ നിനക്ക് വാസസ്ഥാനങ്ങളായിട്ട് ഞാൻ നിർമ്മിച്ചിരിയ്ക്കുന്നു. മന്യു, മനു, മഹിനസൻ, മഹാൻ, ശിവൻ, ഋതുധ്വജൻ, ഉഗ്രരേതസ്സ്, ഭവൻ, കാലൻ, വാമദേവൻ, ധൃതവ്റതൻ ഈ പതിനൊന്നും നിനക്കുള്ള നാമധേയങ്ങൾ. ഹേ രുദ്രാ! ധീ,വൃത്തി, ഉശന, ഉമാ, നിയുസ്, സർപ്പിസ്സ്, ഇള, അംബികാ, ഇരാവതി, സുധ, ദീക്ഷ - നിന്റെ പത്നിമാരായ ഇവർക്ക് രുദ്രാണികൾ എന്നു പേര്. ഈ നാമങ്ങളേയും, സ്ഥാനങ്ങളേയും സ്വീകരിച്ചു കൊണ്ട്, ഭാര്യാ സമേതനായിട്ട് നന്നായി പ്രജാ സൃഷ്ടി നടത്തുക. നീ പ്രജകളുടെ പതിയായി ഭവിയ്ക്കും.
 
 പ്രജാസൃഷ്ടി ഭാഗം 2:

 ഈ നാമങ്ങളേയും, സ്ഥാനങ്ങളേയും സ്വീകരിച്ചു കൊണ്ട്, ഭാര്യാസമേതനായി ബഹു പ്രജകളെ സൃഷ്ടിയ്ക്കുക. നീ പ്രജകളുടെ പതിയായി ഭവിയ്ക്കും. (ഭാഗം 1 ഇവിടെ നിർത്തി)  പൂജ്യനായ പിതാവിന്റെ ഇപ്രകാരമുള്ള ആജ്ഞ കേട്ട രുദ്രൻ, ബലം കൊണ്ടും, ആകൃതികൊണ്ടും, സ്വഭാവം കൊണ്ടും, തന്നെപ്പോലെ നീലലോഹിതവർണ്ണത്തോടുമുള്ള തന്നോടു തുല്യരായ പ്രജകളെ ധാരാളമായി സൃഷ്ടിച്ചു.

രുദ്രനാൽ സൃഷ്ടിയ്ക്കപ്പെട്ട പ്രജകൾ നാലുഭാഗത്തുമുള്ള അന്യസൃഷ്ടികളെക്കൂടെ നശിപ്പിയ്ക്കുവാൻ തക്കവിധം ദയങ്കരാകൃതി സ്വഭാവമുള്ളവരായി, എണ്ണിയാൽ തീരാത്തവിധം അനേകം സംഘങ്ങളായി ലോകത്തിൽ കാണപ്പെട്ടു. ഇങ്ങനെയുള്ള ഈ സംഘങ്ങളെ കണ്ട്, ഇവർ മറ്റു സൃഷ്ടികളെ നശിപ്പിയ്ക്കുമോ, എന്നുള്ള ഭയം ബ്രഹ്മാവിനുണ്ടാകയാൽ, അദ്ദേഹം രുദ്രനോടീവണ്ണം പറഞ്ഞു. അല്ലയോ സുരശ്റേഷ്ഠ! ഇപ്രകാരമുള്ള പ്രജകളെ വർദ്ധിപ്പിച്ചത് മതി. സൃഷ്ടി നിർത്തുക. എന്തെന്നാൽ, ഇവരുടെ ഉഗ്രമായ നോട്ടം എന്നേയും, ദിക്കുകളേയും ദഹിപ്പിയ്ക്കാൻ തക്കതാണ്. അതു കൊണ്ട് ഹേ സുരശ്റേഷ്ഠ! സർവ്വഭൂതങ്ങൾക്കും സുഖത്തെ ജനിപ്പിയ്ക്കാൻ തക്ക സമർത്ഥമായ തപസ്സാചരിച്ചു കൊള്ളുക. അതിനാൽ ഭവാനു മംഗളം ഭവിയ്ക്കും. തപസ്സിന്റെ മഹിമയാൽ ഭവാന് ഈ വിശ്വത്തെ മുൻപത്തെപ്പോലെ സൃഷ്ടിയ്ക്കാൻ സാധിയ്ക്കും.

 തപോ മഹിമയാൽ തന്നെ പുരുഷൻ, സർവ്വഭൂതങ്ങളുടേയും, ഹൃദയ ഗുഹയിൽ വർത്തിയ്ക്കുന്നവനും, പരം ജ്യോതിസ്സ്വരൂപനും, ഇന്ദ്രിയങ്ങൾക്ക് അഗോചരനും, ജ്ഞാനവിഗ്രഹനുമായ സർവ്വേശ്വരനെ പ്രാപിയ്ക്കുന്നു. ഇപ്രകാരം ബ്രഹ്മദേവന്റെ കല്പനയെ കേട്ട രുദ്രൻ, വേദകർത്താവായ ബ്രഹ്മദേവനെ പ്രദക്ഷിണം ചെയ്ത് കല്പന അംഗീകരിച്ച് സമ്മതം വാങ്ങിയ ശേഷം തപസ്സിനായി വനത്തിലേയ്ക്കു പോയി.

 രുദ്രൻ തപസ്സിനുപോയശേഷം ബ്രഹ്മാവ് വീണ്ടും പ്രജാഭിവൃദ്ധി എങ്ങിനെ ഉണ്ടാകുമെന്നതിനെ കുറിച്ച് ചിന്തിച്ചിരിയ്ക്കെ, ലോക സൃഷ്ടിയ്ക്കുള്ള സാമർത്ഥ്യം ഭഗവാൻ ശ്രീ നാരായണൻ നൽകിയിട്ടുള്ളതിനെ കൊണ്ട് ലോകാഭിവൃദ്ധി (പ്രജ) വരുത്തുവാൻ സമർത്ഥന്മാരായ പത്തു പുത്രന്മാരെ സൃഷ്ടിച്ചു. മരീചി, അത്രി, അംഗിരസ്സ്, പുലസ്ത്യൻ, പുലഹൻ, ക്രതു, ഭൃഗു, വസിഷ്ഠൻ, ദക്ഷൻ പത്താമൻ നാരദൻ ഇവരാണ് ആപത്തു പുത്രന്മാർ. ബ്രഹ്മാവിന്റെ മടിയിൽ നിന്നു നാരദനും, കാൽപെരുവിരലിൽ നിന്ന് ദക്ഷനും, പ്രാണനിൽ നിന്നു് വസ്ഷ്ഠനും, ത്വക്കിൽ നിന്ന് ഭൃഗുവും, കൈയ്യിൽ നിന്ന് ക്രതുവും, നാഭിയിൽ നിന്ന് പുലഹനും, കാതുകളിൽ നിന്ന് പുലസ്ത്യനും, മുഖത്തു നിന്ന് അംഗിരസ്സും, കണ്ണുകളിൽ നിന്ന് അത്രിയും, മനസ്സിൽ നിന്ന് മരീചിയും ജുനിച്ചു. പിന്നെയും ലോകസൃഷ്ടിയെ തന്നെ ചിന്തിച്ച ബ്രഹ്മദേവന്റെ വലത്തെ സ്ഥനത്തിൽ നിന്ന് ധർമ്മൻ എന്ന ഋഷി ജനിച്ചു. ഇദ്ദേഹത്തിൽ നിന്നാണ് സാക്ഷാൽ ശ്രീനാരായണ ഋഷി അവതരിച്ചത്. പൃഷ്ഠഭാഗത്തിൽ നിന്നും അധർമ്മം ജനിച്ചു. ലോകത്തിനു ഭയത്തെ ജനിപ്പിയ്ക്കുന്ന മൃത്യുവിന്റെ ജന്മസ്ഥാനം അധർമ്മമാകുന്നു. ഹൃദയത്തിൽ നിന്ന് കാമനും, പുരികങ്ങളിൽ നിന്ന് ക്രോധവും, താഴത്തെ ചുണ്ടിൽ നിന്ന് ലോഭവും (ആഗ്രഹം - അത്യാഗ്രഹം) വായിൽ നിന്നും വാഗ്ദേവതയായ സരസ്വതിയും, മേഢ്റത്തിൽ (അരയിൽ)നിന്ന് സമുദ്രങ്ങളും, ഗുദത്തിൽ നിന്നും പാപത്തിൽ പ്രവർയ്ക്കുന്ന നിര്യതി എന്ന രാക്ഷസനും ജനിച്ചു. തുടർന്ന് ബ്രഹ്മാവിന്റെ ശരീരച്ഛായയിൽ ( നിഴലിൽ) നിന്ന് തപസ്സാചരിയ്ക്കുന്നതിൽ സമർത്ഥ നായ കർദ്ദമനെന്ന ഋഷി ജനിച്ചു. ഇപ്രകാരം ലോക കർത്താവായ ബ്രഹ്മാവിന്റെ ദേഹത്തിൽ നിന്നും, മനസ്സിൽ നിന്നും ഈ ജഗത്തുണ്ടായി. 

എങ്കിലും പ്രജാസൃഷ്ടി ലോകാഭിവൃദ്ധിയ്ക്ക് അനു സരണമായി ഉണ്ടാകാത്തതിനെ കുറിച്ച് ആലോചിച്ച്, വ്യാകുലപ്പെട്ടുകൊണ്ടിരിയ്ക്കെ, ബ്രഹ്മാവിന്റെ സ്വരൂപം (ശരീരം) രണ്ടു വിധമായി ഭവിച്ചു. അതിൽ ഒന്ന് പുരുഷരൂപവും, മറ്റൊന്ന് സ്ത്രീരൂപവും ആയിരുന്നു. ഇതിൽ പുരുഷനാണ് സ്വയംഭൂവമനു വെന്ന പ്രഖ്യാതനായ ചക്രവർത്തി. അടുത്ത സ്ത്രീയായ ഒന്നാണ് ശതരുപാ എന്നു സുപ്രസിദ്ധയായ മനു പത്നി. അവർ തമ്മിലുണ്ടായ സംയോഗ രൂപമായ ധർമ്മത്താൽ പ്രജകൾ അഭിവൃദ്ധിയെ പ്രാപിച്ചു. ഇവർക്ക് അഞ്ചു സന്താനങ്ങൾ ജനിച്ചു. പ്രിയവ്രതൻ, ഉത്താനപാദൻ എന്നീ രണ്ടു പുത്രന്മാരും, ആകൂതി, ദേവഹൂതി, പ്രസൂതി എന്നീ മൂന്നു പുത്രിമാരുമാണ് ഉണ്ടായത്. ഇതിൽ ആകൂതിയെ ബ്രഹ്മപുത്രനായ രുചിയും, ദേവഹൂതിയെ കർദ്ദമഋഷിയും, പ്രസൂതിയെ ഭക്ഷണും വിവാഹം കഴിച്ചു. അവരിൽ നിന്നും പരമ്പരയാൽ ലോകം നിറയുവാനുള്ള സന്താനങ്ങളുണ്ടായി.
 
 ബ്രഹ്മദേവൻ ചതുർശ്ലോകീഭാഗവതം സ്വപുത്രനായ നാരദമഹർഷിയ്ക്ക് ഉപദേശിച്ചു കൊടുത്തു.

വേദങ്ങളും പതിനേഴുപുരാണങ്ങളും സൃഷ്ടിച്ചതിനു ശേഷവും, മനസ്സിനു തൃപ്തിവരാതെ ദുഃഖിച്ചിരിയ്ക്കുന്ന ശ്രീ വേദവ്യാസമഹർഷിയ്ക്ക്, നാരദമഹർഷി, പിതാവായ ബ്രഹ്മദേവൻ തനിയ്ക്കു പദേശിച്ചു തന്ന ചതുർശ്ലോകീ ഭാഗവതം എന്ന നാലു ശ്ലോകങ്ങളെ ഉപദേശിച്ചു കൊടുത്തു. അങ്ങനെലഭിച്ച നാലുശ്ലോകങ്ങളെക്കൊണ്ട്, ശ്രീവേദവ്യാസൻ പതിനെണ്ണായിരം ശ്ലോകമടങ്ങുന്ന ബൃഹത്തായ മഹാപുരാണമായി രൂപപ്പെടുത്തി സ്വപുത്രനായ ശുകമുനിയ്ക്ക് ഉപദേശിച്ചു കൊടുത്തു. ശുകമുനി അതിനെ, മഹർഷിശാപത്താൽ സർപ്പ ദൃംശം കാത്തുകഴിയുന്ന പരീക്ഷിത്ത് രാജാവിന് ഏഴു ദിവസം കൊണ്ട് കേൾപ്പിച്ചു കൊടുത്തു. അങ്ങനെ അവിടെ നിന്നാണ് ഭാഗവത സപ്താഹം തുടങ്ങിയതെന്ന് പറയപ്പെടുന്നു.

 ഭാഗവത പുരാണത്തെ മഹാപുരാണം എന്നാണറിയപ്പെടുന്നത്. ഇതിനു കാരണം, പത്തു ലക്ഷണങ്ങൾ തികഞ്ഞതിനെ മഹാപുരാണം എന്നു പറയുന്നതായി ഭാഗവതം തന്നെ പറയുന്നു. സർഗ്ഗം, വിസർഗ്ഗം, സ്ഥാനം, പോഷണം, ഊതികൾ, മന്വന്തരങ്ങൾ, ഈശാനു കഥനം, നിരോധം, മുക്തി, ആശ്രയം ഇവകളാണ് പത്ത് ലക്ഷണങ്ങൾ. ഇതിൽ സർഗ്ഗം, വിസർഗ്ഗം, വംശം, മന്വന്തരം, വംശാനുചരിതം, ഇതഞ്ചും ചേർന്നതിനെ പുരാണങ്ങളെന്നും പറയുന്നു. എന്നു പറഞ്ഞാൽ അഞ്ചു ഗുണങ്ങൾ ചേർന്നത് പുരാണങ്ങളും, പത്തു ഗുണങ്ങൾ ചേർന്നത് മഹാപുരാണങ്ങൾ എന്നും സാരം.
 ഇങ്ങനെ പറയുന്ന പത്തു ലക്ഷണങ്ങളിൽ ഒൻപതും, പത്താമത്തതിലേയ്ക്കെത്താൻ വേണ്ടി മാത്രമാണ്. 

ഇതിൽ ഒന്നാമത്തേത് സർഗ്ഗം - സർവ്വശക്തനായ പരമാത്മാവു നിമിത്തം ഉത്ഭൂതമായ ത്രിഗുണങ്ങളാലാണ് (സത്വ,രജസ്, തമസ്,) പഞ്ചഭൂതങ്ങളും, അവയുടെ ഇന്ദ്രിയങ്ങളും, തന്മാത്രകളും, ഇതിൽ നിന്നെല്ലാമുണ്ടാകുന്ന മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം ഇവയടങ്ങുന്ന അന്തക്കരണവും രൂപം കൊള്ളുന്നത് എന്ന് വിശദീകരിയ്ക്കുന്നു. 

 (2) വിസർഗ്ഗം :- പരമപുരുഷന്റെ (ഭഗവാന്റെ) അനുഗ്രഹത്താൽ, വിത്തിൽ നിന്നും വൃക്ഷവും, വൃക്ഷത്തിൽ നിന്നും വിത്തും എന്ന പരമ്പരാനുസരണമായ ജന്മവാസനയനുസരിച്ചുള്ള ചരാചര പ്രാണിവർഗ്ഗങ്ങളുടെ സൃഷ്ടിയേ വിശദീകരിയ്ക്കുന്നു.

 (3) സ്ഥാനം :- ചരങ്ങൾക്ക് (ചലിയ്ക്കുന്ന വയ്ക്ക്) അചരങ്ങളും (ചലിയ്ക്കാത്തവ) ദുർലഭം ചില ചരങ്ങളും ആഹാരമായി ലഭിയ്ക്കുന്നു. ഇങ്ങനെ ഭൂതങ്ങൾക്ക് ഭൂതങ്ങൾ ആഹാരമായി ഭവിയ്ക്കുന്നതിനെ സ്ഥാനം എന്നതുകൊണ്ട് വിവരിയ്ക്കുന്നു.

 (4) പോഷണം :- ദേവന്മാർ, മനുഷ്യർ, മഹർഷിമാർ, പക്ഷിമൃഗാദികൾ എന്നിവയിൽ, പ്രപഞ്ചരക്ഷയെ ഉദ്ദേശിച്ചുള്ള ഭഗവാന്റെ യുഗം തോറുമുള്ള അവതാരങ്ങളേയും, ലീലകളേയും വിവരിയ്ക്കുന്നു.

 (5) ഊതികൾ :- ഈ ലോകത്തിലെ എല്ലാ പ്രവൃത്തികൾക്കും, അതിനാലുണ്ടാകുന്ന അഭിവൃത്തിയ്ക്കും കാരണം കർമ്മത്തെ ചെച്ചിയ്ക്കുന്ന ജീവനാകുന്നു. ജിവൻ തന്നെ ചൈതന്യം. കർമ്മം ചെയ്യിയ്ക്കുന്നതും, കർമ്മഫലം കൊടുക്കുന്നതും, ഈ ജീവൻ തന്നെ. ഇതു തന്നെ ജീവാത്മാവ്. ഇങ്ങനെ കർമ്മ വാസനാ സഹിതനായ ജീവാത്മാവിനാൽ ഉണ്ടാകുന്ന കർമ്മത്തെ ഊതികൾ എന്നു പറയുന്നു.

 (6) മന്വന്തരങ്ങൾ :- സ്വയംഭൂവമനു, മനു പുത്രന്മാർ, രാജാക്കന്മാർ, സപ്തർഷികൾ, ദേവന്മാർ, ദേവേന്ദ്രൻ, ഗന്ധർവ്വന്മാർ, കൂടാതെ ഭഗവാന്റെ അവതാരവും കൂടുന്ന ഭരണസംഘമാണ് മന്വന്തരഭരണ കർത്താക്കൾ. ഒരു മന്വന്തരമെന്നു പറയുന്നത് എതാണ്ട് 71.5 യോളം ചതുർയുഗം കൂടുന്നതാണ്. ഒരു ചതുർയുഗമെന്നത് നാല്പത്തി മൂന്നു ലക്ഷത്തി ഇരുപതിനായിരം (4320000) മനുഷ്യവർഷമാണ്. ഇങ്ങനത്തെ എഴുത്തി ഒന്നരയോളം ചതുർയുഗം കൂടുന്നതാണ് ഒരു മന്വന്തരം. അങ്ങനെ പതിനാല് മന്വന്തരം കൂടുന്നതാണ് (അതായത് 1000 ചതുർയുഗം) ബ്രഹ്മാവിന്റെ ഒരു പകൽ. അത്രയും തന്നെ ഒരു രാത്രിയും വരും.

 (7) ഈശാനു കഥനം :- ഓരോ യുഗങ്ങളിലുമുണ്ടാകുന്ന ഭഗവതവതാരങ്ങളുടേയും, അതിനോടനുബന്ധിച്ച മായാ കഥകളുടേയും വിവര ണം

 (8) നിരോധം:- കാലം, കർമ്മം, ഗുണം, എന്നിവയെ അനുസരിച്ച് ലോകത്തിലുണ്ടാകുന്ന, നിത്യം, നൈമിത്തികം, ആത്യന്തികം, പ്രാകൃതികം എന്നിങ്ങനെ നാലു വിധത്തിലുള്ള പ്രളയത്തെ (നാശത്തെ) വിവരിയ്ക്കുന്നു.

 (9) മുക്തി :- ശരീരം നശ്വരമാണെന്നും, അനശ്വരമായത് ആത്മാവാണെന്നും തിരിച്ചറിഞ്ഞ് ശരീര ഭ്രമത്തെ ഉപേക്ഷിച്ച് ബ്രഹ്മത്തിൽ ലയിയ്ക്കുന്നതിനെ മുക്തി എന്നതിൽ വിവരിയ്ക്കുന്നു.

 (10) ആശ്രയം :- ജീവിതത്തിലുണ്ടാകുന്ന ജാഗ്രത്ത്, സ്വപ്ന, സുഷുപ്താവസ്ഥകളെ, യഥാക്രമം വിശ്വൻ, തൈജസൻ, പ്രാജ്ഞൻ എന്നു പറയപ്പെടുന്നു. ഈ അവസ്ഥ ത്രയത്തിനു കാരണം അവിദ്യ എന്ന മായയാകുന്നു. ഒരവസ്ഥയിൽ നിന്നും, മറ്റൊരവസ്ഥയിലെത്തുന്നതിന് ചേർച്ചയും, വേർപാടും (അന്വയം വ്യതിരേകം) ആവശ്യമാണ്. ഈ ചേർച്ച വേർപാടുകൾക്ക് സാക്ഷിയായിട്ട്, അവസ്ഥാ ത്രയങ്ങളോട് ചേരാതെയിരിയ്ക്കുന്ന നിർവികാര പരമാർത്ഥ ചൈതന്യമാണ്, ഇതിനു മുൻപ് പറഞ്ഞ ആ ഒൻപത് ലക്ഷണങ്ങൾക്കും ആ ശ്രയം. ബ്രഹമാകുന്ന ഈ പരമചൈതന്യത്തിന് അന്യ ആശ്രയം ആവശ്യമില്ലാത്തതു കൊണ്ട് അത് എല്ലാവർക്കും എല്ലാത്തിനും എപ്പോഴും അശ്രയമാകുന്നു. ഇങ്ങനെയാണ് വഹാപുരാണത്തിന്റെ പത്തു ലക്ഷണങ്ങൾ.
 
കാലത്തിന്റെ സ്ഥൂലസൂക്ഷ്മ,  ഭേദത്തെ പറയുന്നു.

ഇതെല്ലാം ഭാഗവതത്തിൻ വിദുരമൈത്രേയ സംവാദം എന്ന ഭാഗത്താണ് കൊടുത്തിരിയ്ക്കുന്നത്. മൈത്രേയൻ വിദുരരോട് ഉപദേശിയ്ക്കുന്നതായിട്ടാണ് പറയുന്നത്. 

 നാം ഈ കാണപ്പെടുന്ന സകല വസ്തുക്കളിലും, അംശങ്ങളായി കാണപ്പെടുന്നവയും, വിഭജിയ്ക്കാൻ കഴിയാത്ത വിധത്തിൽ അത്ര സൂക്ഷ്മമായിരിയ്ക്കുന്ന, അവസാനാംശം യാതൊന്നോ, അത് അനേകമാണെങ്കിലും തമ്മിൽ യോജിയ്ക്കാതിരിയ്ക്കുമ്പോൾ, ഒരു കാര്യവസ്തുവായി രൂപാന്തരം പ്രാപിയ്ക്കാൻ സാധിയ്ക്കില്ല. അങ്ങനെയുള്ള ആസൂക്ഷ്മ വസ്തുവിന് പരമാണു എന്നു പേരു പറയുന്നു. അതിന്റെ അന്യോന്യ സംയോഗം നിമിത്തം കാര്യവസ്തുക്കൾ രൂപാന്തരപ്പെടുന്നു. ഇതിനാൽ നാം കാണുന്ന എല്ലാവസ്തുക്കളിലും വിഭജിയ്ക്കാൻ പറ്റുന്ന ഭാഗങ്ങൾ (അവയവങ്ങൾ) ഉണ്ടാകുന്നു. പദാർത്ഥങ്ങളെല്ലാം അവയവികളും, പരമാണുക്കൾ അവയിലെ അവയവങ്ങളുമാകുന്നു. പരമാണു വിഭജിയ്ക്കാൻ കഴിയാത്ത വിധം സൂക്ഷ്മമായ തുകൊണ്ട് അതു തന്നെ പദാർത്ഥങ്ങളുടെ അല്ലെങ്കിൽ വസ്തുക്കളുടെ അവസാന വിഭക്ത (ഭാഗിയ്ക്കാൻ പറ്റാത്ത) വസ്തു. 
 സൂക്ഷ്മരൂപങ്ങളായ അനേകം പരമാണുക്കൾ യോജിയ്ക്കുമ്പോഴുണ്ടാകുന്ന സ്ഥൂലരൂപങ്ങളാണ് നാമീ ലോകത്തിൽ കാണുന്ന സകല വസ്തുക്കളും. ഉണ്ടായി ദീർഘകാലം നിലനിൽക്കാതെ നശിയ്ക്കുന്നതും, നശിയ്ക്കാതെ ദീർഘകാലം നിലനിൽക്കുന്നതുമായ രൂപങ്ങളുടെ ഐക്യമാണ് നാമീ കാണുന്ന പ്രപഞ്ചം. പരമാണുവാകുന്ന അവയവമായിട്ട് ഈ പ്രപഞ്ചത്തെ കാണുന്നതായാൽ ഇതിൽ വിശേഷമോ വ്യത്യസ്തമോ ആയ ഒന്നു മുണ്ടെന്ന് പറയാൻ സാധിയ്ക്കില്ല. ജാതി, വ്യക്തി എന്നെല്ലാ മുള്ള വ്യത്യാസങ്ങൾ, എന്നു പറഞ്ഞാൽ മനുഷ്യർ, മൃഗങ്ങൾ, വൃക്ഷങ്ങൾ എന്നുള്ള വ്യത്യാസങ്ങൾ, വ്യത്യസ്തമായ പരമാണുക്കളുടെ വ്യത്യസ്തമായ ഐക്യത നിമിത്തമുണ്ടാകുന്ന അവയവയിൽ (രൂപത്തിൽ) കാണുന്ന വ്യത്യാസങ്ങൾ മാത്രമാണ്. വസ്തുതയാ പരമാണു വെന്നല്ലാതെ മറ്റു ഭേദങ്ങളൊന്നുമില്ല. ഇങ്ങനെ കാണപ്പെടുന്ന പ്രപഞ്ചം വിഭജിയ്ക്കാൻ പറ്റാത്ത കാലത്തിന്റെ സ്ഥൂലരൂപം. പരമാണുവോ സൂക്ഷ്മരൂപം. 

 അപ്രത്യക്ഷമായിരിയ്ക്കുന്ന (പ്രത്യക്ഷമല്ലാത്ത)കാലം ഈശ്വരന്റ ശക്തിയാകുന്ന സ്വരുപത്തോടു കൂടിയതാകയാൽ ഇന്ദ്രിയങ്ങൾക്കു വിഷയമല്ല. സൂക്ഷ്മമായ പരമാണു വിൽ വ്യാപിയ്ക്കുന്ന രൂപത്തെ സൂക്ഷ്മ മെന്നും, മഹത്തായ പ്രപഞ്ചത്തെ വ്യാപിയ്ക്കുന്ന രൂപത്തെ സ്ഥൂലമെന്നും പറയുന്നു. പരമാണുമുതൽ പ്രപഞ്ചം വരെയുള്ള വസ്തുക്കളുടെ ഉൽപ്പത്തി സ്ഥിതി ലയ ങ്ങൾക്ക് കാരണം കാലമായിരിയ്ക്കുന്നതിനാൽ, ഈശ്വരന്റെ ശക്തി തന്നെയാണ് കാലമെന്നുള്ള നാമത്താൽ പറയപ്പെടുന്നത്. ആ കാലം സർവ്വത്തേയും സൃഷ്ടിച്ച് രക്ഷിച്ച് സംഹരിയ്ക്കുന്നതാകയാൽ സർവ്വത്തിനും ശക്തിയുള്ളതുമാകുന്നു കാലംമെന്ന് അറിയുക.

സൂര്യഗതിയെ അനുസരിച്ചാണല്ലൊ ലോകത്തിൽ കാലം നിർണ്ണയിയ്ക്കപ്പെടുന്നത്. അതിനാൽ സൂര്യനെ കാലസ്വരൂപനായ പ്രത്യക്ഷേശ്വരനെന്ന് അറിവുള്ളവർ കല്പിച്ചിരിയ്ക്കുന്നു. സൂര്യൻ പരമാണു വിനെ അതിക്രമിയ്ക്കുന്ന സമയത്തിന് പരമാണു എന്നുപേര്. പന്ത്രണ്ടു രാശികളായി വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഈ ഭൂവനത്തെ അതിക്രമിയ്ക്കുന്ന സമയത്തിന് (കാലത്തിന്) സംവത്സരം എന്ന് പേര്. ഇങ്ങനെയുള്ള സംവത്സരങ്ങൾ അനേകം കഴിയുന്നതിനെ, യുഗങ്ങൾ, മന്വന്തരങ്ങൾ, കൽപ്പം എന്നിങ്ങനെ വിവിധ നാമങ്ങളാൽ പറയപ്പെടുന്നു.

ലോക സൃഷ്ടി ഭാഗം (1)

ലോക സൃഷ്ടി ഒരു മഹാപ്രളയത്തിന്റെ തുടർച്ചയായിട്ടാണ് പുരാണ ഇതിഹാസ ഉപനിഷത്തുകളിലെല്ലാം കാണുന്നത്. ആ പ്രളയം ബ്രഹ്മദേവന്റെ ഒരു പകൽ കഴിഞ്ഞുള്ള രാത്രി ഉറക്ക സമയമാണ് എന്നു പറയുന്നു. ബ്രഹ്മാവിന്റെ ഒരു പകലെന്നു പറയുന്നത് 1000 ചതുർയുഗങ്ങൾ കൂടുന്നതാണ്. ഒരു ചതുർയുഗം എന്നത് കൃതയുഗം (സത്യയുഗം) ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം ഇങ്ങനെ നാലു യുഗങ്ങൾ ചേർന്നതാണ്. ഒരു ചതുർയുഗ കാലം ഈ പറയപ്പെട്ട നാലു യുഗങ്ങൾ ചേർന്ന 12000 ദേവ വർഷം ചേർന്ന സമയമാണ്. ഒരു ദേവ വർഷം 360 മനുഷ്യവർഷം ചേർന്നതാണ്. അതായത് 4320000 നാൽപ്പത്തിമൂന്നു ലക്ഷത്തി ഇരുപതിനായിരം മനുഷ്യവർഷം ചേർന്നതാണ് ഒരു ചതുർയുഗം. ഇങ്ങനെ ആയിരം ചതുർയുഗ കാലമാണ് ബ്രഹ്മദേവന്റെ ഒരു പകൽ സമയം. ഇത്രയും തന്നെ രാത്രിയും ഉണ്ടാകും. ഈ രാത്രികാലം എല്ലാ ലോകങ്ങളും ജലത്താൽ നിറഞ്ഞിരിയ്ക്കും എന്നു പറയുന്നു. ഇതിനെ നൈമിത്തികപ്രളയം എന്നു പറയുന്നു. പ്രളയത്തിനു മുൻപുണ്ടായിരുന്ന ലോകത്തിലെ എല്ലാചരാചരവസ്തുക്കളും (ബ്രഹ്മാവു സഹിതം) അതിസൂക്ഷ്മ ഭാവത്തിൽ ഭഗവാനിൽ ലയിയ്ക്കുന്നു. ഇതെല്ലാം സ്വീകരിച്ചു കൊണ്ട് ഭഗവാനും ഈ 1000 ചതുർയുഗകാലം യോഗ നിദ്ര സ്വീകരിയ്ക്കുന്നു. ഈ കാലഘട്ടത്തെ കൽപ്പം എന്നു പറയുന്നു. ഇങ്ങനെയുള്ള ഒരു കല്പകാലത്തിൽ 14 മ ന്വന്തരങ്ങൾ എന്നു പറയുന്ന ഭരണകാലം കൂടി കഴിഞ്ഞു പോകുന്നു. മന്വന്തരം എന്നാൽ ഒരു മനുവിന്റെ ഭരണ കാലം. ഇതേതാണ്ട് 71 നു മുകളിൽ വരുന്ന ( 1000 നെ 14 ആയി ഭാഗിയ്ക്കുന്ന ഒരു ഭാഗം) ചതുർയുഗ കാലഘട്ടമാണ്.
 ഇങ്ങനെ ആയിരംചതുർയുഗ കാലത്തെ ഉറക്കത്തിനു ശേഷം, തലേ ദിവത്തെ ജോലിയുടെ ബാക്കി പിറ്റേ ദിവസം തുടരുന്നതുപോലെ, ഭഗവാനിൽ ലയിച്ചു കിടക്കുന്ന സർവ്വജീവരാശികളേയും വെളിപ്പെടുത്താൻ സമർത്ഥയായിരിയ്ക്കുന്ന കാലമെന്ന ഭഗവദ് ശക്തിയെ ഭഗവാൻ ഉണർത്തി. ലോകസൃഷ്ടിയ്ക്കാവശ്യമായ ഭൂതങ്ങളുടെ സൂക്ഷ്മ ഭാവത്തിൽ ഭഗവാന്റെ സങ്കല്പ ശക്തി പ്രവർത്തിച്ചു. അപ്പോൾ ഭഗവാനിൽ ലയിച്ചിരുന്ന ഭൂത (പഞ്ചഭൂത)സൂക്ഷ്മ ഭാവങ്ങൾ പ്രകൃതിയുടെ സംയോഗത്താൽ രജോഗുണത്തെ സ്വീകരിച്ച് അംഗു രാവസ്ഥയിലെത്തി. ഈ അംഗുരം ഒരു താമരമൊട്ടിന്റെ രൂപത്തിൽ ഭഗവാന്റെ നാഭിയിൽക്കൂടി പുറത്തുവന്ന് പ്രകാശിച്ചു.
 പ്രളയത്തിനു മുൻപ് ഈ ഭൂമിയിലുണ്ടായിരുന്ന എല്ലാ വസ്തുക്കളുടേയും സമഷ്ടി രൂപമായി മാറിയ ഈ താമര അതീവ തേജസ്സോടെ പ്രകാശിച്ചു. അങ്ങനെ എല്ലാ അറിവുകളുടേയും സ്വരൂപമായി ശോഭിയ്ക്കുന്ന ബ്രഹ്മദേവൻ ആ താമരയിൽ നിന്നും ജനിച്ചു. മറ്റുകാരണങ്ങളൊന്നും കൂടാതെ ഇങ്ങനെ ജനിച്ചതിനാൽ സ്വയംഭൂ എന്ന പേര് ബ്രഹ്മദേവന് ലഭിച്ചു. അങ്ങനെ പത്മത്തിൽ (താമരയിൽ) നിന്നും തുടങ്ങുന്നതു കൊണ്ട് ഈ കല്പത്തെ പത്മകല്പം എന്നു വിളിയ്ക്കപ്പെടുന്നു.

അങ്ങനെ ആ താമരയുടെ മദ്ധ്യത്തിലിരിയ്ക്കുന്ന ബ്രഹ്മദേവൻ, താൻ ഉറങ്ങുന്നതിനു മുൻപുള്ള ലോകം എവിടെയെന്ന് നോക്കി. എവിടെയും കണ്ടില്ല. വീണ്ടും പഴയ ലോകം കാണുന്നതിനായി നാലുപാടും തിരിഞ്ഞു നോക്കി. അപ്പോൾ നാലുപാടും ഒരേ സമയം കാണുന്നതിനായി നാലു മുഖങ്ങളുണ്ടായി, എന്നാൽ പഴയ ലോകത്തെ എവിടെയും കണ്ടില്ല.
 അതിശക്കമായ കാറ്റു മൂലമുണ്ടായ തിരമാലകളാലിളകി മറിയുന്ന ആ താമരയിലിരിയ്ക്കുന്ന ബ്രഹദേവന്, സർവ്വത്തിനും ആധാരഭൂതമായിരിയ്ക്കുന്ന ആ താമരയെക്കുറിച്ചോ, തന്നെക്കുറിച്ചു തന്നെയോ ശരിയായ ജ്ഞാനം പ്രകാശിപ്പില്ല. അതിനാൽ മറ്റൊന്നുമില്ലാത്ത ഈ മഹാപ്രളയജലത്തിൽ താനും ഈ താമരയും എവിടെ നിന്നും എങ്ങനെ വന്നു എന്നു ചിന്തിയ്ക്കാൻ തുടങ്ങി. അപ്പോൾ ബ്രഹ്മാവിന്റെ ബോധത്തിൽ ഒന്നു തെളിഞ്ഞു. ഒരു കാരണമില്ലാതെ, ഒരു കാര്യമുണ്ടാവാൻ വയ്യ. അങ്ങനെയുള്ള കാരണത്തെത്തിരയാൻ തന്നെ തീരുമാനിച്ചു. അതിനായി ആ താമരയുടെ തണ്ടിലെ ദ്വാരങ്ങളിൽക്കൂടി താഴോട്ടിറങ്ങി തിരയാൻ തുടങ്ങി. 

വളരെക്കാലം കഴിഞ്ഞിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഏതാണ്ട് നൂറ് ദേവ വർഷക്കാലത്തോളം ആ താമരയുടെ ഉൽപ്പത്തി സ്ഥാനത്തെ അന്വേഷിച്ചു. ഒന്നും കണ്ടെത്താനായില്ല. അങ്ങനെ ആ ഉദ്യമം നിർത്തി വീണ്ടും താമരയിൽ കയറി ഇരുന്നു. അപ്പോൾ ഒരു തോന്നലുണ്ടായി. ഇത്രയും കാലം പുറമേ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്പ. ഇനിയും അകമേ അന്വേഷിയ്ക്കാമെന്നു തീരുമാനിച്ചു. അതിനായി മനസ്സിനെ അടക്കി, ശ്വാസഗതിയെ നിയന്ത്രിച്ച് തന്റെ ഉല്പത്തിയ്ക്കു കാരണമായ വസ്തുവിനെ സാക്ഷാത്ക്കരിയ്ക്കാൻ വേണ്ടി ദൃഢമായി സമാധി യോഗത്തെ പ്രാപിച്ചു.
 അങ്ങനെ വളരെക്കാലത്തെ സമാധിയിൽക്കൂടി ഉല്പത്തിയ്ക്കു കാരണമായ പരമപുരുഷനെ അറിയാനുള്ള യോഗ്യത ലഭിച്ചു. താൻ വളരെ കാലം പുറമേ അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതെപോയ ആ സത്യവസ്തു തന്റെ ഹൃദയ മദ്ധ്യത്തിൽ വിളങ്ങുന്നതായി കണ്ടെത്തി. അങ്ങനെ പുറത്തല്ല തന്റെ ഉള്ളിലാണ് ഭഗവാനെ അന്വേഷിയ്ക്കേണ്ടതെന്ന പരമരഹസ്യം ഇവിടെ സൂചിപ്പിയ്ക്കുന്നു. ഭഗവൽ സാക്ഷാത്കാരത്തിന് ക്രിയാ കമ്മങ്ങൾ മാത്രം പോര ധ്യാനം തന്നെ വേണമെന്നും സൂചിപ്പിയ്ക്കുന്നു.

സൃഷ്ടിയെ കുറിച്ച് ഭാഗം 2

 സമാധി തപസ്സ് എന്നിവയിൽക്കൂടി, തന്റെയും താനിരിയ്ക്കുന്ന താമരയുടേയും ഉല്പത്തി സ്ഥാനം കണ്ടു പിടിയ്ക്കാൻ പ്രാപ്തി നേടിയ ബ്രഹ്മാവിരിയ്ക്കുന്ന താമരയും, അതിന്റെ സ്ഥാനമായ ജലവും കല്പകാലത്തുണ്ടായ ശക്തമായ കാറ്റിൽ ചലിയ്ക്കുന്നതു കണ്ടപ്പോൾ, വർദ്ധിച്ചിരിയ്ക്കുന്ന തപസ്സും, ഉപാസനയും കൊണ്ട് സിദ്ധമായ ജ്ഞാനശക്തി കൊണ്ട്, ബ്രഹ്മദേവൻ ആ കാരണജലത്തേയും, വായുവിനേയും തന്റെ അത്തർഭാഗത്തിലടക്കി.

 വെള്ളമില്ലാതായപ്പോൾ താനധിവസിച്ചിരുന്ന താമരയും താനും മാത്രമായി. ആതാമര ആകാശം മുഴുവൻ വ്യാപിയ്ക്കാൻ മാത്രം വലുതുമാണ്. ഇതിനു മുൻപുണ്ടായിരുന്ന ലോകങ്ങളെല്ലാം ഈ താമരയിൽ അടങ്ങിക്കിടപ്പുണ്ട്. ഇനിനെക്കൊണ്ട് ലോകങ്ങളെ ഞാൻ സൃഷ്ടിയ്ക്കും എന്ന് തീരുമാനിച്ചു.
 ശ്രീ നാരായണൻ ചെയ്യേണ്ടതായ ലോകസൃഷ്ടി, ആഭഗവാനാൽ നിയോഗിയ്ക്കപ്പെട്ട ബ്രഹ്മദേവൻ, താനിരിയ്ക്കുന്നതായ ആ താമരയെ മൂന്നായി വിഭജിച്ച് മുന്നു ലോകമാക്കിത്തീർത്തു. ആപത്മത്തിന്റെ വലിപ്പമനുസരിച്ച് മൂന്നായിട്ടോ, പതിന്നാലായിട്ടോ അനേകമായിട്ടോ വേണമെങ്കിൽ വിഭജിയ്ക്കാം. അത്രയ്ക്ക് വലിപ്പമുണ്ടായിരുന്നു ആ താമരയ്ക്ക്.

 ജീവലോകത്തിന്റെ ഭോഗസ്ഥാനങ്ങൾ ഈ മൂന്നു ലോകങ്ങളിൽ ഒതുങ്ങിയിരിയ്ക്കുന്നുവെന്ന് മഹാന്മാർ പറയുന്നു. ഇപ്രകാരം സകല ജീവന്മാർക്കും സുഖ ദു:ഖാനുഭവത്തിന് പര്യാപ്തമാകും വിധം ത്രിലോക നിർമ്മാണത്തിന് വേണ്ടി ബ്രഹ്മാവിന് സാമർത്ഥ്യം ലഭിച്ചതെങ്ങനെയെന്നാൽ, ഫലകാംക്ഷകൂടാതെ ഭഗവൽപ്രസാദത്തിനു വേണ്ടി മാത്രം ചെയ്ത ധർമ്മത്തിന്റെ പ്രതീകമാണ് ബ്രഹ്മദേവൻ എന്ന കാരണം കൊണ്ടു തന്നെ എന്നു സാരം.

 ഏതൊരു സൃഷ്ടിയ്ക്കും കാലഘടന വളരെ അനിവാര്യമാണ്. ലോക സൃഷ്ടിയ്ക്കുള്ള കാലഘടന രൂപപ്പെടുത്തുന്നത് സത്വാദി ഗുണങ്ങളെക്കൊണ്ടാണ്. സത്വാദി ഗുണങ്ങൾ സാമ്യാവസ്ഥ ഉപേക്ഷിച്ച് ഒന്നിനോടൊന്ന് അധികരിച്ച് വരുവാനുള്ള കാരണത്തെ കാലമെന്നു പറയുന്നു. ഈ കാലത്തെ പ്രത്യക്ഷത്തിൽ കാണാനോ, ഇന്ദ്രിയങ്ങളാൽ അറിയാനോ സാദ്ധ്യമല്ലാത്തതു കൊണ്ട്, ആദിയോ, അന്ത്യമോ ഇല്ലാത്തതാകുന്നു. ഇങ്ങനെ ആദ്യന്തരഹിതമായ കാലത്തെ ഉപാദാനത്വേന (കാരണമായി) സ്വീകരിച്ച ഈശ്വരൻ, തന്നെത്തന്നെ അനായാസേന വിശ്വരൂപമായി സൃഷ്ടിച്ചു. ലോകങ്ങളെ സൃഷ്ടിയ്ക്കാൻ മറ്റു പദാർത്ഥങ്ങളില്ലാത്തതു കൊണ്ട് കാലം ത്തന്നെ കാരണ വസ്തു എന്നു സാരം.

 പ്രളയത്തിനു മുൻപ് ഈശ്വര സങ്കല്പമായ മായാശക്കിയാൽ സംഹരിയ്ക്കപ്പെട്ട ലോകം, ബ്രഹ്മസ്വരുപമായിട്ട് വിശ്രമിയ്ക്കുകയായിരുന്നു. ഈശ്വരനാകുന്ന കർത്താവ്, കാലമാകുന്ന കാരണത്തെ ക്കൊണ്ട് വിശ്രമാവസ്ഥയിലായിരുന്ന ആ ലോകത്തെ ബ്രഹ്മത്തിൽ നിന്നും ഭിന്നമെന്ന പോലെ പ്രകാശിപ്പിച്ചു. ഈ ലോകം ഇപ്പോൾ ഏതുവിധം കാണുന്നുവോ, ഇതുപോലെ തന്നെയായിരുന്നു പ്രളയത്തിനു മുൻപും. പ്രളയത്തിനു ശേഷവും അപ്രകാരമായിരിയ്ക്കും. ഈ ലോകത്തിന്റെ സൃഷ്ടി പ്രധാനമായും ഒൻപതു വിധമാകുന്നു. പ്രാകൃതമെന്നും വൈകൃതമെന്നും രണ്ടു വിധം. പ്രാകൃത സൃഷ്ടി ആറു വിധത്തിൽ. വൈകൃത സൃഷ്ടി മുന്നു വിധത്തിൽ. പ്രാകൃതവും, വൈക്തവും ചേർന്നത് ഒരു സൃഷ്ടി. ഇങ്ങനെ പത്തു വിധം സൃഷ്ടികൾ. ഈ വിശ്വത്തിൽ പ്രളയം മൂന്നു വിധം. കാലം നിമിത്തം നാശം, ദ്രവ്യം നിമിത്തം നാശം, ഗുണങ്ങൾ നിമിത്തം നാശം. കാലം കൊണ്ട് നിത്യപ്രളയം, ദ്രവ്യം കൊണ്ട് നൈമിത്തിക പ്രളയം, ഗുണം കൊണ്ട് പ്രാകൃതിക പ്രളയം  പരമാത്മാവിൽ നിന്ന് കാലശക്തി  നിമിത്തം സത്യാദി ഗുണത്രയങ്ങൾ സാമ്യാവസ്ഥ വിട്ട് ഒന്നോടൊന്നധികരിച്ചു വന്നതുകൊണ്ട് നേരിട്ടതായ പ്രകൃതിയുടെ വികാരം ആദ്യത്തെ സൃഷ്ടി. ഈ പ്രകൃതി വികാരത്തിനെ മഹത്തത്വം എന്നു വിളിയ്ക്കുന്നു. രണ്ടാമത്തെ പ്രകൃതി വികാരത്തിനെ അഹങ്കാരതത്ത്വം എന്നു വിളിയ്ക്കുന്നു. ഇതിനെ അഹങ്കാര സൃഷ്ടി എന്നും പറയും. ഇതിൽ നിന്നും പഞ്ചഭൂതങ്ങളും ജ്ഞാന കർമ്മേന്ദ്രിയങ്ങളും ഉണ്ടാകുന്നു.

 ശബ്ദ, സ്പർശ, രൂപ, രസ, ഗന്ധങ്ങളെന്ന വിഷയങ്ങളെ തന്മാത്രകൾ എന്നു പറയുന്നു. ഇതിൽ നിന്നും ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ ഭൂതങ്ങൾ ഉണ്ടാകുന്നു. ഈ പഞ്ചഭൂതങ്ങളുടേത് മൂന്നാമത്തെ സൃഷ്ടി. യഥാക്രമം ചെവി, ത്വക്ക്, കണ്ണ്, നാവ്, മൂക്ക് എന്നിവയെ ജ്ഞാനേന്ദ്രിയങ്ങളെന്നും, തൊണ്ട, കൈകൾ, ഉപസ്ഥം (ജനനേന്ദ്രിയം) പായു (ഗുദം) കാലുകൾ എന്നിവയെ കർമ്മേന്ദ്രിയങ്ങൾ എന്നും പറയുന്നു. ഈ ഇന്ദ്രിയങ്ങളുടേത് നാലാമത്തെ സൃഷ്ടി. 

 അഹങ്കാരം മൂന്നു വിധമായതിൽ, സത്വഗുണപ്രധാനമായിരിയ്ക്കുന്ന അഹങ്കാരത്തിൽ നിന്നും മനസ്സും, ഇന്ദ്രിയങ്ങളെ നിയന്ത്രിയ്ക്കുന്നതായ ദേവതകളുടേയും സൃഷ്ടി അഞ്ചാമത്തേത്. ജീവന്മാർക്ക് സ്വരൂപ ബോധമില്ലാതാക്കിത്തീർക്കുന്ന അവിദ്യയുടെ (മായയുടെ) സൃഷ്ടി ആറാമത്തേത്. ഈ ആറും ഭഗവാന്റെ സങ്കല്പ മാത്രത്താൽ പ്രകൃതിയിൽ നിന്നു തന്നെ ഉണ്ടായ സൃഷ്ടിയാകുന്നു.

സൃഷ്ടിയെ കുറിച്ച് ഭാഗം 3

രണ്ടാം ഭാഗത്തിൽ ഭഗവൽ സങ്കല്പത്താൽ നടന്ന ആദ്യ സൃഷ്ടികളെ പറഞ്ഞു. ഇനിയും ബ്രഹ്മദേവനാൽ ഉണ്ടായതായ സൃഷ്ടിയെ കുറിച്ച് പറയാം.

 ഏഴാമത്തേത് സ്ഥാവര സൃഷ്ടിയെന്ന് പേരുള്ള ഭക്ഷണ പദാർത്ഥങ്ങളുടെ സൃഷ്ടിയാകുന്നു. ഇതിന് ആറു വിധം ഉൾപ്പിരിവുകൾ ഉണ്ട്. പൂക്കാതെ കായ്ക്കുന്ന ആൽ മുതലായവയെ വനസ്പതികൾ എന്ന വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നു. മുളച്ച് വളർന്ന് കായ്മുത്തുകഴിഞ്ഞാൽ അതോടുകൂടി ഉണങ്ങി നശിയ്ക്കുന്നവ ഔഷധികൾ. നെല്ല്, ഗോതമ്പ് മുതലായ ധാന്യവർഗ്ഗങ്ങൾ ഇതിലുൾപ്പെടും. ബലമുള്ള മറ്റൊന്നിനെ ആശ്രയിച്ച് പടർന്നു കായ്ക്കുന്ന കുമ്പളം, മത്തൻ പോലുള്ളവ ലതാ വർഗ്ഗത്തിൽ പെടുന്നു. ബലമേറിയ തോലുള്ള മുള മുതലായവ ത്വക്സാരവർഗ്ഗമെന്ന ഇനത്തിൽ പെടുന്നു. ലതകൾ പോലെ തന്നെയെങ്കിലും കാഠിന്യം അധികമുള്ളതിനാൽ മേൽപോട്ടു പടരാതിരിയ്ക്കുന്ന ചെടികൾ വീരുത്തുകൾ എന്ന വിഭാഗത്തിൽ പെടുന്നു. പുഷ്പങ്ങൾക്കു ശേഷം കായ്ക്കുന്ന മാവ് മുതലായവ ദ്രുമ എന്ന വർഗ്ഗം. ഇങ്ങനെ സ്ഥാവരങ്ങളാറു വിധം.

 ഈ സ്ഥാവരങ്ങളെല്ലാം ഒരു വർഗ്ഗത്തിൽ വരാനുള്ള പ്രത്യേകതയെന്തെന്നാൽ, ഈ വർഗ്ഗം ഭക്ഷണ രസത്തെ താഴത്തുനിന്നും മുകളിലേയ്ക്ക് വലിച്ചെടുക്കുന്നു. ഈശക്തിയുടെ ഉറപ്പിടം വ്യക്തമല്ല. (ഈശ്വരചൈതന്യം തന്നെ ഇതിന്റെ ഉറവിടം) സ്പർശന ജ്ഞാനം മാത്രമേ ഇവയ്ക്കുള്ളു. അനേക വിഭാഗങ്ങൾ ഈ വർഗ്ഗത്തിലുണ്ട്. എന്നാൽ ഈ സാമാന്യ ധർമ്മങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടാണ് അവയെ ഒരു വർഗ്ഗമായി പരിഗണിയ്ക്കുന്നത്. എട്ടാമത്തേത് തിര്യക്കുകളുടെ സൃഷ്ടിയാണ്. ഇത് ഇരുപത്തെട്ട് (28) വിധമാണെന്ന് പറയപ്പെടുന്നു. ഇവയുടെ സാമാന്യ ലക്ഷണത്തെ പറയുന്നു.
 ഇന്നലെ, ഇന്ന്, നാളെ, കഴിഞ്ഞതും, കഴിയുന്നതും, കഴിയാനുള്ളതുമായ കാര്യങ്ങളുടെ വിശേഷ ചിന്തയൊന്നും ഇവയ്ക്കില്ല. ആഹാരം, നിദ്ര, മൈധുനം എന്നിവയെക്കുറിച്ചുള്ള അറിവല്ലാതെ മറ്റു വിധമായ അറിവുകളൊന്നുമില്ലാത്ത, പ്രായേണ ക്രോധസ്വഭാവികളാണ്. ഇഷ്ടമായ കാര്യത്തിന്റെ ജ്ഞാനം ഗന്ധം കൊണ്ട് തിരിച്ചറിയുന്നു. സുഖ ദുഃഖാദികളുടെ ഓർമ്മ അധിക സമയം നിലനിൽക്കില്ല. ഇതൊക്കെയാണ് ഈ വർഗ്ഗത്തിനുള്ള സാധാരണ ധർമ്മം. ഇതിൽ പശു, ആട്, പോത്ത്, കൃഷ്ണമൃഗം, പന്നി, ഗവയം, കൊമ്പിൽ കവരങ്ങളുള്ള രുരു വെന്നു വിളിയ്ക്കുന്ന ഒരു ജാതിമാൻ, ചെമ്മരിയാട്, ഒട്ടകം ഇങ്ങനെ ഒൻപത് ജാതിയ്ക്കും കൂടി പശുക്കൾ എന്ന് സാമാന്യ നാമം പറയുന്ന ഇവയെല്ലാം ഇരട്ട കുളമ്പുള്ളവയാണ്. ഭഗവൽസൃഷ്ടങ്ങളായ ഇവയിൽ കരുണയുള്ളവരായിരിയ്ക്കേണ്ടത് മനുഷ്യരുടെ സാമാന്യ കടമയാകുന്നു. കഴുത, കുതിര, കോവർകഴുത, ഗൗരം, ശരഭം, ചമരി ഈ അറു വർഗ്ഗം ഒറ്റ കുളമ്പുള്ള മൃഗങ്ങളാകുന്നു.
 അഞ്ചു നഖങ്ങളുള്ള മൃഗങ്ങളെ പറയുന്നു. നായ, കുറുക്കൻ, ചെന്നായ, നരി, പൂച്ച, മുയൽ, മുള്ളൻപന്നി, സിംഹം, വാനരൻ, ആന, ആമ, ഗോധ ഇങ്ങിനെ പന്ത്രണ്ട് (12) വിധം മൃഗങ്ങൾ അഞ്ചു നഖങ്ങളുള്ളവ. ഇങ്ങനെ ആകെ (27) ഇരുപത്തേഴു വിധം മൃഗങ്ങൾ ഭൂമിയിൽ സഞ്ചരിയ്ക്കുന്നവ. മകരം എന്ന ഒരു ജാതി മത്സ്യവും, കൊക്ക്, പരിന്ത്, കോഴി, കഴുകൻ, മയില് എന്നിവ ഭൂമിയിൽ സഞ്ചരിയ്ക്കുന്ന പക്ഷികൾ, ഇവയെ ഭൂസഞ്ചാരമാകുന്ന സാധാരണ ധർമ്മത്തെ ആസ്പദമാക്കി ഒരു ജാതിയായി ഗണിച്ചിരിയ്ക്കുന്നു. ഇങ്ങനെ ഇരുപത്തെട്ട് (28) വിധം തിര്യക്കുകൾ.

 ഹംസം, കുളക്കോഴി, ചക്രവാകം, കാക്ക, കൂമൻ എന്നിവയുടെ സഞ്ചാരം ആകാശത്തിലാണെങ്കിലും, അവ സഞ്ചരിയ്ക്കുന്ന ആകാശ പരിധി, ഭൂമിയുടെ ആകർഷണ പരിധിയിലായതു കൊണ്ട് അവയേയും ഭൂമിയിൽ സഞ്ചരിയ്ക്കുന്നവയായി കണക്കാക്കുന്നു.

ഒൻപതാമത്തേതായ മനുഷ്യസൃഷ്ടിയുടെ സാധാരണ ധർമ്മം പറയുന്നു. മനുഷ്യരിൽ സാധാരണമായി രജോഗുണം അധികരിച്ചിരിയ്ക്കുന്നതിനാൽ കർമ്മതൽപ്പരന്മാരും, ദുഃഖത്തിൽക്കൂടെ സുഖമാണെന്നു് അഭിമാനിയ്ക്കുന്നവരും ആകുന്നു. ഇപ്പോൾ പറഞ്ഞ സ്ഥാവര, തിര്യക്ക്, മനുഷ്യ എന്ന മൂന്നു വിധ സർഗ്ഗവും (സൃഷ്ടി) വൈകൃതമാകുന്നു. ദേവ സർഗ്ഗവും വൈകൃതം തന്നെ. സനൽ കുമാരാതിസർഗ്ഗം പ്രാകൃതവും, വൈകൃതവും, കൂടിച്ചേർന്നതാകയാൽ ഉദയാത്മകം. പത്താമത്തേതായ ദേവസർഗ്ഗം എട്ടു വിധം. 1വിബുധന്മാർ, 2 പിതൃക്കൾ, 3 അസുരന്മാർ, 4 ഗന്ധർവ്വന്മാർ,അപ്സരസ്സുകൾ, 5 യക്ഷസ്സു - രക്ഷസ്സുകൾ, 6 ഭൂതപ്രേത പിശാചുക്കൾ, 7 സിദ്ധചാരണ വിദ്യാധരന്മാർ, 8 കിന്നര - കിംപുരുഷന്മാർ ഇങ്ങനെ എട്ടു വിധം ദേവസർഗ്ഗം. ഇങ്ങനെ സ്ഥാവര ,തിര്യക്ക്, മനുഷ്യ, ദേവതാ സൃഷ്ടികളെ പറഞ്ഞു കഴിഞ്ഞു. ഇങ്ങനെ ശ്രീഹരി ഏകൻ (ബ്രഹ്മം) സ്വന്ത ഇഷ്ടപ്രകാരം രജോഗുണത്തെ അംഗീകരിച്ചിട്ട്, കൽപ്പകാലത്തിൽ ബ്രഹ്മാവായിത്തീർന്നു്, താനാകുന്ന നിമിത്ത കാരണങ്ങളോടുകൂടി, തന്നെത്തന്നെ ബഹുരൂപമാക്കി മാറ്റിയിരിയ്ക്കുന്നു. ഭഗവാന്റെ സങ്കൽപം സത്യമായി ഭവിയ്ക്കുന്നത് സാധാരണമാകയാൽ ഒന്നു തന്നെ കാരണവും, നിമിത്തവുമായി ഭവിയ്ക്കുന്നതെങ്ങനെയെന്ന് ശങ്കയ്ക്കേണ്ട ആവശ്യമില്ല.

ഗുണത്രയങ്ങൾ

 ഭൗതീകതയിൽ സത്വഗുണാധിക്യം ഉണ്ടാവുകയില്ല. ഭൗതീകമെന്നത് രജോഗുണമാണ്. തമോഗുണവും ഉണ്ടാകും. ഇങ്ങനെയാണ് കുട്ടികളുടെ സ്വഭാവ രൂപീകരണം എന്ന ഭാഗം നിർത്തിയത്. 

ഗുണത്രയങ്ങൾ (സത്വരജതമോഗുണങ്ങൾ) മനുഷ്യ ജീവിതത്തിന്റെയും, ലോകത്തിന്റെ തന്നെയും നിലനിൽപിന് കാരണമായിരിയ്ക്കുന്ന ഗുണത്രയങ്ങളെക്കുറിച്ച് അറിയാവുന്നവർ ഇന്നെത്ര പേരുണ്ടെന്നറിയില്ല. ജീവിയ്ക്കാനാഗ്രഹിയ്ക്കുന്ന ഓരോരുത്തരും വളരെ ശ്രദ്ധയോടു കൂടി മനസ്സിലാക്കിയിരിയ്ക്കേണ്ട ഒരു കാര്യമാണ് ഗുണത്രയം എന്നാൽ എന്താണെന്ന്. ഇത് സൃഷ്ടി സ്ഥിതി സംഹാരമാണ്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരാണ്. അകാര ഉകാര മകാരങ്ങളാണ്. 

അങ്ങനെയെല്ലാമാണ്. രജോഗുണം, ബ്രഹ്മാവും സൃഷ്ടിയും ഉകാരവുമാണ്. സത്വഗുണം വിഷ്ണുവും സ്ഥിതിയും അകാരവും ആണ്. തമോഗുണം മഹേശ്വരനും സംഹാരവും മകാരവുമാണ്. ഇതു മൂന്നിന്റെയും സാമ്യാവസ്ഥയെ പ്രകൃതിയെന്നു വിളിയ്ക്കുന്നു. ഗുണങ്ങളുടെ അന്യോന്യ സംയോഗത്തിന്റെ ആധിക്യ ന്യൂനതകളനുസരിച്ച് കർമ്മവും, കർമ്മഫലങ്ങളും ഉണ്ടാകുന്നു. ജ്ഞാനം എന്നത് സത്വഗുണത്തിന്റെയും, കർമ്മം എന്നത് രജോഗുണത്തിന്റെയും, അജ്ഞാനം എന്നത് തമോഗുണത്തിന്റെയും ധർമങ്ങളാക്കുന്നു.

 സത്വഗുണം  ഇത് ഈശ്വരീയമാണ്, സ്നേഹമാണ്, ഈശ്വരചിന്തയെ ഉണർത്തുന്നതാണ്. കള്ളത്തരവും കാപട്യവും ഇല്ലാത്ത സ്വഭാവവും, മറ്റുള്ളവരിൽ സഹതാപവും, ആരെയും സഹായിയ്ക്കാനുള്ള സന്മനസ്സും, മാതാപിതാ ഗുരു കാരണവന്മാരോട് ബഹുമാനവും, വേദപുരാണ ധർമ്മശാസ്ത്രങ്ങളിൽ വിശ്വാസവും, ഇന്ദ്രിയസുഖങ്ങളോടു താല്പര്യക്കുറവും, മറ്റുജീവികളെ സ്നേഹിയ്ക്കാനുള്ള മനസ്സും, ആർഭാടങ്ങളിലും ആഡംബരങ്ങളിലും താല്പര്യമില്ലായ്മയും, ലളിതമായ ഭക്ഷണ രീതിയും, മിതമായ ഉറക്കവും, മറ്റുള്ളവരുടെ തെറ്റുകളെ പൊറുക്കാനുള്ള മനസ്സും, ആചാരമര്യാദകൾ അനുഷ്ടിയ്ക്കുക പാലിയ്ക്കുക, കിട്ടുന്നത്തിൽ തൃപ്തിപ്പെട്ട് സന്തോഷിയ്ക്കുക ഇങ്ങനെയുള്ളതെല്ലാം സത്വഗുണ സ്വഭാവങ്ങളാണ്. ഈ ഗുണം രണ്ടു കാരണങ്ങളാൽ ജന്മനാ ഉണ്ടാകാം. ഒന്ന് കഴിഞ്ഞ ജന്മത്തിലെ ജീവിതരീതി. രണ്ട്, ഈ ജന്മത്തിന് കാരണക്കാരായവരുടെ സൃഷ്ടിസമയത്തെ മാനസിക വ്യാപാരവും ആ സമയത്തെ ജീവിത രീതിയും. ജന്മശേഷവും ആഹാരത്താലും, ജീവിത രീതിയാലും സത്വഗുണത്തെ സ്വീകരിയ്ക്കാൻ കഴിയുമെന്ന് ശാസ്ത്രം പറയുന്നു. ഒരു ജന്മത്തിലെ ജീവിത കർമ്മഫലമായിട്ടാണ് ഒരാത്മാവിന് അടുത്ത ഒരു ജന്മം കിട്ടുന്നത്. 

ഈ ജന്മം മനുഷ്യനായതുകൊണ്ട് അടുത്ത ജന്മവും മനുഷ്യനാകണമെന്ന് യാതൊരു നിർബന്ധവും ഇല്ലായെന്ന് ശാസ്ത്രം പറയുന്നു. ഈ ജന്മം സത്വഗുണപ്രധാനിയായി ജീവിയ്ക്കാൻ കഴിഞ്ഞാൽ, അടുത്ത ജന്മം ചിലപ്പോൾ ഏതെങ്കിലും ദേവ വിഭാഗത്തിലോ ( ഗന്ധർവ്വ സിദ്ധ ചാരണ പിതൃ എന്നിങ്ങനെ) അല്ലെങ്കിൽ മനുഷ്യനായി തന്നെ സന്യാസി യോഗി എന്ന നിലയിൽ സൽക്കർമ്മങ്ങൾ ചെയ്ത് പരമപദം പൂകുകയോ ചെയ്യാമെന്നു ശാസ്ത്രം പറയുന്നു. ഇങ്ങനെ സൽക്കർമ്മങ്ങൾ ചെയ്യണമെങ്കിൽ നമ്മുടെ അന്തക്കരണം ശുദ്ധമായിരിയ്ക്കണം. അന്തക്കരണം ശുദ്ധമാകണമെങ്കിൽ നല്ല ചിന്തകളുണ്ടാകണം. നല്ല ചിന്തകളുണ്ടാക്കുന്നതിന് ഇന്ദ്രിയങ്ങളും മനസ്സും നിയന്ത്രിതമാകണം. ഇതിനായി ശുദ്ധമായ സാത്വികഭക്ഷണം വേണം. ഇതിനേക്കുറിച്ച് ഇതിനു മുൻപും സൂചിപ്പിച്ചിട്ടുണ്ട്. എന്നാലും സന്ദർഭവശാൽ വേണ്ടി വരുന്നു. സസ്യേതര ഭക്ഷണം (മാംസാഹാരം) പരിപൂർണ്ണമായി ഒഴിവാക്കുക. ഉപ്പ് പുളി എരിവ് മസാലകൾ കൂടുതൽ ചൂട് കൂടുതൽ തണുപ്പ് എന്നിവയെല്ലാം നിയന്ത്രിയ്ക്കുക. പാൽ ഉൽപ്പന്നങ്ങൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ ചെറുപയർ തേൻ ബദാം ഇങ്ങനെയുള്ള ആഹാരങ്ങൾ സത്വഗുണത്തെ വളർത്തുന്നതാണ്. കഴിയുന്നതും ആഹാരത്തിന് സമയ ക്രമം പാലിയ്ക്കുക. അരവയർ ആഹാരവും കാൽവയർ വെള്ളവും എന്നതാണ് ശരിയായരീതിയെന്ന് ശാസ്ത്രം പറയുന്നു. ഇങ്ങനെയാക്കുമ്പോൾ ശാരീരികമായുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. വയറു നിറച്ചാഹാരം കഴിച്ചാൽ ക്ഷീണമുണ്ടാകും. വയറു നിറച്ചു കഴിയ്ക്കുന്ന ആഹാരത്തിൽ നിന്നും നമുക്കു കിട്ടുന്ന എനർജിയേക്കാൾ കൂടുതൽ, ആ ആഹാരം ദഹിപ്പിയ്ക്കാനുള്ള പ്രാണോർജ്ജം ചിലപ്പോൾ ശരീരത്തിൽ നിന്നും ചിലവഴിയ്ക്കേണ്ടിയും വന്നേക്കാം. അതിനോടനുബന്ധിച്ച് പല വിധ ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകാനുള്ള സാധ്യതയേറും. ഇന്ദ്രിയങ്ങളെ കൂടുതലായി ഉണർത്തുന്ന പ്രവൃത്തികളിൽ നിന്നും കഴിവതും ഒഴിവാകുക. വേദോക്തമല്ലാത്ത കാര്യങ്ങൾ വർജ്ജിയ്ക്കുക. ഇങ്ങനെയൊക്കെ ആയാൽ സത്വഗുണത്തിലേയ്ക്ക് എത്താൻ സാധിയ്ക്കുമെന്ന് ശാസ്ത്രം അനുശാസിയ്ക്കുന്നു.

 രജോഗുണം 
 ഇത് മാനുഷികമാണ്. ജീവൻ രജോഗുണയുക്തമാണ്. അതുകൊണ്ട് ജീവികൾ കർമ്മനിരതരുമാണ്. കർമ്മം മനുഷ്യന്റെ ധർമ്മവുമാണ്. ആർഭാടങ്ങളിലും അഡംബരങ്ങളിലും ഇഷ്ടപ്പെടുക, ഇന്ദ്രിയസുഖങ്ങളിൽ ആകൃഷ്ടനാകുക, സുഖ പൂർത്തികരണത്തിനായി പണം ചിലവഴിയ്ക്കുക, ആ പണം സമ്പാദിയ്ക്കാനായി പ്രവർത്തിയ്ക്കുക. എരിവ്, പുളി, ഉപ്പ്, മസാലകൾ എന്നിങ്ങനെയുള്ള രുചികളിൽ താൽപ്പര്യം തോന്നുക, എന്തും ഏതും സ്വന്തമാക്കണമെന്നുള്ള അടങ്ങാത്ത ആവേശം, മറ്റുള്ളവരുടെ സമ്പത്തുകൂടി എങ്ങിനേയും സ്വന്തമാക്കണമെന്നുള്ള അടങ്ങാത്ത അത്യാർത്തി. ഞാൻ ധർമ്മിഷ്ടനാണെന്നും, നല്ലവനാണെന്നും മറ്റുള്ളവരെ ധരിപ്പിയ്ക്കാനുള്ള അശ്രാന്ത പരിശ്രമം. പേരും പ്രശസ്തിയും സമ്പാദിയ്ക്കാൻ വേണ്ടി എന്തും ചെയ്യാനുള്ള സന്നദ്ധത, പണം എത്രയായാലും മതിയാകാത്ത സ്വഭാവം, മറ്റുള്ളവരോടു പുച്ഛവും നിന്ദ്യമായ പെരുമാറ്റവും, മാതാപിതാ ഗുരു കാരണവന്മാരെ ബഹുമാനിയ്ക്കാൻ വിമുഖത, ഞാനാണ് എല്ലാം എന്ന അഹന്ത, വേദോക്ത ധർമ്മളോടുള്ള അവജ്ഞ, എനിയ്ക്ക് എല്ലാമറിയാം എന്നുള്ള ഡംഭ്, മദ്യമാംസാദി ഭക്ഷണത്തോടു താല്പര്യം, എന്നിവയെല്ലാം രജോഗുണത്തിന്റെ വ്യാപാരങ്ങളാണ്. ഇങ്ങനെയുള്ള ഗുണങ്ങളുടെ ന്യൂനാധിക്യത്തെ ആശ്രയിച്ചായിരിയ്ക്കും അടുത്തൊരു ജന്മത്തിന്റെ ലഭ്യത. അത് മനുഷ്യനോ മനുഷ്യനിൽ തന്നെ ഉർന്നു താഴ്ന്ന വിഭാഗങ്ങളിലോ മറ്റേതെങ്കിലും ഉയർന്ന ജന്തുവിഭാഗത്തിലോ ജന്മം സിദ്ധിച്ചേക്കാം.

തമോഗുണം   ഇത് ജന്തുസഹജമാണ്. അജ്ഞാനമാണ്, ഇരുളാണ്, അലസതയാണ്, ക്രൂരതയാണ്. ഈശ്വരവിശ്വാസമോ, പ്രാർത്ഥനയോ ഇല്ലാതിരിയ്ക്കുക, മാതാപിതാ ഗുരു കാരണവന്മാരെ അനുസരിയ്ക്കാതിരിയ്ക്കുക, വേദപുരാണ ധർമ്മശാസ്ത്രങ്ങളെ നിന്ദിയ്ക്കുക, മറ്റുള്ളവർക്കുവേണ്ടി തന്റെ കൈയ്യിൽ നിന്നും ഒന്നും ചില വഴിയ്ക്കില്ലെന്ന ദൃഢനിശ്ചയം, പരസ്പര ധാരണയോ, സഹായമോ, വിശ്വാസമോ ഇല്ലാത്ത സ്വഭാവം, മദ്യമാംസാദി ഭക്ഷണത്തിലും പഴകിയതും ദുർഗന്ധമുള്ളതുമായ ഭക്ഷണത്തിലും താല്പര്യം. തൊഴിലിനോട് താല്പര്യക്കുറവ്, ജോലിചെയ്യാൻ മടി, ഉറങ്ങുന്നതിൽ വളരെ താല്പര്യം ഇങ്ങനെയുള്ളതെല്ലാം തമോഗുണ സ്വഭാവമാണ്. ഇങ്ങനെയുള്ളവർ കിട്ടിയ മനുഷ്യ ജന്മം കഴിയുമെങ്കിൽ ആലോചിച്ച് ഉപരി ഗുണത്തെ സ്വീകരിയ്ക്കാൻ ശ്രമിയ്ക്കാതെ താഴോട്ടു താഴോട്ടു പോയാൽ, വരും ജന്മം ഏതെങ്കിലും ജന്തുവിന്റേതാകാൻ സാദ്ധ്യതയേറും.

 ഈ പറഞ്ഞതെല്ലാം ഭാരോ ഗുണങ്ങൾ അധികരിയ്ക്കുമ്പോഴത്തെ രീതിയാണ്. ഓരോന്നിന്റെയും ആധിക്യം വളരെ കുറവെ കാണുകയുള്ളു. സമ്മിശ്രമാണ് സാധാരണ ജീവിതത്തിൽ കണ്ടു വരുന്നത്. എന്നാലും ചിലരിൽ ചില സ്വഭാവം മുന്നിട്ടു നിൽക്കുന്നതു കാണാം.

 ഇങ്ങനെ ഗുണങ്ങളുടെ സ്വരൂപവും, സ്വഭാവവും, ശരിയ്ക്കും മനസ്സിലാക്കി കുട്ടികളെ ചെറുപ്പം മുതൽ തന്നെ ആഹാരകാര്യങ്ങളിലും, ജീവിത രീതിയിലും വളരെ ശ്രദ്ധ ചെലുത്തി വളർത്തിയെടുത്താൽ അവർ നമുക്കും രാജ്യത്തിനും മുതൽകുട്ടായിരിയ്ക്കും. ഇല്ലെങ്കിൽ ചിലപ്പോൾ ഒരു ശാപവുമായിരിയ്ക്കും.

 നിത്യജീവിതത്തിൽ വേണ്ടുന്ന ആചാരാനുഷ്ടാനങ്ങൾ ഒഴിവക്കാതിരിയ്ക്കുക, പ്രാത സായംസന്ധ്യ കളിലുള്ള ടെലിവിഷൻ പ്രോഗ്രാമുകൾ നിർബന്ധമായും ഒഴിവാക്കുക, ഈശ്വരാരാധന പോലെ തന്നെ ഈശ്വരനെയും, മാതാപിതാ ഗുരു കാരണവന്മാരേയും നമസ്ക്കരിയ്ക്കാൻ കുട്ടികളെ ശീലിപ്പിയ്ക്കേണ്ടത് വളരെ ആവശ്യം തന്നെയാണ്. നമസ്കരിയ്ക്കാൻ തല കുനിയുമ്പോൾ നമ്മിലുള്ള അഹങ്കാരം കുറയുകയും, തദ്സ്ഥാനത്ത് സത്വഗുണം വ്യാപിയ്ക്കുകയും ചെയ്യും.

 സനാതന ധർമ്മത്തിന്റെ ഉറവിടമായ ഭാരതീയ സംസ്കാരം എന്തെന്ന് തിരിച്ചറിയാൻ കഴിയാത്ത ഇന്നത്തെ ഭാരതീയ സമുഹത്തിലെ ബഹുഭൂരിപക്ഷവും സ്വീകരിച്ചിരിയ്ക്കുന്ന മദ്യ മാംസാദി ഭക്ഷണങ്ങൾ, സനാതന ധർമ്മാടിസ്ഥാനത്തിൽ പഞ്ചമഹാപാപം എന്നറിയപ്പെടുന്നതിൽ രണ്ടു മഹാപാപങ്ങളാണ്. ഇതു കൂടാതെയുള്ളത് ബ്രഹ്മഹത്യയും, മോഷണവും, ഗുരുപത്നിയെ പ്രാപിയ്ക്കലുമാണെന്ന് പറയുന്നു.

 ഇങ്ങനെ ഗുണങ്ങൾ എന്താണ് എന്തിനാണ് അതിന്റെ ഗുണ ദോഷങ്ങൾ എന്തൊക്കെയാണ്, ഇതു നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിയ്ക്കും, ആഹാരത്തിന്റെ പ്രാധാന്യമെന്താണ് , ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചെല്ലാം ചെറുതായിട്ടെങ്കിലും ഒരു ധാരണ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ, കുറച്ചു നാൾ ഇതൊന്നു പരീക്ഷിച്ചു നോക്കി അനുഭവത്തിൽക്കൂടി മനസ്സിലാക്കുക. ഏതൊരു മനുഷ്യനും ആണായാലും പെണ്ണായാലും മനസ്സിനെ നിയന്ത്രിയ്ക്കുക എന്നതാണ് ജീവിത വിജയ രഹസ്യം.

 മേൽപ്പറഞ്ഞ ഗുണങ്ങളാൽ രൂപം കൊള്ളുന്ന മനസ്സിനെ നിയന്ത്രിയ്ക്കുക എന്നത്, അതേ ഗുണത്താൽത്തന്നെ അത്രയെളുപ്പമുള്ള കാര്യമല്ല, ജീവിതത്തിൽ ശരിയും, തെറ്റും, സുഖവും, ദുഃഖവുമെല്ലാം ഓരോരുത്തരുടെ സ്വഭാവത്തെ ആശ്രയിച്ചാണ് രൂപപ്പെടുന്നത്. പുകവലി മദ്യപാനം പൂതുകളി മറ്റു ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം, ഇതെല്ലാം ചെയ്യുന്നവർക്ക് ഇതൊന്നും തെറ്റായി തോന്നാറില്ല. ഇത് മേൽ പറഞ്ഞ ഓരോ ഗുണങ്ങളുടെ പ്രത്യേകതകളാണ്. ഇങ്ങനെയുള്ള ഗുണങ്ങളിലകപ്പെട്ട് അതിൽ നിന്നും രക്ഷപ്പെടണമെന്ന് ആഗ്രഹിയ്ക്കുകയും, എന്നാൽ രക്ഷപ്പെടാൻ കഴിയാത്തതുമായ അവസ്ഥയുണ്ടെങ്കിൽ അതിനും ശാസ്ത്രം വഴി കാണിയ്ക്കുന്നുണ്ട്. അതാണ് യോഗ.

യോഗ എന്നാൽ എന്താണ്  - 1

 ഇങ്ങനെയുള്ള ഗുണങ്ങളിൽ അകപ്പെട്ട്, അതിൽ നിന്നും രക്ഷപ്പെടണം എന്നാഗ്രഹിയ്ക്കുകയും, എന്നാൽ കഴിയാത്തതുമായ അവസ്ഥ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതിനും ശാസ്ത്രം വഴി കാണിയ്ക്കുന്നുണ്ട്. അതാണ് യോഗ ഇങ്ങനെയാണ് ത്രിഗുണങ്ങൾ എന്ന ഭാഗം നിർത്തിയത്.
 യോഗ എന്ന വാക്കിന്റെ ശരിയായ അർത്ഥവും, ലക്ഷ്യവും യോഗം എന്നാണ്. യോഗം എന്നാൽ = ലയനം, കൂടിചേരൽ എന്നെല്ലാം അർത്ഥം പറയാം. ഇവിടെ ഒരു മനുഷ്യ ശരീരത്തിൽ നിലകൊള്ളുന്ന ജീവാത്മാവിനേയും, പരമാത്മാവിനേയുമാണ് ഉദ്ദേശിയ്ക്കുന്നത്. ഇവർ തമ്മിലുള്ള കൂടിച്ചേരൽ (ലയനം) അല്ലെങ്കിൽ യോഗം ആണ് ഇവിടെ ലക്ഷ്യമാക്കുന്നത്. ഇങ്ങനെ യോഗം സംഭവിയ്ക്കുമ്പോൾ വൈദീക സിദ്ധാന്തമായ മോക്ഷം പ്രാപിയ്ക്കുന്നു. അതിലേയ്ക്ക് വേണ്ടിയുള്ള യോഗ എന്ന പ്രവർത്തിയ്ക്ക് എട്ട് അംഗങ്ങൾ ഉള്ളതു കൊണ്ട് അഷ്ടാംഗയോഗ എന്നറിയപ്പെടുന്നു. ആ എട്ടംഗങ്ങൾ താഴെ പറയുന്നവയാണ്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ് എട്ട് അംഗങ്ങൾ. ഇതിൽ യമം ശരീരത്തിന്റെ ബാഹ്യശുദ്ധിയും, നിയമം അന്തരികശുദ്ധിയും, ആസനം ഇരിപ്പിന്റെ രീതിയും, പ്രാണായാമം എന്നാൽ പ്രാണനെ നിയന്ത്രിയക്കലും, പ്രത്യാഹാരമെന്നാൽ ഇന്ദ്രിയങ്ങളെ നിയന്ത്രിയ്ക്കലും, ധാരണയെന്നാൽ ഈശ്വരരൂപത്തെ തിരിച്ചറിയലും, (മനസ്സിനെ ഉറപ്പിയ്ക്കൽ) ധ്യാനം എന്നാൽ സ്ഥൂലമോ, സൂക്ഷ്മമോ ആയ ഏതെങ്കിലും ഒന്നിനെക്കുറിച്ച് ചിത്തത്തിൽ കൂടിയുള്ള ഉടമുറിയാത്ത ഒഴുക്കും, സമാധി എന്നാൽ പരബ്രഹ്മത്തിൽ (പരമാത്മാവിൽ) അന്തക്കരണത്തെ ലയിപ്പിയ്ക്കലുമാണ്.

 ശരിയ്ക്കും പറഞ്ഞാൽ യോഗയെക്കുറിച്ച് ഇന്നത്തെ സമൂഹത്തിന് കാര്യമായ അറിവൊന്നുമില്ല എന്നാണ് മനസ്സിലാകുന്നത്. സന്തോഷവും, സംതൃപ്തിയും, ആരോഗ്യവും, ആനന്ദവും, ആയുസ്സും, സൗന്ദര്യവും, ശാന്തതയും, ധൈര്യവും, മനോനിയന്ത്രണവും എല്ലാം ഇഷ്ടാനുസരണം കരഗതമാക്കാൻ സാധിയ്ക്കുന്ന ഒന്നാണ് യോഗാഭ്യാസം. എന്നാൽ ഇന്ന് ഇതൊരു ബിസ്സിനസ്സ് ആയി മാറിയിരിയ്ക്കുന്നു. ഇന്ന് ഇതു പോലുള്ള ശാസ്ത്രത്തേയും സമൂഹം വാണിജ്യവൽക്കരിച്ച് പണം സമ്പാദിയ്ക്കുന്നു. ഇതിനു കാരണം ശാസ്ത്രജ്ഞാനം വേണ്ടവിധം ഇല്ലായ്മ തന്നെ. ഇവിടെ ശാസ്ത്രജ്ഞാനം എന്നുദ്ദേശിയ്ക്കുന്നത് വേദാന്തർഗതമായ ശാസ്ത്രത്തിലുള്ള വിശേഷജ്ഞാനത്തെയാണ്. സാമാന്യജ്ഞാനം എല്ലാവർക്കുമുണ്ട്. ഇന്ന് പലപേരിലും, പലവിധത്തിലുമുള്ള യോഗകൾഉണ്ട്. യോഗ എന്താണെന്നും, എങ്ങനെയാണെന്നും, എന്തിനാണെന്നും, അവനവനു ലഭിച്ച ശരീരം പരീക്ഷണശാലയാക്കി മാറ്റി, ആ പരീക്ഷണങ്ങളിൽ കൂടി അനുഭവിച്ചറിഞ്ഞതിനെ മനുഷ്യ സമുദായത്തിന്റെ സമുന്നതിയ്ക്കുവേണ്ടി സമർപ്പിച്ച ശ്രീ പതംജലിമഹർഷിയോ, ശ്രീ ദത്താത്രേയ മഹർഷായോ, യാജ്ഞവൽക്ക മഹർഷിയോ ഇതു പോലുള്ള മറ്റു മഹർഷി ശ്രേഷ്ഠന്മാരോ വിഭാവന ചെയ്തതു പോലുള്ള യോഗ ഇന്നുണ്ടാകുമോ എന്നറിയില്ല. ഇന്ന് ഇതിലെല്ലാം ഓരോരുത്തർ അവരവരുടേതായ രീതിയിൽ പലതും കൂട്ടി ചേർത്ത് പല പാക്കേജാക്കി മാറ്റി, അതിന് ഹോഴ്സെയിൽ പ്രൈസ്സും, റീടെയിൽ പ്രൈസും നിശ്ചയിച്ച് കച്ചവടം ചെയ്തുകൊണ്ടിരിയ്ക്കുന്നു. ഇങ്ങനെയുള്ള കച്ചവടക്കാരിലധികവും യോഗ എന്ന വാക്കിന്റെ ശരി അർത്ഥമോ, ലക്ഷ്യമോ അറിയാവുന്നവരല്ല. ഇന്ന് സമൂഹത്തിന് യോഗയെക്കുറിച്ചുള്ള ധാരണ പചതരത്തിലാണ്. ചിലർ ധരിയ്ക്കുന്നു ഇതു സാധാരണക്കാർക്കു പറ്റാത്ത വളരെ ബുദ്ധിമുട്ടുള്ള എന്തോ ഒന്നാണെന്ന്. മറ്റു ചിലർ ഇതിനെ ഒരു വ്യായാമമായി കാണുന്നു. ചിലർ ഇതിനെ എന്തോ ചികിത്സയായി കാണുന്നു. ചിലർ ഇതിനെ സന്യാസിമാർക്കുള്ളതായി മാറ്റിവയ്ക്കുന്നു. ചിലർ ഇതിൽ എന്തോ ചില കാര്യങ്ങളൊക്കെ ഉള്ളതുപോലെ കരുതുന്നു. ഇങ്ങനെ വ്യക്തമായ അറിവോ, ധാരണയോ ഇല്ലാത്തതു കൊണ്ടും, ഇന്ന് സമൂഹത്തിൽ ഇതിനെക്കുറിച്ച് വലിയ അറിവില്ല എന്നറിയാവുന്ന ചിലർ ഇതിനെ പലവിധ പായ്ക്കാക്കി വലിയ വിലയ്ക്കു വിറ്റ് പണം സമ്പാദിയ്ക്കുന്നതു കൊണ്ടും, കൊടുക്കുന്ന പണത്തിനുള്ള പ്രയോജനം കൂടുതലാർക്കും കിട്ടാത്തതു കൊണ്ടും, ഇത് പഠിപ്പിയ്ക്കുന്നവരിൽ പലർക്കും വിശദമായി മറ്റുള്ളവരെ പറഞ്ഞുമനസ്സിലാക്കാൻ കഴിവും, അറിവും ഇല്ലാത്തതിനാലും യോഗ ജനകീയമാകുന്നില്ല.

 യോഗ ഒരു വ്യായാമമോ, (എക്സർസൈസ്) ചികിത്സയോ അല്ല. വ്യായാമം, നടപ്പ്, ജിംനേഷ്യം ഇങ്ങനെയുളളതൊന്നും യോഗയുമായി ഒരു ബന്ധവുമുള്ളതല്ല. ഒന്നാമതായി ഈ പറഞ്ഞതിനെല്ലാം ശരീരത്തെ പ്രാണോർജ്ജം നഷ്ടകപ്പെടുന്നു. യോഗയിൽക്കൂടി പ്രാണോർജ്ജം ആർജിയ്ക്കുന്നു. നാം യോഗ ആഹാരം പോലെ തന്നെ നിത്യജീവിതത്തിൽ ഉൾക്കൊള്ളിയ്ക്കേണ്ട ഒരു ജീവിതചര്യയാണ്. കാരണം ഏതൊരു ശരീരത്തിലും രോഗം ബാധിയ്ക്കുന്നത് വാതപിത്തകഫങ്ങളുടെ അസന്തുലനതയാണ്. ഇതിനു കാരണം നാടീ ഗ്രന്ഥികളുടെ പ്രവർത്തന വൈകല്യമാണ്. നമ്മുടെ ശരീരം സ്ഥൂലം, സൂക്ഷ്മം, അതിസൂക്ഷ്മം (കാരണം) എന്നിങ്ങനെ മുന്നായി മുന്നു തരത്തിലാണ്. വ്യായാമം, നടപ്പ്, ജിംനേഷ്യം ഇതെല്ലാം സ്ഥൂല (പുറമേയുള്ള) ശരീരത്തെ മാത്രമേ ബാധിയ്ക്കുകയുള്ളു. ശരീരത്തിനകത്തുള്ള പ്രവർത്തനം സൂക്ഷ്മമാണ്. വ്യായാമത്തിനോ, നടപ്പിനോ, ജിംനേഷ്യത്തിനോ സൂക്ഷ്മപ്രവർത്തനത്തെ ബാധിയ്ക്കാൻ സാധിയ്ക്കില്ല. കാരണം സൂക്ഷ്മ പ്രവർത്തനത്തിന് ശ്വാസോച്ഛ്വാസത്തിന്റെ നിയന്ത്രണം വളരെ പ്രധാനമാണ്. യോഗാസനങ്ങൾ ശരീരത്തിന്റെ അകത്തും, പുറത്തുമുള്ള സ്ഥൂല ഭാഗങ്ങളെ ശക്തിപ്പെടുത്തുകയും, അതോടൊപ്പം ശ്വാസോച്ഛാസത്തിന്റെ നിയന്ത്രണത്താൽ വാത പിത്ത കഫങ്ങളെ നിയത്രിച്ച് ശരീരത്തെ രോഗങ്ങളിൽ നിന്നും സംരക്ഷിയ്ക്കുകയും ചെയ്യുന്നു. അതോടൊപ്പം എന്തെങ്കിലും രോഗങ്ങളുണ്ടെങ്കിൽ, ആ രോഗത്തെ നിയന്ത്രിയ്ക്കാൻ നിർദ്ദേശിച്ചിട്ടുള്ള യോഗാസനങ്ങൾ ചെയ്ത് ആ രോഗത്തെ നിയന്ത്രിയ്ക്കുകയുമാകാം. ചില യോഗകൾ ചില രോഗങ്ങളുള്ളപ്പോൾ ചെയ്യാൻ പാടില്ല. അങ്ങിനെയുള്ളത് നാം തിരിച്ചറിയണം. യോഗ ശാസ്ത്രീയമായി പഠിച്ചവരിൽനിന്നും അഭ്യസിയ്ക്കണം. ഉദാ: വാതത്തിന്റെ ബുദ്ധിമുട്ടുള്ളവരും, എന്തെങ്കിലും ഹൃദ്രോഗമുള്ളവരും, അകത്തോട്ടു വളഞ്ഞുള്ള യോഗാസനങ്ങൾ ചെയ്താൽ രോഗശമനം ഉണ്ടാകില്ല എന്നു പറയുന്നു. ചിലപ്പോൾ രോഗം കൂടുകയും ചെയ്യും. ഇതിനു കാരണം നാം അറിയുകയുമില്ല.

 നമ്മുടെ ശരീരത്തിനകത്തുള്ള സ്ഥൂല രൂപമായ ഗ്രന്ഥികളും, നാഡികളും, സൂക്ഷ്മ രൂപമായ നാഡികളും, മനസ്സ്, ബുദ്ധി, ചിത്തം എന്നിവയും ശുദ്ധമാകണമെങ്കിൽ പ്രാണായാമം തന്നെ വേണം. സൂക്ഷ്മാവയവങ്ങളെ ശുദ്ധീകരിയ്ക്കാൻ പ്രാണായാമ മല്ലാതെ വേറെ മാർഗ്ഗങ്ങളൊന്നും ഇന്നുവരെ ലോകത്തിലില്ല. കൃത്യമായി യോഗയും പ്രാണായാമവും ചെയ്യുന്ന ഒരാളിന്റെ ഒരു മുടി പോലും നരയ്ക്കില്ല. ജര ബാധിയ്ക്കില്ല. എന്നു പറഞ്ഞാൽ തൊലിയ്ക്ക് ചുളിവുണ്ടാവില്ല. നല്ല നിറവും ശബ്ദശുദ്ധിയും ഉണ്ടാകും. ശരീരത്തിന് രൂപഭംഗി ഉണ്ടാകും. ഓർമ്മക്കുറവ് ഉണ്ടാകില്ല. യുവത്വം നിലനിർത്താൻ കഴിയും. ചിട്ടയോടു കൂടി കൃത്യമായിട്ട് യോഗാസനങ്ങളും, പ്രാണായാമവും, ധ്യാനവും ചെയ്താൽ ശരീരത്തെ പ്രായം ബാധിയ്ക്കാതെ യുവത്വം നിലനിർത്തി ആരോഗ്യ ദൃഢഗാത്രനായി ജീവിതം ആസ്വദിയ്ക്കാൻ കഴിയും. മരണ സമയം ആരേയും ബുദ്ധിമുട്ടിയ്ക്കാതെയും, കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിയ്കാതേയും ഇവിടെ നിന്നും യാത്ര പറഞ്ഞു പോകാൻ സാധിയ്ക്കുമെന്നത് ജീവിതത്തിന്റെ ഏറ്റവും വലിയ ഭാഗ്യം. ഇതെങ്ങനെയെന്നാൽ, പ്രായമാകുംതോറും നമ്മുടെ ശരീരത്തിലെ നാഡി ഗ്രന്ഥികൾ കഫം നിറഞ്ഞ് ക്ഷയിച്ചു കൊണ്ടിരിയ്ക്കും. ഇതെ തുടർന്ന് ചുമയുണ്ടാകും. ചുമ കൂടിവരുമ്പോൾ അത് ശ്വാസോച്ഛ്വാസത്തെ ബാധിയ്ക്കും. ശ്വാസോച്ഛ്വാസത്തിന്റെ തടസ്സം ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിയ്ക്കും. തന്മൂലം രക്തത്തിന്റെ ഓക്സീകരണവും, ശരീരഭാഗങ്ങളിലേയ്ക്കുള്ള രക്തപ്രവാഹവും കുറയും. ഇതേ തുടർന്ന് കോശങ്ങൾ സാവധാനം പ്രവർത്തനരഹിതമായി ക്കൊണ്ടിരിയ്ക്കും. ഇങ്ങനെയൊക്കെയാകുമ്പോൾ വാത പിത്ത കഫങ്ങൾ അസന്തുലിതമാകും. അപ്പോൾ ജഢരാഗ്നി മന്ദീഭവിയ്ക്കുകയും തുടർന്ന് ദഹനവും, വിശ്രമവും കുറയുകയും ചെയ്യും. ഇങ്ങനെയാകുമ്പോൾ കുടലുകളിൽ വസ്തുക്കൾ അടിഞ്ഞുകൂടുകയും, അതിൽ നിന്നും പലവിധ രോഗങ്ങൾ ഉടലെടുക്കുകയും ചെയ്യും. ഇതേ തുടർന്ന് ശരീരത്തിലെ അത്മീയ കേന്ദ്രങ്ങൾ മലിനമാകും. അപ്പോൾ ശരീരത്തിന്റെ പ്രവർത്തനം ആകെ മന്ദഗതിയിലാകും. ഇതേ തുടർന്ന് ശരിയായ രീതിയിൽ ശ്വാസം കഴിയ്ക്കാൻ സാധിയ്ക്കാതെ, ചുമച്ചു ചുമച്ച് കരകര ശബ്ദമുണ്ടാക്കി, പലവിധ രോഗങ്ങളാൽ ശരീരവും മനസ്സും തളർന്ന് വളരെ ദയനീയമായ കൺമിഴികളോടെ മറ്റുള്ളവരുടെ സഹതാപവും, വെറുപ്പും സ്വീകരിയ്ക്കേണ്ട അവസ്ഥയുണ്ടാകും. ഇതു വേണമോ എന്നാലോചിയ്ക്കുക.

 ഇതേ തുടർന്ന് ശരിയായ രീതിയിൽ ശ്വാസം കഴിയ്ക്കാൻ സാധിയ്ക്കാതെ ചുമച്ചു ചുമച്ച് കര കര ശബ്ദമുണ്ടാക്കി, പലവിധ രോഗങ്ങളാൽ ശരീരവും മനസ്സും തളർന്ന് വളരെ ദയനീയമായ മിഴികളോടെ മറ്റുള്ളവരുടെ സഹതാപവും, വെറുപ്പും സ്വീകരിയ്ക്കേണ്ട അവസ്ഥയുണ്ടാകാം. അതു വേണമോ എന്നാലോചിയ്ക്കുക. ഇങ്ങനെയാണ് യോഗ ഒന്നാം ഭാഗം നിർത്തിയത്.

 യോഗാ പ്രാണായാമങ്ങൾ ഗ്രന്ഥി നാഡികളെ ശുദ്ധിയാക്കുന്നു. ഗ്രന്ഥികൾ ശുദ്ധീകരിയ്ക്കപ്പെടുമ്പോൾ ശരീരത്തിനാവശ്യമായ എല്ലാവിധ ഹോർമോണുകളും ഉൽപ്പാദിപ്പിയ്ക്കപ്പെടുന്നു. അതിനാൽ ശരീര പ്രവർത്തനം കാര്യക്ഷമമാകുന്നു. ഇതിനോടു കൂടി നാഡികളും ശുദ്ധീകരിയ്ക്കപ്പെടുമ്പോൾ, മനസ്സ് ബുദ്ധി ചിത്തം ഇങ്ങനെയുള്ള സൂക്ഷ്മാവയവങ്ങൾ ശുദ്ധമാകുന്നു. അപ്പോൾ ശ്വസന പ്രവർത്തനം സുഗമമാകുന്നു. ശ്വസന വ്യവസ്ഥ സുഗമമാകുമ്പോൾ ഹൃദയ പ്രവർത്തനവും, രക്തചംക്രമണവ്യവസ്ഥയും തുടർന്ന് തലച്ചോറിൻ്റെ പ്രവർത്തനവും കാര്യക്ഷമമാകുന്നു. നാഡീ ഗ്രന്ഥികളുടെ പ്രവർത്തനക്ഷമതയാലും, രക്തചംക്രമണവ്യവസ്ഥ സുഗമമാകുന്നതു കൊണ്ടും ദഹനവിരേചന വ്യവസ്ഥകളും, വാതപിത്തകഫങ്ങളും നിയന്ത്രണാധീനമാകുന്നു. ഇങ്ങനെ ശാരീരിക പ്രവർത്തനങ്ങൾ ശരിയാകുമ്പോൾ ആത്മീയ കേന്ദ്രങ്ങൾ പ്രകാശിയ്ക്കുന്നു. തന്മൂലം രോഗങ്ങളിൽ നിന്നും രക്ഷ നേടാനും, ആരോഗ്യത്തോടെ ജീവിയ്ക്കാനും മറ്റാരേയും കൂടുതൽ ബുദ്ധിമുട്ടിയ്ക്കാതെ സുഖമായി മരിയ്ക്കാനും കഴിയുമെന്ന് ശാസ്ത്രം അനുശാസിയ്ക്കുന്നു. യോഗയുടെ നിയമങ്ങളനുസരിച്ച് യോഗശീലിച്ച് കൃത്യമായി അനുഷ്ടിയ്ക്കുന്ന ഒരാൾക്ക് ജീവിതത്തിൽ ശാരീരികമോ, മാനസികമോ, സാമ്പത്തികമോ അതുപോലെ മറ്റു യാതൊരു വിധത്തിലോ ഉള്ള ബുദ്ധിമുട്ടുകളോ ഉണ്ടാകാത്ത വിധം ആവശ്യമായ ഈശ്വരാനുഗ്രഹം ഉണ്ടാകുമെന്ന് ശാസ്ത്രം പറയുന്നു.
 ഇതെങ്ങനെയെന്നാൽ ശരീരത്തിൻ്റെ സ്ഥൂല പ്രവർത്തനം ഭൗതീകവും, സൂക്ഷ്മ പ്രവർത്തനം ആത്മീയവും (ഈശ്വരീയവും) ആണ്. അതായത് ഈ ശരീരത്തിൻ്റെ ചലനം ഈശ്വര നിശ്ചയാനുസരണമാണ്. ഈ ശരീരത്തിൽ നിലകൊള്ളുന്ന ഈശ്വരാംശത്തിൻ്റെ നിലനിൽപിന് ഈ ശരീരത്തിൻ്റെ ബലവും, ആരോഗ്യവും, ആവശ്യമാണ്. അപ്പോൾ ഈശ്വരാംശത്തിൻ്റെ നിലനിൽപിനാവശ്യമായ യോഗാദി കാര്യങ്ങളും, പ്രാണായാമം ധാരണ ധ്യാനം തുടങ്ങിയുള്ള ഈശ്വരീയമായ സാധകളും ചെയ്യുമ്പോൾ, അവർക്കാവശ്യമായ എല്ലാ അനുഗ്രഹങ്ങളും കിട്ടുക തന്നെ ചെയ്യും. കർമ്മത്തിനുള്ള ഫലം മറ്റെവിടെയും പോകില്ല. ഇങ്ങനെയുള്ള നന്മ തിന്മകളടങ്ങിയ കർമ്മങ്ങളുടെ ഫലംതന്നെയാണ് നമ്മുടെ ജീവിതാനുഭവങ്ങൾ. 

 ഇനിയും ഇതിനു മുൻപ് സൂചിപ്പിച്ചിട്ടുള്ള എട്ട് അംഗങ്ങളെക്കുറിച്ച് ചെറുതായി വിവരിയ്ക്കാം.
 (1) യമം :- യമത്തിനു പത്തു വിഭാഗങ്ങളെ
പറയുന്നു. സത്യം, അഹിംസ, ആസ്തേയം, ദയ, ആർജ്ജവം, ബ്രഹ്മചര്യം, ക്ഷമ, ധൃതി, മിതാഹാരം, ശൗചം. 1a, സത്യം ഈ ലോകത്ത് സർവ്വശക്കനായ സർവ്വേശ്വൻനൊഴിച്ച് ബാക്കിയെല്ലാം രണ്ടോ അതിലധികമോ ഉണ്ട്. ഇതെങ്ങനെയെന്നാൽ, ഈ ലോകം വൈദീകമെന്നും, ( വേദപരമായ, ഈശ്വരീയമായ) ഭൗതീകമെന്നും ( ഭൂത സംബന്ധമായ = പഞ്ചഭൂത സംബന്ധമായ) രണ്ടു വിധമാണ്. വൈദീകമായിട്ടു പറഞ്ഞാൽ - സത്യം ഈ ലോകത്തിൽ ഒന്നേയുള്ളു. സത്യസ്വരൂപനായ പരമാത്മാവ് മാത്രം. ഭൗതീകമായിട്ടു പറഞ്ഞാൽ, നാം നേരിട്ടു കണ്ടതും, കേട്ടതും, മറ്റു രീതികളിൽ നേരിട്ട് അനുഭവമുള്ളതുമായ കാര്യങ്ങൾ തുറന്നു പറയുന്നതിനെ സത്യമെന്നു വേണമെങ്കിൽ പറയാം. തുടക്കത്തിൽ സത്യത്തെക്കുറിച്ച് ഒരു നിർവചനം കൊടുത്തിട്ടുള്ളത് ഇങ്ങനെയാണ്. ആർക്കും ഏതിനും എപ്പോഴും എവിടെയും യാതൊരു ബുദ്ധിമുട്ടും ഉപദ്രപവും ഉണ്ടാകാത്തതായ ഏതൊന്നൊ അതിനെ സത്യമെന്നു പറയാം.
 (1b) അഹിംസ :- മനസാ വാചാ കർമ്മണാ മനുഷ്യനും മറ്റു പ്രാണിവർഗ്ഗത്തിനും നമ്മളിൽ നിന്നും യാതോരുവിധ ഉപദ്രവമോ, ബുദ്ധിമുട്ടോ ഉണ്ടാകാതിരിയ്ക്കുന്നതാണ് അഹിംസ.
 (1c) ആസ്തേയം :- മനസ്സാ വാചാ കർമ്മണാ മറ്റുള്ളവരുടെ ധനത്തെ ആഗ്രഹിയ്ക്കാതിരിയ്ക്കുന്നത് ആസ്തേയം.
 (1d) ദയ :- സകല ജീവികളും തന്നെപ്പോലെ ആണെന്നുള്ള ആത്മീയ ജ്ഞാനത്തോടെ, എല്ലാത്തിനേയും, തുല്യതയിൽ കാണാനും, പ്രവർത്തിയ്ക്കാനും കഴിയുന്നതിനെ ദയ എന്നു പറയുന്നു.
 (1e) ആർജ്ജവം :- വേദോക്ത ധർമ്മമനുസരിച്ച് പുത്ര കളത്ര ശത്രു മിത്ര ഭാവഭേതമേതുമില്ലാതെ സ്വാത്മത്വേന (സ്വന്തം അത്മാവ് എന്നു കരുതി) എല്ലാത്തിനേയും കാണുന്നതിനെ ആർജ്ജവം എന്നു പറയുന്നു.
 (1f) ബ്രഹചര്യം :- മനസ്സാ വാചാ കർമ്മണാ ഭോഗാസക്തി ഉണ്ടാകാതെ (സ്ത്രീ സംഗം ഒഴിവാക്കി) ശ്രദ്ധിച്ചുള്ള ജീവിതമാണ് ബ്രഹചര്യം.
 (1g) ക്ഷമ :- മറ്റുള്ളവരിൽ തിന്നും ഏതു വിധത്തിലും ഉണ്ടാകാവുന്ന അല്ലെങ്കിൽ ഉണ്ടാകുന്ന ശാരീരികവും, മാനസികവുമായ പീഡനങ്ങളെ യാതൊരു ഭാവഭേദവും കൂടാതെ സഹിയ്ക്കുന്നതിനെ ക്ഷമ എന്നു പറയുന്നു.
 (1h) ധൃതി :- താനും തന്നെപ്പോലെ ഈ ലോകത്തിലുള്ളതെല്ലാം ഒരു ആത്മാവിന്റെ ഭാഗമാണെന്നുള്ള ധൃഢവിശ്വാസത്തെയാണ് ധൃതി എന്നു പറയുന്നത്.
 (1i) മിതാഹാരം :- സാത്വികമായ ആഹാരം അരവയറിൽ കൂടാതേയും, കാൽ ഭാഗം വെള്ളം എന്ന ക്രമത്തിലുമുള്ള ആഹാരരീതിയെ മിതാഹാരം എന്നു പറയുന്നു.
 (1j) ശൗചം :- വെള്ളം കൊണ്ടോ മണ്ണുകൊണ്ടൊ പുറമേയുള്ള ശുദ്ധിവരുത്തുന്നത് ബാഹ്യ ശൗചം. ഈശ്വര പുജാരാധനകളാലും, മറ്റു സാധനകളാലും നടത്തുന്നത് ആന്തരിക ശൗചം.

 (2) നിയമം നിയമത്തിനും പത്തു പിരിവുകൾ പറയുന്നുണ്ട്. തപസ്സ്, സന്തോഷം, ആസ്തിക്യം, ദാനം, ലജ്ജ, മതി, ജപം, പ്രതം, ഈശ്വരപൂജനം, സിന്ധാന്ത ശ്രവണം, ഇങ്ങനെയാണ് പത്ത് പിരിവുകൾ. 

 (1a) തപസ്സ് :- തപസ്സ് എന്നാൽ തപിപ്പിയ്ക്കുക, ദുഃഖിയ്ക്കുക, ക്ലേശിയ്ക്കുക എന്നെല്ലാം അർത്ഥം പറയാം. ഈശ്വരാധീന കാര്യങ്ങൾക്കു വേണ്ടിയുള്ള പ്രത നൊയമ്പാദി കാര്യങ്ങളാലോ, അതു പോലുള്ള മറ്റേതെങ്കിലും കാരണത്താലോ ശരീരത്തിനുണ്ടാകുന്ന ക്ലേശത്തേയോ, ദുഃഖത്തേയോ പരിഗണിയ്ക്കാതെ ലക്ഷ്യപ്രാപ്തിയ്ക്കു വേണ്ടിയുള്ള ഈശ്വരാരാധനയോടു കൂടിയുള്ള നിലയെ തപസ്സ് എന്നു പറയാം.

 (1b) സന്തോഷം :- കിട്ടുന്നതിൽ തൃപ്തിപ്പെട്ട് ഈശ്വരേശ്ച ഇതാണെന്ന് സമാധാനിച്ചും, വിശ്വസിച്ചും പ്രസന്ന ഭാവത്തോടെ കഴിയുന്നത് സന്തോഷം.

 (1c) ആസ്തിക്യം :- വേദോപനിഷത്തുകളുടെ സിദ്ധാന്താനുസരണം ധർമ്മത്തിൽ വിശ്വസിച്ച്, അത്മാവിനെ അറിഞ്ഞ് പ്രവർത്തിയക്കാൻ ശ്രമിയ്ക്കുന്നത് ആസ്തിക്യം.

 (1d) ദാനം :- കയ്യിലുള്ള ധനം, ദുഃഖിയ്ക്കുന്നതും, അർഹതയുള്ളതുമായവർക്ക് കൊടുക്കുന്നത് ദാനം.

 (1e) ലജ്ജ :- ലൗകീക കാര്യങ്ങളിൽ പൊതു അംഗീകാരമുള്ള കാര്യങ്ങൾ പോലും ചെയ്യുന്നതിന് സ്വാഭാവികമായിട്ടുണ്ടാക്കുന്ന സങ്കോചമാണ് ലജ്ജ .

 (1f) മതി :- ഗുരുക്കന്മാരുടെ അനുമതി ഉണ്ടെങ്കിൽ പോലും വേദ വിരുദ്ധമായ കാര്യങ്ങൾ ചെയ്യാതെ, വേദോപദേശങ്ങളിൽ ശ്രദ്ധിയ്ക്കുന്നത് മതി

 (1g) ജപം :- പ്രണവം, ഗായത്രി തുടങ്ങിയ മന്ത്രങ്ങൾ വേദ വിധിപ്രകാരം തുടരെ ഉരുവിട്ടുകൊണ്ടിരിയ്ക്കുന്നതിനെ ജപം എന്നു പറയുന്നു. 

ധർമ്മശാസ്ത്രങ്ങളിലും, പുരാണേതിഹാസങ്ങളിലും, മുഴുകിയിരിയ്ക്കുന്നതും ജപം തന്നെയെന്ന് പുരാണം പറയുന്നു. ജപം രണ്ടു വിധമുണ്ട്. വാചികം എന്നും, മാനസികമെന്നും. ഇതിൽ വാചികം രണ്ടു വിധം, ഉച്ചമെന്നും - ഉപാംശുവെന്നും. ഉച്ചമെന്നാൽ മറ്റുള്ളവർക്ക് കേൾക്കാൻ സാധിയ്ക്കുന്ന രീതിയും, ഉപാംശുവെന്നാൽ ചുണ്ടു മാത്രം അനക്കിയുള്ള ജപവുമാണ്. ഉപാംശുവിന് ഉച്ചത്തേക്കാൾ ആയിരം മടങ്ങ് ശ്രേഷ്ടതയുണ്ടെന്ന് ഉപനിഷത്ത് പറയുന്നു. മാനസികവും രണ്ടു വിധുണ്ട്. ധ്യാനമെന്നും, മൗനമെന്നും. മൗനം എന്നാൽ നാം എന്തു ജപിയ്ക്കുന്നുവോ അതിന്റെ നാനാവശ കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത മൗനമാനസികം. ധ്യാനം നാം എന്തു ജപിയ്ക്കുന്നുവോ അതിന്റെ കാരണരൂപത്തെ ചിതാകാശത്തിൽ കണ്ടു കൊണ്ടും, അതിന്റെതായ വിവിധരൂപങ്ങൾ മനസ്സിൽ തെളിയുന്നതിനെ കണ്ടു കൊണ്ടിരിയ്ക്കലുമാണ് ധ്യാനമാനസികം.

 (1h) വൃതം :- നിയമത്തിൽ പറഞ്ഞിരിയ്ക്കുന്ന മറ്റു കാര്യങ്ങളെ അനുസരിച്ചും, പ്രവർത്തിച്ചും, മറ്റു ഉപാസനാദികൾ കൊണ്ടും ശരീരാന്തർഭാഗ ശുദ്ധിവരുത്തുന്നത് വൃതം.

 (1i) ഈശ്വരപൂജനം :- ഈശ്വര പുജയെന്നാൽ സമർപ്പണമാണ്. നാം ചെയ്യുന്ന ഓരോ പ്രവർത്തിയും വേദോക്തമായി ഈശ്വരന് സമർപ്പിച്ച് ചെയ്യുക. ഗുരു കാരണവന്മാരിലും, ഈശ്വരനിലും, പരിപൂർണ്ണ വിശ്വാസവും, ഭക്തിയും, ബഹുമാനവും ഉണ്ടാവുക. ഇതിനു മുൻപു പറഞ്ഞിട്ടുള്ള എട്ടു കാര്യങ്ങളനുസരിച്ച് പ്രവർത്തിയ്ക്കുക. ഇതെല്ലാം ഈശ്വര പുജനമാണ്.

 (1j) സിദ്ധാന്തശ്രവണം :- സിദ്ധാന്തം എന്നു പറഞ്ഞാൽ, സിദ്ധിയ്ക്കാവുതിന്റെ അല്ലെങ്കിൽ കിട്ടാവുന്നതിന്റെ അവസാനം ( പരമാവധി) ശ്രവണം എന്നാൽ കേൾക്കുക. അപ്പോൾ കിട്ടാവുന്നതിന്റെ പരമാവധിയെക്കുറിച്ച് കേൾക്കുക. അതെന്താണ് നമുക്കു കിട്ടാവുന്നതിന്റെ പരമാവധി. ഇതു രണ്ടു വിധത്തിലാണ്. ഭൗതീകമായിട്ടും, അത്മീയമായിട്ടും. ഭൗതീകമായിട്ടാണെങ്കിൽ അതിന് പരമാവധി എന്നൊന്നില്ല. ആത്മീയമായിട്ടാണെങ്കിൽ, പരമാവധി ഈശ്വരനിൽ ലയിയ്ക്കുക എന്നതാണ്. ആത്മീയമായി ചിന്തിയ്ക്കുമ്പോൾ, ഈശ്വരനിൽ നിന്നും സൃഷ്ടി നടക്കുന്നു. ഈശ്വരനിൽ അല്ലെങ്കിൽ ഈശ്വരനാൽ ജീവിയ്ക്കുന്നു. ഈശ്വരനിലേയ്ക്ക് തിരിച്ചും പോകണം. അങ്ങനെ പോകാൻ കഴിയണം. അങ്ങനെ ഈശ്വരനിൽ ലയിയ്ക്കാൻ സാധിയ്ക്കണമെങ്കിൽ :- സത്യസ്വരൂപനും, ജ്ഞാനസ്വരൂപനും, സർവ്വോത്കൃഷ്ണനും, ആനന്ദസ്വരൂപനും, തേജോമയനും, സർവ്വ ചരാചരജീവി വർഗ്ഗങ്ങളുടേയും, അന്തര്യാമിയുമായിരിയ്ക്കുന്ന സർവ്വശക്തനുമായ പരമാത്മാവു് ഒന്നു മാത്രമേ ഉള്ളുവെന്ന് അറിയുന്നതിനും, മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള വൈദീക പുരാണ ഗ്രന്ഥങ്ങളുടെ കേൾവിയെയാണ് സിദ്ധാന്ത ശ്രവണം എന്നു പറയുന്നത്. 
 അഷ്ടാംഗം എന്ന എട്ട് അംഗങ്ങളിൽ മുഖ്യമായ രണ്ടു ഭാഗമാണ് ഇവിടെ പറഞ്ഞത്. ബാക്കി ആറ് അംഗങ്ങൾ കൂടി ചേർമ്പോൾ ലേഖനം വലിപ്പം കൂടും എന്നു കരുതി ഈ ഭാഗം നിർത്തുന്നു.
 
 അഷ്ടാംഗം എന്ന എട്ട് അംഗങ്ങളിൽ മുഖ്യമായ രണ്ടു ഭാഗമാണ് ഇവിടെ പറഞ്ഞത്. ബാക്കി ആറ് അംഗങ്ങൾ കൂടി ചേർക്കുമ്പോൾ ലേഖനം വലിപ്പം കൂടും എന്നു കരുതി ഈ ഭാഗം നിർത്തുന്നു. ഇങ്ങനെയാണ് പാർട്ട് (2) നിർത്തിയത്.

 (3) ആസനം വളരെ നേരം സുഖമായി ഇരിയ്ക്കാൻ പറ്റുന്ന ഒരവസ്ഥയേയാണ് ആസനം എന്നു പറയുന്നത്. അഷ്ടാംഗയോഗ മുഖ്യമായിട്ടും എട്ട് ആസനങ്ങളെ കുറിച്ചാണ് പറയുന്നത്. അത് താഴെ പറയുന്നവയാണ്.
 സ്വസ്തികം, ഗോമുഖം, പത്മം, വീരം, സിംഹം, ഭദ്രം, മുക്തം, മയൂരം എന്നിങ്ങനെ എട്ടുള്ളതു കൂടാതെ സുഖാസനം, സിദ്ധാസനം, അർത്ഥ സിദ്ധാസനം, വജ്രാസനം എന്നിവയും പറയുന്നുണ്ട്. സുഖാസനം എന്നത് സാധാരണ എല്ലാവരും ഇരിയ്ക്കുന്ന ചമ്രം പടിഞ്ഞുള്ള ഇരിപ്പാണ്. ആസനങ്ങൾ അനവധിയുണ്ട്. ഇവിടെ പറയുന്നത് യോഗാസനാനുഷ്ടാനത്തിന് വേണ്ടി ദീർഘനേരം ഇരിയ്ക്കാൻ സാധിയ്ക്കുന്ന ആസനങ്ങളെക്കുറിച്ചാണ്. ഓരോ ആസനത്തിനും പ്രത്യേകമായ, വ്യക്തമായ പല ഉദ്ദേശങ്ങളും, ഗുണങ്ങളുമുണ്ട്. എന്നാൽ എല്ലാ ആസനങ്ങളും എല്ലാവർക്കും യോജിച്ചെന്നു വരില്ല. ഓരോരുത്തരുടെ ശരീരഘടനയ്ക്കനുസരിച്ച് അവരവർക്ക് സുഖം തോന്നുന്ന ആസനങ്ങൾ തിരഞ്ഞെടുക്കണം. 

 (4) പ്രാണായാമം പ്രാണായാമം എന്നാൽ പ്രാണനെ നിയന്ത്രിയ്ക്കുക എന്നാണ്. പ്രാണായാമത്തെക്കുറിച്ച് ഇന്നത്തെ സമൂഹത്തിന് വളരെ തെറ്റായ ധാരണയാണ് ഉള്ളതെന്നു തോന്നുന്നു. നാം വലിച്ചെടുക്കുകയും വിടുകയും ചെയ്യുന്ന ശ്വാസത്തെയാണ് സാധാരണ പ്രാണനായി കരുതുന്നത് എന്നു തോന്നുന്നു. ഇതു തികച്ചും തെറ്റാണ്. ഈ ശ്വാസത്തെ വലിയ്ക്കാനും, വിടാനും കാരണമാകുന്ന തേതാണോ അതാണ് പ്രാണൻ. നാം വലിച്ചെടുക്കുന്നതും, വിടുന്നതും സാധാരണ വായുവാണ്. ഈ വായുവിനെക്കൊണ്ട് നാം പ്രാണനെ നിയന്ത്രിയ്ക്കണം. പ്രാണായാമം വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അത് നന്നായി അറിയാവുന്ന ഗുരുക്കന്മാരിൽ നിന്നു തന്നെ ശീലിയ്ക്കണം. ഇല്ലെങ്കിൽ ചിലപ്പോൾ പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.

 (5) പ്രത്യാഹാരം ജ്ഞാനേന്ദ്രിയങ്ങൾ എന്നറിയപ്പെടുന്ന അഞ്ച് ഇന്ദ്രിയങ്ങൾ സർവ്വസാധാരണമായി നമ്മിൽ നിന്നും പുറത്തേയ്ക്ക് പോയി പ്രവർത്തിയ്ക്കുന്നു. (ശബ്ദ സ്പർശ രൂപ രസ ഗന്ധം എന്നിവ) ഇവകളെ പുറത്തു നിന്നുമുള്ള പ്രവർത്തനം നിർത്തി അകത്തേയ്ക്ക് വലിച്ച് നിയന്ത്രിച്ചു തിരത്തുന്നതിനെ പ്രത്യാഹാരം എന്നു പറയുന്നു.

 (6) ധാരണ മനസ്സുപോകുന്നിടത്തെല്ലാം ബ്രഹ്മത്തെ കാണാൻ കഴിഞ്ഞാൽ മനസ്സിന്റെ ചഞ്ചലത നിൽക്കും. അങ്ങനെ അടങ്ങിയ മനസ്സിനെ നമ്മുടെ ഏതെങ്കിലും ശരീരഭാഗങ്ങളിലോ, ഗുരുവിലോ, ഈശ്വര ബിംബത്തിലോ, അത്മാവിലോ ഇങ്ങനെ അവനവന് യുക്തമെന്നു തോന്നുന്ന ഒന്നിൽ മനസ്സിനെ ഉറപ്പിയ്ക്കുന്നതിനെ ധാരണ എന്നു പറയുന്നു.

 (7) ധ്യാനം സ്ഥൂലമോ സൂക്ഷ്മമോ ആയ ഒന്നിനെ അതായത് നാം ഇഷ്ടപ്പെടുന്ന ഈശ്വര രൂപം, മാതാപിതാക്കളുടെ രൂപം, ഗുരുവിന്റെ രൂപം, പഞ്ച ദൂതങ്ങളിലേതെങ്കിലും, നല്ല പ്രകൃതി ഭംഗികൾ ഇങ്ങനെ നമുക്കിഷ്ടപ്പെട്ട ഏതിനെയെങ്കിലും ഒന്നിനെ കുറിച്ചുള്ള ചിന്തയുടെ ഇടമുറിയാത്ത ഒഴുക്കിനെയാണ് ധ്യാനം എന്നു പറയുന്നത്. സ്ഥൂലരൂപത്തിൽ തുടങ്ങി സൂക്ഷ്മമായ പരബ്രഹ്മത്തിൽ എത്തുക എന്നതാണ് ധ്യാനത്തിന്റെ രീതി.

 (8) സമാധി ധ്യാനത്തിൽക്കൂടി സ്ഥൂലത (ഭൗതീകത) വിട്ട് അതായത് ശരീരം ഉണ്ടെന്നു പോലും തിരിച്ചറിയാൻ കഴിയാതെ, ഞാൻ ബ്രഹ്മമാണ് എന്ന ഏക വിശ്വാസത്തിൽ പരബ്രഹ്മത്തിൽ ലയിച്ച്, ധ്യാനവസ്തുവും, ധ്യാനമെന്ന ക്രിയയും, ധ്യാനിയ്ക്കുന്ന ആളും തമ്മിൽ ലയിച്ച് ഒന്നായി ചേർന്നുള്ള അവസ്ഥയാണ് സമാധി.

 ഇതാണ് അഷ്ടാംഗങ്ങളുടെ ഏകദേശരൂപം. ഇതിനെ ഏറെക്കുറെ അനുസരിയ്ക്കുന്ന ഒരു വ്യക്തിയ്ക്ക് ജീവിത ബുദ്ധിമുട്ടുകൾ ഉണ്ടാവുകയില്ലയെന്ന് ഗ്രന്ഥങ്ങൾ ഓർമ്മിപ്പിയ്ക്കുന്നു.

 ഒരു കുട്ടിയുടെ സ്വഭാവ ക്രമീകരണം വീട്ടിൽ നിന്നും എങ്ങനെ തുടങ്ങണം എന്നതിനെ കുറിച്ച് സംസാരിച്ച്, ത്രിഗുണങ്ങളിൽക്കൂടി അഷ്ടാംഗയോഗയുടെ ഏറെക്കുറെയുള്ള സ്വരൂപത്തിൽ എത്തിനിൽക്കുന്നു. ഇങ്ങനെ സ്വഭാവ ക്രമീകരണത്തിന് ആവശ്യമായ ജ്ഞാന ഭക്തികളെക്കുറിച്ച് പറഞ്ഞ്, ഭക്തിയുടെ സ്വരൂപമായ ഒൻപതു കാര്യങ്ങളെ പറഞ്ഞു നിർത്തി. ഇനിയും ഭക്തി എന്താണെന്നും, ഭക്തിയോഗം എന്നു പറയുന്നതെന്താണെന്നും നമുക്കൊന്നു നോക്കാം.

 വ്യത്യസ്ഥമായ ഭക്തി :- ഭക്തിയുടെ സ്വരൂപമായ ഒൻപത് കാര്യങ്ങൾ പറഞ്ഞു നിർത്തി എങ്കിലും ഇത് പ്രവൃത്തിയിൽ എത്തിയ്ക്കുന്നത് പലരായതു കൊണ്ട് ഓരോരുത്തരുടേയും, വ്യക്തിഗതസ്വഭാവം അനുസരിച്ചായിരിയ്ക്കും പ്രവർത്തിയ്ക്കുന്നത് എന്നതിനാൽ പല വിധത്തിലായി പോകാം. ഭക്തിയ്ക്ക് പ്രവർത്തിയേക്കാൾ മുഖ്യം മനസ്സാണ്. ഭക്തിയുടെ ഗുണദോഷങ്ങൾ നിലനിൽക്കുന്നത് മാനസികനിലയേ അടിസ്ഥാനമാക്കിയാണ്. 

ഇതെങ്ങനെയെന്നാൽ, ഭക്തി നാലുവിധമുള്ളതായിട്ടാണ് ഭാഗവതം പറയുന്നത്. താമസ ഭക്തിയെന്നും രാജസ്സ ഭക്തിയെന്നും സാത്വിക ഭക്തിയെന്നും ഗുണാതീത ഭക്തിയെന്നും നാലുവിധം എന്ന് ഭാഗവതം തൃതീയ സ്കന്ദം ഇരുപത്തി ഒൻപതാം അദ്ധ്യായത്തിൽ പറയുന്നു.

 താമസ ഭക്തി മറ്റുള്ളവരെ ഉപദ്രവിയ്ക്കാൻ വേണ്ടിയോ, താൻ ഭക്തനാണെന്ന് മറ്റുള്ളവരെ ധരിപ്പിയ്ക്കാൻ വേണ്ടിയോ, മറ്റു ഭക്തന്മാരെ അനുകരിച്ച് ഭക്തി സ്വീകരിച്ചിട്ടോ, കാമക്രോധ മദമത്സരാദികൾ മനസ്സിൽ സൂക്ഷിച്ച് എല്ലാത്തിലും ഭേദദൃഷ്ടിയോടു കൂടിയുള്ള, എന്നു പറഞ്ഞാൽ ഈശ്വരനും ഞാനും ഈ കാണുന്നതെല്ലാമും വേറെ വേറെ എന്ന ചിന്തയോടെയുള്ള ഭക്തി തമോഗുണാധിക്യമായതു കൊണ്ട് അതിനെ താമസ ഭക്തി എന്നു പറയുന്നു. ഇങ്ങനെയുള്ള ഭക്തിഭാവം അംഗീകരിയ്ക്കപ്പെടാവുന്നതല്ല.

 രാജസഭക്തി :- വിഷയഭോഗാഗ്രഹങ്ങളെ സാധിയ്ക്കാൻ വേണ്ടിയിട്ടോ, പേരും പ്രശസ്തിയും കിട്ടാൻ വേണ്ടിയിട്ടോ, ധന സമ്പത്താദി ഐശ്വര്യങ്ങൾക്കു വേണ്ടിയിട്ടോ, ഭേദഭാവനയോടു കൂടി ആരെന്നെ പ്രതിമകളിൽ പൂജിയ്ക്കുന്നുവോ, ഇത് രജോഗുണാധിക്യത്താലുള്ള ഭക്തിയാകയാൽ രാജസഭക്തി എന്നു പറയുന്നു. ഇതും ഭക്തിയായി അംഗീകരിയ്ക്കപ്പെടാവുന്നതല്ല.

 സാത്വിക ഭക്തി :- വേദ വിധി അനുസരിച്ച് കർമ്മങ്ങളെ ഈശ്വരനിൽ അർപ്പിച്ച് ജീവാത്മാവും, പരമാത്മാവുമല്ലാതെ മറ്റൊന്നും ഇല്ല എന്ന ജീവാത്മാപരമാത്മാ ഭേദത്തോടു കൂടി ആര് എന്നെ പൂജിയ്ക്കുന്നുവോ അത് സാത്വിക ഭക്തി. ആയതിനാൽ ഈ ഭക്തി സ്വീകാര്യം തന്നെ എന്നു പറയുന്നു.
 എന്റെ (ഭഗവാന്റെ) ഗുണഗണ വാത്സല്യാദികൾ കേൾക്കുമ്പോൾ തന്നെ, ഒന്നിലും ഭേദമില്ലാതെ എല്ലാത്തിന്റെയും ഉള്ളിൽ വസിയ്ക്കുന്ന എന്നിൽ, ഗംഗാപ്രവാഹം സമുദ്രത്തിൽ ലയിയ്ക്കുന്നതുപോലെ ഏകവും ദൃഢവുമായ മനസ്സോടു കൂടി (ഗംഗയോ അതുപോലുള്ള നദികളോ സമുദ്രത്തിൽ ലയിയ്ക്കുന്നതുവരെ മാത്രമേ പേര് നിലനിൽക്കുന്നുള്ള. ലയിച്ചു കഴിഞ്ഞാൽ പിന്നെ സമുദ്രം മാത്രമേയുള്ളു) യുള്ള ഭക്തി ഗുണങ്ങൾക്കതീതമായതിനാൽ അത് ഭക്തി യോഗത്തിന്റെ ലക്ഷണമാക്കുന്നു. ഇങ്ങനെ യാതൊരു ഫലത്തേയും ഇച്ഛിയ്ക്കാതെ ജീവാത്മപരമാത്മ ഭേദത്തിനതീതമായി, എല്ലാത്തിലും വസിയ്ക്കുന്ന അത്മാവ് ഒന്നു മാത്രമെന്ന ദൃഢനിശ്ചയത്തോടു കൂടിയുള്ള ഭക്തി ഉത്കൃഷ്ട ഭക്തിയാകുന്നു. ഈ ഭക്തി ഗുണങ്ങൾക്കതീതമാണ്. ഇങ്ങനെയുള്ള ഭക്തർ, എന്നിൽ നിന്നും ലഭിയ്ക്കാവുന്ന സാലോക്യം, സാർഷ്ട്യം, സാമിപ്യം, സാരൂപ്യം, സായൂജ്യം എന്നീ അഞ്ചു വിധ മുക്തികളിലൊന്നു പോലും സ്വീകരിയ്ക്കുവാൻ തയ്യാറാകാതെ എന്നെ (ഭഗവാനെ) സേവിയ്ക്കണമെന്നുള്ള ഏകഭാവം മാത്രമുള്ളവരാക്കുന്നു. ഇങ്ങനെയുള്ളതാണ് യഥാർത്ഥ ഭക്തി.


No comments:

Post a Comment